ADVERTISEMENT

ലോകത്തിന്റെ ഏതറ്റത്തെയും മനുഷ്യരിലേക്ക് ചെന്നെത്താന്‍ കഴിയും വിധം ധാരാളം സാധ്യതകള്‍ ഉള്ള ഒരു ആപ് ആയിരുന്നു അത്. ആദ്യമൊക്കെ ധാരാളം ഫോറിനേഴ്സുമായി ഞാന്‍ സംസാരിച്ചിരുന്നു. മലയാളികളെ പുച്ഛവും ഫോറിന്‍ കണ്‍ട്രീസിലെ മനുഷ്യരെ വാനോളം ഉയര്‍ത്തിയിരുന്ന നമ്മുടെ ഉള്ളില്‍ ഉറങ്ങി കിടക്കുന്ന സായിപ്പന്മാരോടുള്ള ഒരു തരം ആരാധന... അതില്‍ വലിയ കാര്യമൊന്നും ഇല്ലെന്ന് തിരിച്ചറിഞ്ഞത് അങ്ങനെയാണ്. ഭാഷ പഠിക്കാന്‍ അതുമല്ലെങ്കില്‍ അവരുടെ ദേശത്തെ കുറിച്ച് കൂടുതല്‍ ചോദിച്ചറിയാന്‍ നമ്മള്‍ ശ്രമിക്കുമ്പോള്‍ കണ്‍സന്റ് പോലും ഇല്ലാതെ നേരിട്ട് മറ്റു സംസാരങ്ങൾക്കു തുടക്കമിട്ട് നമ്മളെ കൊണ്ട് ഫോണ്‍ കട്ട് ചെയ്യിക്കുന്ന ഒരുപാട് ഇംഗ്ലിഷുകാരെ അതില്‍ കണ്ടിരുന്നു. എങ്കിലും എല്ലാവരും അങ്ങനെ ആണെന്ന് അടിവരയിട്ട് പറയുകയല്ല. നമ്മളേക്കാള്‍ വലിയ മേന്മയൊന്നും തോന്നിയില്ല എന്ന് മാത്രം. 

അതുപോലെ മലയാളികളില്‍ സോഷ്യൽ മീഡിയയുടെ സ്വാധീനം കൊണ്ട് ഒരുപാട് വെളിപാടുകള്‍ ഉദിച്ചുയര്‍ന്നു എന്ന തിരിച്ചറിവ് എന്നെ ഏറെ സന്തോഷിപ്പിക്കുകയും ചെയ്തു. അവര്‍ക്ക് താല്‍പര്യമുള്ള വിഷയം സംസാരിക്കാന്‍ നമ്മളോട് കണ്‍സന്റ് ചോദിക്കുകയും താല്‍പര്യം ഇല്ലെങ്കില്‍ ക്ഷമാപണത്തോടെ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്യുന്ന ധാരാളം മലയാളികളെ കണ്ടു. ബിഗ് ബോസ് ഷോ കണ്ട് സൊസൈറ്റിയുടെ ചെറിയ രൂപത്തെ പഠിക്കും പോലെ ഇതിലും കുറേ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നു. അത്യാവശ്യം കാര്യങ്ങളൊക്കെ മനസിലായപ്പോള്‍ ആപ് ഡിലീറ്റ് ചെയ്തിരുന്നു. കാലങ്ങള്‍ക്കു ശേഷം മുഷിപ്പ് നിറഞ്ഞ കുറച്ചുകാലം ജീവിതത്തെ വെറുതെ തട്ടിതലോടുമ്പോള്‍ ഞാന്‍ ആ ആപിനെ കുറിച്ച് വീണ്ടും ഓര്‍ക്കുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. 

അങ്ങനെയാണ് ആദ്യമായ് ഞാന്‍ ഒരാളെ വളരെ കൗതുകത്തോടെ പരിചയപ്പെടുന്നത്. മനോഹരമായി ഇംഗ്ലിഷ് ഗാനങ്ങള്‍ പാടികേള്‍പ്പിക്കുന്ന ഒരു ഇരുപത്തിരണ്ടുകാരന്‍. പ്രൊഫൈലില്‍ മ്യൂസിക് എന്ന് ടോപ്പിക് ഇട്ട് അജ്ഞാതരുടെ കോളുകള്‍ക്കായി അവന്‍ കാത്തിരിക്കും. താല്‍പര്യം ഉള്ളവര്‍ക്ക് ധാരാളം ഇംഗ്ലിഷ് ഗാനങ്ങള്‍ പാടികേള്‍പ്പിക്കുകയും തിരുത്തലുകള്‍ ഉണ്ടെങ്കില്‍ വിമര്‍ശിക്കാന്‍ പറയുകയും ചെയ്യും. പക്ഷേ രസകരമായ കാര്യം എന്തെന്നാല്‍ ഞങ്ങള്‍ പരിചയപ്പെടുമ്പോള്‍ അവനൊരു പാട്ടുകാരന്‍ ആണെന്നോ എന്റെ വീടിന് തൊട്ടടുത്തെവിടെയോ ആണ് താമസം എന്നോ അവന് ഇരുപത്തിരണ്ട് വയസാണ് പ്രായമെന്നോ ഒന്നും ഞാന്‍ അറിഞ്ഞിരുന്നില്ല.

ഞങ്ങള്‍ പരസ്പരം പരിചയപ്പെടുത്താതെ എന്തൊക്കെയോ പറഞ്ഞു പോവുകയായിരുന്നു. മടുപ്പിക്കുന്ന ദിവസങ്ങളില്‍ ഒന്നില്‍ ക്രിസ്മസിന് വിരുന്നുവന്നവര്‍ ഫ്രിഡ്ജില്‍ അവശേഷിപ്പിച്ചിട്ട് പോയ വോഡ്ക ആദ്യമായി രുചിച്ച ദിവസമായിരുന്നു അത്. ഞാന്‍ അവനോട് ആരെയൊക്കെയോ കുറിച്ച് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. കഥയറിയാതെ ആട്ടംകാണും പോലെ ജീവിതത്തിലെ ചുരുട്ടി എറിഞ്ഞ ഏടുകളില്‍ കീറിപിഞ്ചിയ ഒന്നോ രണ്ടോ പേപ്പര്‍ കൈയ്യില്‍ കിട്ടിയാല്‍ എങ്ങനിരിക്കും. ഒരു സിനിമയുടെ ട്രെയിലര്‍ പോലെ ആണ് അവിടേം ഇവിടേം തൊടാതെയുള്ള എന്റെ ബഹളങ്ങള്‍ അവന്‍ കേട്ടുകൊണ്ടിരുന്നത്. 

നമ്മുടെ ഒക്കെ ജീവിതം കടന്നുപോകുന്ന സങ്കീര്‍ണ്ണമായ അവസ്ഥകള്‍ ഏറ്റവും അടുപ്പമുള്ളവരോട് പോലും പറഞ്ഞ് ദേഷ്യപ്പെടാനോ പൊട്ടിത്തെറിക്കാനോ പറ്റാത്ത പക്ഷം നമ്മളെ കാണാത്ത അറിയാത്ത പേരുപോലും അറിയാത്ത ഒരാളിലേക്ക് കടന്നു ചെന്ന് ബഹളം വച്ചിട്ട് ആരോടൊക്കെയോ പറഞ്ഞു തീര്‍ക്കാനുള്ളത് ഇറക്കി വച്ചിട്ട് തിരിച്ച് വരുമ്പോള്‍ കിട്ടുന്ന ആശ്വാസം അന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഓ ഒരുത്തി കള്ളുകുടിച്ച് ബോധമില്ലാതെ ഏവനോടോ കൊഞ്ചാന്‍ ചെന്നിട്ട് അഭിമാനത്തോടെ വിളിച്ചു പറയുന്നത് കേട്ടില്ലേ എന്ന് മനുഷ്യനെ മനുഷ്യനായി കാണാത്തവര്‍ ചിന്തിച്ചേക്കും. 

എന്റെ ബഹളങ്ങള്‍ അട്ടഹാസങ്ങള്‍ അവസാനിച്ച് ഞാന്‍ ശ്വാസം നേരെ വലിച്ച് സോഫയില്‍ വന്ന് ഇരുന്നപ്പോള്‍ ആണ് ഹെഡ്സെറ്റിലൂടെ അയാള്‍ പാടി തുടങ്ങിയ ഗാനം ശ്രദ്ധിക്കുന്നത്. ഞാന്‍ അത് കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും ഉള്ളിലെ ചൂടും പുകയും കുറഞ്ഞ് തണുക്കുന്നതായും അനുഭവപ്പെട്ടു. ഞാന്‍ അവന്റെ പേര് ചോദിച്ചു. വയസ് ചോദിച്ചു. എവിടെയാ സ്ഥലം എന്ന് ചോദിച്ചു. അധികം മലയാളികള്‍ ഇല്ലാത്ത അങ്ങനൊരു ആപില്‍ എന്റെ വീടിന് തൊട്ടടുത്തുള്ള ഒരു പയ്യന്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അവന്‍ എന്നെ ചേച്ചി എന്നു വിളിച്ചു. ഞാന്‍ ബഹളം വച്ചതിനെ കുറിച്ചൊന്നും പിന്നീട് അവന്‍ ചോദിച്ചതേയില്ല. വല്ലപ്പോഴും അവന്‍ പുതിയ ഇംഗ്ലിഷ് ഗാനങ്ങള്‍ എന്നെ പാടികേള്‍പ്പിക്കും. അത് മാത്രമാണ് അവന്റെ ജീവിതത്തിലെ ആകെയുള്ള സന്തോഷം എന്ന് തോന്നും വിധം ആ വീടിന്റെ മുറിക്കുള്ളില്‍ ഗിത്താറുമായി വര്‍ഷങ്ങളായി ചുരുണ്ടുകൂടുകയാണ്. 

ഈ ലോകത്തിന്റെ എല്ലാ കോണിലുമുള്ള ഏറെ കുറേ എല്ലാ മനുഷ്യരും ഇതിനോടകം ഇത്ര വര്‍ഷം കൊണ്ട് അവന്റെ ശബ്ദത്തിന്റെ ഏറ്റവും നല്ല ആസ്വാദകര്‍ ആയിട്ടുണ്ടാവും. എന്നിട്ടും അവന്‍ ആ മുറിക്കുള്ളില്‍ നിന്നും പുറത്തു വന്നിട്ടില്ല എന്ന് പറയുമ്പോള്‍ അവന്റെ ഭൂതകാലത്തെ കുറിച്ച് കേള്‍ക്കാന്‍ ഞാന്‍ ഭയപ്പെട്ടു. അത്രമേല്‍ ട്രോമയിലേക്ക് അവനെ തള്ളിയിട്ട കഥയിലേക്ക് നടക്കാന്‍ ഇതുവരെ ഞാന്‍ ശ്രമിച്ചിട്ടില്ല. അവനും അങ്ങനെ ആയിരുന്നു. ആ മര്യാദ ഞാന്‍ തിരിച്ചു കാണിച്ചു. ഈ ലോകത്ത് എത്രയെത്ര വ്യത്യസ്തരായ മനുഷ്യരാണ്. ഒരിക്കലും തീരാതെ....

English Summary:

Malayalam Article Written by Megha Nisanth