ADVERTISEMENT

ആ രാത്രികളിലെ സ്വപ്നങ്ങളിലൊന്നിൽ ഒരു കുന്നിൻമുകളിൽനിന്ന് അസ്തമയം കാണുമ്പോൾ എന്റെ മുന്നിൽ കാഴ്ച മറഞ്ഞ് ഒരാൾ നില്പുണ്ടായിരുന്നു. പെട്ടെന്ന് അയാൾ എന്റെനേരെ തിരിഞ്ഞു. അദ്ഭുതം!  ഇരുപതിലേറെ വർഷം മുൻപ് എനിക്കു നഷ്ടമായ കൂട്ടുകാരനെ ഞാൻ കണ്ടു. ചിരിനിറഞ്ഞ ആ മുഖം അവിടെ ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല. അത്രയേറെ തകർന്നുപോയ ഒരു സൗഹൃദമായിരുന്നു ഞങ്ങളുടേത്. അസ്തമയം പൂർണമാക്കാതെ ആ സ്വപ്നത്തിൽനിന്ന് ഉണരുമ്പോൾ,  ഞങ്ങൾക്കിടയിൽ നഷ്ടമായ വർഷങ്ങൾ എന്നെ അമ്പരിപ്പിച്ചു. വീണ്ടും ഞങ്ങൾ കണ്ടുമുട്ടാനും സുഹൃത്തുക്കളാകാനുമുള്ള സാധ്യതയിൽ എനിക്കു സന്തോഷം തോന്നി. ‘സൂര്യാസ്മയത്തിൽ ഒരു മോഹം’, കോ ഉൻ ആരംഭിക്കുന്നു, ‘ഒരു തടിച്ച നിലാവിനുതാഴെ ഒരു ചെന്നായ ആകാൻ.’ ശരിയാണ്‌. സത്യമായ വികാരത്തിനു ചെന്നായയെക്കാൾ നല്ല പ്രതീകമില്ല.

എന്താണു കവിത എന്നതാണു ലോകത്തിലെ ആദ്യ ചോദ്യമെന്നു കോ ഉൻ പറയുന്നു. സത്യത്തിൽ എന്താണു പ്രതീകം, എന്താണു സത്യം എന്നതാണ്‌ ഏറ്റവും പ്രാചീനമായ ചോദ്യം. 

Ko-Un-Barbara-Zanon-Getty-Images
കോ ഉൻ, Image credit: Barbara-Zanon/Getty-Images

60,000 വർഷം മുൻപ് മുൻപ് നിയാണ്ടർത്തൽ മനുഷ്യർ മരിച്ചവരെ അടക്കുന്ന കുഴി പച്ചിലകളും പൂക്കളും കൊണ്ട് അലങ്കരിച്ചിരുന്നു. ഇറാഖിലെ ഷാനിദർ ഗുഹയിൽ ഇത്തരമൊരു കുഴിമാടം കണ്ടെത്തിയിരുന്നു. കൊറിയയിൽ കണ്ടെത്തിയ ഇരുപതിനായിരം വർഷം പഴക്കമുള്ള ഒരു കുഞ്ഞിന്റെ മൃതദേഹ അവശിഷ്ടത്തിനൊപ്പവും പൂക്കളുടെ ഫോസിൽ കണ്ടെത്തി. മരിച്ചവർക്കുള്ള ആദരമായി നാം വച്ച ആപൂക്കളാണു നമ്മുടെ ആദ്യകവിത. 

ലബനീസ് കവിയും ചിത്രകാരിയുമായ  അടൽ അഡ്നാന്റെ പ്രശസ്തമായ ടൈം എന്ന കാവ്യഗ്രന്ഥം ആരംഭിക്കുന്നത്, ‘എനിക്കു മരിക്കാൻ ഭയമില്ല, കാരണം എനിക്ക് മരണപരിചയം ഇതേവരെയുണ്ടായിട്ടില്ല’ എന്ന വാക്യത്തോടെയാണ്. അടൽ അഡ്നാൻ ഒരു ദൃശ്യകലാകാരി കൂടിയായിരുന്നു. ലബനൻ ആഭ്യന്തരയുദ്ധകാലത്ത് പാരിസിലേക്കു പലായനം ചെയ്ത അവർ പിന്നീടു വർഷങ്ങളോളം കലിഫോർണിയയിലാണു ജീവിച്ചത്.  ഫ്രഞ്ചിൽ കവിതയെഴുതുകയും ചെയ്തു. അപമൃത്യുവിനും തിരസ്കാരങ്ങൾക്കും നടുവിലായിപ്പോയ ഒരു ജനതയുടെ പ്രാതിനിധ്യമുള്ള ആ കവിതകളിൽ ഒരു സ്ത്രീയെന്ന നിലയിൽ താൻ അനുഭവിച്ച ലോകത്തെയും അവർ രേഖപ്പെടുത്തി.   

എനിക്ക്‌ മരണഭയമില്ല എന്ന വാക്യത്തിനൊപ്പം ഞാൻ കോഴിക്കോട്ട്‌ ഏതാനും വർഷം മുൻപ്‌ എന്റെ സ്കൂട്ടർ സർവ്വീസ്‌ ചെയ്തിരുന്ന് ഒരു ചെറുപ്പക്കാരനെ ഓർത്തു. ഒരു ദിവസം അയാൾക്ക്‌ ഉത്സാഹം കണ്ടില്ല. എന്നോടു പുതിയ വണ്ടി വാങ്ങൂ എന്ന് ഉപദേശിച്ചു. സന്ധ്യക്ക്‌ എന്നെ വിളിച്ചു, വണ്ടി നന്നാക്കി വച്ചിട്ടുണ്ട്‌, ഇന്നുതന്നെ എടുക്കണം, നാളെ അവധിയായിരിക്കും എന്നു പറഞ്ഞു. ഞാൻ അന്നുതന്നെ പോയി എടുത്തു.

time-poem-adal

അന്നു രാത്രി ആ ചെറുപ്പക്കാരൻ ജീവനൊടുക്കി. ഞാൻ ഭയന്നുപോയി, അയാളുടെ സങ്കടങ്ങൾ ഞാൻ ശ്രദ്ധിക്കാതിരുന്നത്‌, തിരിച്ചു വിളിക്കാതിരുന്നത്‌ അയാളെ വിഷമിപ്പിച്ചിട്ടുണ്ടാകുമോ? 

“Some say they can recall a thousand years

Some say they have already visited the next thousand years

On a windy day

I am waiting for a bus”

ഞാൻ ബസ്‌ കാത്ത്‌ നിൽക്കുകയായിരുന്നു. ഡോ. എം കുഞ്ഞാമൻ മരിച്ചെന്ന് ഒരു മെസേജ്‌ അപ്പോൾ വാട്സാപ്പിൽ വന്നു. ആ ദിവസം മുഴുവനും ഞാൻ മൈക്കിൽ സംസാരിക്കുകയായിരുന്നു. എന്തൊരു നിരത്ഥകം, ഇതെല്ലാം വിട്ട്‌ തലേദിവസം ഞാൻ സാറിനെ കാണാൻ മാത്രം തിരുവനന്തപുരത്തു ചെന്നിരുന്നുവെങ്കിൽ? 

ഓ! നീ വിചാരിക്കുന്നുണ്ടോ നിനക്ക്‌ മരണം തടയാനാകുമെന്ന്? 

കോവിഡ്  അടച്ചിരുപ്പ്  ആരംഭിക്കുന്ന ദിവസങ്ങളിലൊന്നിലാണ്, പത്രത്തിലേക്ക് ഒരു ലേഖനം ചോദിച്ച് ഞാൻ അദ്ദേഹത്തെ ആദ്യമായി വിളിക്കുന്നത്. എഴുതാനാവില്ല, പറഞ്ഞുതരാമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഞാൻ സമ്മതിച്ചൂ.അദ്ദേഹം ഫോണിലൂടെ ഓരോ വാക്യവും പറഞ്ഞുതന്നു. ഞാനത് എഴുതിയെടുത്തു. പിന്നീടും പലവട്ടം അദ്ദേഹത്തെ ഞാൻ കേട്ടെഴുതിയിട്ടുണ്ട്.  ജാതീയമായി ഒരാൾ നേരിടുന്ന നിന്ദകളെ വിദ്യാഭ്യാസം കൊണ്ടും രാഷ്ട്രീയാധികാരം കൊണ്ടും മറികടക്കുന്നതെപ്പറ്റി പലവട്ടം സംസാരിച്ചു. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമായിരുന്നു അദ്ദേഹം നടത്തിയത്. ഒരുപക്ഷേ നമ്മിൽ പലരും ജീവിതത്തിൽ ഈ അന്തസ്സിന്റെ പ്രശ്നം അനുഭവിച്ചിട്ടില്ല, അതിനാൽ അവർക്ക്‌ കുഞ്ഞാമൻ നടത്തിയ ആത്മപ്രകാശനം എന്താണെന്നു മനസ്സിലായില്ല. 

ഡോ.എം.കുഞ്ഞാമൻ തിരുവനന്തപുരത്തെ വീടിനു മുന്നിൽ. (ഫയൽ ചിത്രം∙മനോരമ)
ഡോ.എം.കുഞ്ഞാമൻ തിരുവനന്തപുരത്തെ വീടിനു മുന്നിൽ. (ഫയൽ ചിത്രം∙മനോരമ)

ഡോ. എം. കുഞ്ഞാമൻ മുന്നോട്ടുവച്ച സാമൂഹിക,രാഷ്ട്രീയ നിരീക്ഷണങ്ങളുടെ ആത്മാവ് ഈ മനുഷ്യാവകാശം തന്നെയായിരുന്നു. ഇളവില്ലാത്ത ക്ഷോഭത്തോടെ, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ അദ്ദേഹം അധികാരത്തോടും അതിന്റെ പ്രതിനിധാനങ്ങളോടും കലഹിച്ചു. “ഇന്ത്യൻ ഭരണഘടന പൗരനാണു കേന്ദ്രസ്ഥാനം നൽകുന്നത്. പൗരൻ ഭരണകൂടത്തിനും മീതെയാണ്. മനുഷ്യാവകാശ സംരക്ഷണമാണു ഭരണഘടനയുടെ  അന്തഃസത്ത.  പൗരൻ അഥവ വ്യക്തിയെന്നതു ഭരണകൂടം, രാഷ്ട്രീയപാർട്ടി, പ്രസ്ഥാനങ്ങൾ, മതങ്ങൾ എന്നിവയ്ക്കെല്ലാം അതീതമാണ്. വ്യക്തിയെ മഹത്വവൽക്കരിക്കാൻ കാരണമുണ്ട്. വ്യക്തിയാണു ചിന്തിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടി ചിന്തിക്കുന്നില്ല. ഭരണകൂടവും ചിന്തിക്കുന്നില്ല. ഇക്കാരണത്താൽ വ്യക്തികളെ ചുരുക്കിക്കാണാൻ പാടില്ല. വ്യക്തിസ്വാതന്ത്ര്യം അനിയന്ത്രിതവും പരിധിയില്ലാത്തതുമാണ്. ഭരണകൂടമോ രാഷ്ട്രീയ പാർട്ടികളോ വ്യക്തിസ്വാതന്ത്ര്യം നിയന്ത്രിക്കാൻ ശ്രമിക്കരുത്. " - ഇതു കുഞ്ഞാമൻ എഴുതിയതാണ്‌.

പൊതു വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായം തേടിക്കൊണ്ട് ഞാൻ ആരംഭിച്ച സംഭാഷണങ്ങൾ അവസാനിക്കുന്നതു  ധൈഷണികമായും വൈകാരികമായും എനിക്ക്‌ ആത്മവിശ്വാസം പകർന്നായിരുന്നു.  എനിക്ക്‌ മനസ്സിലായില്ല, എന്തിനാണ്‌ ഈ മനുഷ്യൻ എപ്പോഴും മനസ്സിൽ വരുന്നത്‌?   

ഡോ.എം.കുഞ്ഞാമൻ. (ഫയൽ ചിത്രം∙മനോരമ)
ഡോ.എം.കുഞ്ഞാമൻ. (ഫയൽ ചിത്രം∙മനോരമ)

അറിവാണോ ആനന്ദമാണോ വലുത് എന്ന  ചോദ്യം ഒരിക്കൽ കക്കാടു കോയ ഒരു പ്രസംഗത്തിൽ ഉയർത്തിയത് ഞാൻ ഓർക്കുന്നു. അന്നു ഹൈസ്കൂൾ വിദ്യാർഥിയായിരുന്ന എനിക്ക് ആ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത് എന്തായിരുന്നുവെന്ന്  ഇപ്പോൾ ഓർമിക്കാനാവുന്നില്ല. എന്നാൽ, വിചിത്രമായ ഒരു ഓർമ പോലെ, അറിവാണോ ആനന്ദമാണോ വലുത് എന്ന ചോദ്യം മാത്രം എന്റെ പിന്തുടർന്നുവന്നു. കക്കാടു കോയ വിസ്മൃതനായി. അതിനുമുൻപേ താൻ ഉന്നയിച്ച ചോദ്യം അദ്ദേഹം മറന്നു. ഞാൻ അത്‌ മറക്കാതിരുന്നത്‌ ഞങ്ങൽക്കിടയിൽ പൊതുവായ മറ്റെല്ലാം മണ്ണടിഞ്ഞതുകൊണ്ടാണ്‌. പക്ഷേ, അറിവിനെക്കാൾ വലുത് ആനന്ദമാണ് എന്നു ഞാൻ വിശ്വസിക്കുന്നു. ആനന്ദം കൊണ്ടുവരുന്ന ജ്ഞാനത്തോളം വരില്ല മറ്റൊന്നും. 

അവിടേക്ക് എത്താൻ  എളുപ്പമല്ലെന്നും എനിക്കറിയാം. എനിക്ക്‌ സൈദ്ധാന്തികരെ തിരസ്കരിക്കാൻ കഴിയുന്നു.  കുഞ്ഞാമൻ സർ പറയുന്നു, ഞാൻ പകർത്തിയെഴുതുന്നു: 

“സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുമ്പോൾ, ചില മാറ്റങ്ങൾ അനിവാര്യമായി വരുന്നു. തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം എന്നതു യഥാർഥത്തിൽ ജനാധിപത്യത്തിന്റെ നിരാസമാണ്. വിജയിക്കുന്ന പാർട്ടികൾക്കോ മുന്നണികൾക്കോ മൊത്തം സീറ്റുകളുടെ 55 ശതമാനത്തിലേറെ വരാൻ പാടില്ല. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായും പ്രധാനമന്ത്രി ഭരണവും മുഖ്യമന്ത്രി ഭരണവും ആണു നിലനിൽക്കുന്നത്. മഹാഭൂരിപക്ഷത്തോടെ ജയിക്കുന്നവരെ ചോദ്യം ചെയ്യാനോ എതിർക്കാനോ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.  ഭരണാധികാരികൾ ഭയം സൃഷ്ടിക്കുന്നു. നിയമനിർമാണസഭകളിൽ പോലും അഭിപ്രായസ്വാതന്ത്ര്യം ഇല്ല.

ethiru-kunhaman

ഈ സ്ഥിതിയിൽ തിരഞ്ഞെടുപ്പുകൾ ഇനിയും പരിഷ്കരിക്കേണ്ടതുണ്ട്.  ഏതു വ്യക്തിക്കും മത്സരിക്കാൻ കഴിയുന്ന വിധത്തിൽ തിരഞ്ഞെടുപ്പു ചെലവുകൾ ചുരുക്കണം. അങ്ങനെ വരുമ്പോൾ ജനാധിപത്യത്തിൽ പണാധിപത്യത്തിന്റെ പ്രധാന്യം കുറയും.

ഭരണാധികാരികളുടെ മനുഷ്യവൽക്കരണം മറ്റൊരു അനിവാര്യതയാണ്. തങ്ങൾ അമാനുഷരല്ല എന്ന യാഥാർഥ്യബോധം അവർക്കുണ്ടാകണം. പൗരന്മാരുടെ ലക്ഷ്യം ഭരണാധികാരമുക്തമായൊരു സാമൂഹ്യസൃഷ്ടിയാണ്.  വ്യക്തിയെ കേന്ദ്രസ്ഥാനത്തു വയ്ക്കുന്ന ഭരണഘടനയുള്ള ഒരു രാജ്യം എന്ന നിലയിൽ നാം നമ്മുടെ ജനാധിപത്യ മൂല്യങ്ങളെ ജീവിതചര്യയായി മാറ്റേണ്ടതുണ്ട്. ഭാവിയിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് ഇത് അനിവാര്യമാണ്.”

മനുഷ്യനു ആത്മാഭിമാനം നിഷേധിക്കപ്പെടുന്ന ഒരു സാമൂഹികഘടനയിൽ നിങ്ങൾ സ്വന്തം ജീവിതം തന്നെ വച്ച് പോരാടണമെന്ന് അദ്ദേഹം നിരന്തരം പറഞ്ഞു. മെറ്റാഫിസിക്സോ കവിതയോ അല്ല സാമ്പത്തികാധികാരമാണ്‌ പ്രധാനമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. എന്നാൽ മരണം എന്താണു നമ്മുക്ക്‌ നൽകുക എന്ന് പറഞ്ഞുതരാൻ കുഞ്ഞാമൻ ഉത്സാഹം കാട്ടിയില്ല. 

“What is this world?

Here’s a butterfly fluttering by

and there’s a spider’s web”

ആ ചിലന്തിവലയിലാണു നാം. അദ്ദേഹം സ്വന്തം ജീവിതം കൊണ്ട്‌ തകർക്കാൻ നോക്കിയ കോട്ടകളെ നേരിടാൻ നാം ശേഷിക്കുന്നു. അതായിരിക്കാം നീതിക്കുവേണ്ടിയുള്ള നിത്യസമരത്തിൽ കുഞ്ഞാമൻ നമ്മോട്‌ ആവശ്യപ്പെടുന്ന ഉത്തരവാദിത്തം;സമരങ്ങൾ അവസാനിക്കുന്നില്ലെന്നത്‌, സമരം ചെയ്യാൻ നമ്മുക്കിനിയും സമയമുണ്ട്‌ എന്നത്‌. 

English Summary:

The Crossroads of Literature and Politics: Understanding Human Dignity and Freedom by Paying Homage to Dr M Kunhaman and his Vision for Individual Rights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com