പ്രണയം ഒരു മരീചിക!

kadhayillaymakal-column
Representative image. Photo Credit: ChiLLChiLL Camera/Shutterstock.com
SHARE

പ്രണയം ഒരു പൈങ്കിളിക്കഥ മാത്രമാണെന്നും ഒട്ടും പ്രായോഗികമല്ലെന്നും വെറുമൊരു പഴഞ്ചൻ ഏർപ്പാടാണെന്നും അത്യന്താധുനികരായ എന്റെ കൊച്ചു കൂട്ടുകാർ പറയാറുണ്ട്. എന്നാലും ഇന്നും ആണും പെണ്ണും പ്രണയിക്കുന്നില്ലേ? (ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലും ആവാം)

പ്രേമം സ്വാർത്ഥമായ ഒരു വികാരമാണെന്നു പറയുന്നവരുമുണ്ട്. അതല്ലേ പ്രണയിച്ചവൾ വിട്ടു പോകുമ്പോൾ ആസിഡ് ഒഴിക്കാനും കൊല്ലാനുമൊക്കെ തുടങ്ങുന്നത്. ഒരു പക്ഷെ സ്വാർത്ഥത മൂത്ത് ഭ്രാന്താവുന്നതുമാവാം. 

ജീവിതത്തിലുള്ള ഒന്നും സ്ഥിരമല്ല.സന്തോഷം, സന്താപം, സുഖം, ദുഃഖം, ഭാഗ്യം, നിർഭാഗ്യം ഒന്നും സ്ഥിരമല്ല. എന്തിന് സൗന്ദര്യവും യൗവനവുമൊന്നും അതേപടി നിൽക്കുകയില്ല. പ്രകൃതിയിൽ എവിടെ നോക്കിയാലും മാറ്റങ്ങളേ ഉള്ളൂ. പിന്നെ പ്രണയം മാത്രം സ്ഥിരമായി തുടക്കത്തിലെന്നപോലെ ആവേശഭരിതമായി തുടരാം എന്ന് പറയുന്നതിൽ എന്തർത്ഥം.             

കൗമാരപ്രണയവും,യൗവ്വനകാലപ്രണയവും ഒക്കെ വെറും ഒരു ഭ്രമം, തോന്നൽ, താത്കാലികമായ ഒരു വികാരം, എന്നൊക്കെ പറയാം. വിവാഹത്തോടെ പ്രേമം അവസാനിക്കുന്നു എന്നാണ് പൊതുവെ ഒരു ധാരണ. ഇത് പ്രേമിച്ചു വിവാഹം കഴിച്ചവരെക്കുറിച്ചു മാത്രമല്ല. ഒരു വിവാഹത്തിലൂടെ ഒന്നിക്കുന്നവരുടെ പ്രേമം ആരംഭിക്കുന്നതു തന്നെ വിവാഹശേഷമല്ലേ? ഈ പ്രേമവും വിവാഹത്തിന്റെ ആദ്യനാളുകളിൽ മാത്രം നിലനിൽക്കുന്നു എന്നാണ് പൊതുവെ കണ്ടു വരുന്നത്. എന്നു വച്ചാൽ പ്രേമിച്ചിട്ടു വിവാഹം കഴിച്ചാലും വിവാഹം കഴിച്ചിട്ട് പ്രേമിച്ചാലും പ്രേമത്തിന്റെ കാര്യം പോക്കു തന്നെ .

എന്റെ സുഹൃത്ത് രാമചന്ദ്രന്റെ ജീവിതം പുറമെ നിന്ന് നോക്കുമ്പോൾ ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. സുന്ദരിയും സുശീലയുമായ ഭാര്യ സുമതി, മിടുക്കരായ പുത്രന്മാർ, നല്ല സാമ്പത്തിക ചുറ്റുപാടുകൾ. എന്നാൽ ഒരു യാത്രയ്ക്കിടയിൽ അവിചാരിതമായി കണ്ടു മുട്ടിയ രാധ എന്ന സ്ത്രീയുമായി ഒരടുപ്പം ഉണ്ടായപ്പോഴാണ്, വിവാഹജീവിതത്തിൽ സംതൃപ്തനല്ല എന്നയാൾക്ക്‌ ബോധ്യമായത്. തെറ്റാണെന്നു തോന്നലുണ്ടായിട്ടും രാധയുമായുള്ള ബന്ധം വിച്ഛേദിക്കാൻ അയാൾക്കായില്ല. ഫലമോ കുടുംബത്തിൽ കലഹം. ദാമ്പത്യം തകരാറിലായി. കുട്ടികൾ വഴിതെറ്റി. ബിസിനസ് ഉലഞ്ഞു. രാമചന്ദ്രൻ ആകെ തകർന്നു .

"കുടുംബത്തിന് ഞാൻ ഒരു കുറവും വരുത്തിയില്ല. പക്ഷേ എനിക്കൊരാളെ സ്നേഹിക്കാൻ പാടില്ലേ?" രാമചന്ദ്രനോട് ഞാൻ എന്ത്  മറുപടിയാണ് പറയുക. ദാമ്പത്യം വളരെ പരിശുദ്ധമായ ഒരു കോൺട്രാക്ട് ആണെന്നും അതിനു ചില നിയമങ്ങൾ ഉണ്ടെന്നും അത് പാലിക്കപ്പെടേണ്ടതാണെന്നും അല്ലെങ്കിൽ ദുരന്തമാവും ഫലം എന്നുമൊക്കെ ഉപദേശിക്കാൻ എനിക്കാവുമോ? ഇതൊക്കെ ഓരോ വ്യക്തികളുടെ വിശ്വാസങ്ങൾ, അവനവൻ തന്നെ നിശ്ചയിക്കേണ്ട പരിധികൾ, പരിമിതികൾ ഒക്കെയല്ലേ? പറയാൻ എളുപ്പം. പക്ഷേ  മനുഷ്യനല്ലേ, മനസ്സല്ലേ? പാളിച്ചകൾ സ്വാഭാവികം.

ഈ സംഭവം കാണിക്കുന്നത് വിവാഹം, പ്രേമം, ബന്ധം ഇതൊക്കെ ഒരാളിൽ തന്നെ ഒതുങ്ങി നിൽക്കുന്നതാണ് നല്ലതെന്നാണോ ?

ഒരു കൗൺസിലറായ കുസുമത്തിനോട് ഞാൻ ചോദിച്ചു.

വിവാഹബന്ധത്തിനുള്ളിൽ തന്നെ പ്രേമം ഒതുങ്ങി നിൽക്കണമെങ്കിൽ അതിനു ദൃഢത വേണം. കാലക്രമേണ അതിപരിചയം കൊണ്ട് വിരസത തോന്നിത്തുടങ്ങുമ്പോൾ, ആ വിരസത മാറ്റാനും, ദൃഢത കൂട്ടാനും വഴികൾ തേടണം. കുസുമം പറഞ്ഞു. ഞാൻ കണ്ണ് മിഴിച്ചു . 

ഐന്ദ്രികമായ (sensuous) ഒരു ബന്ധമാണെങ്കിലേ അത് സംതൃപ്തവും സ്ഥിരവും ദൃഢവും ആവുകയുള്ളൂ. കുസുമം തുടർന്നു.

ഒരു ബന്ധത്തെ ഇന്ദ്രിയ ഗോചരമാക്കുന്നതെങ്ങിനെ? ഞാൻ അമ്പരന്നു. 

വിവാഹത്തിനു മുൻപ് പ്രേമിച്ചു കഴിഞ്ഞ നാളുകളിലും, വിവാഹത്തിന്റെ ആദ്യ നാളുകളിലും അനുഭവപ്പെട്ടിരുന്ന സുഖവും സന്തോഷവും പിൽക്കാലത്ത് എവിടെയോ നഷ്ടപ്പെടുന്നു എന്ന പരാതിയാണ് കൗൺസിലിങ്ങിനെത്തുന്ന മിക്ക ദമ്പതിമാരുടെയും പരാതി. അന്ന് പെരുമാറിയിരുന്നത് പോലെ ഇടയ്‌ക്കെപ്പോഴെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ ആ പഴയ ഊഷ്മളത വീണ്ടെടുക്കാം. കുസുമം പറഞ്ഞു. 

എങ്ങനെ? എന്റെ കണ്ണിനു മിഴിക്കാവുന്നതിന്റെ പരിധി കഴിഞ്ഞു.

ഉദാഹരണത്തിന് വിവാഹത്തിനു മുൻപ്, ആരുമറിയാതെ ഒളിച്ചിരുന്ന്, ഐസ്ക്രീം നുണഞ്ഞു കൊണ്ട്, പ്രേമസല്ലാപം നടത്തിയ പാർലറുകൾ വീണ്ടും ഒന്ന് സന്ദർശിച്ചുകൂടെ? ഇടയ്ക് ഒരു ചെറിയ വേർപാടിനിടയിൽ പണ്ടത്തെപ്പോലെ പിന്നെയും പ്രണയലേഖനങ്ങൾ എഴുതാം. ഒരു ജന്മദിനാശംസ മുൻകൂട്ടി അറിയിക്കാതെ ഓഫീസ് അഡ്രസ്സിൽ അയച്ച് പഴയ പ്രണയ സ്മരണകൾ ഉണർത്താം.

