ADVERTISEMENT

‘‘മലയാളം രാധാകൃഷ്ണനോട് സീമയില്ലാതെ കടപ്പെട്ടിരിക്കയാണ്.’’ 

‘തീക്കടൽ കടഞ്ഞ് തിരുമധുരം’ എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കവേ എം.കെ.ഹരികുമാർ പറഞ്ഞ ഈ വാക്യം എത്ര അർഥവത്താണെന്ന് മനസ്സിലാകുന്നത് സി. രാധാകൃഷ്ണൻ എന്ന പ്രതിഭയുടെ ജീവിതത്തെ അടുത്തറിയുമ്പോണ്. മൂർത്തീദേവി പുരസ്കാരം, കേന്ദ്ര – കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, വയലാർ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം എന്നിങ്ങനെ നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ലാളിത്യം കൈവിടാത്ത സപര്യയാണത്. കേരളത്തിലെ പല പത്രങ്ങളുടെയും മാസികകളുടെയും ലേഖകനും പത്രാധിപരുമായി പ്രവർത്തിച്ച അദ്ദേഹം, ബാല്യം മുതൽക്കെ ശാസ്ത്രകുതുകിയായിരുന്നു. അദ്ദേഹത്തിന്റെ, ഗ്രാമവും മഹാനഗരവും മാറി മാറി വിളങ്ങുന്ന രചനകൾ ഉൾക്കാഴ്ചകളുടെ വിളനിലമാണെന്ന് ഒരിക്കലെങ്കിലും സി. രാധാകൃഷ്ണനെ വായിച്ചവർക്ക് മനസ്സിലാകും. തീക്കടൽ കടഞ്ഞ് തിരുമധുരം, അഗ്നി, പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ, സ്പന്ദമാപിനികളേ നന്ദി തുടങ്ങിയ കൃതികൾ മലയാള സാഹിത്യത്തിലെ മായാമുദ്രകളാണ്. മലയാളിയുടെ വായനയ്ക്കു നിറവ് നൽകിയ എഴുത്തുകാരൻ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു. 

ചമ്രവട്ടം എന്ന നാട് എഴുത്തിനെയും ജീവിതത്തിനെയും എങ്ങനെയാണ് സ്വാധീനിച്ചത്?

ഓരോരുത്തർക്കും അവരുടെ കുട്ടിക്കാലത്തെ സംഭവങ്ങളോടോ പരിസ്ഥിതിയോടോ ആണല്ലോ കൂടുതൽ താൽപര്യം. അതിനാണല്ലോ നമ്മൾ ഗൃഹാതുരത്വം എന്നൊക്കെ പറയുന്നത്. ഞാൻ ജനിച്ചു വളർന്ന കാലത്ത് ചമ്രവട്ടം വളരെ ശാന്തവും സുശീലവുമായ ഒരു ഗ്രാമമായിരുന്നു. ഇവിടെ കൃഷിയും കുറച്ച് കന്നുകാലി വളർത്തലും അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ശബ്ദവും ബഹളവും ഉണ്ടായിരുന്നില്ല. പുഴയുടെ ഒരു ശാലീനത വളരെ സൂക്ഷ്മമായി അനുഭവിക്കാൻ‌ കഴിയുമായിരുന്നു. 

സി. രാധാകൃഷ്ണൻ
സി. രാധാകൃഷ്ണൻ

പക്ഷേ ഇപ്പോൾ ഈ പാലം വന്നതോടുകൂടി എല്ലാം അതിവേഗം നഗരവൽകരിക്കപ്പെട്ടു, ഒരു സെമി അർബനൈസ്ഡ് ഏരിയയായി. ഗ്രാമത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല നഗരത്തിന്റെ സുഖസൗകര്യങ്ങള്‍ ഒന്നും എത്തിയിട്ടുമില്ല. ഉദാഹരണത്തിന് ഇവിടെ വാട്ടർ സപ്ലൈയില്ല, ശൗചാലയങ്ങളില്ല, പബ്ലിക് ഹാളില്ല, മീറ്റിങ് പോയിന്റ്സില്ല, റോഡിന് വീതിയില്ല... അങ്ങനെ ഒരുപാട് ഇല്ലായ്മകളുടെ നിര വന്നുപെട്ടു. കൂട്ടത്തിൽ പരിസ്ഥിതി മലിനീകരണം എന്നു പറയുന്നത് പാരമ്യത്തിലെത്തി. പക്ഷേ ഇപ്പോള്‍ ജനിച്ചു വീഴുന്ന കുട്ടികൾക്ക് അത് ബോധ്യമാവില്ല, നഷ്ടബോധം എന്നു പറയുന്നത് പഴയ തലമുറയുടെ മാത്രം കാര്യമാണ്. എഴുത്തിനെ അത് എങ്ങനെ ബാധിക്കുന്നു എന്ന് ചോദിച്ചാൽ, നമ്മുടെ മാനസികമായ സ്വാസ്ഥ്യത്തെ ഒരു കാര്യം ബാധിക്കുമ്പോൾ എഴുത്തിനു വേണ്ടി ചെലവാകുന്ന ഊർജത്തിന്റെ ആധിക്യത്തിലാകും. നമ്മൾ ഈ ശബ്ദങ്ങളെ അതിജീവിച്ചുവേണം ശ്രദ്ധ കേന്ദ്രീകരിക്കാൻ. അങ്ങനെ ഒരു ബുദ്ധിമുട്ടുണ്ട്, വേറൊരു തരത്തിൽ അത് എഴുത്തിനെ ബാധിച്ചിട്ടില്ല. 

അന്നത്തെക്കാലത്തൊക്കെ അപ്ലൈഡ് ഫിസിക്സ് എന്ന പഠനശാഖ വളരെ കുറച്ചാളുകള്‍ മാത്രം തേടിപ്പോകുന്ന ഒന്നാണ്. എങ്ങനെയാണ് ആ ശാസ്ത്ര പശ്ചാത്തലത്തിൽ താൽപര്യം തോന്നിയത്?

എന്റെ കുട്ടിക്കാലത്ത് വിദ്യാഭ്യാസം ഏറെ ഓപ്ഷൻസ് ഒന്നും ഇല്ലാത്ത ഒരു കാര്യമായിരുന്നു. കൂടുതൽ വിഷമമുള്ള വിഷയങ്ങൾ മാത്തമാറ്റിക്സും ഫിസിക്സും ഒക്കെ ആണെന്നായിരുന്നു അന്നത്തെ ധാരണ. ഈ കൊച്ച് പഠിക്കുന്ന ആളാണ് എന്ന ബോധ്യം മാഷുമാർക്ക് ഉണ്ടായി വരുമ്പോൾ, കുട്ടിയെ പിന്നെ എന്താ പഠിപ്പിക്കേണ്ടേ എന്ന സംശയം ഇല്ലാതാകും. മാർക്കുണ്ടെങ്കിൽ എന്താ ചെയ്യണ്ടേന്നു ചോദിച്ചാൽ കോളജിൽ ചേർക്കണ്ടത് ഫസ്റ്റ് ഗ്രൂപ്പിനാണ്. പ്രീഡിഗ്രിക്ക് ഗോൾഡ് മെഡലൊക്ക കിട്ടിയപ്പോൾ പിന്നെ സംശയം ഇല്ലല്ലോ. ഒന്നുകിൽ എൻജിനീയറിങ് പോകണം അല്ലെങ്കിൽ ഫിസിക്സിൽ ഡിഗ്രിക്ക് പറഞ്ഞയയ്ക്കണം. എന്‍ജിനീയറിങ്ങിന് പോകാൻ അന്ന് കോളജൊന്നും ഇല്ല കാര്യമായിട്ട്. പാലക്കാടും പീരുമേടുമേയുള്ളൂ എൻജിനീയറിങ് കോളജ്. അപ്പോൾ പിന്നെ സ്വാഭാവികമായും ഫിസിക്സിന്റെ ഡിഗ്രിക്ക് പോയി. 

അതും ഒരു കഥയാണ്. ഡിഗ്രിക്ക് പോയത് ഫിസിക്സിനല്ല, മാത്തമാറ്റിക്സിനാണ്. അക്കൊല്ലം ഗുരുവായൂരപ്പൻ കോളജിൽ മാത്തമാറ്റിക്സ് ബാച്ചിൽ ആകെ എട്ടു പേരെ ജോയിൻ ചെയ്തുള്ളൂ. അപ്പോൾ പ്രിൻസിപ്പൽ പറ‍ഞ്ഞു, ഒന്നുകിൽ ഫിസിക്സിലേക്കു മാറാം അല്ലെങ്കില്‍ വേറെ ഏതെങ്കിലും കോളജില്‍ പോയി ചേരാം. ഒരു സ്കോളർഷിപ്പൊക്കെ കിട്ടിയിരുന്നതു കൊണ്ടും അവിടെ ഒരു ബന്ധു ഉണ്ടായിരുന്നതുകൊണ്ടും വേറെ കോളജിൽ പോയി ചേരാൻ ബുദ്ധിമുട്ടാണ്. അന്ന് കോഴിക്കോട്ടെ വേറെ കോളജിലൊന്നും മാത്തമാറ്റിക്സ് ഐച്ഛികമായിട്ട് ഡിഗ്രിയില്ല. പാലക്കാട്ടേക്ക് പോണം. അതോടെ ഫിസിക്സിന് ചേർന്ന് അവിടുത്തെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പാസായി. അന്ന് ഫിസിക്സിന് എംഎസ്‌സി വളരെ അപൂർവമായിട്ടേ ഉള്ളൂ. പക്ഷേ ആ കൊല്ലം ട്രിവാൻഡ്രം യൂണിവേഴ്സിറ്റി കോളജിലും പാലക്കാട് വിക്ടോറിയ കോളജിലും അപ്ലൈഡ് ഫിസിക്സിന് ഒരു കോഴ്സ് തുടങ്ങി. ആകെ ആറ് സീറ്റേ ഉണ്ടായിരുന്നുള്ളു. അങ്ങനെയാണ് അവിടെ പോയി ചേരാനിടയായത്. ഇത് ഒരു ചോയ്സ് കൊണ്ടാണോ അതോ നാച്ചുറൽ ആയിട്ടുള്ള ഡവലപ്മെന്റ് കൊണ്ടാണോ എന്നു ചോദിച്ചാൽ ഒരു ചോയ്സ് കൊണ്ടാണെന്ന് എനിക്ക് പറയാൻ പറ്റില്ല. എന്റെ ഇഷ്ടത്തിന് തിരഞ്ഞെടുത്തു എന്നു പറയാനൊന്നും പറ്റില്ല. പക്ഷേ കിട്ടിയ വിഷയം പഠിച്ചു, എനിക്ക് ഇഷ്ടമായിരുന്നു എന്ന് പറയാനേ ഇപ്പോൾ പറ്റുള്ളൂ. 

C-Radhakrishnan-books-p-JPG

അതേപോലെ തന്നെയായിരുന്നല്ലോ ജോലിയും. ആസ്ട്രോഫിസിക്കൽ ഒബ്സർവേറ്ററി എന്നൊക്കെ പറയുമ്പോൾ നമ്മുടെ നാട്ടിൽ ഒരാൾ ചിലപ്പോൾ സന്ദർശിച്ചിട്ടുപോലുമില്ലാത്ത ഇടമാവാം. എങ്ങനെയുണ്ടായിരുന്നു ആ അനുഭവം?

