ADVERTISEMENT

കള്ളന്റെ വിധി (കഥ)

രാത്രിയുടെ മറപറ്റി കള്ളൻ ഇടവഴിയിലൂടെ നടന്നുനീങ്ങി. കെട്ടിക്കിടക്കുന്ന വെള്ളക്കുഴികൾ ഒഴിവാക്കി നടക്കാൻ ശ്രമിച്ചെങ്കിലും, കണ്ണിൽ തുളച്ചുകയറിയ ഇരുട്ട് പലപ്പോഴും കാലുകളെ കൃത്യമായി ചെളിവെള്ളത്തിലെത്തിച്ചു. ദിവസം മുഴുവൻ തുടർച്ചയായി പെയ്ത മഴയുടെ തണുപ്പിൽ, ആ തണുപ്പിന്റെ ആലസ്യത്തിൽ, മനുഷ്യരും മൃഗങ്ങളുമെല്ലാം സുഖസുഷുപ്തിയിലാണെന്ന് അയാൾ കണക്കുകൂട്ടി. 

ഇപ്പോഴും ചെറുതായി ചാറിക്കൊണ്ടിരിക്കുന്ന മഴ, സാധാരണ രാത്രികാലങ്ങളിൽ ഇടവഴികളിൽ ഭീതിനിറക്കാറുള്ള തെരുവുപട്ടികളെപ്പോലും സുരക്ഷിതതാവളങ്ങളിലേക്ക് പിൻവലിയാൻ നിർബന്ധിതരാക്കിയിരിക്കുന്നു. വഴിയരികിലെ ചെടികളിലും മരങ്ങളിലും നിർത്താതെ ചിലച്ചുകൊണ്ടിരിക്കുന്ന ചീവീടുകളൊഴികെ മറ്റെല്ലാ ജീവികളും ഇപ്പോൾ, ഈ സമയത്ത് സുഖനിദ്രയിലാണെന്ന് കള്ളൻ ഉറപ്പിച്ചു.

കള്ളൻ ആകാശത്തേക്ക് നോക്കി. മേഘനിബിഢമായ ആകാശത്തോടൊപ്പം, കറുത്തവാവും കൂടെ ആയതുകൊണ്ട് പതിവ് ആകാശക്കാഴ്ചകളൊന്നും ഇന്ന് കാണാനില്ല. എല്ലാ കള്ളന്മാരുടെയും സ്വപ്നമാണ് ഇത്തരം രാത്രികൾ. വഴിയാത്രക്കാരെയോ, പോലീസിനെയോ, എന്തിന്, വിദഗ്ധമായി പ്രവർത്തിച്ചാൽ വീടുകളിലെ കാവൽനായ്ക്കളെപോലും നിഷ്പ്രയാസം കബളിപ്പിച്ച്‌ മോഷണം നടത്താൻ പറ്റിയ രാത്രി!

തന്റെ കുഞ്ഞുമക്കളെക്കുറിച്ച കള്ളൻ ഒരുനിമിഷം ചിന്തിച്ചുപോയി. താൻ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ രണ്ടുപേരും നല്ല ഉറക്കമായിരുന്നു. അധ്വാനിച്ചുജീവിച്ചു ഭാര്യക്കും മക്കൾക്കും ഉണ്ണാനും ഉടുക്കാനും കൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ചെറിയ ഒരു അശ്രദ്ധ ജോലി നഷ്ടപ്പെടുത്തി; അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യാതിരുന്നിട്ടും കള്ളൻ എന്ന വിളിപ്പേര് കിട്ടാൻ അതിടയാക്കി. പിന്നീട് പല ജോലികൾക്കും ശ്രമിച്ചെങ്കിലും, ‘കള്ളൻ’ എന്ന മുദ്ര എല്ലായിടത്തും വിനയായി. കള്ളനല്ലെന്നു തെളിയിക്കാൻ ആവുന്നത് ശ്രമിച്ചെങ്കിലും, ഒരിക്കൽ വീണ ചീത്തപ്പേര് അങ്ങനെതന്നെ നിലനിന്നു. 

