'സൂസൻ താമസിച്ചിരുന്ന മുറിയിൽനിന്ന് ലഭിച്ച കുറിപ്പ്', അനിയത്തിയുടെ മരണകാരണം കണ്ടെത്തി മാര്ഗരറ്റ്
Mail This Article
അധ്യായം: ഒൻപത്
"നീ എന്തിനവിടെ പോയി? ഡയറി അവിടെയുണ്ടെന്ന് നിനക്കറിയാമായിരുന്നോ? നിനക്കത് സംബന്ധിച്ച വല്ല ഇൻഫൊർമേഷനും എവിടെ നിന്നെങ്കിലും കിട്ടിയിരുന്നോ?"
"ഡയറി അവിടെ ഉണ്ടെന്നൊന്നും എനിക്കറിയില്ലായിരുന്നു. ആ കാമ്പസിലെ യൂണിയൻ കലോത്സവം ഉദ്ഘാടനം ചെയ്തത് മുഹാജിറായിരുന്നു."
"അറിയാം. ഒരു പൂർവ വിദ്യാർത്ഥി എന്ന നിലയിൽ എനിക്കും ക്ഷണമുണ്ടായിരുന്നു. പോകാൻ കഴിഞ്ഞില്ല... ഉം... തുടർന്നൊള്ളൂ..."
"പഴയ കാമ്പസിലേക്ക് മുഖ്യാതിഥിയായി പോകുന്നതിന്റെ ത്രില്ലിലായിരുന്നു മുഹാജിർ. അവൻ എന്നോടും കൂടെ ചെല്ലാൻ പറഞ്ഞു. സൂസന്റെ ഓർമകളിലേക്കുള്ള നീറുന്ന മടങ്ങിചെല്ലലായിരിക്കും അതെന്ന് എനിക്കറിയാമായിരുന്നു. എനിക്ക് സഹിക്കാൻ കഴിയില്ല. അതുകൊണ്ട് ഞാൻ ആദ്യം പോകേണ്ടെന്ന് തീരുമാനിച്ചു. പക്ഷേ, മുഹാജിർ വല്ലാതെ നിർബന്ധിച്ചു. അങ്ങനെ ഒടുവിൽ ഞാനും അവനൊപ്പം കാമ്പസിൽ പോയി."
മാർഗരറ്റ് നിർത്തി. ഒന്ന് ചുമച്ചു.
"തൊണ്ട വല്ലാതെ വരണ്ടു. അൽപ്പം വെള്ളം വേണം." അവൾ ആവശ്യപ്പെട്ടു.
"ചന്ദ്രേട്ടാ..." കീർത്തി ഉറക്കെ വിളിച്ചു. ഉടനെ കാബിന്റെ വാതിൽ തുറന്ന് കോൺസ്റ്റബിൾ ചന്ദ്രൻ അവിടേക്ക് വന്നു.
"മാർഗരറ്റിന് അൽപ്പം വെള്ളം കൊടുക്ക്."
"ശരി മാഡം." കോൺസ്റ്റബിൾ ചന്ദ്രൻ പുറത്തേക്ക് പോയി. നിമിഷങ്ങൾക്കകം വെള്ളവുമായി വന്നു. മാർഗരറ്റ് അത് വാങ്ങി കുടിച്ചു. കോൺസ്റ്റബിൾ ചന്ദ്രൻ കാബിൻ വിട്ടു.
"ഉം... എന്നിട്ട്?" കീർത്തി ചോദിച്ചു.
"കാമ്പസാകെ ഒരു ഉത്സവ ലഹരിയിലായിരുന്നു. അവിടെക്കൂടിയവരിൽ സന്തോഷമില്ലാതിരുന്നത് എനിക്ക് മാത്രമായിരുന്നു. എന്റെ സൂസനെ ഓർത്ത് ഞാൻ വിതുമ്പി. എന്റെ മനസ്സിന്റെ നോവ് കൊണ്ടാകാം അവിടത്തെ വെളിച്ചവും ആരവവുമൊക്കെ എനിക്ക് അരോചകമായി തോന്നി. ഞാൻ അവിടെ നിന്നിറങ്ങി. തൊട്ടപ്പുറത്തെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ പോയിരുന്നു. അവിടെയാണ് എന്റെ സൂസൻ താമസിച്ചിരുന്നത്. അവിടുത്തെ ടെറസിൽ നിന്ന് ചാടിയാണ് അവൾ മരിച്ചത്. ഞാൻ ചെല്ലുമ്പോൾ ഒരു ജോലിക്കാരി മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അവരുമായി സംസാരിച്ചിരുന്ന എനിക്ക് പെട്ടെന്ന് സൂസൻ താമസിച്ചിരുന്ന മുറിയൊന്ന് കണ്ടാൽ കൊള്ളാമെന്ന് തോന്നി. എത്രയോവട്ടം ഞാൻ ആ മുറിയിൽ പോയിരിക്കുന്നു. അവൾക്കൊപ്പമിരുന്നിരിക്കുന്നു. ആ ജോലിക്കാരി എനിക്ക് സൂസൻ താമസിച്ചിരുന്ന മുറിയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ റിസപ്‌ഷനിൽ നിന്നും എടുത്ത് തന്നു. നിയമവിരുദ്ധമാണ്. പണി പോകുന്ന പരിപാടിയാണ്. എന്നാലും എന്റെ കഥയൊക്കെ കേട്ടപ്പോൾ എനിക്ക് വേണ്ടി അവരത് ചെയ്തു തരികയായിരുന്നു. ഞാൻ ആ മുറി തുറന്ന് അകത്ത് കയറി. അത് ഒട്ടും ശരിയായ നടപടിയല്ല എന്നെനിക്കറിയാം. എന്നാലും എനിക്ക് അങ്ങനെ തോന്നി. മുറിക്ക് ഒരു മാറ്റവുമുണ്ടായിരുന്നില്ല. വർഷങ്ങളായി അത് ആരും ഉപയോഗിച്ചിരുന്നില്ല. എല്ലാം മുൻപ് ഉണ്ടായിരുന്നത് പോലെത്തന്നെ കിടന്നു. പൊടി പിടിച്ചിരുന്നുവെന്ന് മാത്രം. ഉപേക്ഷിക്കപ്പെട്ട ആ മുറിയിൽ, സൂസൻ കിടന്നിരുന്ന കട്ടിലിൽ ഞാനിരുന്നു. വെറുതെ ഒരു ക്യൂരിയോസിറ്റിയുടെ പുറത്താണ് അവൾ ഉപയോഗിച്ചിരുന്ന ഷെൽഫൊക്കെ ഞാൻ പരിശോധിച്ചത്. അവളുടെ പഴയ വല്ല ഫോട്ടോയോ, ഓട്ടോഗ്രാഫോ അങ്ങനെയെന്തെങ്കിലുമൊക്കെ അവിടെ കിടപ്പുണ്ടോ എന്നൊക്കെ അറിയുകയായിരുന്നു ലക്ഷ്യം. അങ്ങനെ നോക്കുമ്പോഴാണ് ആ പച്ച പുറംചട്ടയുള്ള ഡയറി എന്റെ ശ്രദ്ധയിൽ പെടുന്നത്. ഷെൽഫിന്റെ ഏറ്റവും അടിയിലായി ഇട്ടിരുന്ന പേപ്പറിന്റെ താഴെ മൂലയിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് ആ ഡയറി ഉണ്ടായിരുന്നത്. ഏറ്റവും സ്വകര്യമായ കാര്യങ്ങൾ പോലും എഴുതിയിരുന്ന ഡയറി ആയതിനാലാവാം പെട്ടെന്നൊന്നും ആർക്കും കണ്ടെത്താൻ സാധിക്കാത്ത വിധത്തില്‍ സൂക്ഷിച്ചിരുന്നത്. അവിടെ വെച്ച് തന്നെ ഞാൻ അത് തുറന്ന് ഒന്നോടിച്ചു നോക്കി. മരിക്കുന്നതിന്റെ തൊട്ട് തലേ ദിവസം അവൾ എഴുതിയ കുറിപ്പിൽ എന്റെ കണ്ണ് തറച്ചു നിന്നു."
"എന്തായിരുന്നു അതിലെഴുതിയിരുന്നത്?" വിറക്കുന്ന സ്വരത്തിൽ കീർത്തി ചോദിച്ചു.
"ആ താളുകൾ ഇപ്പോൾ നിങ്ങൾ പോലീസുകാരുടെ പക്കലുണ്ടല്ലോ. വായിച്ചു നോക്കാമായിരുന്നില്ലേ." മാർഗരറ്റ് ഒരു തർക്കുത്തരം പോലെ പറഞ്ഞു.
"ചന്ദ്രേട്ടാ..." കീർത്തി വിളിച്ചു.
കോൺസ്റ്റബിൾ ചന്ദ്രൻ ഉടനെത്തി.
"ഇവളെ ലോക്കപ്പിലേക്കൂ. എന്നിട്ട് പ്രസാദിന്റെ പക്കൽ നിന്നും മുഹാജിർ വധക്കേസിന്റെ ഫയലൊന്ന് വാങ്ങിക്കൊണ്ട് വാ."
"ശരി മാഡം." കോൺസ്റ്റബിൾ ചന്ദ്രൻ മാർഗരറ്റിനെയും കൊണ്ട് ക്യാബിന് പുറത്തിറങ്ങി.
കീർത്തി നെറ്റി തടവി. അവൾക്ക് നല്ലപോലെ തല വേദനിക്കുന്നുണ്ടായിരുന്നു. മാനസിക സമ്മർദ്ദം അത്രക്കുണ്ടായിരുന്നു. മനസ്സാക്ഷി എന്ന് പറയുന്നത് ഒരു വലിയ പ്രശ്നമാണ്. അസ്വസ്ഥകൾ അതിനെ വന്ന് പൊതിഞ്ഞാൽ ഏത് ഉരുക്ക് മനുഷ്യനും വീണ് പോകും.