ശാസ്ത്രമാണ് എന്റെ ജീവിതത്തെ നയിച്ചിട്ടുള്ള ഏറ്റവും വലിയ ശക്തി എന്ന കാര്യത്തിൽ തർക്കമൊന്നും എനിക്കില്ല. ഒരുപാട് ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ ഉള്ള ഒരു സമൂഹത്തിൽ, ഒരുപാട് അന്ധവിശ്വാസങ്ങളുള്ള ഒരു കാലത്ത് ജീവിച്ച എനിക്ക് കൊച്ചുന്നാളിലേ ശാസ്ത്രം പഠിക്കാൻ തുടങ്ങിയതോടെ ഇതൊക്കെ അടിസ്ഥാനരഹിതമാണെന്ന് ബോധ്യമായി. മാത്രമല്ല ഒരു പതിനാറ് വയസ്സായപ്പോഴേക്കും എനിക്ക് മനസ്സിലായത് ഈ മതങ്ങൾ എന്നു പറയുന്നത് അവസാനവാക്കാണ്, അതിൽനിന്ന് കരകയറാൻ ഒരു മാർഗവുമില്ല. ഒന്നുകിൽ അനുസരിക്കുക അല്ലെങ്കിൽ അതിനു പുറത്തു പോകുക. പക്ഷേ ശാസ്ത്രം അങ്ങനെയല്ല. ശാസ്ത്രത്തിൽ നമുക്ക് ഒരു തിരുത്തലിന് എപ്പോഴും വകയുണ്ട്. ഗലീലിയോയെ തിരുത്തി ന്യൂട്ടൺ വരും, ന്യൂട്ടണെ തിരുത്തി ഐൻസ്റ്റീൻ വരും, ഐൻസ്റ്റീനെ തിരുത്തി ഇനി ആരെങ്കിലും വരും. അവസാന വാക്ക് ശാസ്ത്രം പറയുന്നില്ല. അതുകൊണ്ടാണ് ശാസ്ത്രത്തിനെ മുറുകെ പിടിക്കാനും പ്രചരിപ്പിക്കാനും എനിക്കു തോന്നിയത്. ശാസ്ത്രത്തിന്റെ ഭൂമികയിൽ നമ്മുടെ ജീവിതത്തെ മാറ്റി മറിക്കാൻ ഇന്ത്യക്കാർക്ക് അവസരം ഉണ്ടാകണം എന്ന ആഗ്രഹം ശക്തമായത്. 

കൊടൈക്കനാലിലെ ജോലി ഞാൻ അപേക്ഷിച്ചു കിട്ടിയതല്ല. അന്ന് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ബ്യൂറോ എന്നൊരു സംഗതി ഉണ്ടായിരുന്നു. സർക്കാരിന് ആവശ്യമുള്ള ആളുകളെ സയൻസിൽ, പ്രത്യേകിച്ചും സർവകലാശാലകൾ നൽകുന്ന ലിസ്റ്റുകളിൽനിന്ന് അഭിമുഖത്തിനു വിളിക്കുകയാണ് ചെയ്യുക. അപേക്ഷ അയയ്ക്കേണ്ട കാര്യമില്ല. അങ്ങനെ വിളിക്കപ്പെട്ട് കിട്ടിയൊരു ജോലിയായിരുന്നു അത്. അവിടെ സ്റ്റെല്ലാര്‍ ഒബ്സർവേഷനും സോളർ ഒബ്സർവേഷനുമായിരുന്നു. വലിയൊരു ലൈബ്രറിയുണ്ടായിരുന്നു അവിടെ. അതായിരുന്നു ഏറ്റവും വലിയ പ്രയോജനം. ശാസ്ത്രത്തിലെ എല്ലാ തുറകളിലെയും അതുവരെയുള്ള അടിസ്ഥാനഗ്രന്ഥങ്ങളും ജേണലുകളും അവിടെയുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് അതൊരു സ്വർണഖനിയായി മാറി. 

ശാസ്ത്രത്തിലേക്കുള്ള കടന്നുവരവ് അവസാനമായി ഇറങ്ങിയ ഡിജിറ്റാലിങ്ക് ഉൾപ്പെടെയുള്ള കൃതികളിലുമുണ്ട്. മനുഷ്യന്റെ മനസ്സിലേക്ക് അല്ലെങ്കിൽ മസ്തിഷ്കത്തിലേക്ക് കടക്കാൻ മാത്രം വളർന്ന ശാസ്ത്രത്തെക്കുറിച്ചാണല്ലോ ഡിജിറ്റാലിങ്കിൽ കാണുന്നത്?

