നാൽപത്തഞ്ചു വർഷങ്ങൾ

friendship
Representative Image. Photo Credit: Da Antipina / Shutter Stock
SHARE

നാൽപ്പത്തിയഞ്ച് വർഷങ്ങൾ ഒരു ചെറിയ കാലമല്ല. അത്രയും കാലത്തിനു ശേഷം രണ്ടു കൂട്ടുകാരികൾ തമ്മിൽ കാണുക എന്നത് ഒരു വലിയ കാര്യമാണ്. അദ്‌ഭുതങ്ങളും മഹാദ്‌ഭുതങ്ങളും ജീവിതത്തിൽ സംഭവിക്കാറുണ്ട് തന്നെ.  

1972 -73 കാലഘട്ടം. 22 വയസ്സുള്ള ഒരു യുവതി, ഒരു വയസ്സു തികയാത്ത ഒരു മകന്റെ അമ്മ - അതായിരുന്നു അന്ന് ഞാൻ. പ്ലാന്റേഷൻ കോർപറേഷന്റെ ‘കാലടി പ്ലാന്റേഷനിലെ’ എസ്റ്റേറ്റ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസറുടെ കുടുംബം - അതായിരുന്നു അന്ന് ഞാനും മകനും. തികച്ചും ഒരു നഗരവാസിയായിരുന്ന എനിക്ക് ഒരു വനത്തിൽ അകപ്പെട്ടതു പോലെയായിരുന്നു എസ്റ്റേറ്റിലെ ജീവിതം. അവിടെ ആകെ ആശ്വാസം, എസ്റ്റേറ്റിലെ മാനേജർമാരുടെ കുടുംബങ്ങളുമായുള്ള സൗഹൃദം, വൈകുന്നേരങ്ങളിൽ അവരുടെ ക്വാർട്ടേഴ്‌സുകളിലേക്കുള്ള സന്ദർശനം, ആ കൂട്ടുകാരികളുടെ സ്നേഹം ഇതൊക്കെ മാത്രമായിരുന്നു. അവരിൽ പലരെക്കുറിച്ചും ഞാൻ മുൻപെഴുതിയിട്ടുണ്ട്. ‘രാജി’ എങ്ങനെ വിസ്മൃതിയിലാണ്ടു പോയി? ഇല്ല മറന്നതല്ല.  ഉറപ്പ്.  അകന്നു പോയി അത്ര തന്നെ. അടുപ്പങ്ങളും അകൽച്ചകളും ജീവിതത്തിൽ സാധാരണമല്ലേ?

എസ്റ്റേറ്റിനകത്തു കൂടി ഒഴുകുന്ന പുഴ, അതിരപ്പള്ളി വെള്ളച്ചാട്ടം, കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന റബ്ബർ തോട്ടം ഇതൊക്കെ എനിക്ക് അദ്‌ഭുതകാഴ്ചകളായിരുന്നു. ആശുപത്രിയുടെ സമീപമുള്ള ക്വർട്ടേഴ്‌സിലെ വിരസമായ ജീവിതം. ഡോക്ടർക്ക് രാപ്പകലില്ലാതെ തിരക്ക്. അടുക്കള ജോലികൾ അന്ന് തീരെ വശമില്ലാതിരുന്ന എന്നെ സഹായിക്കാൻ അമ്മ നാട്ടിൽ നിന്നയച്ചു തന്ന ‘കമലാക്ഷിയക്കൻ’ എന്ന പരിചാരിക -കം -രക്ഷകർത്താവ്. മകനെ നോക്കുക മാത്രമായിരുന്നു എന്റെ ജോലി.. അന്ന് ടിവിയില്ല. എന്റെ റേഡിയോ പാടിക്കൊണ്ടേയിരുന്നു. പിന്നെ വായന അന്നുമുണ്ട്. എന്നാലും കോളജ് ജീവിതത്തിൽ നിന്ന് വനവാസത്തിനെത്തി എന്നാണ് ഞാൻ സ്വയം  പറഞ്ഞിരുന്നത്. കല്ലാല, അതിരപ്പള്ളി, വെറ്റിലപ്പാറ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ചിരിച്ചിരുന്നു ആ വലിയ റബ്ബർ തോട്ടത്തെ. ഓരോന്നിലും എത്രയോ ഓഫീസർമാർ . അവരുടെ വീട്ടുകാരികളിൽ പലരും എന്റെ അടുത്ത കൂട്ടുകാരികളായി. മണി (മണിയെപ്പറ്റി മുൻപെഴുതിയിട്ടുണ്ട്) , മീന , വിജയ , തങ്കം , വത്സ. അവരെപ്പറ്റിയൊന്നും പ്രത്യേകിച്ച് എഴുതാനില്ല. സാധാരണ സൗഹൃദങ്ങൾ ! 

പക്ഷേ രാജി അങ്ങനെയായിരുന്നില്ല. രാജിയെയും രാമചന്ദ്രൻസാറിനെയും പരിചയപ്പെട്ട അന്നു മുതൽ അവർ കൂട്ടുകാരല്ല, വീട്ടുകാരായി മാറി. എല്ലാ വൈകുന്നേരങ്ങളിലും അവരുടെ അടുത്തു പോവുക, അവിടെ അത്താഴം കഴിച്ചു മടങ്ങുക എന്നതൊരു പതിവായി. അന്ന് അവർക്കു കുട്ടികൾ ആയിട്ടുണ്ടായിരുന്നില്ല. സൂരജ് അവർക്ക് പ്രിയങ്കരനായി. അവർ അവനും ഏറ്റവും അടുപ്പമുള്ളവർ. അവിടെ വച്ചാണ് അവന്  ഒരു വയസ്സ് തികഞ്ഞതും ഞങ്ങൾ ഒരുമിച്ച് ആഘോഷിച്ചതും 

പാലക്കാടുള്ള അവരുടെ വീട്ടിലേയ്ക്ക് ഞങ്ങൾ ഒരുമിച്ച് എത്രയോ തവണ പോയി. ലോകത്തേയ്ക്ക് ഏറ്റവും നല്ല ഇഡ്​ലി കഴിച്ചത് അവിടെ നിന്നാണ്.  മലമ്പുഴ ഡാമിന്റെ ഭീകര സൗന്ദര്യം എന്നെ ഭയപ്പെടുത്തിയത് ഞാനിന്നുമോർക്കുന്നു. ‘യക്ഷിയോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ ഞാൻ വിസമ്മതിച്ചു. വലിയ പ്രതിമകളും ശിൽപങ്ങളും ഡാമുകളും അന്നും ഇന്നും എനിക്ക് പേടിയാണ്. (അതെനിക്ക് ഒരു ഫോബിയ തന്നെയാണ്.)  രാജി പ്രസവിക്കാനായി നാട്ടിൽ പോയപ്പോഴും രാജിയുടെ അമ്മയ്ക്ക് വയ്യാതായപ്പോഴും ഞങ്ങൾ എല്ലാ ആഴ്ചയും അങ്ങോട്ട് ചെന്നിരുന്നു. അങ്ങനെ ഞങ്ങൾ അവർക്കു സ്വന്തക്കാരായി, ആവീട് ഞങ്ങളുടെയും വീടായി .

കാലം വരുത്തുന്ന മാറ്റങ്ങൾ ആർക്കും തടയാനാവില്ല. ഞങ്ങൾ അവിടെ നിന്ന് കൊടുമൺ -ചന്ദനപ്പള്ളി പ്ലാന്റേഷനിലേയ്ക്കും അവിടെ നിന്ന് ബോംബെയ്ക്കും പോയി. മൂന്നു നാലു കൊല്ലം കഴിഞ്ഞ് വീണ്ടും കാലടി എസ്റ്റേറ്റിലെത്തുമ്പോൾ കൂട്ടുകാരികളിൽ പലരും മക്കളുടെ വിദ്യാഭ്യാസം പ്രമാണിച്ചു അവരവരുടെ നാടുകളിലേക്ക് പോയിരുന്നു. രാമചന്ദ്രൻ-രാജി കുടുംബം അന്ന് വെറ്റിലപ്പാറയിലുണ്ട്. ആറ്റിനക്കരെയാണ്.  ഫെറി കടന്നു പോകണം. (ഇപ്പോൾ പാലമുണ്ടോ ആവോ ).  ഞങ്ങൾ അവിടേയ്ക്കു പോയി. രാജിക്ക് അപ്പോഴയ്‌ക്ക്‌ രണ്ടു മക്കളായി . എനിക്ക് മകൻ മാത്രമേയുള്ളു. ഒന്നോ രണ്ടോ ദിവസം അവരോടൊപ്പം താമസിച്ചു. തുമ്പാർമൂഴിയും അതിരപ്പള്ളി വെള്ളച്ചാട്ടവും വീണ്ടും കണ്ടു. അതിമനോഹരമായ പ്രകൃതി ഭംഗിയിലൊളിച്ചിരിക്കുന്ന ഭീകരത എന്നും എന്നെ പേടിപ്പിച്ചിട്ടേയുള്ളു.

അധികം താമസിയാതെ ഞങ്ങൾ അവിടം വിട്ടു. എറണാകുളത്തെ ഏഴു വർഷത്തെ താമസക്കാലത്ത് ഞാനീ  പഴയ കൂട്ടുകാരികൾക്കെല്ലാം കത്തെഴുതിയിരുന്നു. ഒരു മകൾ കൂടി ഉണ്ടായ സന്തോഷ വാർത്ത ഞാൻ അറിയിച്ചെങ്കിലും അവർക്കാർക്കും എന്നെ വന്നു കാണാനായില്ല.

കഷ്ടകാലങ്ങളുടെ കൊടുങ്കാറ്റും ചുഴലിയും പേമാരിയും വന്ന് എന്നെയും മക്കളേയും മറ്റൊരിടത്തേയ്‌ക്ക്‌ തൂത്തെറിഞ്ഞപ്പോൾ ഞാൻ എന്നിലേയ്ക്കും മക്കളിലേയ്ക്കും എന്റെ ജോലിയിലേയ്ക്കും ഒതുങ്ങിക്കൂടി. നിലച്ചു    പോയിരുന്ന എഴുത്ത് പുനഃരാരംഭിക്കുകയും ചെയ്തു. ഒന്നിനും നേരമില്ലാതായി. എല്ലാവരിൽ നിന്നും അകന്നു.  ഒന്നും മറന്നിട്ടല്ല. മനഃപൂർവവുമല്ല. പക്ഷേ ആ കാലത്ത് അതേ എനിക്ക് കഴിയുമായിരുന്നുള്ളൂ..

എന്നു വച്ച് ഞാനൊരു ആന്റി സോഷ്യൽ ജീവിയൊന്നുമായിരുന്നില്ല. ഇവിടെ പുതിയ കൂട്ടുകാർ ധാരാളമുണ്ടായിരുന്നു. എന്നാലും എല്ലായിടത്തു നിന്നും ഒരു ഗ്യാപ് വിട്ടാണ് ഞാൻ നിന്നിരുന്നത്. റിട്ടയർ ആയതോടെ ഞാൻ വീണ്ടും ഒതുങ്ങിപ്പോയി. അപ്പോഴാണ് പഴയ സൗഹൃദങ്ങൾ നിറച്ചാർത്തോടെ മനസ്സിൽ തെളിയാൻ തുടങ്ങിയത്.

ഓരോരുത്തരായി എന്നെ കണ്ടെത്താൻ തുടങ്ങി. ഞാനും അവരെ തിരഞ്ഞു കൊണ്ടിരുന്നു. ഒരു നാൾ  പൊടുന്നനെ മീന വിളിച്ചു പറഞ്ഞു . 

‘‘രാജി ഒരുപാടുനാളായി തന്നെ അന്വേഷിക്കുന്നു. ഞാൻ രാജിക്ക് നമ്പർ കൊടുത്തിരുന്നു വിളിച്ചില്ലേ ?’’

‘‘ഇല്ല . ആട്ടെ രാജിയുടെ നമ്പർ തരൂ ഞാൻ വിളിച്ചോളാം.’’ അങ്ങനെ ഞാൻ വിളിച്ചു .  

ഇടയിലെ നാല്പത്തിയഞ്ചു വർഷങ്ങൾ ഒരു നിമിഷം കൊണ്ടില്ലതായി. കഥകൾ എത്രയാണ് പറയാനുള്ളത് .  ഒന്നും പറഞ്ഞു തീരാതെ പിന്നെ വിളിക്കാം എന്നു പറഞ്ഞ് ഞങ്ങൾ ഫോൺ വച്ചു. പിന്നെയും മാസങ്ങൾ കഴിഞ്ഞു. പ്രശ്നങ്ങളിൽ നിന്നും പ്രാരാബ്ധങ്ങളിൽ നിന്നും ഒഴിവുകിട്ടാൻ മിക്കവർക്കും കഴിയാറില്ലല്ലോ . വിളിയൊന്നും നടന്നില്ല. 

പിന്നെ വന്നത് അപ്രതീക്ഷിതമായ ഒരു വിളിയാണ്. ‘ഇതാ ഞങ്ങൾ ഇവിടെ ലുലു മാളിലുണ്ട് . ഒന്ന് വരട്ടെ. കാണണം’

‘വരട്ടെ എന്നോ രാജി... വരൂ വരൂ’ എന്റെ ഹൃദയം തുള്ളിച്ചാടുന്നത് ഞാൻ അറിഞ്ഞു .

അങ്ങനെ അവർ വന്നു. രാജി , മകൾ സന്ധ്യ , മകൻ ദീപു. സന്ധ്യയുടെ രണ്ടു പുത്രന്മാർ, അഖിലും അതുലും . എന്റെ വീട് നിറഞ്ഞു, മനസ്സ് നിറഞ്ഞു. ഞങ്ങളുടെ ചിരികളിൽ അദ്‌ഭുതാഹ്ളാദഭാവങ്ങൾ തെളിഞ്ഞു. സൂരജിനെ കണ്ടപ്പോൾ പഴയ കുസൃതിക്കുട്ടനെയും ഇപ്പോഴത്തെ കിടപ്പു രോഗിയെയും താരതമ്യപ്പെടുത്താനാവാതെ രാജി വിഷമിക്കുന്നുണ്ടായിരുന്നു. എന്നാലും സഹതാപവും സങ്കടവും പ്രകടിപ്പിച്ച് അവരാരും  എന്നെ വിഷമിപ്പിച്ചില്ല .

ഒന്നും അവർക്കു കൊടുക്കാനായില്ല. അവർ ലഞ്ചു കഴിച്ചിട്ടാണ് വന്നത്. അല്ലെങ്കിലും അറിയിക്കാതെ വന്നാൽ ഇവിടെ ഒന്നുമുണ്ടാവില്ല. (എന്നു വച്ച് ഞാൻ പട്ടിണിയൊന്നുമല്ല. എനിക്ക് വേണ്ടത് എല്ലാംതന്നെ  ഉണ്ടാക്കുന്നുണ്ട്). അവർ എനിക്കും ഒന്നും കൊണ്ടുവന്നില്ല. ഈ വരവിൽ കവിഞ്ഞ എന്താണ് തരാനുള്ളത്? ആദ്യമായി വന്നതല്ലേ എന്തെങ്കിലും കൊടുക്കണ്ടേ ? ഞാൻ എന്റെ രണ്ടു പുതിയ പുസ്തകങ്ങൾ എടുത്ത്  ഒപ്പിട്ടു കൊടുത്തു. ‘സാന്ത്വനത്തിന്റെ സ്‌നേഹസ്പർശങ്ങൾ’, ‘ഓർമകളിലെ പെരുമഴകൾ’ ! അഭിമാനത്തോടെ ഞാൻ പറഞ്ഞു .

‘എഴുത്തുകാർക്കല്ലേ സ്വന്തം പുസ്തകം സമ്മാനമായി കൊടുക്കാനാവൂ .അപ്പോൾ ഇതൊരു പ്രെഷ്യസ് ഗിഫ്റ്റാണ്’

‘അതെയതെ’ എന്നവർ ഒരുമിച്ചു പറഞ്ഞു. 

അവർ യാത്രപറഞ്ഞിറങ്ങുമ്പോൾ കാറിനടുത്തു വരെ അനുഗമിച്ച ഞാൻ ചോദിച്ചു .. ‘എന്തു  കൊണ്ടാണ് നമ്മൾ ഇത്രയും കാലം  തമ്മിൽ കാണാതിരുന്നത് ?’ ചിരിതെളിഞ്ഞ മുഖങ്ങൾ എന്നെ തന്നെ നോക്കി നിന്നു. 

‘ഇതാണ് പറയുന്നത് ഇപ്പോഴാണ് സമയമായത്.’ ഞാനും ചിരിച്ചു. ക്ളീഷേ ആണെങ്കിലും സന്ധ്യ കൂട്ടി ചേർത്തു.

‘എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ.’    

Content Summary: Kadhayillaimakal column written by Devi JS on friendship   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS