ADVERTISEMENT

മനസ്സിൽ സൂക്ഷിക്കാൻ ഇഷ്ടമുള്ളതും മനസ്സിൽ നിന്നു മായ്ച്ചുകളയാൻ ആഗ്രഹിക്കുന്നതുമായ പലവിധ സംഭവങ്ങൾ ഉണ്ടായ വർഷമാണ് 2023. പ്രിയസംഗീതജ്ഞരുടെ അപ്രതീക്ഷിത വിയോഗങ്ങളും ചില ദുരന്തവാർത്തകളുമെല്ലാം മനസ്സിനെ വല്ലാതെ മരവിപ്പിച്ചു. അതിൽ പ്രധാനപ്പെട്ടതാണ് കുസാറ്റിൽ ഗായിക നികിത ഗാന്ധിയുടെ ഗാനമേളയ്ക്കു തൊട്ടുമുന്‍പ് തിക്കിലും തിരക്കിലുംപെട്ട് 4 പേർ മരിച്ച സംഭവം. ചെന്നൈയിൽ സംഘടിപ്പിച്ച സംഗീതപരിപാടിയുടെ സംഘടാനപിഴവിനെ ചൊല്ലി എ.ആർ.റഹ്മാനും വിവാദത്തിലായി. 

തുടർച്ചയായുണ്ടായ ദുരന്തങ്ങൾ മൂലം സംഗീതലോകം സങ്കടക്കയത്തിൽ മുങ്ങിയെങ്കിലും അപ്രതീക്ഷിതമായി നേട്ടത്തിന്റെ കൊടുമുടി കയറിയ അഭിമാനമുഹൂർത്തങ്ങളും ഉണ്ടായി 2023ൽ. ആർആർആറിലെ ‘നാട്ടു നാട്ടു’ ഓസ്കറിന്റെ നെറുകയില്‍ ചുംബിച്ചത് ചരിത്രത്തിൽ എഴുതിച്ചേര്‍ക്കപ്പെട്ടു. ഒറിജിനൽ സോങ് വിഭാഗത്തിലാണ് പാട്ടിനു പുരസ്കാരം ലഭിച്ചത്. എം.എം.കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ചേര്‍ന്നാണ് ‘നാട്ടു നാട്ടു’വിനുള്ള ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയത്. 2023ല്‍ സംഗീതലോകത്തുണ്ടായ ചില പ്രധാന സംഭവങ്ങളെക്കുറിച്ചുള്ള വാർത്തകൾ സംക്ഷിപ്തമായി പുനഃപ്രസിദ്ധീകരിക്കുന്നു

nikitha1
നികിത ഗാന്ധി Image Credit: Instagram/Nikhita Gandhi

1. നികിത ഗാന്ധിയെ കല്ലെറിയണോ?

 

നവംബർ 26 നായിരുന്നു കേരളത്തെയൊന്നാകെ കരയിപ്പിച്ച ആ സംഭവം. നികിത ഗാന്ധിയെന്ന ഏറെ കേട്ടിട്ടുള്ള ആ പേരുകാരിയെ നേരിൽ കാണാനും പാട്ട് ആസ്വദിക്കാനുമായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു കുസാറ്റിലെ വിദ്യാർഥികൾ. ഗായിക വേദിയിലെത്തുന്നതിന് ഏതാനും മിനിറ്റുകൾക്കു മുൻപാണ് അപ്രതീക്ഷിതമായി ആ ദുരന്തമുണ്ടായത്. ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 3 വിദ്യാർഥികൾ ഉൾപ്പെടെ 4 പേർ മരണപ്പെട്ടു. ഇതോടെ കുസാറ്റും നികിത ഗാന്ധിയും ചർച്ചകളിലും വിവാദങ്ങളും നിറഞ്ഞു. ഇതോടെയാണ് പലരും ആരാണ് നികിത എന്ന അന്വേഷണവുമായി രംഗത്തെത്തിയത്. 

പൂർണരൂപം വായിക്കാം

janaki1
ജാനകി ഈശ്വർ Image Credit: Instagram/Janaki Easwar

2. ചില്ലറക്കാരിയല്ല കോഴിക്കോടിന്റെ ജാനകിക്കുട്ടി!

കാണികളെയെല്ലാം ആവേശത്തിരയിൽ മുക്കിക്കുളിപ്പിച്ച് ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ചരിത്രം എഴുതിച്ചേർത്ത കോഴിക്കോടന്‍ കൗമാരമാണ് ജാനകി ഈശ്വർ. ഈ 15കാരിയെ തന്റെ പുതിയ ചിത്രത്തിലേക്കു പാടാൻ ക്ഷണിച്ചുകൊണ്ട് സംഗീതസംവിധായകൻ ഡി.ഇമ്മൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വീണ്ടും ജാനകിയിലേക്ക് രാജ്യത്തെ അടുപ്പിച്ചു. 

പൂർണരൂപം വായിക്കാം

 

susheela1
പി.സുശീല ∙ഫയൽചിത്രം മനോരമ

3. പൂങ്കുയിൽ പാട്ട് കേട്ടിട്ടുണ്ടോ?

പ്രാണനെപ്പോലെ കാത്ത മകൻ വിടപറഞ്ഞപ്പോൾ പാട്ട് നിർത്തുന്നുവെന്ന് തീരുമാനമെടുത്ത പൂങ്കുയിൽ സുശീല, ദേവരാജൻ മാസ്റ്ററുടെയും കുഞ്ചാക്കോയുടെയും സ്നേഹനിർബന്ധങ്ങൾക്കു വഴങ്ങിയാണ് പാട്ടുലോകത്തേക്കു രണ്ടാം വരവ് നടത്തിയത്. നവംബർ 13ന് ഗായിക 88ാം പിറന്നാൾ ആഘോഷിച്ചു. പാട്ടിന്റെ പനിനീരരുവിയായി പതഞ്ഞൊഴുകുന്ന ആ സ്വരധാര എത്ര കേട്ടാലും മലയാളിക്കു മതിയാകില്ലെന്നത് എക്കാലത്തെയും പച്ചയായ യാഥാർഥ്യം. 

പൂർണരൂപം വായിക്കാം

 

naatu-naatu1
Chandrabose and M M Keeravani accept the Best Original Song award for 'Naatu Naatu' from "RRR" onstage during the 95th Annual Academy Awards at Dolby Theatre on March 12, 2023 in Hollywood, California. Photo: Kevin Winter/Getty Images/AFP

4. ആവേശക്കൊടുമുടി കയറ്റിയ ‘നാട്ടു നാട്ടു’

ആകാശത്തിന് അതിരുകൾ ഉണ്ടെങ്കിൽ അതിനപ്പുറവും അഭിമാനിക്കാനുള്ള വകയാണ് മാർച്ച് 13ന് ഇന്ത്യയ്ക്കു ലഭിച്ചത്. എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ആർആർആറിൽ എം.എം.കീരവാണിയുടെ സംഗീതത്തിൽപ്പിറന്ന ‘നാട്ടു നാട്ടു’ എന്ന ഗാനം ഓസ്കറിൽ മുത്തമിട്ട വാർത്ത രാജ്യം കേട്ടത് ആവേശത്തോടെ മാത്രമായിരുന്നില്ല, തെല്ല് അഹങ്കാരത്തോടെ തന്നെയായിരുന്നു. ഓസ്കർ ശിൽപത്തിന്റെ സ്വർണവെളിച്ചമേറ്റ ‘നാട്ടു നാട്ടു’ ദിവസങ്ങളോളം ചർച്ചകളിൽ നിറഞ്ഞു. പാട്ടിലെ രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും ഹുക്ക് സ്റ്റെപ്പുകൾ കണ്ടപ്പോൾ മലയാള നടന്മാര്‍ക്കും ഇങ്ങനെയൊക്കെ ആടിയാലെന്താ എന്നായി മലായാളി പ്രേക്ഷകര്‍. അതിനുള്ള ഉത്തരവുമായി നൃത്തസംവിധായകർ മനോരമയ്ക്കൊപ്പം ചേർന്നു. 

പൂർണരൂപം വായിക്കാം

chembakame1
‘ചെമ്പകമേ’ ഗാനരംഗത്തിൽ നിന്ന്.

5. ഇന്നും സുഗന്ധം വീശുന്നു, ആ പ്രണയ ചെമ്പകം

മനസ്സിൽ നിന്നും ഇറങ്ങിപ്പോകാന്‍ മടിച്ച് അവിടങ്ങനെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ചില ഗാനങ്ങളുണ്ടാകില്ലേ? അതിൽ ചിലത് നാമറിയാതെ തന്നെ ഹൃദയത്താളുകളിലേക്ക് ഒഴുകിയെത്തും. ചിലത് ഗൃഹാതുരസ്മരണകൾ കോറിയിട്ട് ഇളം കാറ്റ് പോൽ തഴുകി, തലോടി മനസ്സിനെയൊന്നു കുളിർപ്പിച്ച് കടന്നുപോകും. എങ്ങോ വിരിഞ്ഞ് ഇപ്പോഴും സുഗന്ധം വീശുന്ന ഒരു ചെമ്പകപ്പൂവുണ്ട് ഇപ്പോഴും കേരളത്തിലെ ചെറുപ്പക്കാരുടെ ഹൃദയങ്ങളിൽ, ഒരിക്കലും വാടാത്ത ഒരു ചെമ്പകപ്പൂവ്. പ്രണയത്തിന്റെ ആ ചെമ്പകപ്പൂക്കാലം സമ്മാനിച്ച രാജു രാഘവന്‍ ഇപ്പോഴും പെയിന്റിങ് തൊഴിലാളിയാണ്. 

പൂർണരൂപം വായിക്കാം

abaya1
അഭയ ഹിരൺമയി Image Credit: Instagram/ Abhaya Hiranmayi

6. അഭയയ്ക്കു കിട്ടിയ സർപ്രൈസ് പാട്ട്

‘മലൈക്കോട്ടൈ വാലിബൻ’ എന്ന മോഹൻലാൽ ചിത്രത്തിലെ ആദ്യ ഗാനം "പുന്നാരക്കാട്ടിലെ പൂവനത്തിൽ" പുറത്തിറങ്ങിയപ്പോൾ അതിലെ പെൺസ്വരം ആരുടേതാണെന്നു മനസ്സിലാക്കാൻ ചിലർക്കെങ്കിലും കുറച്ച് ആലോചിക്കേണ്ടി വന്നിരിക്കാം. സ്റ്റേജ് ഷോകളുമായി ലോകം മുഴുവൻ കറങ്ങുന്ന ഗായിക അഭയ ഹിരൺമയിക്ക് അപ്രതീക്ഷിതമായാണ് ഈ ഗാനം ആലപിക്കാൻ അവസരം ലഭിച്ചത്. താൻ സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ കൂടെ ജീവിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിനു വേണ്ടി മാത്രമേ പാട്ട് പാടൂ എന്നൊന്നും തീരുമാനിച്ചിരുന്നില്ലെന്നും ഏത് സംഗീതജ്ഞന്‍ വിളിച്ചാലും പാടുമെന്നും പറഞ്ഞ് അഭയ സംഗീതജീവിതത്തിലെയും സ്വകാര്യ ജീവിതത്തിലെയും നിലപാടുകൾ തുറന്നു പറഞ്ഞു. 

പൂർണരൂപം വായിക്കാം

 

amruta1
അമൃത സുരേഷ് Image Credit: Instagram/ Amrutha Suresh

‌7. കാശിയിൽ മുഴങ്ങിയ അമൃതയുടെ അപ്രതീക്ഷിത കച്ചേരി!

മനസ്സിനും ശരീരത്തിനു ഒരുപോലെ മാറ്റം വേണമെന്നു തോന്നിയപ്പോഴാണ് ഗായിക അമൃത സുരേഷ് കാശിയിലേക്ക് ഒറ്റയ്ക്കൊരു യാത്ര പോയത്. ഗംഗാ ആരതി തൊഴുതുകൊണ്ടു നിന്നപ്പോൾ അമൃത ഗായികയാണെന്നു മനസ്സിലാക്കി കാശി സൻസ്കൃത് സംഘാടകർ കച്ചേരി അവതരിപ്പിക്കാൻ ക്ഷണിച്ചു. അപ്രതീക്ഷിതമായി കൈവന്ന അവസരത്തെ പൂർണമനസ്സോടെയും അർപ്പണബോധത്തോടെയും അമൃത സമീപിച്ചു. ഇനി എപ്പോൾ കാശിയിൽ ചെന്നാലും അവിടെ അമൃതയ്ക്കായി ഒരു വേദി ഉണ്ടാകുമെന്ന് സംഘാടകർ അറിയിക്കുകയും ചെയ്തു. 

പൂർണരൂപം വായിക്കാം

 

khatija1
ഖദീജ റഹ്മാൻ Image Credit: Instagram/ Khatija Rahman

8. ഖദീജ റഹ്മാൻ: നിലപാടുകളുടെ ഉറച്ച ശബ്ദം

വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും ദയയില്ലാതെ വിമര്‍ശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട് സംഗീതജ്ഞൻ എ.ആർ.റഹ്മാന്റെ മൂത്ത മകൾ ഖദീജയ്ക്ക്. പൊതു ഇടങ്ങളിലുൾപ്പെടെ എപ്പോഴും ബുർഖ അണിഞ്ഞു പ്രത്യക്ഷപ്പെടുന്ന ഖദീജ, വസ്ത്രത്തെച്ചൊല്ലി പലതവണ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മകളെ അമിത വിശ്വാസിയായി വളര്‍ത്തിയെന്നും യാഥാസ്ഥികനാണെന്നുമുള്ള പഴികള്‍ എ.ആര്‍.റഹ്‌മാനും കേള്‍ക്കേണ്ടിവന്നു. എന്നാൽ നിലപാടുകളിലെ കരുത്തുറ്റഫ സ്വരമാണ് ഖദീജ റഹ്മാൻ. അങ്ങേയറ്റം പക്വതയോടെയും വ്യക്തതയോടെയുമാണ് അവൾ വിമർശനങ്ങൾക്കു മറുപടി നൽകിയത്. പാട്ടുകാരിയായി തിളങ്ങിയ ഖദീജ, നിലപാടുകളിലെ ഉറച്ച ശബ്ദത്തിന്റെ പേരിൽ പ്രശംസിക്കപ്പെട്ടു, വാർത്തകളിൽ ഇടം പിടിച്ചു. 

പൂർണരൂപം വായിക്കാം

 

vani1
വാണി ജയറാം ∙ഫയൽചിത്രം മനോരമ

9. വാണിയമ്മ: പാട്ടിന്റെ പട്ടുനൂലിഴ

2023ൽ രാജ്യത്തെ ഏറ്റവുമധികം വേദനിപ്പിച്ച വിയോഗങ്ങളിലൊന്നാണ് ഗായിക വാണി ജയറാമിന്റേത്. ‘ഏതോ ജന്മകൽപനയിലൂടെ’ മലയാളിയെ തേടിവന്ന മറുനാടൻ സ്വരസ്വരഭംഗിയെ ഫെബ്രുവരി 4 ന്ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പത്മഭൂഷൺ ബഹുമതി പ്രഖ്യാപിക്കപ്പെട്ട് ദിവസങ്ങൾ പിന്നിടുമ്പോഴായിരുന്നു ഗായികയുടെ അപ്രതീക്ഷിത വിയോഗം. 19 ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചു. എന്നാൽ അവർക്ക് അർഹിച്ച അംഗീകാരം കിട്ടിയോ എന്നു സംശയാണ്. വാണിയമ്മ പാടിയ പാട്ടുകൾ ഇന്നും ചുണ്ടോരത്തുണ്ടെങ്കിലും അര്‍ഹിച്ച ആദരവ് മലയാളവും ഹിന്ദിയും മാത്രമല്ല, ഒരു സിനിമാ മേഖലയും അവർക്കു കൊടുത്തില്ല. എന്നിട്ടും പരാതികൾ പറഞ്ഞില്ല, പരിഭവങ്ങൾ പ്രകടിപ്പിച്ചില്ല അവർ. ഏതോ ജന്മകൽപനയിൽ മായാത്ത സ്വരമന്ത്രണമായി വാണിയമ്മ ഇപ്പോഴും മലയാളിയുടെ ചുണ്ടോരത്ത്, കാതോരത്ത്, നെഞ്ചോരത്ത് എത്തുന്നു. 

പൂർണരൂപം വായിക്കാം

 

sitara1
സിതാര കൃഷ്ണകുമാറും മിഥുൻ ജയരാജും Image Credit: Instagram/Midhun Jayaraj

10. സിത്തുവിന്റെ മിത്തു

ഗായിക സിതാര കൃഷ്ണകുമാറിന്റെ ഇഷ്ടക്കാരുടെ പട്ടികയിൽ മുൻപന്തിയിലാണ് ഗായകന്റെ മിഥുൻ ജയരാജിന്റെയും കുടുംബത്തിന്റെയും സ്ഥാനം. മിഥുന്റെ ഇക്കഴിഞ്ഞ പിറന്നാളിന് സിതാര എഴുതിയ കുറിപ്പാണ് അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴത്തെ വിവരിച്ചത്. പിന്നാലെ സിത്തുവിന്റെ സ്വന്തം മിത്തു ആയതിന്റെ കഥ മിഥുനും മനോരമ ഓൺലൈനിനോടു തുറന്നു പറഞ്ഞു. റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. അന്നുതൊട്ടിന്നോളം കൂട്ട് പിരിഞ്ഞിട്ടില്ല. കൂടെപ്പിറപ്പല്ല, അതിനു മുകളിലുള്ള ബന്ധമാണ് സിതാരയുമായിട്ടെന്ന് മിഥുൻ അടിവരയിടുന്നു. 

പൂർണരൂപം വായിക്കാം

English Summary:

Music news in 2023 year ender

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com