കുറ്റം പറയാൻ മാത്രം കാത്തിരിക്കുന്നവർ...

kadhayillaimakal
Representative Image. Photo Credit : Dean Drobot / Shutterstock.com
SHARE

ചില വിശ്വാസങ്ങൾ അന്ധമായി തീരുന്നത് അനുഭവങ്ങളിലൂടെയാണ്. ഒരു യാത്രയ്ക്കിറങ്ങുമ്പോൾ പിറകീന്നു വിളിക്കരുത്. വിളിച്ചാൽ പോയ കാര്യം നടക്കില്ല എന്നാണ് ചൊല്ല്. ഇങ്ങനെ ഒന്നുരണ്ടനുഭവങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ ആ വിശ്വാസം രൂഢമൂലമാകുന്നു. പോകാനിറങ്ങിയിട്ട് തിരിച്ചു കയറരുത്. പൂച്ച കുറുകെ ചാടുന്നത് ദോഷമാണ്. ഇങ്ങനെ എത്രയോ അബദ്ധ (?) വിശ്വാസങ്ങൾ !

ഇത്തരം ഒരു മണ്ടൻ വിശ്വാസം എന്റെ മനസ്സിൽ ഉറച്ചത് അനുഭവം കൊണ്ട് തന്നെയാണ്. എന്റെ മാത്രമല്ല മറ്റു പലരുടെയും. 

കാര്യം നിസ്സാരം. കുറ്റം കണ്ടു പിടിക്കുക എന്നത് ചിലരുടെ ജന്മവാസനയാണ്. എന്ത് ചെയ്താലും എങ്ങനെ ചെയ്താലും അവരതിൽ ഒരു കുറ്റം കണ്ടു പിടിക്കും. അങ്ങനെയുള്ളവരുടെ മുന്നിൽ എത്ര ശ്രദ്ധിച്ചാലും നമുക്ക് എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ വന്നു പോകും. അവരത് കണ്ടു പിടിക്കും. നമുക്ക് പിന്നെ കുറ്റപ്പെടുത്തലിന്റെയും ശകാരത്തിന്റെയും അപമാനിക്കലിന്റെയും പൊടിപൂരം.

ഇത് കുട്ടിക്കാലം മുതലേ ഞാൻ എത്രയോ തവണ അനുഭവിച്ചിരിക്കുന്നു. അമ്മ പറയുന്നതെല്ലാം ശരി, അമ്മ പറയുന്നതു മാത്രമാണ് ശരി എന്നൊരു നിലപാട് എന്റെ അമ്മയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് മറ്റുള്ളവർ പറയുന്നതിലും ചെയ്യുന്നതിലുമൊക്കെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുന്ന ഒരു രീതി അമ്മയ്ക്കുണ്ടായിരുന്നു. അമ്മയുടെ നന്മ നിറഞ്ഞ വ്യക്തിത്വത്തിന്റെ മറ്റു സവിശേഷതകൾ വച്ചു നോക്കുമ്പോൾ ഇതൊരു കുറവേ അല്ല. എന്നാലും അമ്മയുടെ ഈ സ്വഭാവം എന്നെയും അനുജത്തിമാരെയും പിൽക്കാലത്ത് നാത്തൂനെയും (അനുജന്റെ ഭാര്യ) അലോസരപ്പെടുത്തിയിരുന്നു. 

കുറ്റപ്പെടുത്തലിനെക്കുറിച്ചുള്ള ഭയം കൊണ്ടാവാം അമ്മയുടെ മുന്നിൽ തന്നെ എനിക്ക് മണ്ടത്തരങ്ങൾ പറ്റിപ്പോകും എന്റെ അനുജത്തിയും  ഇതേ കാര്യം പറയാറുണ്ട്. ഊണ് മേശയിൽ നിരത്താനായി പ്ലേറ്റുകൾ അടുക്കിയെടുത്തു വരുമ്പോൾ -അമ്മ കണ്ടാൽ പറയും ഇത്രയും ഒന്നിച്ചെടുത്തതെന്തിന് -  എന്ന് അവൾ ചിന്തിച്ചതേയുള്ളു പാത്രമോ ഗ്ലാസ്സോ കയിൽ നിന്ന് വീണുടയും. 

സാധാരണയായി മാർക്ക് ചോദിക്കാത്ത അമ്മ (അതൊക്കെ അച്ഛന്റെ ഡിപ്പാർട്മെന്റാണ്) ഒരു പരീക്ഷയ്ക്ക് അവൾക്കു മാർക്കൽപ്പം കുറഞ്ഞു പോയാൽ അന്ന് തീർച്ചയായും ചോദിച്ചിരിക്കും. മരുമകൾക്കും അമ്മയെപ്പറ്റി ഈ പരാതി ഉണ്ടായിരുന്നു. ഒരു ദിവസം കഷ്ടകാലത്തിന് കറി കരിഞ്ഞു പോയാൽ വെളിച്ചെണ്ണ കുപ്പിയോടെ തൂവിപ്പോയാൽ അപ്പോൾ അമ്മയെത്തും. ക്രമേണ അമ്മ ശ്രദ്ധിക്കുമെന്ന് കണ്ടാൽ തെറ്റിപ്പോകും എന്നൊരു ശീലം ഞങ്ങൾക്കുണ്ടായി .

ഒരു മനഃശാസ്ത്രഞ്ജയോട് ഒരിക്കൽ ഞാനീകാര്യം ചർച്ച ചെയ്യുകയുണ്ടായി. കുറ്റം കണ്ടു പിടിക്കാൻ കാത്തിരിക്കുന്ന കണ്ണുകൾക്ക് മുന്നിൽ തെറ്റു പറ്റിപ്പോകുന്നത് ഒരു മനസികാവസ്ഥയാണോ? കുറ്റം കണ്ടു പിടിക്കാനുള്ള വാസന അദ്‌ഭുതകരമാണ്. അങ്ങനെയുള്ളവരുടെ മുന്നിൽ തെറ്റുപറ്റി പോകുന്നത് മറ്റൊരദ്‌ഭുതം. ഇതിനു ശാസ്ത്രീയമായി വിശദീകരണമൊന്നുമില്ല എന്ന് പറഞ്ഞതല്ലാതെ എന്റെ ചോദ്യത്തിന് തൃപ്തികരമായ ഒരുത്തരം നല്കാൻ അവർക്കായില്ല.

വർഷങ്ങൾക്കു മുൻപ് യൂണിവേഴ്സിറ്റിയിലെ ഒരു ഡിപ്പാർട്മെന്റിൽ ഞാൻ ജോലി ചെയ്തിരുന്നു. അവിടത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് വിദ്യാഭ്യാസവും വിവരവും അയാളേക്കാൾ കൂടുതലുള്ള കീഴുദ്യോഗസ്ഥരുടെ തെറ്റുകൾ കണ്ടു പിടിക്കുക എന്നതായിരുന്നു ഔദ്യോഗിക ലക്‌ഷ്യം തന്നെ. എന്നും ഓഫീസിൽ കൃത്യസമയത്തിനു മുന്നേ എത്താറുണ്ട് ഞാൻ. ഓഫീസർ വൈകിയേ എത്താറുള്ളു. ഒരു ദിവസം ഞാനല്പം വൈകിപ്പോയി. അന്ന് നേരത്തെ വന്നു കാത്തിരുന്ന ഓഫീസറുടെ മുന്നിൽ തന്നെ ചെന്ന് ചാടി. അപ്പോൾ അയാളുടെ ഒരു ചോദ്യം. ‘‘എന്നും ഇങ്ങനെ തോന്നുന്ന നേരത്താണോ വരവ് ?.’’

‘‘അതേല്ലോ സർ അതിലും വൈകി വരുന്നതു കൊണ്ടാണ് ഇത് വരെ കണ്ടു പിടിക്കാൻ പറ്റാതെ പോയത്’’ ചിരിച്ചു കൊണ്ട് മറുപടി പറയാതിരിക്കാൻ എനിക്കായില്ല.

മറ്റൊരിടത്തു ജോലി ചെയ്യുമ്പോൾ ഞാനും ഓഫീസറായിക്കഴിഞ്ഞിരുന്നു. എത്ര ശ്രദ്ധിച്ചാണെന്നോ നോട്ട് എഴുതുന്നതും ടൈപ്പ് ചെയ്ത ഫയൽ വിടുന്നതും. തെറ്റ് വരരുത് എന്ന് നിർബന്ധമുണ്ട്. തെറ്റ് വരാറുമില്ല. പക്ഷേ ഞങ്ങളുടെ മാഡം സ്ഥലത്തുണ്ടെങ്കിൽ നൂറു തവണ നോക്കിയിട്ടു ഫയൽ വിട്ടാലും തെറ്റുണ്ടാകും. അവരതു കണ്ടു പിടിക്കുകയും ചെയ്യും. തെറ്റുണ്ടാവില്ല എന്ന് വിശ്വസിച്ച് നോക്കാതെയാണ് ഞാൻ ഫയൽ ഒപ്പിടാറ്‌ എന്നൊരു കുറ്റപ്പെടുത്തൽ .പക്ഷെ അടുത്ത നിമിഷം നർമബോധമുള്ള മാഡം തന്നെ പറഞ്ഞു. ‘‘ഫാൾട് ഫൈൻഡിങ്ങ് -കുറ്റം കണ്ടു പിടിക്കൽ -എന്റെ നേച്ചറാണ് .അപ്പോൾ തീർച്ചയായും തെറ്റ് വരും. അത് നിങ്ങളുടെ കുഴപ്പമല്ല .’’

ഏതു നിസ്സാര കാര്യത്തിനും കുറ്റവാളിയായി പ്രതിക്കൂട്ടിൽ എല്ലാ ദിവസവും എനിക്ക് നിൽക്കേണ്ടി വന്നത് ഒന്നും രണ്ടുമല്ല പതിന്നാലു വർഷങ്ങൾ. അതോരോന്നും എണ്ണിയെണ്ണി പറയാനിരുന്നാൽ ഒരു നീണ്ടകഥയിൽ നിൽക്കില്ല. ആ അടഞ്ഞ അധ്യായം ഞാൻ വിടുന്നു.

തൊട്ടതിനും പിടിച്ചതിനുമൊക്കെ എന്നെ കുറ്റപ്പെടുത്തുന്ന ഒരു അയൽക്കാരി ഇപ്പോൾ എനിക്കുണ്ട്. ഇത്രയും കുറ്റങ്ങളും കുറവുകളും എനിക്കുണ്ടെന്നു ഞാനറിഞ്ഞതേ അവളെ പരിചയപ്പെട്ട ശേഷമാണ്. എന്നാലും എന്നോട് വലിയ സ്നേഹമാണ്. അത് കൊണ്ട് കുറ്റപ്പെടുത്തൽ ഞാനങ്ങ് സഹിക്കുന്നു. ഇടയ്ക്കു ഓരോന്ന് ചോദിച്ചു വരും. ചിലപ്പോൾ ഒരു നാരങ്ങ. ചിലപ്പോൾ ഒന്നോ രണ്ടോ തേങ്ങ ചിലപ്പോൾ ഒരു ഉരുളക്കിഴങ്ങ്. എന്ത് തന്നെ ആയാലും വളരെ ശ്രദ്ധാപൂർവം നോക്കിയാണ് ഞാനെടുത്തു കൊടുക്കാറ്. പക്ഷേ നാരങ്ങ ചീഞ്ഞതാവും. തേങ്ങ പൊട്ടിച്ചു നോക്കുമ്പോൾ കെട്ടതാവും. പുറമെ ഉരുണ്ടു ചന്തമുള്ള ഉരുളക്കിഴങ്ങ് മുറിക്കുമ്പോൾ ഉള്ളിൽ കേടുണ്ടാവും. ഇതുകൊണ്ടു വന്നു കാണിച്ചിട്ട് ഞാൻ മനഃപൂർവം ചെയ്തതാണെന്ന മട്ടിലാണ് അവൾ കുറ്റപ്പെടുത്തുക. മറ്റു പലർക്കും ഞാനിതു പോലെ പലതും കൊടുക്കാറുണ്ട്. ഒന്നും കേടുവന്നതായി അറിഞ്ഞിട്ടില്ല. ഈ പുള്ളിക്കാരി കുറ്റം പറയാൻ കാത്തിരിക്കുന്നത് കൊണ്ടാണ് എനിക്കിങ്ങനെ തെറ്റ് പറ്റുന്നത് എന്ന് ഞാൻ ചിന്തിച്ചു പോകാറുണ്ട്.

സമാനാനുഭവങ്ങൾ പല കൂട്ടുകാരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന് കേട്ടിട്ടില്ലേ ?

സുജാതയുടെ ഭർത്താവ് ലോകത്തേയ്ക്ക് വൃത്തിയുള്ള ആളൊന്നുമല്ല. സുജാത നല്ല അടുക്കും ചിട്ടയുമുള്ള വീട്ടമ്മയാണു താനും. വീട് മുഴുവൻ അടിച്ചുവാരി തുടച്ചു വൃത്തിയാക്കിയ ദിവസമാവും അയാൾ ഫോണിലൊ ഡ്രെസ്സിങ് ടേബിളിന്റെ മൂലയിലോ ഒരു പൊടി കണ്ടു പിടിക്കുക. (അല്ലാത്ത ദിവസം അയാൾ ഇതൊന്നും ശ്രദ്ധിക്കാറില്ല). നേരിയ അശ്രദ്ധ കൊണ്ട് വിട്ടു പോയതാവും എന്നാലും ചെയ്ത പണി മുഴുവൻ ആ കുറ്റപ്പെടുത്തലിൽ വൃഥാവിലായി എന്നവൾ കുണ്ഠിതപ്പെടും.

ശാന്തിയുടെ കാര്യവും അതുപോലെ തന്നെ. ചോറിൽ കല്ലോ മുടിയോ കാണുന്നത് അവളുടെ ഭർത്താവിന് കലിയാണ്. എത്ര സൂക്ഷിച്ചാലും ശ്രദ്ധിച്ചാലും കൃത്യമായി അയാളുടെ പാത്രത്തിൽത്തന്നെ കല്ലോ മുടിയോ വീഴും. അതീവ വൃത്തി ബോധമുള്ളവളാണ് ശാന്തി. വീട്ടിൽ മറ്റാർക്കും കല്ലും മുടിയും ഭക്ഷണത്തിൽ നിന്ന് കിട്ടാറില്ല. ഇതെന്താണിങ്ങനെ? അവൾക്കു മനസ്സിലാവുന്നില്ല.

ദേവയാനിക്ക് നന്നേ വയസ്സായി. ബാത്‌റൂമിലെത്തുമ്പോഴേയ്ക്ക് മൂത്രം വീണു പോകും. ഇതറിയാവുന്നതു കൊണ്ട് ഫ്ലെഷ് അടിച്ച്, ബാത്ത് റൂമിലാകെ വെള്ളമൊഴിച്ച് കഴുകിയിട്ടേ അവർ പുറത്തിറങ്ങാറുള്ളു. ഒരു ദിവസം പെട്ടെന്ന് ഇറങ്ങിപ്പോന്ന്, വെള്ളമൊഴിച്ചു നിലം കഴുകാൻ വിട്ടുപോയാൽ അപ്പോൾ പരിചാരിക ഓടിയെത്തി അവരെ വിളിക്കും. ‘‘അമ്മേ ഇവിടെ മൂത്രം വീണിരിക്കുന്നു’’ എന്തിനാണ് അവരെ വിളിച്ചു കാണിക്കുന്നത്. അവൾക്കങ്ങു വെള്ളമൊഴിച്ചാൽ പോരെ? അപ്പോൾ കുറ്റം കണ്ടു പിടിച്ചതിന്റെ സന്തോഷം കിട്ടുമോ ? അവർ ബാത്‌റൂമിൽ കയറുമ്പോൾ പരിശോധിക്കാൻ ആ സ്ത്രീ പുറകെ വന്നാൽ കൃത്യമായി അന്നു തന്നെ നിലത്താകെ വെള്ളമൊഴിക്കാൻ ദേവയാനി മറന്നിട്ടുണ്ടാവും. അവർ സങ്കടത്തോടെയാണ് അതു പറഞ്ഞത്‌. 

...

കുറ്റം പറയാൻ കാത്തിരിക്കുന്നവർ ആരുമായിക്കൊള്ളട്ടെ, അത് അമ്മയോ അച്ഛനോ സഹോദരങ്ങളോ അധ്യാപകരോ സഹപ്രവർത്തകരോ ഭർത്താവോ ഭാര്യയോ മക്കളോ വീട്ടു ജോലിക്കാരോ ആരുമാവാം. നമ്മൾ എന്തു ചെയ്താലും എങ്ങനെ ചെയ്താലും കുറ്റം കണ്ടുപിടിക്കും. അതൊരു വാസനയാണ്. അങ്ങനെയുള്ളവരുടെ മുന്നിൽ തെറ്റു കുറ്റങ്ങൾ ഉണ്ടായിപ്പോവുക എന്നത് നമ്മുടെ ശാപം. ഈ വിശ്വാസം എന്നിൽ ഉറച്ചു പോയതിൽ അതിശയിക്കാനുണ്ടോ? അനുഭവം ഇതല്ലേ ?!

English Summary: Web Column Kadhaillayimakal, Fault-Finders and their Fault-finding Nature

     

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.