കുസുമത്തിന്റെ വാക്കുകൾ കേട്ട് കണ്ണ് മിഴിക്കാതെ പൊട്ടിച്ചിരിക്കുകയാണ് അപ്പോൾ ഞാൻ ചെയ്തത്. കുസുമം ചിരിച്ചില്ല.അവൾ പറഞ്ഞു.  

പഞ്ചേന്ദ്രിയങ്ങൾക്ക് സ്ത്രീപുരുഷ ബന്ധത്തിലുള്ള സ്ഥാനം വലുതാണ്. ഇന്ദ്രിയങ്ങളുറങ്ങിപ്പോകുന്നതാണ് വിരസതയുടെ പ്രധാനകാരണം. ഉം ഉം ഞാൻ തലയാട്ടി.   

വിവാഹത്തിന് മുൻപും മധുവിധു നാളുകളിലും പരസ്പരം നോക്കിയിരുന്ന് 'കണ്ണും കണ്ണും കൊള്ളയടിച്ചവർ' പിന്നീട് പലപ്പോഴും തമ്മിൽത്തമ്മിൽ കാണാറേയില്ല .കണ്ണുകളിലൂടെ പകരുന്ന അനുരാഗം ഒരനുഭൂതി തന്നെ. സീതയുടെ കരിയെഴുതിയ കണ്ണുകൾ രഘുവിന് എന്നും ഒരു ഹരമായിരുന്നു. കാലം കഴിഞ്ഞപ്പോൾ ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ അവൾ കരി എഴുതാതെ  ആയതും കണ്ണുകൾ വിളറി വെളുത്തതും അയാൾ ശ്രദ്ധിച്ചതേയില്ല. ഒരു ദിവസം സീത വീണ്ടും കരിയെഴുതി. പതിവില്ലാതെ രഘുവിന്റെ കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കുകയും ചെയ്തു. ആ കണ്ണുകളുടെ കാന്തശക്തി അയാളെ എത്രമാത്രം ആകർഷിക്കുന്നു എന്ന് രഘു വീണ്ടും അറിഞ്ഞു. അത് പോലെ രഘുവിന് ഇഷ്ടമുള്ള മഞ്ഞസാരി ഇടയ്ക്കൊന്നുടുക്കാറുണ്ട് സീത. കറുത്ത ഷർട്ടും കറുത്തകരയുള്ള മുണ്ടും രഘുവിന് നന്നേ ചേരും എന്ന് സീതയ്ക്കറിയാം. അയാൾ അത് ധരിക്കുമ്പോൾ അവൾക്കു പ്രത്യേക ഉന്മേഷമാണ്.

ഒരു പൈങ്കിളി കഥകേൾക്കുന്ന രസത്തോടെയാണ് ഞാൻ കേട്ടിരുന്നത്.

ഇനി കാതുകളുടെ കാര്യം. കാതിൽ തേന്മഴ ചൊരിഞ്ഞിരുന്ന ശബ്ദങ്ങൾ തന്നെ കർണകഠോരമാകുന്നത് അപൂർവമല്ല. ഭർത്താവു പറയുന്നത് കേൾക്കാൻ ഭാര്യയ്ക്കും ഭാര്യ പറയുന്നത് ശ്രദ്ധിക്കാൻ ഭർത്താവിനും താത്പര്യം കുറയും. ഇഷ്ടപ്പെട്ട വാക്കുകളും പ്രേമം തുളുമ്പുന്ന വരികളും ചില്ലറ തമാശകളുമായി സംഭാഷണത്തിന്റെ ചാരുത നിലനിർത്താൻ എപ്പോഴും കഴിഞ്ഞെന്നു വരില്ല. തർക്കങ്ങൾ, വഴക്കുകൾ, ചീത്ത വിളികൾ ഇതൊക്കെ ജീവിതത്തിൽ സാധാരണം. എന്നാലും പിന്നീട് ക്ഷമാപണങ്ങൾ, സാന്ത്വനങ്ങൾ, സ്നേഹവചനങ്ങൾ ഇവകൊണ്ട് ദാമ്പത്യത്തിലെ ശ്രവണസുഖം വീണ്ടെടുക്കാം.

ഇനി സ്പർശനത്തിന്റെ ഇന്ദ്രജാലം! നമ്മുടെ സമൂഹത്തിൽ സ്പർശനം ദമ്പതികൾക്കു കിടക്കറയിൽ മാത്രം പറഞ്ഞിട്ടുള്ളതാണ്. ലൈംഗിക വികാരത്തിന്റെ ബാഹ്യപ്രകടനം മാത്രമല്ല സ്പർശനം. ഭാര്യയുടെ കവിളിൽ സ്നേഹത്തോടെ ഒരു തലോടൽ, ചുമലിൽ തട്ടി ഒരഭിനന്ദനം, ഭർത്താവിന് ഒരാലിംഗനം,(കുടവയർ ഉണ്ടെങ്കിലോ ) അയാളുടെ മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ച് ഒരു കുസൃതി (മൊട്ടത്തലയാണെങ്കിലോ ) ഇതൊക്കെ സുന്ദരമായ സുഖം പകരുന്ന അനുഭൂതികളാണ്. ഇടയ്ക്കുള്ള എന്റെ കമന്റുകൾ കുസുമം മൈൻഡ് ചെയ്തില്ല. അവൾ കഥനം തുടർന്നു.

ഗന്ധം മറ്റൊരു പ്രധാന സംഗതിയാണ്. സത്യവതിയുടെ കസ്തൂരി ഗന്ധം ശാന്തനുവിനെ ആകർഷിച്ചതും, ദ്രൗപതിയുടെ താമരപ്പൂമണം ഏവരെയും വശീകരിച്ചതും വെറും കഥകളല്ല. ദുർഗന്ധം ഇണയെ അകറ്റും. ശരീരം ശുചിയാക്കി സൂക്ഷിക്കണം, ആണും പെണ്ണും.(പെർഫ്യൂം അടിക്കാമോ ? വീണ്ടും ഞാൻ.) 

പുരുഷന്റെ മാത്രമല്ല സ്ത്രീയുടെയും ഹൃദയത്തിലേയ്ക്കുള്ള വഴി ഉദരത്തിലൂടെ തന്നെയാണ്. രുചികരമായ ഭക്ഷണമുണ്ടാക്കുന്ന ഭാര്യയെ മിക്ക ഭർത്താക്കൻമാർക്കും ഇഷ്‍ടമാണ്. പാചകം ചെയ്യില്ല എങ്കിലും വല്ലപ്പോഴും ഭർത്താവ് പുറത്തു നിന്ന് ഭക്ഷണം വാങ്ങിക്കൊടുക്കുന്നത് ഭാര്യയ്ക്കും സന്തോഷം. നാവിന്റെ രുചികൾ ജീവിതത്തിൽ പ്രധാനമാണ്.

ഇനി പറയട്ടെ. പഞ്ചേന്ദ്രിയങ്ങൾക്കുമപ്പുറം ഒരു ആറാം ഇന്ദ്രിയം കൂടി വേണം. പ്രണയത്തിലായാലും ദാമ്പത്യത്തിലായാലും ഇന്ദ്രിയാതീതമായി പരസ്പരം മനസ്സിലാക്കാൻ. ജീവിതം തികച്ചും ഗൗരവപൂർണവും പ്രയോഗികവുമാണെന്നു വിചാരിച്ചാൽ മടുപ്പു മാത്രമേ ഉണ്ടാവൂ. ജീവിതത്തിൽ കളി, ചിരി, തമാശ, ശുഭചിന്ത സന്തോഷം ഇവയൊക്കെ പ്രകടിപ്പിക്കാൻ ഒരു ആറാം ഇന്ദ്രിയം കൂടിയേ കഴിയൂ .

മധുവിധുകാലത്ത് ടിൻ ഷീറ്റിട്ട ഒരു ചെറിയ വീട്ടിൽ താമസിച്ചിരുന്ന കാലത്തെക്കുറിച്ച് സീത ഓർക്കാറുണ്ട്. ഇപ്പോഴും ശക്തിയായി മഴ പെയ്യുമ്പോൾ അന്നത്തെ ആ സംഗീതം സീതയിൽ ഓർമ്മകൾ ഉണർത്തും. "രഘൂ ടിൻ ഷീറ്റിന്റെ പുറത്ത് മഴയുടെ ഒച്ച കേൾക്കുന്നില്ലേ " എന്ന് ചോദിച്ച്  മധുവിധു കാലത്തേ രസാനുഭൂതികൾ വീണ്ടും ഉണർത്താൻ അവൾക്കു കഴിയുന്നു. അവരുടെ പ്രായം നിനക്കറിയുമോ ദേവീ ...അറുപതു കഴിഞ്ഞവർ!

ഇത് പൈങ്കിളി കഥയോ സിനിമാ കഥയോ ? ഞാൻ ചോദിച്ചത് കേട്ട് കുസുമം ചിരിച്ചു.

Content Summary: Kadhayillaymakal- Column by Devi JS about Love after Marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS