ADVERTISEMENT

അധ്യായം: പതിനഞ്ച്

കീർത്തിയുടെ വീടിന് മുന്നിൽ സെക്യൂരിറ്റി ഉണ്ടാകുമെന്ന് അറിയാമായിരുന്നത് കൊണ്ട് വീടെത്തുന്നതിനും ഒന്നര കിലോമീറ്റർ മുൻപ് ദേവാനന്ദ് അവളെ വഴിയരികിൽ ഇറക്കി വിട്ടു. അവൾ ചില ഇടവഴികളിലൂടെ നടന്ന് വീടിന് പിന്നാമ്പുറത്തെ പറമ്പിലൂടെ അടുക്കള ഭാഗത്തെത്തി.

"നീ ഇതെവിടെയായിരുന്നു മോളേ..." അവൾ ചെന്ന് കയറിയതും അമ്മ ചോദിച്ചു.

"ഞാൻ പറഞ്ഞില്ലേ അമ്മേ... ഒരു സുഹൃത്തിന്റെ വീട്ടിൽ പോയതാണ്." അവൾ ഒന്നും സംഭവിക്കാത്ത പോലെ പറഞ്ഞു.

"ഏത് സുഹൃത്തിന്റെ...?" അവളെ പിടിച്ചു നിർത്തി മുഖത്തേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് അമ്മ ചോദിച്ചു.

"അത്.. അത് പിന്നെ..." അപ്രതീക്ഷിതമായ ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാൻ പറ്റാതെ അവൾ പരുങ്ങി.

"മോളേ..സത്യം പറയ്... എന്തെങ്കിലും പ്രശ്നമുണ്ടോ? ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ്. പതിവില്ലാത്ത ഒറ്റക്കിരിപ്പും, വെപ്രാളവുമൊക്കെ..."

അവൾ വിതുമ്പിക്കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു. അവളുടെ ഉള്ളിലെ സങ്കടമേഘങ്ങൾ കണ്ണീർമഴയായി പെയ്യാൻ തുടങ്ങി. എല്ലാ നിയന്ത്രണവും വിട്ട് അവൾ പൊട്ടിപ്പൊട്ടിക്കരഞ്ഞു. താൻ കാരണം,  അമ്മയും തീ തിന്നേണ്ടി വന്നേക്കുമല്ലോ എന്ന ആശങ്കയായിരുന്നു അവളുടെ മനസ്സ് നിറയെ. എന്ത് ചെയ്യും? ആരോട് പറയും...? അവൾക്കൊരു എത്തുംപിടിയുമുണ്ടായിരുന്നില്ല. എങ്കിലും അവൾ അമ്മയോട് ഒന്നും പറഞ്ഞില്ല. അവൾ തന്റെ മുറിയിലേക്ക് പോയി, കുളിച്ച് യൂണിഫോം ധരിച്ച് പ്രാതൽ കഴിച്ചെന്ന് വരുത്തിയിറങ്ങി. അവളെ കൊണ്ട് പോകാൻ പോലീസ് വാഹനം വന്നിരുന്നു. അവളതിൽ കയറി.

"വണ്ടി ജയിലിലേക്ക് വിടൂ. എനിക്കവിടെ ഒന്ന് രണ്ടാളെ കാണാനുണ്ട്." അവൾ ഡ്രൈവറോട് പറഞ്ഞു. നഗരത്തിന്റെ ഒരൊഴിഞ്ഞ മൂലയിലായിരുന്നു ജയിൽ. ഭയാനകമായ കവാടവും ഭീമാകാരമായ ചുറ്റുമതിലുകളുമൊക്കെയുള്ള ആ ജയിലിലാണ് ശങ്കറിനെ പാർപ്പിച്ചിരുന്നത്. അവൾ ചെല്ലുമ്പോൾ സെല്ലിനകത്ത് കിടക്കുകയായിരുന്നു അയാൾ.

"ശങ്കർ..." അവളുടെ ശബ്ദം കേട്ടതും അയാൾ പിടഞ്ഞെണീറ്റു.

"താൻ വലിയ വാടകക്കൊലയാളിയൊക്കെയാണ്. അല്ലേ?" അവൾ പരിഹാസത്തോടെ ചോദിച്ചു.

"അതെന്താ മാഡം, ഇപ്പൊ ഇങ്ങനെ പറയാൻ. ചോര കണ്ട് അറപ്പ് മാറിയവനാണ് ഞാൻ. എത്ര ജീവനെടുത്ത കൈയാണ് എന്റേത്..!"

"നിർത്തടോ... വീരവാദം മുഴക്കുന്നു..! താൻ കൊന്നത് വല്ല കോഴിയെയോ ആടിനെയോ ആയിരിക്കും. അല്ലാതെ മനുഷ്യനെ വെട്ടിക്കൊല്ലാൻ തനിക്കറിയാമെന്ന് എനിക്ക് തോന്നുന്നില്ല." അവൾ കോപം കൊണ്ട്  വിറക്കുകയാണ്. അയാൾക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. 

"എന്തുണ്ടായെന്ന് പറയൂ മാഡം... എന്തിനാണെന്നെ ഇങ്ങനെ ശകാരിക്കുന്നത്?" അയാൾ ദയനീയമായ സ്വരത്തിൽ ചോദിച്ചു.

"വർഷങ്ങൾക്ക് മുൻപ് ഞാൻ തന്നെ ഒരു ജോലി ഏൽപ്പിച്ചു. അതിന് തക്കതായ പ്രതിഫലവും തന്നു. എന്നാൽ ആ ജോലി താൻ വെടിപ്പായി ചെയ്തില്ല. ഫലമോ, ഞാനിപ്പോൾ വലിയൊരു പ്രശ്‌നത്തിൽ അകപ്പെട്ടിരിക്കുന്നു .എന്റെയും എന്റെ കുടുംബത്തിന്റെയും സർവനാശം കൊണ്ട് മാത്രം തീരുന്ന പ്രശ്നത്തിൽ..!" അവളിത് പറഞ്ഞപ്പോൾ അയാളൊന്ന് നടുങ്ങി.

"ഒരാൾ മരിക്കാൻ എങ്ങനെ വെട്ടണമോ അങ്ങനെത്തന്നെയാണ് ഞാൻ വെട്ടിയത്. അധികമാരുടെയും ശ്രദ്ധയിൽപ്പെടാത്ത ചുരത്തിന്റെ ഒരു ഭാഗത്ത് ഉപേക്ഷിക്കുകയും ചെയ്തു. എനിക്ക് പിഴവ് പറ്റിയിട്ടില്ല മാഡം."

"വാദം നിർത്തടോ... ജീവനോടെയുള്ള സോമശേഖരനെ കണ്ടിട്ടാണ് ഞാൻ വരുന്നത്. അയാളുടെ മകൻ പണ്ടത്തെ കോളജ് കുമാരനല്ല ഇപ്പോൾ. ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. പവർഫുൾ ബ്യുറോക്രാറ്റാണ്."

പല്ല് ഞെരിച്ചു കൊണ്ട് അടക്കിപ്പിടിച്ച ശബ്ദത്തിൽ അവളത് പറഞ്ഞപ്പോൾ ശങ്കർ ഭയത്തോടെ രണ്ടടി പിന്നോട്ട് വെച്ചു.

"ഏതെങ്കിലും തരത്തിലുള്ള എൻക്വയറി ഉണ്ടായാൽ ഒന്നും അറിയില്ല എന്ന് പറഞ്ഞ് ഒഴിവായേക്കണം. മനസ്സിലായല്ലോ...?" അയാളെ രൂക്ഷമായി നോക്കിക്കൊണ്ടാണ് അവളത് പറഞ്ഞത്.

"മനസ്സിലായി മാഡം." 

"നിന്റെ കുടുംബത്തെ ഓർത്താണ് നിന്നെ ഞാൻ കൊല്ലാതെ  വിട്ടിരിക്കുന്നത്. ആ കുടുംബത്തെ പച്ചക്ക് കത്തിക്കാനുള്ള സ്ഥിതി വരുത്തിവെക്കരുത്."

"മാഡം, എന്റെ കുടുംബത്തെ ഒന്നും ചെയ്യരുത്. മാഡത്തിന് ദോഷമുണ്ടാക്കുന്ന ഒന്നും എന്റെ ഭാഗത്തു നിന്നുമുണ്ടാവില്ല." 

"ഉം. എങ്കിൽ നല്ലത്." 

അവിടെ നിന്നും ഇറങ്ങി, അവൾ നേരെ ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് നടന്നു.

"എന്താ സൂപ്രണ്ട് സാറേ വിശേഷം? ഇപ്പോ വിളിയൊന്നും കാണുന്നില്ലല്ലോ. നമ്മളെയൊക്കെ മറന്നോ..." ജയിൽ സൂപ്രണ്ട് ദിലീപ് കുമാറിന്റെ കാബിനിലേക്ക് കീർത്തി കടന്നു ചെന്നു. കമ്പ്യൂട്ടറിൽ ഏതോ ലെറ്റർ ഡ്രാഫ്റ്റ് ചെയ്യുകയായിരുന്ന അയാൾ കീർത്തിയെ കണ്ടതും എഴുന്നേറ്റ് സല്യൂട്ട് ചെയ്തു.

"തിരക്കിലാണോ ദിലീപേട്ടാ... കുറച്ചു സമയം ഞാനിവിടെ ഇരുന്നാൽ ബുദ്ധിമുട്ടാകുമോ?" 

"എന്ത് ബുദ്ധിമുട്ട്... കീർത്തി ഇരുക്ക്." അയാൾ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

അവൾ തന്റെ തൊപ്പിയൂരി മേശപ്പുറത്ത് വെച്ചു കൊണ്ട് പറഞ്ഞു: "ഞാൻ പോലീസിൽ ചേരാൻ ശ്രമിക്കുന്ന സമയം മുതൽ എനിക്ക് നിങ്ങളെ അറിയാം. അന്ന് മുതൽ ഒരു മകളോടുള്ള വാത്സല്യവും കരുതലുമൊക്കെയാണ് നിങ്ങൾക്കെന്നോട്. വഴികാട്ടിയായി എന്നും നിങ്ങളെന്റെ കൂടെയുണ്ടായിരുന്നു. എന്നാൽ ഈയിടെയായി നമ്മൾ തമ്മിലുള്ള സ്നേഹബന്ധത്തിൽ വിള്ളൽ സംഭവിച്ചത് പോലെ..."

Novel-fifteen-Big
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

"ഏയ്... അങ്ങനെയൊന്നുമില്ല കീർത്തി മോളേ... മോൾക്ക് തോന്നുന്നതാണ്. അടുത്തിടെ ഇവിടെ നിന്നൊരാൾ സ്ഥലം മാറിപ്പോയി. പകരം ആള് വന്നിട്ടുമില്ല. അതുകൊണ്ട് സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥന്റെ ചുമതലകൾ കൂടി ഞാൻ വഹിക്കണം. അതിന്റേതായ ചില തിരക്കുകളും കാര്യങ്ങളുമൊക്കെയുണ്ട്. അതുകൊണ്ടാണ് പഴയ പോലെ വിളിക്കാനും കാണാനുമൊന്നും സാധിക്കാത്തത്." 

"അതൊന്നുമല്ല ദിലീപേട്ടാ... നിങ്ങൾ എന്നിൽ നിന്നും അകലാൻ ശ്രമിക്കുക തന്നെയാണ്. അതിന്റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയിരുന്നില്ല. എന്നാൽ ഇന്ന് രാവിലെ ഞാനാ കാരണം കണ്ടെത്തി."

അവളിത് പറഞ്ഞപ്പോൾ അയാൾ ചോദ്യഭാവത്തിൽ അവളെ നോക്കി.

"ദേവാനന്ദ് സാറ്, മൂപ്പരുടെ തറവാട്ടിലേക്ക് ഇന്ന് രാവിലെത്തന്നെ എന്നെ ആളെ വിട്ട് വിളിപ്പിച്ചിരുന്നു...! സാറിന്റെ തറവാട്ടിൽ വെച്ച് നടന്ന പാർട്ടിയിൽ ആദ്യാവസാനം തിളങ്ങി നിന്നത് നിങ്ങളായിരുന്നു. ഞാൻ ഫോട്ടോസ് കണ്ടു." ഇത് പറയുമ്പോൾ അയാളുടെ മുഖത്തെ ഭാവങ്ങൾ അവൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവളിൽ നിന്നും എന്തൊക്കെയോ മറച്ചു പിടിക്കാൻ ശ്രമിക്കുന്നതിന്റെ ഒരു ഭാവമായിരുന്നു അയാളുടെ മുഖത്ത്. അയാളുടെ കണ്ണുകൾ എവിടെയും ഉറക്കുന്നുണ്ടായിരുന്നില്ല. എന്ത് കള്ളം പറഞ്ഞ് തന്നെ പ്രതിരോധിക്കണമെന്ന ചിന്തയിലാണയാളെന്ന് അവൾക്ക് മനസ്സിലായി. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു:

"ദേവാനന്ദ് സാറ്, എല്ലാം നിങ്ങളോട് പറഞ്ഞിട്ടുണ്ടാവുമല്ലോ... എന്നെ വിളിച്ചതും, അവിടെ കൊണ്ട് പോയതും, സാറിന്റെ അച്ഛനെ കാണിച്ചതും, തിരികെ വീട്ടിൽ കൊണ്ട് വിട്ടതുമെല്ലാം വിസ്തരിച്ച് പറഞ്ഞിട്ടുണ്ടാകുമല്ലോ... നിങ്ങൾ തമ്മിൽ എത്ര വർഷത്തെ ആത്മബന്ധമാ..."

"അത് കീർത്തീ... അങ്ങനെ എല്ലാമൊന്നും പറയാറില്ല."

"എന്തിനാ ദിലീപേട്ടാ, ഇങ്ങനെ കള്ളം പറയുന്നത്? നിങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും വ്യാപ്തിയുമൊക്കെ ഇവിടെ ആർക്കാണറിഞ്ഞുകൂടാത്തത്? പത്രക്കാർ ഫീച്ചറെഴുതുക പോലും ചെയ്തിട്ടില്ലെ നിങ്ങളുടെ ബന്ധത്തെ കുറിച്ച്...? അവൾ കസേരയിൽ നിന്നും എഴുന്നേറ്റ് അയാൾക്ക് തൊട്ടടുത്തുള്ള കസേരയിലേക്കിരുന്നു. പിന്നെ ശബ്ദം താഴ്ത്തിപ്പറഞ്ഞു:

"സോമശേഖരനെ കൊല്ലാൻ ആളെ വിട്ടതും, സൂസന്റെ ആത്മഹത്യക്ക് കാരണമായതും ഞാനാണെന്ന് തിരിച്ചറിഞ്ഞ നിമിഷം തന്നെ അത് ദേവാനന്ദ് സാറ് നിങ്ങളോട് പറഞ്ഞു. അതോടെ നിങ്ങൾ എന്നിൽ നിന്നും അകലം പാലിക്കാൻ തുടങ്ങി. ഒരു ക്രിമിനലുമായുള്ള അടുപ്പവും ബന്ധവും അത്ര നന്നല്ല എന്ന് ചിന്തിച്ചു. ശരിയല്ലേ... ഇതല്ലേ ഉണ്ടായത്...?" 

മൂർച്ചയുള്ള അവളുടെ പോലീസ് ബുദ്ധിയുടെ അനുമാനങ്ങൾ തെറ്റില്ല!

എതിരെ നിൽക്കുന്നയാളിന്റെ സകല പ്രതിരോധങ്ങളും അത് തകർക്കുകയും ചെയ്യും. അവളോട് നേര് പറയാതെ നിർവ്വാഹമില്ലെന്ന് അയാൾക്ക് തോന്നിത്തുടങ്ങിയിരുന്നു.

"ശരിയാണ് കീർത്തീ. നീ പറഞ്ഞത് കൃത്യമാണ്. ദേവാനന്ദ് എല്ലാമെന്നോട് പറഞ്ഞപ്പോൾ ഞാനാകെ തകർന്ന് പോയി. ആ നിമിഷം വരെ എന്റെ മനസ്സിലുണ്ടായിരുന്ന നിന്നെക്കുറിച്ചുള്ള ചിത്രം അപ്പാടെ മാഞ്ഞു പോയി. എനിക്കന്നോളം പരിചയമുള്ള കീർത്തിക്ക് അങ്ങനെയൊരു ഭൂതകാലം ഉണ്ടാവാൻ വഴിയില്ലെന്ന് ഞാൻ എന്നെത്തന്നെ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ... ആ ശ്രമങ്ങൾ പരാജയപ്പെട്ടു." അവളുടെ മുഖത്ത് നോക്കാതെയാണ്  അയാൾ ഇത് പറഞ്ഞത്.

"തെറ്റ് ചെയ്തിട്ടില്ല എന്നൊന്നും ഞാൻ പറയുന്നില്ല ദിലീപേട്ടാ. പക്ഷേ പഴയ തെറ്റുകളിലേക്ക് മടങ്ങാൻ എന്തായാലും ഞാനില്ല. പിന്നിട്ട വഴികളിൽ വീഴ്ത്തേണ്ടി വന്ന ചോരക്കും ജീവനുമൊക്കെ എന്ത് പ്രായശ്ചിത്തം ചെയ്യണമെന്ന് എനിക്കറിയില്ല. എന്നാൽ പശ്ചാത്താപമുണ്ട് എനിക്ക്… മുഹാജിർ കൊല്ലപ്പെട്ടതിന്റെ സങ്കടം വേറെയും.” 

"ആ ചെറുപ്പക്കാരന്റെ കാര്യത്തിൽ എനിക്കും സങ്കടമുണ്ട് കീർത്തീ...ആ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥയായ നീ പോലും കരുതുന്നത് സൂസന്റെ ഡയറിക്കുറിപ്പുകൾ വായിച്ചത് കൊണ്ട് മാത്രമാണ് അവർ അയാളെ കൊന്നത് എന്നാണ്."

അയാളത് പറഞ്ഞപ്പോൾ അവൾ അന്തംവിട്ടിരുന്ന് പോയി.

"വേറെയും കാരണമുണ്ടോ...?" അവൾ ആകാംക്ഷയോടെ ചോദിച്ചു.

"ആ... അല്ലെങ്കിൽ വേണ്ട... ഇനിയെന്തിനതൊക്കെ പറയുന്നു... കീർത്തി പോകാൻ നോക്ക്... എനിക്ക് കുറച്ച് തിരക്കുണ്ട്." അയാൾ കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു.

ആരോടും പറയാൻ പാടില്ലാത്ത ഏതോ ഒരു രഹസ്യത്തിന്റെ താക്കോൽ അറിയാതെ അയാളിൽ നിന്നും വീണ് പോയിരിക്കുന്നു. അബദ്ധം മനസ്സിലാക്കി ആ താക്കോൽ അയാൾ ഒളിപ്പിക്കാൻ ശ്രമിക്കുകയാണ്.

"മുഹാജിർ വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥയാണ് ഞാൻ. ആ കേസുമായി ബന്ധപ്പെട്ട വളരെ ചെറിയ ഇൻഫോർമേഷൻ പോലും എനിക്ക് വലിയ തോതിൽ ഹെൽപ്പ്ഫുള്ളാകും. അതുകൊണ്ട് ദിലീപേട്ടന് എന്തെങ്കിലും അറിയാമെങ്കിൽ എന്നോട് പറയൂ.. പ്ലീസ്..." അവൾ കെഞ്ചി. എന്നാൽ അയാൾ വഴങ്ങിയില്ല.

(തുടരും)

English Summary:

Susan's diaries are not the only cause of Muhajir's death; The case of murder is proved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com