"അവളെ കൊന്നവരെ ഞാനും കൊന്നു.. ഇവിടെ വെച്ച്..."
Mail This Article
ദാൽ തടാകത്തിനു ചുറ്റോളം വരുന്ന പാതയിലൂടെ ഒരു നടത്തം, വളരെ സുഖമുള്ള ഒരു നടത്തമാണത്. ചുറ്റോടുചുറ്റും എന്നു പറയാൻ പറ്റില്ല, പടിഞ്ഞാറുഭാഗത്തെ പോളോ മൈതാനത്തിൽ നിന്ന് തുടങ്ങിയാൽ കിഴക്കുവശത്തുകൂടി വടക്കുഭാഗത്തെ ഡക്ക് പാർക്ക് താണ്ടി മൗലാനാ റൂമി ഗേറ്റ് വരെ. ആ നടത്തത്തിന് അങ്ങനെ ഒരു കൃത്യമായ സമയമോ ദിവസമോ ദൃഢനിശ്ചയമോ ഇല്ല. സമയം കിട്ടുമ്പോൾ നടത്തം. ഈ പാതയുടെ നീളം ആറേഴു കിലോമീറ്റർ ഉണ്ടാകും. മൗലാനാ റൂമി ഗേറ്റ്ൽ നിന്ന് അര കിലോമീറ്ററോളം കിഴക്കോട്ടു പോയാൽ ഞാൻ താമസിക്കുന്ന മുറിയിൽ എത്താം. എന്നാലും ഏതു സമയത്തും ദാൽ തടാകത്തിൽ ഷിക്കാരകൾ ഒഴുകി നടക്കുന്നുണ്ടാകും. പഴം, പച്ചക്കറികൾ നിറച്ച ഷിക്കാരകൾ. എന്നാൽ ചിലതിൽ നിറയെ പുഷ്പങ്ങൾ ആയിരിക്കും. ഷിക്കാരയിൽ പല ഭക്ഷണ പദാർഥങ്ങൾ വിൽക്കുന്നുണ്ടാകും. അവയുടെ ഗന്ധം പൂക്കളുടെ ഗന്ധത്തെ കവച്ചുവെക്കും. കാരണം ഷിക്കാരയിൽ വെച്ച് പലരും ഭക്ഷണം പാകം ചെയ്യുന്നുണ്ടാകും. ആ ഗന്ധം മൂക്കിൽ തുളച്ചുകയറുമ്പോൾ നമ്മുടെ വയർ വിശപ്പുകൊണ്ട് ആർത്തു വിളിക്കുന്നുണ്ടാകും. കാശ്മീരി കാർപ്പെറ്റുകളും ഉടുപ്പുകളും കമ്പിളികളും വിൽക്കാൻ വെച്ചിരിക്കുന്ന ഷിക്കാരകളും ദാൽ തടാകത്തിലെ ഓളപ്പരപ്പിൽ നീങ്ങുന്നുണ്ടാകും.
ഈ പാതയിൽ വിദേശികളും തദ്ദേശീയരും കാഴ്ചകൾ കാണാനായി വരാറുണ്ട്. ഇവിടെ കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ ധാരാളം ഉണ്ട്. പലരും ദാൽ തടാകത്തെ അന്നദാതാവായി കാണുന്നവർ തന്നെ. പാതവക്കത് കച്ചവടം ചെയ്യുന്നവരെ ശ്രദ്ധിച്ചാൽ കാണാം അവരുടെ വയർ ഉയർന്നു നിൽക്കുന്നതായി. ഗർഭിണികളെപ്പോലെ വയർ. അവർ ധരിച്ചിരിക്കുന്ന നീളം കൂടിയ കുപ്പായത്തിനുള്ളിൽ അവർ ഒരു "കോങ്ങ്ഡി" ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും. ഒരു പൂക്കൂടയുടെ വലിപ്പമുള്ള ഒരു കൂടയും അതിൽ മൺ ചട്ടിയും ഉണ്ടാകും. അതിൽ തീ കനൽ നിറയ്ക്കും അതിനു മുകളിൽ കുറച്ചു വെണ്ണീർ, എന്നിട്ട് ആ കൂട നീളൻ കുപ്പായത്തിനടിയിലൂടെ അരയ്ക്ക് കെട്ടിവെക്കും. ആ കൂടയാണ് "കോങ്ങ്ഡി" എന്ന് പറയുന്നത്. ശരീരത്തിന് ചൂട് നിലനിർത്താൻ അത് സഹായിക്കും. ഈ "കോങ്ങ്ഡി" എന്ന കൂടയും അരയിൽ കെട്ടി കൈ രണ്ടും നീണ്ട കുപ്പായത്തിന്റെ കീശയിൽ ഇട്ട് അവർ അവരുടെ ജോലികളിൽ അല്ലെങ്കിൽ കടകളിൽ വ്യാപൃതരാകും. ഒരു ഫോട്ടോഗ്രാഫർക്ക് കൊതി തീരാത്ത കാഴ്ചകൾ. പല പല നിറത്തിലുള്ള പുഷ്പങ്ങൾ. എന്നാൽ ചില പുഷ്പങ്ങൾ കാശ്മീരിൽ മാത്രം കാണുന്നവയും ഉണ്ടാകും. ഷിക്കാര എന്നാൽ ദാൽ തടാകത്തിൽ കാണുന്ന ഒരു പ്രത്യേക രൂപത്തിലുള്ള വഞ്ചികൾ തന്നെ. അവയും പല വർണ്ണങ്ങൾ കൊണ്ട് അലങ്കരിച്ചവ തന്നെ. കൂടാതെ അതിനൊക്കെ മേൽക്കൂരയും കാണും. വിനോദ സഞ്ചാരികൾക്കായി രണ്ടുപേർക്ക് ഇരിക്കാവുന്ന ഷിക്കാരകൾ ആണ് കൂടുതൽ കാണാറുള്ളത്. എന്നാൽ കുറേ പേർക്ക് ഇരിക്കാവുന്നവയും ഉണ്ട്, വലിപ്പം കൂടിയവ. രണ്ടുപേർക്ക് ഇരിക്കാവുന്നവയിൽ യുവമിഥുനങ്ങൾ ഉല്ലസിക്കുന്നത് പുറത്തേക്ക് കാണാതിരിക്കാൻ വർണ്ണത്തുണികൾ കൊണ്ട് മറച്ചിട്ടുണ്ടാവും.
വിയറ്റ്നാമിൽ കാണുന്ന ഗോണ്ടോളകൾക്ക് ഇത്രയൊന്നും ഭംഗിയില്ല. ദാൽ തടാകത്തിൽ ഇങ്ങനെ വർണ്ണങ്ങളുടെ ലോകം തന്നെ കാണാം. പലപ്പോഴും തടാകത്തിന്റെ കിഴക്കുവശത്തുള്ള സബർവൻ റേഞ്ച് മുഴുവൻ മഞ്ഞ് കുപ്പായം അണിഞ്ഞിട്ടുണ്ടാവും. ആ മഞ്ഞു കുപ്പായത്തിന്റെ കഷണങ്ങൾ ദാൽ തടാകം വരെ പരന്നു കിടപ്പുണ്ടാകും. പ്രകൃതിയുടെ പഞ്ഞി കുപ്പായം കുടഞ്ഞു വിരിച്ചപ്പോൾ ചിന്നി തെറിച്ച പഞ്ഞി കഷണങ്ങൾ തടാകത്തിനും പർവ്വത കൂട്ടങ്ങളും ഇടയിലുള്ള ട്യൂലിപ്പ് പൂന്തോട്ടത്തിലെ വർണ്ണ പുഷ്പങ്ങൾക്ക് തൊപ്പി പോലെ കിടപ്പുണ്ടാകും. പല നിറത്തിലുള്ള യൂണിഫോം ഇട്ട കുട്ടികൾ സ്‌കൂൾ മൈതാനത്ത് നിരന്നു നിൽക്കുന്നതുപോലെ ട്യൂലിപ്പ് ചെടികൾ. ഇവിടെ ട്യൂലിപ്പ് പുഷ്പങ്ങൾ ജനുവരി മുതൽ മാർച്ചോ ഏപ്രിൽ വരെയോ മാത്രമേ വിടരാറുള്ളു. അപ്പോഴാണ് ആയിരക്കണക്കിന് ആളുകൾ ഇത് കാണാൻ വരിക. നെഹ്‌റു പാർക്കും പോസ്റ്റ് ഓഫിസും കഴിഞ്ഞ് വീണ്ടും പടിഞ്ഞാറോട്ട് നടന്നാൽ ഒരു ചെറിയ കടയുണ്ട്. ആ കടയുടെ മുന്നിൽ ചെറിയ ഒഴിഞ്ഞ ഇടം. അവിടെ ഏതാനും പെയിന്റിങ്ങുകൾ കാണാറുണ്ട്. ഒരു ദിവസം അവിടെ കയറി പെയിന്റിങ്ങുകൾ നോക്കണം എന്ന് വിചാരിക്കാറുണ്ട്. എന്നാൽ ആ കട തുറന്നതായി ഞാൻ കണ്ടിട്ടേയില്ല. പഴകിയ ഏതാനും ചിത്രങ്ങൾ എന്നും ഉണ്ടാകും. എനിക്കൊരു കാര്യം ഉറപ്പായിരുന്നു, ആ ചിത്രങ്ങൾ അവിടെ ദിവസവും ആരോ കൊണ്ടു വെക്കുന്നതാണെന്ന്. കാരണം അവയ്ക്ക് സ്ഥാനചലനം ഉണ്ടാകാറുണ്ട്. ആ നാലു ചിത്രങ്ങൾ ഇപ്പോഴും അവിടെ ആരെയോ കാത്തിരിക്കുന്നതായി എനിക്ക് തോന്നി.
ആ ചിത്രങ്ങളെല്ലാം ദാൽ തടാകത്തിന്റേത് തന്നെയായിരുന്നു. തടാകക്കരയിൽ നിന്ന് തടാകത്തിലേക്ക് ഉള്ള കാഴ്ചകൾ. എന്നാൽ അതിൽ ഷിക്കാരയും അതിലെ കച്ചവടസാധനങ്ങളും യാത്രക്കാരും ഒക്കെ കഥാപാത്രങ്ങളായിട്ടുണ്ട്. കടും ചായങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ കഴിയില്ല, കാരണം എല്ലാം മങ്ങി തുടങ്ങിയിരിക്കുന്നു. ഒരു ദിവസം ഞാൻ ആ കടയുടെ പേര് കണ്ടു. വളരെ ഭംഗിയുള്ള കൈയ്യക്ഷരത്തിൽ ചുവരിൽ എഴുതിയിരിക്കുന്നു "മഹി പെയ്ന്റിങ്‌സ്". വലിയ നീളൻ കുപ്പായവും ധരിച്ച് അതിനുള്ളിൽ "കോങ്ങ്ഡി" തിരുകിക്കയറ്റി ഞാൻ നടന്ന് അവിടെ ചെന്നു. അതൊരു കടയല്ല. വീട് തന്നെയാണ്. ഈ ചിത്രങ്ങൾ വെച്ചിരിക്കുന്നത് വീടിന് മുന്നിലെ ചായ്പ്പിലാണ്. വാതിലിൽ മുട്ടി. ബെൽ സ്വിച്ചിൽ അമർത്തി. വീട്ടിനകത്ത് ബെൽ അടിച്ചോ എന്നറിയില്ല. പിന്നെ വാതിലിൽ തള്ളി നോക്കി. ആ വാതിലുകൾ മലക്കെ തുറന്നു. അകത്തേക്കു കയറി അപ്പോൾ കണ്ടത് നിറയെ ചിത്രങ്ങളാണ്. അതിൽ കൂടുതലും ട്യൂലിപ്പ് പുഷ്പങ്ങൾ തന്നെ. ചെറിയൊരു വീട്. ഞാൻ അവിടെ കുറച്ചു നേരം കാത്തിരിക്കുന്നു. ആരും വന്നില്ല. ഞാൻ അവിടെ ഒരു നോട്ട് എഴുതിവെച്ചു. Call me: നമ്പറും വെച്ചു. ഞാൻ കോട്ടിന്റെ കീശയിൽ കൈകൾ തിരുകിക്കയറ്റി പുറത്തേക്കിറങ്ങി നടന്നു. വൈകുന്നേരമായപ്പോൾ ഒരാൾ വിളിച്ചു. ഒരു താളാത്മകമായ ശബ്ദം. ഹലോ എന്ന് പറയുന്നതിലും ഒരു സംഗീതം പോലെ. അയാളോട് ഞാൻ പറഞ്ഞു ഒന്നു കാണണമെന്ന്. മറുപടിയായി അയാൾ കുറെ ചോദ്യങ്ങൾ ചോദിച്ചു. എന്തിന് കാണണം? എവിടുന്നാണ് വന്നത്? എന്നൊക്കെ. എങ്കിലും അവസാനം അയാൾ കാണാമെന്നു സമ്മതിച്ചു.
പിറ്റേന്ന് അയാൾ പറഞ്ഞ സമയത്തിന് ഒരു മണിക്കൂർ മുന്നേ ഞാൻ അവിടെ ചെന്നു. അപ്പോൾ അയാൾ എന്തൊക്കെയോ പാക്ക് ചെയ്യുന്നുണ്ടായിരുന്നു. അയാൾ പറഞ്ഞു "നിങ്ങളെ എനിക്കറിയാം.. ഇന്നലെ നിങ്ങൾ ഇങ്ങോട്ടു വരുന്നത് ഞാൻ കണ്ടിരുന്നു; ദൂരെ നിന്നും.” ഞാൻ അയാളെ സൂക്ഷ്മമായി നോക്കി. അയാൾ തുടർന്നു “നിങ്ങളെ കണ്ടതുകൊണ്ടാണ് ഞാൻ ഇന്നലെ മാറി നിന്നത്. നിങ്ങൾ ബാംഗ്ലൂരിൽ നിന്നല്ലേ?" ഞാൻ ചിരിച്ചു. "അതെ, ഞാനിപ്പോൾ ഇവിടെ വന്നത് ഒരു റിസേർച് ചെയ്യാനാണ്. ഇവിടുത്തെ പണ്ഡിറ്റുകളെ കുറിച്ച്." അയാളത് കേട്ടില്ലെന്ന് തോന്നി. അയാൾ പറഞ്ഞു: "എനിക്കിപ്പോൾ എല്ലാവരേയും പേടിയാണ്. ഇവിടെ അധികം ആരും വരാറില്ല. വല്ലപ്പോഴും എന്റെ പെയിന്റിങ്ങുകൾ വാങ്ങാൻ ആരെങ്കിലും വരും, അല്ലാതെ ആരും വരാറില്ല." കാശ്മീരി കലർന്ന ഹിന്ദി കേൾക്കാൻ വളരെ ഇമ്പമുള്ളതാണ്. ഞാൻ ഇയാളെ ബാംഗ്ലൂരിൽ കണ്ടപ്പോൾ ഇയാൾ കന്നഡയിലാണ് എന്നോട് സംസാരിച്ചിരുന്നത്. ഞാൻ പറഞ്ഞു "നിങ്ങൾ എന്നെ ഒറ്റയ്ക്ക് ആശുപത്രി വിട്ട് ഇങ്ങോട്ടാണ് വന്നത് അല്ലെ? നിങ്ങൾ കുറച്ചു വർഷം മുമ്പ് എനിക്കൊരു ചിത്രം തന്നത് ഓർമ്മയുണ്ടോ?" അയാൾ അത്ഭുതം കൂറുന്ന മുഖത്തോടെ ചിരിച്ചു. ഞാൻ തുടർന്നു "അതൊരു ട്യൂലിപ് പൂക്കളുടെ ചിത്രമായിരുന്നു, കൂടെ ഒരു പെൺകുട്ടിയും.. പുറം തിരിഞ്ഞിരിക്കുന്ന ഒരു പെൺകുട്ടി." അയാൾ പറഞ്ഞു "അതെയതെ.." ഞാൻ: “എനിക്ക് മനസ്സിലായി ആ അക്രലിക് പെയിന്റിങ് നിങ്ങൾ ഇവിടെ വെച്ച് വരച്ചതാണെന്ന്" അയാൾ ചുറ്റും നോക്കി.
Read also: ഉള്ള ജോലിയും കളഞ്ഞ് പുതിയ ജോലിയ്ക്ക് കയറി, പറ്റിയത് വൻ അമളി...
അങ്ങകലെ ട്യൂലിപ് പുഷ്പങ്ങളുടെ തോട്ടത്തിലേക്കാണ് അയാൾ നോക്കിയത്. "ആ ചിത്രത്തിൽ ഒരു തടാകത്തിന്റെ തിട്ടയും കാണാമായിരുന്നു" അയാൾ എന്നെ തുറിച്ചു നോക്കി. "പൂക്കളുടെ അരികിൽ ഒരു പൂ കൂടയും പിടിച്ചു പുറംതിരിഞ്ഞിരിക്കുന്ന കുട്ടി നിങ്ങളുടെ കുട്ടിതന്നെയാണെന്ന് ഞാൻ കരുതുന്നു." അയാൾ തലകുലുക്കി.. "അതെയതെ.. എന്റെ സ്വന്തം അനിയത്തി കുട്ടി" അയാൾ തുടർന്നു. "ഇപ്പോൾ ഇവിടെ വന്നത്..." ഞാൻ പറഞ്ഞു: "ഒരു ഫോട്ടോ റിപ്പോർട്ട് ഉണ്ടാക്കാൻ വേണ്ടിയാണ് ഇപ്പോൾ വന്നത്" കൂടുതൽ പിന്നീടൊരു ദിവസം പറയാമെന്ന് ഞാൻ ഉറപ്പുകൊടുത്തു. "അപ്പോൾ ഇനി ഞാൻ വരുമ്പോൾ മറഞ്ഞിരിക്കരുത്.. കേട്ടല്ലോ!" അയാൾ എന്റെ കൈയ്യിൽ കയറിപ്പിടിച്ചു.. "ഇല്ല.. ഞാൻ ഇവിടെ ഉണ്ടാകും" ഞാൻ നമസ്കാരം പറഞ്ഞ് പുറത്തേക്കിറങ്ങി. തിരികെ റൂമിലേക്ക് നടക്കുമ്പോൾ ഞാൻ ഓർത്തു. ബാംഗ്ലൂരിൽ എന്റെ വീടിനടുത്തായിരുന്നു ഇയാളുടെ പെയിന്റിങ് കട. അപ്പോൾ ഞാൻ കല്യാണം കഴിഞ്ഞ് ആ വീട്ടിലേക്ക് താമസം മാറിയതേ ഉണ്ടായിരുന്നുള്ളൂ. എന്റെ വിവാഹവും ചെറിയ സംഭവ ബഹുലമായിരുന്നു. ആ സമയത്ത് ഞാൻ പല സ്ഥാപനങ്ങൾക്കു വേണ്ടിയും ഫ്രീലാൻസ് ആയി ഫോട്ടോ എടുക്കാൻ പോകാറുണ്ടായിരുന്നു. ഒരു ദിവസം സന്നദ്ധ സേവനം നടത്തുന്ന ഒരു സ്ഥാപനത്തിനു വേണ്ടി അവിടെ താമസിക്കുന്ന അന്തേവാസികളുടെ ഫോട്ടോ എടുക്കാൻ ചെല്ലുകയുണ്ടായി. അവിടെ ഞാൻ ഒരു പെൺകുട്ടിയെക്കണ്ടു, വെളുത്തു മെലിഞ്ഞ പെൺകുട്ടി. മധുനിഷ എന്നാണ് അവളുടെ പേര്. അവളെ പരിചയപ്പെട്ടു, ഇഷ്ടപ്പെട്ടു. വളരെ ഹൃദ്യമായി ഹിന്ദി സംസാരിക്കുന്ന അവൾ എന്റെ മനം കവർന്നു. ഒരു അനാഥ പെൺകുട്ടി. അനാഥനായ എനിക്ക് ഒരു അനാഥ പെൺകുട്ടി തന്നെയാണ് വേണ്ടത്. അതേ ചേരാവൂ എന്നെനിക്കു തോന്നി. ആ സന്നദ്ധ സംഘടന തന്നെ നമ്മുടെ വിവാഹം നടത്തിത്തന്നു.