അവസാനം, ഭാര്യയുടെ കുത്തുവാക്കുകളും നാട്ടുകാരുടെ പരിഹാസനോട്ടങ്ങളും അയാളെ ആ തീരുമാനത്തിലെത്തിച്ചു - ശരിക്കും ഒരു കള്ളനാവുക തന്നെ. ഇതൊന്നും ആരോടും പറയേണ്ടെന്ന് അയാൾ തീരുമാനിച്ചു. ഒരു ജോലിയാവശ്യത്തിനായി തിരുവനന്തപുരത്തേക്ക് പോകുന്നു എന്നുപറഞ്ഞാണ് ഇന്ന്, തന്റെ ജീവിതത്തിലെ ആദ്യമോഷണത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.  ഇടത്തരക്കാരും ചുരുക്കം ചില സമ്പന്നരും താമസിക്കുന്ന ആ കോളനിയിലെ ആദ്യവീട് ലക്ഷ്യമാക്കി കള്ളൻ നടന്നു. ‘പട്ടിയില്ല, വീട്ടുകാർ നല്ല ഉറക്കമാണ്. ബുദ്ധിപൂർവം പ്രവർത്തിച്ചാൽ നിസ്സാരമായി തുറക്കാവുന്ന വാതിലുമാണ്’ - കള്ളൻ പ്രാഥമിക വിലയിരുത്തലിൽ ഇത്രയും കാര്യങ്ങൾ ഗ്രഹിച്ചു. 

thief-455
പ്രതീകാത്മക ചിത്രം

വീടിന്റെ സൈഡിലായി, അടുക്കള ജനാലയ്ക്കരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ആദ്യമൊന്ന് തപ്പിനോക്കാൻ കള്ളൻ തീരുമാനിച്ചു. ഡോറിന്റെ ലോക്കിൽ കൈവച്ചതും, അടുക്കളയിൽ ആളനക്കം ഉള്ളതായി മനസ്സിലായി. കള്ളൻ ചെവിയാർത്തു. ജനലിന്റെ ചെറിയ വിടവിലൂടെ, മെഴുകുതിരിവെട്ടത്തിൽ സ്റ്റവിൽ വെള്ളം ചൂടാക്കുന്ന ഒരാളെ കണ്ടു. വെള്ളം അല്പം ചൂടായതേ, അയാൾ ഒരു കയ്യിൽ പാത്രവും, മറുകൈയിൽ മെഴുകുതിരിയുമായി അകത്തെ മുറിയിലേക്ക് പോയി. കള്ളന് ജിജ്ഞാസയായി. വീടിനു പുറകുവശത്തൂടെ നടന്ന കള്ളൻ, മറ്റൊരു മുറിയുടെ ജനാലയിൽ മെഴുകുതിരിവെട്ടത്തിന്റെ തിളക്കം കണ്ടു. ജനാലക്കരികിൽ നിന്ന് കള്ളൻ അകത്തെ സംഭാഷണം ശ്രദ്ധിച്ചു.

‘‘മോന് പനി തീരെ കുറയുന്നില്ലല്ലോ. നിങ്ങളോടു ഞാൻ പകൽ എത്രവട്ടം പറഞ്ഞതാ ഏതെങ്കിലും ആശുപത്രിയിൽ കാണിക്കാമെന്ന്? അന്നേരം അച്ഛനേം അമ്മയേംകൊണ്ട് വൈദ്യരുടെയടുത്ത് പോകാനായിരുന്നു തിടുക്കം,’’ അയാളുടെ ഭാര്യയായിരിക്കണം ആ സംസാരിക്കുന്നത്. കുഞ്ഞിന്റെ അസുഖമാണ് വിഷയം.

‘‘ അച്ഛനും അമ്മയ്ക്കും പ്രായമായില്ലേ? ഈ മഴക്കാലത്തു അവർക്ക് വാതത്തിന്റെ അസ്വസ്ഥതകളും കൂടും. അവരുടെ ഒരേയൊരു മകനായ ഞാനല്ലാതെ പിന്നെ ആരാണ് അവരുടെ കാര്യങ്ങളൊക്കെ നോക്കുക?’’ അയാൾ ശാന്തമായി പറഞ്ഞു. അയാളുടെ ഭാര്യക്ക് അത് അങ്ങനെ വിടാൻ ഭാവമില്ലായിരുന്നു.

‘‘നിങ്ങളുടെ മകനും അങ്ങനെത്തന്നെയല്ലേ? അവനും അച്ഛനായി നിങ്ങൾ മാത്രമല്ലേയുള്ളൂ? അവന്റെ കാര്യങ്ങളിൽ നിങ്ങൾ തുടർച്ചയായി വീഴ്ച വരുത്തുന്ന കാര്യമാണ് ഞാൻ പറയുന്നത്. നിങ്ങൾ സ്വന്തം മാതാപിതാക്കളെ നോക്കുകയോ, ലാളിക്കുകയോ, എന്ത് വേണേൽ ആയിക്കോ, പക്ഷെ എന്നെ അതിനൊന്നും കിട്ടില്ല’’ അവൾ അരിശത്തോടെ പറഞ്ഞുനിർത്തി.

‘‘പതുക്കെ പറ, അച്ഛനും അമ്മയും കേൾക്കേണ്ട. നീ തത്കാലം മോനെ ഈ വെള്ളത്തിൽ ഒന്ന് ശരീരം തുടപ്പിക്ക്. കുറച്ചുനേരം തുടപ്പിച്ചാൽ പനീടെ ചൂട് കുറഞ്ഞോളും’’ അയാൾ വെള്ളവും തുണിക്കഷണവും ഭാര്യയുടെ നേർക്ക് നീട്ടി. ദേഷ്യത്തോടെ അതയാളുടെ കയ്യിൽനിന്നു തട്ടിപ്പറിച്ചുവാങ്ങി അവൾ കുട്ടിയെ തുടപ്പിക്കാൻ തുടങ്ങി. പിന്നെയും ആ സ്ത്രീ എന്തൊക്കെയോ പിറുപിറുക്കുന്നതും, ഭർത്താവ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും കള്ളൻ കണ്ടു.

കുട്ടിയുടെ പനികുറയാതെ അവർ ഉറങ്ങാൻപോകുന്നില്ലെന്നു മനസ്സിലാക്കിയ കള്ളൻ അടുത്ത വീട് ലക്ഷ്യമാക്കി നടന്നു. പോകുമ്പോൾ ആ വീട്ടിലെ കുട്ടിയെക്കുറിച്ച് അയാൾ ആലോചിച്ചു. അച്ഛനമ്മമാരെ പൊന്നുപോലെ നോക്കുന്ന അച്ഛനെക്കണ്ടു വളരുന്ന അവൻ, സ്വന്തം മാതാപിതാക്കളെ അവരുടെ വാർധക്യത്തിൽ അതുപോലെ ശ്രദ്ധിക്കുമായിരിക്കും. അതോ അവനു അമ്മയുടെ സ്വഭാവമായിരിക്കുമോ കിട്ടുക? അമ്മയുടെ സ്വഭാവമുള്ള ഒരുത്തിയെ ഭാര്യയായി കിട്ടിയാൽ എന്താവും അവസ്ഥ?

ഇരുൾവഴിയിലൂടെ നടക്കവേ, തന്റെ അമ്മ ഇപ്പോഴും പഴിക്കാറുണ്ടായിരുന്ന ‘വിധി’ എന്ന സംഗതിയെക്കുറിച്ച്‌ കള്ളൻ ആലോചിച്ചു. 

ബാല്യകാലം മുതലിങ്ങോട്ട്, തനിക്ക് സംഭവിക്കാറുള്ള എല്ലാ പരാജയങ്ങളെയും അമ്മ ‘‘എന്തൊരു വിധി’’എന്ന നിസ്സഹായതയോടെയാണ് നോക്കികണ്ടിരുന്നത്. ശരിക്കും ഈ വിധി എന്ന് പറയുന്നതിൽ കാര്യമുണ്ടോ? മനുഷ്യൻ അവന്റെ പരാജയങ്ങളെയും പതനങ്ങളെയും ന്യായീകരിക്കാൻ ആശ്രയിക്കുന്ന വെറും ഒരു മുടന്തൻ ന്യായം മാത്രമല്ലേ വിധി? 

two-theif-002
പ്രതീകാത്മക ചിത്രം

തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ജോലിസ്ഥലത്ത് കള്ളനായി മുദ്രകുത്തപ്പെട്ടതും, ഇന്നാദ്യമായി ഒരു മോഷ്ടാവാകേണ്ടി വന്നതും തന്റെ വിധിയോ അതോ കഴിവുകേടോ? കുറച്ചധികം ജാഗ്രതയും വൈഭവവും താൻ കാണിച്ചിരുന്നെങ്കിൽ ഈ പറയുന്ന ‘വിധി’ മറ്റൊന്നായിത്തീരില്ലായിരുന്നോ? കള്ളന്റെ മനസ്സിലൂടെ ഒരു നൂറു ചിന്തകൾ കടന്നുപോയി.

കള്ളൻ അടുത്ത വീടിന്റെ മുറ്റത്തെത്തി. പുഷ്‌പാലംകൃതമായ ഒരു കാറാണ് കള്ളൻ ആദ്യം ശ്രദ്ധിച്ചത്. ആ ദിവസം അവിടെ ഒരു വിവാഹം നടന്നിരിക്കുന്നുവെന്ന് കള്ളൻ മനസ്സിലാക്കി. അങ്ങനെയെങ്കിൽ അവിടെനിന്ന് ധാരാളം ആഭരണങ്ങൾ കിട്ടാൻ സാധ്യതയുണ്ടെന്ന് അയാൾ കണക്കുകൂട്ടി. കള്ളൻ വീടിനുചുറ്റും നടന്നു. ബെഡ്‌റൂമുകളിൽ ഒന്നിൽനിന്ന് ഉച്ചത്തിലുള്ള കൂർക്കംവലി കേട്ടുവെങ്കിലും, മറ്റൊന്നിൽനിന്ന്  അടക്കിപ്പിടിച്ച സംസാരവും, ചിരിയും, വളകിലുക്കവും അയാളുടെ ശ്രദ്ധയിൽപെട്ടു. അത് നവദമ്പതികളുടെ മുറിയായിരിക്കണമെന്നു അയാൾ ഊഹിച്ചു.  ആഭരണങ്ങൾ മോഷ്ടിക്കണമെങ്കിൽ രണ്ടാമത്തെ കിടപ്പുമുറിയിൽ തന്നെ കയറണം. എന്നാൽ, വിവാഹത്തിന്റെ ആദ്യരാത്രി മിക്ക ദമ്പതിമാർക്കും ഉറക്കമില്ലാത്ത ഉല്ലാസരാത്രി ആയതുകൊണ്ട്, ആ വീട്ടിൽ പിന്നീടൊരിക്കൽ കയറാമെന്നുറച്ച് കള്ളൻ അടുത്ത വീട് ലക്ഷ്യമാക്കി നടന്നു.

കള്ളൻ തന്റെ വിവാഹാദിവസം ഓർത്തെടുക്കാൻ ശ്രമിച്ചു. സതോഷവും, അൽപം ഉത്കണ്ഠയും നിറഞ്ഞ ആ ദിവസങ്ങൾ അയാൾക്ക് ഇന്നും വ്യക്തമായി  ഓർത്തെടുക്കാൻ കഴിയുന്നു. പുതുമോടിയിൽ പരസ്പരം പങ്കുവച്ച സ്നേഹവും സന്തോഷവും നിറഞ്ഞ ഓർമ്മകൾ, ഇന്ന്, പത്തുവർഷങ്ങൾക്കിപ്പുറം, അയാൾക്ക് തന്നെ അവിശ്വസനീയമായി തോന്നി. ശരീരം ഇണചേരലിന്റെ അനുഭൂതി ആദ്യമായി നുകർന്നതും, ഭാര്യയുടെ ചെറുതും വലുതുമായ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കാൻ താൻ കാണിച്ച ഉത്സാഹവുമെല്ലാം അയാളുടെ ഓർമ്മകളിൽ മിന്നിമറഞ്ഞു. 

അന്നുമുതലേ തന്റെ ഭാര്യ അസാമാന്യമായ വക്രബുദ്ധി പ്രദർശിപ്പിച്ചിരുന്നതായി അയാൾക്ക് തോന്നി. വീട്ടിലെ ജോലിക്കൂടുതലിന്നെപ്പറ്റി നിരന്തരം പരാതിപറഞ്ഞും, അച്ഛനും അമ്മയും സ്ഥിരമായി ശത്രുക്കളെപോലെ പെരുമാറുന്നുവെന്നുമൊക്കെ തെറ്റിദ്ധരിപ്പിച്ച് അവൾ തന്റെ സഹതാപം പിടിച്ചുപറ്റി. സമാധാനപരമായ ദാമ്പത്യജീവിതം സാധ്യമാകണമെങ്കിൽ  തറവാട്ടിൽ നിന്ന്  മാറി ഒറ്റയ്ക്ക് ഒരു അണുകുടുംബമായി ജീവിച്ചേതീരൂവെന്ന് അവൾ വാദിച്ചപ്പോൾ, മനസ്സുകൊണ്ടും ശരീരംകൊണ്ടും അവളെ അഗാധമായി പ്രണയിച്ചുകൊണ്ടിരുന്ന, അവളുടെ ചെറിയ നോവുകൾ പോലും സഹിക്കാൻ കെൽപില്ലാതായിത്തീർന്നിരുന്ന താൻ  അതിനു സമ്മതം മൂളി.

നല്ലനിലയിൽ കച്ചവടംചെയ്തു സ്വന്തംകാലിൽ നിലയുറപ്പിച്ചിരുന്നു തന്റെ പതനം അന്ന്, അവിടെനിന്നു തുടങ്ങി. പട്ടണത്തിലേക്കുള്ള കൂടുമാറ്റം തന്നെയൊരു തൊഴിലുടമയിൽനിന്നു തൊഴിലാളിയാക്കി മാറ്റി. എത്ര ശമ്പളം കിട്ടിയാലും ഒന്നിനും തികയാതെയായി. തന്റെ കഴിവുകേടിനെക്കുറിച്ച്‌ കുത്തുവാക്കുകളും, കുറ്റപ്പെടുത്തലുകളും ശീലമാക്കിയ ഭാര്യയാവട്ടെ, വരുമാനം നിലച്ച്‌ ജീവിതനിലവാരം താറുമാറായതോടെ, ഈ കുഴപ്പങ്ങൾക്കെല്ലാം വഴിവച്ച, പ്രണയവിവശയായ ഭാര്യയുടെ വേഷം എന്നെന്നേക്കുമായി അഴിച്ചുവച്ചു. ഇടയിലെപ്പോഴോ രണ്ടുകുട്ടികൾക്കു ജന്മം നൽകിയതോടെ തങ്ങൾക്കിടയിൽ ബാക്കിയുണ്ടായിരുന്ന അവസാനത്തെ സ്നേഹവും പൂർണ്ണമായി നിലച്ചു. ഇന്ന്, കുട്ടികളുടെ ഭാവിയെ മാത്രം കരുതി രണ്ടുപേരും ദമ്പതികളായി തുടരുകയും, ഒരേകൂരക്കുകീഴിൽ  അന്തിയുറങ്ങുകയും ചെയ്യുന്നു. തന്റെ അമ്മ മാത്രം ഇപ്പോഴും ഇതിനെല്ലാം ‘വിധി’യെ പഴിച്ചുകൊണ്ടിരിക്കുന്നു.

thief-4585
പ്രതീകാത്മക ചിത്രം

ചിന്തകൾക്കിടയിൽ കള്ളൻ മൂന്നാമത്തെ വീടിന്റെ മുറ്റത്തെത്തി. മഴ ഇപ്പോൾ പൂർണമായി തോർന്നിരിക്കുന്നു. ആ വീടിനുചുറ്റും വല്ലാത്തൊരു നിശബ്ദത തളംകെട്ടിനിന്നു. താമസക്കാർ ഉറക്കം പിടിച്ചുകഴിഞ്ഞെന്നു കള്ളൻ കണക്കുകൂട്ടി. ഒന്നൂടെ ഉറപ്പുവരുത്താനായി കള്ളൻ വീടിനുചുറ്റും ഒന്ന് നടന്നു. കിടപ്പുമുറികളിലൊ ന്നിൽ വൃദ്ധദമ്പതികളാണെന്നും, ആ വീട്ടിൽ അവർ മാത്രമാണ് താമസിക്കുന്നതെന്നും, തുറന്നിട്ട ജനാലകളിലൂടെ നോക്കി അയാൾ മനസ്സിലാക്കി. കുറച്ചുസമയംകൂടി കാത്തിരുന്നശേഷം അയാൾ കള്ളത്താക്കോലു പയോഗിച്ച് പൂമുഖവാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ, പ്രതീക്ഷിച്ചതിലും അനായാസമായി വാതിൽ  തുറന്നുവന്നത് അയാളിൽ അമ്പരപ്പുണ്ടാക്കി. 

ഒരുപക്ഷേ വീട്ടുകാർ വാതിൽ പൂട്ടാൻ മറന്നതായിരിക്കുമോ എന്നുപോലും അയാൾ സംശയിച്ചു. തപ്പിയും തടഞ്ഞും കള്ളൻ വൃദ്ധദമ്പതികളുടെ കിടപ്പുമുറിയിലെത്തി. കട്ടിലിൽ അനക്കം ശ്രദ്ധിച്ച കള്ളൻ, അവർ പൂർണമായി ഉറക്കം പിടിച്ചിട്ടില്ലെന്നു വിലയിരുത്തി. കുറച്ചുനേരം മുറിയിൽത്തന്നെ കാത്തിരിക്കാൻ അയാൾ തീരുമാനിച്ചു.

thief568
പ്രതീകാത്മക ചിത്രം

ഏതാണ്ട് ഒന്നോ രണ്ടോ മിനിറ്റുകൾ കഴിഞ്ഞുകാണണം, വൃദ്ധൻ ഒന്ന് തിരിഞ്ഞുകിടന്നു. തെല്ലുനേരം അനങ്ങാതെ കിടന്നശേഷം അയാൾ ഭാര്യയെ വിളിച്ചുണർത്തി. ‘‘കാർത്ത്യായനി, എടീ കാർത്ത്യായനി, നീ ഉറങ്ങിയോ?’’ വൃദ്ധ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ‘‘ഞാൻ നമ്മുടെ മോന്റെ കാര്യം ഓർത്തു കിടക്കുകായിരുന്നു. ഇക്കൊല്ലമെങ്കിലും അവൻ നമ്മുടെ അടുത്തേക്ക് വരുമോ? അവന്റെ മക്കളെ, നമ്മുടെ പേരമക്കളെ, നമ്മുടെ കണ്ണടയുംമുമ്പ് ഒന്ന് കാണാനും, ലാളിക്കാനും നമുക്ക് ഭാഗ്യം കിട്ടുമോ?’’ അവർ  വിതുമ്പിക്കൊണ്ട് പറഞ്ഞു. 

‘‘അതിലൊന്നും വല്യ പ്രതീക്ഷ വേണ്ട. പിന്നെ, ഇതുംപറഞ്ഞ് ദിവസവും ഇങ്ങനെ കരഞ്ഞതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് നീ ഇനിയെങ്കിലും മനസ്സിലാക്കണം’’ വൃദ്ധൻ തുടർന്നു, ‘‘അതുപോട്ടെ, ഇപ്പോൾ ഇതൊന്നും സംസാരിക്കാനല്ല ഞാൻ നിന്നെ വിളിച്ചുണർത്തിയത്; നിനക്ക് അറിയാത്ത ഒരു കാര്യം പറയാനാ.’’ ഒന്ന് നിർത്തിയിട്ടു വൃദ്ധൻ പറഞ്ഞു,‘‘നമ്മളെ കൂടാതെ ഒരാൾ കൂടെ, ഒരുപക്ഷേ രണ്ടുപേർ കൂടി ഈ വീട്ടിൽ ഇപ്പൊ ഉണ്ട്’’. ഇതുകേട്ട കള്ളന്റെ നെഞ്ചിലൂടെ ഭയത്തിന്റെ ഒരു കൊള്ളിയാൻ മിന്നി. അയാളുടെ തൊണ്ടവരണ്ട്, കാലുകൾ ദുർബലമായി. ഇറങ്ങിയോടിയാലോ? വേണ്ട. ഒരുപക്ഷേ ഇയാൾ വെറുതെയങ്ങ് പറഞ്ഞതാണെങ്കിലോ? താൻ ഒരു അനക്കംപോലും ഉണ്ടാക്കാതെയല്ലേ ഈ വീട്ടിൽ കയറിയതും ഈ മുറിയിലെത്തിയതും?

 വൃദ്ധന് ഒരുപക്ഷേ ചെറിയ സംശയം മാത്രമായിരിക്കും. താനിപ്പോൾ ഇറങ്ങിയോടിയാൽ അയാൾ ഒച്ചവെച്ച് ആളെക്കൂട്ടും. തനിക്ക് പരിചിതമല്ലാത്ത ഈ സ്ഥലത്ത് ആളുകൾക്ക് തന്നെ നിഷ്പ്രയാസം വളഞ്ഞ്   പിടികൂടാൻ കഴിയും. ‘‘നിങ്ങളിതെന്തൊക്കെയാ പറയുന്നത്? സർവീസുകാലത്തെ വല്ല സ്വപ്നവും കണ്ടതായിരിക്കും,’’ ഒന്ന് ചെവി വട്ടംപിടിച്ചശേഷം വൃദ്ധന്റെ ഭാര്യ പറഞ്ഞു. ‘‘അല്ലെടി, ഒരു കള്ളൻ ഉറപ്പായും ഈ മുറിയിൽത്തന്നെയുണ്ട്. പക്ഷേ പുതുമുഖമാണ്; മോഷണത്തിൽ പരിചയം പോര. അല്ലെങ്കിൽ ഇങ്ങനെ ഇവിടെ, ഒരു റിട്ടയേർഡ് എസ്ഐയുടെ വീട്ടിൽ തന്നെ കൃത്യമായി വന്നു കയറുമോ’’ വൃദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു. 

‘‘നിങ്ങള് പിച്ചുംപേയും പറയാതെ കിടന്നുറങ്ങ് മനുഷ്യാ. ഇത്രയും വർഷങ്ങൾക്കിടയിൽ നമ്മുടെ വീട്ടിൽ ഇന്നുവരെ ഏതേലും കള്ളൻ കയറിയിട്ടുണ്ടോ? അത്രക്ക് മണ്ടന്മാരാണോ ഇവിടത്തെ കള്ളന്മാർ?’’ വൃദ്ധന്റെ ഭാര്യ അയാളുടെ സംശയങ്ങളെ പാടെ തള്ളി. ‘‘അതുമനസ്സിലാക്കി ഇപ്പോവ്‍ത്തന്നെ  സ്ഥലംവിട്ടാൽ അവനുകൊള്ളാം. ഒന്നുരണ്ടുപേരെയൊക്കെ നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ എനിക്ക് ഇപ്പോഴും കഴിയും. പിന്നെ, പോകുമ്പോൾ, അടുത്തമുറിയിൽ ഒളിച്ചിരിക്കുന്ന കൂട്ടാളിയെയുംകൂടെ വിളിച്ചോണ്ട് പൊയ്ക്കോണം’’.

ഇത്രയും കേട്ടതോടെ, വൃദ്ധൻ വെറുതെ ഊഹിച്ചു പറയുന്നതാണെന്നു കള്ളന് തോന്നി. അല്ലെങ്കിൽപിന്നെ അടുത്തമുറിയിൽ ഒളിച്ചിരിക്കുന്ന കൂട്ടാളി എന്നൊക്കെ അടിച്ചുവിടുമോ? എന്നാലും, ഒരു റിട്ടയേർഡ് പോലീസുകാരന്റെ വീട്ടിൽ കയറി മോഷ്ടിക്കാനുള്ള പരിചയവും മിടുക്കും തനിക്കായിട്ടില്ല. അതുകൊണ്ട് വേഗം സ്ഥലംവിടാൻ അയാൾ തീരുമാനിച്ചു.

പരമാവധി ഒച്ചയുണ്ടാക്കാതെ കള്ളൻ കിടപ്പുമുറിയിൽനിന്നിറങ്ങി. തൊട്ടടുത്തമുറിയിൽ തന്നെക്കൂടാതെ മറ്റാരുടെയോ സാന്നിധ്യമുണ്ടെന്ന് അയാൾക്ക് തോന്നിയെങ്കിലും, അത് വൃദ്ധൻ പറഞ്ഞതിനെത്തുടർന്ന് മനസ്സിൽ ഉടലെടുത്ത സംശയ മാത്രമാണെന്ന് അയാൾ സ്വയം സമാധാനിപ്പിച്ചു. പൂമുഖവാതിൽ കടന്ന് പുറത്തേക്കിറങ്ങിയ കള്ളൻ ഗേറ്റും പിന്നിട്ട റോഡിലൂടെ ഒറ്റ ഓട്ടമായിരുന്നു. തിരിഞ്ഞുനോക്കാനോ കിതപ്പ്മാറ്റാനോ നിർത്താത്ത നല്ല ഒന്നാന്തരം ഓട്ടം. അയാളുടെ സ്വന്തം വീടിന്റെ മുറ്റത്താണ് ആ ഓട്ടം നിന്നത്

രാവിലെ വാതിൽ തുറന്ന കള്ളന്റെ ഭാര്യ കണ്ടത് തിണ്ണയിലെ ചാരുകസേരയിലിരുന്ന് ഉറങ്ങുന്ന ഭർത്താവിനെയാണ്. ‘‘ഇത് നല്ല കാര്യം, നിങ്ങൾ ജോലിയന്വേഷിക്കാൻ പോവുകയാണെന്നും വരാൻ വൈകുമെന്നും പറഞ്ഞിറങ്ങിയിട്ട്?’’ അവൾ ചീറിക്കൊണ്ട് ചോദ്യംചെയ്യൽ ആരംഭിച്ചു. ‘‘അത്... ബസ്സ് ഉണ്ടായിരുന്നില്ല. മഴകാരണം ട്രിപ്പ് ക്യാൻസലയിന്നാ കേട്ടത്’’ അയാൾ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു. ‘‘അതെങ്ങനെ, സ്വന്തമായിട്ട് താല്പര്യമുണ്ടെങ്കിലല്ലേ സാഹചര്യങ്ങൾ കൂടി അനുകൂലമാവൂ. നിങ്ങൾ ഇവിടിങ്ങനെ മടിപിടിച്ച കുത്തിയിരുന്നോ’’ അവൾ ഭർത്താവ് കേൾക്കുമാറുച്ചത്തിൽ പിറുപിറുത്തു. അയാൾ അതൊന്നും കേൾക്കാത്തഭാവത്തിൽ നിസ്സംഗനായി ഇരുന്നു. 

തലേന്ന് രാത്രിയിലെ സംഭവങ്ങൾ ഒരിക്കൽക്കൂടി അയാളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. കള്ളന്റെ ശരീരമാസകലം അപ്പോഴും വിറക്കുന്നുണ്ടായിരുന്നു. കുളിച്ച് വേഷവുംമാറി ഒരു ചായയുംകുടിച്ച് ഉമ്മറത്തിരിക്കു മ്പോഴാണ് തൊട്ടടുത്ത വീട്ടിലെ ജോയി നൈറ്റ്ഡ്യൂട്ടിയും കഴിഞ്ഞ് വന്നു കയറുന്നത് കണ്ടത്. ‘‘ഇന്നെന്താ വൈകിയോ ജോയി?’’ കള്ളൻ കുശലം ചോദിച്ചു.

‘‘ഓ, ഒന്നും പറയേണ്ട, ടൗണിൽ ഇന്നലെ രാത്രി ഒരു ഇരട്ടക്കൊലപാതകം നടന്നത്രെ. അതിന്റെ ഭാഗമായി ഇന്നലെ രാതി ടൗണിലുണ്ടായിരുന്ന എല്ലാവർക്കും  രാവിലെ പോലീസ്‌ വക ചോദ്യംചെയ്യൽ ഉണ്ടായിരുന്നു. ഓട്ടോക്കാരെയും, നൈറ്റുകടക്കാരെയും, പിന്നെ ഞങ്ങൾ എടിഎം സെക്യൂരിറ്റിക്കാരെയും സാമാന്യം വിശദമായി ചോദ്യംചെയ്തു.   ഇന്നലെ രാത്രി സംശയാസ്പദമായി ആരെയെങ്കിലും കണ്ടിരുന്നോ എന്നാണു അവർക്ക് അറിയേണ്ടിയിരുന്നത്. ചെയ്തവൻ പണിയും കഴിഞ്ഞ പോയി, ബുദ്ധിമുട്ട് മുഴുവൻ ബാക്കിയുള്ളവർക്കും’’ ജോയി പറഞ്ഞു. 

‘‘എവിടാ സംഭവം?’’ കള്ളൻ ചോദിച്ചു. ‘‘ആ ഹൗസിങ്ങ് കോളനിയിലെ വയസ്സായ ഒരു ഭാര്യയും ഭർത്താവും. അയാൾ റിട്ടയേർഡ് പോലീസുകാരനാണെന്ന് കേൾക്കുന്നു. തലക്കടിച്ചാണ് കൊന്നത്. സ്വർണവും പൈസയുമെല്ലാം തൂത്തുവാരി കൊണ്ടുപോയിരിക്കുന്നത്രെ. അവരുടെ ഏകമകൻ കുടുംബസമേതം അമേരിക്കയിലാണ്. അവൻ നാട്ടിലോട്ട് തീരെ വരാറില്ലെന്ന കേൾക്കുന്നത്’’ ജോയി പറഞ്ഞത് അവിശ്വസനീയതയോടെയാണ് കള്ളൻ കേട്ടത്. 

വീണുപോവാതിരിക്കാൻ അയാൾ ഭിത്തിയിൽ പിടിച്ചു മെല്ലെ ചാരുകസേരയിലേക്ക് അമർന്നു. അതേ, ഇതവർതന്നെ, താൻ ഇന്നലെ കയറിയ വീട്ടിലെ വൃദ്ധദമ്പതികൾ. അപ്പോൾ, രണ്ടാമതൊരു കള്ളൻ അവിടുള്ളകാര്യം വൃദ്ധൻ വെറുതെ പറഞ്ഞതായിരുന്നില്ല. തനിക്ക് നിഷ്പ്രയാസം അവിടത്തെ പൂമുഖവാതിൽ തുറക്കാൻ കഴിഞ്ഞതിന്റെ കാരണവും കള്ളന് മനസ്സിലായി. കള്ളന്റെ അമ്പരപ്പ് പെട്ടെന്ന്  ആഹ്ലാദത്തിനു   വഴിമാറി. അയാൾക്ക് ജീവിതത്തിലാദ്യമായി അഭിമാനം തോന്നി. താൻ ഇന്നലെ രാത്രി വിധിയെ പരാജയപ്പെടുത്തിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, അവിടെനിന്ന് അപ്പോൾത്തന്നെ ഇറങ്ങിയോടിയില്ലായിരുന്നെങ്കിൽ ആ കൊലയാളി തന്നെയും കൊന്നേനെ. മറിച്ച്, കൊലപാതകം നടന്നുകഴിഞ്ഞാണ് താൻ അവിടെ കേറിയിരുന്നതെങ്കിൽ ആ കുറ്റം തന്റെ തലയിൽ വന്നുചേർന്നേനെ.

ഇതിപ്പോ രണ്ടു കുഴപ്പങ്ങളിൽനിന്നും താൻ തന്റെ മിടുക്കുപയോഗിച്ച് രക്ഷപ്പെട്ടിരിക്കുന്നു. ഒരിക്കലെങ്കിലും താൻ വിധിയെ കീഴടക്കിയ വിവരം ലോകത്തോട് വിളിച്ചുപറയാൻ അയാൾ വെമ്പി. ഇത്തവണയെങ്കിലും ‘‘എന്റെ മോന്റെ വിധി’’ എന്ന അമ്മയുടെ സ്ഥിരം വിലാപം കേൾക്കേണ്ടി വരില്ലല്ലോ എന്നയാൾ ആശ്വാസത്തോടെ ഓർത്തു. സന്തോഷം സഹിക്കാനാവാതെ അയാൾ പരിസരം മറന്ന് ഉറക്കെയുറക്കെ ചിരിച്ചു. തത്സമയം, കൊലപാതകസ്ഥലത്തുനിന്നു മണംപിടിച്ചിറങ്ങിയ പോലീസ്നായ്ക്കൾ അയാളുടെ വീട്ടുമുറ്റം ലക്ഷ്യമാക്കി ഓടിത്തുടങ്ങിയിരുന്നു.

English Summary : Kallante Vidhi Story By Shaj Hameed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com