സ്വപ്നങ്ങൾ സ്വപ്നങ്ങൾ

kadhaillayimakal-column-devi-j-s-dream
പ്രതീകാത്മക ചിത്രം
SHARE

എപ്പോഴാണ് മനുഷ്യൻ സ്വപ്നം കാണാൻ തുടങ്ങുന്നത്. ഓർമ വയ്ക്കുന്ന നാൾ മുതലോ ? അതോ അതിനും മുന്നേ അമ്മയുടെ ഉടലിനുള്ളിലെ സുഖശീതളമായ ഒരു വലയത്തിനുള്ളിൽ തലകീഴായി കിടന്നു മയങ്ങുമ്പോഴോ? പിറന്നു വീണ് ഏറെനാൾ കഴിയും മുൻപേ കുഞ്ഞുങ്ങൾ ഉറക്കത്തിൽ ചിരിക്കുമ്പോൾ അത് നല്ല സ്വപ്നം കണ്ടിട്ടാണെന്നും ഉറക്കം ഞെട്ടി കരയുമ്പോൾ അത് പേടിസ്വപ്നം കണ്ടിട്ടാണെന്നും മുതിർന്നവർ പറയാറുണ്ട്. അപ്പോഴേ സ്വപ്‌നങ്ങൾ ഉണ്ടാകുന്നുണ്ടോ? അതിന്റെ സത്യാവസ്ഥയൊന്നും നമുക്ക് ഉറപ്പില്ല.

ഓർമ വച്ചു കഴിയുമ്പോൾ സ്ഥിതി അതല്ല. സ്വപ്നങ്ങളെക്കുറിച്ച് ഒരായിരം പാട്ടുകളും കഥകളും കവിതകളും കേട്ട് വളരുമ്പോൾ നമ്മൾ സ്വപ്നം കാണാതിരിക്കുന്നതെങ്ങിനെ? ഉറങ്ങുമ്പോൾ നമ്മുടെ ഇഷ്ടമോ അനിഷ്ടമോ കണക്കിലെടുക്കാതെ സ്ഥാനത്തും അസ്ഥാനത്തും സമയത്തും അസമയത്തും കടന്നു വരുന്ന സ്വപ്നങ്ങളെക്കുറിച്ചല്ല ഇവിടെ പറയുന്നത്. നമ്മൾ ഉണർന്നിരിക്കുമ്പോൾ ബോധപൂർവം മെനയുന്ന സ്വപ്‌നങ്ങൾ ! അവ നമ്മുടെ പ്രതീക്ഷകളാണ്, ലക്ഷ്യങ്ങളാണ്, ആഗ്രഹങ്ങളാണ്. അവ സാക്ഷാത്ക്കരിക്കുക എന്നത് ആവശ്യവും അഭിലാഷവുമാണ്. ഇത്തരം സ്വപ്നങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ ?

ഏഴു വയസ്സുമുതൽ എഴുപതു വയസ്സു വരെ ഇടതടവില്ലാതെ സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നവരുണ്ട്. അതിൽ ഒരാൾ തന്നെ ഞാനും. സ്വപ്നങ്ങൾ ഇല്ലെങ്കിൽ ജീവിതം തന്നെ ശൂന്യമായിപ്പോവില്ലേ? നമ്മുടെ ഏകാന്തതയെ ധന്യമാക്കുന്നതും സ്വപ്‌നങ്ങൾ തന്നെ.

ലോകം എത്ര പുരോഗമിച്ചു എന്നു പറഞ്ഞാലും നമ്മുടെ നാട്ടിലെ ഒരു സാധാരണ പെൺകുട്ടിയുടെ സ്വപ്നങ്ങൾ പോയ യുഗത്തിൽനിന്ന് ഏറെയൊന്നും മുന്നോട്ടു പോയിട്ടില്ല. പഠിക്കണം, പറ്റിയാൽ ഒരു ജോലി നേടണം. പിന്നെ കല്യാണം കഴിക്കണം. കുട്ടികൾ ഉണ്ടാവണം. അവരെ നന്നായി വളർത്തണം. സ്വന്തമായി ഒരു വീടുണ്ടാവണം, ഇത്രയൊക്കെത്തന്നെ. ഉന്നതമായ, വ്യത്യസ്തമായ സ്വപ്‌നങ്ങളുള്ളവർ ഇല്ലെന്നല്ല. സാധാരണ പെൺകുട്ടി എന്നത് ആവർത്തിക്കട്ടെ. ഇതിലധികം സ്വപ്നങ്ങളൊന്നും എനിക്കും ഉണ്ടായിരുന്നില്ല. മനസ്സിലെ പ്രണയചിന്തകൾ, നൃത്തവും സംഗീതവും, എഴുത്തും വായനയും ഇതിലൊക്കെയുള്ള കമ്പങ്ങൾ സ്വപ്നങ്ങൾക്ക് നിറം കൂട്ടിയിരുന്നു എന്നു മാത്രം. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടോ എന്ന് ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ മറുപടി പറയാൻ കഴിയും. ‘കുറെയൊക്കെ. പക്ഷേ വിദൂര സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന ചില അശനിപാതങ്ങൾ ജീവിതത്തിൽ വന്നു പതിക്കുകയും ചെയ്തു.’

എന്നാലെന്താ, എന്റെ മനസ്സിൽ ഇപ്പോഴും ഏറ്റവും ശുഭകരമായ സ്വപ്‌നങ്ങൾ 'ഏഴല്ല എഴുന്നൂറു വർണങ്ങളിൽ 'വിരിയാറുണ്ട്. കൊഴിഞ്ഞാലും വീണ്ടും തളിർക്കുന്ന ഇലകൾ പോലെയാവണം സ്വപ്‌നങ്ങൾ എന്നാരോ പറഞ്ഞിട്ടില്ലേ?

പാൻഡെമിക് ഭീതിയിൽ, തിരുവനന്തപുരത്തുനിന്ന് ഡോക്ടർ ഗിരിജ വിളിച്ചു.

‘ഇന്ന് ഞാൻ ദേവിയെ വിളിച്ചത് കുറേ നേരം സംസാരിക്കാനാണ്. ഇനി അത് സാധിക്കുമോ എന്നറിയില്ലല്ലോ. നമ്മൾ പ്രായംചെന്നവരാണ്. പോരെങ്കിൽ കാൻസർ സർവൈവറാണ് ഇരുവരും.’

എനിക്ക് വിഷമം തോന്നി. 

‘നീ എന്താണ് ഇങ്ങനെ പറയുന്നത്? നമുക്കിനിയും ഒരുപാടു പറയാനുണ്ട്. ഏറെനാൾ നമ്മൾ ഇങ്ങനെ ഫോണിൽ സംസാരിക്കും. ഈ സംഘർഷാവസ്ഥ മാറുമ്പോൾ തമ്മിൽ കാണും. അങ്ങനെ സ്വപ്നം കാണൂ. അങ്ങനെ മാത്രം’. ഞാൻ പറഞ്ഞു. 

അവർ ഉറക്കെ ചിരിച്ചു. 

‘എത്ര നല്ല ശുഭചിന്ത. നീയാണ് ഒരു യഥാർഥ കൂട്ടുകാരി. നിന്റെ സ്വപ്നം എനിക്കും പങ്കിട്ടു തരൂ.’

ഇതു പറയുമ്പോൾ നവനീതയുടെ വാക്കുകൾ ഓർത്തു ചിരിക്കാതിരിക്കാൻ എനിക്കായില്ല. 

‘സ്വപ്നങ്ങളൊക്കെ പങ്കു വയ്ക്കാം 

ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം ’

അടുക്കളയാണ് എന്റെ പാട്ടരങ്ങ്. ഓഡിയൻസ് സാധാരണ പതിവില്ല. എന്റെ മൂളിപ്പാട്ട് കേട്ടു കൊണ്ടാണ് നവനീത വന്നത്. 

‘ഓ നീയിപ്പോഴും പാടാറുണ്ടല്ലേ ?’

‘ഉം. .ചിലപ്പോഴൊക്കെ. ഗായികയും ആസ്വാദകയും ഞാൻ തന്നെ.’

അപ്പോളവൾ എന്റെ പാട്ടിനേക്കാൾ പതിയെ പറഞ്ഞു.

‘സ്വപ്‌നങ്ങൾ പങ്കു വയ്ക്കാനൊക്കെ ആളുണ്ടാവും. ദുഃഖഭാരങ്ങൾ വരുമ്പോൾ നമ്മൾ തനിച്ചാവും.’

അവളുടെ അനുഭവം അതാണ്. ഏറെക്കൂറെ എന്റേതും. 

സ്വപ്നങ്ങളും ദുഃഖങ്ങളും പങ്കിടാൻ ആശിക്കാത്ത മനുഷ്യമനസ്സുകൾ അപൂർവമാണ്. സുഖവും ദുഃഖവും ആശയും നിരാശയും പങ്കിടുന്നൊരാൾ. നമുക്കെന്തും പറയാം, എന്തും ചോദിക്കാം. തിരിച്ചു നമ്മളോടും അതാവാം.

അത് ജീവിതപങ്കാളിയാവാം, ഒരു സുഹൃത്താവാം, പ്രണയിക്കുന്നൊരാളാവാം. ചിലപ്പോൾ അത് വെറുമൊരു സ്വപ്നമാവാം. അപ്പോഴും നിരാശപ്പെടരുത്. സ്വപ്നങ്ങൾ കണ്ടുകൊണ്ടേയിരിക്കണം. സാക്ഷാത്ക്കാരം അസംഭവ്യമൊന്നുമല്ല എന്നുറപ്പിക്കണം.  

‘സ്വപ്നം നിങ്ങൾ ഉറങ്ങുമ്പോൾ കാണുന്നതല്ല. നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്ത ഒന്നാവണം നിങ്ങളുടെ സ്വപ്നം’ എന്നുപറഞ്ഞ് വലിയ സ്വപ്നങ്ങൾ കാണാൻ നമ്മളെ ഉപദേശിച്ച ആ മഹാപ്രതിഭയ്ക്ക് പ്രണാമം.

English Summary: : Kadhayillaymakal Column by J.S. Devi - Can dreams come true?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA