ആരൊക്കെയാണ് ഒറ്റുകാർ, ആരൊക്കെയാണ് സ്നേഹിതർ എന്നറിയില്ല; 'ആരേയും വിശ്വസിക്കാനാവില്ല...'
Mail This Article
ഇതളുകൾ
സർവേക്ക് ആവശ്യമായ മൂപ്പന്റെ വിവരങ്ങൾ ഞങ്ങളുടെ കൈവശമുണ്ട്. എന്നാൽ കൂടെയുള്ള ആളെ ഞങ്ങൾക്ക് അറിയില്ല. ഊരിലെ നിയമങ്ങൾ മൂപ്പനല്ലേ ആദ്യം പാലിക്കേണ്ടത്? രാധ ചോദിച്ചു. "ഇദ്ദേഹം അപടകടകാരിയല്ല എന്ന് എനിക്ക് ഉറപ്പുള്ളതുകൊണ്ടല്ലേ ഞാൻതന്നെ പോയി കൊണ്ടുവന്നത്, ബാക്കി വിവരങ്ങളെല്ലാം നിങ്ങൾ ഇതിനോടകം എടുത്തിരിക്കുമല്ലോ?" മൂപ്പൻ പറഞ്ഞു. "പരാജയപ്പെടാൻ മാത്രമല്ലല്ലോ ഞങ്ങൾ പ്രവർത്തിക്കുന്നത്, ജീവൻ പണയം വെച്ചും ഈ കാടിനെ സംരക്ഷിക്കുന്നവരാണ് ഞങ്ങൾ. ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി ഒരിക്കലും ജീവിച്ചിട്ടില്ല എന്ന് മൂപ്പനറിയാമല്ലോ" രാധയുടെ ശബ്ദം രൂക്ഷമായിരുന്നു. "തോൽവിയുടെ ഒരു പരമ്പര ഞങ്ങളെ പിന്തുടരുന്നുണ്ട് എന്നറിഞ്ഞും കാടിന്റെ അകത്തളങ്ങളിൽ ഞങ്ങൾ തേടുന്നത്, ഞങ്ങളുടെ വിജയങ്ങൾ മാത്രമല്ലല്ലോ" രാധ തുടർന്നു. "ചോദ്യം ചെയ്യപ്പെടാത്ത, പ്രതികരിക്കാത്ത ഒരു സമൂഹം വളർത്തിയെടുക്കുന്നതിൽ നാം വളരെയധികം വിജയിച്ചിട്ടുണ്ട്. അന്ധമായ അടിമത്വം ഒരു അലങ്കാരമല്ല" അടുത്ത് ദീപയുടെ ഊഴമായിരുന്നു. "മാഷെ, ഞങ്ങൾ സ്പെഷ്യൽ ടാസ്ക് ഫോർസിൽ നിന്നാണ്, കാടിൽ കയറുന്ന ഓരോ മുഖവും ഞങ്ങൾ അറിഞ്ഞിരിക്കണം, അല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ജീവൻ നഷ്ടപ്പെടാം" ഒരു മുന്നറിയിപ്പുപോലെ രാധ പറഞ്ഞു.
"ആ പൂവിലെ മൂന്ന് ഇതളുകൾ ഞങ്ങൾ തീർത്തു കഴിഞ്ഞു, ബാക്കി മൂന്നുകൂടി ഞങ്ങൾ എടുത്തിരിക്കും" ദീപ പറഞ്ഞു. നടന്നകലുമ്പോൾ അവരുടെ ബാഗിലുള്ള കൈത്തോക്കെടുത്ത് അവരെ കാണിക്കാനും അവർ മറന്നില്ല. അതൊരു അപായ മുന്നറിയിപ്പുപോലെ അയാൾക്ക് തോന്നി. "മാഷെ പുറത്തേക്ക് കാണുന്ന സൗന്ദര്യമല്ല കാടിനിപ്പോൾ, ഓരോ മരത്തിന് പിന്നിലും, മുകളിലും, ആരൊക്കെയാണ് ഉള്ളതെന്നറിയില്ല. ആർ ആരുടെ പക്ഷത്താണെന്നും ഒന്നും ഉറപ്പിക്കാനാവില്ല. ഞാൻ കൂടെയില്ലാത്തപ്പോൾ മാഷ് പുറത്തിറങ്ങരുത്, പക്ഷം ചേരാനില്ലാത്തതിനാൽ നമ്മൾ എല്ലാവരുടെയും ശത്രുക്കൾ ആണ്, ഒപ്പം എല്ലാം നോക്കിക്കാണുകയും അനുഭവിക്കുകയും ചെയ്യുന്ന നിസ്സഹായരും". മൂപ്പൻ പറഞ്ഞു. "ആരുടെയെല്ലാം നിരീക്ഷണങ്ങളിൽ ആണ് നമ്മുടെ ജീവിതങ്ങൾ എന്നറിയാത്ത ഒരു ലോകത്താണ് നാം ജീവിക്കുന്നത്, കാണുമ്പോൾ എല്ലാം സാധാരണമായി തോന്നും. എന്നാൽ അതിൽ ആരൊക്കെയാണ് ഒറ്റുകാർ, ആരൊക്കെയാണ് സ്നേഹിതർ, ആരോടൊക്കെ നമ്മുടെ ആശയങ്ങൾ ചർച്ച ചെയ്യാം എന്നൊന്നും ഉറപ്പിക്കാനാവില്ല, ചതി നമ്മോടൊപ്പം കൂടെ കിടന്നുറങ്ങുന്നുണ്ടെന്ന് നമുക്കൊരിക്കലും വിശ്വസിക്കാനേ ആവില്ല." മൂപ്പൻ തുടർന്നു.
"അഭിപ്രായങ്ങൾ കള്ളികളിൽ ഒതുക്കികെട്ടിയവയാണ്. ഏതഭിപ്രായമായാലും ആ കള്ളികൾക്ക് ചേരുന്നവയാകണം. ഒരു കള്ളിയിലും ചേരാത്തവന് ഭ്രഷ്‌ട്ട് കൽപ്പിക്കുന്ന സമൂഹം. നാമറിയാതെ നമ്മെ അവരവരുടെ കള്ളികളിലേക്ക് നയിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നവരാണ് ചുറ്റും." "ഓരോ മനുഷ്യനുമുള്ള സ്വന്തമായ അഭിപ്രായങ്ങൾ പറയാനുള്ള ധൈര്യം നഷ്‌ടമായ സമൂഹം, അല്ലെ മാഷെ" മൂപ്പൻ പറഞ്ഞു നിർത്തി. "മനുഷ്യൻ ആത്യന്തികമായി അടിമകളാണ്, എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും, ആരോ നമ്മെ സംരക്ഷിക്കും എന്ന അടിമത്വബോധമാണ് ബഹുഭൂരിപക്ഷത്തേയും നയിക്കുന്നത്. ക്രിയാത്മകമാക്കി മാറ്റാവുന്ന ജീവിതങ്ങൾ ബുദ്ധിപരമായി ഒന്നോരണ്ടോപേർ അവരവരുടെ മാത്രം നിലനിൽപ്പിനായി ഉപയോഗിക്കുകയാണ്. ലോകത്തിലെ ഏറ്റവും വിജയിച്ച കച്ചവട മുതലാളിമാരെല്ലാം കോളജ് പഠനസമയത്ത് തന്നെ പഠനം പൂർത്തിയാകാതെ പുറത്തുപോയവരാണ്. ഇതുതന്നെ നമുക്ക് രാഷ്ട്രീയത്തിലും കാണാം. തനിക്ക് ചുറ്റും അടിമകളുടെ ഒരു വൃന്ദം സൃഷ്ടിക്കുവാൻ കഴിയുന്നവനാണ് ഏറ്റവും വലിയ വിജയി. ആ അടിമകൾ അവന്റെ വിജയം എപ്പോഴും ഉറപ്പാക്കും". അയാൾ പറഞ്ഞു.
"മാഷെ, രാധയും ദീപയും പറഞ്ഞത് ശ്രദ്ധിക്കണം, ഞാനില്ലാതെ പുറത്തിറങ്ങരുത്. ആരൊക്കെയാണ് പോരാളികൾ, ആരൊക്കെയാണ് സംരക്ഷകർ എന്നൊന്നും നമുക്കറിയില്ല. പോരാളികൾ തന്നെ പല സംഘങ്ങൾ ആണ്, അവർ പരസ്പരം പോരടിച്ചു മറ്റു സംഘങ്ങളെ ഉന്മൂലനം ചെയ്യാൻ നടക്കുന്നവരുമുണ്ട്. സംരക്ഷകർ തന്നെ അവരുടെ ഇടയിലെ ആരെയെങ്കിലും ഇടയ്ക്ക് ബലിയാടാക്കും, വലിയ തോതിൽ ആയുധങ്ങളുമായി ഒരു വലിയ ഉന്മൂലനത്തിന് കളമൊരുക്കാൻ അവർക്കും ചിലപ്പോൾ ഒരു രക്തസാക്ഷി വേണം." മൂപ്പൻ പറഞ്ഞു. "നാം കണ്ണുകൾക്ക് മുന്നിൽ കാണുന്നതല്ല ലോകം അല്ലെ" അയാൾ ചോദിച്ചു. "ഒരിക്കലുമല്ല, രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന കൊടുംകാട്ടിൽപോലും ഉറങ്ങാതെ ഒറ്റയാനെപ്പോലെ ഒരു മറവിന് പുറകിൽ കണ്ണുകൾ തുറന്നു വെച്ച് ആരൊക്കെയോ നമ്മെ നിരീക്ഷിക്കുന്നുണ്ട്, അവരാണ് നമ്മുടെ ജീവിതം നിശ്ചയിക്കുന്നത്". "രണ്ട് നിരീക്ഷണങ്ങൾ ഉണ്ട്; ഒന്ന് സംരക്ഷിക്കാൻ, മറ്റൊന്ന് സംഹരിക്കാൻ - രണ്ടിന്റെയും നടുവിലാണ് ഞാൻ". മൂപ്പൻ പറഞ്ഞു.