ADVERTISEMENT

വഴിയോരത്തെ ജനക്കൂട്ടം ഏതോ മുട്ടൻ തമാശ കേട്ടിട്ടെന്ന പോലെ വലിയവായിൽ ചിരിച്ചുകൊണ്ടിരുന്നു. നരബാധിച്ചവരും ബാധിക്കാനുള്ളവരും അതിലുണ്ടായിരുന്നു. പരിഹാസച്ചുവയുള്ള നോട്ടമാണ് ചിലരുടേത്, അത് സഹിക്കാം, ലൈംഗികത കലർന്ന നോട്ടമാണ് സഹിക്കവയ്യാത്തത്. സഹതാപം കലർന്ന ചില കണ്ണുകൾ പറയാതെ പറയുന്ന ചിലതുണ്ടെന്ന് അവൾക്ക് തോന്നി, അത് ഒരു പക്ഷെ ഉപ്പിലിട്ട ഉപദേശങ്ങളാകാം, പാക്കറ്റിലെ ഊതിവീർപ്പിച്ച സമാധാന വാക്കുകളാകാം.. "ഒരു പതിവ് ചായ" പീടികതിണ്ണയിലേക്ക് കയറുന്നതിനിടയിലവൾ ഒറ്റശ്വാസത്തിൽ ലഘുവായി പറഞ്ഞൊതുക്കി. "അയ്ന് ങ്ങളെ മുൻപൊന്നും കണ്ട് പരിചയല്ലാലോ, എവിടുത്തെയാ?" പതിവ് എന്ന് കേട്ടപാടുള്ള, ചായപ്പീട്യക്കാരന്റെ ആ മറുപടിക്ക് പിന്നാലെ മുഴങ്ങിയത് ഒരു കൂട്ടച്ചിരിയായിരുന്നു. അവൾ ദീർഘമായി ആ കടക്കാരന്റെ മുഖത്തേക്ക് സസൂക്ഷ്മം നോക്കി, സുധീഷേട്ടൻ തന്നെയാണതെന്ന് അവൾ അരക്കിട്ട് ഉറപ്പിച്ചു. അവസാനമായി ഒരാഴ്ച മുൻപാണ് സുധീഷേട്ടന്റെ കൈയ്യോണ്ട് ഉണ്ടാക്കിയ അസ്സൽ സുലൈമാനി ഈ കടത്തിണ്ണയിലിരുന്നു ഊതി ഊതി കുടിച്ചത്. അതിന് മുൻപും എത്രയോ തവണ ഒറ്റക്കും കൂട്ടുകാരോടൊത്തും ഇവിടെ വന്നിരിക്കുന്നു. എന്തിനേറെ ഓഫിസിലേക്ക് പോകുന്നതിനു മുൻപ് ഒരു സുലൈമാനി നിർബന്ധമായിരുന്നു, എന്നിട്ടും...?? ഒരാഴ്ച്ച കൊണ്ട് മനുഷ്യൻ മനുഷ്യനെ മറക്കുമോ, പറയാൻ പറ്റില്ല, അയലത്തെ ശ്രീധരേട്ടൻ മരിക്കുന്നതിന് മുൻപ്, ലതചേച്ചി "ഒരിക്കലും മറക്കില്ലെന്ന്" കിന്നാരം പറയുന്നത് എത്രയോ തവണ അവൾ കേട്ടിരിക്കുന്നു, എന്നിട്ടിപ്പോ എന്തായി, മരിച്ചു മൂന്നാം നാൾ തന്നെ, അടുത്ത കെട്ട് കഴിഞ്ഞില്ലേ... മനുഷ്യനല്ലേ മറക്കും...!! ഉള്ള് പൊള്ളയായ വാക്കുകളൊക്കെ വെറും വാക്കുകളാണ്, അകന്ന് നിന്നാലറിയാം ഉള്ളിലെന്താണെന്ന്. അവളുടെ ചിന്തകൾ കുറഞ്ഞ നിമിഷം കൊണ്ട് തന്നെ കാടും മലയും കയറി തുടങ്ങി, പിന്നെയത് പുറകോട്ട് പുറകോട്ട് പോയി ഒരാഴ്ച്ച മുൻപത്തേക്ക് ചുവട് വെച്ചു.

അന്ന് ഓഫിസിലേക്കുള്ള ഇടവഴിയിൽ വെച്ചാണ് അനുശ്രീ വിളിക്കുന്നത്, "അനിലേ, ക്യാമ്പ് ഇന്ന് സ്റ്റാർട്ട് ചെയ്യുമേ, നിന്റെ മാനസിക സമ്മർദ്ദങ്ങളൊക്കെ ഒന്ന് കുറഞ്ഞു കിട്ടുമെന്ന് ഉറപ്പാണ്, ഒരാഴ്ച്ച നീളുന്ന ക്യാമ്പാ, പോവണേ..." പിന്നെയും എന്തൊക്കെയോ പറഞ്ഞാണ് ഫോൺ വെച്ചത്. ശരീരത്തിന്റെ ഏതോ കോണിൽ നിന്നും അനുസ്യൂതമായി നിലവിളിക്കാറുള്ള പെൺശബ്‍ദം അപ്പോഴും ശബ്‌ദിച്ചു. പിന്നെ ഒട്ടും അമാന്തിച്ചില്ല, അവിടെ സ്റ്റേ ചെയ്യാനുള്ള ഒരുക്കങ്ങളുമായി അവൾ തിടുക്കത്തിൽ നടന്നു. അത് ഒരു പക്ഷെ എന്നിലെ പുരുഷനിൽ നിന്നും സ്ത്രീയിലേക്കുള്ള നടത്തമായിരുന്നു...!! വർഷങ്ങളായി മനസ്സിന്റെ ഉള്ളിലിട്ട് ആയിരം ചങ്ങലകളും പൂട്ടുകളുമായി ബന്ധിച്ചിട്ടും ആ സ്ത്രീസത്വം എന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. ആരോടെങ്കിലും ഇതിനെ കുറിച്ചൊന്നു പറയണമെന്ന് ആഗ്രഹമില്ലാതിരുന്നിട്ടല്ല, ശേഷം വരുന്ന പ്രതികരണങ്ങൾ എത്തരത്തിലാകുമെന്ന ഭീതികൊണ്ട് മാത്രം മൗനിയായി നിന്നതായിരുന്നു. പിന്നീട് അങ്ങോട്ട്, ഉള്ളിന്റെയുള്ളിൽ താളം പിടിക്കുന്ന വാക്കുകളെ, ഒന്ന് പെയ്തുതീർക്കാൻ പാകപ്പെട്ട ചെവികളെയായിരുന്നു ഞാൻ പരതികൊണ്ടിരുന്നത്. കളിക്കൂട്ടുകാരിയായ അനുശ്രീയോട് ഇതിനെ കുറിച്ച് പറയുമ്പോ, ഹൃദയം പടപടാ മിടിച്ചു. അവളെങ്ങനെ പ്രതികരിക്കും? പരിഹസിക്കുമോ? കുത്ത് വാക്ക് കൊണ്ട് നോവിക്കുമോ? അതോ ഇവിടെ വെച്ച് ഈ ബന്ധം വിഛേദിക്കുമോ? അങ്ങനെയങ്ങനെ ചോദ്യങ്ങളുടെ ഒരു വൻകൂമ്പാരം ചിന്തയിൽ വന്നടിഞ്ഞു. എന്നാൽ അവൾ അസ്വാഭാവികതകളൊന്നും പ്രകടിപ്പിക്കാതെ എന്റെ പുറത്തൊന്ന് തട്ടിയപ്പോൾ, ഞാനറിയാതെ തന്നെ കണ്ണ് വല്ലാതെ നിറഞ്ഞു പോയി... ഉള്ളിലുള്ളതെല്ലാം പെയ്തൊഴിഞ്ഞപ്പോൾ മാനം പോലെ, എന്റെ മനസ്സും നന്നായി തെളിഞ്ഞു. കേൾക്കാൻ ഒരു ചെവിയുണ്ടായാൽ മാത്രം ഒഴുകി പോകുന്ന പരിഭവങ്ങളും ഈ ലോകത്തുണ്ടെന്നത് എത്ര വാസ്തവമാണ്..!

Read also:ചാറ്റിങ് പ്രണയമായി, വീട്ടുകാരെ കൂട്ടി പെണ്ണ് കാണാൻ വന്നപ്പോഴാണ് ആ സത്യം അറിഞ്ഞത്; ഒരു 'ആക്സിഡന്റ'ൽ പ്രണയം 

ക്യാമ്പിൽ എന്നെ പോലെ ഒത്തിരി പേരുണ്ടായിരുന്നു. പുരുഷശരീരത്തിൽ തളക്കപ്പെട്ട സ്ത്രീകളും, സ്ത്രീ ശരീരത്തിൽ തളക്കപ്പെട്ട പുരുഷന്മാരുമായി നിറയെ പേര്. ഇടതടവില്ലാതെ കഴിഞ്ഞ് പോയ ക്യാമ്പിലെ ഏഴ് ദിനങ്ങൾ എനിക്ക് സമ്മാനിച്ചത് ആർജ്ജവമുള്ള ചില തീരുമാനങ്ങളായിരുന്നു. ഇഷ്ട്ടപ്പെട്ടത് ധരിക്കാനും, അഭിമാനത്തോടെ ഉള്ളിലുള്ള സ്വത്വം വെളിപ്പെടുത്താനുമുള്ള അവസരമായിരുന്നുവത്. "അല്ല, ങ്ങളെ ആലോചന തീരുമ്പോത്തിനു ചായ ഐസ് കട്ട ആവുമല്ലോ" ഭൂതകാലത്തിൽ നിന്നും ചിന്തകൾ അടർത്തി, വർത്തമാനകാലത്തേക്ക് നോക്കുമ്പോ മുന്നിലതാ ഒരു പതിവ് ചായ. സുധീഷേട്ടന് ഓർമ്മ കമ്മിയൊന്നുമില്ല, പിന്നെ ആള് കൂടുമ്പോ പച്ചയിറച്ചി തിന്നിട്ടാണേലും ബാക്കിയുള്ളവരെ ചിരിപ്പിക്കുന്നത് മലയാളിയുടെ ജാതകത്തിൽ കുറിച്ചിട്ടതാണല്ലോ... അവൾ സുധീഷേട്ടന്റെ കണ്ണിലേക്കു നോക്കിയപ്പോൾ, അയാൾ ലജ്ജയുടെ ഏതോ ഒരംശം പ്രത്യക്ഷമാക്കി കൊണ്ട് അൽപം നീങ്ങി നിന്നു, ആ കണ്ണുകളിൽ നിന്നുമവൾക്ക് എല്ലാം വായിച്ചെടുക്കാമായിരുന്നു. ഓഫിസിലേക്കുള്ള നടത്തത്തിനിടയിലും പരിചിതരും അപരിചിതരുമായ ആളുകൾ വെറുതെ അവളെ നോക്കി ചിരിച്ചു. വഴിയരികിൽ എന്നും കാണാറുള്ള കൊമ്പൻ മീശക്കാരന് പതിവ് ചിരി പാസാക്കിയാണ് അവൾ അന്നും കടന്ന് പോയത്. ബസ്സ് കയറിയപ്പോ പിന്നിൽ നിന്നാരോ വല്ലാതെ ഇക്കിളിപ്പെടുത്തുന്നത് അറിഞ്ഞപ്പോ തിരിഞ്ഞു നോക്കിയ അവൾ അമ്പരന്നു. കത്തിജ്വലിക്കുന്ന കാമകണ്ണുകളോടെ കൊമ്പൻ മീശക്കാരൻ തന്റെ സാരിയോട് ചേർന്ന് നിൽക്കുന്നു. ഇയാളിതെപ്പോ പിന്നാലെ കൂടി എന്ന മട്ടായിരുന്നു അവളുടേത്.. എത്രയോ കാലം പരിജയമുള്ള ആൾക്ക്, എത്ര പെട്ടെന്നാണ് കാമക്കണ്ണ് കൊണ്ട് എന്നെ നോക്കാൻ മനസ്സുവന്നത്. അതിനു മാത്രം എന്നിലെന്തു മാറ്റം സംഭവിച്ചു, പാന്റും ഷർട്ടും ഇടുന്നതിനു പകരം സാരി ധരിച്ചതാണോ?? ആണെങ്കിൽ തന്നെ, സാരി ധരിച്ചവരെയൊക്കെ ലൈംഗികച്ചുവയോടെ നോക്കാമോ?? സമൂഹത്തിലെ ന്യൂനാൽ ന്യൂനപക്ഷ സ്ത്രീകളുടെ ഇത്തരത്തിലുള്ള വൈകൃതങ്ങളാകാം ബാക്കിയുള്ളവരെകൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ഏതോ ഒന്ന് രണ്ട് സ്ത്രീകൾ അങ്ങനെയാണെന്ന് കരുതി ബാക്കിയുള്ളവരെ അങ്ങനെ വിലയിരുത്തുന്നത് എത്ര വൃത്തികെട്ട ഏർപ്പാടാണ്...!!

Read also: കിടപ്പിലായ അച്ഛനോട് വെറുപ്പ്, ഉപേക്ഷിക്കാൻ ശ്രമങ്ങൾ; ഭാര്യയുടെ കണ്ണ് തെറ്റുന്ന സമയത്തിനായി അയാൾ കാത്തിരുന്നു

ബസ്സ്റ്റോപ്പിൽ ഇറങ്ങി നടക്കുമ്പോഴാണ്, വികലാംഗനായ വൃദ്ധൻ ഒരു കൂട്ടം മുഖം മൂടികൾ വിൽക്കുന്നത് അവളുടെ കണ്ണിലുടക്കുന്നത്. സ്റ്റാൻഡിന്റെ ഒരു മൂലയിൽ ഒതുങ്ങിയിരിക്കുന്ന അയാളിലേക്ക് ആരും ശ്രദ്ധിക്കപോലുമില്ലെന്ന് അവൾക്ക് തോന്നി. ആവശ്യമില്ലാതിരുന്നിട്ടും അവളൊരെണ്ണം വാങ്ങാൻ തുനിഞ്ഞു. ചിരിച്ചു നിൽക്കുന്ന കോമാളിയുടെ മുഖം മൂടി വാങ്ങി, അവൾ ബാഗിൽ തിരുകി വെച്ചു. ഓഫിസിലേക്ക് നടക്കുന്ന വഴിയിലെ യാചകൻ പോലും തന്റെ മുഖത്ത് നോക്കി ചിരിക്കുന്നത് കണ്ടപ്പോൾ ആദ്യമായി അവൾക്ക് വല്ലാത്ത ഇളിഭ്യത തോന്നിപ്പോയി. പോക്കറ്റിലെ ശേഷിക്കുന്ന ചില്ലറ പൈസകളെല്ലാം ഇടാറുള്ള, ഒരു ദിവസം അത് മുടങ്ങിയാൽ മുഖത്ത് മ്ലാനത പ്രകടിപ്പിക്കാറുള്ള അതേ ഭിക്ഷക്കാരനാണ് പുച്ഛം കലർന്ന ഭാവത്തോടെ തന്നെ നോക്കി ചിരിക്കുന്നത്. ലോകത്ത് ജോലിയും കൂലിയുമുള്ള ദാരിദ്രനാണ് താനെന്നു അവൾക്ക് അന്നേരം സ്വയം തോന്നിപ്പോയി. ഇടുങ്ങിയ സ്റ്റെപ്പുകളിലൂടെ ധൃതിയിൽ കാലുകൾ ചലിപ്പിക്കുമ്പോൾ, ഹൃദയത്തിന്റെ അങ്ങേയറ്റത്ത് പ്രതീക്ഷയോ, കൗതുകമോ അങ്ങനെ എന്തെല്ലാമോ കൂട് കൂട്ടിയിരുന്നു. ഈ വേഷത്തിൽ തന്നെ കാണുമ്പോഴുള്ള അനുശ്രീയുടെ മുഖത്തെ ഭാവമൊന്നു കാണണം, ക്യാമ്പിന് പോകാൻ പറഞ്ഞപ്പോ ഇത്രയ്ക്കൊന്നും അവൾ എന്തായാലും കരുതിയിട്ടുണ്ടാകില്ല, ആലോചിച്ചപ്പോൾ തന്നെ അവളുടെ ഉള്ളിൽ ചിരിപൊട്ടി, പിന്നെയത് മുഖത്തേക്ക് ഗ്രസിച്ചു. നടത്തം ഒന്നുകൂടി വേഗത്തിലാക്കി. കംപ്യൂട്ടറിന്റെ സ്ക്രീനിലേക്ക് കണ്ണും നട്ടിരിക്കുന്നവരിലേക്ക് ശ്രദ്ധകൊടുക്കാതെ അവൾ അനുശ്രീയെ തിരഞ്ഞുകൊണ്ടിരുന്നു. "അനിലേ, ഇതെന്ത് കോലമാണെടാ" ഓഫിസിന്റെ വടക്ക് മൂലയിൽ ചടഞ്ഞിരിക്കാറുള്ള വരുണിന്റെ ഉറക്കെയുള്ള ചോദ്യം കേട്ട്, ബാക്കിയുള്ള സഹപ്രവർത്തകർ എന്റെ ചുറ്റും നിമിഷ നേരം കൊണ്ട് ചുറ്റിനിന്നു. "നോക്കുകുത്തിക്ക് ഉണ്ടാകും ഇതിലും നല്ല കോലം" ചിരിയുടെ മുഴക്കം അവിടെ മുഴുവൻ പരന്നു, തലതാഴ്ത്തി മൗനിയായി അവൾ അവിടെ നിന്നു. 

Read also: ബുക്ക് ചെയ്ത കോട്ടേജ് കണ്ട് എല്ലാവരും അന്തംവിട്ടു, ഭാര്യ കലിപ്പിൽ, ചിരിച്ച് മറിഞ്ഞ് കൂട്ടുകാരൻ; പ്രശ്നങ്ങളുടെ പെരുമഴ 

അനുശ്രീ ഉണ്ടായിരുന്നെങ്കിൽ, എങ്ങനെ എങ്കിലും ഇവിടെ നിന്ന് എന്നെ രക്ഷിച്ചേനെ.. അവൾ ഹൃദയം കൊണ്ട് വല്ലാതെ ആഗ്രഹിച്ചു. അവൾക്കേ അറിയാൻ കഴിയു എന്റെയുള്ളിലെ നീറ്റൽ. സ്വയം സമാധാനിക്കാനായി അവൾ മനസ്സിൽ മന്ത്രിച്ചു. "ഇതൊക്കെ ഇട്ടാൽ പെണ്ണാകുമെന്നാണോടാ നിന്റെ വിചാരം" ആരോ ഒരാൾ ഉറക്കെ പറഞ്ഞു, ചിരിയുടെ മുഴക്കം ശക്തമായി ഉയർന്നു. ആരെയും നോക്കാതെ, ഒന്നും പറയാതെ അവൾ അങ്ങനെ നിന്നു. ചിരിയുടെ കടുപ്പം കുറഞ്ഞപ്പോൾ, തല പതിയെ ഉയർത്തി തിരിഞ്ഞു നടക്കാൻ ഭാവിച്ചപ്പോഴാണ് അവളത് കണ്ടത്...!! പ്രിയ കൂട്ടുകാരി അനുശ്രീയും അവരുടെ കൂട്ടത്തിലിരുന്നു പൊട്ടി പൊട്ടി ചിരിക്കുന്നു. നിന്ന നിൽപ്പിൽ സൂര്യൻ അസ്തമിച്ചതായും, ഭൂമി തമോഗർത്തങ്ങളിലേക്ക് ആഴ്ന്ന് പോകുന്നതായും അവൾക്ക് തോന്നി. തളം കെട്ടിനിന്ന കണ്ണുനീർ തുള്ളികൾ ആദ്യമായി ഇടതടവില്ലാതെ ഒലിച്ചു. ചില സമയങ്ങളിലെ പ്രിയപ്പെട്ടവരുടെ മൗനമായ ചിരികൾക്ക് പോലും ഇഞ്ചിഞ്ചായി നമ്മെ കൊല്ലാനുള്ള ശേഷിയുണ്ടല്ലേ...!! ഓഫിസിന്റെ ഇടത് വശത്തുള്ള ബാത്‌റൂമിലെ കണ്ണാടിയിലേക്ക് ഇമവെട്ടാതെ അവൾ നോക്കി. കൃത്രിമ ചിരിയുണ്ടാക്കാനായി അവൾ പാട്പെട്ടു. "എന്നെ കണ്ടിട്ട് കോമാളി എന്ന് തോന്നുന്നുണ്ടോ?" കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ടാവൾ പതിയെ മനസ്സിൽ മന്ത്രിച്ചു. പിന്നെ അടുത്തിരുന്ന ബാഗിന്റെ ഒരു മൂലയിൽ നിന്നും, നേരത്തെ വാങ്ങിയിരുന്ന ചിരിക്കുന്ന കോമാളിയുടെ മുഖം മൂടി കൈയ്യിലെടുത്തു. അത് മുഖത്ത് അണിഞ്ഞുകൊണ്ട് അവൾ ബാത്‌റൂമിന്റെ പുറത്തോട്ടിറങ്ങി. സഹപ്രവർത്തകർ കൂടിനിൽക്കുന്നതിനിടയിലൂടെ അവൾ നടന്നകന്നു, ആരും ചിരിച്ചില്ല, കളിയാക്കിയില്ല, പരിഹസിച്ചില്ല... "മുഖംമൂടിയിലെ ചിരി ആർക്കും ഇഷ്ടപ്പെട്ടു കാണില്ലല്ലേ, അല്ലെങ്കിലും ആരാന്റെ നിസ്സഹായാവസ്ഥയിൽ ചിരിക്കാനാണല്ലോ എല്ലാവർക്കും ഇഷ്ടം..!!" അവൾ സ്വയം മന്ത്രിച്ചു...

Content Summary: Malayalam Short Story Written by Shameem Kottakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com