സ്വപ്നങ്ങളിൽ ഒരു സൈക്കിൾ

bicycle
പ്രതീകാത്മക ചിത്രം
SHARE

പിന്നെയും പറയട്ടെ ചില പണ്ടത്തെക്കഥകൾ. തറവാട്ടിൽ ഏറെക്കാലത്തിനു ശേഷമാണ് ഞാൻ എന്ന പെൺകുട്ടി ജനിച്ചത്. ഒരു അരുമ സന്തതിക്കു കിട്ടുന്ന എല്ലാ പരിഗണനകളും പ്രത്യേക ആനുകൂല്യങ്ങളും എനിക്കു ലഭിച്ചിരുന്നു. അത് ഒട്ടും തന്നെ മുതലെടുത്തിരുന്നില്ല ഞാൻ. കാരണം അതിന്റെ ആവശ്യമില്ലായിരുന്നു എനിക്കവിടെ അന്ന്. വീട്ടിലെ ആൺകുട്ടികൾക്കൊപ്പം കളിച്ചുവളരുമ്പോൾ ഒരു പെൺകുട്ടിയുടെ പരിമിതികൾ പോലും എന്നെ ബാധിച്ചിരുന്നില്ല. നീന്താൻ അറിയാവുന്ന അവരെല്ലാം കായലിൽ നീന്തി രസിച്ചു തകർക്കുമ്പോൾ ഒപ്പം നീന്തണമെന്ന മോഹമുണ്ടായതും എന്നെ നീന്തൽ പഠിപ്പിക്കാൻ തുനിഞ്ഞ അമ്മാവനും പഠിക്കാനിറങ്ങിയ ഞാനും പരാജയപ്പെട്ടതുമായ തമാശക്കഥ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. (അങ്ങനെ അകത്തുമുറിക്കായലിൽ ഒരു നീന്തൽ മത്സരം വച്ച് വീട്ടിലെ കുട്ടിപ്പുരുഷക്കൂട്ടത്തെ തോൽപ്പിക്കണമെന്ന എന്റെ പെൺമോഹം തകർന്നു തരിപ്പണമായി.) 

അപ്പോഴാണ് മറ്റൊരു മോഹം! വീട്ടിലെ ആൺകുട്ടികളെല്ലാം സൈക്കിൾ പഠിച്ചു സവാരി നടത്തുന്നു. എനിക്കും സൈക്കിൾ ചവിട്ടാൻ പഠിക്കണം. ഈ പുന്നാരത്തിന്റെ ഏതാഗ്രഹവും സാധിച്ചു തരാൻ തയാറായി അമ്മാവന്മാരും ആങ്ങളമാരും (കസിൻസ്). വെറുമൊരു കുട്ടിക്കാലമോഹമായി ആരും അത് തള്ളിക്കളഞ്ഞില്ല. മുതിർന്നവരുടെ അനുവാദവും കിട്ടി. സൈക്കിൾ ചവിട്ടാൻ പഠിച്ചു കഴിഞ്ഞാലുടൻ ഓടിച്ചു തുടങ്ങണം. പെൺകുട്ടികൾ സൈക്കിൾ ഓടിക്കാത്ത അക്കാലത്ത് സൈക്കിളിൽ പറന്നു ചെന്ന് കൂട്ടുകാരികളെ അദ്‌ഭുതപ്പെടുത്തണം, അസൂയപ്പെടുത്തണം. ഞാൻ വല്ലാത്ത ത്രില്ലിൽ ആയി.

