പുരോഗമനം

kadhayillaymakal
Representative image. Photo Credit:GummyBone/istockphoto.com
SHARE

കാലം മുന്നോട്ടു തന്നെ പോകും. പുരോഗതികൾ സ്വാഭാവികം. അത് നല്ലതിനാവാം, അല്ലാതെയുമാവാം. ഇത് പറയാൻ തുടങ്ങുമ്പോൾ മലയാളികൾ ഇപ്പോൾ ഏറ്റവും മുന്നോട്ടു പോയിട്ടുള്ളത് വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകളുടെ ആർഭാടപ്പെരുമഴയിലാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങളുടെ കാലത്തെന്നു പറഞ്ഞാൽ അത് വളരെ പണ്ടല്ലേ എന്ന് ചോദിക്കും. ജാംബവാന്റെ കാലത്തൊന്നുമല്ല, ഒരു പത്തിരുപതു കൊല്ലം മുൻപ് വരെ, അതായത് ഞങ്ങളുടെ അടുത്ത തലമുറവരെ വിവാഹം വളരെ ലളിതവും പവിത്രവും അതേസമയം നിറപ്പകിട്ടോടെയും തന്നെയാണ് കൊണ്ടാടിയിരുന്നത്. സാമാന്യം ധനികരായവർ കുറച്ചു കൂടുതൽ പണം ചെലവഴിച്ചു കല്യാണം ആഘോഷിക്കുമെന്നല്ലാതെ അനാവശ്യമായ ഷോകൾ  ഉണ്ടായിരുന്നില്ല.    

അന്ന് വിവാഹനിശ്ചയം എന്നു പറഞ്ഞാൽ കാരണവന്മാർ തമ്മിൽ പറഞ്ഞുറപ്പിക്കുന്ന ഒരു ചടങ്ങ് ! ഇന്ന് അങ്ങനെയാണോ ? വിവാഹത്തെക്കാൾ കേമമാണ് എൻഗേജ്‌മെന്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന മഹാ സംഭവം. അപ്പോൾ പിന്നെ വിവാഹം അതിലും ഇടിവെട്ടായി നടത്തണ്ടേ? മൂന്നും നാലും ദിവസത്തെ ചടങ്ങുകളാണു വിവാഹത്തിന്. ഞങ്ങളുടെ ആളുകളുടെ കാര്യമാണ് പറയുന്നത്. മറ്റു മതക്കാരെക്കുറിച്ച് എനിക്ക് വലിയ അറിവൊന്നുമില്ല. അവരും ആർഭാടപുരോഗമനത്തിൽ ഒട്ടും പിന്നിലായിരിക്കില്ല. 

ഈയിടെ ഒന്നു‌ രണ്ടു വിവാഹനിശ്ചയങ്ങളിൽ പങ്കെടുക്കേണ്ടി വന്നു. സാധാരണ ഇത്തരം കാര്യങ്ങൾ ഒഴിവാക്കുകയാണ് എന്റെ പതിവ്. 'ക്ഷണിക്കുന്നത് അവരുടെ മര്യാദ, പോകാതിരിക്കുന്നത് നമ്മുടെ മര്യാദ' എന്നൊരു ചൊല്ല് ഞങ്ങളുടെ നാട്ടിലുണ്ട്. അതായത് ഏതു കാര്യത്തിനും അത്യാവശ്യമുണ്ടെങ്കിൽ പോയാൽ മതി എന്നർത്ഥം. അത് പണ്ടത്തെ കാര്യമല്ലേ? വീടടച്ച്  അങ്ങ് പോകുന്നതാണ് ഇപ്പോഴത്തെ രീതി. ക്ഷണിക്കുന്നവർക്ക് സന്തോഷം. വലിയ ഹാൾ നിറയുമല്ലോ. കണ്ടമാനം ഓർഡർ ചെയ്തിരിക്കുന്ന ഭക്ഷണം കുറെയൊക്കെ തീരുമല്ലോ. അത്രയും കുറച്ച് വെയിസ്റ്റിൽ തള്ളിയാൽ  മതിയല്ലോ.  

നിശ്ചയത്തിനു വളരെ വിചിത്രമായ വേഷങ്ങളാണു മിക്കപ്പോഴും പെണ്ണും ചെറുക്കനും ധരിക്കാറ്. ലക്ഷങ്ങൾ വിലയുള്ള ആ ഉടുപ്പുകൾ ആ ഒരു ദിവസം മാത്രമേ ധരിക്കാറുള്ളു. എന്നാലും കാണികളുടെ കണ്ണുകൾക്ക് ആനന്ദമാകുമല്ലോ. ഞാൻ ഈയിടെ പങ്കെടുത്തു എന്ന് പറഞ്ഞ ആ ആഘോഷങ്ങൾ ഇതിൽ നിന്ന് വ്യത്യസ്തമേ ആയിരുന്നില്ല. ശരീരത്തിന്റെ പല ഭാഗങ്ങളും കാണുന്ന വധുവിന്റെ വേഷത്തിന് ഒരു ബോളീവുഡ് ഛായ തോന്നി. ചെറുക്കന് പിന്നെ ഹിന്ദി സിനിമാ നായകനെപ്പോല ആവാതെ വയ്യല്ലോ. നഗരത്തിലെ ഏറ്റവും മുന്തിയ ഹോട്ടലിലെ കമനീയമായ ഹാൾ. അടുത്ത ബന്ധുക്കളെ ഉള്ളൂ എന്ന് പറഞ്ഞെങ്കിലും ഹാൾ നിറയെ ആളുകൾ. പെണ്ണിന്റെയും ചെറുക്കന്റെയും വേഷത്തിന്റെ വില കേട്ട് നടുങ്ങിയ പലരും കമന്റുകൾ തട്ടി വിടുന്നുണ്ടായിരുന്നു. .ഭക്ഷണത്തിന്റെ കാര്യം പിന്നെ പറയാനില്ല. ഒരു പ്ലേറ്റിന് അയ്യായിരം വച്ചാണത്രെ ഹോട്ടലുകാർ ചാർജ് ചെയ്യുക. ഞാൻ അമ്പരന്നു എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. പഴയ തലമുറയല്ലേ? ഇത് വല്ലതും കണ്ടതോ കേട്ടതോ!

വിവാഹത്തിനു മുൻപ് പെണ്ണും ചെറുക്കനും ചേർന്ന് സിനിമ സ്റ്റൈലിൽ ഒരു ഷൂട്ടിങ് ഉണ്ടാവും. സേവ് ദി ഡേറ്റ് എന്നോ മറ്റോ പിന്നെ ഒരു പരിപാടി. ഇതിന്റെയൊക്കെ പടങ്ങൾ സോഷ്യൽ മീഡിയയിൽ വരും. നമുക്ക്‌ കണ്ടു രസിക്കാൻ, അഭിനന്ദിക്കാൻ. എന്താ പോരെ ?

വടക്കേ ഇന്ത്യയിലെ ആചാരങ്ങൾ പകർത്തുക എന്നതാണ് ഇപ്പോൾ കേരളത്തിലെ വിവാഹങ്ങളുടെ രീതി. സംഗീത്, ഹൽദി, മെഹന്ദി ഇങ്ങനെ ഓരോ ദിവസം ഓരോ പരിപാടി. പിന്നെ ഈയിടെ ഞാൻ പങ്കെടുത്ത വിവാഹങ്ങളെല്ലാം അന്തർ സംസ്ഥാന വിവാഹങ്ങളായിരുന്നു. അപ്പോൾ പിന്നെ രണ്ടു സംസ്ഥാനത്തിലെയും ആചാരങ്ങൾ നടത്താതെ പറ്റുമോ? ഒരുമിച്ചു പഠിച്ച, ഒന്നിച്ചു ജോലി ചെയ്യുന്ന ചെറുക്കനും പെണ്ണും പരസ്പരം തിരഞ്ഞെടുക്കുമ്പോൾ മാതാപിതാക്കൾക്ക് എളുപ്പമായി. വിവാഹം നടത്തിക്കൊടുക്കുന്ന ജോലിയെ ഉള്ളൂ. അത് എത്രത്തോളം ആർഭാടത്തിൽ വേണമെന്നും ഈ മക്കൾ തന്നെ തീരുമാനിക്കും. പണം കണ്ടെത്തേണ്ട ജോലി രക്ഷാകർത്താക്കൾക്ക്. ഒരു വിധം പണക്കാർ എന്ന് നമ്മൾ കരുതുന്ന രക്ഷകർത്താക്കൾ പോലും വല്ലാതെ കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട് .

സ്ത്രീധനത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചാലും ജാതിയും ജാതകവുമൊക്കെ നോക്കി നടത്തുന്ന വിവാഹങ്ങളിൽ പെൺപണം ഒരവശ്യഘടകം തന്നെയാണ് നമ്മൾ മലയാളികൾക്ക് ഇപ്പോഴും. വരനും വധുവും സ്വയം കണ്ടെത്തുന്ന വിവാഹങ്ങളിൽ ഇത് ബാധകമാവുന്നില്ലേ? വലിയൊരു ചോദ്യമാണത്.

അപ്പോഴാണ് ഒരു ന്യൂ ജനെറേഷൻ കുട്ടി എന്റെ സംശയം ദൂരീകരിച്ചത്.

"എന്റെ ദേവിയമ്മേ പഠിപ്പും ജോലിയും ശമ്പളവുമൊക്കെ കട്ടയ്ക്ക് കട്ടയ്ക്കു നിൽക്കുന്ന ബന്ധങ്ങളിലെ ഞങ്ങൾ കുടുങ്ങാറുള്ളു. മാത്രമല്ല വിദേശത്തെവിടെയെങ്കിലുമാണ് രണ്ടുപേരുമെങ്കിൽ കുറേനാൾ ഒരുമിച്ചു താമസിച്ചിട്ട് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാമല്ലോ. ആ നാട്ടിൽ അതൊന്നും പ്രശ്‌നമല്ല .പിന്നെ ഇവിടെ ആരും അറിയുന്നില്ലല്ലോ .   "

ഞാൻ മിണ്ടിയില്ല. ഓ പഴഞ്ചൻ. ഓൾഡ് ജനറേഷൻ. ഒട്ടും പുരോഗമനചിന്തയില്ല, എന്നൊക്കെയുള്ള ആക്ഷേപങ്ങൾ കേട്ട് തല വെടിക്കാൻ വയ്യ. അവരുടെ ജീവിതം അവരുടെ ഇഷ്ടം പോലെയാകട്ടെ. ഫലം നല്ലതായാലും ചീത്തയായാലും അവർക്കു തന്നെ എന്നങ്ങു വിട്ടു കൊടുക്കുകയാണ് പഴമക്കാർക്ക് നല്ലത്. പണ്ടത്തെ കഥകൾ പറഞ്ഞിട്ടൊന്നും കാര്യമില്ല .പുരോഗമനമല്ലേ?

Content Summary: Kadhayillaymakal- Column by Devi JS about New Generation Marriages   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS