സാദാ ഹെലികോപ്റ്റർ കെടുത്തില്ല കാട്ടുതീ; വേണം ആധുനിക സൗകര്യം: പി.കെ.കേശവൻ

pk-kesavan-ifs
സംസ്ഥാന വനം–വന്യജീവി വകുപ്പ് മേധാവി പി.കെ.കേശവൻ.
SHARE

കോട്ടയം ∙ കാട്ടുതീ കെടുത്തുന്നതിനിടെ മൂന്നു മനുഷ്യജീവൻ പൊലിഞ്ഞു മൂന്നു മാസം കഴിഞ്ഞിട്ടും കർമപദ്ധതി നടപ്പാക്കാൻ വൈകിയത് സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ നൽകിയ വിമർശനത്തിനു മറുപടിയുമായി സംസ്ഥാന വനം–വന്യജീവി വകുപ്പ് മേധാവി പി.കെ.കേശവൻ. കാട്ടുതീ തടയുന്നതിനും കർമപദ്ധതി നടപ്പാക്കുന്നതിനുമുള്ള നടപടികളെക്കുറിച്ചു റിപ്പോർട്ട് നൽകാതിരുന്നതിനു ദേശീയ ഹരിത ട്രൈബ്യൂണൽ കഴിഞ്ഞദിവസമാണ് കേരളത്തെ വിമർശിച്ചത്. ട്രൈബ്യൂണലിന്റെ സതേൺ ബെഞ്ചിനു സമർപ്പിക്കാനു‌ള്ള റിപ്പോർട്ട് നേരത്തെ തന്നെ ഒപ്പിട്ടു നൽകിയിരുന്നതായി അദ്ദേഹം ‘മനോരമ ഓ‌ൺലൈനോട്’ പറഞ്ഞു.‌

കാട്ടുതീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നു പേർ വെന്തുമരിച്ചിട്ടും വനംവകുപ്പ് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന പരിസ്ഥിതി പ്രവർത്തകരുടെ ആരോപണത്തിനിടെയാണു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ഹരിത ട്രൈബ്യൂണലും വനംവകുപ്പിനെതിരെ വിമർശനം ഉന്നയിച്ചത്. മൂന്നു മാസം സാവകാശം ലഭിച്ചിട്ടും റിപ്പോർട്ട് നൽകാതിരുന്ന വനംവകുപ്പ് ട്രൈബ്യൂണലിനോടു രണ്ടു മാസം കൂടി ആവശ്യപ്പെട്ടു. ഒടുവിൽ പ്രത്യേക സാഹചര്യം പരിഗണിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിന് ഒരു മാസം കൂടി സമയം അനുവദിക്കുകയായിരുന്നു.  വനം വകുപ്പ് മേധാവിയോടാണു റിപ്പോർട്ട് നൽകാൻ ട്രൈബ്യൂണൽ നിർദേശിച്ചത്. പി.കെ.കേശവനുമായുള്ള അഭിമുഖത്തിൽ നിന്ന് .‌‌

∙ റിപ്പോർട്ട് തയാറാക്കി, അയച്ചിട്ടുണ്ട്

2020 ഫെബ്രുവരി 16ന് തൃശൂർ കൊറ്റമ്പത്തൂരിലാണു കാട്ടുതീ‌ കെടുത്തുന്നതിനിടെ മൂന്നു വനപാലകർ മരണപ്പെട്ടത്. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നു മാസം സമയം അനുവദിച്ചിരുന്നു. എന്നാൽ കേരളം റിപ്പോർട്ട് സമർപ്പിച്ചില്ലെന്നും ട്രൈബ്യൂണൽ സമയം നീട്ടി നൽകി ഉത്തരവ് ഇറക്കിയെന്നും വാർത്തകളിലൂടെ അറിഞ്ഞു. ഉത്തരവ് കിട്ടിയിട്ടില്ല. ജൂൺ 10ന് തന്നെ വനംവകുപ്പ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിനുശേഷമാണു ജസ്റ്റിസ് കെ.രാമകൃഷ്ണനും വിദഗ്ധ അംഗം സെയ്ബൽ ദാസ്ഗുപ്തയും അടങ്ങുന്ന  ട്രൈബ്യൂണലിന്റെ സതേൺ ബെഞ്ച് കേസ് പരിഗണിച്ചത്.

10ന് റിപ്പോർട്ടിൽ ഒപ്പിട്ടിരുന്നു. 11ന് ആയിരിക്കും ഓഫിസിൽനിന്ന് അയച്ചിട്ടുണ്ടാവുക. ബെഞ്ചിന്റെ സിറ്റിങ് തീയതി സംബന്ധിച്ച ആശയക്കുഴപ്പമാണു റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസമുണ്ടാക്കിയത്. കോവിഡ് പടർന്നു പിടിക്കുന്ന സമയത്തായിരുന്നു ആദ്യം നിർദേശങ്ങൾ വന്നത്. വനം–വന്യജീവി വകുപ്പ് മേധാവി നേരിട്ടു കൊറ്റമ്പത്തൂരിൽ പോയി കാര്യങ്ങൾ മനസ്സിലാക്കണമെന്നും നിർദേശിച്ചിരുന്നു. അപകടം നടന്ന സമയത്തു പോയിരുന്നതാണ്. കോടതി നിർദേശിച്ചതിനു ശേഷമായിരുന്നു കോവിഡ് നിയന്ത്രണങ്ങൾ വന്നത്. ജൂൺ അ‍ഞ്ചിനാണു വീണ്ടും കൊറ്റമ്പത്തൂരിൽ പോയി പരിശോധന നടത്തിയത്.‌ റിപ്പോർട്ട് തയാറാക്കി ട്രൈബ്യൂണലിന് അയച്ചിട്ടുണ്ട്.

∙ സാധാരണ തീയല്ല കാട്ടുതീ 

ദേശീയ കർമപദ്ധതിയുടെ ഭാഗമായ ശാസ്ത്രീയമായ മാർഗങ്ങളുണ്ടായിട്ടും പഴഞ്ചൻരീതികളാലാണു കൊറ്റമ്പത്തൂരിൽ തീകെടുത്തിയതെന്നു ട്രൈബ്യൂണൽ വിമർശിച്ചതായി കണ്ടു. മറ്റു തീപിടിത്തങ്ങളെ പോലെയല്ല കാട്ടുതീ. കാടിനു പുറത്തുള്ള തീപിടിത്തങ്ങൾ നിയന്ത്രിക്കുന്നതു പോലെ കാട്ടുതീ തടയാനാവില്ല. മറ്റു തീപിടിത്തങ്ങളിൽ ദൂരെ നിന്നു വെള്ളമോ ഫോമോ പമ്പ് ചെയ്യുകയാണു രീതി. ആളുകളുടെ ഇടപെടലും നന്നേ കുറവാണ്. അത്തരം സാധ്യതകൾ അഞ്ചു ശതമാനം പോലും കാട്ടുതീയിൽ ഉണ്ടാകാറില്ല. വാഹനങ്ങളൊന്നും കാട്ടിനകത്തെ തീബാധിത പ്രദേശങ്ങളിൽ എത്തില്ലെന്നതാണു തടസ്സം.

കയ്യൂർ മലയുടെ അടിവാരത്ത് ചൂരമല ഭാഗത്തെ തീ പിടിത്തം.

ആമസോണിലും ഓസ്ട്രേലിയയിലും സംഭവിച്ചതുപോലെ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന കാട്ടുതീ ഉണ്ടാകാൻ കേരളത്തിൽ സാധ്യതയില്ല. വന്‍തോതിൽ മണ്ണിൽ അടിഞ്ഞു കിടക്കുന്ന ഓർഗാനിക് മാറ്ററാണു കാട്ടുതീ പടരാൻ ഇന്ധനമാകുന്നത്. കേരളത്തിലെ കാടുകളിൽ അത്തരം ജൈവശേഖരം വൻതോതിലില്ല. ആവശ്യത്തിനു മഴ ലഭിക്കുന്നതുകൊണ്ട് അവ അലിഞ്ഞുപോകുന്നു. വേനൽക്കാലങ്ങളിൽ പുൽപ്രദേശങ്ങൾ കത്തുന്നതുപോലുള്ള സംഭവങ്ങളാണു കൂടുതലും. എന്നാൽ അത് ദിവസങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയില്ല. ഇത്തവണ കാട്ടുതീ കുറവായിരുന്നു.

വെള്ളം കൊണ്ട് കാട്ടുതീ നേരിടാനാവില്ല. ഫോമും കെമിക്കൽസും ഉപയോഗിക്കാനും സാധിക്കില്ല. കാട്ടുതീ വരാതെ തടയുക എന്നതാണ് മുഖ്യമായും ചെയ്യാനുള്ളത്. തീപിടിത്തമുണ്ടായാൽ തല്ലിക്കെടുത്തുക എന്ന രീതിയാണു നമ്മൾ ഉപയോഗിക്കുന്നത്. രാജ്യത്തെ പൊതുരീതിയും അതാണ്. എന്ത് ഉപയോഗിച്ചാണു തല്ലിക്കെടുത്തുന്നത് എന്നതിലേ വ്യത്യാസമുണ്ടാകൂ. 25–30 കൊല്ലം മുമ്പാണെങ്കിൽ കയ്യിൽ കിട്ടുന്ന മരച്ചില്ലയോ ഇലത്തലപ്പോ വച്ചാണ് തീയിൽ അടിക്കുക. ഇപ്പോൾ അതുമാറ്റി പരിഷ്കരിച്ച ഫയർ ബീറ്റേഴ്‍സ് ഉപയോഗിച്ചു തുടങ്ങി.

മറ്റു മാർഗങ്ങളൊന്നും കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല.‌ സംസ്ഥാന വനംവകുപ്പിനു സ്വയം തീരുമാനിക്കാവുന്ന കാര്യവുമല്ല അത്. കേന്ദ്ര വനം മന്ത്രാലയവും ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയും (എഫ്എസ്ഐ) ആണ് ഇതിനുവേണ്ട മാർഗനിർദേശങ്ങൾ നൽകേണ്ടത്. കാട്ടുതീ പ്രതിരോധിക്കാൻ ദേശീയ കർമപദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിലെ പ്രയാസങ്ങളും പ്രായോഗിക പ്രശ്നങ്ങളും എന്തെല്ലാമാണെന്നാണു പ്രാഥമികമായി കോടതി ചോദിച്ചിരുന്നത്. ‘മോഡേൺ സംവിധാനം’ കേരളത്തിലില്ല, ഇന്ത്യയിലും ഇല്ലെന്നാണ് അറിയുന്നത്. ഈ രംഗത്തു പുതിയ സംവിധാനങ്ങൾ വേണമെന്നു കേരളം ശുപാർശ ചെയ്തിട്ടുണ്ട്.‌

∙ ഹെലികോപ്റ്റർ ഉപകാരപ്രദമല്ല

കൊറ്റമ്പത്തൂരിലെ അപകടം ഒറ്റപ്പെട്ട സംഭവമായാണു വനംവകുപ്പ് കാണുന്നത്. കാട്ടുതീ കണ്ടുപിടിക്കാനും കെടുത്താനും ഡ്രോണും ഹെലികോപ്റ്ററും ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നില്ലെന്നു ‘മനോരമ ഓൺലൈനിലെ’ വെബ് പരമ്പരയും ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ ഹെലികോപ്റ്റർ ഉപകാരപ്രദമല്ലെന്നാണു വകുപ്പിന്റെ അനുഭവം. നാലു വർഷത്തിനിടെ രണ്ടു തവണ തീ കെ‌ടുത്താൻ ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നു; പറമ്പിക്കുളത്തും അട്ടപ്പാടിയിലും. ഹെലികോപ്റ്റർ ഉപയോഗിച്ചു തീകെടുത്താൻ പറമ്പിക്കുളം പോലെ മികച്ച മറ്റൊരിടം കേരളത്തിലില്ല. പക്ഷേ പ്രായോഗിക തലത്തിൽ അതത്ര വിജയകരമായില്ലെന്നതാണു സത്യം.‌

