ADVERTISEMENT

ഹരിതാഭ നന്മയുടെ ശ്രുതിയിൽ കവിത ചൊല്ലിയും, സഹ്യാദ്രിയുടെ കരലാളനമേറ്റു വിലസിയും, ആത്മാവിനു ഇളനീർ മധുരിക്കുന്ന ഭാഷയാലും ഭാവ വൈവിധ്യങ്ങളുടെ ഹൃദയസംഗമ സ്ഥലികയായ് കേരളത്തെ സർഗ്ഗ ശ്രേഷ്ഠനായ ഈ കവി വിശേഷിപ്പിക്കുന്നു. മലയാളഭാഷയുടെ മാദക ഭംഗി മലർമന്ദഹാസമായ് വിരിയിച്ചും, കാമുകിയുടെ മൊഴിയിൽ കളിത്താളം മുഴക്കിയും മലയാളത്തിന്റെ അനുരാഗകൽപ്പന ആകാശത്താമരയോളം ഉയർത്തിയ വേറൊരു കവിയില്ല ഈ മണ്ണിൽ.

ഈ ഗാനത്തിന്റെ പൂമുഖത്തു നിന്നും നടുത്തളത്തിലേക്ക് ചുവട് വെയ്ക്കുമ്പോൾ നാം അനുഭവിക്കുന്നത് താത്വിക ഗന്ധം. മലകൾ, പുഴകൾ, കായലുകൾ, കടലോരങ്ങൾ എല്ലാം കലാശാലകൾ അഥവാ വിദ്യാലയമെന്ന് പറഞ്ഞു വെയ്ക്കുന്ന അക്ഷരപുണ്യത്തിന്, ആ കൽപനയ്ക്ക് എന്തൊരു കാന്തഭാവം.!!! ഗുരുക്കന്മാർ പകരുന്ന ജ്ഞാനസാരത്തിനെ വരികളിൽ കുടിയിരുത്തുന്ന സർഗ്ഗചാതുര്യം, അതാണ് ഈ രചനയുടെ ലാവണ്യം. കഥകളിയുടെ ആസ്ഥാനമായ കലാമണ്ഡലത്തിന്റെ പാദങ്ങളെ പുണർന്നു കിടക്കുന്ന പാദസരങ്ങൾ പോലെ ഒഴുകുന്ന ഭാരതപ്പുഴയെക്കുറിച്ചും, നെഞ്ചിന്റെ തുടിതാളത്തിൽ, വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ ആവേശത്തിരയിളക്കുന്ന ആറന്മുള വള്ളംകളിയെക്കുറിച്ചും കവി ചൊല്ലുമ്പോൾ കേരളത്തിനെ ഒരു ചാരുശിൽപ്പമായി കാണാതിരിക്കാൻ മലയാളികൾക്കാവില്ല..

ശ്രീകുമാരൻ തമ്പി ചിത്രം:ആർ.എസ്. ഗോപൻ∙മനോരമ
ശ്രീകുമാരൻ തമ്പി ചിത്രം:ആർ.എസ്. ഗോപൻ∙മനോരമ

സ്ഥിതി സമത്വമെന്ന സ്വപ്നത്തിനെ ആയത്തിലൊന്ന് തൊടുവാൻ തിരുവോണ സങ്കൽപ്പത്തിൽ ഊഞ്ഞാലിട്ട് നമ്മെ അതിലിരുത്തുന്ന ഒരു കവിയുടെ പാദങ്ങളിൽ തൊട്ടു പ്രണമിക്കണമാദ്യം. തിരുവോണപ്പുലരിയുടെ തിരുമുൽക്കാഴ്ചയൊരുക്കിയും, വാടിയ പൂവനികയിൽ ഉത്രാടനിലാവ് ചുരത്തിയും ഓണക്കാലത്തെ വിളിച്ചുണർത്തിയ എത്രയെത്ര ഗാനങ്ങൾ.. തിരുമുറ്റത്തിന്റെ നെറ്റിത്തടത്തിൽ തിലകമണിയിച്ച പോലെ എഴുതിയ പൂക്കളത്തിൽ വലിപ്പ ചെറുപ്പമില്ലാത്ത പൂവുകളുടെ നിരകൾ, വർണ്ണഭേദമില്ലാത്ത കൂടിച്ചേരലുകൾ. ഇങ്ങനെ വസന്തത്തെ ഒരു ഹ്രസ്വവൃത്തപരിധിയിൽ ഒതുക്കുന്ന സമതയുടെ ഒരു മുദ്ര സമ്മാനിക്കാൻ മലയാളികൾക്ക് വേറൊരു ഉത്സവമില്ല. നമ്മുടെ കാതിനെ ചുംബിച്ചുണർത്തിയ എത്രയെത്ര ഉത്സവഗാനങ്ങൾ ഈ തൂലികത്തുമ്പിൽ നിന്നുതിർന്നു വീണു. ഒടുവിൽ മനുഷ്യത്വമാണ്, മാനവികതയാണ് മതമെന്ന സന്ദേശം പകർന്ന് പുതുയുഗത്തിന്റെ പുലരികൾക്കായ് കാത്തിരുന്ന് മുന്നേറണമെന്നോതിയാണ് ഈ ഗാനപ്രയാണത്തിന്റെ ചുവടുകൾ നിശ്ചലമാകുന്നത്.

മലയാള ഭാഷ തൻ മാദക ഭംഗി നിൻ

മലർ മന്ദഹാസമായ് വിരിയുന്നു

കിളി കൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി 

നിൻ പുളിയിലക്കര മുണ്ടിൽ തെളിയുന്നു.
 

ശ്രീകുമാരൻ തമ്പിക്ക് പകരം ശ്രീകുമാരൻ തമ്പി മാത്രം... 

നമിക്കുന്നു ഈ പ്രതിഭാ വസന്തത്തിന് മുന്നിൽ.. 

നമിക്കുന്നു മഹാകവിക്ക് മുന്നിൽ, 

ചലച്ചിത്രഗാന രചയിതാവിന് മുന്നിൽ, 

തിരക്കഥ രചയിതാവിന് മുന്നിൽ, സംവിധായകന് മുന്നിൽ, 

നിർമ്മാതാവിന് മുന്നിൽ, എഴുത്തുകാരന് മുന്നിൽ. 

നമിക്കുന്നു കേരളം, നമിക്കുന്നു മലയാളം.
 

ശ്രീകുമാരൻ തമ്പിയുടെ കേരള ഗാനം

ഹരിതഭംഗി കവിത ചൊല്ലുമെന്റെ കേരളം 

സഹ്യഗിരി തൻ ലാളനയിൽ വിലസും കേരളം 

ഇളനീരിൻ മധുരമൂറുമെൻ മലയാളം 

വിവിധ ഭാവധാരകൾ തൻ ഹൃദയസംഗമം 

കേരളം കേരളം കേരളം

മലകൾ, പുഴകൾ, കായലുകൾ, കടലോരങ്ങൾ

കാഴ്ച തേടും യാത്രികർക്കു കലാശാലകൾ 

കഥകളി തൻ താളം കേട്ടു നിളയൊഴുകുന്നു 

വഞ്ചിപ്പാട്ട് പാടിപ്പാടി പമ്പ പായുന്നു..

കേരളം കേരളം കേരളം

സ്ഥിതിസമത്വ സ്വപ്‌നം തിരുവോണമാക്കി നമ്മൾ 

മാനവത്വമൊന്നേ മതമെന്നു ചൊല്ലി നമ്മൾ 

പുതുയുഗത്തിൻ പുലരികൾക്കായ് കാത്തിരുന്നോർ നമ്മൾ 

ഐകമത്യധാരയായ് മുന്നേറിടുന്നു നമ്മൾ 

കേരളം കേരളം കേരളം

English Summary:

Malayalam Article Written by Sanish Chottanikkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com