ഞാൻ അവളുടെ കഴിഞ്ഞ കാലത്തെക്കുറിച്ചോ സ്വന്തം നാടോ ചോദിച്ചില്ല. വേണ്ട എന്നെനിക്കു തോന്നി. അവൾ എന്നോടും എന്റെ ഭൂതകാലത്തെക്കുറിച്ച് ചോദിച്ചില്ല. വിവാഹം കഴിഞ്ഞ ശേഷമുള്ള കാര്യങ്ങൾ രണ്ടുപേരും അറിഞ്ഞാൽ മതി എന്ന് ഞാൻ തീരുമാനിക്കുകയുണ്ടായി. അവൾ അധികമൊന്നും വെളിയിൽ ഇറങ്ങാറില്ലായിരുന്നു. എപ്പോഴും വീട്ടിൽ തന്നെ ഇരുന്നു വീട്ടു ജോലികൾ ചെയ്തുകൊണ്ടിരിക്കും. ആദ്യമൊക്കെ അവൾ വളരെ മ്ലാനയായി കണ്ടു. അവളെ സന്തോഷിപ്പിക്കാൻ എനിക്ക് ചെയ്യാവുന്നതൊക്കെ ചെയ്തു. ടി വി കാണുന്നത് അവൾക്ക് വളരെ ഇഷ്ടമാണ്. ക്രമേണ അവൾ എന്നോടൊരുമിച്ചുള്ള ജീവിതം ആഘോഷിച്ചു തുടങ്ങി. അങ്ങനെ കട എന്നൊന്നും പറയാനില്ല. ഇപ്പോൾ ഇയാൾ താമസിക്കുന്നതുപോലെ തന്നെ. വീട്, അതിനു മുന്നിൽ ഇയാൾ ഏതാനും ചിത്രങ്ങൾ നിരത്തിവെക്കും. വീട്ടിനകത്തായിരിക്കും കൂടുതൽ. ഒന്നു രണ്ടുതവണ ഇയാൾ ബാംഗളൂരിലെ ഒരു പ്രധാന നിരത്തിനരികിൽ കുറെ പെയിന്റിങ്ങുകൾ നിരത്തിവെച്ച് വിൽക്കുന്നുണ്ടായിരുന്നു. പലരും വന്നു നോക്കുന്നുണ്ടായിരുന്നു, എന്നാൽ വളരെ അപൂർവം ചിലരേ വാങ്ങിയിരുന്നുള്ളൂ എന്നുവേണം കരുതാൻ. കാരണം അതേ ദിവസം ഞാൻ അവിടെ കുറെ നേരം ഉണ്ടായിരുന്നു. ചില ഫോട്ടോകൾ എടുക്കാനുണ്ടായിരുന്നു. ഞാൻ അപ്പോഴേ ശ്രദ്ധിച്ചിരുന്ന ഒരു കാര്യം ഇയാളുടെ ചിത്രങ്ങളിൽ മിക്കവാറും കാശ്മീരും, ദാൽ തടാകവും, ഷിക്കാരകളും സബർവൻ മലനിരകളും ആയിരുന്നു. അതിനൊക്കെ ഒരു കാവൽ പോലെ ഒരു പെൺകുട്ടിയും. പല ചിത്രങ്ങളും എന്റെ മനസ്സിൽ നിറഞ്ഞിരുന്നു.
Read also: പൈപ്പ് വെള്ളം കുടിച്ചു വിശപ്പടക്കിരുന്ന അവൾക്ക്, എല്ലാ ദിവസവും പൊതിച്ചോറ് കൊണ്ടു കൊടുത്തു...
ചില വിദേശികൾ ഇയാളുടെ ചിത്രങ്ങൾ, ഫ്രെയിം ഇല്ലാത്തവ വാങ്ങി റോൾ ചെയ്തു കൊണ്ടുപോകുന്നതായും ഞാൻ കണ്ടിട്ടുണ്ട്. വർഷം ഒന്നു കഴിഞ്ഞു, ഞങ്ങൾക്കൊരു പെൺകുഞ്ഞു പിറന്നു. അവൾക്ക് ഞങ്ങൾ ദയാനിത എന്ന് പേരിട്ടു. അക്രലിക് പെയിന്റിങ്ങുകൾ ആണ് ഞാൻ അധികവും ഇയാളുടെ പക്കൽ കണ്ടത്. ഓയിൽ പെയിന്റിങ്ങുകൾ ആണ് ഞാൻ വാങ്ങിയിരുന്നത്. ഇയാൾ അധികമൊന്നും ഓയിലിൽ ചെയ്തിട്ടില്ല എന്ന് ഞാൻ ഓർത്തെടുത്തു. ചില പെയിന്റിങ്ങുകൾ പ്ലാസ്റ്റ് ഓഫ് പാരീസിൽ രൂപങ്ങൾ ഉണ്ടാക്കും. ഉദാഹരണം ഒരു ചെടിയും പൂക്കളും. അതിനെ 2 ഡി രൂപത്തിൽ ക്യാൻവാസിൽ ഉണ്ടാക്കിയെടുക്കും. ചില്ലകളും പൂക്കളും മുഴച്ചു നിൽക്കും. ആ ഉയർന്ന ഭാഗങ്ങൾ പ്ലാസ്റ്റ് ഓഫ് പാരീസിൽ ചെയ്തശേഷം നിറങ്ങൾ കൊടുക്കും. വളരെ ഭംഗിയുള്ള ചിത്രങ്ങൾ ആയിരുന്നു അവയൊക്കെ. എനിക്ക് ഇയാളുടെ പേര് "മഹി " എന്ന് മാത്രമേ അറിയാമായിരുന്നുള്ളു. കാരണം ഇയാളുടെ പെയ്ന്റിങ്ങുകളിൽ അത്രമാത്രമേ എഴുതിയിരുന്നുള്ളൂ. അതും ഹിന്ദിയിൽ. അതിനു പോലും വളരെ ഭംഗിയായിരിന്നു. മഹി എന്ന് ഹിന്ദിയിൽ എഴുതുമ്പോൾ വരയ്ക്കുമുകളിലുള്ള വള്ളി കാശ്മീരി പണ്ഡിറ്റുകളുടെ തലപ്പാവുപ്പോലെ തോന്നിച്ചിരുന്നു. വർഷങ്ങൾക്കു മുമ്പ്, ബാംഗ്ലൂരിൽ വന്ന സമയത്ത്, ഇയാൾ "ഫിറാൻ" ആണ് ധരിച്ചിരുന്നത്. ഫിറാൻ എന്ന് വെച്ചാൽ കാശ്മീരി പണ്ഡിറ്റുകൾ ധരിക്കുന്ന ഒരു തരം വസ്ത്രം. "കാരക്കുൽ" എന്ന് പറയുന്ന തൊപ്പിയും. ഈ തൊപ്പി ഉണ്ടാക്കുന്നത് ആട്ടിൻ കുട്ടികളുടെ രോമം കൊണ്ടാണ്. അതുകൊണ്ടുതന്നെ വളരെ മിനുമിനുത്തതും ഭംഗിയുള്ളതും ആണ്. പിന്നീട് ഇയാൾ സാധാരണ കുപ്പായവും പാന്റ്സും ധരിച്ചുതുടങ്ങി.
തൊണ്ണൂറുകളുടെ അവസാനം ഇയാൾ എവിടേക്കോ താമസം മാറി പോയി. ഞാൻ കരുതി ബോംബെക്കോ മറ്റോ പോയിക്കാണും എന്ന്. അവിടെയുള്ള ജഹാംഗീർ ആർട് ഗാലറി വളരെ പ്രസിദ്ധമാണ്. അവിടെയൊക്കെ ഇതുപോലുള്ള പെയിന്റിങ്ങുകൾ വലിയ വലിയ വിലയ്ക്കാണ് വിറ്റുപോകാറ്. പിന്നീട് കുറെ ഏറെ വർഷങ്ങൾ കഴിഞ്ഞു. ഈയിടെ അയാളെ ഞാൻ വീണ്ടും കണ്ടു. അത് ബാംഗ്ലൂരിലെ അവസാനത്തെ കണ്ടുമുട്ടൽ ആയിരിക്കുമെന്ന് കരുതിയില്ല. ഈ നഗരത്തിൽ കൊറോണ ആർത്തിരമ്പുന്ന കാലം. ഞാൻ ജോലിയൊന്നുമില്ലാതെ വീട്ടിലിരിക്കുന്ന സമയം. ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ എവിടെ പോയി എന്ത് ഫോട്ടോ എടുക്കാൻ. വല്ലപ്പോഴും കോവിഡ് നടനമാടുന്ന ആശുപത്രികളിൽ പോയി ഫോട്ടോകൾ എടുത്ത് മാധ്യമങ്ങൾക്ക് കൊടുക്കും. അത് മാത്രമായിരുന്നു ഏക വരുമാനം. ചില മാസങ്ങളിൽ വരുമാനത്തിൽ നിന്ന് വീട്ടു വാടക കൊടുക്കാൻ പോലും കഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ബാങ്കിൽ ഉണ്ടായിരുന്ന ബാലൻസ് കുറഞ്ഞു കുറഞ്ഞു വന്നു. ഒരു ദിവസം മഹി അപ്രതീക്ഷിതമായി വാതിൽക്കൽ നിൽക്കുന്നു. അയാൾ പറഞ്ഞു രണ്ടു ദിവസം താമസിക്കാൻ ഇടം വേണം. എവിടെയും മുറി കിട്ടുന്നില്ല. ഞാൻ ചോദിച്ചു "നിങ്ങൾക്ക് എങ്ങനെ അറിയാം ഞാൻ ഇവിടെയാണെന്ന്?" മഹി : "അതൊക്കെ അറിയാം ബ്രദർ.. എനിക്ക് ഇവിടെ അറിയുന്ന ആൾക്കാരുണ്ടല്ലോ.. നിങ്ങളുടെ എല്ലാ വിവരവും എനിക്ക് കിട്ടാറുണ്ട്."
അയാളെ ഞാൻ അകത്തേക്ക് ക്ഷണിച്ച് താമസ സൗകര്യം ഒരുക്കിക്കൊടുത്തു. ആ സമയത്ത് എന്റെ ഭാര്യ, മകളുടെ കൂടെ മൈസൂരിൽ ആയിരുന്നു. അയാൾ വന്ന ശേഷം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു. എനിക്കപ്പോൾ കൊറോണ പിടിച്ചു. വല്ലാത്ത ശ്വാസതടസ്സം അനുഭവപ്പെട്ടു. എനിക്ക് കൊറോണ വന്ന കാര്യം ഞാൻ ഭാര്യയോട് പറഞ്ഞില്ല. അവൾ വന്നിട്ട് എന്തുചെയ്യാൻ! അവൾക്കും കൊറോണ പകരേണ്ടതില്ലല്ലോ. മഹി എല്ലാ ആശുപത്രിയിലേക്കും വിളിച്ചു ചോദിച്ചു അഡ്മിറ്റ് ചെയ്യാൻ പറ്റുമോ എന്ന്. കുറെ ഏറെ ഫോൺ ചെയ്തശേഷം ഒരു ആശുപത്രിയിൽ ബെഡ് കിട്ടുമെന്ന് അറിയാൻ കഴിഞ്ഞു. മഹി തന്നെയാണ് എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള എല്ലാ വ്യവസ്ഥകളും ചെയ്തത്. രണ്ടാഴ്ചത്തേക്കുള്ള വലിയൊരു സംഖ്യ അയാൾ തന്നെ ആശുപത്രിയിൽ അടയ്ക്കുകയുണ്ടായി. അന്നായിരുന്നു അയാളെ അവസാനമായി കണ്ടത്. പിന്നീട് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ആയി ഞാൻ വീട്ടിലേക്ക് മടങ്ങി. വീട്ടിൽ ചെന്നപ്പോൾ വീട് അടഞ്ഞു കിടക്കുന്നു. മഹി ഇല്ല. വാതിലിനു മുന്നിലുള്ള കാർപെറ്റിനു താഴെ, ചെടിച്ചട്ടിയിൽ, ചെരുപ്പുകൾ വെക്കുന്ന റാക്കിൽ അങ്ങനെ എല്ലായിടത്തും താക്കോൽ തിരഞ്ഞു. കിട്ടിയില്ല. കൊറോണയെ പേടിച്ച് വാതിൽ തുറക്കാൻ ആശാരികൾ വരാൻ കുറേ നേരമെടുത്തു. വാതിൽ തുറന്നു നോക്കിയപ്പോൾ വീട്ടിനകത്ത് ഒന്നും ഇല്ല. മിക്കവാറും എല്ലാ ഇലക്ട്രോണിക് സാധനങ്ങളും അപ്രത്യക്ഷമായിരുന്നു. ആ മഹി എല്ലാം കൊണ്ടുപോയി. അതൊക്കെ പോയതിൽ എനിക്ക് വിഷമം തോന്നിയില്ല. കാരണം അയാൾ എനിക്ക് ചെയ്തുതന്ന സഹായങ്ങൾ അതിലും എത്രയോ വലുതാണെന്ന് എനിക്ക് തോന്നി.
മഹി വരച്ച ഏതാനും ചിത്രങ്ങൾ എനിക്ക് കിട്ടി. അതെല്ലാം ട്യൂലിപ് പശ്ചാത്തലമാക്കിയ ചിത്രങ്ങൾ തന്നെ. അയാളെ ഒരുപാടുതവണ ഫോൺ വിളിക്കാൻ ശ്രമിച്ചു. അപ്പോഴെല്ലാം അയാളുടെ മൊബൈൽ ഓഫ് ചെയ്തിരിക്കുകയായിരുന്നു. എനിക്ക് ഭയം തോന്നി. അയാൾക്കും കൊറോണ ബാധിച്ചുവോ? ഏതെങ്കിലും ആശുപത്രിയിൽ കിടപ്പുണ്ടാകുമോ? എന്റെ വീട്ടു സാധനങ്ങൾ എടുത്തതിൽ എനിക്ക് വിഷമം തോന്നിയില്ല. അയാൾ കുറെ അധികം ആശുപത്രിയിൽ ചെലവു ചെയ്തിട്ടുണ്ടാകും. ആ ചിത്രങ്ങൾക്കിടയിൽ നിന്ന് എനിക്കൊരു കുറിപ്പ് കിട്ടി. "ഞാൻ പോകുന്നു കാശ്മീരിലേക്ക്. എന്റെ സ്വന്തം നാട്ടിലേക്ക്. ഇപ്പോൾ നമ്മുടെ ബന്ധക്കാരെല്ലാം സ്വന്തം നാടായ കാശ്മീരിലേക്ക് തിരിക്കാൻ തുടങ്ങിയിരിക്കുന്നു. എനിക്ക് എന്റെ നാട്ടിൽ കിടന്നു തന്നെ മരിക്കണം. നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
എന്ന് സ്വന്തം
മഹീന്ദ്ര കെമ്മു.
Read also: ഭക്ഷണം കഴിച്ചിട്ട് ദിവസം രണ്ടായി, വിശപ്പ് സഹിക്കാനാകാതെ ഹോട്ടലിൽ കയറി...
അങ്ങനെ ഇയാളെ തേടിയാണ് ഞാൻ ഈ വീടിന്റെ മുന്നിലെത്തിയത്. പിറ്റേദിവസം ഞാൻ മഹിയെ കാണാൻ വീണ്ടും പുറപ്പെട്ടു. വാതിലിൽ മുട്ടിയപ്പോൾ ഒരു പെൺകുട്ടി വാതിൽ തുറന്നു. അവൾ വിളിച്ചു "അബ്ബാ.. ആരോ വന്നിരിക്കുന്നു.." അകത്തു നിന്നും കാശ്മീരി ഭാഷയിൽ മറുപടി ശബ്ദം കേട്ടു. മഹി പുറത്തേക്ക് വന്നു. "ഓ.. നിങ്ങളോ!" അയാൾ ചിരിച്ചു. "ഇനി പറയൂ നിങ്ങൾ എന്നെത്തേടിയാണോ ഇങ്ങോട്ട് വന്നത്?" ഞാൻ പറഞ്ഞു: "അല്ല എന്ന് ഞാൻ പറഞ്ഞല്ലോ. ഒരു ഫോട്ടോ റിപ്പോർട്ട് തയാറാക്കാൻ തന്നെയാണ് ഞാൻ വന്നത്.." അയാൾ എന്റെ കൈയ്യിലെ ക്യാമറയിലേക്ക് നോക്കി എന്തോ മനസ്സിലുറപ്പിച്ചു. ഞാൻ ചോദിച്ചു "എന്നാലും ഒരു കാര്യം ചോദിക്കട്ടെ, നിങ്ങൾ എന്തിനാണ് എന്റെ വീട്ടിലെ സാധനങ്ങളെല്ലാം മോഷ്ടിച്ചത്?" അയാൾ അത്ഭുതത്തോടെ എന്നെ നോക്കി "മോഷണമോ?" അയാൾ എന്നെ തുറിച്ച് നോക്കിക്കൊണ്ട് തുടർന്നു. "നിങ്ങളെ ആശുപത്രിയിൽ ആക്കിയശേഷം ഞാൻ അവിടെ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങളെ ആശുപത്രിയിൽ വന്നു കാണാൻ ശ്രമിച്ചപ്പോൾ ആശുപത്രിക്കാർ സമ്മതിച്ചില്ല. അങ്ങനെ വീടിന്റെ താക്കോൽ ചെരുപ്പുകൾ വെയ്ക്കുന്നിടത്ത് ഒളിച്ചു വെച്ച ശേഷം ഞാൻ അവിടം വിട്ടിരുന്നു" ഞാൻ സംശയത്തോടെ അയാളെ നോക്കി. "ഞങ്ങൾ പണ്ഡിറ്റുകൾ കള്ളം പറയില്ല.. " ഞാൻ എന്നോടുതന്നെ പറഞ്ഞു.. ‘അതൊക്കെ പോട്ടെ.. ഏതെങ്കിലും കള്ളന്മാർ മോഷ്ടിച്ചതാവും’