Australia Fire

മൂന്നു വർഷം മുമ്പ് ആർമി വഴിയാണു പറമ്പിക്കുളത്തേക്കുള്ള ഹെലികോപ്റ്റർ തമിഴ്നാട്ടിൽ നിന്ന് എത്തിച്ചത്. കോയമ്പത്തൂരിലെ സുലൂരിൽനിന്ന് 15–20 മിനിറ്റ് സമയം കൊണ്ട് പറമ്പിക്കുളത്തേക്കു പറന്നെത്താം. ഓപ്പൺ ബക്കറ്റിലാണു വെള്ളമെടുക്കുന്നത്. എത്ര വേണമെങ്കിലും വെള്ളമെടുക്കാൻ തുണക്കടവ് റിസർവോയർ അടുത്തുണ്ടായിരുന്നു. ഒരു മിനിറ്റ് കൊണ്ട് അപക‌ടസ്ഥലത്തു വെള്ളം തളിക്കാം. ഇത്രയും സൗകര്യമുണ്ടായിട്ടും ആവശ്യപ്പെട്ട് 24 മണിക്കൂർ കഴിഞ്ഞാണു ഹെലികോപ്റ്റർ വന്നത്. എന്നിട്ടും ഏഴോ എട്ടോ സോർട്ടി (അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര) മാത്രമേ ചെയ്തുള്ളൂ. ഓരോ തവണയും 1000 ലീറ്ററിൽ താഴെ വെള്ളമാണ് എടുത്തത്.

വരാനുള്ളതും ഓപ്പറേഷൻ കഴിഞ്ഞ് തിരിച്ചു പോകാനുള്ളതിന്റെ ഇരട്ടിയും ഇന്ധനമാണു ഹെലികോപ്റ്ററിൽ ശേഖരിച്ചിട്ടുണ്ടാവുക. ഇന്ധനത്തിന്റെ‌ ഭാരം കണക്കാക്കിയേ വെള്ളമെടുക്കൂ. ഇന്ധനം കുറയുന്നതിന് അനുസരിച്ച് ചെറിയ അളവ് കൂടുതലെടുക്കും. വെള്ളം നേരെ തീയുടെ മുകളിൽ ഒഴിക്കില്ല, വശങ്ങളിൽ സ്പ്രേ ചെയ്യുകയാണ്. അതു താഴെയെത്തി തീ അണയുന്നതിനു മുമ്പേ ആവിയായി പോയിട്ടുണ്ടാകും. 10,000 ലീറ്ററോളം വെള്ളമാണ് 24–30 മണിക്കൂർ കൊണ്ട് തളിച്ചത്. എന്നിട്ടും പക്ഷേ തീ അണഞ്ഞില്ല. വനപാലകരും നാട്ടുകാരും നേരിട്ടിറങ്ങി രക്ഷാപ്രവർത്തനം നടത്തി മൂന്നാം ദിവസമാണു തീ പൂർണമായും കെടുത്താനായത്.

Australia Fire

മറ്റൊരു തവണ കൂടി ഹെലികോപ്റ്റർ ഉപയോഗിച്ചപ്പോഴും ഫലപ്രദമായി തോന്നിയില്ല. ഹെലികോപ്റ്ററുകളുടെ എണ്ണക്കുറവിനൊപ്പം അതു വഹിക്കുന്ന വെള്ളത്തിന്റെ അളവ് കുറവാണെന്നതും തീ കെടുത്താൻ തടസ്സമാണ്. വിദേശ രാജ്യങ്ങളിൽ ഇതിനായി പ്രത്യേകം രൂപകൽപന ചെയ്ത എയർക്രാഫ്റ്റുകളാണ്. അതിൽ 10,000 മുതൽ 50,000 ലീറ്റർ വരെ വെള്ളം വഹിക്കാനാകും. അത്തരം സംവിധാനം രാജ്യത്തില്ല. തീ എവിടെയുണ്ടെന്നും കൂടുതൽ ഇടങ്ങളിലേക്കു പകരാൻ സാധ്യതയുണ്ടോ എന്നെല്ലാം മനസ്സിലാക്കാനാണു ഡ്രോൺ ഉപയോഗിക്കുന്നത്. കൊറ്റമ്പത്തൂരിലെ രക്ഷാപ്രവർത്തനത്തിൽ ഡ്രോണും പങ്കെടുത്തിരുന്നു.

∙ വനപാലകരുടെ കുടുംബത്തെ കൈവിടില്ല

വടക്കാഞ്ചേരി കൊറ്റമ്പത്തൂര്‍ ഇല്ലിക്കുണ്ട് വനമേഖലയില്‍ കാട്ടുതീ കെടുത്തുന്നതിനിടെ മരിച്ച മൂന്നു വനപാലകരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം വനംമന്ത്രി കെ.രാജു ഫെബ്രുവരിയിൽ വിതരണം ചെയ്തിരുന്നു. വനം ട്രൈബല്‍ വാച്ചര്‍ ദിവാകരൻ, താല്‍ക്കാലിക ജീവനക്കാരായ വടക്കാഞ്ചേരി കൊടുമ്പ് വട്ടപ്പറമ്പില്‍ ശങ്കരന്‍, എടവണ്ണ വളപ്പില്‍ വേലായുധന്‍ എന്നിവരുടെ കുടുംബങ്ങൾക്കുള്ള സഹായമാണു കൈമാറിയത്. സര്‍ക്കാരിന്റെ 7.5 ലക്ഷം രൂപയും വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ 1 ലക്ഷം രൂപയുമാണു നല്‍കിയത്. അടിയന്തര ധനസഹായമായി 50,000 രൂപ വീതം മുമ്പ് നൽകിയിരുന്നു.

thrissur-divakaran-velayudhan-shankaran
കാട്ടുതീയിൽ പെട്ടു മരിച്ച ദിവാകരൻ, വേലായുധൻ, ശങ്കരൻ

ചെറുതുരുത്തിയില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ (എച്ച്എൻഎൽ) അക്കേഷ്യ മരങ്ങളുടെ എസ്റ്റേറ്റിലായിരുന്നു അപകടം. ഈ സംഭവത്തോടെ കൊറ്റമ്പത്തൂരിലെ ഉൾപ്പെടെ കേരളത്തിൽ എച്ച്എൻഎലിനു പാട്ടത്തിനു നൽകിയ 3032 ഹെക്ടർ ഭൂമിയും വനംവകുപ്പ് തിരിച്ചെടുത്തു. സ്ഥിരം ജീവനക്കാരനായിരുന്ന ദിവാകരന്റെ അവകാശിക്കുള്ള ആശ്രിത നിയമനം, താല്‍ക്കാലിക വാച്ചര്‍മാരുടെ അവകാശികള്‍ക്കുള്ള താല്‍ക്കാലിക നിയമനം എന്നിവയ്ക്കുള്ള നടപടികൾ പുരോഗമിക്കുകയാണ്. അന്തിമ തീരുമാനമായിട്ടില്ല. മൂന്നു കൂടുംബത്തെയും വകുപ്പ് കൈവിടില്ലെന്ന് ഉറപ്പു തരുന്നു. 

നേരത്തെ, നവംബർ– ഡിസംബർ മാസങ്ങളിലാണു കാട്ടുതീ പ്രതിരോധത്തെപ്പറ്റി ആലോചിച്ചു തുടങ്ങാറുള്ളത്. ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ അതിൽ മാറ്റംവരുത്തി. താഴെത്തട്ടിലുള്ളവരുൾപ്പെടെ എല്ലാവരെയും കാട്ടുതീ പ്രതിരോധത്തിന്റെ ഭാഗമാക്കുകയാണ്. കഴിഞ്ഞയാഴ്ച ഇതിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ റിസോഴ്സ് വ്യക്തികളെ കണ്ടെത്തി. ഇനി മാസ്റ്റർ ട്രെയിനേഴ്സിനെ കണ്ടെത്തും. കാട്ടുതീ സീസൺ തുടങ്ങുന്ന നവംബറിനു മുമ്പായി ജീവനക്കാർക്കും വനംവകുപ്പുമായി സഹകരിക്കുന്നവർക്കും തീ പ്രതിരോധത്തെപ്പറ്റിയും സുരക്ഷാ മുൻകരുതലുകളെപ്പറ്റിയും പരിശീലനം നൽകി സജ്‍ജമാക്കും.‌- പി.കെ.കേശവൻ പറഞ്ഞു.

കാട്ടുതീ വിപത്തിനെക്കുറിച്ച് ‘മനോരമ ഓൺലൈൻ’ പ്രസിദ്ധീകരിച്ച ‘കാട് കത്തിയാൽ നമുക്കെന്ത്’ വെബ് പരമ്പര ലോക്സഭയിലും പരാമർശിക്കപ്പെട്ടിരുന്നു. കാട്ടുതീ തടയുന്നതിനു കേന്ദ്രം കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നു വെബ് പരമ്പര പരാമർശിച്ച് അടൂർ പ്രകാശ് എംപി ലോക്സഭയിൽ സബ്മിഷനിൽ ആവശ്യപ്പെട്ടു. കേരളമുൾപ്പടെ പല സംസ്ഥാനങ്ങളിലും സൗകര്യങ്ങൾ തികച്ചും അപര്യാപ്‌തമാണ്. ഇതാണു മൂന്നു വനപാലകരുടെ മരണത്തിനിടയാക്കിയതും. സംസ്ഥാനങ്ങൾക്കു കൂടുതൽ സാമ്പത്തിക, സാങ്കേതിക സഹായം ലഭ്യമാക്കണമെന്നും സബ്മിഷനിൽ ആവശ്യപ്പെട്ടു.

‘കാട് കത്തിയാൽ നമുക്കെന്ത്’ വെബ് സീരിസ് വായിക്കാം

ഭാഗം ഒന്ന്: ഇനിയെത്ര പെരുമഴ വേണം ഈ കണ്ണീർച്ചൂട് ഒഴിയാൻ; കാട്ടുതീയിൽ മാഞ്ഞ ജീവിതങ്ങൾ

ഭാഗം രണ്ട്: ‘അവർ നിസംഗതയുടെ ഇരകൾ; മന്ത്രിക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം’

ഭാഗം മൂന്ന്: എസിയിൽ വാഴും ഏമാന്മാർ, വാച്ചർക്ക് പച്ചില; മുന്നറിയിപ്പ് നൽകിയിട്ടും കൂട്ടക്കുരുതി

ഭാഗം നാല്: വെണ്ണീറായത് 125 കോടി ജീവികൾ, തരിശായത് 14 ദശലക്ഷം ഏക്കർ: ഓസ്ട്രേലിയ എന്ന പാഠം

ഭാഗം അഞ്ച്: വാച്ചർമാർക്ക് ഇൻഷുറൻസ്, മരിച്ചവരുടെ മക്കൾക്കു ജോലി; ഉറപ്പുമായി സർക്കാർ

English Summary: Principal Chief Conservator of Forests and Head of Forest Force PK Kesavan responds to Manorama Online web series on Forest Fire in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA