ADVERTISEMENT

അവന്റെ അമ്മയ്ക്ക് ഷൂസ് വേണം. ഒരു ജോഡി കറുത്ത ഷൂസ്. മാത്തുക്കുട്ടി റോഡിലൂടെ ഷൂസുകൾ വിൽക്കുന്ന കടകൾ തേടി നടന്നു. റോഡിന്റെ ഇരു വശത്തുമുള്ള കടകളിലേക്കും അവന്റെ കണ്ണുകൾ നീണ്ടു ചെന്നു. ഏതെങ്കിലും കടയിൽ ഷൂസ് വിൽക്കുന്നുണ്ടോ? രണ്ടുമൂന്നു കടകളിൽ കണ്ണാടിക്കൂടുകൾക്കുള്ളിൽ പല വർണങ്ങളിലുള്ള ഷൂസുകൾ മനോഹരമായി പ്രദർശിപ്പിച്ചിരിക്കുന്നത്‌ കണ്ടു. മുന്തിയ തരം കടകൾ. ആ കടകൾക്ക് പുറത്തു വാതിലിനരുകിൽ യൂണിഫോം ധരിച്ച കട്ടിമീശയുള്ള കാവൽക്കാർ. അങ്ങനെയുള്ള കടകളിൽ കയറാൻ ധൈര്യം പോര. പൊടി പിടിച്ചു പാറി പറന്നു കിടക്കുന്ന മുടി. നിറം മങ്ങി കീറിത്തുടങ്ങിയ പഴയ പാന്റ്. മുകളിലത്തെ രണ്ടു ബട്ടൺ പറിഞ്ഞു പോയ മുഷിഞ്ഞ ഷർട്ട്. ഈ പതിമൂന്നു വയസ്സുകാരനെ അവർ ആ കടകൾക്കുള്ളിലേക്ക് കടത്തി വിടുമെന്ന് തോന്നിയില്ല. നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി കൈ കൊണ്ടൊതുക്കി മാത്തുക്കുട്ടി ഷൂസ് വിൽക്കുന്ന കടകൾ തേടി പിന്നെയും മുന്നോട്ട് നടന്നു. വീട്ടിൽ നിന്ന് എത്ര ദൂരം നടന്നുവെന്ന് അറിയില്ല. കുറെ ഏറെ ദൂരം നടന്നിട്ടുണ്ടാവണം. നഗരത്തിലെ ഈ പ്രേദേശത്തൊന്നും അവൻ ഇതിന് മുൻപ് വന്നിട്ടില്ല. ഇവിടത്തെ കടകൾക്കൊക്കെ ആകെ ഒരു തിളക്കം. മനോഹരമായി അലങ്കരിച്ച കടകൾ. കടകൾക്കകത്തു നിറയെ ലൈറ്റുകൾ. ചേരിപ്രദേശത്തു അവനും അവന്റെ അമ്മയും താമസിക്കുന്ന ഒറ്റ മുറി വീടിനടുത്തൊന്നും  ഇങ്ങനത്തെ കടകളില്ല.

ആരും അവനോടു പറഞ്ഞില്ല അവന്റെ അമ്മയ്ക്ക് ഷൂസ് വേണമെന്ന്. അവനു തോന്നി അവന്റെ അമ്മയ്ക്ക് ഒരു ജോഡി കറുത്ത ഷൂസ് വേണമെന്ന്. അവനു അങ്ങനെ വേറെയും ചില ആഗ്രഹങ്ങളുണ്ടായിരുന്നു. കണക്ക് പഠിപ്പിക്കുന്ന സുജാത ടീച്ചർ വെള്ളയിൽ ചെറിയ നീലപ്പൂക്കളുള്ള സാരിയും നീല ബ്ലൗസും ധരിച്ചു സ്കൂളിൽ വരാറുണ്ട്. കാണാൻ നല്ല ചേലുള്ള സാരി. അത് ഉടുത്തു വരുമ്പോൾ അവരെ കാണാനും നല്ല ചന്തം. അതു കാണുമ്പോൾ അവന്റെ മനസ്സിൽ ഒരാഗ്രഹം വിടരും - വളർന്നു വലുതായി ഒരു ജോലി കിട്ടിയാൽ അമ്മയ്ക്ക് അതുപോലൊരു സാരി വാങ്ങികൊടുക്കണം. ആ സാരിയുടുത്തു ഇളം നീല ബ്ലൗസും ധരിച്ചു മുടിചീകിയൊതുക്കിക്കെട്ടി അവന്റെ അമ്മ സുന്ദരിയായി നിൽക്കുന്നത് അവൻ സ്വപ്നം കാണും. അവന് ആകെ അമ്മ മാത്രമേയുള്ളൂ. അവന്റെ പപ്പാ മൂന്നു വർഷങ്ങൾക്കു മുൻപ് ഒരു കാറപകടത്തിൽ മരിച്ചു പോയി. അവന്റെ ക്ലാസ്സിലെ കുട്ടികൾക്ക് അമ്മൂമ്മമാരും അപ്പൂപ്പന്മാരും ആന്റിമാരും അങ്കിൾമാരുമൊക്കയുണ്ട്. അവന് അമ്മയല്ലാതെ വേറെയാരുമില്ല. ഒരിക്കൽ അതിനെ കുറിച്ചു അമ്മയോട് ചോദിച്ചപ്പോൾ അവന്റെ അമ്മ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അതിൽ പിന്നെ അക്കാര്യം അമ്മയോടു ചോദിച്ചിട്ടില്ല. അവന്റെ അമ്മ കരയുന്നത് അവനിഷ്ടമില്ല. അവന്റെ അമ്മ കരയുമ്പോൾ അവന്റെ കണ്ണുകൾ നനയും.   

അയൽ വീട്ടിലെ ഭാനു ചാച്ചി (aunty in Hindi) അവന്റെ അമ്മയുടെ കഥ ഒരിക്കൽ അവനോടു പറഞ്ഞു. മദ്ധ്യ കേരളത്തിലെ ഒരു ധനിക കുടുംബത്തിലാണ് അമ്മ ജനിച്ചത്. കോളജിൽ പഠിക്കുന്ന കാലത്തു അവന്റെ അച്ഛനുമായി പ്രണയത്തിലായി. അമ്മയുടെ വീട്ടുകാർ ആ ബന്ധം എതിർത്തു. പഠിത്തം പൂർത്തിയാക്കുന്നതിനു മുൻപ് ഒരുനാൾ അമ്മ വീട്ടിൽ നിന്ന് ഇറങ്ങി അച്ഛനോടൊപ്പം പോയി. നാടു വിട്ട് രണ്ടുപേരും മുംബൈയിലെത്തി. നാട്ടിൽ താമസിച്ചാൽ ഉണ്ടാകാവുന്ന വിഷമതകളിൽ നിന്ന് ഒരു മോചനത്തിനും വേണ്ടി കൂടിയായിരുന്നു ആ ദേശമാറ്റം. അച്ഛൻ ടാക്സി ഡ്രൈവർ ആയി ജോലി ചെയ്തു. അന്നു അവർ താമസിച്ചിരുന്നത് രണ്ടു മുറികളും അടുക്കളയുമുള്ള ഒരു പഴയ ഫ്ലാറ്റിലായിരുന്നു. അവരുടെ സാധാരണ ജീവിതം അതിന്റേതായ താളത്തിൽ കുഴപ്പമില്ലാതെ മുന്നോട്ടു പോകുമ്പോഴായിരുന്നു അച്ഛന്റെ മരണം. അവന്റെ പപ്പായുടെ മരണശേഷം ജോലി അന്വേഷിച്ചു ഒന്നും തരപ്പെടാതെ വന്നപ്പോൾ ജീവിക്കാൻ വേറെ മാർഗങ്ങളൊന്നുമില്ലാതെ അമ്മ ധനിക വീടുകളിലെ അടുക്കളപ്പണിക്ക് പോയിത്തുടങ്ങി. ജോലി ചെയ്യുന്ന വീടുകളിൽ നിന്ന് എന്തെങ്കിലുമൊക്കെ കഴിക്കാൻ കിട്ടിയാൽ അമ്മ അവനു വേണ്ടി അത് പൊതിഞ്ഞുകെട്ടി വീട്ടിൽ കൊണ്ടുവരും. എന്നും വിയർത്തു തളർന്ന് കരുവാളിച്ച മുഖവുമായാണ് അമ്മ വീട്ടിൽ എത്തുക. അപ്പോൾ അമ്മ അവനോടു പറയും:  "എന്റെ മോൻ പഠിച്ചു മിടുക്കനായി ഒരു ജോലി കിട്ടിയിട്ടു വേണം അമ്മയ്ക്ക് ഈ പണി നിറുത്താൻ". 

ആ വാക്കുകൾ എപ്പോഴും അവന്റെ ഉള്ളിൽ മുഴങ്ങും. അവൻ നന്നായി പഠിക്കുന്നുണ്ട്. ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും അവൻ ഒന്നാമതോ അല്ലെങ്കിൽ രണ്ടാമതോ ആണ്. വീട്ടിൽ മലയാളമാണ് സംസാരിക്കുന്നതെങ്കിലും ഹിന്ദിയും മറാത്തിയും അവനു നന്നായി അറിയാം. കണക്കു പഠിപ്പിക്കുന്ന സുജാത ടീച്ചറിന് അവനോടൊരു പ്രത്യേക സ്നേഹമുണ്ട്. ടീച്ചർ ക്ലാസ്സിൽ ഇടുന്ന പ്രോബ്ലെംസ് എപ്പോഴും ആദ്യം ചെയ്‌തു തീർക്കുന്നത് അവനാണ്. അതിനു സമ്മാനമായി ടീച്ചർ വല്ലപ്പോഴും അവനു മിഠായി കൊടുക്കാറുണ്ട്. അവൻ അത് പോക്കറ്റിൽ ഇട്ട് കൊണ്ടുവന്നു അമ്മയുമായി പങ്കുവെക്കും. അമ്മയും സുജാത ടീച്ചറെ പോലെ ഭംഗിയുള്ള സാരിയുടുത്തു സുന്ദരിയായി നടക്കുന്നത് അവൻ അപ്പോഴും സ്വപ്നം കാണും. സ്കൂളിൽ പോയിട്ട് ഇപ്പോൾ രണ്ടു മാസത്തിലേറെയായി. ആരെങ്കിലും അവനെ കുറിച്ച് അന്വേഷിക്കുന്നുണ്ടാവുമോ? സുജാത ടീച്ചർ തീർച്ചയായും തിരക്കുന്നുണ്ടാവും. "മാത്യു ജേക്കബ് എന്താ സ്കൂളിൽ വരാത്തത്?" ടീച്ചർ ക്ലാസ്സിലെ കുട്ടികളോട് ചോദിച്ചിട്ടുണ്ടാവും.

തീരെ പ്രതീക്ഷിക്കാതെയാണ് അമ്മയ്ക്ക് അസുഖം പിടിപെട്ടത്. ഒരു ദിവസം വീട്ടിൽ കുഴഞ്ഞു വീണു. പിന്നെ ആകെ ഒരു തളർച്ച. തലചുറ്റൽ. ഒന്നും കഴിക്കാൻ പറ്റുന്നില്ല. അമ്മ ആകെ കിടപ്പിലായിപ്പോയി. ഭാനു ചാച്ചി ഒരു ഓട്ടോ പിടിച്ച് അമ്മയെ ഗവൺമെന്റ് ആശുപത്രിയിൽ കൊണ്ടുപോയി. ആശുപത്രിയിൽ നിന്ന് അവർ നാലോ അഞ്ചോ തരം മരുന്നുകൾ കൊടുത്തു. മരുന്നുകളെല്ലാം കൃത്യസമയത്തു കഴിക്കണമെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു. ആദ്യത്തെ രണ്ടു ദിവസം ചാച്ചി അമ്മയുടെ അരികിലിരുന്നു വേണ്ട സഹായങ്ങൾ ചെയ്തു. ചാച്ചിക്കും ദിവസ ചിലവുകൾ കഴിച്ചുവിടാൻ വളരെ മുട്ടാണ്. അവർക്ക് ജോലിക്കു പോകാതിരിക്കാൻ നിവർത്തിയില്ല. പിന്നെ അമ്മയ്ക്ക് സമയത്തിനു മരുന്നെടുത്തു കൊടുക്കാനും ചൂടു വെള്ളമോ കഞ്ഞിയോ ഉണ്ടാക്കി കൊടുക്കാനും അവനല്ലാതെ വേറെ ആരുമുണ്ടായിരുന്നില്ല. അങ്ങനെ അവന്റെ സ്കൂളിൽപോക്കു നിന്നു. വീട്ടിൽ ഒന്നിനും കാശില്ലാതായപ്പോൾ അയൽവാസി മാമ അവനു അടുത്തുള്ള ഒരു ചായക്കടയിൽ പാത്രം കഴുകുന്ന ജോലി വാങ്ങി കൊടുത്തു. രാവിലെ അമ്മയ്ക്ക് മരുന്നും കുടിക്കാൻ കഞ്ഞിയും കൊടുത്തിട്ട് അവൻ പാത്രം കഴുകാൻ പോകും. ഉച്ചയ്ക്കുള്ള മരുന്നു കൊടുക്കാൻ അവൻ വീട്ടിൽ വരും. പിന്നെ വരുന്നത് ജോലി കഴിഞ്ഞു രാത്രിയിൽ. അവനെ കാണുമ്പോൾ അവന്റെ അമ്മയുടെ കണ്ണുകൾ ഈറനണിയും. 

"എന്റെ മോന് സ്കൂളിൽ പോകാൻ പറ്റണില്ലല്ലോ" - കൂടെ കൂടെ അമ്മ അതു പറഞ്ഞു കരയും. "അമ്മയുടെ സുഖക്കേട് ഭേദമായാൽ എനിക്ക് സ്കൂളിൽ പോകാമല്ലോ. ഞാൻ പഠിച്ചു വളർന്നു ജോലി കിട്ടിയാൽ പിന്നെ അമ്മയ്ക്ക് ജോലിക്ക് പോകേണ്ടിവരില്ല." അവൻ അമ്മയെ സമാധാനിപ്പിക്കും. അങ്ങനെ പറയുമ്പോഴും അമ്മയുടെ അസുഖം ഭേദമാകാതെ നീണ്ടു പോകുന്നത് അവനെ വേദനിപ്പിച്ചിരുന്നു. അസുഖമെല്ലാം മാറി അവന്റെ അമ്മ സാരിത്തുമ്പ് തലക്ക് മുകളിലൂടെ ഇട്ട് പള്ളിയിൽ പോകാൻ ഒരുങ്ങി നിൽക്കുന്നത് അവൻ മനസ്സിൽ കാണും. അവന്റെ അമ്മയെ കാണാൻ നല്ല ചേലാണ്. ഞായറാഴ്ചകളിൽ മുടങ്ങാതെ അമ്മ അവനെ പള്ളിയിൽ കൊണ്ടുപോയിരുന്നു. പപ്പാ മരിക്കുന്നതിന് മുൻപായിരുന്നു അവന്റെ ആദ്യകുർബാന കൈകൊള്ളൽ. എന്നും കിടക്കുന്നതിനു മുൻപ് ഈശോയുടെ പടത്തിന് മുൻപിൽ മുട്ടുകുത്തി അവനും അമ്മയും മലയാളത്തിൽ പ്രാർഥന ചൊല്ലിയിരുന്നു. അമ്മയ്ക്ക് എല്ലാ പ്രാർഥനകളും കാണാതെ ചൊല്ലാനറിയാം.

റോഡിന്റെ രണ്ടു വശത്തെ കടകളും നോക്കി, ഒരു ജോഡി കറുത്ത ഷൂസ് തേടി, അവൻ നടത്തം തുടർന്നു. കടകളുടെ തിളക്കം കുറഞ്ഞു വരുന്നതവൻ ശ്രദ്ധിച്ചു. അറിയാതെ അന്നു രാവിലത്തെ കാര്യം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു. ചായക്കടയിൽ പാത്രം കഴുകി കൊണ്ടിരുന്നപ്പോൾ അയലത്തെ മാമ കടയിൽ വന്ന് അവനോട്  പറഞ്ഞു: "മോൻ പെട്ടെന്ന് എന്റെ കൂടെ വീട്ടിൽ വാ." വീട്ടിലെത്തിയപ്പോൾ ഭാനു ചാച്ചിയും വേറെ രണ്ടുമൂന്നു പേരും വീട്ടിൽ ഉണ്ട്. അമ്മ അനക്കമില്ലാതെ കട്ടിലിൽ കിടക്കുന്നു. അവനെ കണ്ടപ്പോൾ ചാച്ചി അടുത്തു വന്നു അവനെ ചേർത്തു പിടിച്ചു. അവർ കരയുന്നുണ്ടായിരുന്നു. അവർ പതിയെ അവനോടു പറഞ്ഞു: "മോന്റെ അമ്മ പോയി". അവൻ അമ്മയെ നോക്കി. അനക്കമില്ല. ആ പ്രായത്തിൽ മരണം എന്ന പ്രക്രിയയുടെ ആഴം അവനു പൂർണമായും മനസ്സിലായി വരുന്നതേ ഉണ്ടായിരുന്നുള്ളു. കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്ന അമ്മയെ നോക്കി നിൽക്കുമ്പോൾ അകം നിറഞ്ഞു വിങ്ങുകയായിരുന്നു. “മാത്തുക്കുട്ടീ..”എന്ന് സ്നേഹത്തോടെ നീട്ടി വിളിക്കാൻ ഇനി അമ്മയുണ്ടാവില്ലായെന്ന കാര്യം അവൻ വേദനയോടെ ഓർത്തു. ആരോ പള്ളിയിൽ പോയി അടക്കത്തിനുള്ള ഏർപ്പാടുകളൊക്കെ ചെയ്തു. വൈകുന്നേരം അഞ്ചുമണിക്കാണ് അടക്കം. ഒരു കറുത്ത ശവപ്പെട്ടി വേറെ ആരോ വാങ്ങിക്കൊണ്ടു വന്നു. ചാച്ചിയും വേറെ രണ്ടു സ്ത്രീകളും കൂടി അമ്മയെ അടക്കത്തിനൊരുക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി. അപ്പോൾ ചാച്ചി അവനോട് പറഞ്ഞു: "മോൻ ഇത്തിരി നേരം പുറത്തു നിൽക്ക്. ഞങ്ങൾ അമ്മയെ ഒരുക്കട്ടെ".

തിരികെ അകത്തു വന്നപ്പോൾ അമ്മയെ ഒരു പഴയ സാരി ഉടുപ്പിച്ചു ശവപ്പെട്ടിക്കകത്തു കിടത്തിയിരിക്കുന്നു. അപ്പോഴും വെള്ളയിൽ ചെറിയ നീലപ്പൂക്കളുള്ള  സാരിയെക്കുറിച്ചവൻ ഓർത്തു. ചാച്ചിയുടെ കൂടെയുണ്ടായിരുന്ന ഒരു സ്ത്രീ അവനോട് ചോദിച്ചു: "അമ്മയുടെ കാലിൽ ഇടീക്കാൻ ഷൂസോ ചെരുപ്പോ ഉണ്ടോ മോനെ?". അമ്മയ്ക്കാകെ ഉള്ളത് തേഞ്ഞു തേഞ്ഞു അറ്റം പറ്റാറായ ഒരു ഹവായി ചെരുപ്പാണ്. എന്തു പറയണമെന്നറിയാതെ അവൻ വിഷമിച്ചു നിന്നു. അപ്പോൾ അയൽപക്കത്തെ മാമ പറഞ്ഞു: “ഷൂസും ചെരിപ്പുമൊന്നുമില്ലെങ്കിലും സാരമില്ല." പിന്നെ ആരും അതേ കുറിച്ചു സംസാരിച്ചില്ല. ഇത്തിരി നേരം കഴിഞ്ഞു പള്ളിയിൽ നിന്നും നാലു സ്ത്രീകൾ വീട്ടിലെത്തി. പപ്പാ മരിച്ചപ്പോഴും ഇതുപോലെ പള്ളിയിൽ നിന്നു പ്രാർഥിക്കാനായി ആൾക്കാർ വന്നിരുന്നു. അവന്റെ പപ്പായുടെ അന്ത്യയാത്ര അറിയിച്ചുകൊണ്ട് അന്ന് പള്ളിമണികൾ മുഴങ്ങിയത് അവനു ഓർമ്മയുണ്ട്. ഇന്ന് അവന്റെ അമ്മക്കായി പള്ളിമണികൾ മുഴങ്ങും. 

