ADVERTISEMENT

‘‘സംഗീതവും അഭിനയവും ഒക്കെ ഒത്തു ചേരുന്ന നിരവധി കലാരൂപങ്ങൾ നമ്മുടെ നാട്ടിൽ വേരോടിയിട്ടുണ്ടെങ്കിലും നാടകം അതിൽ നിന്നെല്ലാം വേറിട്ട് ശക്തമായി നിലകൊള്ളുന്നത് വിഷയത്തിലെ  നേരും അവതരണത്തിലെ സത്യസന്ധതയും കൊണ്ടാണ്.  നാടകം  തനതു വേദികളിലെ അതിന്റെ അന്യപ്പെടലുകളിൽനിന്ന് ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. പ്രമുഖ മലയാള ചലച്ചിത്ര നടീനടന്മാർ പോലും  നാടക പരിശീലനത്തിനും  അവതരണത്തിനും വേണ്ടി സമയം കണ്ടെത്തുന്നതും മറ്റും നാടകത്തിന്റെ ശക്തമായ സ്വാധീനം തിരിച്ചറിഞ്ഞിട്ടു തന്നെയാണ്’’ – പറയുന്നത് നോർത്ത് അമേരിക്കയിലെ പ്രശസ്ത ഗായകനും സംവിധായകനുമായ ശബരിനാഥ് ആണ്.  അമേരിക്കലെ ഔദ്യോഗിക ജീവിതത്തിനിടയിലും വേദികളിൽനിന്നു വേദികളിലേക്ക് തന്റെ പ്രാണവായുവായി കരുതുന്ന സംഗീതവുമായി യാത്ര തുടരുന്നതിനിടയിലാണ് അദ്ദേഹം ഏഴോളം നാടകങ്ങളും മലയാളത്തിലും ഇംഗ്ലിഷിലുമായി മൂന്നു  കുഞ്ഞു സിനിമകളും എഴുതി സംവിധാനം ചെയ്തത്. എത്രത്തോളം അദ്ദേഹം ഈ കലയെ ഉപാസിക്കുന്നു എന്നതിനു മറ്റൊരു തെളിവ് ആവശ്യമില്ല . ‘ഭാരതീയം’ എന്ന, അദ്ദേഹത്തിന്റെ ഏഴാമത് നാടകം ഓഗസ്റ്റ് 31 ശനിയാഴ്ച അമേരിക്കയിലെ ന്യൂജഴ്‌സിയിൽ കെഎച്ച്എൻഎ കൺവൻഷനിൽ അരങ്ങേറുകയാണ്. സമകാലിക സംഭവങ്ങൾ ചർച്ച ചെയ്യുന്ന ഭാരതീയത്തിന്റെ പശ്ചാത്തലത്തിൽ, സംവിധായകൻ ശബരീനാഥുമായി അൽപനേരം .

എന്താണ്  ഭാരതീയം ? എന്തുകൊണ്ട് ഭാരതീയം ?

‘ഭാരതീയം’ ഞങ്ങൾ ചെയ്യുന്ന ഏഴാമത് നാടകമാണ്. പേരു സൂചിപ്പിക്കുന്നതു പോലെ ഭാരതത്തെ സംബന്ധിക്കുന്നതാണ് ‘ഭാരതീയം’.  ഭാരതത്തിലെ സംസ്‌കൃതിയുടെ ഒരു പരിച്ഛേദം നാടകത്തിൽ കാണാം. ഒപ്പം, മലയാളിയുടെ സമകാലിക രാഷ്ട്രീയ, സാമൂഹിക ജീവിതവും നാടകത്തിന്റെ പ്രതിപാദ്യ വിഷയമാണ് ." ഭാരതീയം " ഇന്നലെയുടെയോ നാളെയുടെയോ കഥയല്ല, ഇന്നിന്റെ കഥയാണ്. മലയാളിയുടെ ജീവിതത്തിലെ രാഷ്ട്രീയ അതിപ്രസരം അവന്റെ ബൗദ്ധിക വളർച്ചയെ എങ്ങനെ ബാധിക്കുന്നു എന്ന് നാടകം ചർച്ച ചെയ്യുന്നുണ്ട്. അതുപോലെതന്നെ നാനാ ജാതി മത വിഭാഗങ്ങളിലെ വൈവിധ്യമാർന്ന ഒരു ജീവിത സംസ്കാരം പുഷ്‌ടി പിടിപ്പിച്ച ഒരു സമൂഹത്തെ കക്ഷി രാഷ്ട്രീയക്കാർ എങ്ങനെ മുതലെടുക്കുന്നുവെന്നും നാടകം വെളിവാക്കുന്നു. വോട്ടു ബാങ്ക് രഷ്ട്രീയത്തിനായി ജനമനസ്സുകളെ ഭിന്നിപ്പിക്കുന്ന, വിദ്വേഷത്തിന്റെ മതിലുകൾ തീർക്കുന്ന  ഇവരുടെ ചെയ്തികൾ  വരും തലമുറ പൊറുക്കില്ല. അത് തുറന്നു കാണിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതുകൊണ്ടു ഭാരതീയം ഇന്ന് പ്രസക്തമാണ്. ജാതി - മതങ്ങൾക്കും രാഷ്ട്രീയ ചിന്തകൾക്കും അതീതമായി മനുഷ്യർ ഒന്നിക്കണം എന്നാണ് നാടകത്തിന്റെ സന്ദേശം .

നാടകത്തിനു രാഷ്ട്രീയമുണ്ടോ ?

ഉണ്ട്. നാടകത്തിനു മാത്രമല്ല സിനിമയ്ക്കും  കവിതയ്ക്കുമൊക്കെ എല്ലാക്കാലത്തും എല്ലാ നാട്ടിലും രാഷ്ട്രീയം ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഓരോ  നാടിന്റെയും രാഷ്ട്രീയ, സാമൂഹിക  ജീവിതം രൂപപ്പെടുത്തുന്നതിൽ ആ നാട്ടിലെ നാടകം  വഹിച്ച പങ്കു വളരെ വലുതാണ് . ഉദാഹരണങ്ങൾ അനവധിയാണ്. 1789 വരെ യൂറോപ്പിൽ തിയേറ്ററും ഭരണ വർഗത്തിന്റെ അടിമത്തത്തിൽ ആയിരുന്നു. ആകെ മൂന്നു തിയേറ്ററുകൾക്കു മാത്രമാണ് ഫ്രഞ്ച് മൊണാർക്കി പ്രവർത്തന സ്വാതന്ത്ര്യം നൽകിയിരുന്നത്.  1791ൽ  പാരീസിലെ നാഷനൽ അസംബ്ലി, ഷാപ്പലിയെ നിയമം (The Chapelier Law ) കൊണ്ടുവന്നാണ് തിയേറ്ററിനെ സ്വതന്ത്രമാക്കിയത് .ഇത് ഫ്രഞ്ച് റവല്യൂഷന്റെ പശ്ചാത്തലത്തിൽ ആയിരുന്നു എന്നുകൂടി  കൂട്ടി വായിക്കുമ്പോഴാണ്, ഒരു ജനതയുടെ രാഷ്ട്രീയ വിപ്ലവ മുന്നേറ്റത്തിന് കലയും നാടകവുമൊക്കെ എത്രത്തോളം സംഭാവന ചെയ്തു എന്നു നാം മനസ്സിലാക്കുന്നത്. ഇങ്ങു കേരളത്തിൽ പോലും നമ്മുടെ കെപിഎസി പോലുള്ള നാടക പ്രസ്ഥാനങ്ങൾ കേരള രാഷ്ട്രീയ സമൂഹത്തിനു നൽകിയ ദിശാബോധം വിസ്മരിക്കാവുന്നതല്ല. എന്നാൽ നാലാം നൂറ്റാണ്ടിൽത്തന്നെ കാളിദാസനും ഭാസനും ഒക്കെ നാടകങ്ങൾ രചിച്ചു സമ്പന്നമാക്കിയ ഒരു സാംസ്‌കാരിക ധാരയാണ് ഭാരതത്തിനുള്ളത്  എന്നും നാം ഓർക്കണം, അതിൽ അഭിമാനിക്കണം.

"ഭാരതീയം" ഒരു രാഷ്ട്രീയ നാടകമാണോ ?

"ഭാരതീയം" എന്ന നാടകത്തിനു തീർച്ചയായും ഒരു രാഷ്ട്രീയം ഉണ്ട് . അത് സ്നേഹത്തിന്റെയും മാനവികതയുടെയും രാഷ്ട്രീയമാണ്. ഭാരതീയം ഇടകുന്നം തറവാടിന്റെ കഥയാണ്. അവിടെ ജനിച്ചു വളർന്ന മനുഷ്യരും അവർ സഞ്ചരിച്ച വഴികളിലെ പ്രണയവും സ്നേഹവും വിശ്വാസവും നന്മയും  തിന്മയും ഒക്കെ നാടകത്തിന്റെ പശ്ചാത്തലമാണ്. തീർച്ചയായും ഇത് ഒരു കുടുംബ കഥയാണ്. അച്ഛനും മകനും തമ്മിലുള്ള ആത്മസംഘർഷത്തിന്റെ കഥയാണ്. കാമുകനും കാമുകിയും തമ്മിലുള്ള പ്രണയത്തിനപ്പുറത്തെ ആശയ സംഘട്ടനങ്ങളുടെ കഥയാണ്. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും കഥയാണ്. സർവോപരി സാധാരണ മനുഷ്യരുടെ കഥയാണ്.

ഏതെങ്കിലും പ്രത്യേക ഇസങ്ങൾക്കോ കക്ഷികൾക്കോ അടിയറ വയ്ക്കേണ്ടതല്ല മനുഷ്യ മസ്തിഷകമെന്ന് ഭാരതീയം ഓർമിപ്പിക്കുന്നു. നിർഭാഗ്യവശാൽ നമ്മുടെ സമൂഹം ഇന്ന് ആവശ്യത്തിലധികം രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നു .

ഏതിനെയും ഒരു രാഷ്ട്രീയ നിറത്തിലൂടെ മാത്രം നോക്കിക്കാണുമ്പോൾ  ചില നന്മകൾ കാണാതെ പോകുന്നു. അതുപോലെതന്നെ കാലഹരണപ്പെട്ട സിദ്ധാന്തങ്ങൾ, ഏതോ യുഗത്തിൽ ഏതോ ഒരു രാജ്യത്തിനു വേണ്ടി സൃഷ്‌ടിച്ച, നവീന ലോകം പുറം തള്ളിയ മുരടൻ തത്വശാസ്ത്രങ്ങൾ മാറേണ്ടതുണ്ട് . കാലാനുസൃതമായി നവീകരിക്കപ്പെടേണ്ടതുണ്ട്. പ്രസ്ഥാനമല്ല പ്രശ്നം, അതിന്റെ അവതാരകരാണ്.

നാടകം ഇന്റലക്ച്വൽ ആകുന്നതിനെപ്പറ്റി ..?

ഒരു പരിധി വരെ അതു ശരിയാണ് . എന്നാൽ എന്റെ വ്യക്തിപരമായ അഭിപ്രായം സാധാരണ ജനങ്ങളുമായി സംവദിക്കുന്നതാവണം ഏതു കലയും എന്നതാണ്. മാറ്റം അടിസ്ഥാന ജനവിഭാഗങ്ങളിലാണു വരേണ്ടത്. ബുദ്ധിജീവികൾ ഉണ്ടായതുകൊണ്ട് സമൂഹം നന്നാവണം എന്നില്ല. എന്നാൽ അവരും സമൂഹത്തിന്റെ ഭാഗമാണ്. അടിസ്ഥാനപരമായി കലയുടെ ഉദ്ദേശ്യം മാനസിക ഉല്ലാസം തന്നെയാണ്. അതുകൊണ്ടു സോദ്ദേശപ്രമേയങ്ങൾ തിരഞ്ഞെടുക്കുമ്പോഴും   ആസ്വാദകരുടെ മാനസികോല്ലാസം തന്നെയാവണം സംവിധായകന്റെ മുഖ്യ ലക്ഷ്യം. വലിയ ചിന്തകൾ നർമത്തിലൂടെ അവതരിപ്പിച്ച കുഞ്ഞുണ്ണി മാഷാണ് എന്റെ റോൾ മോഡൽ.  ഭാരതീയം ഒരു ക്ലാൻ എന്റർടെയ്നെർ ആണ്.

ഇടതുപക്ഷ രാഷ്ട്രീയവും  നാടകവും

നമ്മുടെ നാട്ടിലെ നാടക പ്രചാരണത്തിന് ഇടതുപക്ഷ ബഹുജന പ്രസ്ഥാനങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ബഹുജന പ്രസ്ഥാനങ്ങളുടെ ആശയ പ്രചാരണത്തിന്  അവർ നാടകത്തെ  സമർഥമായി  ഉപയോഗിച്ചു എന്നും പറയാം. തോപ്പിൽ ഭാസിയും തിക്കോടിയൻ മാഷും എസ്എൽ പുരവുമൊക്കെ  ഈ ജനുസ്സിൽ നാടകങ്ങൾ എഴുതി വിജയിപ്പിച്ചവർ ആണ്. പ്രഫഷനൽ നാടകങ്ങളുടെ  ഈറ്റില്ലമാണ് കൊല്ലം. എന്റെ കൗമാരകാലവും കോളജ് പഠന കാലവും കൊല്ലത്തായിരുന്നു. കൊല്ലം ഫാത്തിമ കോള‌ജിൽ ആയിരുന്നു ഡിഗ്രി പഠനം. ഇടതുപക്ഷ ആശയങ്ങൾക്ക് ഏറെ വളക്കൂറുള്ള ഒരു ഭൂമികയിൽ അത്തരം ആശയങ്ങളുടെ പ്രതിഫലനത്തോടെ നാടകങ്ങൾ ഉണ്ടാവുക സ്വാഭാവികം. ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാ സാഹിത്യസംഘം എന്നിവയൊക്കെ ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ടു വയ്‌ക്കുന്നവയാണ്. അതുകൊണ്ടുതന്നെ ജനഹൃദയങ്ങളിൽ പ്രസ്ഥാനം പെട്ടെന്നു വേരുറപ്പിക്കുന്നു . കൊല്ലത്ത് ആശ്രാമത്ത് പ്രകാശ് കലാ കേന്ദ്രം എന്നൊരു  ഗ്രൂപ്പ് ഉണ്ടായിരുന്നു. ഇടതു പക്ഷ യുവജന വിഭാഗത്തിന്റെ കീഴിൽ ആയിരുന്നു അവരുടെ പ്രവർത്തനം. ഒരുപാട് നല്ല അമച്വർ നാടകങ്ങൾ പ്രകാശ് കലാ കേന്ദ്രത്തിൽനിന്ന് ഉണ്ടായിട്ടുണ്ട് . പലതും സാമൂഹിക അനീതികൾക്കെതിരെ ഉള്ള പ്രതിഷേധമായിരുന്നു. സതി പ്രമേയമാക്കിയ ഒരു നാടകം പ്രകാശ് കലാ കേന്ദ്രത്തിലെ ഒരു ചേട്ടൻ വന്നു ഞങ്ങളെ കോളജ് നാടകോത്സവത്തിനായി പഠിപ്പിച്ചത് ഓർമയുണ്ട്. ഇന്ന് ഹൃദയപക്ഷത്തിൽനിന്ന് ഇടതുപക്ഷം അകന്നിരിക്കുന്നു എന്നത് ഏറെ വേദനയുണർത്തുന്നു.

തിയേറ്റർ ജി എന്ന ആശയം 

മലയാള നാടകശാഖയുടെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആളാണ് ജി. ശങ്കരപ്പിള്ള സാർ. തമിഴ് നാടകങ്ങളുടെ അതിഭാവുകത്വത്തിൽനിന്നു റിയലിസ്റ്റിക് പരിസരത്തേക്ക് മലയാള നാടകത്തെ അദ്ദേഹം കൈ പിടിച്ചുയർത്തി. നാടകക്കളരിയും പരീക്ഷണ നാടകങ്ങളും ഒക്കെയായി മലയാള നാടകത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു ശങ്കരപ്പിള്ള സാർ. മലയാള നാടകത്തിനു വേണ്ടി മാത്രം ഉഴിഞ്ഞുവച്ച  ജീവിതമാണ്  അദ്ദേഹത്തിന്റേത് . അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നാടക  പ്രവർത്തനങ്ങളെയും പുതു തലമുറ  വേണ്ട പോലെ സ്മരിക്കുന്നുണ്ടോ എന്നു സംശയമാണ്. ഇവിടെ അമേരിക്കയിൽ ഷേക്‌സ്‌പീരിയൻ തിയേറ്ററുകളുടെ പിന്നാലെ പായുന്ന മലയാളികൾ പോലും ജി യെ വിസ്മരിക്കുന്നു. ആ സാഹചര്യത്തിൽ  നിന്നാണ് ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് ന്യൂയോർക്കിൽ തിയറ്റർ ജി എന്ന നാടക കൂട്ടായ്മ രൂപപ്പെടുത്തുന്നത്. ജി ശങ്കരപ്പിള്ള സാറിന്റെ നാമധേയത്തിൽ ഒരു തിയേറ്റർ– .അതാണ് തിയേറ്റർ ജി. സജീവ നാടക പ്രവർത്തനങ്ങളിൽ തൽപരരായവർക്ക് ഒരു വേദി.  വർഷത്തിൽ ഒരു നാടകം എന്നതാണ് ലക്ഷ്യം. മലയാളത്തിലെ അവശത അനുഭവിക്കുന്ന നാടക പ്രവർത്തകർക്ക്, ഞങ്ങളെക്കൊണ്ടു കഴിയുന്ന ചെറിയ സഹായം ചെയ്യാനും ഉദ്ദേശ്യമുണ്ട്. അണ്ണാറക്കണ്ണനും തന്നാലായത്.

സാധാരണ അമേരിക്കയിൽ പല സ്ഥലത്തും പല കൂട്ടായ്മകളും നാടകം അവതരിപ്പിക്കുന്നുണ്ട് . മിക്കവരും നാട്ടിൽനിന്നു പ്രഫഷനൽ നാടകങ്ങൾ വാങ്ങി കൊണ്ടു വന്നു അവതരിപ്പിക്കുകയാണ്. എന്നാൽ തിയേറ്റർ ജി ചെയ്യുന്നതെല്ലാം  നമ്മുടെ സ്വന്തം പ്രൊഡക്‌ഷൻ ആണ്. ഹോട്ടൽ ഭക്ഷണം പോലെയല്ലല്ലോ നമ്മൾ തന്നെ വീട്ടിൽ ഉണ്ടാകുന്ന മസാലക്കൂട്ടുകൾ ചേർത്ത് കറി വയ്ക്കുമ്പോൾ .അതിന്റെ രുചിയും മണവും വേറെയല്ലേ. അവിടെ സർ‍ഗാത്മകയ്‌ക്ക്‌  ഏറെ ഇടമുണ്ട്.

സംഗീതവും സിനിമയും നാടകവും

എന്റെ ഏറ്റവും വലിയ ഇഷ്ടവും പ്രാണനും സംഗീതം തന്നെയാണ് . 20 വർഷത്തിലധികമായി കേരളത്തിലും പുറത്തും ഗാനമേളകളിൽ സജീവമാണ് . സ്വകാര്യമായ ആനന്ദവും സംഗീതം തന്നെയാണ്. എന്നാൽ സിനിമയും നാടകവും ഒക്കെ ഒരു അഭിനിവേശത്തിന്റെ ഭാഗമാണ്. രാത്രിയുടെ ഇത്തിരി വെളിച്ചത്തിൽ നമ്മൾ കടലാസിൽ പകർത്തി  വച്ച കഥാപാത്രങ്ങൾ തിരശീലയിലോ അരങ്ങിലോ മജ്ജയും മാംസവുമായി നിന്ന് നമ്മോടു സംവദിക്കുമ്പോൾ കിട്ടുന്ന ഒരു ത്രിൽ– അതു പറഞ്ഞറിയിക്കാൻ കഴിയില്ല. അത് ഞാൻ ആസ്വദിക്കുന്നു.

സിനിമ അഭിനിവേശമാകാൻ കാരണം

എന്റെ അച്ഛൻ സിനിമാ നിർമാതാവായിരുന്നു. ചെറുപ്പം മുതൽ കണ്ടും കേട്ടും വളർന്നത് സിനിമയാണ്. വീട്ടിൽ ദേവരാജൻ മാസ്റ്ററും മധു സാറും ഒക്കെ വരുന്നതും  കൊച്ചു കുട്ടിയായ എന്നെ എടുത്ത് ഓമാനിക്കുന്നതുമെല്ലാം ഇപ്പോഴും നനുത്ത ഓർമകളാണ്. അച്ഛനായിരുന്നു എന്റെ ഏറ്റവും വലിയ പ്രചോദനം. ഇരുപതിനാലാമത്തെ വയസ്സിൽ, 1977 ൽ ‘ഇനിയെത്ര സന്ധ്യകൾ’ എന്ന ചിത്രം നിർമിച്ചുകൊണ്ട്  അദ്ദേഹം സിനിമാ നിർമാണ രംഗത്ത് എത്തി. 2017 ൽ  അച്ഛൻ എന്നെ വിട്ടുപിരിഞ്ഞു. എന്റെ ഒരു കൈ നഷ്ടപ്പെട്ട പോലെ ആയിരുന്നു അത്. അച്ഛന്റെ ഒരുപാടു സ്വപ്നങ്ങൾ ബാക്കിയാണ്. കഴിയുന്നതു പോലെ നിറവേറ്റാൻ ശ്രമിക്കും .

എത്ര നാടകങ്ങൾ, സിനിമകൾ ?

"ഭാരതീയം " നേരത്തെ സൂചിപ്പിച്ച  പോലെ ഏഴാമത്തെ പ്രൊഡക്‌ഷൻ ആണ് . ഇതിനു മുൻപ് 6  പ്രഫഷനൽ നാടകങ്ങൾ ചെയ്തു.  മൂന്ന് ഷോർട്ട് ഫിലിമും ചെയ്തിട്ടുണ്ട് . സ്വപ്നങ്ങളേ കാവൽ (2010 കൈരളി ടീവി ), ബിങ്കോ (ഇംഗ്ലിഷ് , 2013 ), ഐ ലവ് യു ( 2016 മികച്ച സംവിധായൻ, നോർത്ത്  അമേരിക്കൻ ഫിലിം അവാർഡ്‌സ് N A F A ).  മാർത്താണ്ഡവർമ് (ചരിത്രം ), അഗ്നിശുദ്ധി (പുരാണം), ഭഗീരഥൻ (പുരാണം), വിശുദ്ധൻ (സെന്റ് വിൻസെന്റ് ഡി പോളിനെ കുറിച്ച്) , സ്വാമി അയ്യപ്പൻ (പുരാണം ), ഭാരത കേസരി (സാമൂഹികം) എന്നിയവയാണ് കഴിഞ്ഞ നാടകങ്ങൾ. പുതിയ ഒരു ഫീച്ചർ  സിനിമയുടെ തിരക്കഥ പൂർത്തിയായി. മറ്റു രണ്ടു പ്രോജക്ടുകൾ കൂടി റെഡിയാവുന്നു. 

കലാ രംഗത്തെ അനുഭവങ്ങൾ ...

എല്ലാം നല്ല അനുഭവങ്ങൾ. ദൈവം ഇതുവരെ തന്നതെല്ലാം അനുഗ്രഹങ്ങൾ തന്നെയാണ്. കഴിഞ്ഞ വർഷത്തെ ഫൊക്കാന തീം സോങ്  "മറു നാട്ടിലെ മണ്ണിൽ വന്നേ "  എന്ന ഗാനം സംഗീതം ചെയ്ത് ആലപിക്കാൻ  ഭാഗ്യം ഉണ്ടായി. ഒരാഴ്‌ച കൊണ്ട് ഓൺ ലൈനിൽ 100 K വ്യൂസ് ആ ഗാനത്തിന് ലഭിച്ചു. ഒരു സംഘടനയുടെ തീം സോങ്ങിന് കിട്ടുന്ന ഏറ്റവും വലിയ ജനപ്രീതിയായിരുന്നു അത്. ന്യൂയോർക്കിൽ വച്ച് ഗാനം റിലീസ് ചെയ്തത് പ്രശസ്ത സംഗീത സംവിധായകൻ ശരത് സാർ ആണ്. വിഷ്വൽസ് കാണുമ്പോൾ അദ്ദേഹം അടുത്തു വിളിച്ചിരുത്തി ഒരു പാട് നല്ല അഭിപ്രായം  പറയുകയും അനുഗ്രഹിക്കുകയും ചെയ്തു. അതിനു ശേഷം  വേദിയിൽ എന്റെ സംഗീതത്തെക്കുറിച്ചും ആലാപനത്തെക്കുറിച്ചും ഏറെ പ്രശംസിച്ചു. എനിക്ക് ഓസ്കർ അവാർഡിനേക്കാൾ മേലേ ആയിരുന്നു അത്. അന്ന് വീട്ടിൽ വന്നു ഭാര്യയോട് ഇനി മരിച്ചാലും വേണ്ടില്ല എന്നാണ് ഞാൻ പറഞ്ഞത്. ഒരുപാടു പേരോടു കടപ്പാടുണ്ട്. എന്റെ മാതാപിതാക്കൾ, ഗുരുക്കന്മാർ, രാമേശ്വരം സിസ്റ്റേഴ്സ്, ശാരദ രവീന്ദ്രൻ, ബിന്നി കൃഷ്ണകുമാർ, ചിത്ര ചേച്ചി, വാണിയമ്മ, എം ജി ശ്രീകുമാർ ചേട്ടൻ, കൈതപ്രം നമ്പൂതിരി, മ്യൂസിക് ഡയറക്ടർ എസ്. ജയൻ ചേട്ടൻ, ഗാനമേള രംഗത്ത് കൈപിടിച്ചാനയിച്ച പ്രശസ്ത പിന്നണി ഗായകൻ ഇടവ ബഷീർ അങ്ങനെ ഒരുപാടു പേരുണ്ട്. നാം ഒറ്റയ്ക്ക് ഒന്നുമാകുന്നില്ല എന്നതാണ് സത്യം. അറിഞ്ഞോ അറിയാതെയോ ഒരുപാട് ആളുകളുടെ ശ്രമഫലമാണ് ഓരോ  മനുഷ്യന്റെ വിജയവും. വ്യക്തി ഇല്ലെങ്കിൽ സമൂഹമില്ല എന്നത് പോലെയാണ്  മറിച്ചും .

സാമൂഹിക പ്രവർത്തനങ്ങളിലും ശബരി  സജീവമാണല്ലോ 

അതും ഒരു ഭാഗ്യമായി കരുതുന്നു. കേരളത്തിൽ പഠന കാലത്ത്  വിദ്യാർഥിപ്രസ്ഥാനങ്ങളിലും മംഗളം കലാ സാഹിത്യ വേദിയിലും  ഒക്കെ ഉണ്ടായിരുന്ന സജീവ പ്രവർത്തനങ്ങൾ അമേരിക്കയിൽ സാമൂഹിക പ്രവർത്തനത്തിൽ വഴികാട്ടിയായി. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫൊക്കാനയുമായി ചേർന്ന്  കഴിഞ്ഞ 10 വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്നു . ഇപ്പോൾ ഫൊക്കാന ന്യൂയോർക് റീജനൽ വൈസ് പ്രസിഡന്റ് ആണ്. പ്രളയ ദുരിതത്തിൽ പെട്ടവർക്കുള്ള ഫൊക്കാനയുടെ 100 ഭവനം പദ്ധതിയുൾപ്പടെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. പതിനഞ്ചു വർഷമായി ന്യൂയോർക്കിലെ കേരള കൾച്ചറൽ അസോസിയേഷന്റെ  സജീവ പ്രവർത്തകനാണ്  .

ഈ തിരക്കിലും കുടുംബം എങ്ങനെ സപ്പോർട്ടീവ് ആകുന്നു ?

 എന്റെ ചെറിയ കുടുംബം ആണ് എന്റെ ഏറ്റവും വലിയ കരുത്ത്.  ഭാര്യ ചിത്രയും  രണ്ടു കുഞ്ഞുങ്ങൾ വേദ, നേഹൽ എന്നിവരും  എല്ലാ പ്രവർത്തനങ്ങൾക്കും  ശക്തി പകർന്നു കൂടെയുണ്ട്. എന്റെ പല സംരംഭങ്ങളിലും ഇവർക്കു സജീവ പങ്കാളിത്തവും ഉണ്ട്. നമ്മളെ കൃത്യമായി മനസ്സിലാക്കുന്ന ഒരു പങ്കാളി കൂടെ  ഉണ്ടാവുക എന്നത് വലിയ ഭാഗ്യം തന്നെയാണ്.

എന്താണ് സ്വപ്നങ്ങൾ ....

മനസ്സിൽ ഒരുപാടു നല്ല കഥകളും സങ്കൽപങ്ങളും ഉണ്ട്. അവയ്‌ക്കൊക്കെ ഒരു തിരഭാഷ്യം ആണ് സ്വപ്നം. നല്ല ഒരു സിനിമ ചെയ്യണം . ഏറ്റവും വലിയ ജനകീയ കലയാണ് സിനിമ.  അതിൽ ഒരു തർക്കവുമില്ല. നാടക വേദിയിലും  ശക്തമായ പ്രമേയങ്ങളുമായി തിയേറ്റർ ജി മുന്നോട്ടു കൊണ്ടുപോകണം. നോർത്ത് അമേരിക്കയിലെ അഭിനയിക്കാൻ കഴിവുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു തിയേറ്റർ സംസ്കാരം രൂപപ്പെടണം. പലപ്പോഴും പ്രവാസ വേദികളിൽ കാണുന്നത് ഏച്ചു കെട്ടലുകൾ ആണ്. തീർച്ചയായും നല്ല സിനിമകൾക്കു വേണ്ടിയുള്ള ശ്രമം തുടരും. അതോടൊപ്പം സംഗീത രംഗത്ത് മുന്നോട്ടുള്ള യാത്രയിൽ വ്യത്യസ്തത  പുലർത്തണം 

*ഭാരതീയം -സംവിധാനം ശബരിനാഥ് . അവതരണം തിയേറ്റർ ജി ന്യൂയോർക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com