ഞാൻ ചോദിച്ചു :"നിങ്ങൾ എന്തിനാണ് പണ്ട് ബാംഗ്ലൂരിലേക്കു വന്നത്? അക്കാര്യം ഞാൻ നിങ്ങളോടു ചോദിച്ചിട്ടേ ഇല്ല." അയാൾ ഒരു നെടുവീർപ്പിട്ടു, "ഭയം.. വെറും ഭയം കാരണം" ഞാൻ :"ഭയമോ! എന്തിന്?" അയാൾ :"എനിക്കൊരു പെങ്ങൾ ഉണ്ടായിരിന്നു എന്ന് പറഞ്ഞുവല്ലോ, പഴയ ഫോട്ടോയിൽ കണ്ടുകാണുമല്ലോ?" എവിടെയോ നോക്കിക്കൊണ്ട് ചിത്രങ്ങൾക്കിടയിലൂടെ അയാൾ മുറ്റത്തേക്ക് നടന്നു. "അവളെ .. അവളെ.." അയാളുടെ കണ്ണിൽ വെള്ളം നിറഞ്ഞു. "അവളെ.. അവർ റേപ്പ് ചെയ്തു. പിന്നീട് ഞാൻ അവളെ കണ്ടിട്ടില്ല.. അവർ അവളെ കൊന്നുകളഞ്ഞോ അല്ല നാടുവിട്ടോ ഒന്നും അറിയില്ല.." ഞാൻ പതുക്കെ അയാളുടെ അടുത്തേക്ക് ചെന്നു. അയാൾ തുടർന്നു "അവളെ കൊന്നവരെ ഞാനും കൊന്നു.. ഇവിടെ വെച്ച് തന്നെ" ഞാൻ അയാളെ അത്ഭുതത്തോടെ നോക്കി. എന്റെ വായിൽ ഉമിനീർ വറ്റിപ്പോയി. സംസാരിക്കാൻ വയ്യാതായി. "അതെങ്ങനെ? " ഞാൻ ചോദിച്ചു. അപ്പോളയാൾ മുഖം ഒരു പ്രത്യേക രീതിയിൽ വക്രിച്ചുകൊണ്ട് ചിരിച്ചു "ഒരു ചെറിയ അപകടം.. അത്രതന്നെ" ഞാൻ:"എവിടെ വെച്ച് " "ഇവിടെ വെച്ച് തന്നെ.. ഈ മഞ്ഞു മലകൾക്കിടയിൽ അവരെങ്ങോ പോയി മറഞ്ഞു. അവരുടെ ആൾക്കാരെ പേടിച്ചാണ് ഞാൻ ബാംഗ്ലൂരിലേക്ക്...." അയാൾ തുടർന്നു. "ഇപ്പോൾ നമ്മുടെ നാട് നമുക്കു തന്നെ തിരിച്ചു കിട്ടി" അയാൾ വീട്ടിനകത്തേക്ക് കയറി ഒരു അലമാരയ്ക്കകത്തു നിന്ന് ഒരു പെയ്ന്റിങ് പുറത്തെടുത്തു. എനിക്കുനേരെ അയാളത് നീട്ടി. ട്യൂലിപ്പ് പൂക്കളുടെ പശ്ചാത്തലത്തിൽ ഒരു പെൺകുട്ടി നിൽക്കുന്നു. നിറം മങ്ങിത്തുടങ്ങിയിരിക്കുന്നു. എന്നാലും ആ മുഖം വ്യക്തമായി കാണാം. ഞാൻ അറിയാതെ എന്റെ കൈകൾ പാന്റ്സിന്റെ കീശയിലേക്ക് നീങ്ങി.. പേഴ്‌സ് എടുത്തപ്പോൾ അതിൽ നിന്നും ഒരു ഫോട്ടോ താഴെ വീണു.. അയാളത് കാണുന്നതിന് മുമ്പേ ഞാൻ എന്റെ ഭാര്യയുടെ ഫോട്ടോ എടുത്ത് ഷർട്ടിന്റെ കീശയിലിട്ടു.
Content Summary: Malayalam Short Story ' Tulip Pushpangalude Paadam ' Written by Dr. Premraj K.K.