ADVERTISEMENT

1957 ലെ കേരളതിരഞ്ഞെടുപ്പ്. പ്രസിഡണ്ടു ഭരണത്തിൽ ആക്റ്റിങ് ഗവർണറുടെ പ്രഥമവും പ്രധാനവും ആയ ചുമതല തെരഞ്ഞെടുപ്പ് നടത്തുകയാണ്. ഇലക്ഷൻ  കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. കോട്ടയത്തു കളക്ടർ ആണ് റിട്ടേർണിംഗ് ഓഫീസർ. അദ്ദേഹം എൻജിനീയർ ശ്രീ രങ്കനാഥൻ അടക്കം മിക്കവാറും എല്ലാവർക്കും തെരഞ്ഞെടുപ്പ് ചുമതല നൽകി. സർക്കാർ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വയ്ക്കുക. മൂന്നാർ ഭാഗത്ത് സർക്കാർ ഉദ്യോഗസ്ഥർ കുറവ്. അതുകൊണ്ട് ബോർഡ്കാരെയും നിയമിക്കാൻ കോട്ടയം കലക്ടർ തീരുമാനിച്ചു. രങ്കനാഥൻ പ്രതിഷേധിച്ചു. ഏത് മല മറിക്കാൻ ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞു മതി ആ വക ജോലികൾ എന്നായിരുന്നു കലക്ടറുടെ നിലപാട്. മൂന്നാറിലെ തേയില എസ്റ്റേറ്റിൽ പോളിംഗ് ബൂത്ത് സ്ഥാപിക്കാറുണ്ട്. ഞാനായിരുന്നു അവിടത്തെ പ്രിസൈഡിങ് ഓഫീസർ. വോട്ടർപട്ടികയിൽ സ്ത്രീകളുടെ പേരിനൊടൊപ്പം ഭർത്താവിന്റെയും പേരുണ്ടാകും. പോളിങ് ഓഫീസർ നമ്പർ വിളിക്കുമ്പോൾ വോട്ടർ പേരും ഭർത്താവിന്റെ പേരും വിളിച്ചു പറയണം. ഇതായിരുന്നു അന്നത്തെ നടപടിക്രമം. 

ഞങ്ങൾ നമ്പർ വിളിച്ചു. ഒരു തമിഴ് സ്ത്രീ വന്നു. സ്വന്തം പേര് പറഞ്ഞു. ഭർത്താവിന്റെ പേര് ചോദിച്ചപ്പോൾ മിണ്ടുന്നില്ല. ചിരിച്ചു കാണിച്ചതേ ഉള്ളൂ. നിർബന്ധിച്ചപ്പോൾ ആറ് വിരലുകൾ ഉയർത്തി കാട്ടി. എന്നിട്ട് മുഖത്തിനു ചുറ്റും കൈ കറക്കി കാണിച്ചു. അറുമുഖം എന്ന പേരാണ് ഉദ്ദേശിക്കുന്നതെന്ന് ഓഫീസർക്ക് മനസ്സിലായി. ബാലറ്റ് പേപ്പർ കൊടുത്തു. കാരണമന്വേഷിച്ചപ്പോൾ തമിഴ് സ്ത്രീകൾ ഭർത്താക്കന്മാരുടെ പേര് മറ്റു പുരുഷന്മാരോട് പറയാറില്ല. അതാണ് ആംഗ്യഭാഷ ഉപയോഗിക്കുന്നത്. എല്ലാവരുടെയും പേര് ഇങ്ങനെ മനസ്സിലാക്കാൻ എളുപ്പമല്ലെന്ന് വന്നതോടെ ഞാനും അടുത്ത പോളിംഗ് ബൂത്തിലെ പ്രിസൈഡിങ് ഓഫീസറുമായി ചേർന്ന് ആലോചിച്ച് ഒരു പരിഹാരം ഉണ്ടാക്കി. അത് ഇങ്ങനെ ആയിരുന്നു. ഒരു സ്ത്രീ അവരുടെ ഭർത്താവിന്റെ പേര് അടുത്തുനിൽക്കുന്ന സ്ത്രീയോട് പറയുക. അവരത് ഉറക്കെ പറയും. ഈ നിർദ്ദേശം എല്ലാവരും അംഗീകരിച്ചതോടെ പ്രശ്നം തീർന്നു.

വൈകുന്നേരമായി. വോട്ടിംഗ് സമയം കഴിഞ്ഞു. എല്ലാം കൂടി കെട്ടിപ്പെറുക്കുമ്പോഴേക്കും തിരികെ പോകാനുള്ള വാഹനം എത്തി. സ്ഥലം സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിലാണ്. തണുപ്പേറിയ കാറ്റിന്റെയും മൂടൽമഞ്ഞിന്റെയും അകമ്പടിയോടെ ദേവികുളത്തേക്ക് തിരിച്ചു. തഹസിൽദാരുടെ ഓഫീസിൽ എത്തിയപ്പോൾ തന്നെ രാത്രി 11:00 മണി. എല്ലാം തിരിച്ചേൽപ്പിച്ച് ഇറങ്ങിയപ്പോഴേക്കും അന്നത്തെ ദിവസം കഴിഞ്ഞിരുന്നു. തിരികെ മൂന്നാറിലേക്ക് വരാൻ ഒരു തടി ലോറിയിൽ ലിഫ്റ്റ് കിട്ടി. വെളുക്കുന്നതിനു മുൻപേ വീട്ടിലെത്തി. പിറ്റേ ദിവസത്തെ പത്രത്തിൽ ഒരു ‘സ്കൂപ്പ്’. മറ്റ് ലേഖകന്മാർ അറിയാതെ ചൂഴ്ന്ന് എടുക്കുന്ന വാർത്തയാണ് സ്കൂപ്പ്. ബാലറ്റ് പെട്ടിക്ക് ഇരിഞ്ഞാലക്കുടയിൽ കരുവാനെ കൊണ്ട് കള്ളത്താക്കോൽ ഉണ്ടാക്കി എന്നായിരുന്നു ഈ വിചിത്ര വാർത്ത. അപ്പോൾ തന്നെ ഞാൻ ആ പത്രത്തിലേക്ക് ഒരു കത്തെഴുതി.

ബാലറ്റ് പെട്ടിയ്ക്ക് താക്കോൽ തന്നെ ഇല്ല. ഒരു ലിവർ (lever) ഒരു സ്ഥാനത്ത് ആയിരിക്കുമ്പോൾ പെട്ടി പൂട്ടിക്കിടക്കുന്നു. അത് തിരിക്കുമ്പോൾ പെട്ടി തുറക്കുന്നു. ഇതിന്റെ മേലെ ഒരു കടലാസും ഉറപ്പിച്ചു വയ്ക്കും. പ്രീസൈഡിങ് ഓഫീസിലെ സീലും ഓഫീസറുടെയും തെരഞ്ഞെടുപ്പ് ഏജന്റുമാരുടെയും ഒപ്പ് ഉള്ളത് ആകും ഈ കടലാസ്. ഒരുതവണ പെട്ടി അടച്ചാൽ, ഈ കടലാസ് പൊട്ടിക്കാതെ, പെട്ടി തുറക്കാൻ കഴിയില്ല. പെട്ടി തുറന്ന് ബാലറ്റ് പേപ്പർ പുറത്തേക്ക് ഇടുമ്പോൾ ഈ കടലാസിന് കേട് പറ്റിയിരുന്നോ എന്ന് നോക്കേണ്ടത് തിരഞ്ഞെടുപ്പ് സ്ഥാനാർഥികളുടെയും അല്ലെങ്കിൽ അവരുടെ ഏജന്റുമാരുടെയും ഉത്തരവാദിത്വം ആണ്. എന്റെ കത്ത് പ്രസിദ്ധീകരിച്ച്‌ ആ പത്രം തടിയൂരി. ഈ തെരഞ്ഞെടുപ്പ് പരിചയം നല്ലൊരു പാഠമായിരുന്നു.

(കടപ്പാട് : എന്റെ പിതാവ് ശ്രീ ജോണി തേക്കെത്തലയുടെ "ഒരു എൻജിനീയറുടെ സർവീസുൽസവം" എന്ന ഇ ബുക്ക്‌)

English Summary:

Malayalam Short Story ' Election Thamashakal ' Written by Mary Josy Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com