മനുഷ്യൻ ആർജ്ജിച്ച എല്ലാ പ്രത്യയശാസ്ത്രങ്ങളും ദർശനങ്ങളും മതങ്ങളുമൊക്കെ ഉണ്ടായിരുന്നിട്ടു കൂടിയും നമുക്ക് ഇരുണ്ട യുഗങ്ങളിൽ കഴിയേണ്ടിവന്നു. അവിടുന്ന് ശാസ്ത്രം വളരാൻ തുടങ്ങിയപ്പോഴാണ് ലോകമാകെ മാറിമറിഞ്ഞത്. വായുശക്തി വിൻഡ് മില്ലുകളായാലും പായ്ക്കപ്പലുകളായാലും മാറി, പിന്നീട് ആവിയന്ത്രവും ന്യൂക്ലിയർ ഫിഷനും വന്നപ്പോൾ ലോകം അടിമുടി മാറ്റത്തിലേക്ക് പോയി. ഇനിയിപ്പോൾ ഇതാ ഫ്യൂഷൻ എനർജി വരാൻ പോകുകയാണ്. അതിനൊപ്പം തന്നെ വരുന്നതാണ് ചെറുതിനെക്കുറിച്ചുള്ള പഠനം. ക്വാണ്ടം ലെവലിൽ നിന്നുകൊണ്ട് എല്ലാ കാര്യങ്ങളേയും വിപുലീകരിക്കാനും വിപ്ലവാത്മകമായി പരിഷ്കരിക്കാനും കഴിയും. അപ്പോൾ നമുക്ക് മുൻപൊരിക്കലും എത്തിപ്പെട്ടിട്ടില്ലാത്ത തലങ്ങളിലേക്ക് പോകാന്‍ സാധിക്കും. 

സി. രാധാകൃഷ്ണൻ
സി. രാധാകൃഷ്ണൻ

ഉദാഹരണത്തിന്, മസ്തിഷ്കത്തിലേക്ക് നമ്മൾ കടന്നു ചെല്ലുകയാണ്. ഒരാളുടെ മസ്തിഷ്കത്തിലെ ഒരു ബിന്ദുവിന് എന്തെങ്കിലും ഒരു കുഴപ്പം വരുന്നതു മൂലമുണ്ടാവുന്ന ഓർമത്തെറ്റ്, ബോധമില്ലായ്മ, അനങ്ങാൻ വയ്യായ്ക തുടങ്ങി കാര്യങ്ങള്‍ക്കൊക്കെ കാരണം മൊട്ടുസൂചിയുടെ തലയോളം മാത്രം വലുപ്പമുള്ള പ്രശ്നമാകാം. അത് റീപ്ലേസ് ചെയ്യുന്നതുകൊണ്ട് നമുക്ക് ജീവിതം വീണ്ടെടുക്കാൻ കഴിയും എന്നതാണ് ഇപ്പോഴത്തെ കണ്ടുപിടുത്തം. എന്റെ കുട്ടിക്കാലത്ത് ശരാശരി കേരളത്തിലെ മനുഷ്യായുസ്സ് 27 ആയിരുന്നു. പറഞ്ഞാൽ വിശ്വസിക്കുമോ? അത്രയേറെ ശിശുമരണങ്ങളും അകാലമരങ്ങളും സംഭവിച്ചുകൊണ്ടിരുന്നതാണ്. ഇപ്പോൾ അത് 76, 77 ഒക്കെ ആയിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണം ശാസ്ത്രമാണ് എന്നതിൽ സംശയമില്ല. അപകടങ്ങൾ ഉണ്ടാകാത്തവിധം ഉപയോഗിക്കുന്ന ശാസ്ത്രത്തിൽ അടിയുറച്ചുനിന്ന് വിശ്വസിക്കുന്ന മനുഷ്യവംശം ഉണ്ടാകമെന്നാണ് എന്റെ കാഴ്ചപ്പാട്. 

സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സിക്കാന്‍ കഴിയാത്തതോ സമ്പത്തുണ്ടെങ്കില്‍ പോലും രക്ഷപ്പെടില്ലാത്തതോ ആയ രോഗങ്ങൾ ബാധിച്ച ഒരുപാട് പേർ ലോകത്തിലുണ്ട്. എങ്ങനെയായിരിക്കും മനുഷ്യജീവനെ ടെക്നോളജി തിരിച്ചുപിടിക്കാൻ പോകുന്നത്?

പ്രവന്റീവ് ടെക്നോളജി എന്നൊരു വിഭാഗമുണ്ട്. അതായത്, ജീനിലെ മാറ്റങ്ങൾ കൊണ്ട് മനുഷ്യനിലെ ഭൗതികാവസ്ഥ മാറ്റിത്തീർക്കാം. ജനിക്കാൻ പോകുന്ന കുട്ടിക്ക് ഉണ്ടാകാവുന്ന രോഗങ്ങള്‍ കൺസെക്‌ഷൻ അവസ്ഥയിൽത്തന്നെ കണ്ടുപിടിച്ച് അതിന് ആവശ്യമുള്ള ജീൻ കറക്‌ഷൻ നൽകാൻ കഴിയും. പക്ഷേ ഈ ജീൻ ഓപ്പറേഷനിലൂടെ മനുഷ്യവംശത്തിന്റെ രോഗാവസ്ഥ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഫലത്തിൽ വരാന്‍ രണ്ടോ മൂന്നോ തലമുറ വേണ്ടി വരും. അപ്പോൾ, ഇപ്പോഴുള്ള ആളുകളെ എങ്ങനെയാണു നമ്മൾ സംരക്ഷിക്കുക എന്ന ചോദ്യമുയരുന്നുണ്ട്. 

C-Radhakrishnan-book-JPG

ഓർമകളുടെയും ചിന്തകളുടെയും കവാടമാണ് നമ്മുടെ തലച്ചോറ്. ബാറ്ററി റീച്ചാർജിൽ പ്രവർത്തിക്കുന്ന ഒരു ഇംപ്ലാന്റായി മാറ്റുന്നതിനെക്കുറിച്ചാണ് ഇലോൺ മസ്ക്കിന്റെ ന്യൂറാലിങ്ക് പോലെയുള്ള കമ്പനികൾ പറയുന്നത്. ഇംപ്ലാന്റുകളായി മാറിയ ഒരാളുടെ ചിന്തകളും എഴുത്തും സാധാരണ മനുഷ്യനിൽനിന്ന് വ്യത്യസ്തമായിരിക്കുമോ? 

ലോകത്ത് മാറ്റങ്ങൾ വരുന്നത് വളരെ വേഗത്തിലാണ്. നമ്മള്‍ 10 കൊല്ലം കൊണ്ട് സംഭവിക്കും എന്ന് വിചാരിക്കുന്നത് സംഭവിക്കുന്നത് 2 കൊല്ലം കൊണ്ടായിരിക്കും. കുറച്ചു കാലമേ ആയിട്ടുള്ളൂ സെൽഫോണും കംപ്യൂട്ടറുമൊക്കെ വന്നിട്ട്. ഞാന്‍ പാലക്കാട് പഠിക്കുമ്പോൾ ഞങ്ങൾക്കൊരു കാൽക്കുലേറ്റിങ് മെഷീനുണ്ടായിരുന്നു. അന്നതിന്റെ പേര് കംപ്യൂട്ടർ എന്നു പോലും ആയിരുന്നില്ല. ഒരു മുറി നിറയെ ആയിരുന്നു ആ കംപ്യൂട്ടിങ് മെഷീനിന്റെ വാൽവുകൾ, ട്യൂബുകൾ, സർക്കീറ്റുകള്‍ കൂടി ചേർന്നുള്ള മേഖല. നാലും നാലും എത്ര എന്നൊരു ചോദ്യം ആ മെഷീനോടു ചോദിച്ച് കന്റീനില്‍ പോയി കാപ്പി കുടിച്ചു വരുമ്പോഴും 8 എന്ന ഉത്തരം പഞ്ച് ചെയ്തിട്ടുണ്ടാവില്ല. അതായിരുന്നു അന്നത്തെ കംപ്യൂട്ടിങ് എന്നു പറയുന്നതിന്റെ അവസ്ഥ. 1960 ലെ കാര്യമാണിത്. ഞാൻ ആദ്യം കാണുന്ന, ഉപയോഗിക്കുന്ന കംപ്യൂട്ടറിന്റെ ശേഷി 4 എംബി ആയിരുന്നു. ഹാർഡ് ഡിസ്ക് പ്രവർത്തിക്കുന്നത് അടുത്തവീട്ടിൽ ഇരുന്നാൽ കേൾക്കാവുന്ന തരത്തിൽ ഉച്ചത്തിലും. ഒരു കാര്യം സേവ് ചെയ്യണമെങ്കിൽ 10 മിനിറ്റ് ഒക്കെ വേണം. കറന്റ് പോയാൻ എല്ലാം കൂടി അങ്ങ് പോകും. ഇവിടുന്നു നാം ഇത്രവേഗം ഇങ്ങനെയൊക്കെ ആയില്ലേ. 

ഒരു 30, 40 കൊല്ലംകൊണ്ട് ലോകത്തെ മാറ്റങ്ങൾ വലുതായിരിക്കും. പക്ഷേ ആ സമയം കൊണ്ട് ഭൂമി ജീവിക്കാൻ വയ്യാത്ത അവസ്ഥയിലേക്ക് മോശമായി പോകുമോ എന്നതാണ് ഭയം. പിന്നെ, ശാസ്ത്രം എത്ര പുരോഗമിച്ചാലും ചില പരിമിതികളുണ്ട് എന്ന കാര്യം മറക്കാൻ പാടില്ല. നമുക്ക് ഇന്ദ്രിയങ്ങളുണ്ട്, മനസ്സുണ്ട്, ബുദ്ധിയുണ്ട്, പ്രതിഭ എന്നു പറയുന്ന ഒരു വികാരമുണ്ട്. ഒരു കൊതുകിൽ എത്ര അമിനോ ആസിഡുണ്ട്, പ്രോട്ടീനുണ്ട്, വെള്ളമുണ്ട്, മോളിക്യൂൾസുണ്ട് എന്ന് നമുക്കറിയാം. പക്ഷേ ഈ വെള്ളവും മോളിക്യൂൾസും അമിനോ ആസിഡും അതേ അളവിൽ നമുക്കു തന്നാല്‍ സയൻസിന് ഇപ്പോഴും ഒരു കൊതുകിനെ ഉണ്ടാക്കാൻ കഴിയില്ല. അതിന്റെ കാരണം, എല്ലാമുണ്ടായാലും അതിന് ജീവൻ എന്ന ഒരു ഇൻസ്റ്റിന്റ് ഉണ്ട്, ആ ഇൻസ്റ്റിന്റ് നമുക്ക് ഇപ്പോഴും ഉൽപാദിപ്പിക്കാൻ പറ്റുന്നില്ല. അതേ പോലെയാണ് ക്രിയാത്മകതയും. മനുഷ്യന്റെ ഇമോഷൻസ് എല്ലാവരിലും ഒരുപോലെയല്ലല്ലോ. എത്ര ശാസ്ത്രവളർച്ച വന്നാലും യഥാർഥ നിയന്ത്രണം മനുഷ്യന്റെ പക്കൽ തന്നെയാകും.  

digitalink-big

ശാസ്ത്രം നമ്മുടെ ജീവിതത്തെ ഭയങ്കരമായി സ്വാധീനിക്കുകയും നാശത്തിലേക്ക് എത്തിക്കുകയും ചെയ്തേക്കാമെന്നാണ് സിനിമയിലും സാഹിത്യത്തിലുമൊക്കെ പൊതുവേ ചിത്രീകരിക്കപ്പെടുന്നത്. പക്ഷേ ഡിജിറ്റാലിങ്ക് എന്ന പുസ്തകത്തിൽ തികച്ചും വ്യത്യസ്തമായ ഒരു നിലപാടാണ് താങ്കളുടേത്. നല്ലത് ചെയ്യാനാണ് മനുഷ്യന്റെ ചോദന എന്ന, വളരെ പോസിറ്റീവ് ആയ ചിന്തയിൽ എത്തിച്ചേർന്നതെങ്ങനെ?

ശാസ്ത്രത്തിനെക്കുറിച്ച് പണ്ടേയുള്ള പരാതിയാണത്. ലോകത്ത് കണ്ടുപിടിച്ച കാര്യങ്ങൾ, കരിമരുന്നായാലും ഡൈനാമൈറ്റായാലും അണുശക്തിയായാലും ഏറ്റവും ആദ്യം ഉപയോഗിക്കപ്പെടുന്നത് മനുഷ്യന്റെ നാശത്തിനാണ്. സയൻസ് മൈനസ് മൊറാലിറ്റി എത്തിക്സ് ഈസ് ഡാമേജിങ്. അത് നമ്മളൊരിക്കലും മറക്കാന്‍ പാടില്ലാത്ത പാഠമാണ്. സമൂഹത്തിന്റെ ഭാവിയെക്കുറിച്ചും അസ്തിത്വത്തെക്കുറിച്ചുമുള്ള ചിന്ത ഉണ്ടായേ മതിയാകൂ. ആഗോളതാപനത്തെക്കുറിച്ചും മലിനീകരണത്തെക്കുറിച്ചും ബോധ്യമുണ്ടായിട്ടും സയൻസിന്റെ ഉപയോഗം എന്തിനു വേണ്ടിയാകണം എന്ന കാര്യത്തെക്കുറിച്ച് ആഗോളതലത്തിൽ ഒരു ധാരണ ഉണ്ടാകണം. ഇത്രയൊക്കെ അറിവുള്ള നാം എന്തുകൊണ്ട് ശാസ്ത്രം ശരിയായി പ്രയോഗിക്കുന്നില്ലയെന്നതാണ് എന്നെ വല്ലാതെ അലട്ടുന്ന ഒരു കാര്യം. സയൻസിനെയും ടെക്നോളജിയെയും എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ ശരിയായ അവബോധമില്ലെങ്കിൽ സയൻസ് മഹാശാപമായിത്തീരും. 

നമുക്കുള്ള എല്ലാ അറിവും വച്ചിട്ട് നമ്മൾ സ്വയം മാറി സമൂഹത്തെ നയിച്ചില്ലെങ്കിൽ ആർക്കും ഒരു പ്രയോജനവും ഉണ്ടാകാത്ത അവസ്ഥ വരും. അതിനുവേണ്ടി വാദിക്കാൻ എന്റെ പുസ്തകങ്ങളിൽ ഞാൻ ശ്രമിക്കാറുണ്ട്. എന്നാൽ കഴിയുന്ന സഹായം ചെയ്യണം എന്ന ഒരു സേവനബോധവും എന്റെ മനസ്സിലുണ്ട്. എന്റെ എഴുത്തിനെ നയിക്കുന്ന ഒരു ചോദന അതാണ്. ഇത്രയും കോടി കൊല്ലങ്ങളായി നമ്മൾ പരിണമിച്ച് ഈ അവസ്ഥയിലെത്തിയത് ഒരു ചീത്ത പ്രഭാതത്തിൽ എല്ലാം കൂടി നശിച്ചുപോകാനായിരിക്കില്ല എന്ന ഉത്തമവിശ്വാസമാണ്. മനുഷ്യനെന്തായാലും കര കയറും എന്നു തന്നെയാണ് എന്റെ ശുഭാപ്തി വിശ്വാസം. തീർച്ചയായിട്ടും അത് സംഭവിക്കട്ടെ എന്നു തന്നെയാണ് പ്രാർഥനയും.

English Summary:

From Astrophysics to Malayalam Classics: Exploring C Radhakrishnan's Journey to Literary Stature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com