കൊറോണക്കാലത്തെ പൂച്ചക്കഥകൾ

cat
SHARE

പൂച്ച ഒരുപാട് ദുരൂഹതകൾ ഉള്ള ഒരു ജീവിയാണ് എന്ന് പണ്ട് മുതൽക്കേ ഒരു വിശ്വാസമുണ്ട്. പലരും അതേപ്പറ്റി എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. നായ്ക്കൾ ഇണങ്ങും പോലെ പൂച്ചകൾ ഇണങ്ങാറില്ല എന്ന് മൃഗസ്നേഹികൾ പറയാറുമുണ്ട്.

‘‘യജമാനൻ മഹാനാണ് അതാണ് ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നതും സേവിക്കുന്നതും’’ എന്നാണത്രെ നായയുടെ ചിന്ത .

അതെ സമയം ‘‘എന്റെ മാഹാത്മ്യം കൊണ്ടാണ് യജമാനൻ എന്നെ ഇത്രമാത്രം ഇഷ്ടപ്പെടുന്നതും ഓമനിക്കുന്നതും’’ എന്നാണത്രെ പൂച്ചയുടെ ഭാവം.

ഇതൊക്കെ ഓരോരുത്തരുടെ നിഗമനങ്ങളാണ്. ശരിയാണോ എന്നാർക്കറിയാം. പട്ടിക്ക് അതിനെ വളർത്തുന്ന മനുഷ്യരോടാണ് സ്നേഹം. പൂച്ചയ്ക്ക് പാർക്കുന്ന വീടിനോടും എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. താമസിക്കുന്ന വീട് മാറിയാൽ വളർത്തു നായ ആ വീട്ടുകാരോടൊപ്പം പോകും. അതെ സമയം പൂച്ച ആ വീട്ടിൽ തന്നെ താമസിക്കാനാണ് ഇഷ്ടപ്പെടുന്നത്. നിർബന്ധിച്ച് കൊണ്ട് പോയാലും അത് തിരിച്ചു വരുമത്രെ. ഇതൊക്കെ കേട്ടുകേൾവികളാണ് .

പക്ഷേ എന്നെ  അത്ഭുതപ്പെടുത്തിയ ചില പൂച്ചക്കഥകളുണ്ട് .

കുറേക്കാലം മുൻപ് ഞങ്ങൾ താമസിച്ചിരുന്ന വീട് ചെടികളും മരങ്ങളുമുള്ള, മുറ്റത്തു തണലുമുള്ള ഒരു കൊച്ചു കളിവീടായിരുന്നു. അവിടെ അടുക്കളവാതിൽ തുറക്കുമ്പോൾ അടുക്കള മുറ്റത്ത് പതിവായി ഒരു പൂച്ച വരും. ഉച്ചയ്ക്കും രാത്രിയും ഉള്ള ഭക്ഷണസമയം ഈ മാർജാരന് കൃത്യമായി അറിയാം. ഭക്ഷണം കഴിയുമ്പോൾ ഞാൻ വാതിൽ തുറന്ന് പാത്രങ്ങളിലെ  അവശിഷ്ടങ്ങൾ പുറത്തേക്കെറിയും. അത് തിന്നാനാണ് ഈ കക്ഷി വരുന്നത്.

ആയിടെ എന്റെ വീട്ടിൽ എലിശല്യം വല്ലാതെ കൂടി. നമ്മുടെ ഈ പൂച്ച വീരൻ എലികളുമായി വലിയ സൗഹാർദ്ദത്തിലാണെന്നു തോന്നി.. എലികളെ പിടിക്കാറേയില്ല. എലികളുടെ വിളയാട്ടം കൊണ്ട് ഞങ്ങൾ പൊരുതി മുട്ടി. അടുക്കളയിൽ കടന്ന് പാത്രങ്ങൾ തട്ടി മറിച്ചിടുക, പുസ്തകങ്ങളും തുണികളും വെട്ടി മുറിക്കുക, മുറ്റത്തെ ചെടികൾ തോണ്ടിയിളക്കുക, അങ്ങനെ ഞങ്ങളെ കഷ്ടത്തിലാക്കി.. ഒരു ദിവസം രാത്രി അടുക്കള വാതിൽ തുറന്നപ്പോൾ പൂച്ചയുണ്ട് പതിവുപോലെ അവിടെ. ഞാൻ എറിഞ്ഞു കൊടുത്ത ആഹാരം അവൻ കഴിക്കാൻ തുടങ്ങി. അപ്പോൾ അങ്ങോട്ട് വന്ന എന്റെ മകൻ പറഞ്ഞു. ‘‘ങാഹാ കൊള്ളാല്ലോ. തിന്നാൻ നേരത്ത് എത്തിക്കൊള്ളും. എലിയെ പിടിയ്‌ക്കാൻ വയ്യ.’’ പൂച്ച തല  ഉയർത്തി ഒന്നു  നോക്കി. പിന്നെയും കുനിഞ്ഞിരുന്ന് എല്ലും മുള്ളുമൊക്കെ കടിച്ച് ആസ്വദിക്കാൻ തുടങ്ങി. അപ്പോൾ എന്റെ മകൻ പറഞ്ഞു.

‘‘അമ്മേ  മലയാളം അറിയില്ലായിരിരിക്കും.’’ എന്നിട്ടവൻ ഇംഗ്ലീഷിൽ പറഞ്ഞു.‘‘you must catch rats. otherwise no food from tomorrow.’’ ഞാനും എന്റെ മകളും പൊട്ടിച്ചിരിച്ചു.

പിറ്റേന്ന് അതികാലത്തേ ഞാൻ അടുക്കള വാതിൽ തുറന്നപ്പോൾ പൂച്ചയുണ്ട് അവിടെ കുത്തിയിരിക്കുന്നു. അതിന്റെ മുന്നിൽ ഒരു വലിയ എലിയെ കടിച്ചു കൊന്നിട്ടിരിക്കുന്നു. ഞാൻ അമ്പരന്ന് മക്കളെ വിളിച്ചു. രണ്ടാളും വന്നു. ഞങ്ങൾക്ക് മൂന്നു പേർക്കും ഉണ്ടായ അത്ഭുതം .! ഇന്നും ആ സംഭവം വിശദീകരിക്കാൻ എനിക്കാവില്ല. ഞങ്ങൾ ആ വീട് മാറി പോകും വരെ ഇടയ്ക്കിടെ ആ പൂച്ച എലിയെ കൊന്ന് അടുക്കള മുറ്റത്തു വാതിൽ തുറന്നാലുടൻ കാണത്തക്കവിധം വയ്ക്കുമായിരുന്നു. ഭൂത പ്രേതപ്പേടിക്കഥകളിൽ പൂച്ച ഒരു കഥാപാത്രമാണെന്ന് കേട്ടിട്ടുള്ളതു കൊണ്ട് എനിക്കല്പം പേടി തോന്നി .

കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ പൂശകന്റെ കൂടെ ഒരു സുന്ദരി പൂച്ചയും വരാൻ തുടങ്ങി ‘‘ഓഹോ പ്രേമം തുടങ്ങിയോ അതോ കല്യാണം കഴിച്ചോ’’ എന്ന് ഞാൻ ചോദിച്ചത് അവനു രസിച്ചു എന്ന് തോന്നി. പുഞ്ചിരിയോടെ (?)അവൻ എന്നെ നോക്കി. അന്നു മുതൽ അതു പതിവായി. രണ്ടുപേരും ഒരുമിച്ചു വരും, ഒരു മിച്ചു ഭക്ഷണം കഴിക്കും. ഒരുമിച്ചു പോകും. സത്യത്തിൽ ആ ജോഡി എന്നെ വല്ലാതെ രസിപ്പിച്ചു. ഞാൻ കുറച്ചു കൂടുതൽ ഭക്ഷണം ഇട്ടു  കൊടുക്കാൻ തുടങ്ങി.

ഒരു ദിവസം മറ്റൊരു കണ്ടൻ പൂച്ച വന്നു. അവൻ നമ്മുടെ സുന്ദരിപ്പൂച്ചയെ നോക്കി വിചിത്രമായ ചില ശബ്ദങ്ങൾ ഉണ്ടാക്കി. നിലത്തു കിടന്നുരുണ്ട് ചില ചേഷ്ടകൾ കാണിക്കുകയും ചെയ്തു. അന്നവൾ തനിച്ചേ ഉള്ളു. ‘‘നിന്റെ അവനെവിടെ’’ എന്ന് ഞാൻ ചോദിക്കാൻ തുടങ്ങുകയായിരിരുന്നു അപ്പോഴാണ് പുതിയ കണ്ടന്റെ പ്രകടനം. സുന്ദരിക്ക് കാര്യം മനസ്സിലായി. അവൾ ഉച്ചത്തിൽ വിളിച്ചു. അപ്പോഴതാ എവിടെ നിന്നോ അവളുടെ കൂട്ടുകാരൻ ഓടി വന്നു.അ വനെ കണ്ടതും നായകനെ കണ്ട വില്ലനെപ്പോലെ പുതിയ പൂച്ച ഓടിപ്പോയി. അത്ഭുതം തന്നെ അല്ലേ?

ഈ കഥകളേക്കാൾ രസകരമായ ഒരു കഥയുണ്ട്. കഴിഞ്ഞ ദിവസം നവനീത (ഇത് ഒരു പേര് മാത്രമാണ്.) എന്നെ ഫോണിൽ വിളിച്ചു. അവൾ എന്നെപ്പോലെയല്ല. വലിയ ജന്തു സ്നേഹിയാണ്. വഴിയിൽ കിടക്കുന്ന പൂച്ചയേയും പട്ടിയേയുമൊക്കെ എടുത്തുകൊണ്ടു വരും. കുളിപ്പിക്കും, തീറ്റകൊടുക്കും. മൃഗാശുപത്രിയിൽ കൊണ്ടുപോയി വേണ്ട ചികിത്സകൾ ചെയ്യും. പിന്നെ വളർത്താൻ ഇഷ്ടമുള്ളവർക്ക് കൊടുക്കും.

‘‘ദേവി ചേച്ചീ ഇന്നിവിടെ രണ്ടു പൂച്ചകൾ കയറി വന്നു. ഒരമ്മയും കുഞ്ഞും. ഞാൻ ഭക്ഷണം കൊടുത്തു. ദേ വരാന്തയിൽ കിടപ്പായി.’’ നവനീത ആവേശത്തോടെ പറഞ്ഞു.

‘‘ഓ നന്നായി’’ ഞാൻ പരിഹസിച്ചു.

പിറ്റേന്നവൾ വീണ്ടും വിളിച്ചു .

‘‘ചേച്ചീ അച്ഛൻ പൂച്ചയും വന്നു.’’

ഞാൻ ചിരിച്ചു ‘‘അച്ഛനാണെന്ന് ആര് പറഞ്ഞു ?’’ അല്പസമയം  കഴിഞ്ഞ് നവനീതയതാ വീണ്ടും.

‘‘അച്ഛൻ പൂച്ച പുറത്തേക്കോടിപ്പോയി ഇതാ രണ്ടു മക്കളെക്കൂടി കൂട്ടിക്കൊണ്ടു വന്നു’’

എങ്ങനെ ചിരിക്കാതിരിക്കും?

‘‘വളരെ നന്നായി. കുടുംബം മൊത്തമായല്ലോ. അവർക്കും നിനക്കും സമാധാനം’’

‘‘അയ്യോ പാവം. കോറോണക്കാലമല്ലേ ചേച്ചീ. ഭക്ഷണമൊന്നും കിട്ടുന്നുണ്ടാവില്ല. ആൾക്കാര് മീനൊന്നും വാങ്ങുന്നില്ലല്ലോ. കുക്കിങ്ങും കുറവായിരിക്കും. പിന്നെങ്ങനെ ഇവർക്ക് കിട്ടാൻ.’’ അവൾ വിഷാദിച്ചു .

‘‘അല്ല നവനീതേ എല്ലാം കൂടി അവിടെ വന്നതെന്താ? നിന്റെ ജന്തുസ്നേഹം അറിഞ്ഞിട്ടാണോ ?’’

‘‘അല്ല ചേച്ചീ ..ഇത് ക്വാറന്റൈൻ സെന്റർ ആണെന്ന് കരുതിയാവും’’

‘‘ങാ ഇനി ക്വാറിന്റൈനിൽ ഇരിക്കട്ടെ അച്ഛനും അമ്മയും മക്കളും അവിടെ. കൊറോണയൊക്കെ കഴിഞ്ഞിട്ട് വിട്ടാൽ മതി കേട്ടാ’’

ഞാനും അവളും ചിരിച്ചു.

English Summary: Kadhayillaymakal Column by J.S.- The curious character of cats

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.