ADVERTISEMENT

കറുകറുത്ത ഇരുട്ടിലെവിടെയോ നിന്ന് കറുത്തിരുണ്ടൊരു കരിമ്പൂച്ചയെ കണ്ടെത്തിയ ഒരാശ്വാസത്തോടെയാണ് മുന്നിലെ കറുപ്പിൽ നിന്ന് കറുത്ത ജീൻസും ബനിയനുമണിഞ്ഞിരിക്കുന്ന രൂപത്തെ ഞാൻ തിരിച്ചറിഞ്ഞത്, ഒന്നുടെ വല്ലാണ്ടങ്ങ് ശ്രദ്ധിച്ചു നോക്കിയിട്ടാണ് അത് നസ്രിയ തന്നേയാണെന്ന് തന്റെ മനസ്സ് തിരിച്ചറിഞ്ഞ് ഉറപ്പിച്ചെടുത്തത്.

ഒരുവിധത്തിൽ പറഞ്ഞാൽ മനസ്സും പ്രകൃതിയും തമ്മിൽ വല്ലാത്തൊരു ബന്ധം ഉണ്ടെന്നത് എത്ര സത്യമാണ്, രണ്ടും ഒന്നിൽ നിന്ന് എത്ര പെട്ടെന്നാണ് മറ്റൊന്നിലേക്ക് രൂപമാറ്റം സംഭവിക്കുന്നത്. കത്തിക്കാളുന്ന വെയിലിലൂടെയാണ് നട്ടുച്ചക്ക് വന്ന് ക്വാർട്ടേഴ്സിന്റെ വാതിൽ തുറന്ന് അകത്തെത്തിയത്, ഏസി ഓൺ ചെയ്തതേ ഓർമ്മയുള്ളു, പിന്നെ കട്ടിലിൽ നീണ്ടു നിവർന്ന് കിടന്ന് ഉറക്കത്തിലേക്ക് ആണ്ടിറങ്ങി പോകുകയായിരുന്നു. വയർ നിറയെ കഴിച്ച ബിരിയാണിയും തളർച്ചക്ക് വല്ലാതെ ശക്തിയേറ്റി, അതു പറഞ്ഞില്ലല്ലോ, ഇന്ന് പെരുന്നാൾ ആയിരുന്നു. അതിനാൽ ഉച്ച ഭക്ഷണം തൊട്ടടുത്ത് താമസിക്കുന്ന കൂട്ടുകാരന്റെ വീട്ടിൽ നിന്നായിരുന്നു. ലോക്ക്ഡൗണിന്റെ ഇടയിലുളള പെരുന്നാളായതിനാൽ അതിഥികളായി അധികമാരും ഉണ്ടായിരുന്നില്ല. ഞാനും പുറത്തു നിന്ന് മറ്റു രണ്ടു പേരും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നത്തെ പെരുന്നാളും കഴിഞ്ഞ വർഷത്തെ പെരുന്നാളും തമ്മിൽ പറയത്തക്ക രീതിയിലുള്ള മാറ്റം ഒന്നുമുണ്ടായിരുന്നില്ല. ആകെ ഉള്ള ചെറിയൊരു മാറ്റം ഈ പെരുന്നാളിന് നസ്രിയ ഇല്ലായിരുന്നു എന്നതായിരുന്നു. കഴിഞ്ഞ വർഷവും ലോക്ക്ഡൗണിന്റെ ഇടയിൽ തന്നേയായിരുന്നല്ലോ പെരുന്നാൾ, ഇതേ കൂട്ടുകാരന്റെ വീട്ടിൽ നിന്ന് അന്നും മട്ടൺ ബിരിയാണിയും കഴിച്ച് വന്ന് ഇതുപോലെ കത്തുന്ന ചൂടിലൂടെയാണ് ഉച്ചയ്ക്ക് വന്നു കിടന്നത്. ക്വാർട്ടേഴ്സിന്റെ മേൽഭാഗത്ത് ചരൽ വാരിയെറിയുന്നതു പോലുള്ള ശബ്ദം കേട്ടാണ് അന്ന് ഉറക്കം ഞെട്ടിയുണർന്നത്. കാറ്റിന്റെ ഹുങ്കാര ശബ്ദം കൂടി കേട്ടപ്പോഴാണ് തകർത്തു പെയ്യുന്ന മഴയിൽ ആലിപ്പഴം പൊഴിയുന്ന ശബ്ദം ആണ് തന്നേ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരാനിടയായ ശബ്ദത്തിന്റെ ഉറവിടം എന്ന് വ്യക്തമായത്. ഞെട്ടലിന് ആക്കം കൂട്ടിയത്  മുന്നിലുള്ള കട്ടിലിലെ കറുത്ത രൂപത്തെ കണ്ട നേരമാണ്, അത് നേരത്തെ പറഞ്ഞതാണല്ലോ, നസ്രിയ ആയിരുന്നു ആ കറുത്ത രൂപം എന്ന്.

Read also: മക്കളെ സ്കൂളിൽ വിടാൻ അയൽക്കാരി സഹായിച്ചില്ല, പരാതിയും പരിഭവവും; കാരണം കേട്ടപ്പോൾ വാദി പ്രതിയായി

നസ്രിയയെ പറ്റി പറയുന്നതിന് മുമ്പ് ഞാനാരാണ് എന്നു ചെറുതായി ഒന്നു പറയണം. തൊട്ടടുത്തുള്ള ചെറിയ കമ്പനിയിലേക്ക് വേറെ ഒരു ബ്രാഞ്ചിൽ നിന്ന് സ്ഥലം മാറി വന്ന ഒരു ജീവനക്കാരൻ. ഇങ്ങോട്ട് എത്തിയത് ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ്. ക്വാർട്ടേഴ്സ് തുറന്നു തന്ന കമ്പനി പിആർഒ സാധനങ്ങൾ അകത്ത് കയറ്റി വയ്ക്കാൻ സഹായിക്കുന്നതിന്റെ കൂട്ടത്തിൽ പറഞ്ഞു. നിങ്ങൾ ക്വാർട്ടേഴ്സിൽ ഒറ്റയ്ക്കായിരിക്കും എന്ന ഭയം വേണ്ട നിങ്ങൾക്ക് എന്തു സഹായത്തിനും നസ്രിയ ഉണ്ടായിരിക്കും. കമ്പനിയിലെ ക്ലീനിംഗ് സ്റ്റാഫ് ആണ് നസ്രിയ. അന്നാണ് ഞാനും നസ്രിയയെ പറ്റി ആദ്യമായി കേൾക്കുന്നത്. ഇപ്പോൾ നിങ്ങൾ വായനക്കാർ ഓർക്കുന്നുണ്ടാകും ഇതെന്ത് കമ്പനി, കമ്പനി ക്വാർട്ടേഴ്സിൽ തന്നെ ജീവനക്കാരനും, ക്ലീനിംഗ് സ്റ്റാഫായ നസ്രിയക്കും ഒന്നിച്ച് താമസം ഏർപ്പെടുത്തിയിരിക്കുന്നു. എന്താകും ഇനി ഇതിന്റെ ബാക്കി ഭാഗങ്ങൾ, ഒരവിഹിതത്തിന് സ്കോപ്പ് ഉണ്ടോ? തുടർന്നുള്ള കാര്യങ്ങൾ സംഭവ ബഹുലമായി തീരുമോ എന്നെല്ലാം, നിങ്ങൾക്ക് അങ്ങനെയെല്ലാം ചിന്തിക്കാമെങ്കിൽ പിന്നെ എനിക്കും ഇത്തിരിയെല്ലാം ചിന്തിച്ചു കൂട്ടാൻ പാടില്ലേ, അങ്ങനെ ഞാനും എന്തെല്ലാമോ കാടു കയറി ചിന്തിച്ചിരുന്നപ്പോഴാണ് പിആർഒ യാത്ര പറഞ്ഞു പോയത്. എന്നാലിനി ഒരു സുലൈമാനി കുടിച്ചിട്ടാകാം ബാക്കി ചിന്തകൾ എന്നോർത്താണ് കിച്ചനിൽ എത്തിയത്. 

നല്ല അടുക്കും, ചിട്ടയും, വൃത്തിയും ഉള്ള അടുക്കള. കണ്ണാടി പോലെ മിന്നുന്ന സിങ്കും, കിച്ചൻ സ്ലാബും, വൃത്തിയായി കഴുകി കമഴ്ത്തി വച്ചിരിക്കുന്ന പാത്രങ്ങൾ, ഇംഗ്ലീഷിലുള്ള വടിവൊത്ത കൈയ്യക്ഷരത്തിൽ പ്ലാസ്റ്റിക് ജാറുകളുടെ പുറത്ത് പലവ്യഞ്ജനങ്ങളുടേയും, കറിപ്പൊടികളുടേയും പേരുകൾ കൃത്യമായി എഴുതി  വച്ചിരിക്കുന്നു. പുറത്ത് ഒരു നുള്ള് അഴുക്കോ പൊടിയോ കാണാനാവാതെ വൃത്തിയാക്കി വച്ചിരിക്കുന്ന ഫ്രിഡ്ജിന്റെ അകവശവും കൈ കഴുകി തൊടാൻ തോന്നുന്ന രീതിയിലാണ് ക്ലീൻ ചെയ്തു വച്ചിരുന്നത്. നേരിട്ടു കണ്ടിട്ടില്ലെങ്കിലും ചുറ്റിലും നസ്രിയയുടെ അദൃശ്യസാന്നിധ്യവും, കരവിരുതും നിറഞ്ഞു നിൽക്കുന്ന സുഗന്ധമാർന്നൊരു തോന്നൽ എന്നിലുളവാക്കി. തിളച്ചു വരുന്ന വെള്ളത്തിലേക്ക് തേയിലയിട്ടപ്പോൾ വെളുപ്പും കറുപ്പും ഒന്ന് ചേർന്ന് തിളച്ചുമറിഞ്ഞ് ഉയർന്ന് പൊങ്ങി ചുവപ്പ് നിറമായി. ഗ്ലാസിലേക്ക് ചായ പകർന്ന നേരത്താണ് വാതിലിൽ മുട്ട് കേട്ടത്. വാതിൽ തുറന്നപ്പോൾ മുൻപിൽ.... ഞാനാണ് നസ്രിയ. നസ്രിയയുടെ വിശേഷങ്ങൾ ഇവിടെ തീരുന്നില്ല, ഇവിടെ തുടങ്ങുകയാണ്..

Read also: സമൂഹമാധ്യമത്തിൽ താരം, സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ആരോപണം; ജീവിതം കീഴ്മേൽ മറിഞ്ഞു

മരിച്ച വീട്ടിൽ ചത്തവർ കുത്തിയിരിക്കുന്ന പോലെ കറുത്ത കുപ്പായവും ഇട്ട് മനുഷ്യനെ പേടിപ്പിക്കാതെ ഇയാൾക്ക് കിടന്നുറങ്ങാൻ പാടില്ലേ, പുറത്ത് സംഗീത സാന്ദ്രമായ മഴ, ഇടിവെട്ട്, കൂട്ടത്തിൽ ആലിപ്പഴവർഷവും പൊഴിയുന്ന നേരത്ത് ആരെങ്കിലും ഇങ്ങനെ കുത്തിയിരിക്കുമോ? ഞാൻ പറഞ്ഞു തീർന്ന ഉടനെ നസ്രിയ വളരെ ശാന്തമായി പറഞ്ഞ കൗണ്ടറിന്റെ അത്രയും ഭീതിതമായ ഒരു കൗണ്ടർ ഞാനീ ജീവിതത്തിൽ ഇതിനു മുമ്പോ അതിനുശേഷമോ കേട്ടിട്ടുണ്ടാവില്ല എന്നത് സത്യമാണ്. ഗ്ലാസ്സ് പ്രതലങ്ങൾ വജ്രസൂചി കൊണ്ട് വരഞ്ഞു മുറിക്കുന്ന പോലെ അവന്റെ മറുപടി എന്റെ കരളിനെ രണ്ടായി പകുത്തു കളഞ്ഞു. പുറത്തെ കോരി ചൊരിയുന്ന മഴയിലും ഒരു നുളളുവെള്ളം ഇല്ലാതെ എന്റെ തൊണ്ട വറ്റിവരണ്ടു പോയി. ഇത്ര ചെറിയൊരു വാചകത്തിന് എത്രമാത്രം സ്ഫോടാനാത്മകമാകാൻ പറ്റുമെന്ന് തിരിച്ചറിഞ്ഞ നിമിഷം. 'എന്റെ അമ്മ മരിച്ചു പോയി' അമ്മ മരിച്ചിരിക്കുന്ന സമയം മകനോട് അറിയാതെയാണെങ്കിലും അസ്ഥാനത്ത് കോമഡി പറഞ്ഞ എനിക്ക് എന്നോട് തന്നേ അവജ്ഞ തോന്നിപ്പോയ നിമിഷം. സമയവും സന്ദർഭവും ഓർത്ത് അനാവശ്യ ചിന്തകളിൽ നിന്ന് മനസ്സിനെ ശാന്തമാക്കി. "നസ്രിയ നാട്ടിൽ പോകുന്നോ? ടിക്കറ്റിന്റെ കാര്യവും മറ്റു ചെലവുകളുമോർത്ത് വിഷമിക്കേണ്ട, അതിന് നമുക്ക് എന്തെങ്കിലും വഴി കണ്ടെത്താം." "സാറേ ടിക്കറ്റ് അല്ല പ്രശ്നം, ഇപ്പോഴത്തെ സിറ്റുവേഷനെ പറ്റി ഞാൻ പ്രത്യേകിച്ച് പറയണോ?"

ഒന്നോർത്താൽ ശരിയാണ് ഇപ്പോഴത്തെ അവസ്ഥയിൽ ടിക്കറ്റിന്റെ കാര്യം മാത്രം ശരിയായിട്ട് ഒരു കാര്യവുമില്ല. അവന്റെ സ്ഥാനത്ത് ഞാനാണെങ്കിലും ഇതെല്ലാം തന്നേയാണ്. വിമാനത്താവളം അടച്ചതും, ലോക്ക്ഡൗണും, നാട്ടിലെത്തിയാലുള്ള ഒരാഴ്ചത്തേ ക്വാറന്റീനും, ഇവിടത്തെ കോവിഡ് പരിശോധനയുടെ റിസൽട്ട് നെഗറ്റീവ് ആകുക അങ്ങനെ നൂറായിരം കടമ്പകൾ. ഏതു വിധേനയുമീ കടമ്പകൾ കടന്നു ചെന്നാലും,  മരണം നൽകുന്ന വേദനകൾക്കപ്പുറം പ്രിയപ്പെട്ടവരെ അവസാനമായി ഒന്നു കാണാൻ പോലുമാവാത്തതിന്റെ വിഷമം. എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്നറിയാതെ മനസ്സുഴറി, ആദ്യമായി കണ്ട അന്നുമുതൽ നസ്രിയ പറഞ്ഞുള്ള വിവരങ്ങൾ ഒരു തിരക്കഥ പോലെ ഉള്ളിൽ നിറഞ്ഞു. ഒരപരിചിതനായ ചെറുപ്പക്കാരൻ, അല്ലെങ്കിൽ തന്നേ അൽപം മുമ്പ് ഇവിടെ ആദ്യമായെത്തിയ തനിക്ക് ഇവിടെ എല്ലാവരും അപരിചിതർ ആണല്ലോ? ആരാണ്, ഏതാണ് എന്ന് അറിയാത്തതിനാൽ ഹിന്ദിയിൽ തന്നെ ചോദിച്ചു, നിങ്ങൾ ആരാണ് എന്ന് മനസ്സിലായില്ലല്ലോ."ഞാൻ നസ്രിയ, ഞാൻ ഈ റൂമിൽ ആണ് താമസിക്കുന്നത്, സാർ ഇന്നുവരും എന്ന് കമ്പനി പിആർഒ പറഞ്ഞിരുന്നു." "നസ്രിയയെ പറ്റി ഞാനും കേട്ടു, എന്താണ് നസ്രിയ എന്ന ഒരു പേര്. ആദ്യമായി കേൾക്കുന്നതാണ് ആണുങ്ങൾക്ക് ഇങ്ങനെ ഒരു പേര്. നാട്ടിലെവിടെയാണ്."

Read Also: സഹപാഠിയിൽ നിന്ന് നിരന്തരം കളിയാക്കൽ, പക പ്രതികാരത്തിനു വഴിമാറി; ട്രെയിനിലെ അപരിചിതന്റെ ജീവിതകഥ

"ഞാൻ തെലുങ്കാനാ സ്വദേശിയാണ്. എന്റെ ശരിക്കുള്ള പേര് മ്യാഖല നരസിംഹ് എന്നാണ്. ഇവിടേക്ക് ജോലിക്കെത്തിയപ്പോൾ നമ്മുടെ പിആർഒ ആണ് നരസിംഹ് എന്നു വിളിച്ചപ്പോൾ എന്റെ പേർ പുള്ളിയുടെ വായിലൊതുങ്ങാതെ ആദ്യമായി നസ്രിയ എന്ന് ആയത്. പിന്നീട് എല്ലാവരും വിളിച്ചു തുടങ്ങിയത് ആ പേരാണ്, കേട്ട് കേട്ട് ഞാനുമെന്റെ ശരിയായ നരസിംഹ് എന്ന പേര് മറന്നു തുടങ്ങി." "അത് കൊള്ളാമല്ലോ, നരസിംഹം നസ്രിയ ആയ കഥ, ഞാനെന്താണ് വിളിക്കേണ്ടത്?" "ഇനി ഒരു പേരുമാറ്റമൊന്നും വേണ്ട, നാട്ടിൽ പോകുന്നതു വരേ നസ്രിയ എന്ന് തന്നെ ആയിക്കോട്ടെ." "ശരി, നസ്രിയയുടെ വീട്ടിൽ ആരെല്ലാമുണ്ട്." "എന്റെ വീട്ടിൽ ഭാര്യയും മകനും, മകളും മാത്രമാണ് ഉള്ളത്, പക്ഷേ ഞങ്ങൾക്ക് ഒരു വീടല്ല അഞ്ചു വീടുണ്ട്." "അഞ്ചു വീടോ?" "അതേ ഒരു കോമ്പൗണ്ടിൽ തന്നേ അഞ്ച് വീട്. ഒത്ത നടുക്കുള്ള വീട്ടിൽ അച്ഛനും അമ്മയും താമസിക്കുന്നു. അതിനു ചുറ്റുമായി അടുത്തടുത്തായി ഞങ്ങൾ രണ്ടു സഹോദരന്മാരും, രണ്ട് സഹോദരിമാരും കുടുംബമായി താമസിക്കുന്നു. ഒറ്റയ്ക്ക് ഒറ്റയ്ക്കുള്ള കൂട്ടുകുടുംബം. ചുറ്റു മതിലുകളില്ലാതെ സ്നേഹം കൊണ്ട് വേലികെട്ടിയ അഞ്ചു വീടുകളും അതിലെ താമസക്കാരും, അവരൊന്നാണ്." "അതെന്താ അച്ഛനേയും അമ്മയേയും നിങ്ങൾക്ക് മക്കൾക്ക് ആർക്കെങ്കിലും കൂടെ താമസിപ്പിക്കാമായിരുന്നില്ലേ, അവർക്ക് പ്രായമായില്ലേ."

"അച്ഛനമ്മമാരുടെ സൗകര്യത്തിനാണ് അവർക്ക് മാത്രമായി ഒരു വീട് ഞങ്ങൾ തയാറാക്കിയത്. അവർക്കുള്ള ഭക്ഷണം ഞങ്ങൾ നാലു മക്കളുടേയും വീട്ടിൽ നിന്ന് മൂന്ന് നേരവും കൊണ്ടു ചെന്നു കൊടുക്കും. അച്ഛനുമമ്മയ്ക്കും സ്വസ്ഥമായിരുന്ന് സംസാരിക്കാനും, ഉറങ്ങാനും, ടിവി കാണാനും ഉള്ള ഒരിടം. മക്കളും മരുമക്കളും എപ്പോഴും ചെല്ലും, പിന്നെ ഏത് ആവശ്യത്തിനും വിളിക്കാനായി മൊബൈൽ ഫോണും ഉണ്ട്, അവർ ഹാപ്പിയാണ്, അവരുടെ സന്തോഷമല്ലേ നമ്മുടെ സന്തോഷം." "അതുകൊള്ളാമല്ലോ കൂട്ടുകുടുംബം പോലെ സഹോദരീ സഹോദരന്മാരും കുട്ടികളും, മാതാപിതാക്കളും ചെറുമതിലുകൾ കൊണ്ട് വേർതിരിക്കാത്ത അഞ്ചു വീടുകളിലായി അത്യധികം അടുപ്പത്തോടെ സന്തോഷമായി കഴിയുന്നു എന്നു കേൾക്കുന്നത് തന്നേ മനസ്സിന് എത്ര സന്തോഷം തരുന്ന വാർത്തകളാണ്." "അതെല്ലാം ശരിയാണ്. പക്ഷേ എല്ലാവരും ചേർന്ന് സന്തോഷത്തോടുള്ള ആ ജീവിതത്തിന് അധികം നാളത്തെ ആയുസ്സുണ്ടായിരുന്നില്ല. മൂന്നാലു മാസത്തിന് മുമ്പ് അമ്മയ്ക്ക് പെട്ടെന്ന് സുഖമില്ലാതായി, ഡോക്ടറെ കാണിച്ചപ്പോൾ ആണ് അറിഞ്ഞത് ബ്ലഡ് കാൻസറിന്റെ അവസാനത്തെ സ്റ്റേജിൽ ആണ് അമ്മയെന്ന്."

Read also: 'ബർത്ത്ഡേ പാർട്ടിക്കിടയിൽ അവനൊരു ബുദ്ധിമോശം കാണിച്ചു, ഇപ്പോൾ ആശുപത്രിയിലാണ്...'

ഒന്നും പറയാനാവാതെ ഇരുട്ടിൽ രണ്ട് നിഴലുകളായി ഞങ്ങൾ എത്ര നേരം ഇരുന്നു എന്നറിയില്ല. ഒന്നും ചെയ്യാനാവാത്ത ചില നിമിഷങ്ങൾ, ചുറ്റും ഇരുട്ട്. കൊഴിഞ്ഞുപോക്കുകൾ, കാലത്തിന്റെ തീരുമാനങ്ങൾ, വിധിയുടെ നിശ്ചയങ്ങൾ ആണ്. ഇലകൾ, കായ്കൾ, പൂവുകൾ, ജീവിതങ്ങൾ, ബന്ധങ്ങൾ, സൗഹൃദങ്ങൾ എല്ലാം നശ്വരങ്ങൾ. ഇന്ന് ഞാൻ നാളെ നീ അല്ലെങ്കിൽ ഇന്ന് നീ നാളെ ഞാൻ എല്ലാവരും തമ്മിൽ പിരിയേണ്ടവർ. പിന്നെന്തിനീ വഴക്കും വക്കാണവും, പരസ്പരം പഴിചാരലും, ഞാനെന്ന ഭാവവും. ഉള്ള കാലം മുഴുവനും സ്നേഹത്തോടെ കഴിയാം, ജീവിതത്തിന്റെ ബാക്കിപത്രങ്ങളിൽ എന്നും അതായിരിക്കും നന്മയുടെ ഈടുവയ്പുകൾ - ലോകാ സമസ്താ സുഖിനോ ഭവന്തു.

Content Summary: Malayalam Short Story ' Nazriya ' Written by Anilkumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com