ഗാർഡൻ വീട് !

gardening
SHARE

ഗാർഡൻ സിറ്റി എന്ന് കേട്ടിട്ടുണ്ട്. ഗാർഡൻ വീട്. എന്ന് കേട്ടിരിക്കാനിടയില്ല. എന്നാൽ ഉണ്ട് അങ്ങനെയുള്ള വീടുകൾ. മുൻവശത്ത് വിശാലമായ മുറ്റം. അതിൽ അടുക്കും ചിട്ടയുമായി വച്ചു പിടിപ്പിച്ച ചെടികൾ. നിരത്തി വച്ചിരിക്കുന്ന പൂച്ചട്ടികൾ. ഇവയ്ക്കിടയിലൂടെ നടപ്പാത. ഒരു ചെറിയ പുൽത്തകിടിയോ അതിനു നടുവിൽ ഒരു ആമ്പൽ കുളമോ ഉണ്ടാവാം. ഇങ്ങനെ ഒരു വീടായിരുന്നു മിക്കവരെയും പോലെ എന്റെയും മോഹം. പൂക്കൾ എനിക്കിഷ്ടമാണ്. ഒരു പൂങ്കാവനമാകണം എന്റെ കൊച്ചു മുറ്റം. ഇതൊരു പഴയ സ്വപ്നം. 

പൂക്കളോടും ചെടികളോടുമുള്ള എന്റെ ഈ ഭ്രമം ഓർമ വച്ച നാൾ മുതൽ തുടങ്ങിയതാണ്. തിരുവനന്തപുരത്ത് സ്റ്റാച്യുവിൽ സെക്രട്ടേറിയറ്റിന്റെ തൊട്ടടുത്താണ് എന്റെ വീട്. അച്ഛനും അമ്മയും അവിടെ ഉദ്യോഗസ്ഥരും. അന്ന് അതിനുള്ളിൽ കടക്കാൻ ഇന്നുള്ള നിയന്ത്രണങ്ങളില്ല. ബോംബ് ഭീഷണിയും തീവ്രവാദവുമൊന്നും അന്നില്ലല്ലോ. സെക്രട്ടേറിയറ്റിനകത്തെ മനോഹരമായ തോട്ടത്തിന് നടുവിലുള്ള വൃത്തിയുള്ള ചെറിയ റോഡുകളിലൂടെ ആർക്കും നടക്കാം. വടക്കേ ഗേറ്റിൽ കൂടി കയറി തെക്കേ ഗേറ്റിലൂടെ പുറത്തിറങ്ങിയാൽ അധികം നടക്കാതെ അപ്പുറത്തെ റോഡിലെത്താനുള്ള കുറുക്കു വഴിയായി. പൂക്കളും ചെടികളും കണ്ടു മനം കുളിർത്ത് ഒരു സായാഹ്‌ന സവാരിയാകാം. എന്റെ ബാല്യത്തിന് നിറപ്പകിട്ടേകിയതിൽ ഒന്ന് ഈ സെക്രട്ടേറിയറ്റ് ഗാർഡൻ തന്നെയായിരുന്നു. അത് അന്ന് ഞങ്ങൾ കുട്ടികളുടെ ഒരു കളിസ്ഥലം പോലെയായിരുന്നു എന്നു പറഞ്ഞാൽ ഇന്നുള്ള കുട്ടികൾ വിശ്വസിക്കില്ല. ഒരു പൂവോ ഒരു റോസിന്റെ കമ്പോ ചോദിച്ചാൽ തരുന്ന ‘മാമന്മാരായിരുന്നു’ അന്നത്തെ തോട്ടക്കാർ. (ഇന്ന് സ്ഥിതി അതല്ല. അതിനകത്തു കയറാൻ പൊതുജനത്തിന് നൂറു ഔപചാരികതകൾ ഉണ്ട്. ചടങ്ങുകൾ ഉണ്ട്. അനുവാദം കൂടാതെ അകത്തു കടക്കാനാവില്ല). ആ കാലം കടന്നു പോയില്ലേ. 

ഒരു ജോലി, ഭംഗിയുള്ള ഒരു വീട്, ചെറിയ മുറ്റം.. അങ്ങനെ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ സ്വപ്‌നങ്ങൾ പൂവണിഞ്ഞു. ഇനി ചെടികൾ വച്ചു പിടിപ്പിച്ച് പൂന്തോട്ടമുണ്ടാക്കണം. എനിക്ക്. ചെടിഭ്രാന്തികളായ കുറെ കൂട്ടുകാരികളും അന്നുണ്ടായിരുന്നു. കയ്യിൽ കിട്ടുന്നതൊക്കെ കുഴിച്ചു വയ്ക്കുമെന്നല്ലാതെ തോട്ടനിർമാണത്തിൽ ഇവർക്കാർക്കും തന്നെ വലിയ ജ്ഞാനം ഒന്നുമില്ല. ചിലർക്ക് വല്ലപ്പോഴും വന്നു പോകുന്ന തോട്ടക്കാരനുണ്ട്. അവരുടെ തോട്ടങ്ങൾ അതീവ മനോഹരങ്ങളായിരുന്നു. തോട്ടക്കാരനെ വയ്ക്കാനൊന്നും പാങ്ങില്ലാത്ത കുറച്ചു പേരിൽ ഞാനുമുണ്ട്. ഞങ്ങൾ ഒരു പരസ്പര സഹായ സംഘമായി. ഒരു ചെടിയുടെ തൈ അല്ലെങ്കിൽ കമ്പ് ചോദിച്ചാൽ വീട്ടിലുള്ള എല്ലാ ചെടികളുടെയും വിത്തും തൈയും കമ്പുമൊക്കെ പരസ്പരം നൽകാൻ തയാറായിരുന്നു ഈ സംഘത്തിലെ ഓരോരുത്തരും. അങ്ങനെ എന്റെ മുറ്റത്തും ഒരു പൂവനം പതുക്കെ വളർന്നു വന്നു. 

പടിക്കൽനിന്ന് വീട്ടിലേക്കു നടന്നു കയറാൻ ഒരു ചെറിയ നടപ്പാത വിട്ടിട്ട് ബാക്കി സ്ഥലം മുഴുവൻ ഞാൻ ചെടികൾ നട്ടു നിറച്ചു. എന്നും പൂക്കുന്ന ചെമ്പരത്തികൾ, അതോ എത്രയോ നിറങ്ങൾ, എത്രയോ തരങ്ങൾ. റോഡിലൂടെ നടന്നു പോകുമ്പോൾ ഏതെങ്കിലും ഒരു വീട്ടിൽ മനോഹരമായ ഒരു ചെമ്പരത്തി നിൽക്കുന്നത് കണ്ടാൽ ഞാനവിടെയങ്ങ് നിന്നുപോകും. ആ വീട്ടിലുള്ളവരെ കണ്ടാലുടൻ ചോദിക്കും. ‘‘ഈ ചെമ്പരത്തി മനോഹരം. ഒരു കൊമ്പു തരുമോ ?’’

‘‘ചെലോല് തരും ചെലോല് തരൂല.. കിട്ടിയാൽ കൊള്ളാം.. കിട്ടീല്ലേൽ പോട്ടെ’’ എന്ന് പറഞ്ഞു ഞാനങ്ങ്‌ നടക്കും. 

സാധാരണ നാടൻ ചെടികളാണ് എന്റെ നന്ദനവനിയിൽ ഉണ്ടായിരുന്നത്. ചെമ്പരത്തികൾക്കു പുറമേ നാടൻ റോസുകൾ കടും ചുവപ്പ്, പനിനീർ റോസ്, വെള്ള റോസാ അങ്ങനെ. പിന്നെ മുല്ല, പിച്ചി, തുളസി, തെച്ചി, മന്ദാരം. ഇതിനൊന്നും ആധുനിക വളങ്ങളോ മികച്ച പരിചരണമോ വേണ്ട. എന്നും വെള്ളമൊഴിച്ചാൽ മാത്രം മതി. ഒടുവിൽ എന്തായി? മുറ്റം ഒരു കൊച്ചു കാടായി. എന്റെ ഗാർഡൻ എന്ന് ഞാൻ അഭിമാനിക്കുമ്പോൾ മക്കൾ എന്നെ കളിയാക്കും. ‘‘ഇത് ഗാർഡനല്ല. കാടൻ എന്ന് വേണം പറയാൻ’’. വെള്ളം ഒഴിച്ച് കൊണ്ടു നിൽക്കുമ്പോൾ ചില ചേരകളെ കാണാറുണ്ട്. പേടിച്ച് അവ ഓടി മറയും. പേടിച്ചു ഞാനും തിരിഞ്ഞ്ഓടും. എന്നാലും കാടു വെട്ടിക്കളയാൻ മനസ്സ് വന്നില്ല. 

പിന്നെ എന്റെ എല്ലാ സ്വപ്നങ്ങളുമെന്ന പോലെ ആ വീടും കാടും ഉപേക്ഷിച്ചു പോരേണ്ടി വന്നു. കാട് കരിഞ്ഞു പോവുകയും ചെയ്തു. 

കാടും പടലും വച്ച് പിടിപ്പിക്കാൻ യാതൊരു രക്ഷയുമില്ലാത്ത ഈ ഫ്ലാറ്റിൽ താമസിക്കുമ്പോഴും എന്റെ പൂന്തോട്ടമോഹം കരിഞ്ഞുണങ്ങിയിട്ടില്ല. ഒരു കറ്റാർവാഴയും ഒരു റോസയും തുളസിയും പനിക്കൂർക്കയും കറിവേപ്പും മാത്രമല്ല ഇട്ടാ വട്ടമുള്ള ഒരു ബാൽക്കണിയിൽ എനിക്കൊരു ചെറിയ മുരിങ്ങ പോലുമുണ്ട്. കാടുകാണാൻ കൊതിക്കാത്തതാര് ! കാട്ടിലേക്ക് പോവാൻ എനിക്കാവില്ല. അതുകൊണ്ട് ഒരു കൊച്ചു കാട് ഞാൻ സ്വന്തമായൊരുക്കുന്നു.

English Summary: Kadhayillaymakal Column by Devi J.S., Home Gardening

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.