ADVERTISEMENT

മലയാള സാഹിത്യ ചരിത്രത്തിൽ സ്വന്തം ഇടം അടയാളപ്പെടുത്തി കടന്നുപോയ എം.കെ. മാധവൻനായരുടെ ഓർമക്കുറിപ്പുകൾ 'എഴുത്തും പ്രസാധനവും: ചില ഓർമകൾ' അവസാനഭാഗം.

ലിറ്റിൽ പ്രിൻസ് എന്ന പ്രസാധനസ്‌ഥാപനം നടത്തിയിരുന്ന എം. ശ്രീകുമാർ സംഘത്തിനെതിരെ ആഞ്ഞടിച്ച് ഒരിക്കൽ ലേഖനമെഴുതിയിരുന്നു. അന്ന് എസ്. ഗുപ്‌തൻനായർ സാറാണ് സംഘം പ്രസിഡന്റ്. ഞാൻ സെക്രട്ടറിയും. ഗുപ്‌തൻനായർ സാർ സംഘത്തെ ആത്മാർഥമായി സ്‌നേഹിച്ചിരുന്നയാളാണ്. അതുകൊണ്ടുതന്നെ സംഘത്തെ വിമർശിക്കുന്നതു കയ്യുംകെട്ടി കണ്ടുനിൽക്കില്ല. ശ്രീകുമാറിന്റെ വിമർശനത്തിനുള്ള സാറിന്റെ വിശദമായ മറുപടി തൊട്ടടുത്ത എൻബിഎസ് ബുള്ളറ്റിനിൽ പ്രത്യക്ഷപ്പെട്ടു. 'മൂന്നേമുക്കാൽ പുസ്‌തകം പ്രസിദ്ധീകരിച്ച ഒരു കൊച്ചുപ്രസാധകസംഘത്തിന്റെ സംഘവിരുദ്ധ വിമർശത്തിനുള്ള സാഹസത്തെ ഗുപ്‌തൻനായർ സാർ പരിഹസിച്ചു തള്ളി. അവനവന്റെ മുഖത്തു നാലു മീശ കിളിച്ചിട്ടു പോരേ വാപ്പയുടെ താടിക്കു പിടിക്കുന്നതെന്നു ചോദിച്ച് സാർ എഴുതിയത് ഓർക്കുന്നു. 

സംഘത്തിന്റെ അലമാരയിൽ ചില അസ്‌ഥികൂടങ്ങൾ ഉണ്ടെന്നു കണ്ടെത്തിയ വിമർശകർക്ക് ചുട്ട മറുപടിയായിരുന്നു സാറിന്റേത്. അലമാര തുറന്നു നോക്കിയെന്നും അതിൽ ഒരു എല്ലിൻകഷണംപോലും ഉണ്ടായിരുന്നില്ലെന്നും പക്ഷേ, സ്വന്തം എലിമ്പും അസ്‌ഥികൂടവും സംഘത്തിനുവേണ്ടി ഉരുക്കിക്കളഞ്ഞ ഒരു വലിയ മനുഷ്യന്റെ ആത്മാവ് അതിലുണ്ടായിരുന്നെന്നും ഗുപ്‌തൻനായർ സാർ വികാരപാരവശ്യത്തോടെ എഴുതി. കാരൂരിന്റെ ത്യാഗങ്ങളെക്കുറിച്ചു പറഞ്ഞത് പരിപൂർണമായും ശരിയാണെങ്കിലും സംഘം അലമാരയിൽ അസ്‌ഥികൂടങ്ങളുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം. ആ അലമാരയിൽ എല്ലിൻകഷണങ്ങളും അസ്‌ഥികൂടങ്ങളും മാത്രമേ ഉള്ളൂ എന്നു പറഞ്ഞാലും തെറ്റില്ല. ചതിയുടെയും വഞ്ചനയുടെയും സ്വാർഥതയുടെയും എത്രയെത്ര കഥകളാണ് സംഘചരിത്രത്തിലുള്ളത്. 

1965 ഒക്‌ടോബറിൽ നടന്ന സംഘം തിരഞ്ഞെടുപ്പിൽ സി.കെ. മാണിയെ ചതിച്ചുതോൽപ്പിച്ചത് ചിലരുടെ താൽപര്യമായിരുന്നു. അതും, ജാതിക്കാർഡുപയോഗിച്ചുള്ള വിലകെട്ട കളിയിലൂടെ. നുണയും പരദൂഷണവും പറഞ്ഞുകൊടുത്ത് അവർ കേശവദേവിനെ വശത്താക്കി. മാണി സ്‌ഥാനാർഥിയായി നിന്നു ജയിച്ചാൽ കോട്ടയത്തെ ക്രിസ്‌ത്യാനികൾ സംഘത്തിൽ മേൽക്കോയ്‌മ സ്‌ഥാപിക്കുമെന്നൊരു രഹസ്യപ്രചാരണം എഴുത്തുകാർക്കിടയിൽ അഴിച്ചുവിടുന്നതിൽ ഇവർ വിജയിച്ചു. ആ ചൂണ്ടയിൽ ഒരുപാടു പേർ കൊത്തുകയും ചെയ്‌തു. ഒടുവിൽ, മാണി പിന്മാറി; തിരഞ്ഞെടുപ്പിൽ ദേവിനു വിജയം. 

ഡീസിയെ സസ്പെൻഡ് ചെയ്തതോടുകൂടി സംഘത്തിലെ അന്തരീക്ഷം മാറി. ഡീസിയും കാരൂരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും സംഘത്തിനു ദോഷം വരുന്നതൊന്നും അവർ ചെയ്തില്ല. എല്ലാം കയ്യിലൊതുങ്ങും എന്ന വിശ്വാസത്തിൽ ചെലവു ചുരുക്കുന്ന രീതിയായിരുന്നു കാരൂരിന്റേത്. ഡീസിയാണെങ്കിൽ എവിടെനിന്നും പണം കണ്ടെത്തിക്കൊണ്ടുവരുമായിരുന്നു. അന്നൊക്കെ സംഘം വലിയൊരു പ്രതീക്ഷയായിരുന്നു. ആത്മബന്ധമുള്ളവർ പിന്മാറിയപ്പോൾ കാര്യങ്ങൾ കുഴപ്പത്തിലായി. 

ആ കലുഷകാലത്ത് ഒരിക്കൽ കുഞ്ഞിരാമൻനായരും ഒപ്പം മറ്റൊരാളും എസ്പിസിഎസ് ഓഫിസിൽ ഇരിക്കുന്നു. കവിയുടെ ഒപ്പമുള്ളയാൾ എന്നോടു കുശലം പറഞ്ഞു. ‘നിങ്ങൾക്കു പിന്നിതിലൊന്നും കാര്യമില്ലല്ലോ?’ അപ്പോൾ കവി പറഞ്ഞു: ‘എന്നു പറഞ്ഞിട്ടു കാര്യമുണ്ടോ? അങ്ങേരും ഈ തീപിടിച്ച വീട്ടിലല്ലേ കഴിയുന്നത്?’

സംഘത്തിൽ പല കാര്യങ്ങളിലും വിചാരിച്ചതിൽ നിന്നു ഭിന്നമായ അനുഭവങ്ങളാണുണ്ടായത്. വ്യവസായം വശമില്ലാത്ത എഴുത്തുകാർ അനാവശ്യകാര്യങ്ങളിൽ തർക്കിച്ചുകൊണ്ടിരുന്നു. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു. പുസ്തകത്തിന്റെ കോപ്പികൾ കൂടുതലായി അച്ചടിക്കുന്നു എന്നതായിരുന്നു ഒന്ന്. സംഘത്തിൽ അതിനുള്ള സാഹചര്യം ഇല്ല. എല്ലാ ജീവനക്കാരുടെയും അറിവില്ലാതെ അവിടെ അച്ചടി നടക്കില്ല. അടക്കി ഭരിക്കുന്നു എന്നായിരുന്നു ഡീസിയെപ്പറ്റിയുള്ള ആരോപണം. അങ്ങനെയേ ഭരിക്കാൻ പറ്റൂ. സഹകരണസംഘം നടത്തുന്നതിനു ചില നിയമങ്ങളുണ്ട്. നിയമങ്ങളില്ലെങ്കിൽ അതു തകർന്നുപോകും. 

എഴുത്തുകാരുടെ ധർമം എന്ത്, വായനക്കാരുടെ ധർമം എന്ത്, പ്രസാധകന്റെ ധർമം എന്ത് എന്ന കാര്യങ്ങളിൽ നമുക്കു വ്യക്തത വേണം. ഇടയ്ക്കു ഗോപിനാഥൻ എന്നൊരാൾ ഒരു പുസ്തകം കൊണ്ടുവന്നു. സംഘത്തെക്കുറിച്ച് പഠിച്ചെഴുതിയ പുസ്തകം. ‘അടിവേരുകളുടെ ചൈതന്യം’ എന്നാണു പേര്. പുസ്തകം കമ്മിറ്റിയിൽ വച്ചു. ഒരാൾ പറഞ്ഞു, കാരൂർ സാർ വായിക്കട്ടെ. കാരൂർ പുസ്തകം വായിച്ച് പുസ്തകം റെക്കമന്റ് ചെയ്തു. എന്നിട്ടും പുസ്തകം അടിച്ചില്ല. ഇടയ്ക്കു പ്രമുഖരായ പത്ത് എഴുത്തുകാരുടെ തിര‍ഞ്ഞെടുത്ത കൃതികൾ പ്രസിദ്ധീകരിക്കാൻ തീരുമാനമായി. ഉറൂബ്, തകഴി, പൊൻകുന്നം വർക്കി, കേശവദേവ് തുടങ്ങിയവരുടെ കൃതികൾ. ആയിടെ ടി.ജെ.എസ്. ജോർജ് കൃഷ്ണമേനോനെപ്പറ്റി ഒരു പുസ്തകം എഴുതിയിരുന്നു. അതിൽ എഴുത്തുകാരന്റെ രണ്ടു ഫോട്ടോ ഉണ്ടായിരുന്നു. ഒരാൾക്ക് അതിലായി കമ്പം. രണ്ടു ഫോട്ടോ വേണം. നാനൂറു പേജു വേണം. പഠനം വേണം. ചെറുകഥയ്ക്കു വിൽപന കുറഞ്ഞ കാലമായിരുന്നു. എന്നിട്ടും പലരും ലിസ്റ്റിൽ കയറിപ്പറ്റി. മുപ്പതു പേരുടെ പുസ്തകങ്ങൾ ഇറക്കാൻ തീരുമാനമായി. 

എസ്പിസിഎസ് ഒരു തത്വമാണ്. അതു മനസ്സിലാക്കാതെയാണ് പലരും പ്രവർത്തിച്ചത്. ഒരു ദൗത്യം ഏറ്റെടുക്കുകയായിരുന്നു എസ്പിസിഎസ്. ആ ദൗത്യം നിർവഹിച്ചു കഴിഞ്ഞാൽ അതു മറ്റൊന്നിനു വഴിമാറി കൊടുക്കേണ്ടിവരും. അല്ലെങ്കിൽ അന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ച് ചില മാറ്റങ്ങൾ വരുത്തേണ്ടിവരും.

അവസാനിച്ചു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com