ADVERTISEMENT

കണ്ടേൻ സീതയെ...

ശ്രീലങ്ക

മുൻപൊരിക്കൽ ധനുഷ്കോടിയിൽ നിന്നു നോക്കിയപ്പോൾ സീതാരാമ കഥ ഇന്ത്യയിൽനിന്നു ശ്രീലങ്കയിലേക്കു നടന്നുപോയ കടൽവഴി കണ്ടിട്ടുണ്ട്. ഒരു കഥയുടെ ദൂരമോർത്ത് അന്തംവിട്ടിട്ടുമുണ്ട്. ഇന്നിപ്പോൾ തിരുവനന്തപുരത്തു നിന്ന് കൊളംബോയിലെത്താൻ  മുക്കാൽ മണിക്കൂറോളം മാത്രം മതി സമയം. കേരളത്തിൽ നിന്ന് ചെന്നൈയിലേക്കുള്ള ആകാശദൂരംപോലുമില്ലെങ്കിലും ശ്രീലങ്ക നമുക്ക് ഇപ്പോൾ മറ്റൊരു രാജ്യമാകുന്നു; മറ്റൊരു ഭാഷയും വേഷവും സംസ്കാരവുമാകുന്നു. ശ്രീലങ്കൻ എയർലൈ‍ൻസിലെ ബിസിനസ് ക്ലാസിൽ ഒപ്പം യാത്ര ചെയ്ത സഞ്ചാരി പറഞ്ഞപോലെ, ‘എയർ ഹോസ്റ്റസിന്റെ കയ്യിൽ നിന്ന് രണ്ടാമത്തെ ഡ്രിങ്ക് വാങ്ങിക്കഴിക്കാനുള്ള സമയം പോലും ഇല്ലാത്തവിധം’ അത്രയ്ക്കും അടുത്ത്! എന്നിട്ടും എത്ര ദൂരം! 

കാരണം ഈ കടലാണ്. കലർപ്പില്ലാതെ ഭാഷയും സംസ്കാരവുമൊക്കെ കാത്തുസൂക്ഷിക്കുന്ന ഈ കടൽ. അടുത്തുകിടക്കുന്ന രണ്ടു ദേശങ്ങളെ രണ്ടു രാജ്യങ്ങളാക്കി മാറ്റിയ പെരുങ്കടൽ.കടലോളം വലിയ മതിൽ ലോകത്തുണ്ടായിട്ടില്ല.ആകാശക്കാഴ്ചയിൽ (ഏതു ഭൂപടത്തിലും!) ശ്രീലങ്ക ഒരു വലിയ കണ്ണീർത്തു ള്ളിയാണെന്ന് എഴുതിയവർ കുറച്ചൊന്നുമല്ല. ശ്രീലങ്കയുടെ പുതിയകാല ചരിത്രത്തിൽ ചോരയും കണ്ണീരുംകൊണ്ട് എഴുതപ്പെട്ട, 26 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിന്റെ പാടുകൾ തുടച്ചുകളഞ്ഞ് ആത്മവിശ്വാസത്തോടെ, സൗമ്യശാന്തമായി, സൗഹൃദത്തോടെ നമ്മെ എതിരേൽക്കുന്ന ശ്രീലങ്കയ്ക്ക് ഇനി ഈ കണ്ണീർത്തുള്ളിച്ഛായ ചേരില്ല. 

നാശനഷ്ടങ്ങളേറെയുണ്ടാക്കിയ ആഭ്യന്തര യുദ്ധത്തിൽ വീറോടെ പൊരുതി, തളർന്നുവീണ എൽടിടിഇ (തമിഴ് പുലികൾ) വിസ്മൃതിയിലേക്കു മായുകയുമാണ്. ഞങ്ങൾ കണ്ട കൊളംബോ നഗരം ആ ഉച്ചയിൽ ഏത് ഇന്ത്യൻ മഹാനഗരത്തെയും പോലെ തിരക്കുപിടിച്ചോടുന്നുണ്ടായിരുന്നു.  പക്ഷേ, ആ ഓട്ടത്തിനിടയിലും ചുണ്ടിലൊരു ചങ്ങാത്തച്ചിരി കൊളംബോ അണിഞ്ഞുകണ്ടു. അന്നും പിന്നെയങ്ങോട്ടുള്ള ഞങ്ങളുടെ ശ്രീലങ്കൻ ദിനങ്ങളിലൊക്കെയും നഗരത്തിലും നിരത്തിലുമൊക്കെ തെളിഞ്ഞുകണ്ട വൃത്തിബോധം ശ്രീലങ്കയുടെ മുദ്രാമുഖം തന്നെയാണെന്നും ബോധ്യപ്പെട്ടു. അതുകൊണ്ടുതന്നെ, ദിവസങ്ങൾക്കുശേഷം തിരിച്ചു വിമാനത്തിലേറുമ്പോൾ വൃത്തിയുടെ ആ നഗരമുഖകാന്തി കേരളത്തിനും കൈവന്നിരുന്നുവെങ്കിൽ എന്ന സ്വപ്നം ഞങ്ങൾക്കൊപ്പം ഉണ്ടാവുകയും ചെയ്തു.

ഏതു മലയാളിക്കും കൊളംബോ നഗരത്തോടു തോന്നുന്ന പരിചിതത്വത്തിനു കാരണം ഈ രാജ്യവുമായി നമുക്കുണ്ടായിരുന്ന ദീർഘകാല ബാന്ധവം തന്നെയാവണം. ബർമയിലേക്കും അവിഭക്ത മലയയിലേക്കും ഗൾഫിലേക്കുമൊക്കെ ചേക്കേറുന്നതിനു മുൻപ് മലയാളി ആദ്യമെത്തിയത് അന്ന് സിലോൺ എന്നു വിളിച്ചിരുന്ന ശ്രീലങ്കയിലേക്കായിരുന്നു. 1964ൽ രാമേശ്വരത്തിനടുത്തുള്ള ധനുഷ്കോടിയെ കടലെടുക്കുന്നതുവരെ ആ കുടിയേറ്റം കാര്യമായി നടന്നിട്ടുണ്ട്. ധനുഷ്കോടി വരെ തീവണ്ടിയിലെത്തി പിന്നീട് സിലോൺ കരയിലേക്ക് കടൽമാർഗമായിരുന്നു യാത്ര. 1964 ഡിസംബർ 22ന് ധനുഷ്കോടിക്കടലിലുണ്ടായ  സൂനാമി (അന്ന് സൂനാമി എന്ന ദുരന്തനാമം നാം കേട്ടുതുടങ്ങിയിട്ടില്ലെങ്കിലും!) കേരളത്തിൽനിന്നുള്ള യാത്രികരുടെ ഒഴുക്കുകൂടി മുറിക്കുകയായിരുന്നു.അങ്ങനെയാണ് ശ്രീലങ്ക നമുക്കു ദൂരെയായതും മലയാളിവേരുകൾ അറ്റുതുടങ്ങിയതും.

അന്നത്തെ ഞങ്ങളുടെ കൊളംബോരാത്രിയിലിരുന്ന് അവിടത്തെ രണ്ടു പ്രബല മലയാളികൾ, ‘റെവ്‍ലൺ’ കമ്പനിയുടെ ശ്രീലങ്കൻ മേധാവിയും പല പ്രമുഖ സംഘടനകളുടെയും അമരക്കാരനുമായ ടി.എസ്.പ്രകാശും വലിയ വ്യവസായിയായ കെ. ജയകുമാറും നഷ്ടബോധത്തോടെ ഞങ്ങളോടു പറഞ്ഞു. – പണ്ട് ലക്ഷക്കണക്കിനു മലയാളികളുണ്ടായിരുന്ന നാടായിരുന്നു ഇവിടം. ഇന്നിപ്പോൾ ഓണസദ്യയ്ക്ക് മുന്നൂറ് ഇലയ്ക്കുള്ള ആളുകൾ പോലുമില്ല! അവർ അതേക്കുറിച്ചു പറയുമ്പോൾ, ഹോട്ടൽ ജനാലയിലൂടെ കാണുന്ന കടൽക്കര വഴിയിലൂടെ ഒരിക്കൽ ഇതുപോലുള്ള രാത്രികളിൽപോലും  നടന്നുപോയിരുന്ന എണ്ണമറ്റ മലയാളിപ്പാദങ്ങൾ ഞാൻ വെറുതെ സങ്കൽപ്പിച്ചു.

ഞങ്ങളുടെ ഈ മലയാളിച്ചങ്ങാതിമാർക്ക് ആഹ്ളാദത്തിന്റെയും അംഗീകാരത്തിന്റെയും രാത്രികൂടിയായിരുന്നു അത്. കാരണം, ശ്രീലങ്കയിലെ സംഘടനകളിൽ ഏറ്റവും പേരുള്ള ദ് ശ്രീലങ്ക –ഇന്ത്യ സൊസൈറ്റിയുടെ പ്രസിഡന്റായി പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടതും ഇതേ സന്ധ്യയിലായിരുന്നു. ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനമേറുന്നത്.അതുകൊണ്ടുതന്നെ ഞങ്ങൾ കൊളംബോയിലെത്തിയ ആദ്യരാത്രിക്കു മധുരമേറി. താജ് സമുദ്രയിൽ അതിന്റെ ആഘോഷം കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും രാത്രി കെട്ടിരുന്നില്ല. 

ലോകത്തുതന്നെ ഏറ്റവും വൈകി രാത്രി കണ്ണടയ്ക്കുന്ന നഗരങ്ങളിലൊന്നാണ് കൊളംബോ. അതിന്റെ മുഖ്യകാരണങ്ങളിലൊന്ന്  കസിനോകളും (ചൂതാട്ടശാലകൾ). നിയമവിധേയമായി പ്രവർത്തിക്കുന്ന അ‍ഞ്ചോ ആറോ ചൂതാട്ടശാലകളുണ്ട് ഈ നഗരത്തിൽ. മണിക്കൂറുകൾക്കുള്ളിൽ ലക്ഷങ്ങൾ നേടാനും കളയാനും പല ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇവിടേക്കു സഞ്ചാരികൾ ഒഴുകുന്നു. കേരളത്തിൽനിന്നും  സ്ഥിരമായി കൊളംബോ കസിനോയിൽ കളിക്കാൻ മാത്രം വിമാനം കയറുന്ന എത്രയോ മലയാളികളുണ്ട്. 

രാത്രി വൈകി ഞങ്ങൾ പ്രകാശുമൊരുമിച്ച്  ഒരു ചൂതാട്ടശാലയിൽ  പോയി. ആഘോഷമായിരുന്നു അവിടെ. ലോകത്തിന്റെയും ഫാഷന്റെയും പരിച്ഛേദം. കുടിച്ചും മദിച്ചും ആണും പെണ്ണും ചൂതാടിക്കൊണ്ടിരുന്നു. സിഗരറ്റ് പുക അവിടമാകെ സറിയലാക്കി. മദ്യചഷകങ്ങൾ കളിക്കുന്നവർക്കു ചിറകുനൽകി. ഇടയ്ക്ക് ഷാജി എൻ. കരുൺ ക്യാമറ പുറത്തെടുത്തപ്പോൾ തടിമാടന്മാരായ സുരക്ഷാ ഉദ്യോഗസ്ഥർ സൗമ്യസ്വരത്തിൽ വിലക്കി: – പാടില്ല.

രാത്രി നീളട്ടെ. ചൂതാട്ടക്കളത്തിൽ വാഴാനുള്ളവരെയും വീഴാനുള്ളവരെയും വിട്ട് ഞങ്ങൾ ആ കസിനോയിൽനിന്ന് മടങ്ങി. ഞങ്ങൾ താമസിച്ച ‘ഹോട്ടൽ ഗലധാരി’ നിർമിതിയുടെ ഗാംഭീര്യം കൊണ്ടും  ചരിത്രംകൊണ്ടും  വിദേശസഞ്ചാരികളുടെ  ഇഷ്ടയിടമാണ്. അതുകൊണ്ടുതന്നെ ഹോട്ടലിലും റസ്റ്ററന്റിലും എപ്പോഴും ഒരു ഷോപ്പിങ് മോളിലെന്ന പോലെ തിരക്കു കാണാം. എത്രയോ കാലമായി  ഈ സന്ദർശകത്തിരക്ക് നിലനിർത്തുന്നുമുണ്ട്, ഗലധാരി. എന്നിട്ടും, ഈ ഹോട്ടൽ രണ്ടു വർഷം പൂട്ടിയിടേണ്ടിവന്നു! അതിന്റെ കാരണം, 1997 ഒക്ടോബർ 15 എന്ന ദിവസമായിരുന്നു. അന്നുണ്ടായ എൽടിടിഇ ആക്രമണത്തിന്റെ മുഖ്യലക്ഷ്യം ദിവസങ്ങൾക്കുമുൻപുമാത്രം ഉദ്ഘാടനം ചെയ്ത കൊളംബോ വേൾഡ് ട്രേഡ് സെന്ററായിരുന്നു. ട്രേഡ് സെന്ററിന്റെ തൊട്ടായിരുന്നു ‘ഹോട്ടൽ ഗലധാരി’ യുടെ കാർ  പാർക്കിങ് ഏരിയ. അന്ന് കാർ  പാർക്കിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച കണ്ടെയ്നർ വന്നുനിന്നു. പിന്നെയൊട്ടും വൈകിയില്ല. 15 പേർ മരിച്ചു. 105 പേർക്കു പരുക്കേറ്റു. ‘ഗലധാരി’ പിന്നെ തുറന്നത് രണ്ടു വർഷത്തിനുശേഷം മാത്രം.

ഹോട്ടലിൽ ഈ പന്ത്രണ്ടാം നിലയിലെ ജാലകത്തിലൂടെ കാർ  പാർക്കിങ് ഏരിയ കാണാനാവുമോ എന്നു നോക്കി. ഇല്ല. കൺനിറയെ കടൽമാത്രം. രാത്രിയിലേക്കും  ചോരച്ച ഒാർമകളിലേക്കും ഇളകിമറിയുന്ന കടൽ. ഒന്നാം ദിവസത്തെ വിളക്കുകെട്ടു. ആ കടലാലോലം കേട്ട് ഉറങ്ങി. സീതാപ്രസാദമുള്ള നുറേലിയയിലേക്ക് (Nuwara Eliya) കൊളംബോയിൽ നിന്ന് കാറിൽ ഒൻപതു മണിക്കൂറോളം ദൂരം. അവിടേക്ക് സീ പ്ളെയിൻ സൗകര്യമുണ്ടായിരുന്നെങ്കിലും ഞങ്ങളതു വേണ്ടെന്നുവച്ചു. ഇവിടെ നിന്ന് 115 കിലോമീറ്റർ അകലമുള്ള കാൻഡി വഴിയാണ് യാത്ര. 

കൊളംബോയിൽനിന്നു കാൻഡിയിലേക്കുള്ള പാതയിൽ, നല്ല കേരളീയച്ഛായ ഉള്ള ഒരു ചെറുപട്ടണം കണ്ടപ്പോൾ കാർ നിർത്താൻ തോന്നി. സജീവമാണ് അങ്ങാടി. പ്രായംചെന്ന സ്ത്രീകൾപോലും ടോപ്പും മിഡിയും ഫ്രോക്കുമൊക്കെ അണിഞ്ഞു നടക്കുന്നതിലെ വ്യത്യാസമൊഴിച്ചാൽ കേരളത്തിലെ ഏതു ചെറിയ പട്ടണവും പോലെ തന്നെയാണിത്. വർക്കപോല എന്നു പേരുള്ള ആ പട്ടണത്തിൽ ഇറങ്ങി തെരുവിലൂടെ നടക്കുമ്പോഴാണു പരിക്ഷീണനായ ഒരു വാച്ച് വിൽപനക്കാരനെ കണ്ടത്–അൻവർ. ഞങ്ങൾ കേരളത്തിൽ നിന്നാണെന്നറിഞ്ഞതും ഉത്സാഹിയായി അയാൾ മലയാളം പറയാൻ തുടങ്ങി. ഒരു ശ്രീലങ്കക്കാരനിൽനിന്നു പ്രതീക്ഷിക്കാനാവാത്ത മലയാളം.

– അൻവർ എങ്ങനെ ഇത്രയും മലയാളം പഠിച്ചു?

– കുറേക്കാലം ദുബായിലായിരുന്നു. അവിടെ എത്തിയാൽ ആരും പഠിച്ചുപോകില്ലേ സാർ, മലയാളം? ഞാനും പഠിച്ചു.

ദീർഘവർഷങ്ങൾ ദുബായിലായിരുന്ന അൻവർ ഇങ്ങനെ വില കുറഞ്ഞ വാച്ചുകളുടെ വഴിവാണിഭക്കാര നായതെങ്ങനെ എന്ന ചോദ്യം ചോദിക്കും മുൻപേ, അതിന്റെ മറുപടി പറഞ്ഞു, ഒറ്റ വാചകത്തിൽ കൃത്യമായി അൻവർ.

–ദുബായിൽ എന്റെ സമയം തെളിഞ്ഞില്ല!

ഇപ്പോഴും തോറ്റുനിൽക്കുന്ന ആ വാച്ച് വിൽപനക്കാരന്റെ മുന്നിലുള്ള പഴയ മരസ്റ്റാൻഡിലിരുന്നു നൂറുകണക്കിനു പ്രാകൃതമായ വാച്ചുകൾ അന്നേരത്തും പല സമയങ്ങൾ കാണിച്ച് അയാളെ കബളിപ്പിക്കുന്നുണ്ടായിരുന്നു. കാൻഡി എത്താറാവുന്നതേയുള്ളൂ. വയറിൽ ഉച്ച പകയോടെ വേരാഴ്ത്തിത്തുടങ്ങി. മുൻയാത്രയിൽ നല്ല ഭക്ഷണം കിട്ടിയ ഓർമയിൽ ‘ഹെറിറ്റേജ് അമ്പേപുസ്സ’യിൽ കയറാമെന്നു പറഞ്ഞതു ഷാജി എൻ. കരുൺ ആണ്. ശ്രീലങ്കൻ വിഭവങ്ങൾ നിറഞ്ഞ തീൻമേശ ആ ഓർമ ആത്മവിശ്വാസത്തോടെ ശരിവയ്ക്കുകയും ചെയ്തു. 

ഊണിനുശേഷം ആ ഹോട്ടലിലെ പുറംവിശാലതയിലേക്കു നടക്കുമ്പോഴാണ് ഒരു പുല്ലാങ്കുഴൽ പാടിത്തുടങ്ങുന്നതു കേട്ടത്: ‘തേരേ മേരേ സപ്നേ’. അതു പ്രേമദാസ ആയിരുന്നു. ആ വലിയ വൃക്ഷത്തണലിൽ, ഒരു ചെറിയ കുടിലൊരുക്കി അവിടെയിരുന്ന് അയാൾ ഹോട്ടലിലെത്തുന്ന സഞ്ചാരികൾക്കായി പുല്ലാങ്കുഴൽ വായിച്ചുകൊണ്ടേയിരുന്നു. പാട്ടുകൾക്കിടയിലുള്ള ഇടവേളകളിൽ പ്രേമദാസ ആത്മകഥ ദുഃഖഗാനംപോലെ പറഞ്ഞു:– ഇരുപതു വർഷമായി ഇവിടെത്തന്നെയുണ്ട് ഞാൻ. ഇതേ കുടിലിൽ. ഇതേ ഫ്ലൂട്ടുമായി. കയ്യിൽ അധികം പാട്ടൊന്നുമില്ല. പിന്നെ, ഇന്നെന്റെ പാട്ടു കേൾക്കുന്ന ടൂറിസ്റ്റുകൾ ഇനിയെപ്പോൾ എന്റെ പാട്ടു കേൾക്കാനാ? അതുകൊണ്ടു കുറച്ചു പാട്ടുകൊണ്ട് അങ്ങനെ ജീവിതം ഓടിപ്പിച്ചു പോകുന്നു. 

ഇന്നു കിട്ടുന്നതിൽനിന്നു നാളേക്ക് എടുത്തുവയ്ക്കാൻ ഒന്നുമുണ്ടാവില്ലെങ്കിലും... സ്വന്തം വീട്ടിൽ കുടുംബമുണ്ട്. അവർക്ക് ഇതിൽനിന്നു വേണം എന്തെങ്കിലും കൊടുക്കാൻ. ഈ കുറച്ചു പാട്ടുകൾ തന്നെ പാടിക്കൊണ്ടിരുന്നിട്ടും എനിക്കു മടുപ്പൊന്നും തോന്നുന്നില്ല. മടുപ്പ് തോന്നിയാൽ, തീർന്നില്ലേ സാറേ, എന്റെയും ഈ പുല്ലാങ്കുഴലിന്റെയും ജീവിതം. ഒരിക്കലൊരു ജാഫ്ന (ശ്രീലങ്കയിലെ തമിഴ് മേഖലകളിലൊന്ന്) വാസക്കാലത്ത് പഠിച്ച ഇത്തിരിത്തമിഴിൽ ആത്മകഥ പറഞ്ഞശേഷം, അതു മടുപ്പില്ലാതെ കേട്ട എന്നോടുള്ള സ്നേഹംകൊണ്ട് പ്രേമദാസ പറഞ്ഞു:

–എനിക്കറിയാവുന്ന ആകെ രണ്ടു തമിഴ് പാട്ടിൽ കൊള്ളാവുന്ന ഒന്ന് പാടിത്തരട്ടെ.

എന്നിട്ടയാൾ, ഒരു വലിയ സമ്മാനം തരുന്ന ഒരു രാജാവിന്റെ ആത്മവിശ്വാസത്തോടെ ഫ്ലൂട്ട് വായിച്ചുതുടങ്ങി:

– ഉന്നൈ തൊട്ട കാറ്റ് വന്ത് എന്നൈ തൊട്ടതേ...

അപ്പോൾ പ്രേമദാസയെയും എന്നെയും, അയാൾ പറഞ്ഞ ആത്മകഥയെയും ഞാൻ പറയാത്ത ആത്മകഥ യെയും തൊട്ട് ശ്രീലങ്കയുടെ ഓഗസ്റ്റ് കാറ്റ് സാഹോദര്യത്തോടെ അതുവഴി കടന്നുപോയി. അറിയാവുന്ന രണ്ടാമത്തെ തമിഴ്പാട്ടും ഫ്ളൂട്ടിൽ വായിക്കാനൊരുങ്ങിയെങ്കിലും അയാളെന്തോ പിന്നീടതു വേണ്ടെന്നുവച്ചു.

കാൻഡി അടുത്തെത്തുകയായി. താഴ്‌വാരങ്ങളിൽനിന്ന് ഈ ഉച്ചയിലേക്കു തണുത്ത കാറ്റ് അടിക്കുകയാണ്. കാൻഡിക്കും മുകളിൽ, ആറായിരത്തിലേറെ അടി ഉയരത്തിലുള്ള നുറേലിയയിലെ അശോകവന ത്തിൽ ഇപ്പോഴും പൂത്തുനിൽക്കുന്നുണ്ടെന്നു പറഞ്ഞുകേട്ട സീതപ്പൂക്കളുടെ സുഗന്ധംകൂടി അലിഞ്ഞുചേർന്നിട്ടുണ്ടാവുമോ ഈ കാറ്റിൽ? ഈ രാത്രി വൈകിയാണെങ്കിലും ഞങ്ങളവിടെ എത്തും. നാളെ രാവിലെ, ശിംശിപ വൃക്ഷച്ചുവട്ടിലെ ഏകാന്തയായ ഇതിഹാസനായികയെ കാണാനുള്ളതാണ്; ‘കണ്ടേൻ സീതയെ’ എന്നു പറയാനുള്ളതാണ്.

സീതയിലേക്കുള്ള ഒരു യാത്രയും പരാജയപ്പെട്ടിട്ടില്ലല്ലോ. പ്രണയം തേടിയുള്ള ശ്രീരാമന്റെ യാത്രയും മോഹം തേടിയുള്ള രാവണയാത്രയും മുദ്രമോതിരവുമായുള്ള ഹനുമാന്റെ യാത്രയും ആ അനന്യകഥയുടെ ആഴങ്ങൾ തേടിയുള്ള കാലത്തിന്റെ യാത്രയുമൊക്കെ സീതയെ കണ്ടെത്തിയിരുന്നു.നുറേലിയയുടെ ഉയരങ്ങളിലുള്ള പേരറിയാത്താഴ്‌വാരങ്ങളിലെ സീതപ്പൂക്കളെ, കാലവും കഥയും സൂക്ഷിച്ച സുഗന്ധംകൊണ്ടു സീതയിലേക്കുള്ള വഴി കാണിച്ചുതരിക.

കാർ ഉയരങ്ങളിലേക്കു കയറുകയാണ്. കാൻഡിയിലെ ലോകപ്രശസ്തമായ ‘പെരാഹിര’ ഉൽസവത്തിരക്ക് പാത അറിയിച്ചുതുടങ്ങുകയായി.കാൻഡിയിലെ ദലദ മലിഗവ എന്ന ബുദ്ധക്ഷേത്രത്തിലെ ഉത്സവം തുടങ്ങുന്ന ദിവസമാണിന്ന്. ബുദ്ധന്റെ പല്ല് സൂക്ഷിച്ചുവച്ചിരിക്കുന്ന ഈ ബുദ്ധവിഹാരം ‘ടെമ്പിൾ ഓഫ് ടൂത്ത്’ എന്നറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ഉത്സവം ശ്രീലങ്കയിലെ ഏറ്റവും വലിയ ആഘോഷമാണ്; നൂറോളം ആനകളും മേളവും നിറക്കാഴ്ചകളുമൊക്കെയായി നമ്മുടെ തൃശൂർ പൂരത്തിന്റെ രീതിയിൽ.ആ അപൂർവ കാഴ്ചാനുഭവത്തിലേക്ക് എത്തുന്നതിനു മുൻപേ കാൻഡി പാത ഞങ്ങൾക്കായി മറ്റൊരു സ്വകാര്യ കാഴ്ചാനുഭവം കരുതിവച്ചിരുന്നു – കഡുഗണ്ണാവ!

എം.ടി. വാസുദേവൻനായരുടെ പ്രശസ്ത ചെറുകഥയായ ‘കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’ വായിച്ചിട്ടുള്ളവർ ക്കൊക്കെ പരിചിതമായ ഈ സ്ഥലനാമം ഞങ്ങളെ ആവേശഭരിതരാക്കി. എംടി ആദ്യകാലത്തെഴുതിയ ‘നിന്റെ ഓർമ്മയ്ക്ക്’ എന്ന കഥയുടെ തുടർച്ചയാണ് അത്ര പഴയതല്ലാത്ത ഈ കഥ. എംടിയുടെ ആത്മകഥാംശം ഉണ്ടെന്നു കരുതപ്പെടുന്നതാണ് രണ്ടു കഥകളും. സിലോണിൽനിന്നു നാട്ടിലെ തറവാട്ടിലേക്കു കഥാനായകന്റെ അച്ഛനോടൊപ്പം എത്തിയ സിലോൺ ബാലികയും അത് അച്ഛന്റെ മകൾ തന്നെ എന്ന് അപവാദം പരന്നപ്പോൾ ആ വീട്ടിലുണ്ടായ കലഹവും കലാപവും ആണ് ‘നിന്റെ ഓർമ്മയ്ക്ക്’ എന്ന കഥയിലെ പ്രമേയമെങ്കിൽ, എത്രയോ കാലത്തിനുശേഷം ‘അച്ഛന്റെ മകളെ’ അന്വേഷിച്ചു ശ്രീലങ്കയിൽ പോവുന്ന വേണു എന്ന മലയാളി പത്രപ്രവർത്തകന്റെ അനുഭവമാണ് ‘കഡുഗണ്ണാവ; ഒരു യാത്രക്കുറിപ്പ്.’

‘‘നഗരം വിട്ട് മലമ്പാതയിലൂടെ സ‍ഞ്ചരിച്ച് ചെറിയ രണ്ടു ചുരങ്ങൾ കയറി മുകളിലെത്തിയപ്പോൾ ആഷ്‌ലി കാർ നിർത്താൻ പറഞ്ഞു. കഡുഗണ്ണാവ എന്ന വാക്കിനർഥം അറിയാമോ? വഴിയമ്പലം എന്നാണ്. അവിടെ നിന്നാൽ കാൻഡിയിലെ നഗരാതിർത്തിയിലെ ഓടുമേഞ്ഞ മേൽക്കൂരകൾ പച്ചപ്പടർപ്പിനിടയ്ക്കും ചിതറിക്കിടക്കുന്നു. നഗരത്തെ വലംവച്ചു പോകുന്ന മഹാബലിപ്പുഴയുടെ ഒരു വളവും അവിടെനിന്നു കാണാം.ചെറിയ ഒരങ്ങാടിയുടെ നടുവിൽ കാർ നിർത്തി ആഷ്‌ലി പറഞ്ഞു: ഇതാണ് കഡുഗണ്ണാവ.അയാൾ പതുക്കെ കാറിൽനിന്നിറങ്ങി. ഏറിയാൽ മുപ്പതു പീടികകൾ മാത്രം വരുന്ന ചെറിയ ഒരങ്ങാടി..... വേണു അദ്ഭുതപ്പെട്ടു. അച്ഛൻ പ്രതാപിയായി വാണു എന്നു കേട്ട നഗരം ഇതോ? നാട്ടിലെ പഴയ പടിഞ്ഞാറങ്ങാടി ഇതിലും വലുതാണല്ലോ...’’

വർഷങ്ങൾക്കു മുമ്പ് എംടി എഴുതിയ ആ അങ്ങാടി വിവരണത്തിന് ഇപ്പോഴും വലിയ മാറ്റമൊന്നുമുണ്ടായ തായി തോന്നിയില്ല. തേയില എസ്റ്റേറ്റുകൾ പരിസരത്തുണ്ട്. നാഷനൽ റെയിൽവേ മ്യൂസിയത്തിൽ ഓടിത്തീർന്ന യാത്രകളുടെ ഓർമകളുമായി ചെറു ട്രെയിനുകൾ ഉച്ചമയക്കത്തിൽ. കഡുഗണ്ണാവ റെയിൽവേ സ്റ്റേഷനാകട്ടെ പഴമയുടെയും ലാളിത്യത്തിന്റെയും സൗന്ദര്യം വാരിയണിഞ്ഞു നിൽക്കുന്നു. കഡുഗണ്ണാവ അങ്ങാടി പിന്നിടുമ്പോൾ എംടിയുടെ കഥാനായകന്റെ നഷ്ടബോധം ഓർമയിലെത്തി. ചില കഥകൾ അത്ര വേഗം തീരാനുള്ളതല്ല. 

സത്യം. അങ്ങനെ തീരാത്തൊരു വലിയ കഥയാണ് കാൻഡിയും. ഈ നഗരത്തിലെ ദലദ മലിഗവ ബുദ്ധവിഹാരത്തിലെ ഉത്സവവും ഒാർമിപ്പിച്ചത്  ആ കഥയുടെ അനുസ്യൂതിതന്നെ. ശ്രീലങ്കയിലെ ഏറ്റവും മനോഹരമായ നഗരത്തിനു ചേരുംവിധത്തിലുള്ള ആഘോഷമായിരുന്നു. അത്. ശ്രീലങ്കയിലെ ഏറ്റവും കേൾവികേട്ട ഉത്സവപ്പകലിലേക്കു യാദൃച്ഛികമായി വന്നെത്താനിടയായതിൽ ഞങ്ങൾക്കു നല്ല സന്തോഷം തോന്നി. നമ്മുടെ തൃശൂർ പൂരമെന്നറിയാതെ അന്നവിടെ എത്തുന്ന അന്യദേശക്കാരന്റെ ആവേശം ഒാർത്തുനോക്കുക. പക്ഷേ, യാത്രയ്ക്കുമുന്നേ പ്രകാശും ജയകുമാറും ഒാർമിപ്പിച്ചിരുന്നു: ഉത്സവത്തിരക്കു തുടങ്ങുന്നതിനുമുന്നേ കാൻഡി നഗരത്തിലേക്കു പ്രവേശിക്കുകയോ തിരിച്ചിറങ്ങുകയോ ചെയ്തില്ലെങ്കിൽ  നിങ്ങളവിടെ കുടുങ്ങിപ്പോകും.

വേണമെങ്കിൽ സന്തോഷത്തോടെതന്നെ അങ്ങനെ കുടുങ്ങാമായിരുന്നു, നുറേലിയ യാത്ര ഇല്ലായിരുന്നെങ്കിൽ... അതുകൊണ്ട് ഉള്ള സമയം പരമാവധി പ്രയോജനപ്പെടുത്തി കാൻഡിയോടു യാത്ര പറയാമെന്നു ഞങ്ങൾ കരുതി. ദലദ മലിഗവ ബുദ്ധവിഹാരത്തിൽ സൂക്ഷിക്കപ്പെട്ട ബുദ്ധദന്തം കാണാൻ ഇന്നു തിരക്കേറിയിരുന്നു. വിദേശസഞ്ചാരികൾ  ക്ഷമയോടെ ആ വിശുദ്ധ കാഴ്ചയ്ക്കായി കാത്തുനിന്നു. ശുഭ്ര വസ്ത്രങ്ങളുമായി ശ്രീലങ്കൻ സ്ത്രീകൾ പ്രാർഥനാനിശ്ശബ്ദരായി ക്ഷേത്ര നടവഴികളിലൂടെ നീങ്ങി. അവരുടെ കയ്യിൽ പൂജാപുഷ്പമായ താമരപ്പൂക്കൾ വിടർന്നിരുന്നു. ശ്രീലങ്കൻ ജലരാശിയിൽ സമൃദ്ധമായി വളരുന്ന താമരതന്നെയാണ് അവരുടെ ദേശീയപുഷ്പവും. നൂറ്റാണ്ടുകളായി ബുദ്ധന്റെ പാദപത്മങ്ങളിൽ അവരർപ്പിക്കുന്നതു താമരപ്പൂക്കളാണ്. 

അശോക ചക്രവർത്തി ബുദ്ധമതത്തിന്റെ പ്രചാരണത്തിനായി കഴിയുന്നത്ര രാജ്യങ്ങളിലേക്കു സ്വന്തം മക്കളടക്കമുള്ള പ്രചാരകരെ അയച്ചപ്പോൾ, അവരെ സ്വീകരിച്ച് ബുദ്ധമതത്തിന്റെ വ്യാപനം പൂർണമനസ്സോടെ സാധ്യമാക്കിയ രാജ്യമാണു ശ്രീലങ്ക. അതുകൊണ്ടുതന്നെ  ബുദ്ധസ്മൃതി ഒാരോ കോണിലും ഇവിടെ കാണാം. ആ മതത്തിന്റെ സൗമ്യതയും ശാന്തതയും നാം പരിചയപ്പെടുന്ന ഒാരോ മതാനുയായിയിലും കാണാനാവും. (അതുകൊണ്ടാണ്, വഴിവക്കിലെ ലളിതഭംഗിയാർന്ന ഒരു പൊലീസ് സ്റ്റേഷൻ ചൂണ്ടിക്കാണിച്ച്  ഷാജി എൻ കരുൺ തമാശ പറഞ്ഞത്: ഇവിടെ ആരെയും തല്ലുകയോ ചീത്ത പറയുകയോ ഉണ്ടാവില്ല!) ബുദ്ധിസ്റ്റ് ദർശനസൗന്ദര്യം ആവോളം അണിഞ്ഞുനിൽക്കുന്നുണ്ട് കാൻഡി. 

ആ നഗരത്തിന്റെ സ്വപ്നസൗന്ദര്യം തൊടാതെ ഒരു ശ്രീലങ്കൻയാത്രയും പൂർണമാവില്ല. രാമായണകാലത്ത് സീതയെ മോഷ്ടിച്ചുകൊണ്ട് പുഷ്പകവിമാനത്തിൽ രാവണൻ വന്നതും കാൻഡിയെ കാണിച്ചുകൊണ്ടാ വണമെന്നു  ഞാൻ സങ്കൽപ്പിച്ചു. സീത അന്നേരം ആ കാഴ്ചയിൽനിന്നു മുഖംതിരിച്ച് ഒാർമയിലെ സങ്കടത്തിലേക്കു തിരിച്ചുപോയിരിക്കണം. കൊളംബോയ്ക്കു മുൻപ് സിലോണിന്റെ  തലസ്ഥാനമായിരുന്നു. ഈ നഗരം. ബ്രിട്ടിഷുകാർ ലങ്ക ഭരിച്ചിരുന്നപ്പോൾ അവരുടെ പ്രധാന സുഖവാസകേന്ദ്രങ്ങളായിരുന്നു കാൻഡിയും നുറേലിയയും ഉൾപ്പെടെയുള്ള ഹൈറേഞ്ച്. അവിടേള്ള യാത്രയ്ക്ക് റെയിൽപ്പാളം നിർമിച്ചതും ബ്രിട്ടിഷുകാർ തന്നെ. 

ചരിത്രവും കഥയും പ്രകൃതിയുടെ മനോഹാരിതയും ഒത്തുചേരുന്ന കാൻഡി ലങ്കയിലെ ഏറ്റവും ഭംഗിയേറിയ പട്ടണമെന്ന വിശേഷണം കാലങ്ങളായി കാത്തുസൂക്ഷിക്കുന്നതിൽ  എന്തത്ഭുതം? കാട്ടുപച്ചപ്പിനിടയിലൂടെ  കുതിച്ചൊഴുകുന്ന  മഹാവേലി ഗംഗ എന്ന നദിയും (ശ്രീലങ്കയിലെ ഏറ്റവും നീളം കൂടിയ നദി) ഘനശാന്തമായ കാൻഡി തടാകവും നഗരത്തിന്റെ ഭംഗി വർധിപ്പിക്കുന്നുമുണ്ട്. സിംഹളീസ് രാജവംശം ബ്രിട്ടിഷുകാർക്ക് ഏറ്റവുമൊടുവിൽ അടിയറ വച്ചത് കാൻഡി നഗരമാണെന്നു ചരിത്രം-1815ൽ. ഇതിനിടയിൽ ചെറുതും വലുതുമായ എത്രയോ രാജവംശങ്ങൾ കാൻഡി ഭരിച്ചു. ഒടുവിൽ, 1803 മാർച്ച് 22ന് ബ്രിട്ടിഷ് സേന കാൻഡിയിലേക്കു മാർച്ച് ചെയ്തെത്തി; കാൻഡി വിദേശാധിപത്യത്തിലെത്താൻ  അവർക്ക് 1815 ഫെബ്രുവരി 10വരെ കാത്തിരിക്കേണ്ടിവന്നെങ്കിലും.

ഇന്ത്യയെക്കാൾ വൈകിയാണ് ശ്രീലങ്ക സ്വാതന്ത്ര്യം നേടിയത്. ക്ഷേത്രത്തിനു മുൻവശത്ത് പഴയ കാൻഡി രാജവംശത്തിന്റെ കൊട്ടാരം ഇപ്പോൾ മ്യൂസിയമാണ്. ക്ഷേത്രത്തിനു സമീപമുള്ള മറ്റൊരു കൊട്ടാരം ഇന്റർനാഷനൽ ബുദ്ധിസ്റ്റ് മ്യൂസിയമാണ് ഇപ്പോൾ. ബുദ്ധമത അനുയായികളുള്ള 17 രാജ്യങ്ങളിൽനിന്നുള്ള ശേഖരം മ്യൂസിയത്തെ അപൂർവ ദൃശ്യാനുഭവമാക്കുന്നു. കാൻഡി നഗരത്തിനു തൊട്ടടുത്താണ് പെരെഡെനിയ ബൊട്ടാനിക് ഗാർഡൻ– ലോകത്തിലെ മികച്ച ബൊട്ടാനിക് ഗാർഡനുകളിലൊന്ന്.മനോഹരമായ സെമിത്തേരികളുടെ  നഗരം കൂടിയാണ് കാൻഡി.‌‌‌

1822ൽ തുറന്ന ഗാരിസൻ സെമിത്തേരി, സിലോണിലിരിക്കെ  മരണമടഞ്ഞ ബ്രിട്ടിഷ്കാരെ ഉള്ളടക്കുന്നു. അര നൂറ്റാണ്ടിനുശേഷം സ്ഥലം ബാക്കിയില്ലാത്തതുകൊണ്ട് ഈ സെമിത്തേരി അടയ്ക്കുകയായിരുന്നു. ഇവിടത്തെ ഏറ്റവും സുന്ദരമായ അന്ത്യവിശ്രമസ്ഥലം , സിലോൺ ഗവർണറായിരുന്ന  ഹെൻറി ഗ്രിഗറിയുടെ ആദ്യഭാര്യ ലേഡി എലിസബത്ത് ഗ്രിഗറിയുടേതാണ്. അധികാരത്തിന്റെയും സ്നേഹത്തിന്റെയും  പകിട്ടുമുഴുവനും  അറിയിച്ച് എലിസബത്ത് ഗ്രിഗറി ശാന്തം ഇന്നും ഉറങ്ങുന്നു. കോമൺവെൽത് വാർ സെമിത്തേരി ലോകയുദ്ധങ്ങളിൽ വീരമൃത്യു വരിച്ചവരുടെ അന്ത്യനിദ്രാഗേഹം.

കാൻഡിയിലെ തെരുവുകളിൽ, ജീവിച്ചിരിക്കുന്നവരുടെ  ഉത്സവത്തിരക്ക്.ജയകുമാറിനോടു പറഞ്ഞ വാക്കു പാലിക്കണം. കണ്ടുതീരാതെ, നടന്നുതീർക്കാതെ ‍ഞങ്ങൾ കാൻഡിയോടു  യാത്ര പറഞ്ഞു.കാർ നീങ്ങുമ്പോൾ തിരിഞ്ഞുനോക്കി: വഴിയിലെ ആ വലിയ ബുദ്ധശിരസ്സിലേക്കു  പ്രാർഥനാപൂർവം  പോക്കുവെയിൽ പൊന്നു വിതറുകയാണ്.രാജവംശചരിതങ്ങളുടെയും കാലം മായ്ക്കാത്ത ബുദ്ധസ്മിതങ്ങളുടെയും  പ്രാചീനനഗരമേ, യാത്ര.

കാൻഡിയിൽനിന്നു  നുറേലിയയിലേക്കു  40 കിലോമീറ്ററേ ഉള്ളൂവെങ്കിലും ഹൈറേഞ്ച് പാതയായതിനാൽ നാലു മണിക്കൂറോളം എടുക്കും. ആറായിരത്തിലേറെ അടി ഉയരം (കൃത്യമായി 6,187 അടി) മെല്ലെ കയറി ഞങ്ങളുടെ കാർ നുറേലിയയിലെത്തുമ്പോഴേക്കും ഉറങ്ങിപ്പോയിരുന്നു. പക്ഷേ, രാത്രി വൈകി കാറിൽനിന്നു പുറത്തിറങ്ങുമ്പോൾതന്നെ ശരീരം പറഞ്ഞുതന്നു: ഇനി കുളിരുകൂടി ഒപ്പമുണ്ടാകും. ഏതൊക്കെയോ പൂമണങ്ങളുമായി നല്ല തണുപ്പുള്ള കാറ്റ് അടിച്ചുകൊണ്ടിരുന്ന ആ രാത്രിയിൽ, ജയകുമാർ ഞങ്ങൾക്കായി പറഞ്ഞുവച്ച ‘ട്രാവലോജ്’ എന്ന രസികൻ പേരുള്ള താമസസ്‌ഥലത്തിറങ്ങി; ആ ലോജിന്റെ സൗന്ദര്യം ശരിക്കും കാണാൻ പിറ്റേ രാവിലെയിൽ വെളിച്ചംവരുന്നതുവരെ കാത്തിരിക്കണമായിരുന്നെങ്കിലും.നുറേലിയ. അതിരാവിലെതന്നെ കുളിരെത്തി വിളിച്ചുണർത്തിയിരുന്നു. ഞങ്ങൾ പുറത്തിറങ്ങിയപ്പോഴാണ് നുറേലിയ സമസ്‌ത സൗന്ദര്യങ്ങളോടെ, അതിഗംഭീരമായൊരു പുലർപൂവു പോലെ വിടർന്നുനിൽക്കുന്നതു കണ്ടത്. 

നുറേലിയയെ കാവൽനിൽക്കുന്ന മലനിരകളിൽനിന്നു മഞ്ഞുമേഘങ്ങൾ പറന്നുനീങ്ങുന്നു. കണ്ണെത്താദൂരം കാണാവുന്ന പൈൻമരങ്ങൾ ഒരു നീളൻകാവ്യസമാഹാരമായി. ‘ട്രാവലോജി’ന്റെ തൊടിയിൽ പൂത്തുനിൽക്കുന്ന ഇത്തിരിപ്പൂക്കൾക്കുപോലുമുണ്ടായിരുന്നു വലിയ ചന്തം. വെറുതെയാണോ നുറേലിയയെ ഇംഗ്‌ളിഷുകാർ ആത്മവിശ്വാസത്തോടെ ലിറ്റിൽ ഇംഗ്ലണ്ട് എന്നു വിളിച്ചത്? യാത്രയ്‌ക്കൊരുങ്ങി പുറത്തിറങ്ങിയപ്പോൾ ഈ താഴ്‌വാരനഗരം ആ വിശേഷണനാമത്തിലേക്കു കൂടുതൽ കാരണങ്ങൾ തരാൻതുടങ്ങി. 

രാജ്യാന്തര ട്രാവൽ മാപ്പിൽതന്നെയുള്ള ഗ്രിഗറി തടാകം ശുദ്ധിയിൽ, ഭംഗിയിൽ വിസ്‌താരമായി മഞ്ഞിനെ വരവേൽക്കുകയായിരുന്നു. ബ്രിട്ടിഷ് ഭരണകാലത്ത് സിലോൺ ഗവർണറായിരുന്ന ഗ്രിഗറി സായ്‌പ്പിന്റെ ഓർമയാണ് ഈ തടാകം. ഒന്നര നൂറ്റാണ്ടു മുൻപ് ബ്രിട്ടിഷുകാർ നിർമിച്ച 91 ഹെക്ടറിലെ തടാകം ഇപ്പോൾ ലങ്കയിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. ഗ്രിഗറി തടാകം ഇപ്പോൾ വിമാനത്താവളം കൂടിയാണ്. ശ്രീലങ്കയിലെ സീ പ്ലെയിൻ സർവീസുകാർ കൊളംബോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നു തുടങ്ങുന്ന സർവീസുകൾ ലാൻഡ് ചെയ്യുന്നത് ഗ്രിഗറി തടാകത്തിലാണ്. 

രാവിലെ ഒൻപതാകുമ്പോഴേക്കും തടാകത്തിലേക്കു സഞ്ചാരികൾ കുടുംബസമേതം എത്തിത്തുടങ്ങിയിരുന്നു. തടാകത്തിനു പുറത്തെ പാർക്കിൽ കുതിരകൾ അലസമായി നടന്നുനീങ്ങി. വിദേശാധിപത്യകാലംമുതൽ കുതിരപ്പന്തയത്തിനു പേരുകേട്ട സ്‌ഥലമായ നുറേലിയയിൽ ഗോൾഫ് കോഴ്‌സുമുണ്ട്. വിക്ടോറിയൻ ഛായ അഭിമാനത്തോടെ ഇന്നും നിലനിർത്തുന്ന നുറേലിയ നഗരത്തിലൂടെ (‘ട്രാവലോജി’ന്റെ സ്വീകരണമുറിയിൽ ഏറ്റവും കണ്ണായ സ്‌ഥലത്തുവച്ച ഫോട്ടോ വിക്‌ടോറിയാ രാജ്‌ഞിയുടേതായിരുന്നുവെന്ന് ഓർമിച്ചു) ഞങ്ങൾ മെല്ലെ നടന്നു. 

ആദ്യകാഴ്‌ചയിൽ തന്നെ നുറേലിയ ഏതോ ഉൾനാടൻ ഇംഗ്‌ളിഷ് പട്ടണത്തെ ഓർമിപ്പിക്കും. അവിടത്തെ അത്യാവശ്യം വലിയൊരു ഷോപ്പിങ് മാളിന്റെ പേര് ‘ക്വീൻ എലിസബത്ത് പ്ലാസ’ എന്നായിരുന്നു. ശാന്തമായ നഗരപാതയുടെ ഓരത്തൂടെ ശാന്തമായി ഒറ്റയ്‌ക്കും തെറ്റയ്‌ക്കും രാവിലെനടത്തക്കാർ കടന്നുപോയി. മിസ്‌റ്റ് എന്നും സ്‌നോ എന്നും വൈറ്റ്‌ഹൗസ് എന്നുപോലും പേരുള്ള വീടുകൾ അവിടെ കാണായി. മഞ്ഞിലും കുളിരിലും മരതകഭംഗിയിലും ബ്രിട്ടിഷുകാർ ശ്രദ്ധാപൂർവം ഈ പട്ടണം പടുത്തുയർത്തിയിട്ട് 200 വർഷമാവുന്നേയുള്ളൂ. അതിനു തുടക്കമിട്ട്, നുറേലിയയിലെത്തിയ ആദ്യ വിദേശസഞ്ചാരി, ഡോ. ജോൺ ഡേവി ഇവിടം കണ്ട് എഴുതിവച്ചു: ‘ഓ... എത്ര സുന്ദരം...കുളിരുള്ള കാലാവസ്‌ഥ. എന്നിട്ടും, മനുഷ്യവാസമില്ലാത്തത്. വന്യമൃഗങ്ങളാണ് ഈ സ്‌ഥലം കയ്യടക്കിവച്ചിരിക്കുന്നത്...’ 

ഡേവിയുടെ ഗൈഡുകൾ ഈ സ്‌ഥലത്തെ നുറേലിയപ്പട്ടണം എന്നു വിളിച്ചു. ഡേവിയുടെ സന്ദർശനത്തിനു നാൽപതു വർഷത്തിനുശേഷം 1859ൽ ഇവിടെയെത്തിയ, ശ്രീലങ്കയുടെ കൊളോണിയൽ സെക്രട്ടറിയായിരുന്ന സർ ജെയിംസ് എമേഴ്‌സൺ ടെന്നന്റ് ഈ താഴ്‌വരഗ്രാമത്തിന് തങ്ങൾക്കു ചേരുന്ന രീതിയിലുള്ള ഒരു പട്ടണനിർമിതിക്കു സാധ്യതയുണ്ടെന്നു കണ്ടെത്തുകയും നുവാരാ –ഏലിയ എന്ന പേരിനെ ‘റോയൽ സിറ്റി ഓഫ് ലൈറ്റ്’ എന്നു വിശേഷിപ്പിക്കുകയും ചെയ്‌തു. ലിറ്റിൽ ഇംഗ്ലണ്ട് പിറവികൊള്ളുകയായി. സിലോണിലെ ബ്രിട്ടിഷ് ഗവർണർ ആയിരുന്ന സർ എഡ്വേഡ് ബാർനസ് ( 1820– 1831) അവിടെ ആദ്യത്തെ ബ്രിട്ടിഷ് ബംഗ്ലാവ് പണിയിച്ചു, 6000 പൗണ്ട് ചെലവുചെയ്‌ത്. ആ ബംഗ്ലാവാണ് ഇന്ന് ഇവിടത്തെ ഏറ്റവും പ്രശസ്‌തമായ, ഏറ്റവും പ്രാചീനമായ ഗ്രാൻഡ് ഹോട്ടലായി മാറുന്നത്. വിക്‌ടോറിയൻ വാസ്‌തുകലയുടെ ഉത്തമനിദർശനമാണ് ആ ഹോട്ടൽ.

റോഡുകൾ, അധികം വൈകാതെ കാൻഡിയിൽനിന്നുള്ള റെയിൽവേ ലൈൻ (ഇപ്പോൾ ദിവസം രണ്ട് ട്രെയിനുകൾ) എന്നിവയൊക്കെ യാഥാർഥ്യമായി. തേയിലത്തോട്ടങ്ങൾ ഉണ്ടായതോടെ എത്രയോ വിദേശികൾ ഇവിടെ കൂടുവച്ചു. ‘ശ്രീലങ്കയിൽ ഇറ്റാലിയൻ കാലാവസ്‌ഥയോ’എന്ന അന്തംവിടലിൽ അവരിൽ പലരും ശിഷ്‌ടകാലം ഇവിടെത്തന്നെ ജീവിച്ചു. ഇവിടെയും കാൻഡിയിലുമുള്ള സെമിത്തേരികളിൽ മരിച്ചുകഴിഞ്ഞും കഴിഞ്ഞുകൂടാനും തീരുമാനിച്ചു. പിന്നെപ്പിന്നെ, നുറേലിയയിൽ കുതിരപ്പന്തയങ്ങളും ജിംഘാനകളും കുതിര, ശ്വാന, പുഷ്‌പപ്രദർശനങ്ങളും പതിവായി. ബ്രിട്ടിഷ് ശൈലിയിലുള്ള ക്ലബ് – റസ്‌റ്ററന്റ്– പാർട്ടി സാമൂഹിക ജീവിതം സജീവമായി...കൊളോണിയൽ വാഴ്‌ച അവസാനിച്ചിട്ടും ആ കാലത്തെ കൈവിടാൻ നുറേലിയ മടിച്ച് ഇവിടെയെത്തുന്ന ദേശീയവാദികളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു.അല്ല, നുറേലിയയുടെ ചരിത്രം പറഞ്ഞുനിൽക്കാനല്ലല്ലോ ഞങ്ങൾ ഇവിടെ എത്തിയത്. കുറച്ചു നാഴികയപ്പുറത്ത് സീതയുണ്ട്; സീതപ്പുഴയുണ്ട്; സീതപ്പൂക്കളുമുണ്ട്. സീതാ ഏലിയയിൽ (സീതയുടെ ഇടം) എത്താൻ ഇനിയും വൈകിക്കൂടാ.

ഇരുപതു മിനിറ്റോളം യാത്ര. പൂക്കളുടെ മണമുള്ള വഴി. വഴിത്താരകളിൽ അപ്പോഴും ബാക്കിനിൽക്കുന്ന ഇളംമഞ്ഞിന്റെ വെഞ്ചാമരം. കുളിരും മഞ്ഞും പൂക്കളും ചേർന്ന് ഓരോരോ വാതിലുകൾ തുറന്നു തന്നുകൊണ്ടിരുന്നു. അങ്ങനെ, ഞങ്ങൾ സീതയെ തടവിൽ പാർപ്പിക്കാൻ രാവണൻ കണ്ടെത്തിയ സ്‌ഥലത്തെത്തി. അശോകവനത്തിൽ! മേഘങ്ങളുടെ ആകാശോത്സവത്തിനുതാഴെ, ഘനവനത്തിന്റെ സാന്ദ്രതയ്‌ക്കിടയിൽ, ചെറുപുഴയുടെ പൂച്ചിരികൾ കേട്ട് ഇതാ സീതാ അമ്മൻ കോവിൽ. ക്ലേശപൂർണമായ ഈ യാത്ര ലളിതസൗന്ദര്യമാർന്ന ഒടുക്കത്തിലെത്തുകയാണ്.രാവണന്റെ കോട്ടയടക്കം ശ്രീലങ്കയിൽ അറുപതോളം  രാമായണ സ്മൃതിയിടങ്ങൾ ഉണ്ടെങ്കിലും ഇവിടമാണ് ഏറ്റവും വിശിഷ്ടം.