അങ്ങനെ ഒരു തെളിഞ്ഞ പ്രഭാതത്തിൽ ആൺകുട്ടികൾ അമ്മാവന്റെ വലിയ സൈക്കിൾ എടുത്തു കൊണ്ടു വന്നു. പഠിപ്പിക്കാൻ ചെറിയ  അമ്മാവനും പഠിക്കാൻ ഈ കൊച്ചു മരുമകളും തയാറായി. കൊച്ചു സൈക്കിളും പെൺ സൈക്കിളും ഒന്നും അന്നവിടെ ഇല്ല. ഉണ്ടാവാം. ജാംബവാന്റെ കാലമൊന്നുമല്ലല്ലോ. പക്ഷേ എന്റെ വീട്ടിൽ ഇല്ല. ആൺകുട്ടികൾ എല്ലാം വലിയ സൈക്കിളിൽ തന്നെയാണ് പഠിച്ചതും ഇപ്പോൾ ചവിട്ടുന്നതും. കാലെത്താത്തവർ നിന്നാണ് ചവിട്ടുക. ഒരു സർക്കസ് കാരന്റെ മെയ് വഴക്കമാണ് അവർക്കെല്ലാം. എന്തെല്ലാം അഭ്യാസങ്ങളാണ് കാണിക്കുന്നത് ! എനിക്ക് അസൂയ തോന്നി. അവരെ തോൽപ്പിച്ചില്ലെങ്കിലും അവർക്കൊപ്പമെങ്കിലും എത്തണ്ടേ? അങ്ങനെ അമ്മാവൻ എന്നെ സൈക്കിളിൽ കയറ്റിയിരുത്തി. പഠിത്തം തുടങ്ങിയതേയുള്ളു ഈ പത്തു വയസ്സുകാരി സൈക്കിളോടെ തലകുത്തി വീണു. കരച്ചിലും തുടങ്ങി. മറിഞ്ഞു കിടന്ന സൈക്കിൾ എടുത്തു മാറ്റി എല്ലാവരും കൂടി എന്നെ പിടിച്ചെഴുന്നേല്പിച്ചു. കൈമുട്ടുകൾ ,കാൽ മുട്ടുകൾ ,അങ്ങനെ എല്ലായിടവും  ഉരഞ്ഞു മുറിഞ്ഞു നാശമായി. അതോടെ സൈക്കിൾ സവാരി മോഹം തീർന്നു. പിന്നീട് സ്വപ്നങ്ങളിലെ സൈക്കിളോടിച്ചിട്ടുള്ളു. അത് ഇന്നും തുടരുന്നു.

കാലം കഴിഞ്ഞതോടെ പെൺകുട്ടികൾ സൈക്കിളും സ്കൂട്ടറും ഒക്കെ ഓടിക്കുന്നത് സർവസാധാരണമായി .എന്റെ മകളും കൊച്ചു മകളുമൊക്കെ സൈക്കിൾ ചവിട്ടും .എക്സർസൈസ് ന്റെ ഭാഗമായി മരുമകൻ, മകൾ,പേരക്കുട്ടികൾ ഒക്കെ വെളുപ്പിനെ സൈക്കിൾ ചവിട്ടും.. ഒരുപാടു ദൂരങ്ങൾ ! കണ്ടു കൊതിക്കുകയല്ലാതെ ഇനിയീ വയസ്സാം കാലത്ത് എന്ത് ചെയ്യാൻ ?

ചെറുപ്പത്തിൽ ഡ്രൈവിംഗ് പഠിച്ചു. കാർ ഓടിക്കുകയും അതിന്റെ കാലം കഴിഞ്ഞു എന്ന് തോന്നിയപ്പോൾ നിറുത്തുകയും ചെയ്തു. പക്ഷേ സൈക്കിൾ ഭ്രമം ഇന്നും മനസ്സിലുണ്ട്. ജോലി കഴിഞ്ഞ്, സന്ധ്യക്ക്, വിജനമായ ചെറിയ റോഡിലൂടെ സാവകാശം സൈക്കിൾ ചവിട്ടി പോകുന്ന ചിലഅന്യദേശതൊഴിലാളികളെ ഞാനങ്ങനെ നോക്കി നിൽക്കും, എന്റെ ബാൽക്കണിയിൽ നിന്ന് അവർ കണ്ണിൽ നിന്ന് മറയുവോളം. ‘‘എന്ത് രസാ അല്ലെ’’ എന്ന് ആ പത്തു വയസ്സുകാരി മനസ്സിൽ വന്നു ചോദിക്കാറുണ്ട് ഇപ്പോഴും.

English Summary: Kadhaillayimakal Column by Devi. J.S.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.