ADVERTISEMENT

സർഗാത്മക നിർഭയത്വത്തിന്റെയും ധൈഷണിക ജാഗ്രതയുടെയും മറുപേരായിരുന്നു പി.കെ. ബാലകൃഷ്ണൻ. കഴുത്തിനേക്കാളും എഴുത്തിനെ വിലമതിച്ച നെഞ്ചുറപ്പുള്ള ചിന്തകനും എഴുത്തുകാരനും ചരിത്രകാരനും പത്രപ്രവർത്തകനുമായിരുന്നു അദ്ദേഹം. ആരെയും കൂസാതെ അദ്ദേഹം അഭിപ്രായങ്ങൾ  വെട്ടിത്തുറന്നു പറഞ്ഞു. യുട്യൂബ് കാലത്തിനു മുൻപും മലയാളത്തിൽ സ്വതന്ത്രചിന്തയുണ്ടായിരുന്നു; അതിന്റെ മുൻനിരയിൽത്തന്നെ ബാലകൃഷ്ണനും. ധിഷണയിൽ തീയുമായി നടന്നിരുന്ന ആ സാഹസികനെ ബഷീർ സ്നേഹപൂർവം ‘മിസ്റ്റർ തോട്ടൻ’ എന്നു വിളിച്ചു. (തോട്ടെന്നാൽ ചിന്തയാണല്ലോ. സദാ ചിന്താമഗ്നനായവൻ തോട്ടൻ!). 

സായ്പിനു മുന്നിൽ മാത്രമല്ല, മലയാളിപ്രഭുക്കൻമാർക്കു മുന്നിലും അദ്ദേഹം നടുവളച്ചു വായ്പൊത്തി നിന്നില്ല. വ്യവസ്ഥിതിയെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. വിഗ്രഹഭഞ്ജനമായിരുന്നു ഇഷ്ടമുള്ള നേരംപോക്ക്. സി.ജെ. തോമസായിരുന്നു അക്കാര്യത്തിൽ മാർഗദീപം. സാക്ഷാൽ സഹോദരൻ അയ്യപ്പൻ പങ്കെടുത്ത യോഗത്തിൽ വച്ച് അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കാൻ ബാലകൃഷ്ണൻ മടിച്ചില്ല. സഹോദരനെപ്പോലുള്ള സമുദായവാദികൾ കാലഹരണപ്പെട്ടെന്നാണ് തുറന്നടിച്ചത്. സൗമ്യമായിരുന്നു സഹോദരന്റെ മറുപടി. ആ തന്റേടം ഇഷ്ടമായ സഹോദരൻ, നല്ല മിടുക്കനായ ചെറുപ്പക്കാരനെന്നു ബാലകൃഷ്ണനെ വിശേഷിപ്പിച്ചു. പ്രസംഗത്തിൽ ആദർശബോധത്തിന്റെ തുടിപ്പുണ്ടെന്നും എന്നാൽ അടിസ്ഥാനപരമായ വീക്ഷണം തകരാറിലാണെന്നും സഹോദരൻ പറഞ്ഞുവച്ചു. ആ വിശാലമനസ്കത ബാലകൃഷ്ണനെ സഹോദരൻ അയ്യപ്പനിലേക്ക് അടുപ്പിച്ചു. 

PK-balakrishnan
പി.കെ.ബാലകൃഷ്ണന്‍

ഗാന്ധിജിയെപ്പോലും ബാലകൃഷ്ണൻ വിമർശനത്തിൽ നിന്നു വെറുതെവിട്ടില്ല. നിശിതമായി അദ്ദേഹത്തിന്റെ രാഷ്ട്രീയതത്വങ്ങളെയും പ്രയോഗങ്ങളെയും വിചാരണ ചെയ്തു. ‘മതാന്ധവിശ്വാസത്തെ രാഷ്ട്രീയത്തിനു വേണ്ടി ചൂഷണം ചെയ്യുന്നതിനു പകരം രാഷ്ട്രീയത്തെയാകെത്തന്നെ അന്ധാനുഷ്ഠാന ഭരിതമാക്കിയ ഒരു വ്യക്തിയാണ് അദ്ദേഹം’ എന്നായിരുന്നു ഗാന്ധിജിയെക്കുറിച്ചുള്ള വിലയിരുത്തൽ.

ജീവചരിത്രങ്ങളും സാഹിത്യനിരൂപണങ്ങളും രചിക്കുമ്പോഴും ഇനി ഞാൻ ഉറങ്ങട്ടെ, പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ തുടങ്ങിയ സർഗാത്മകകൃതികളിലൂടെ തന്റെ വലയ്ക്കു പരപ്പേറെയാണെന്ന് അദ്ദേഹം കാണിച്ചുതന്നു. ‘എഴുത്തിനു നിലവാരം പോരെന്നു’ പരിഹസിച്ച പത്രപ്രമാണിയോട് ‘എഴുത്തു മോശമാണെന്നു പറയേണ്ടത് നിങ്ങളല്ല, അക്ഷരാഭ്യാസമുള്ളവരാണ്’ എന്നു മുഖത്തടിച്ചു പറയാൻ ബാലകൃഷ്ണൻ മടിച്ചില്ല. പിറ്റേ ദിവസം തന്നെ അദ്ദേഹത്തെ പിരിച്ചുവിട്ടു. അതിൽ ഒരിക്കലും മനസ്താപമുണ്ടായിരുന്നില്ല. 

ദൈനംദിനപത്രപ്രവർത്തനത്തിന്റെ വിഴുപ്പുകൾക്കിടയിൽ ശ്വാസം മുട്ടി മരിക്കാൻ സ്വയം അനുവദിക്കാതിരുന്ന ബാലകൃഷ്ണൻ വായിച്ചും എഴുതിയും തന്റെ സർഗാത്മകതയെ സജീവമാക്കി നിർത്തി. ജാതിവ്യവസ്ഥിതിയും കേരളചരിത്രവും, എഴുത്തച്ഛന്റെ കല–ചില വ്യാസഭാരത പഠനങ്ങളും, കാവ്യകല കുമാരനാശാനിലൂടെ, കേരളീയതയും മറ്റും, ചന്തുമേനോൻ: ഒരു പഠനം തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ ആ പ്രതിഭയുടെ സാക്ഷ്യങ്ങളായുണ്ട്. അദ്ദേഹം എഡിറ്റു ചെയ്ത നാരായണഗുരു എന്ന ഗ്രന്ഥവും കാലാതിവർത്തിയായി തുടരുന്നു. ഗുരുവിന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ചു പുറത്തിറങ്ങേണ്ടിയിരുന്ന ഒരു സ്മരണികയെയാണ് അദ്ദേഹത്തിലെ എഡിറ്റർ അതിഗംഭീരമായ പുസ്തകമാക്കി മാറ്റിയത്.

PK-Balakrishnan-books

എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയായിരിക്കെയാണ് ബാലകൃഷ്ണൻ സ്വാതന്ത്ര്യസമരത്തിന്റെ കാഹളം കേട്ടിറങ്ങിയത്. പഠിക്കാൻ മിടുക്കനായിരുന്ന ആ വിദ്യാർഥി ചെന്നെത്തിയത് വിയ്യൂർ ജയിലിലാണ്. തുടർന്നു പഠിക്കാൻ മനസ്സുവയ്ക്കാതെ രാഷ്ട്രീയത്തിലേക്കും എഴുത്തിലേക്കും തിരിഞ്ഞു. മത്തായി മാഞ്ഞൂരാനെപ്പോലുള്ളവരുടെ വ്യക്തിവൈശിഷ്ട്യം രാഷ്ട്രീയപ്രവേശത്തിനു കാരണമായി. ജയിലിൽ കഴിയുന്ന കാലത്താണ് കെ. കരുണാകരനും പനമ്പിള്ളിയും പോലുള്ളവരുമായി അടുത്തത്. കരുണാകരനെ രാഷ്ട്രീയമായി വിമർശിക്കുമ്പോൾ പോലും സഹാനുഭൂതിയുടെയും കനിവിന്റെയും കാര്യത്തിൽ അദ്ദേഹം അസാധാരണനാണെന്നു ബാലകൃഷ്ണൻ പറഞ്ഞു. പ്രായോഗികരാഷ്ട്രീയത്തിന്റെ ഒത്തുതീർപ്പുകൾ തനിക്കു പറഞ്ഞിട്ടുള്ളതല്ലെന്നു മനസ്സിലാക്കിയപ്പോൾ പതുക്കെ അതിൽ നിന്നകന്നു പത്രപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 

PK-Balakrishnan-books-s

ബാലകൃഷ്ണന്റെ ധൈഷണികോർജത്തെയും സർഗാത്മകധിക്കാരത്തെയും അംഗീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയചിന്തകളിലെയും നിലപാടുകളിലെയും പിഴവുകളെയും കുറവുകളെയും വിലയിരുത്തുന്നതിന് അതൊരു തടസ്സമായിക്കൂടാ. ‘ടിപ്പുസുൽത്താൻ’ പോലുള്ള പുസ്തകങ്ങളിൽ അദ്ദേഹം മുന്നോട്ടുവച്ച നിഗമനങ്ങൾ ആ പുസ്തകം തീരും മുൻപു തന്നെ പാളിപ്പോകുന്നതു നാം കാണുന്നുണ്ട്. ദ്വന്ദ്വങ്ങളിൽ ചിന്ത കുരുങ്ങുന്നതിന്റെ പരിമിതികൾ അദ്ദേഹത്തിന്റെ രാഷ്ട്രീയലേഖനങ്ങൾക്കുണ്ട്. കറുപ്പിനും വെളുപ്പിനും ഇടയിൽ അതിന്റെ അസംഖ്യം നിറഭേദങ്ങളുണ്ടെന്ന് അദ്ദേഹം ചിലപ്പോഴൊക്കെ വിസ്മരിച്ചതുപോലെ തോന്നും. അക്കാദമികചരിത്രമെഴുത്തിന്റെ നെടുമ്പാതയോരങ്ങൾ വിട്ടാണു ബാലകൃഷ്ണൻ സഞ്ചരിച്ചത്; അതിന്റെ നിറവും കുറവും ആ രചനകളിൽ പ്രതിഫലിക്കുന്നു. 

B-jeyamohan
ജയമോഹൻ

‘ഉറവിടങ്ങൾ’ എന്ന പുസ്തകത്തിലെ ‘നാഞ്ചിനാട്: അടർന്നുപോയ കേരളം’ എന്ന ലേഖനത്തിൽ ജയമോഹൻ, ബാലകൃഷ്ണനുമായുള്ള ഒരു സംഭാഷണം ഓർത്തെടുക്കുന്നുണ്ട്. കേരളം സ്വന്തം അടയാളത്തെ ഉണ്ടാക്കിയെടുത്തതു വള്ളത്തോൾ, ഇഎംഎസ് തുടങ്ങിയവരിലൂടെയാണെന്നും പലതരം സാംസ്കാരികധാരകൾ കെട്ടുപിണയുന്ന ഡയലോജിക്കായ ഒരു സാംസ്കാരികത വിഭാവനം ചെയ്യാൻ അവർക്കു കഴിഞ്ഞില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞത് ജയമോഹൻ ഓർമിക്കുന്നു. ബാലകൃഷ്ണന്റെ വാക്കുകൾ ജയമോഹൻ ഉദ്ധരിക്കുന്നു: ‘മോണോലിതിക്കായ ഒരു സംസ്കാരമാണ് അവരുടെ ചിന്തയിൽ ഉണ്ടായിരുന്നത്. കേന്ദ്രബിന്ദു ഉള്ള ഒരു സംസ്കാരം. കേന്ദ്രബിന്ദു ഏതാണെന്ന് അന്വേഷിച്ച് അവർ പുറകിലേക്കു പോയി. എഴുത്തച്ഛനിലേക്കും സംസ്കൃതവ്യാകരണത്തിലേക്കും ചെന്നുചേർന്നു. അങ്ങനെയാണ് നമ്മുടെ സാംസ്കാരികചിഹ്നങ്ങൾ മുഴുവൻ‍ ഫ്യൂഡൽജീവിതത്തിന്റെ അടയാളങ്ങളായിത്തീരുന്നത്. ആഢ്യതയ്ക്കുള്ള വേണ്ടിയുള്ള മലയാളിയുടെ പരക്കംപാച്ചിലിന്റെ ഉറവിടം ഇതാണ്’. ഈ നിരീക്ഷണങ്ങളോടു യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ അതിന്റെ മൗലികതയെ അംഗീകരിച്ചേ മതിയാകൂ. 

ini-njan-urangatte-book

സാന്ദർഭികമായി ഒരു കാര്യം കൂടി ഓർമിക്കാം. എംടി ‘രണ്ടാമൂഴ’ത്തിൽ ഭീമനെ പൊക്കാൻ യുധിഷ്ഠിരനെ താഴ്ത്തിയെന്നും ‘ഇനി ഞാൻ ഉറങ്ങട്ടെ’യിൽ കർണനെ ഉയർത്താൻ അർജുനനെ ഒന്നു താഴ്ത്തിയെന്നും പറഞ്ഞ ജയമോഹനോട് ബാലകൃഷ്ണന്റെ മറുപടി ‘ഡാ..അതങ്ങനെയെ പറ്റുകയുള്ളൂ. ഒരാളെ ഹീറോയാക്കാൻ മറ്റേയാളെ താഴ്ത്തും. അതില്ലാതെ എഴുതാൻ പറ്റില്ല. ഇപ്പോ അങ്ങനെയല്ലാതെ എഴുതണമെങ്കിൽ മൊത്തം മഹാഭാരതം വീണ്ടും എഴുതണം’ എന്നായിരുന്നു. ‘എന്നാ പിന്നെ ഞാനെഴുതാം’ എന്നു ജയമോഹൻ തമാശയായി പറഞ്ഞപ്പോൾ തോളിൽ തട്ടി ബാലകൃഷ്ണൻ പറഞ്ഞു: ‘താനെഴുതുമെടോ. തനിക്കതിനു കഴിയും. ഒന്നുമല്ലെങ്കിലും നമ്മളൊക്കെ സി.വി.രാമൻപിള്ളയുടെ ആളുകളല്ലേ’. ‘വെൺമുരശ്’ എന്ന ഇരുപതിനായിരം പുറങ്ങളുള്ള മഹാഭാരത നോവലിന്റെ ആദിപ്രചോദനമായിരുന്നു ഈ സംഭാഷണം!

‘യുധിഷ്ഠിരാ, ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന ദ്രൗപദിയുടെ വാക്കുകളിലാണ് ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവൽ അദ്ദേഹം അവസാനിപ്പിച്ചത്. ചിന്തയാലും ഭാവനയാലും രാകി മുനകൂർപ്പിച്ച ബാലകൃഷ്ണന്റെ പുസ്തകങ്ങളാകട്ടെ ഇപ്പോഴും ഉറങ്ങാതെ, ജാഗ്രത്തായി സംവദിച്ചുകൊണ്ടിരിക്കുന്നു. വിട്ടുവീഴ്ചകളില്ലാത്ത വിമർശനവായനകളാകട്ടെ അവയെ കാത്തിരിക്കുന്നത്.

English Summary:

Remembering Writer P. K. Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com