രാമായണക്കാറ്റേ...

RAMAYANAM
SHARE

പഴയൊരു സിനിമാ ഗാനത്തിന്റെ വരികളാണ്. 

രാമായണക്കാറ്റേ.. .നീലാംബരിക്കാറ്റേ 

രാമായണക്കാറ്റ് എന്നൊരു കാറ്റുണ്ടോ? അത് വീശുന്നത് നീലാംബരി രാഗത്തിലാണോ? അറിയില്ല. പക്ഷേ ആ ഗാനം, അതിന്റെ രാഗവും താളവും മനോഹരമാണ്. 

ഇതാ വീണ്ടും കർക്കടകം പിറക്കുന്നു. രാമായണക്കാറ്റ് വീശുന്നു. കർക്കടവും മഴക്കാലവും രാമായണം വായനയുമൊക്കെ മുൻപ് ഞാൻ പലപ്പോഴും പലയിടത്തും എഴുതിയിട്ടുണ്ട്. പക്ഷേ ഈ വർഷം എല്ലാം വ്യത്യസ്തമാണല്ലോ. രാവിലെ തന്നെ ഫോൺ വിളികളെത്തി. 

നാളെ കർക്കടകം ഒന്നാം തീയതിയല്ലേ?

അതേല്ലോ 

രാമായണം വായിക്കുന്നുണ്ടോ?

അതെന്താ, എല്ലാകൊല്ലവും വായിക്കുന്നതല്ലേ?

അല്ലാ കോവിഡ് കാലമല്ലേ?

അതുകൊണ്ട്?

പനിയോ മറ്റോ വന്നാൽ വായിച്ചു തീർക്കാനാവുമോ?

എന്തിനാ അങ്ങനെ ചിന്തിക്കുന്നത്? പതിവുപോലെ വായിച്ചു തുടങ്ങൂ. വരുന്നത് വരുന്നിടത്തു വച്ച് കാണാം. 

ഞാൻ എപ്പോഴും അങ്ങനെ പോസിറ്റീവ് ആയിട്ടാണ് ചിന്തിക്കാറുള്ളത്. 

വായിക്കാൻ തുടങ്ങിയാൽ കർക്കടത്തിൽ വായന മുഴുവനാക്കണം. മുടങ്ങരുത്. എന്നും വായിക്കണം, സസ്യാഹാരമേ കഴിക്കാവൂ, കുളിച്ചിട്ടേ വായിക്കാവൂ, ആർത്തവ സമയത്ത് വായിക്കാൻ പാടില്ല, സന്ധ്യക്ക്‌ വായിക്കരുത്, രാത്രി വായിക്കരുത്, മരിച്ച വീട്ടിൽ പോയാൽ അവിടെനിന്ന് വെള്ളം പോലും കുടിക്കരുത്, പ്രസവിച്ചു കിടക്കുന്നിടത്തും അതുതന്നെ. അശുദ്ധിയുണ്ട്.. ഇങ്ങനെയൊക്കെ പറഞ്ഞു കേൾക്കാറുണ്ട്. അതൊക്കെ ഓരോരുത്തരുടെ വിശ്വാസം. 

ഇത്തരം നിബന്ധനകളൊന്നും പാലിക്കാതെ കർക്കടത്തിൽ രാമായണം വർഷങ്ങളായി വായിക്കുന്നു ഞാൻ. ഇതേച്ചൊല്ലി നൂറു ചോദ്യങ്ങളും അതിലേറെ വിമർശനങ്ങളും ഞാൻ നേരിടേണ്ടി വന്നിട്ടുണ്ട്.

ചെറുപ്പത്തിൽ മലയാളം എം.എക്കു പഠിക്കുമ്പോൾ എഴുത്തച്ഛൻ കൃതികൾ പാഠ്യവിഷയമായിരുന്നു. അദ്ധ്യാത്മരാമായണവും അതിൽ ഉൾപ്പെട്ടിരുന്നു. അന്നു തുടങ്ങിയതാണ് രാമായണത്തോടുള്ള പ്രതിപത്തി. എന്നാൽ അന്നൊന്നും കർക്കടകത്തിലെ രാമായണം വായന ഇത്രയും സർവസാധാരണമായിട്ടില്ല. എന്റെ വീട്ടിൽ ആരും തന്നെ കർക്കടകത്തിൽ വായിച്ചു കണ്ടിട്ടില്ല. വയസ്സായവരോ മറ്റോ രാമായണമോ ഭഗവതമോ നിത്യേന വായിക്കുന്നത് കണ്ടിട്ടുണ്ട്. ഏറെ മുതിർന്ന ശേഷം രാമായണത്തിന്റെ കടുത്ത വിശ്വാസികളായ ചില കൂട്ടുകാരികളുടെ സ്വാധീനമാണ് രാമായണം വായനയിലേക്ക് എന്നെ നയിച്ചത്. അത് ഇന്നും തുടരുന്നു. 

മകന്റെ ചികിത്സാർഥം വെല്ലൂർ ആശുപത്രിയിൽ കഴിയുന്ന സമയത്ത് ഇതുപോലെ കർക്കടകം വന്നു (2013 ൽ). രാമായണം കയ്യിലില്ല. കിട്ടാൻ വഴിയുമില്ല. എത്രയോ വർഷങ്ങളായുള്ള പതിവ്. മുടങ്ങുന്നതിൽ ഒരു മനഃപ്രയാസം. അടുത്ത മുറിയിലെ മലയാളിരോഗികളുടെ കൂടെയുള്ളവരോടെല്ലാം ഞാൻ ചോദിച്ചു. 

‘ഉടനെ നാട്ടിൽ നിന്നാരെങ്കിലും വരുന്നുണ്ടോ?’

പലർക്കും ബന്ധുക്കൾ വരാനുണ്ട്. പക്ഷേ രാമായണം വാങ്ങിക്കൊണ്ടു വരുന്ന കാര്യം പറഞ്ഞപ്പോൾ,

‘അയ്യോ അവരെയൊന്നും ബുദ്ധിമുട്ടിക്കാനാവില്ല’ എന്നു പറഞ്ഞ് അവരെല്ലാം കയ്യൊഴിഞ്ഞു. അപ്പോൾ ഒരു വീട്ടമ്മ എന്നോട് പറഞ്ഞു. ‘എന്റെ അനിയൻ വരുന്നുണ്ട്. എന്റെ മകൾക്കു മലയാളം ലേഖനമത്സരത്തിന് സ്കൂളിൽ നിന്ന് കിട്ടിയത് രാമായണമാണ്. അത് കൊണ്ടുവന്നു തരും.’

പിറ്റേന്ന് രാമായണമെത്തി. നന്ദി പറയാൻ വാക്കുകളില്ലായിരുന്നു. ‘വായിച്ചിട്ട് മടക്കി തരണം. ഇത് നിങ്ങളുടെ വേദഗ്രന്ഥമാണ്. ഞങ്ങൾ ക്രിസ്ത്യാനികൾക്ക് ആവശ്യമില്ല. എന്നാലും സമ്മാനം കിട്ടിയതല്ലേ,  സൂക്ഷിച്ചു വയ്ക്കണം.’

അങ്ങനെ ആ ആശുപത്രിമുറിയിൽ, അബോധാവസ്ഥയിൽ കിടക്കുന്ന മകന്റെ അരികിലിരുന്ന് അവനതു കേൾക്കുന്നു എന്ന് ആശിച്ചു കൊണ്ട് ഞാൻ രാമായണം വായിച്ചു തീർത്തു. ഒരുപാടു സന്തോഷത്തോടെ ഞാനാ രാമായണം മടക്കി കൊടുക്കുകയും ചെയ്തു. എന്തെങ്കിലും നേടാനാവും എന്നാശിച്ചു കൊണ്ടല്ല, ചെയ്തു കൊണ്ടിരിക്കുന്ന ഒരു പ്രാർഥന മുടക്കേണ്ട എന്നു മാത്രമാണ് അന്ന് ഞാൻ ഉദ്ദേശിച്ചത്.

എന്തിനാണ് രാമായണം വായിക്കുന്നത് എന്നല്ലേ ചോദ്യം ?

എത്ര വായിച്ചാലും മതിയാവില്ല എനിക്കീ രാമായണം. അതിലെ അതിമനോഹരമായ ഭാഷ, ഏറ്റവും മഹനീയമായ ആദർശങ്ങളും മഹത്തായ ഉപദേശങ്ങളും. അച്ഛനമ്മമാർ, സഹോദരങ്ങൾ, ഭാര്യാഭർത്താക്കന്മാർ, മക്കൾ എന്നീ ബന്ധങ്ങളുടെ ചാരുതയും ശക്തിയും (ഇവയെല്ലാം രാക്ഷസന്മാർക്കും വാനരന്മാർക്കും ഇടയിൽ പോലുമുണ്ട്) എന്നെ വളരെ അധികം ആകർഷിക്കുന്നു. കർമം, ത്യാഗം, ധർമം ഇവ ജീവിതത്തിൽ സാധ്യമാണെന്ന് രാമായണം തെളിയിക്കുന്നു . അങ്ങനെയുള്ള രാമായണം എനിക്ക് ഒരു ആത്മനിർവൃതി പകർന്നു നൽകുന്നു. 

എന്നാൽ പിന്നെ എന്നും വായിച്ചു കൂടേ ?

അത് നടക്കില്ല. ജോലികളും ഉത്തരവാദിത്വങ്ങളും കൊണ്ടുള്ള തിരക്കുകൾക്കിടയിൽ മുടങ്ങിപ്പോകും. എന്നാൽ കർക്കടമാസത്തിൽ വായിച്ചു തീർക്കണം എന്നൊരു നിഷ്ഠ വച്ചാൽ നിർബന്ധമായും വായിച്ചിരിക്കും. എന്തിന് എന്ന് ചോദിച്ചാൽ, പ്രതിഫലം ആഗ്രഹിക്കാത്ത ഒരു വഴിപാട് എന്ന് വേണമെങ്കിൽ പറയാം. 

ഈയിടെ ഒരു കൂട്ടുകാരനോട് ഞാൻ പറഞ്ഞു 

‘ഞാൻ രാമായണം വായിക്കുന്നത് ഹിന്ദുവായതു കൊണ്ടല്ല’.

‘പിന്നേ. ഹിന്ദുക്കൾ ചെയ്യുന്നതെല്ലാം ചെയ്യും. എന്നിട്ടു പറയും ജാതിമത ചിന്തകളില്ല. ദൈവവിശ്വാസമില്ല എന്നൊക്കെ.’

ദേഷ്യപ്പെടല്ലേ എന്ന് പറഞ്ഞ് ഞാൻ തുടർന്നു.  

‘അന്ധമായ വിശ്വാസങ്ങൾ എനിക്കൊന്നിലുമില്ല. മറ്റൊരാളുടെ ജാതിയോ മതമോ ഞാൻ അന്വേഷിക്കാറില്ല. ഹിന്ദുവായി ജനിച്ചതു കൊണ്ട് അങ്ങനെ തുടരുന്നു. വിശ്വാസമോ വിശ്വാസക്കുറവോ ഉണ്ടെങ്കിലല്ലേ മറ്റൊരു മതത്തിലേക്കു മാറേണ്ടൂ. ദൈവത്തിൽ വിശ്വാസമില്ലെന്നല്ല. എന്റെ വിശ്വാസം ഒരു പ്രത്യേക തരത്തിലാണ്. അമ്പലങ്ങളിൽ ഞാൻ നിത്യസന്ദർശകയല്ല. പോവുകയില്ല എന്നല്ല, പോകണമെന്നുമില്ല. എന്റെ മനസ്സിലും വലിയ ഒരു ക്ഷേത്രമേതാണ്. അവിടെ ഈശ്വരനായും സ്നേഹിതനായും പ്രാണപ്രിയനായും ഞാൻ പ്രതിഷ്ഠിച്ചിരിക്കുന്ന മണിവർണൻ എനിക്ക് ഇഷ്ടവരദായകനല്ല. എപ്പോഴും എന്റെ കൂടെയുള്ള ഒരാൾ. സുഖത്തിലും ദുഃഖത്തിലും വേദനയിലും ഒപ്പമുണ്ട്. അമാനുഷനല്ല. എന്നെപ്പോലെ ഒരാൾ, എന്റെ ആത്മബന്ധു അത്രമാത്രം.’ 

ഇത് എന്റെ മാത്രം വിശ്വാസങ്ങൾ, ചിന്തകൾ, അഭിപ്രായങ്ങൾ!

English Summary: Kadhaillayimakal Column by Devi. J.S.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.