"മാഡം... ഫയല്‍" കോൺസ്റ്റബിൾ ചന്ദ്രൻ ഫയൽ മേശപ്പുറത്ത് വെച്ച് തിരിഞ്ഞു നടന്നു.
കീർത്തി സുധാകർ ഫയൽ തുറന്നു. വല്ലാത്തൊരു കൈവേഗത്തോടെ കടലാസുകൾ മറിച്ചു. സൂസന്റെ ഡയറിക്കുറിപ്പുകൾ കീർത്തിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഇടത് വശത്തേക്ക് അൽപ്പം ചെരിഞ്ഞ മനോഹരമായ സൂസന്റെ കൈപ്പട. സൂസന്റെ ഹൃദയത്തിന്റെ സ്പന്ദനങ്ങൾ. വിങ്ങലുകൾ. പൊട്ടിത്തെറികൾ. പൊടുന്നനെ നിലച്ച ഗാനം പോലെ എങ്ങുമെത്താത്ത കുറെ വർത്തമാനങ്ങൾ..! കീർത്തിയുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ കണ്ണുനീർ തുള്ളികൾ ആ ഡയറി പേജുകളിൽ ഇറ്റുവീണു.
"മോളെ സൂസൻ... എന്നോട് ക്ഷമിക്കൂ..." അവൾ ഗദ്ഗദത്തോടെ പിറുപിറുത്തു.
ആ കുറിപ്പുകൾ മുഴുവൻ അവൾ ഒറ്റയിരിപ്പിന് വായിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവൾ ആ കുറിപ്പുകൾ വായിച്ചു തീർത്തത്. ശേഷം മുഖം കഴുകിത്തുടച്ച് അവൾ ക്യാബിന് പുറത്തിറങ്ങി.
"മാർഗരറ്റിനെ ഡീറ്റെയിൽഡായി ചോദ്യം ചെയ്യണം. മർഡറിന്റെ മുഴുവൻ വിവരങ്ങളും കലക്ട് ചെയ്യണം. എനിക്കതൊന്നും കേൾക്കാൻ വയ്യ. കൊല്ലപ്പെട്ടത് എന്റെ അടുത്ത സുഹൃത്തല്ലേ..!" അവൾ സബ് ഇൻസ്‌പെക്ടർ പ്രസാദിനോട് പറഞ്ഞു.
"മാഡം... ആർ യു ഓക്കേ?" പ്രസാദ് അവളോട് ചോദിച്ചു. അവൾ വെറുതെ ചിരിക്കാൻ ശ്രമിച്ചു.
"അല്ല.. മാഡത്തിന് എന്തോ വിഷമമുള്ളത് പോലെ. അത് കൊണ്ട് ചോദിച്ചതാണ്."
"ഏയ്.. അങ്ങനെയൊന്നുമില്ലടോ... തനിക്ക് തോന്നുന്നതാവും." അവൾ അയാളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. പോക്കറ്റിൽ നിന്നും കൂളിംഗ് ഗ്ലാസെടുത്ത് വെക്കുകയും ചെയ്തു. കണ്ണുകളെ അയാളിൽ നിന്നും മറച്ചു പിടിക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. കാരണം കണ്ണുകൾ കള്ളം പറയില്ല. ഇനിയും കണ്ണിൽ നോക്കിയാൽ അയാൾ പലതും വായിച്ചെടുത്തേക്കും എന്ന് സത്യമായും അവൾ ഭയന്നു.
അവൾ പാർക്കിങ്ങിലേക്ക് നടന്നു.
"മാഡം... കൂടെ ആരെയെങ്കിലും അയക്കണോ?" പ്രസാദ് വിളിച്ചു ചോദിച്ചു.
"വേണ്ടെടോ... ഞാൻ പോകുന്നത് ഒരു പേഴ്സണൽ മീറ്റിങ്ങിനാണ്. അതിന് ഇവിടുത്തെ പൊലീസുകാരെ ഒപ്പം കൂട്ടാൻ പറ്റില്ല." അവൾ കാറിൽ കയറി.
"വല്ലാതെ ക്ഷീണിതയാണെന്ന് തോന്നി. അത് കൊണ്ട് ചോദിച്ചതാ. ഒറ്റക്ക് ഡ്രൈവ് ചെയ്ത് അപകടം വരുത്തി വെക്കേണ്ടല്ലോ."
"ഐ ആം ഓക്കേ പ്രസാദ്. നിങ്ങളുടെ കരുതലിന് നന്ദി." അവൾ കാർ മുന്നോട്ടെടുത്തു.
"മൈക്കിൾ... എനിക്കിന്ന് നിന്നോട് കുറച്ചധികം സംസാരിക്കാനുണ്ട്." അവൾ നിശ്വസിച്ചു.
(തുടരും)