ദൂരെനിന്നേ കാണുകയായി, സീതയുടെ ആ ആലയം. ഒരു രാമായണമാസം  ഇവിടേക്കു കൈപിടിച്ചുനടത്തിയതോർത്ത്  ഞങ്ങളിലാരോ അത്ഭുതപ്പെട്ടു. സീതയായിരുന്നു  അവിടെയെങ്ങും. കാറ്റിലും കുളിരിലും പൂവിലും പൂമ്പാറ്റയിലും മന്ത്രത്തിലും മൗനത്തിലും സീത സാന്നിധ്യമറിയിച്ചു. സീത അമ്മൻകോവിൽ റോഡിനും കാടിനും ഇടയിലുള്ള സീതപ്പുഴയുടെ തീരത്താണ്. ശ്രീരാമ, ലക്ഷ്മണ സമേതയായ  സീതാദേവിയാണ് പ്രതിഷ്ഠ. പുതിയ ക്ഷേത്രവും പഴയ ക്ഷേത്രവുമുണ്ട്. ഞങ്ങളെ കാത്തുനിന്ന സുബ്രഹ്മണ്യം ശിവസുബ്രഹ്മണ്യം എന്ന ക്ഷേത്ര മാനേജർ അടുത്തു നിൽക്കുന്ന മറ്റു സഞ്ചാരികൾ കേൾക്കാതെ മെല്ലെ പറഞ്ഞു:– ഈ പഴയ ക്ഷേത്രത്തിലാണ് യഥാർഥ പ്രതിഷ്ഠ. സീതാക്ഷേത്രം ഇതുപോലെ ലോകത്തൊരിടത്തും ഇല്ലെന്നു പറയാം. രാമനോടൊത്തേ  സീതയേ പ്രതിഷ്ഠിക്കാവൂ. ശ്രീരാമനില്ലെങ്കിൽ  സീതയില്ലല്ലോ...

ആ ശ്രീരാമനിൽനിന്നു പറിച്ചെടുത്ത് സ്വന്തമാക്കാൻ, ലങ്കയിലെ രാജാവായ രാവണൻ ഇത്രയും ദൂരം സീതയെ കൊണ്ടുവന്നിട്ടും അതു സാധ്യമാക്കാതെ, രാവണമോഹത്തെ അപ്രസക്തമാക്കി വീണ്ടും രാമസമേതം കാലങ്ങളെ അഭിമുഖീകരിക്കാൻ സീതയെ പ്രാപ്തയാക്കിയ ഇതിഹാസവിധി കൗതുകത്തോടെ ഒാർത്തുപോകുന്നു. ഈ നുറേലിയയിലെ കുളിരും മഞ്ഞും പൂങ്കാറ്റും പൂമ്പാറ്റകളുമൊക്കെ ചിലപ്പോൾ സീതയുടെ മനസ്സിൽ തന്നോടുള്ള പ്രണയം ജനിപ്പിക്കും എന്നു കിനാക്കണ്ടിരിക്കണം രാവണൻ. അതുകൊണ്ടായിരിക്കണം, തന്റെരാജ്യത്തെ ഏറ്റവും മനോഹരമായ ഇടത്തുതന്നെ ജാനകിയെക്കൊണ്ടുവന്നു പാർപ്പിക്കാൻ രാവണപ്രഭുവിനു തോന്നിയതും. ദൈവമേ, പ്രണയത്തിനു തോന്നാത്തതെന്ത്? 

സീതാക്ഷേത്രത്തിനടുത്ത് ഒരു ചെറുമരം നിറയെ ചെറിയ പട്ടുതുണിക്കഷണങ്ങൾ കെട്ടിയിരിക്കുന്നു. ഇതിഹാസകഥയിലെ പതിവ്രതാരത്നത്തിനുള്ള  ഭക്തരുടെ വഴിപാടുകൾ, കുട്ടികളുണ്ടാവാൻ. കോവിലുകൾക്കുതാഴെയാണു  രാമായണത്തിലെ  അശോകവനം. പൈൻ, യൂക്കാലി മരങ്ങളാണ് അവിടം നിറയെ. ഈ കാട്ടിലെ ചില പൂക്കൾക്കു സീതപ്പൂ എന്നുതന്നെയാണു പേര്. സഞ്ചാരികൾക്കു പ്രവേശനമില്ല അശോകവനത്തിലേക്ക്.  രാവണൻ സീതയെ താമസിപ്പിച്ച സ്ഥലമാണു ക്ഷേത്രമായി മാറിയതത്രെ.  തമിഴ്നാട്ടിൽ നിന്നുള്ള പൂജാരിമാരാണ് ക്ഷേത്രത്തിലെ ആചാരങ്ങൾക്കു നേതൃത്വം നൽകുന്നത്. ഇന്ത്യയിൽ നിന്നുള്ള ഒട്ടേറെ സഞ്ചാരികൾ ക്ഷേത്രത്തിലെത്താറുണ്ട്. 

സമീപത്തുകൂടി ഒഴുകുന്ന സീതപ്പുഴയിലെ പാറയിൽ വലിയ കുഴികൾ. സീതാദേവിയെ കാണാനെത്തിയ ഹനുമാന്റെ പാദമുദ്രകളാണിവയെന്ന് സുബ്രഹ്മണ്യം ശിവസുബ്രഹ്മണ്യം പറഞ്ഞുതന്നു. ശിംശിപാ മരച്ചുവട്ടിലെ സീതാദേവിയെ കണ്ട് ഹനുമാൻ മുദ്രമോതിരം കൈമാറിയത് ഇവിടെ വച്ചാണത്രേ. ഹനുമാനുവേണ്ടിയും തൊട്ടടുത്തു തന്നെ ക്ഷേത്രമുണ്ട്. ഹനുമാൻ സീതയെ കണ്ടെത്തിയ വിവരമറിഞ്ഞ രാവണൻ ആർക്കും കണ്ടെത്താനാവാത്ത പല ഒളിയിടങ്ങളിലേക്കും  സീതയെ മാറ്റിയെന്നും പറയുന്നു. 

എന്നിട്ടും, സീത രാമനിലേക്കുതന്നെ എത്തി! 

ഒരു വാർത്താവതാരകന്റെ നിർവികാരതയോടെ കഥ പറഞ്ഞുകൊണ്ടിരിക്കവേ സുബ്രഹ്മണ്യം ശിവസുബ്രഹ്മണ്യത്തോടു ചോദിച്ചു:

– എത്ര കാലമായി ഇതേ കഥ പറയുന്നു?

– എത്രയോ വർഷങ്ങൾ

രാമകഥയിൽനിന്ന് ആത്മകഥയിലേക്കു പൊടുന്നനേ മാറുമ്പോൾ അദ്ദേഹത്തിൽ പെട്ടെന്നൊരു ഭാവമാറ്റം കണ്ടു.

– ഹോട്ടൽ മാനേജ്മെന്റാണ് എന്റെ വിഷയം. പല വമ്പൻ  ഹോട്ടലുകളിലും ജോലി ചെയ്തു. ഒടുവിൽ, ഇതേ  കഥ, കഥ പറയാവുന്ന കാലത്തോളം പറഞ്ഞുകൊണ്ടേയിരിക്കാൻ എന്നെ ഇങ്ങോട്ടു ക്ഷണിക്കുകയായിരു ന്നു... അതായത്, ഞാൻ തിരഞ്ഞെടുത്തതല്ല, എന്നെ തിരഞ്ഞെടുത്തതാണെന്ന്...ആ തിരഞ്ഞെടുപ്പിലെ മുഴുവൻ ആനന്ദവും അപ്പോൾ അദ്ദേഹത്തിൽ കാണായി.

എന്തൊക്കെയോ ഒാർത്തുനിൽക്കവേ കാട്ടിൽനിന്നൊരു കാറ്റ് വന്ന് പൂമണം തൊടുവിച്ചു കടന്നുപോവുന്നു. ഇനി യാത്ര പറയാം, കാലങ്ങളായി ഈ ശിംശിപാചുവട്ടിലിരിക്കുന്ന  ഇതിഹാസവിരഹിണിയോട്.അനശ്വരതയെ അധികനേരം അഭിമുഖീകരിക്കാൻ  ഒരു മനുഷ്യനും അനുവാദമില്ലല്ലോ. മടക്കക്കാറിൽ ഇരിക്കുമ്പോൾ ഞങ്ങളാരും കുറേ നേരത്തേക്ക് ഒന്നും സംസാരിച്ചില്ല. കാറ്റും കുളിരും പൂക്കളും വിരഹവും പ്രണയവും ഇതിഹാസവുമൊക്കെ പിന്നിലുപേക്ഷിച്ച് കാർ മഹാനഗരത്തിലേക്ക് ഭ്രാന്തമായി ഒാടിക്കൊണ്ടേയിരുന്നു. 2016

വഴികളേ , എന്നെ  കൊണ്ടുപോവതെങ്ങ്

ഹരികൃഷ്ണന്‍

മനോരമ ബുക്സ്

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യാം

English Summary : Vazhikale Enne Kondupovathengu? Travelogue By Harikrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com