"അമ്മയുടെ കാലിൽ ഇടീക്കാൻ ഷൂസോ ചെരുപ്പോ ഉണ്ടോ മോനെ?". ആ ചോദ്യം അവന്റെ ഉള്ളിൽ വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ടിരുന്നു. അടുത്തിടെയൊന്നും അമ്മ ഷൂസ് ഇട്ടിരുന്നില്ല. പപ്പാ ഉണ്ടായിരുന്നപ്പോൾ സാരിയല്ലാതെ മറ്റു വസ്ത്രങ്ങളും അമ്മ ധരിച്ചിരുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ ചിലപ്പോഴൊക്കെ അമ്മ ഷൂസ് ഇടുമായിരുന്നത് അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു. അപ്പോൾ അവനു തോന്നി അവന്റെ അമ്മയ്ക്ക് ഷൂസ് വേണം. ഒരു ജോഡി കറുത്ത ഷൂസ്. അവൻ അതേ കുറിച്ചാലോചിച്ചു വിഷമിച്ചു നിന്നു. പള്ളിയിൽ നിന്നു വന്ന സ്ത്രീകൾ അമ്മയുടെ തലയ്ക്കൽ മെഴുകുതിരികൾ കത്തിച്ചുവച്ചു മരിച്ചവർക്കായുള്ള പ്രാർഥന തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ച പാത്രം കഴുകി കിട്ടിയ കൂലിയും പോക്കറ്റിൽ ഇട്ടുകൊണ്ട് അവൻ പുറത്തിറങ്ങി. അവന്റെ അമ്മയ്ക്ക് ഒരു ജോഡി ഷൂസ് വാങ്ങാൻ. ഉച്ച കഴിഞ്ഞിട്ടേയുള്ളു അടക്കത്തിന് ഇനിയും നാലുമണിക്കൂറോളമുണ്ട്. ഷൂസ് വാങ്ങി തിരികെ വരാൻ സമയമുണ്ട്. അവൻ ഷൂസ് തേടി വീട്ടിൽ നിന്നിറങ്ങി.     

റോഡിന്റെ രണ്ടു സൈഡിലും നിറയെ ആൾക്കാർ. ആ തിരക്കിലൂടെ അവൻ നടന്നു. വെയിലിന്റെ തീക്ഷ്ണത ഏറി വരുന്നത് അവൻ അറിഞ്ഞു. അവൻ വിയർക്കുന്നുണ്ടായിരുന്നു. ഷൂസ് തേടി നടന്ന അവന്റെ കണ്ണുകൾ ഒരു കടയിൽ ഉടക്കി. റോഡിന്റെ മറുവശത്തു ചെരുപ്പുകൾ മാത്രം വിൽക്കുന്ന ഒരു സാധാരണ കട. റോഡിൽ ഇരമ്പിപ്പായുന്ന വാഹനങ്ങളുടെ തിരക്ക്. കഷ്ടിച്ചു മറു സൈഡിലെത്തി. ചെരുപ്പുകൾ കടയുടെ അകത്തും പുറത്തും ഫുട്ട്പാത്തിലുമൊക്കെയായി വിൽപനക്കായി നിരത്തി വച്ചിരിക്കുന്നു. അവന്റെ കണ്ണുകൾ ഒരു ജോടി കറുത്ത ഷൂസിൽ ചെന്നു നിന്നു. അത് അമ്മയ്ക്ക് ചേരും. വില പ്രദർശിപ്പിച്ചിട്ടുണ്ട്. അവന്റെ പോക്കറ്റിൽ ഉള്ളതിനേക്കാൾ വളരെ കൂടുതലാണ് അതിന്റെ വില. അവൻ ആ ഷൂസ് കൈയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കി. ഒരു സാധാരണ കറുത്ത ഷൂസ്. കെട്ടാൻ ഷൂലേസ് ഒന്നുമില്ല. വെറുതെ വലിച്ചിട്ടാൽ മതി. ഒരു കറുത്ത ചെരിപ്പു പോലെ തോന്നും. അമ്മയ്ക്ക് നന്നായി ചേരും. പക്ഷേ അതു വാങ്ങാൻ അവന്റെ കൈയിലുള്ള കാശ് തികയില്ല. ഇതിലും കുറഞ്ഞ വിലയ്ക്ക് വേറെ ഷൂസുണ്ടോയെന്ന് അവന്റെ കണ്ണുകൾ പരതി. ഇല്ല, ഉള്ളതിൽ വില കുറഞ്ഞ ഷൂസാണിത്. എന്തു ചെയ്യണമെന്നറിയാതെ അവൻ ആ ഷൂസും നോക്കി എന്തെല്ലാമോ ആലോചിച്ചു നിന്നു. കടം പറഞ്ഞാൽ അവർ ഷൂസ് തരുമോ? അവർക്ക് അവനെ അറിയില്ല. അവനോട് സംസാരിക്കാൻ പോലും അവർക്ക് നേരമുണ്ടാവില്ല. ആകെ ഒരു നിസ്സഹായത. അവന്റെ മനസ്സിൽ ഒരായിരം ചിന്തകൾ ഓടി നടന്നു. 

"അമ്മയുടെ കാലിൽ ഇടീക്കാൻ ഷൂസോ ചെരുപ്പോ ഉണ്ടോ മോനെ?" ആരോ ഉള്ളിലിരുന്ന് ആ ചോദ്യം വീണ്ടും ചോദിച്ചു. ഹൃദയമിടിപ്പിന് വേഗതയേറുന്നത് അവൻ അറിഞ്ഞു. എന്തോ ആലോചിച്ചുറച്ചിട്ടെന്നപോലെ ഒരു കൈയ്യിൽ ഷൂസും മറു കൈയ്യിൽ പോക്കറ്റിൽ ഇട്ടിരുന്ന കാശുമായി അവൻ കടയുടമ സേട്ട് ഇരിക്കുന്ന മേശക്കരുകിലെത്തി. അവന്റെ കൈയ്യിലുണ്ടായിരുന്ന കാശ് മേശപ്പുറത്തു വച്ചിട്ട് അവൻ തിരികെ നടന്നു. ഏകദേശം കടക്കുപുറത്തായപ്പോൾ അവൻ ഷൂസുമായി ഓടി. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ കടയുടമക്ക് ഒരു നിമിഷനേരം വേണ്ടിവന്നു. കാര്യം മനസ്സിലായയുടൻ കടയുടമ സേട്ട് ചാടിയിറങ്ങി. "ചോർ, ചോർ. പക്കടോ". ആ കടയിലെ ജോലിക്കാരും അടുത്തുള്ള കടകളിലെ ജോലിക്കാരും അവനെ പിന്തുടർന്നു. അവന്റെ ഇളം കാലുകൾക്ക് അവരുടെ വേഗതയെ തോൽപ്പിക്കാനായില്ല. അവർ അവനെ കൈയ്യോടെ പിടികൂടി. അവർക്കു ചുറ്റും ആൾക്കാർ കൂടി കാര്യം തിരക്കി. അവൻ ഷൂസ് കള്ളനാണെന്ന് കടയിലെ ജോലിക്കാർ അവരോട് പറഞ്ഞു. അപ്പോഴേക്കും അല്‍പം വണ്ണിച്ച സേട്ട് അടുത്തെത്തി. അയാൾ അവനെ പൊതിരെ തല്ലി. അവനു വേദനിച്ചില്ല. അവൻ കരഞ്ഞില്ല. അയാൾ അവന്റെ അമ്മയെക്കുറിച്ച് തെറി വാക്കുകൾ പറഞ്ഞു. അയാൾ പിന്നെയും അവനെ തല്ലി.

അപ്പോൾ ചുറ്റും കൂടിയവരിൽ ഒരാൾ പറഞ്ഞു: "സേട്ട്ജി കൊച്ചു കുട്ടിയല്ലേ തല്ലണ്ട". "ഇവൻ ഈ പ്രായത്തിലേ മോഷ്ടിക്കാൻ തുടങ്ങിയാൽ വളരുമ്പോൾ ഇവൻ മുഴുക്കള്ളനാവും". സേട്ട്ജി ദേഷ്യം കൊണ്ടു കലിതുള്ളി. "എന്തിനാടാ ഷൂസ് മോഷ്ടിച്ചത്?" അവൻ ഒന്നും മിണ്ടിയില്ല. അയാൾ അവനെ പിന്നെയും തല്ലിക്കൊണ്ട് ചോദിച്ചു: "പറയടാ. എന്തിനാടാ ഷൂസ് മോഷ്ടിച്ചത്?" "അമ്മയ്ക്കുവേണ്ടി" അവൻ പതിയെ പറഞ്ഞു. "നിന്റെ അമ്മ എവിടാടാ?" ചോദിച്ചിട്ട് അയാൾ വീണ്ടും അമ്മയെക്കുറിച്ച് തെറി വാക്കുകൾ പറഞ്ഞു. അവന്റെയുള്ളിൽ ദേഷ്യം നുരച്ചു പൊങ്ങി. അയാൾക്കൊരടി വച്ചു കൊടുക്കണമെന്ന് അവനു തോന്നി. അവന്റെ കൈകൾക്ക് ശക്തി പോരാ. അവന്റെ ബലഹീനത അവൻ തിരിച്ചറിഞ്ഞു. "ഇവന്റെ തള്ള എവിടെയെങ്കിലും ഒളിച്ചിരുന്നിട്ട് ഇവനെ ഷൂസ് മോഷ്ടിക്കാൻ പറഞ്ഞു വിട്ടതായിരിക്കും. നിന്റെ അമ്മ എവിടാടാ?" അയാൾ വീണ്ടും ചോദിച്ചു. അവൻ ഒന്നും മിണ്ടാതെ നിന്നു. "പറയെടാ" അയാൾ അലറുകയായിരുന്നു. "അമ്മ മരിച്ചു പോയി". അവൻ പതിയെ പറഞ്ഞു. "കമീനേ, കുത്തേ, കള്ളം പറയുന്നോ?" അയാൾ പിന്നെയും അവനെ തല്ലി. അപ്പോൾ കൂട്ടത്തിലൊരാൾ പിന്നെയും പറഞ്ഞു: "സേട്ട്ജി കൊച്ചു കുട്ടിയല്ലേ തല്ലണ്ട. ഇവനെ നമുക്ക് പൊലീസിൽ ഏൽപ്പിക്കാം. പൊലീസ് സ്റ്റേഷൻ അടുത്തുണ്ടല്ലോ". അവനെ രൂക്ഷമായി നോക്കിയിട്ട് സേട്ട്ജി ഇരുത്തി ഒന്നു മൂളി. കടയിലെ ജോലിക്കാർ അവനെയും കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് നടന്നു. അവന്റെ കേൾക്കാമറയത്തു അവന്റെ അമ്മയുടെ അന്ത്യ യാത്ര അറിയിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങുന്നുണ്ടായിരുന്നു.

English Summary:

Malayalam Short Story ' Ammakkayi ' Written by E. B. John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com