കൊറോണക്കാലത്തെ മഴ

heavy-rain-kerala
പ്രതീകാത്മക ചിത്രം
SHARE

എണ്ണമറ്റ കഥകളും കവിതകളുമുണ്ട് മഴയെപ്പറ്റി .മഴയെപ്പറ്റി എഴുതാത്ത എഴുത്തുകാരുണ്ടാവില്ല. പനിനീർമഴ, തേന്മഴ, കുളിർമഴ,ചാറ്റൽ മഴ, വേനൽ മഴ, പെരുമഴ...ഇങ്ങനെ ഒരു നൂറു തരം മഴകളുണ്ട്. ഇടവപ്പാതിയും തുലാവർഷവും പലരൂപത്തിലും ഭാവത്തിലും പണ്ട് മുതൽക്കേ കേരളത്തിലെത്തുന്നു. ഒരിക്കൽ ഒരു വിദേശ വനിത എന്നോട് ചോദിച്ചു .

‘‘നിങ്ങളുടെ നാട്ടിൽ എന്നും മഴയാണോ?’...’

‘‘ഏയ് അല്ല ഞങ്ങൾക്ക് വേനലും മഞ്ഞും ഒക്കെയുണ്ട്...’’ ഞാൻ തിരുത്തി .

‘‘കുറെ വർഷങ്ങളായി ഞാനിവിടെയുണ്ട് .വർഷത്തിൽ ആറുമാസവും മഴക്കാലം തന്നെ’’

പിന്നെ എന്തുപറയാൻ?

പക്ഷെ ഇപ്പോഴങ്ങനെയാണോ ?ഇടവപ്പാതിയും തുലാവർഷവുമൊക്കെ കൃത്യമായി വരാറുണ്ടോ ? വന്നില്ലെങ്കിൽ വരൾച്ച ,കൊടും ചൂട്, ജലക്ഷാമം, കൃഷിക്ക് കഷ്ടകാലം .വന്നാലോ ? തോരാത്ത മഴ, വെള്ളപ്പൊക്കം, പ്രളയം, ജീവഹാനി, കൃഷി നാശം.

മഴയോടുള്ള അടങ്ങാത്ത പ്രണയത്തിൽ ഭീതി കലരുന്നു. രണ്ടു പ്രളയമാണ് പോയ രണ്ടു കാലവർഷങ്ങളിൽ കേരളത്തെ നടുക്കിയത് വീണ്ടും ഒരു പ്രളയം വരാനിടയുണ്ട് എന്ന പ്രവചനം ഒരു ഇടിമിന്നൽ പോലെയാണ് ഞെട്ടിക്കുന്നത് .കൊറോണ വിറപ്പിക്കുന്നതിനിടയിലാണ് ഈ മുന്നറിയിപ്പ്. ഇല്ല വരില്ല. പ്രവചനങ്ങൾ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ലല്ലോ എന്നാശ്വസിക്കുമ്പോഴും  ഉത്കണ്ഠ എവിടെയോ പതുങ്ങി നിൽക്കുന്നു. കാർ മേഘങ്ങൾക്കുള്ളിൽ  ഒളിച്ചിരിക്കുന്ന പെരുമഴക്കാലം പ്രളയവുമായി വരുമോ?

നാട്ടിൻപുറത്തെ മഴകൾ പോലെ സുന്ദരം തന്നെ നഗരത്തിലെ മഴകളും .ഇവിടെയുമുണ്ട് ഇരുണ്ടു വരുന്ന ആകാശത്തു തെളിയുന്ന മഴവില്ലും ,വീശിയടിക്കുന്ന കാറ്റിൽ  ചിതറിയോടുന്ന മഴയും, ഇടിയും മിന്നലുമായി വന്നു പേടിപ്പിക്കുന്ന മഴയും .വീടായാലെന്താ ഫ്ലാറ്റ് ആയാലെന്താ മഴ...മഴതന്നെയല്ലേ? 

പക്ഷെ ഈ കെട്ടിടത്തിലെ ആറാം നിലയിലുള്ള ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്ന് അല്ലെങ്കിൽ ജനലിലൂടെ നോക്കുമ്പോൾ കാണുന്നത് വ്യത്യസ്തമായ ഒരു മഴയാണെന്ന് എനിക്കു  തോന്നാറുണ്ട് .വളരെ വിശാലമായ  ഒരു ക്യാൻവാസ് ആണ് ദൃശ്യമാകുന്നത് .എത്രയോ ദൂരം വരെ കാണാൻ കഴിയുന്നു .മഴയിൽ നനഞ്ഞു നിൽക്കുന്ന  വലിയ ഫ്ലാറ്റ് സമുച്ഛയങ്ങൾ ! അവയ്‌ക്കെല്ലാം തന്നെ സൗമ്യമായ ഒരു ചാരനിറം പകർന്നു കൊടുക്കുന്നു ചിലമഴകൾ. 

ഒരു വിഷാദഛായ തോന്നും അപ്പോൾ അവയ്‌ക്കെല്ലാം .പെരുമഴകൾ കോരിചൊരിയുമ്പോൾ അകലെക്കാഴ്ചകൾ അദൃശ്യമാകുന്നു .കാർമേഘങ്ങൾ തിങ്ങി മഴപെയ്യാനോങ്ങി  നിൽക്കുമ്പോൾ അങ്ങകലെ ആകാശസീമയിൽ ആരോ വരച്ചു വച്ച ചിത്രങ്ങൾ പോലെയാണ് ദൂരെക്കാഴ്ചകൾ !എത്രസുന്ദരം !

മേയ് പകുതി കഴിയുമ്പോഴേ മഴയെത്താറുണ്ട് .ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ ,നീണ്ട വേനലവധികഴിഞ്ഞ് ,അത്യുത്സാഹത്തോടെ  പള്ളിക്കൂടങ്ങളിലേക്കു പുറപ്പെടുന്ന കുട്ടികൾക്കൊപ്പം ഓടിയെത്തുന്നു മഴയും .ഞാനും വരട്ടെ എന്ന് ചോദിച്ചു കൊണ്ടൊന്നുമല്ല .പുതിയ യൂണിഫോമും പുസ്തകസഞ്ചിയും ചെരുപ്പും കുടയുമൊക്കെ നനയ്ക്കുന്നതിൽ ഉല്ലസിക്കുന്ന മഴ. മഴയിൽ നനഞ്ഞൊലിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന കുട്ടികളും .ശൈശവത്തിന്റെ  കൗമാരത്തിന്റെ മാത്രം കൗതുകമാണത് മനസ്സ് നഷ്ടപ്പെട്ടിട്ടില്ലാത്ത നമുക്കോരോരുത്തർക്കുമുണ്ടാവും ഇത്തരം മഴയോർമകൾ.

ഇത്തവണ ജൂൺ ഒന്നിന് മഴ വന്നു പക്ഷെ സ്കൂൾ തുറന്നില്ലല്ലോ. എല്ലാം പൂട്ടിക്കെട്ടിയില്ലേ കൊറോണയെന്ന ഒരദൃശ്യ ജീവിയുടെ ക്രൂരവികൃതി .മഴയിൽ നനഞ്ഞ് ആർത്തുല്ലസിക്കാൻ ഇത്തവണ കുട്ടികൾക്ക് കഴിഞ്ഞില്ല..കുഞ്ഞിക്കുടകൾ അടഞ്ഞു തന്നെയിരുന്നു പുസ്തകങ്ങൾ കിട്ടിയില്ല .കിട്ടും. അപ്പോൾ വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസ്സ്കളിലൂടെ പഠനം ആരംഭിക്കും .പുതിയ വർഷം .പുതിയരീതികൾ .ജീവിതത്തിന്റെ മുന്നോട്ടുള്ള ഒഴുക്കുതന്നെ അനിശ്ചിതമായിരിക്കുമ്പോൾ പൊരുത്തപ്പെടാതെ വയ്യല്ലൊ.

മഴയിലൊന്നിറങ്ങാൻ...ഒന്നു നനഞ്ഞു...കുളിരാൻ...മുറ്റത്തും റോഡിലും നിറഞ്ഞൊഴുകുന്ന മഴവെള്ളം ചവിട്ടിത്തെറിപ്പിച്ചു കളിക്കാൻ കൊതിക്കുന്ന കുട്ടികളോട് നമുക്ക് പറയാം .ഇത് കൊറോണക്കാലത്തെ മഴയാണ്. ഈ മഴക്കാലത്ത് കോവിഡ് സാധ്യത കൂടുതലാണ് . 

അതെന്താ മഴയിൽ കൂടി കൊറോണ പകരുമോ ? ഇല്ല .പക്ഷെ ജലദോഷം,പനി,ചുമ ഇതൊക്കെ മഴക്കാലത്തിന്റെ സാധ്യതകളാണ് .സൂക്ഷിക്കണം .മുതിർന്നവർ പറയുന്നു ഡോക്ടർമാർ പറയുന്നു.കേട്ടല്ലേ പറ്റൂ .ഈ മഴക്കാലവും  കഴിയും. ശക്തമായി പ്രതിരോധിച്ച് കൊറോണയെയും നമ്മൾ പറഞ്ഞയക്കും .പ്രതീക്ഷയോടെ ,ആത്മവിശ്വാസത്തോടെ ശുഭചിന്തകളുമായി നമുക്ക് കാത്തിരിക്കാം ഒരു പുതുമഴക്കാലത്തെ .ഒന്നും ഇവിടെ അവസാനിക്കുന്നില്ല.

English Summary :Monsoon in the time of COVID-19

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.