ADVERTISEMENT

അധ്യായം: പതിനെട്ട്

"നീ തിരക്കുള്ള ആളാണെന്നറിയാം. തിരക്കില്ലായ്മയിൽ നിന്നും തിരക്കുകളിലേക്കുള്ള നിന്റെ വളർച്ച എന്റെ കൺമുന്നിലും കരുതലിലുമാണ്. അതുകൊണ്ട് പറയുന്നത് അനുസരിക്കുക. സമയമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്." 

മുഹാജിര്‍ മാർഗരറ്റ് പറഞ്ഞത് അനുസരിച്ചു. അയാൾ ആ ഡയറി വാങ്ങി. അയാൾക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. അയാൾ തളർച്ചയോടെ സോഫയിലേക്കിരുന്നു. ഒറ്റ രാത്രി കൊണ്ട് തന്റെ മാഗി മറ്റാരോ ആയി മാറിയിരിക്കുന്നു. ഇന്നോളം പറയാത്ത കാര്യങ്ങൾ പറയുന്നു. ഇന്നോളം കേൾക്കാത്ത ശബ്ദത്തിൽ പുലമ്പുന്നു. ഇന്നോളം കാണാത്ത ഭാവത്തിൽ നോക്കുന്നു. അയാൾ വല്ലാതെ പരിക്ഷീണനും നിസ്സഹായനുമായി അവരെ നോക്കി. 

"ഉം....വായിക്ക്...." അതൊരു ഗർജ്ജനമായിരുന്നു. അയാൾ സ്തബ്ദനായിപ്പോയി. വിറയാർന്ന വിരലുകളോടെ അയാളാ ഡയറി തുറന്നു...   

ആ പച്ച പുറംചട്ടയുള്ള ഡയറി ഡോ. മുഹാജിറിന്റെ കൈയിലിരുന്ന് വിറച്ചു. അതിലെ താളുകളിൽ ഒരു പെൺകിടാവ് തന്റെ ഹൃദയം ഉപേക്ഷിച്ചു പോയിരിക്കുന്നു. ധമനികളിലും സിരകളിലും അനുരാഗം മാത്രമുള്ള ഹൃദയം. ശൈവ, മഴത്താളങ്ങളുടെ മാസ്മര സംയോജനം സ്വപ്നങ്ങളിലാവാഹിച്ച ഹൃദയം. അതിന്റെ ചൂടിൽ, ചൂരിൽ, തീവ്രതീക്ഷ്ണതകളിൽ ആ താളുകളിൽ വരച്ചിട്ടിരിക്കുന്നത് തന്റെ ചിത്രം. കൊത്തിവെച്ചിരിക്കുന്നത് തന്റെ ശിൽപ്പം. 

അയാൾ വല്ലാത്തൊരുതരം സ്തംഭനാവസ്ഥയെ അഭിമുഖീകരിക്കുകയായിരുന്നു. മരണത്തിലാണോ താനെന്ന് അയാൾ സംശയിച്ചു. അതാണല്ലോ അതിമാരകവും ഗുരുതരവും ഭയാനകവുമായ സ്തംഭനം! അയാളുടെ മുഖത്തെ സൂക്ഷ്മഭാവങ്ങൾ പോലും ഒപ്പിയെടുക്കുന്ന കണ്ണുകളാണ് മാർഗരറ്റിന്റേത്. അതിന്റെയൊക്കെ അർത്ഥം ഗ്രഹിക്കുന്ന മസ്തിഷ്ക്കവും. ആ സന്ദർഭത്തിൽ, അവിടെ അയാളുടെ വലിഞ്ഞു മുറുകിയ മുഖത്തവൾ കണ്ടത് അസാധാരണമായ ഒരു അങ്കലാപ്പും അനിശ്ചിതത്വവുമാണ്. ഒന്നുകിൽ കുറ്റബോധവും പശ്ചാത്താപവും. അല്ലെങ്കിൽ വെല്ലുവിളിയും ധാർഷ്ട്യവും. അതുമല്ലെങ്കിൽ സ്വയം ന്യായീകരണത്തിന്റെ പുതിയ കഥകൾ ചമക്കുന്നവന്റെ കൃത്രിമമായ കൂസലില്ലായ്മയും അരോചകമായ വാചാലതയും. ഇതിലേതെങ്കിലുമൊക്കെയാണ് അവർ അയാളിൽ നിന്നും പ്രതീക്ഷിച്ചത്. എന്നാൽ മൗനവും ഒന്നും മനസ്സിലാകാത്തവന്റെ ശരീരഭാഷയുമാണവർ കണ്ടത്. അതെന്തുകൊണ്ടാണെന്നവർക്ക് മനസ്സിലായില്ല. അതിലേക്കവർ ചിന്ത കൊടുത്തുമില്ല. 

അയാൾ ആ ഡയറി വായിച്ചു തീരുംവരെ അയാളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു മാർഗരറ്റ്. അവരുടെ മുഖം കറുത്ത് പോയിരുന്നു. മുഖത്തെ കനകകാന്തിയുടെ കാന്തവിളക്കുകൾ അണഞ്ഞുപോയിരുന്നു. മരണപ്പെട്ട ഒരാളുടേതെന്ന പോലെ വരണ്ടു പോയിരുന്നു ആ ചുണ്ടുകൾ. അവരുടെ വസ്ത്രങ്ങൾ സ്ഥാനം തെറ്റിക്കിടന്നു. അത് ശരിപ്പെടുത്താൻ അവർ മുതിർന്നില്ല. ഒരു മനസികരോഗിയുടേതെന്ന പോലെ ക്രമം തെറ്റിയ ചേഷ്ടകളോടെയും തുറിച്ച കണ്ണുകളോടെയുമായിരുന്നു അവരുടെ ഇരുത്തം. സകല സ്വത്ത് സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവളെപ്പോലെയായിരുന്നു ആ ഇരുത്തം. അവരെ സംബന്ധിച്ച് അവരുടെ സ്വത്തും സമ്പാദ്യവുമെല്ലാം അയാളായിരുന്നു.അയാളുമൊത്തുള്ള ജീവിതമായിരുന്നു. അയാളോടുള്ള വിശ്വാസമായിരുന്നു. എന്നാൽ എല്ലാം ആ പച്ചപ്പുറം ചട്ടയുള്ള ഡയറിയിൽ അവസാനിക്കുകയാണെന്ന് അവർക്കറിയാമായിരുന്നു. കാരണം ഇനി അവർക്കയാളെ സ്നേഹിക്കാൻ കഴിയില്ല. ഉൾക്കൊള്ളാനും വിശ്വസിക്കാനും സാധിക്കില്ല. അയാൾക്കൊപ്പം ഉറങ്ങാനോ സവാരി ചെയ്യാനോ പറ്റില്ല. അയാൾ അവർക്ക് ഇനി അന്യനാണ്. ശത്രുവാണ്! പൈശാചികമായ ഒരു ചലച്ചിത്രം കാണുന്നത് പോലെയാണ് അവർ അയാളുടെ ചലനങ്ങൾ നിരീക്ഷിച്ചു കൊണ്ടിരുന്നത്. വായന പുരോഗമിക്കുന്തോറും അയാളുടെ മുഖം വിളറുന്നതും പേശികൾ വലിഞ്ഞു മുറുകുന്നതും മെയ്യാകെ വിറകൊള്ളുന്നതും അവർ കണ്ടു. 

"അനന്തരം നീ അവളെ തഴഞ്ഞു. അല്ലെ മുഹാജിർ?" കൂർത്ത നോട്ടത്തോടെ മാർഗരറ്റ് ചോദിച്ചു. എന്ത് സമാധാനം പറയണമെന്നറിയാതെ അയാൾ ഉമിനീരിറക്കി. തനിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടേക്കുമോ എന്നയാൾ ഭയന്നു. 

"നിന്റെ വിളിക്കായി അവൾ കാത്തിരുന്നു. എന്നാൽ നീ വിളിച്ചില്ല. അവൾ വിളിച്ചിട്ട് എടുത്തുമില്ല.നിന്റെയൊരു നോക്കിനും വാക്കിനും വേണ്ടി അവൾ കാത്ത് നിന്നു. കോളജ് പടിക്കലും വരാന്തയിലും വായനശാലയിലും ഇടനാഴികളിലും ഗോവണിച്ചോട്ടിലും കാന്റീനിലുമൊക്കെ.എന്നാൽ നീയവൾക്ക് മുഖം കൊടുത്തില്ല. ഒന്ന് ശ്രദ്ധിക്കുക കൂടി ചെയ്തില്ല." 

"സമയത്തെ പിറകോട്ട് ചലിപ്പിച്ച് പഴയ കാലത്തേക്ക് തിരികെ ചെന്ന് നടന്നതെല്ലാം കണ്ടു വന്ന ഒരാളെപ്പോലെയാണ് മാഗിയിപ്പോൾ സംസാരിക്കുന്നത്. അതീ ഡയറിയുടെ ഗുണം. അതിലെ ഭാഷയുടെ ഗുണം. എന്നാൽ ഒന്ന് മനസ്സിലാക്കണം മാഗീ, അതിലെ കുറിപ്പുകൾക്ക് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല." പരമാവധി സംയമനം പാലിച്ചു കൊണ്ട് മുഹാജിർ പറഞ്ഞു. 

"എന്റെ കുട്ടിയെ എനിക്ക് വിശ്വാസമായിരുന്നു. ഇന്നിപ്പോൾ അവളുടെ ഡയറിക്കുറിപ്പുകളെ അവിശ്വസിക്കേണ്ട കാര്യവും എനിക്കില്ല. നടന്നതെന്താണെന്ന് വ്യക്തമാണ്. സ്പഷ്ടമാണ്." 

"എനിക്ക് തോന്നുന്നത് ഇതാ കുട്ടിയുടെ ഒരു സർഗ്ഗ സൃഷ്ടിയാണ്. യാഥാർഥ്യമെന്ന് തോന്നിക്കുന്ന ഭാവനാ സൃഷ്ടി.സർഗാത്മകതയുടെ മായാജാലം." 

"എനിക്കങ്ങനെ തോന്നുന്നില്ല..." മുരൾച്ചയോടെയാണിത് മാർഗരറ്റ് പറഞ്ഞത്. അവർ ക്രുദ്ധയായി എഴുന്നേറ്റു.അയാൾക്ക് നേരെ വിരൽ ചൂണ്ടി കയർത്തു. 

"എന്റെയടുത്ത് വേലയിറക്കേണ്ട. നിന്റെ വിധി എഴുതപ്പെട്ടതാണ് മുഹാജിർ. അതിൽ നിന്ന് നിനക്ക് മോചനമില്ല." 

അയാൾ പകച്ചു പോയി. അയാൾക്ക് കൈകാലുകൾ തളരുന്ന പോലെ തോന്നി. അയാൾ കരച്ചിലിന്റെ വക്കോളമെത്തി. ഇത് തന്റെ മാഗിയല്ല. ഇത് തന്റെ 'അനുഭൂതികളുടെ ചൈതന്യ'മല്ല. എന്ത് പറയണം, പ്രവർത്തിക്കണം എന്നറിയാതെ അയാൾ കുഴങ്ങി. 

എന്റെ കുട്ടിക്ക് ആദ്യമായി ഒരാളോട് തോന്നിയ സ്നേഹത്തെ വെറും 'ഇഷ്ട'മെന്ന് വിളിക്കാൻ എനിക്കറപ്പാണ്. അങ്ങനെയതിനെ തരം താഴ്ത്താനോ പൈങ്കിളിവത്ക്കരിക്കാനോ ഞാനൊരുക്കമല്ല. അത് വിശുദ്ധമായ അഭിനിവേശവും സമർപ്പണവുമായിരുന്നു. ശരിതെറ്റുകളെ കുറിച്ചുള്ള അവബോധവും, ചിന്തയും ധിഷണയുമൊക്കെയുള്ള ഒരു പെൺകുട്ടിയുടെ ആദ്യാനുരാഗത്തെക്കുറിച്ച് നിനക്കെന്തറിയാം? നീ നല്ലവനാണെന്നവൾ കരുതി. വിശ്വസിക്കാൻ കൊള്ളാവുന്നവനാണെന്ന് ധരിച്ചു. എന്നാൽ നീ ചതിയനായിരുന്നു. സ്വാർത്ഥനായിരുന്നു. നിന്റേത് പൊയ്മുഖമായിരുന്നു." അവൾ കിതച്ചു.

അയാൾക്കടുത്ത് ചെന്നിരുന്ന് അയാളുടെ കണ്ണുകളിലേക്ക് നോക്കി അവൾ തുടർന്നു. 

"നിനക്കറിയാമോ, അവളുടെ ആത്മഹത്യ എങ്ങനെയാണ് ഒരമ്മയെ തകർത്തുകളഞ്ഞതെന്ന്? ഒരു സഹോദരിയെ അതെത്രത്തോളം തളർത്തിയെന്ന്? അവൾ പൊടുന്നനെ ഒന്ന് നിർത്തി. 

അടുക്കളയിലേക്ക് പോയി ക്ഷണനേരം കൊണ്ട് തിരിച്ചു വന്നു. അവളുടെ കൈയിൽ വെട്ടുകത്തിയുണ്ടായിരുന്നു. അയാൾ ഭയാശങ്കകളോടെ എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നാൽ വേച്ചു വീണു പോയി. 

enovel-eighteen-full
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

"മാഗീ, എന്താണിത്? ഞാൻ പറയുന്നതൊന്ന് കേൾക്കൂ. എന്നെയൊന്ന് വിശ്വസിക്കൂ." അയാൾ ദയനീയമായി കേണു. നിലവിളിയോടെ യാചിച്ചു. ദയക്ക് വേണ്ടി അയാൾ കൈകൂപ്പി. കരുണക്ക് വേണ്ടി അയാൾ കെഞ്ചി. അവൾ അടങ്ങുമെന്നയാൾ കരുതി. അവളുടെ ഉള്ളലിയുമെന്ന് അയാൾ കരുതി. എന്നാലതുണ്ടായില്ല. അയാളുടെ ഓരോ വാക്കും നിലവിളിയും അവളെ കൂടുതൽ പ്രകോപിതയാക്കുകയാണുണ്ടായത്. 

"മാഗീ, എനിക്ക് സൂസനോട് മിണ്ടാനോ, എന്തിന് ആ മുഖത്തേക്കൊന്ന് നോക്കാനോ, ചിരിക്കാനോ ഭയമായിരുന്നു. എനിക്ക് മാത്രമല്ല, മറ്റ് പലർക്കും. അത്ര പ്രശ്നക്കാരിയായിരുന്നു അവൾ. വല്ലാത്തൊരു പരാതിക്കാരിയായിരുന്നു. വിചിത്ര സ്വഭാവക്കാരിയായിരുന്നു. അതുകൊണ്ട് കൂടുതൽ പേരും അവളിൽ നിന്നൊരു അകലം പാലിച്ചു. അവളെ ആർക്കും പ്രണയിക്കാനാകുമായിരുന്നില്ല. എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ കാമ്പസ് പ്രണയത്തോടെനിക്ക് അന്നുമിന്നും വെറുപ്പാണ്. ആ കുട്ടി പ്രണയാഭ്യർത്ഥനയുമായി എന്നെ സമീപിച്ചിരുന്നെങ്കിൽ തീർച്ചയായും ഞാനത് നിരസിക്കുമായിരുന്നു. നിരാകരിക്കുമായിരുന്നു." 

"നീ നിരാകരിച്ചു. അതാണെന്റെ പ്രശ്നം. അതായിരുന്നു അവളുടേയും പ്രശ്നം. അതവൾക്ക് ആശ കൊടുക്കുന്നതിന് മുമ്പായിരുന്നെങ്കിൽ ഞാനത് സമ്മതിച്ചേനെ. അതവൾ ഗര്‍ഭിണിയാകും മുമ്പായിരുന്നെങ്കിൽ അന്തസെന്ന് വിശേഷിപ്പിച്ചേനെ. നീ പറഞ്ഞില്ലേ, അവളൊരു പരാതിക്കാരിയായിരുന്നെന്ന്? എന്നിട്ട് പ്രണയം നടിച്ച് വശത്താക്കിയ നിനക്കെതിരെ അവൾ പരാതിപ്പെട്ടോ? ഇല്ലല്ലോ? അതാണ് ഞാൻ പറഞ്ഞ സ്നേഹത്തിന്റെ ആഴം. ഏറെ അടുപ്പവും വിശ്വാസവുമുള്ള കൂട്ടുകാരികളോടോ എന്നോട് പോലുമോ ഒന്നും പറയാതെ അവൾ ജീവനൊടുക്കി! ഓർക്കണം,സ്വയം ജീവനൊടുക്കിയതിലൂടെ തന്റെയുള്ളിൽ വളരുന്ന മറ്റൊരു ജീവനെക്കൂടിയാണവൾ ഇല്ലാതാക്കിയത്. തനിക്ക് ചുറ്റുമുള്ള കുറെ ജീവിതങ്ങളുടെ പൊരുൾ നഷ്ടപ്പെടുത്തുക കൂടിയാണ് ചെയ്തത്. അതിന്റെയെല്ലാം പാപഫലം നിന്നെ പിന്തുടരും. അവളുടെ ആത്മഹത്യയുടെ ഏറ്റവും വലിയ ഗുണഭോക്താവാണ് നീ. നിന്റെ അഭിമാനം. ഭാവി. എല്ലാം അതുമൂലം ഭദ്രമായി. നിന്നെ ഞാൻ അറിയാതെ പോയതിലാണ് എനിക്ക് ദുഃഖം. നല്ലപോലെ അഭിനയിക്കുന്നവനാണ് നീ. അതുകൊണ്ട് നീ ആരാണ്, എന്താണ്, എങ്ങനെയാണ് എന്നൊക്കെ എനിക്ക് തിരിച്ചറിയാൻ പറ്റാതെ പോയി. എനിക്ക് നിന്നെ മനസ്സിലാക്കാൻ പറ്റാതെ പോയി. ഞാൻ ഒരുപാട് വൈകിപ്പോയി..." 

(തുടരും)

English Summary:

Charamakolangalude Vyakaranam Episode Eighteen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com