വാഗ്ദാനങ്ങൾ ഇതാ ഇവിടെ വരെ

trust-promise-concept
Representative Image. Photo Credit: afotostock/shutterstock
SHARE

‘‘വാക്ക് ഇരുമ്പുലക്കയൊന്നുമല്ല, മാറ്റി പറയാതിരിക്കാൻ. വാക്കല്ലാതെ മറ്റെന്താണ് മാറ്റാനാവുക? കയ്യോ കാലോ മാറ്റാനാവുമോ? പാലിക്കപ്പെടാതിരിക്കാനല്ലേ വാഗ്ദാനങ്ങൾ നൽകുന്നത് തന്നെ’’. ഒരു തട്ടിപ്പു വീരന്റെ വാക്കുകളാണ് .(‘promises are made to be kept’ എന്ന് പണ്ടെന്നോ പറഞ്ഞവൻ വിഡ്ഢി -പരമ വിഡ്ഢി .)

കുട്ടിക്കാലം മുതലേ എനിക്ക് മറ്റുള്ളവർ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. അച്ഛനും അമ്മയും അത് തരാം ഇത് തരാം എന്നൊക്കെ പറയുകയല്ലാതെ അതൊന്നും തന്നിട്ടില്ല. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയാൽ സമ്മാനമുണ്ട് എന്ന് പറയും. പക്ഷേ മാർക്കു കിട്ടിക്കഴിയുമ്പോൾ -അതെത്ര നല്ല മാർക്കായാലും -കുറച്ചു കൂടി ശ്രമിച്ചെങ്കിൽ കുറേക്കൂടി മാർക്ക് വാങ്ങാമായിരുന്നില്ലേ എന്ന ശകാരമായിരുന്നു സമ്മാനം. അന്ന് വല്ലാത്ത നിരാശ തോന്നിയിരുന്നു. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അതൊക്കെ എത്ര ചെറിയകാര്യങ്ങൾ. കുറേക്കൂടി നന്നായി പരിശ്രമിക്കാമായിരുന്നു. നല്ല നിലയിൽ എത്താമായിരുന്നു, എന്നൊക്കെ ഞാനും ചിന്തിക്കാറുണ്ട്.

‘‘നീ സുന്ദരിയാണ്. നിന്നെ എനിക്കിഷ്ടമാണ്.’’ എന്ന് പറഞ്ഞിരുന്ന കളിക്കൂട്ടുകാരൻ പ്രോമിസസ് ഒന്നും തന്നിരുന്നില്ല. ‘‘നന്നായി പഠിക്കണം ,ഡോക്ടർ ആകണം ’’ എന്നൊക്കെ ഉള്ള ഉപദേശങ്ങൾ മാത്രം. അവയ്ക്കിടയിൽ വാഗ്ദാനങ്ങളൊന്നും കണ്ടെത്താൻ എനിക്കു കഴിഞ്ഞില്ല.    

മറ്റൊരു കളിക്കൂട്ടുകാരനായി തന്നെ ഞാൻ കണ്ടിരുന്നു കായാമ്പൂവർണനെ. സന്ധ്യക്ക്‌ വിളക്കു വയ്ക്കുമ്പോൾ ഞാൻ അവന്റെ മുന്നിൽ ഉരുവിട്ടിരുന്നത് പ്രാർത്ഥനകളായിരുന്നില്ല. ഒരു പെൺകുട്ടിയുടെ കിന്നാരം പറച്ചിലുകൾ. അവനതു കേൾക്കുന്നു എന്ന് ഞാൻ വിശ്വസിച്ചു. എന്റെ മനസ്സിൽ തോന്നിയ മറുപടികൾ അവന്റെ വാക്കുകൾ ആണെന്ന് ഞാൻ ഉറപ്പിച്ചു. പക്ഷേ എന്റെ എല്ലാ മോഹങ്ങളും സഫലമാക്കിത്തരാം എന്ന ആ  വാക്കുകൾ അവൻ പാലിച്ചില്ല.  

ഒരു വാക്ക് മാറ്റം പിന്നെ എന്നെ നടുക്കിയത് എന്റെ വിവാഹം കഴിഞ്ഞയിടയ്ക്കാണ്. ‘നിന്നെ കിട്ടിയില്ലെങ്കിൽ ഞാൻ നാട് വിട്ടു പോകും. നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല. ജീവിതകാലം മുഴുവൻ നിന്നെ ഞാൻ ഇതുപോലെ സ്നേഹിക്കും.’ എന്ന് നൂറു തവണ വാക്ക് പറഞ്ഞയാൾ. ആ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാണ് ഞാൻ ആ വിവാഹത്തിന് തയാറായത് (അല്ലാതെ എനിക്ക് പ്രേമമൊന്നും ഉണ്ടായിരുന്നില്ല.) എന്നോട് മാത്രമല്ല എന്റെ വീട്ടുകാരോടും സ്വന്തം വീട്ടുകാരോടും ഇതെല്ലാം ഉറപ്പിച്ചു പറഞ്ഞിരുന്നയാൾ ‘‘ഓ അതൊക്കെ ഞാൻ വെറുതെ പറഞ്ഞതാണ്’’, എന്ന ഒറ്റ വാക്കുകൊണ്ട് അതെല്ലാം നിഷേധിച്ചു. ഇത് ലോകത്തെ ആദ്യത്തെ സംഭവമൊന്നുമല്ല. ഇഷ്ടപ്പെട്ട പെണ്ണിനെ കിട്ടാനായി പല അടവുകളും ചിലർ എടുക്കും. പിന്നീട് ‘അന്നങ്ങനെയൊക്കെ പറഞ്ഞതല്ലേ’ എന്ന് ചോദിച്ചാൽ ‘ഓ അതൊക്കെ എന്റെ പാകതയില്ലായ്മ’ എന്ന് പറഞ്ഞ് ഒഴിയും.

അനാമികയുമായുള്ള വിവാഹ ജീവിതം ഒരു ഡിവോഴ്സിൽ അവസാനിപ്പിക്കുമ്പോൾ അവളുടെ ഭർത്താവു സുധീഷ് എല്ലാവരോടും പറഞ്ഞു നടന്നു. ഒരു പുനർ വിവാഹം ചെയ്യാനല്ല ഞാൻ വിവാഹമോചനം നേടുന്നത്. അതിനു ഞങ്ങൾക്ക് ഞങ്ങളുടേതായ കാരണങ്ങൾ ഉണ്ട്. അയാളിത് പറയുക മാത്രമല്ല രണ്ടു കുടുംബത്തിലെയും മുതിർന്നവർക്കെല്ലാം കത്തെഴുതി അറിയിക്കുകയും ചെയ്തു. ‘ഞാൻ ഒരിക്കലും രണ്ടാമതൊരു വിവാഹം ചെയ്യുകയില്ല. ഇതെന്റെ വാക്കാണ്.’ പക്ഷേ അനാമിക പോയി ഒരു വർഷം തികയും മുൻപേ അയാൾ നേരത്തെ അടുപ്പമുണ്ടായിരുന്ന ഒരുവളെ വിവാഹം ചെയ്തു. വാക്കിന് എന്ത് വില?

വിവാഹം മോചനം നേടിയവരെയും വിധവകളെയും ഇതുപോലെ വാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്നവർ ഏറെ. പറ്റിയ അബദ്ധം പിന്നെ പറഞ്ഞിട്ടെന്താ? വാക്ക് തെറ്റിച്ചു എന്ന് പറഞ്ഞു കേസ് കൊടുക്കാനാവുമോ ? പുരുഷന്മാരെ പറഞ്ഞു പറ്റിക്കുന്ന സ്ത്രീകളുമുണ്ട് എന്നത് മറക്കുന്നില്ല. 

പണം കടം കൊടുക്കും മുൻപ് പ്രത്യേകം ശ്രദ്ധിക്കണം. വാങ്ങുന്ന സമയത്തു അവർ പലതും പറയും. ‘ഉടനെ മടക്കിത്തരാം. കുറച്ചു പൈസ മറ്റൊരിടത്തു നിന്ന് കിട്ടാനുണ്ട്. കിട്ടിയാലുടനെ  കൊണ്ട് തരും’ ‘ഒരു ആറു മാസത്തെ അവധി തരണം. അന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ പണം പലിശ സഹിതം മടക്കി തരും.’ പക്ഷേ പിന്നെ അവരെ കണ്ടു കിട്ടുകയില്ല. നമ്മളെ ഒഴിവാക്കും. കൊടുത്തപണം തിരികെ ചോദിച്ചാൽ ശത്രുതയുമാകും. പിണങ്ങിയാൽ പിന്നെ കടം വീട്ടെണ്ടല്ലോ. ഇങ്ങനെയുള്ള വാക്കുകളിൽ വിശ്വസിച്ചു കടം നൽകി പറ്റിക്കപ്പെട്ടവളാണ് ഞാൻ.

ഈയിടെ നടന്ന സ്ത്രീപീഡന കേസുകളിൽ (ആത്മഹത്യ,കൊലപാതകം)പലതിനും കാരണം പെൺകുട്ടികളുടെ അച്ഛന്മാർ വാക്ക്  പാലിക്കാതിരുന്നതാണത്രേ. ‘പറഞ്ഞത്ര സ്വർണം തന്നില്ല, പറഞ്ഞ കാറു തന്നില്ല, പറഞ്ഞത് പോലെ ക്യാഷ് തന്നില്ല.’ ങാ അതു കൊള്ളാം. ഇതെല്ലം പറഞ്ഞതു പോലങ്ങു ചെയ്താൽ തീരുന്ന പ്രശ്നമേയുള്ളു അല്ലെ? കൊള്ളാം നന്നായിരിക്കുന്നു. പൊന്നിന്റെയും പണത്തിന്റെയും വിലപോലുമില്ലേ പെണ്ണിന്റെ ജീവന് ? എന്തിനാണ് പെൺകുട്ടികളുടെ അച്ഛന്മാർ ഇങ്ങനെയൊക്കെ വാഗ്ദാനം ചെയ്യുന്നത് ? ഇത്തരം വാഗ്ദാനങ്ങൾ ഒഴിവാക്കൂ പെൺകുട്ടികൾ രക്ഷപ്പെടട്ടെ.

‘ആ അങ്കിൾ ഒരു ഫ്രോഡാണ്.’ വീട്ടിൽ വന്നുപോയ ഒരു വിരുന്നുകാരനെപ്പറ്റി ഒരു കൊച്ചു കുട്ടി എന്നോട് പറഞ്ഞു. ‘അയ്യോ അങ്ങനെ പറയാൻ പാടില്ല .’ ഞാനവളെ തിരുത്തി . ‘ആട്ടെ എന്താ കാര്യം ?’

കഴിഞ്ഞ തവണ വന്നപ്പോൾ ഇനി വരുമ്പോൾ എനിക്ക് ഒരുപാട് ചോക്ലേറ്റ് കൊണ്ട് വരാമെന്നു പ്രോമിസ് ചെയ്തതതാ. പക്ഷേ ഇത്തവണയും കൊണ്ടു വന്നില്ല. പ്രോമിസ് തെറ്റിക്കാമോ ? അവൾ ഗൗരവത്തോടെ പറഞ്ഞു    

കൊച്ചു കുട്ടികളുടെ മനസ്സിൽ പോലുമുണ്ട് വാഗ്ദാനങ്ങൾ പാലിക്കപ്പെടേണ്ടതാണ് എന്ന്. പക്ഷേ ആരെങ്കിലും അങ്ങനെ ചെയ്യാറുണ്ടോ? കൈവെള്ളയിൽ തൊട്ട് പ്രോമിസ് എന്ന് പറഞ്ഞ് സത്യം ചെയ്യുന്ന പലതും കുട്ടിക്കാലം മുതലേ നമ്മൾ തെറ്റിച്ചിട്ടില്ലേ ?

വാക്കിന് വില കല്പിക്കുന്നവർ ഉണ്ട്. കച്ചവടത്തിലായാലും കല്യാണത്തിലായാലും വാക്ക് വാക്ക് തന്നെ എന്ന് പറയുന്നവർ.  

ഞങ്ങൾ കുറച്ചു നാൾ മുൻപ് ഒരു വീട് വാങ്ങാൻ അഡ്വാൻസ് കൊടുത്തു. അപ്പോൾ ആ വീടിന് ഞങ്ങൾ പറഞ്ഞതിലേറെ വിലപറഞ്ഞു ചിലർ വന്നു. ‘അയ്യോ വാക്ക് പറഞ്ഞു പോയല്ലോ’ എന്നായി ഉടമസ്ഥർ. ‘അതിനെന്താ ആ അഡ്വാൻസ് അങ്ങ് തിരികെ കൊടുത്താൽ പോരെ’ എന്നായി വന്നവരുടെ വാദം. വീട്ടുടമസ്ഥർ തന്നെയാണ് ഞങ്ങളോട് ഇത് പറഞ്ഞത്. ‘‘ഞങ്ങൾ നിങ്ങളോടു വാക്ക് പറഞ്ഞതല്ലേ, അതിനിനി മാറ്റമില്ല. വാക്കല്ലേ മനുഷ്യന് വിലപ്പെട്ടത് ?’’ അവർ തുടർന്നു. ഞങ്ങൾക്ക് ആശ്വാസമായി. കാരണം ഇതിനു മുൻപ് രണ്ടു തവണ ഓരോ വീടിന് അഡ്വാൻസ് കൊടുത്തിട്ടു കബളിപ്പിക്കപ്പെട്ടവരാണ് ഞങ്ങൾ. വളരെ പാട് പെട്ടാണ് അഡ്വാൻസ് തിരികെ വാങ്ങിയത്.

പറഞ്ഞതൊന്നും പാലിക്കാനാവാതെ നിസ്സഹായരായി പോകുന്ന അവസരങ്ങളും മനുഷ്യജന്മത്തിൽ ഉണ്ടാകാറുണ്ട്. ക്ഷമിക്കുക ,സഹിക്കുക, മറക്കുക, വിധിയെന്നോർത്ത് സമാധാനിക്കുക. അതല്ലാതെ മറ്റെന്താണ് ഇരുകൂട്ടർക്കും -വാക്കു തെറ്റിക്കേണ്ടി വന്നവനും അതിന്റെ ഫലം അനുഭവിക്കേണ്ടി വന്നവനും- ചെയ്യാനാവുക.

‘ആന കൊടുത്താലും ആശ കൊടുക്കരുത്.’ എന്നല്ലേ പഴമൊഴി. ‘ആശ കൊടുത്താലും വാക്ക് കൊടുക്കരുത്.’എന്നും ചൊല്ലുണ്ട് . വെറുതെ ഓരോന്ന് പറഞ്ഞ് ആശിപ്പിക്കരുത്. പിന്നീടുണ്ടാകുന്ന നിരാശ വലുതാണ്.  

Content Summary: Kadhaillayimakal, Column by Devi JS on Fake Promise

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS