ADVERTISEMENT

ഒരു ബ്ലൂലേബല്‍ അപാരത (കഥ)

ജോണി വാക്കര്‍ ബ്ലൂലേബലിന്‍റെ ഒരു പെഗ്, ഏറിയാല്‍ രണ്ട്. അവറാച്ചന്‍റെ ചിരകാലമായുള്ള അഭിലാഷമായിരുന്നു അത്. അമേരിക്കയില്‍ കുടിയേറുന്നതിനും എത്രയോ കാലം മുമ്പ് മനസില്‍ മുളച്ചതാണ് ആ ആഗ്രഹം.വേണമെങ്കില്‍ പണ്ടേ വാങ്ങി നുണയാമായിരുന്നു. പണ്ടൊക്കെ പണമായിരുന്നു പ്രശ്നം. പിന്നെ ഓരോരോ തടസ്സങ്ങളായി. എല്ലാത്തിനും ഓരോ സമയമുണ്ടല്ലോ ദാസാ...

അവറാച്ചന്‍ എന്ന എബ്രഹാം മാത്യു ഒരു മുഴുക്കുടിയനോ ദുര്‍ന്നടത്തക്കാരനോ അല്ല. നല്ല ഒന്നാന്തരം പു.സ.ക (പുരാതന സിറിയന്‍ കത്തോലിക്ക) കുടുംബാംഗം. സർവോപരി കോട്ടയംകാരന്‍. പോരെങ്കില്‍ ക്നാനായ വംശജനും. അപ്പന്‍ മത്തച്ചന്‍ വരച്ച വരയിലൂടെ വളര്‍ന്നു വന്ന അനുസരണയുള്ള ആണ്‍കുട്ടി. പഠിത്തത്തില്‍ മാത്രമേ ലേശം പുറകോട്ട് പോയിട്ടുള്ളൂ. പക്ഷേ ആ കുറവൊക്കെ പറമ്പിലെ പണികളില്‍ കാണിച്ച ശുഷ്കാന്തി കൊണ്ടും അയല്‍വക്കക്കാര്‍ക്കും ഇടവകക്കാര്‍ക്കും ചെയ്തുകൊടുത്ത സത്പ്രവര്‍ത്തികള്‍ കൊണ്ടും അവറാച്ചന്‍ നികത്തിക്കൊണ്ടിരുന്നു. മത്തച്ചനും മറ്റ് ആറ് മക്കളേക്കാള്‍ ഏറെ പ്രിയപ്പെട്ടവനായിരുന്നു അവറാച്ചന്‍ എന്ന ‘വേലക്കൊച്ച്’

അക്കാലത്തെ നാട്ടുനടപ്പനുസരിച്ച് അവറാച്ചനും പത്താംതരം പാസ്സായ ഉടനെ പ്രീഡിഗ്രിക്ക് ചേര്‍ന്നു. മാനേജ്മെന്‍റ് ക്വാട്ടയില്‍ ആണെങ്കിലും ഫസ്റ്റ് ഗ്രൂപ്പ് തന്നെ കിട്ടി. പഠിത്തമൊക്കെ ‘കണക്കായി’ രുന്നെങ്കിലും കണക്കില്‍ അവറാച്ചന്‍ കരുത്ത് കാട്ടി. ലാംഗ്വേജ്, അതും ഇംഗ്ലീഷ് പക്ഷേ, എന്നും ഒരു ഭീഷണിയായിരുന്നു. ക്ലാസ്സില്‍ കയറാതെ മുങ്ങാം, ആരും ചോദിക്കുകയില്ല എന്ന സ്വാതന്ത്ര്യമാണ് കോളേജ് ജീവിതത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതയായി അവറാച്ചന് അനുഭവപ്പെട്ടത്. ആ സ്വാതന്ത്ര്യം രണ്ട് വര്‍ഷവും അവറാച്ചന്‍ ശരിക്കും ആസ്വദിച്ചു. പാലായിലും കോട്ടയത്തുമുള്ള സകല തിയേറ്ററുകളിലും പതിവുകാരനായി. 

തറവാട്ടിലെ പുകപ്പുരയില്‍ കെട്ടുകണക്കിന് റബ്ബര്‍ഷീറ്റുകള്‍ അട്ടിയട്ടിയായി കിടക്കുമ്പോള്‍ പണത്തിനെവിടെ പഞ്ഞം? റബ്ബര്‍ഷീറ്റുകള്‍ മാത്രമല്ല ചെറിയ തോതില്‍ കുരുമുളകും കാപ്പിക്കുരുവും വീട്ടില്‍ നിന്നും മെല്ലെ അപ്രത്യക്ഷമാകാന്‍ തുടങ്ങി. മത്തച്ചന്‍ മണ്ടനായിരുന്നില്ല. അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു. ഇളയ പുത്രനല്ലേ, അതും ഒന്നാന്തരം പണിക്കാരന്‍. സാരമില്ല. അവന്‍ ചെറുതായൊന്ന് സന്തോഷിച്ചോട്ടെയെന്ന് വിശാലഹൃദയനായ അപ്പന്‍ വിചാരിച്ചു.

കൂട്ടുകാരോടൊത്ത് പള്ളത്തെ കരിമ്പുംകാലാ ഷാപ്പില്‍ കയറിത്തുടങ്ങിയതോടുകൂടിയാണ് അവറാച്ചനിലെ സോമരസസ്നേഹി ഉണര്‍ന്നു തുടങ്ങിയത്. തറവാട്ടു പറമ്പില്‍ പാട്ടത്തിന് കൊടുത്തിരിക്കുന്ന പനയില്‍ നിന്നും തെങ്ങില്‍ നിന്നുമൊക്കെ ഇഷ്ടം പോലെ വിഹിതം കിട്ടുമായിരുന്നെങ്കിലും കരിമ്പുംകാലായിലെ കള്ളിന്‍റെ രുചി ഒന്നു വേറെയാണെന്ന് അവറാച്ചന്‍ തിരിച്ചറിഞ്ഞു. പോരെങ്കില്‍ കരിമീന്‍ പൊള്ളിച്ചതിന്‍റെയും കക്കായിറച്ചിയുടെയും മറ്റ് ടച്ചി‌ങ്ങുകളുടെയും അപാര ടേസ്റ്റും. 

പോകെപ്പോകെ കരിമ്പുംകാലായില്‍ മാത്രമല്ല കുട്ടോമ്പുറം, തവളക്കുഴി, പുത്തേറ്റ് തുടങ്ങി കിലോമീറ്ററുകള്‍ക്കകലെയുള്ള പ്രമുഖ കള്ളുഷാപ്പുകളിലും കൂട്ടുകാരോടൊപ്പം അവറാച്ചന്‍ കയറിയിറങ്ങി. ദോഷം പറയരുതല്ലോ, ഒരു പ്രാവശ്യം പോലും ഒരു സ്ഥലത്തും ഓവറാക്കി ഒച്ചയും ബഹളവുമുണ്ടാക്കുകയോ വാളുവെയ്ക്കുകയോ ചെയ്യാത്ത വെറുമൊരു പാവം ആസ്വാദകനായിരുന്നു അദ്ദേഹം. ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടം പോലെ കഴിച്ച് ആവശ്യത്തിന് മാത്രം കള്ളും കുടിച്ച് അവറാച്ചന്‍ കോളേജ് ജീവിതം അനശ്വരമാക്കി.

drinks-521
പ്രതീകാത്മക ചിത്രം

അങ്കമാലിയില്‍ വെച്ചാണ് അവറാച്ചന്‍ ആദ്യമായി സ്കോച്ച് വിസ്ക്കി അടിക്കുന്നത്. അതും ജോണിവാക്കര്‍. പ്രീഡിഗ്രിയൊക്കെ മാന്യമായി തോറ്റ് വയലിലേയ്ക്ക് മടങ്ങിയ അവറാച്ചനെ അമേരിക്കയിലുള്ള ചേട്ടന്മാര്‍ നിര്‍ബന്ധിച്ചാണ് പോളിടെക്നിക്കില്‍ ചേര്‍ത്തത്. കണക്കിലെ കേമത്തവും എന്ത് സാധനം കിട്ടിയാലും അതഴിച്ചുനോക്കി വീണ്ടും ഫിറ്റാക്കാനുള്ള മിടുക്കുമുള്ളതുകൊണ്ട് ആ ഫീല്‍ഡില്‍ അനിയന്‍ ശോഭിക്കുമെന്നവര്‍ കണക്കുകൂട്ടി. മത്തച്ചനും പ്രോത്സാഹിപ്പിച്ചു. 

ഒരു കാലത്ത് അമേരിക്കയിലേയ്ക്ക് പോകേണ്ടവനല്ലേ, പറമ്പിലെ പണി മാത്രം അറിഞ്ഞാല്‍ പോരല്ലോ. അത്യാവശ്യം ഡൊണേഷനും മെത്രാച്ചന്‍റെ ഫോണ്‍ വിളിയും കൂടിയായപ്പോള്‍ രൂപതവക സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ ഡിപ്ലോമ കോഴ്സിന് അവറാച്ചന് അഡ്മിഷന്‍ കിട്ടി. ഇത്തവണ പക്ഷേ അവറാച്ചന്‍ ആത്മാര്‍ത്ഥമായി പഠിച്ചു. തരക്കേടില്ലാത്ത രീതിയില്‍ പാസ്സായി.

അങ്കമാലിയിലെ പ്രശസ്തമായ ട്രാന്‍സ്ഫോര്‍മേഴ്സ് ആന്‍റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡില്‍ (ടെല്‍ക്ക്) ഒഴിവുണ്ടെന്ന് അമ്മാച്ചന്‍റെ അവിടെ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരന്‍ വഴിയറിഞ്ഞാണ് അവറാച്ചന്‍ അപേക്ഷ കൊടുത്തത്. ശുപാര്‍ശയും സമയത്തിന്‍റെ ഗുണവും കൂടിയായപ്പോള്‍ അവറാച്ചന്‍ ‘ടെല്‍ക്കി’ ലെ ഉദ്യോഗസ്ഥനായി. ശമ്പളം  കുറവാണെങ്കിലും കമ്പനി യൂണിഫോമിലുള്ള നില്‍പ്പും നടപ്പും തനിക്ക് അത്യാവശ്യം ഗമയും പഴ്സണാലിറ്റിയുമൊക്കെ തരുന്നുണ്ടെന്ന് അവറാച്ചന് തോന്നി. ആദ്യശമ്പളം കിട്ടിയപ്പോള്‍ അഞ്ഞൂറ് രൂപ അപ്പനുമമ്മയ്ക്കും അയച്ചുകൊടുക്കുവാന്‍ അയാള്‍ മറന്നില്ല; ഒപ്പം കമ്പനിയന്ത്രങ്ങളുടെയിടയില്‍ യൂണിഫോമണിഞ്ഞ് താന്‍ നില്‍ക്കുന്ന ഒരു ഫോട്ടോയും.

ഒപ്പം ജോലി ചെയ്യുന്ന കുന്നംകുളംകാരന്‍ ഈയപ്പന്‍ ചേട്ടന്‍ പറഞ്ഞാണ് അത്താണി ഷാപ്പിനെപ്പറ്റി അവറാച്ചന്‍ അറിയുന്നത്. ശമ്പളദിവസം ടെല്‍ക്കിലെ പല തൊഴിലാളികളും അവിടെ പോകാറുണ്ടത്രെ. ഈയപ്പന്‍ ചേട്ടനാണെങ്കില്‍ ആഴ്ചയിലൊരിക്കലെങ്കിലും സഹരസികന്മാരോടൊത്ത് അവിടെ പോകും. പിറ്റേ മാസം ശമ്പളം കിട്ടിയപ്പോള്‍ അവറാച്ചനും ഈയപ്പന്‍റെയൊപ്പം കൂടി. കരിമ്പുംകാലായുടെയത്ര വരില്ലെങ്കിലും അത്യാവശ്യം സൗകര്യങ്ങളും തരക്കേടില്ലാത്ത വിഭവങ്ങളും അവിടെയുമുണ്ടായിരുന്നു. എഴുത്തുപള്ളിക്കൂട ത്തില്‍ ആദ്യമായി പോകുന്ന കുട്ടിയെപ്പോലെയാണ് അങ്ങോട്ട് കയറിയതെങ്കിലും ഈയപ്പന്‍ ചേട്ടന്‍റെയൊപ്പം മടങ്ങുമ്പോള്‍ പത്താം ക്ലാസ്സ് ഫസ്റ്റ്ക്ലാസ്സില്‍ പാസ്സായവന്‍റെ ഫോമിലായിരുന്നു അവറാച്ചന്‍.

പരിചയവും കുടിയുമേറി വന്നൊരു ശമ്പളനാള്‍ അവറാച്ചന്‍ തന്‍റെ ഒരാഗ്രഹം ഈയപ്പന്‍ ചേട്ടനോട് പങ്കുവച്ചു: ‘‘ജോണി വാക്കര്‍ ഒരമ്പതു മില്ലിയടിയ്ക്കണം. ചേട്ടന്മാരൊക്കെ അമേരിക്കയിലാണെങ്കിലും ഇന്നേവരെ അവരാ സാധനം കൊണ്ടുവന്നിട്ടില്ല. വര്‍ഷങ്ങള്‍ കൂടി നാട്ടില്‍ വരുമ്പോള്‍ അപ്പനു പോലുമവര്‍ കൊണ്ടുകൊടുക്കുന്നത് അവിടെയെങ്ങാണ്ട് വിലകുറച്ചു കിട്ടുന്ന കൂതറ സാധനമാണ്’’  നിമിഷങ്ങളുടെ ആലോചനയ്ക്കുശേഷം കൊമ്പന്‍ മീശ പിരിച്ചുവച്ച് ഉണ്ടക്കണ്ണുകള്‍ കൂടുതല്‍ ചുവപ്പിച്ച് ഈയപ്പന്‍ പ്രഖ്യാപിച്ചു: ‘അടുത്ത ഒന്നാം തീയതി നീ ജോണിവാക്കര്‍ അടിച്ചിരിക്കും’ അവറാച്ചന് മേലാസകലം കുളിരു കോരിയിടുന്നതുപോലെ തോന്നി. ഒന്നാം തീയതി വേഗമൊന്നു വന്നെങ്കില്‍!

ക്വാര്‍ട്ടേഴ്സിലെ ഇടുങ്ങിയ അടുക്കളമുറിയില്‍ വച്ചാണ് അടുത്ത ശമ്പളനാള്‍ ഇരുവരും ആ അമൂല്യവിഭവം ആസ്വദിച്ചത്. അറിയാവുന്നതുപോലെയൊക്കെ പാകം ചെയ്ത് അവറാച്ചന്‍ അനുബന്ധവിഭവങ്ങളൊരുക്കി. മീന്‍ പൊരിക്കുമ്പോഴും പോത്തിറച്ചിയുലര്‍ത്തുമ്പോഴും മനസ്സില്‍ നിറയെ ആവേശമായിരുന്നു. ഭക്ത്യാദരവോടെ ഈയപ്പന്‍ പൊതിതുറന്ന് കുപ്പി പുറത്തെടുത്തു. ചുവന്ന അക്ഷരങ്ങളില്‍ വെട്ടിത്തിളങ്ങി ജോണി വാക്കര്‍ റെഡ് ലേബല്‍ തന്‍റെ വരവറിയിച്ചു. നെറ്റിമേല്‍ കുരിശുവരച്ചതിനുശേഷമാണ് അവറാച്ചന്‍ ആദ്യപെഗ് അകത്താക്കിയത്. താമസിയാതെ തന്നെ അടുത്ത പെഗ്ഗുമെടുത്തു. കരള്‍ കത്തിയെരിയുന്നതുപോലെ തോന്നി. എങ്കിലും വിട്ടുകൊടുത്തില്ല. ഈയപ്പന്‍റെ ഇരട്ടി അളവിലാണ് ഇത്തവണ അവറാച്ചന്‍ സോമരസം ആസ്വദിച്ചത്. അടിവയറു മുതല്‍ തലമുകള്‍ വരെ എരിഞ്ഞെങ്കിലും അയാള്‍ കീഴടങ്ങിയില്ല.

‘അരുമശിഷ്യന്‍റെ’ പെര്‍ഫോമെന്‍സ് കണ്ടപ്പോള്‍ ഈയപ്പന് അഭിമാനം തോന്നി. ആവേശം മൂത്തപ്പോള്‍ അയാള്‍ ഒരു പ്രഖ്യാപനം നടത്തി

‘അനിയാ, കാനായി മാപ്പിളേ’

‘കാനായിയല്ല ചേട്ടാ ക്നാനായ’ പാതിബോധത്തിലായിരുന്നെങ്കിലും അവറാച്ചന്‍ തന്‍റെ സ്വത്വം വിട്ടുകൊടുത്തില്ല.

‘ ഓ കാനായ എങ്കില്‍ അങ്ങിനെ...... ദേ, ഇത് വെറും സാമ്പിള്‍ വെടിക്കെട്ട്. അടുത്ത ഒന്നാം തീയതി നിനക്ക് ഞാന്‍ ബ്ലൂലേബല്‍ കൊണ്ടുവന്ന് തരും. ചാവക്കാട്ട്കാരന്‍ കൊച്ചുലോനപ്പന്‍ ഈയാഴ്ച ദുബായില്‍ നിന്ന് വരുന്നുണ്ട്. പക്ഷേ അവന് കൊടുക്കാന്‍ നീയെനിക്ക് ഒരയ്യായിരം രൂപാ തരണം. ബാക്കി ഞാനിട്ടോളാം... പിന്നേ, ഈ ബ്ലൂലേബല്‍ എന്ന് പറഞ്ഞാലെന്താണ് സാധനമെന്നറിയാമോ? നിന്‍റെയാ ചുള്ളന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ക്ലിന്‍റണ്‍ സായ്പ്പ് ഡെയിലി അത് രണ്ടെണ്ണമടിച്ചിട്ടാ കിടന്നുറങ്ങുന്നത്. അതടിച്ചാല്‍ നല്ല ഉറക്കോം കിട്ടും, സൗന്ദര്യോം കൂടും. വെറുതെയാണോ മോണിക്കയൊക്കെ ആ ഗടീടെ തിണ്ണ നിരങ്ങുന്നത്.’’

അടുത്ത ഒന്നാം തീയതി അവര്‍ക്ക് കൂടേണ്ടി വന്നില്ല. അന്ന് പുലര്‍ച്ചെ തന്നെ അവറാച്ചന്‍ ആശുപത്രി യിലായി. ഛര്‍ദ്ദിച്ച് ചോര തുപ്പിയ അയാളെ ഈയപ്പന്‍ തന്നെ മുന്‍കൈയ്യെടുത്ത് അടുത്ത ക്വാര്‍ട്ടേഴ്സിലെ ജീവനക്കാരുടെ സഹായത്തോടെ കാഷ്വാലിറ്റിയില്‍ എത്തിക്കുകയായിരുന്നു. നാലു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ക്വാര്‍ട്ടേഴ്സിലേയ്ക്ക് മടങ്ങുമ്പോള്‍ ജീവിതത്തിലൊരിക്കലും ഇനി മദ്യപിക്കുകയില്ലെന്ന് അയാള്‍ ദൃഢപ്രതിജ്ഞയെടുത്തു. കമ്പനിയില്‍ വീണ്ടും ജോലിയ്ക്കെത്തിയപ്പോള്‍ പലരും പരസ്പരം പറയുന്നതയാള്‍ കേട്ടു: ‘‘ക്ടാവിനെ നമ്മുടെ ഈയപ്പന്‍ പെടുത്തീതാണിഷ്ടാ...ഫോറിനാണെന്ന് പറഞ്ഞ് കുന്നംകുളത്തുനിന്നും ചാത്തന്‍ സാധനം മേടിച്ചുകൊടുത്തില്ലേ?’’

വര്‍ഷങ്ങള്‍ കഴിഞ്ഞ് മോളമ്മയെ വിവാഹം ചെയ്ത് അമേരിക്കയിലെത്തിക്കഴിഞ്ഞപ്പോള്‍ പക്ഷേ, ബ്ലൂലേബല്‍ മോഹങ്ങള്‍ അവറാച്ചന്‍റെ മനസ്സില്‍ നുരഞ്ഞുപൊന്തി. ഇവിടെ കിട്ടുന്നത് എന്തായാലും ചാത്തന്‍ സാധനമാവില്ല. എങ്ങിനെയെങ്കിലും ഒരു പെഗ്ഗടിക്കണം. അയാള്‍ തീരുമാനിച്ചു. പക്ഷേ ‘നീല’ ന്‍റെ വിലയറിഞ്ഞപ്പോള്‍ മോഹങ്ങള്‍ പെട്ടെന്ന് തന്നെ ആവിയായി. മിനിമം വേതനത്തിന് ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നവനെങ്ങനെ സാധിക്കാനാണതൊക്കെ? മോളമ്മയാണെങ്കില്‍ കള്ള് കുടിയ്ക്കാന്‍ ഒറ്റ ഡോളറുപോലും തരില്ല. മുന്തിരിങ്ങാ പുളിയ്ക്കുമെന്ന തിയറിയില്‍ അവറാച്ചന്‍ തന്‍റെ മോഹങ്ങള്‍ ‘വരാനിരിക്കുന്ന’ നല്ല കാലത്തേയ്ക്ക് മാറ്റിവച്ചു.

പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണെങ്കിലും ഒടുവില്‍ നല്ല കാലം വന്നുചേര്‍ന്നു. മക്കളൊക്കെ നല്ല ജോലിയില്‍ പ്രവേശിച്ച്, അവറാച്ചനും മോളമ്മയും റിട്ടയര്‍മെന്‍റും വിശ്രമജീവിതവും സ്വപ്നം കണ്ട് കഴിയുന്ന കാലം. അക്കാലത്തൊരുനാള്‍ ലിക്കര്‍ സ്റ്റോറുകളുടെ സെയില്‍ പേപ്പറിലെ ബ്ലാക്ക് ഫ്രൈഡേ ഓഫറുകളിലൊന്നില്‍ അവറാച്ചന്‍റെ കണ്ണുകളുടക്കി. ജോണി വാക്കര്‍ ബ്ലൂലേബല്‍ മുക്കാല്‍ ലിറ്റര്‍ കുപ്പിയൊന്നിന് വെറും നൂറ്റമ്പത് ഡോളര്‍! അന്നു തന്നെ അവറാച്ചന്‍ ഒരെണ്ണം വാങ്ങി. വൈകിട്ട് ഇരുപത്തിമൂന്നാം സങ്കീര്‍ത്തനവും ചൊല്ലി കുരിശുവര പൂര്‍ത്തിയാക്കി ബേസ്മെന്‍റിലെ ബാറില്‍ ചെന്ന് ഐശ്വര്യമായി ‘നീലപ്പനെ’ തുറക്കാന്‍ തുടങ്ങിയപ്പോള്‍ മോളമ്മ തടസ്സം പറഞ്ഞു.

‘‘ എന്തായാലും ഇത്രനാള്‍ കാത്തിരുന്നില്ലേ? ക്രിസ്തുമസിന് ഇത് പൊട്ടിക്കാം’’  ക്രിസ്തുമസിന് കെട്ടിയോന്‍ ഐശ്വര്യമായിട്ടൊന്ന് മിനുങ്ങിക്കോട്ടെയെന്നുള്ള നല്ല ചിന്തയൊന്നുമല്ല, അത്തവണ ക്രിസ്തുമസിന് അവളുടെ ആങ്ങളയും കുടുംബവും ന്യൂയോര്‍ക്കില്‍ നിന്നും വരുമ്പോള്‍ അവനും കൂടി ‘അമൃതിന്‍റെ’ പങ്കുപറ്റിക്കോട്ടെയെന്നുള്ള പെണ്‍ബുദ്ധിയായിരുന്നു ഉപദേശത്തിന് പിന്നിലെന്ന് അവറാച്ചന് പെട്ടെന്ന് മനസ്സിലായി. എങ്കിലും ഭാര്യയെ പിണക്കി ഒരു രാത്രി വെറുതേ നശിപ്പിയ്ക്കേണ്ടന്ന് കരുതി അന്നയാള്‍ ‘കറുമ്പന്‍ ജോണി’ യെന്ന ബ്ലാക്ക്‌ലേബലില്‍ ആശ്വാസം കണ്ടെത്തി.

ക്രിസ്തുമസിന് രണ്ടുനാള്‍ മുമ്പാണ് ഇടിത്തീപോലെ നാട്ടില്‍ നിന്നും ആ വാര്‍ത്തയെത്തിയത്. അപ്പന്‍ അത്യാസന്നനിലയില്‍ ആശുപത്രിയിലായിരിക്കുന്നു. പ്രായത്തിന്‍റെ അസ്കിതകളൊക്കെയുണ്ടെങ്കിലും അന്നും പറമ്പിലൊക്കെ ചുറ്റിയടിച്ചു നടന്നതാണ്. പെട്ടെന്നൊരു നെഞ്ചുവേദനയും തളര്‍ച്ചയും. പേരുകേട്ട പിശുക്കന്മാരാണെങ്കിലും സീസണിലെ അന്യായവില നോക്കാതെ ചേട്ടന്മാരൊക്കെ പോകാന്‍ തീരുമാനിച്ചു. ഒരുവിധത്തില്‍ സീറ്റൊപ്പിച്ച് അവറാച്ചനും പുറപ്പെട്ടു. മക്കളുടെ ഭാഗ്യം കൊണ്ടായിരിക്കണം, എല്ലാവരും ചെന്ന് മൂന്നാം നാള്‍ അപ്പന്‍ യാത്രയായി. അമ്മയുടെ കരച്ചിലിനേക്കാള്‍ അവറാച്ചനെ സങ്കടപ്പെടുത്തിയത് പറമ്പിലെ കൃഷിയും വിളവുകളും കണ്ടപ്പോഴാണ്. ഈ മണ്ണിന് അപ്പന്‍റെ വിയര്‍പ്പിന്‍റെ മണമാണ്. കുറച്ചൊക്കെ എന്‍റെയും. അയാള്‍ നിറകണ്ണുകളോടെ ഓര്‍ത്തു. 

കര്‍മ്മങ്ങളൊക്കെ കഴിഞ്ഞ് മടങ്ങുമ്പോള്‍ അവറാച്ചന്‍റെ മനസ്സ് നിറയെ അപ്പനെക്കുറിച്ചുള്ള ഓര്‍മ്മകളായിരു ന്നു. നിറയെ യാത്രക്കാരും അവരുടെ സംസാരവും കുഞ്ഞുങ്ങളുടെ കരച്ചിലുമൊക്കെയായി എയര്‍ ഇന്ത്യ ഫ്ലൈറ്റിലിരിക്കുമ്പോള്‍ പണ്ട് അര്‍ത്തുങ്കല്‍ പള്ളിപ്പെരുന്നാളിന് അപ്പന്‍റെയൊപ്പം ബസ്സില്‍ യാത്ര ചെയ്ത ഓര്‍മ്മകളൊക്കെ അയാളുടെ മനസ്സിലേയ്ക്കോടിയെത്തി. സങ്കടം മൂത്തപ്പോള്‍ എയര്‍ ഹോസ്റ്റസ് വിളമ്പിയ വിസ്ക്കി വീണ്ടും വീണ്ടും വാങ്ങിക്കുടിച്ചു. അപ്പന്‍റെ ‘പെല’ വീടാതെ മദ്യവും മാംസവും കഴിച്ചതോര്‍ത്ത് ദുഃഖം വന്നെങ്കിലും കുറ്റബോധം മാറ്റിവച്ച് പിന്നെയുമയാള്‍ മദ്യം ചോദിച്ചു വാങ്ങി. ഒടുവില്‍ മധ്യവയസ്കയെങ്കിലും സുന്ദരിയായ അവള്‍ വിനയത്തോടെ തടസ്സം പറഞ്ഞു.

‘ബസ് വിസ്കി ചാഹിയേ? സോനാ നഹീ ഹേ?’

അവറാച്ചന് അവള്‍ പറഞ്ഞത് ശരിയ്ക്കങ്ങോട്ട് മനസ്സിലായില്ല. ‘‘മേരാ സെക്കന്‍റ് ലാംഗ്വേജ് ഹിന്ദി നഹി. മലയാളം ഹേ, ഹി, ഹൂ’’ എന്നൊക്കെ മോഹന്‍ലാല്‍ സ്റ്റൈലില്‍ പറയാനാണ് തോന്നിയത്. എന്തായാലും പുഞ്ചിരി വിടാതെ ‘ലാസ്റ്റ് സേര്‍വിങ്’ എന്ന് പറഞ്ഞ് ഒരു ഡ്രിങ്ക് കൂടി അവള്‍ നല്‍കി. അവസാനത്തെ പെഗ് കൂടി അകത്താക്കിക്കഴിഞ്ഞപ്പോള്‍ അവറാച്ചന് അവളെ വിസ്തരിച്ചൊന്ന് പരിചയപ്പെടണമെന്ന് തോന്നി. തിരക്കൊന്ന് കുറഞ്ഞപ്പോള്‍ കിച്ചണ്‍ ഏരിയായില്‍ ചെന്ന് അറിയാവുന്ന ഹിന്ദിയും ഇംഗ്ലീഷും പറഞ്ഞ് പരിചയപ്പെട്ടു. പിങ്കിയെന്നാണ് പേരെന്നും സര്‍വ്വീസില്‍ ഇത് ഇരുപതാമത്തെ വര്‍ഷമാണെന്നും സീനിയോരിറ്റിയും മറ്റും പരിഗണിച്ച് കൂടുതലും യു.എസ്. സെക്ടറിലാണ് തന്നെ അയയ്ക്കാറുള്ളതെന്നുമൊക്കെ അവള്‍ പറഞ്ഞപ്പോള്‍ തങ്ങള്‍ ചിരകാല സുഹൃത്തുക്കളാണെന്ന തോന്നലില്‍ അവറാച്ചനെത്തി. പിന്നെ മടിച്ച് മടിച്ച് അയാള്‍ ചോദിച്ചു

‘തോടാ ബ്ലൂ സെറ്റപ്പ് കരേഗാ’’

‘‘വാട്ട് ഡൂ യൂ മീന്‍?’’ മുഖം ചുവന്ന് ഇംഗ്ലീഷിലായിരുന്നു അവളുടെ മറുചോദ്യം.

‘‘ഐ മീന്‍......ഐ മീന്‍ ബ്ലൂലേബല്‍’’

‘‘ഐ മീന്‍....ജോണി വാക്കര്‍’’  വിക്കി വിക്കി ക്ഷമാപണസ്വരത്തില്‍ അവറാച്ചന്‍ പറഞ്ഞു.

ഇത്തവണ പിങ്കി പൊട്ടിച്ചിരിച്ചു. പിന്നെ അവറാച്ചനെ പറഞ്ഞു മനസ്സിലാക്കി: ‘‘ഫ്ലൈറ്റില്‍ ഫസ്റ്റ് ക്ലാസ്സില്‍ പോലും ബ്ലൂലേബല്‍ കിട്ടില്ല. അവിടെ ബ്ലാക്ക് ലേബലാണ് വിളമ്പുന്നത്. ഇക്കോണമി ക്ലാസ്സില്‍ റെഡ് ലേബലും. എന്തായാലും ഞാനിത്തിരി ബ്ലായ്ക്ക് ലേബല്‍ അവിടെ നിന്നും കൊണ്ടുവന്നു തരാം. മറ്റാരോടും പറഞ്ഞേക്കല്ലേ’’

വീട്ടില്‍ മടങ്ങിയെത്തിയ അന്നു രാത്രിതന്നെ അവറാച്ചന്‍ ബേസ്മെന്‍റിലേയ്ക്കിറങ്ങി ബ്ലൂലേബലിന്‍റെ കുപ്പിയെടുത്തു. അതിശയത്തോടെ മോളമ്മ ഓടിയടുത്തു. ‘‘എന്താണിച്ചായാ നിങ്ങളീ കാണിയ്ക്കുന്നത്? അപ്പന്‍ മരിച്ചിട്ട് രണ്ടാഴ്ച പോലുമായില്ല. നാല്‍പ്പത്തിയൊന്നു കഴിയാതെ മദ്യവും മാംസവും കഴിച്ചാല്‍ കുടുംബത്തിനു മുഴുവനും ശാപം കിട്ടും’’. അപ്പന്‍ പോയതിന്‍റെ സങ്കടമാണെന്ന് പറഞ്ഞിട്ടും അവള്‍ക്ക് ഒരു കുലുക്കവുമില്ല. കുപ്പി പിടിച്ചു വാങ്ങി അവള്‍ ബാര്‍ ടേബിളിനുള്ളിലേയ്ക്കെടുത്തുവച്ചു. ഫ്ളൈറ്റില്‍ വച്ച് കഴിച്ച കാര്യമോ പിങ്കിയെ പരിചയപ്പെട്ട കാര്യമോ പറഞ്ഞാല്‍ അവള്‍ വീട് വിറപ്പിയ്ക്കുമെന്നറിയാവു ന്നതുകൊണ്ട് അവറാച്ചന്‍ അനുസരണയുള്ള കുഞ്ഞാടിനേപ്പോലെ കിടക്കമുറിയിലേയ്ക്കു പോയി.

അപ്പന്‍റെ നാല്‍പ്പത്തിയൊന്നാം ചരമദിനമൊക്കെ കഴിഞ്ഞ്, അമ്പതുനോമ്പ് തുടങ്ങുന്നതിനു തലേന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഒരിയ്ക്കല്‍ കൂടി അവറാച്ചന്‍ നിധിചഷകം കയ്യിലെടുത്തു. ഇന്നെന്തായാലും അവള്‍ തടസ്സം പറയില്ല, അയാള്‍ ആശ്വസിച്ചു. ഇത്തവണ പക്ഷേ മോളമ്മ ഏറെ സ്നേഹത്തോടെയാണ് തടയിട്ടത്.

‘‘ ഇച്ചായാ എന്തായാലും ഇത്രയായില്ലേ? നോയമ്പൊന്ന് കഴിഞ്ഞോട്ടെ. അപ്പന്‍ പോയിട്ട് ആദ്യത്തെ വലിയ നോയമ്പല്ലേ? ഈസ്റ്ററിന് ഇച്ചായന്‍ ഇതു മുഴുവനും കുടിച്ചോ. ഞാനീ ഏരിയായിലേയ്ക്കേ വരികയില്ല’’ കല്യാണം കഴിഞ്ഞിട്ട് കാല്‍ നൂറ്റാണ്ടായെങ്കിലും ഇത്രയും വാത്സല്യത്തോടെ മോളമ്മ തന്നോട് സംസാരിക്കുന്നത് ആദ്യമായിട്ടാണെന്ന് അവറാച്ചന് തോന്നി. ആ കെണിയിലയാള്‍ വീണു. പൂര്‍ണ്ണമനസ്സോടെ അവറാച്ചന്‍ കുപ്പി അലമാരയിലേയ്ക്ക് വച്ചു. ചില്ലലമാരയിലെ കുപ്പികള്‍ തന്നെ നോക്കി പല്ലിളിയ്ക്കുന്നതു പോലെ അയാള്‍ക്ക് തോന്നി. ഒരു നെടുവീര്‍പ്പോടെ മോളമ്മയുടെ കൈയ്യില്‍ പിടിച്ചുകൊണ്ട് അവറാച്ചന്‍ ഡൈനിങ് ടേബിളിലേയ്ക്ക് നീങ്ങി. 

ഉയിര്‍പ്പുതിരുന്നാളിന്‍റെ സന്തോഷം ആഘോഷിക്കാന്‍ പക്ഷേ, ഇത്തവണ അവറാച്ചനുണ്ടായിരുന്നില്ല. നാല്‍പ്പതാം വെള്ളിയാഴ്ച വൈകിട്ട് അത്താഴം കഴിച്ച് കിടന്ന അയാള്‍ പിറ്റേന്നുണര്‍ന്നില്ല. രാത്രിയിലെപ്പോഴോ അരികെ ഉറങ്ങിക്കിടന്ന ഭാര്യ പോലുമറിയാതെ അപ്പന്‍റെ സവിധത്തിലേയ്ക്കയാള്‍ യാത്രയായി. സൈലന്‍റ് അറ്റാക്കാണെന്നൊക്കെ ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും മോളമ്മയ്ക്കത് ഹൃദയം പൊട്ടിച്ചിതറുന്ന അനുഭവമായി അവശേഷിച്ചു.

in-memory-256
പ്രതീകാത്മക ചിത്രം

ഇന്ന് അവറാച്ചന്‍റെ നാല്‍പ്പത്തിയൊന്നാം ചരമദിനമായിരുന്നു. രാവിലെ പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കുടുംബക്കാരും അവറാച്ചന്‍റെ കൂട്ടുകാരും വീട്ടില്‍ ഒത്തുകൂടി. ഉച്ചയൂണിന് മുമ്പ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മോളമ്മ ജോണിവാക്കര്‍ ബ്ലൂലേബലിന്‍റെ കുപ്പി ഡൈനിംഗ് ടേബിളിലെടുത്തുവച്ചു. കുറ്റബോധ ത്താല്‍ അവളുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. എല്ലാവരോടുമായി അവള്‍ പറഞ്ഞു.

‘‘ അവറാച്ചായന്‍ കണ്ടമാനം ആഗ്രഹിച്ച് മേടിച്ചുവച്ചതാണിത്. ഓരോരോ കാരണങ്ങള്‍ കൊണ്ട് ഇതുവരെയും അച്ചായനിത് അനുഭവിക്കാന്‍ കഴിഞ്ഞില്ല. ഇതിവിടെയിരുന്നാല്‍ എനിക്കൊരിക്കലും മനസ്സമാധാനം കിട്ടില്ല. വേണമെങ്കില്‍ നിങ്ങള്‍ക്കിത് കഴിയ്ക്കാം. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും കൊണ്ടുപോകാം. ആരെടുത്താലും കഴിച്ചാലും അച്ചായന്‍റെ ആത്മാവിനുവേണ്ടി ഒന്ന് പ്രാര്‍ത്ഥിച്ചേക്കണം’’

ഭിത്തിയില്‍ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന അവറാച്ചന്‍റെ ഛായാചിത്രത്തിലേയ്ക്ക് മോളമ്മ നോക്കി. മനസ്സാ മാപ്പു പറഞ്ഞുകൊണ്ട് താനീ ചെയ്തത് ശരിയല്ലേയെന്നവള്‍ ഭര്‍ത്താവിനോട് ചോദിച്ചു. നിറയുന്ന കണ്ണുകളിലൂടെ നോക്കുന്തോറും അവറാച്ചന്‍ തന്നെ നോക്കി പുഞ്ചിരി തൂകുന്നതുപോലെ അവള്‍ക്ക് തോന്നി. സമാധാനത്തോടെ അവള്‍ നെടുവീര്‍പ്പിട്ടു. അവറാച്ചന്‍റെ ആത്മാവും ആ നെടുവീര്‍പ്പില്‍ പങ്കുചേര്‍ന്നു.

English Summary : Oru Blue Label Aparatha Story By Shajan Anithottam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com