ചിലർ ഇങ്ങനെയാണ്

kadhaillayimakal-column-by-devi-js-about-appreciation
Photo Credit : fizkes / istockphoto.com
SHARE

അടിക്കുന്നവനെ തൊഴുന്നകാലം -എന്നൊരു ചൊല്ലുണ്ട്. അതായത് സാധുക്കളെ ആരും വകവയ്ക്കില്ല. അടിക്കും എന്നുള്ളവനെ തലയിലേറ്റി നടക്കും. അവന്റെ മുന്നിൽ തൊഴുതു നിൽക്കും. 

ഇത് പൊതു രംഗത്തു മാത്രമല്ല നമ്മുടെയൊക്കെ വീടുകളിലെ അവസ്ഥയും ഇതു  തന്നെ.

ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്.

രാമചന്ദ്രനും രാധയ്ക്കും രണ്ടു മക്കളുണ്ട്. മൂത്തവൻ രാജു ഒരു പാവം. നല്ല കുട്ടി എന്ന് പേരെടുത്തവൻ. ഏഴെട്ടു കൊല്ലം കഴിഞ്ഞാണ് ഇളയകുട്ടി രേവതി  ഉണ്ടായത്.  കാത്തിരുന്ന് കിട്ടിയ  പെൺകുട്ടി. അച്ഛന്റെയും അമ്മയുടെയും ഏട്ടൻറെയും അരുമ! എല്ലാക്കാര്യത്തിലും അവൾക്കാണ് മുൻഗണന. അച്ഛനുമമ്മയും അവൾക്കു വേണ്ടി പണം വാരിക്കോരി ചെലവഴിക്കുന്നു . അവൾ പാട്ടു പഠിക്കുന്നു. ഡാൻസ് പഠിക്കുന്നു. എല്ലാ വിഷയങ്ങൾക്കും ട്യൂഷൻ എടുക്കുന്നു. രാജുവിന്  ഇതൊന്നും ഉണ്ടായിരുന്നില്ല. എന്തെങ്കിലും എക്സ്ട്രാ ആയി  അവൻ ആവശ്യപ്പെട്ടാൽ 'അതിപ്പോൾ വേണ്ട'   എന്ന് അച്ഛൻ ഉത്തരവിടും. പിന്നെ അവിടെ എതിർവാക്കില്ല. പക്ഷേ  രേവതി അങ്ങനെയല്ല വാശിയും ശാഠ്യവും കരച്ചിലുമായി അവൾ ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കും. അച്ഛനും അമ്മയ്ക്കും മകളോടാണിഷ്ടം എന്ന് മകന് പരാതിയായി. 

"അങ്ങനെയൊന്നുമില്ല. രണ്ടാളും ഞങ്ങളുടെ കണ്ണിലെ കൃഷ്ണമണികൾ തന്നെ. പിന്നെ അവളുടെ പിടിവാശി പേടിച്ച് ഓരോന്ന് ചെയ്തു പോകുന്നതാണ്"  രാധ ന്യായീകരിക്കും. .

ശാരികയുടെ മൂത്തമരുമകൾ ശോഭ ഡോക്ടറാണ്. നല്ല വെളുത്തനിറം. നല്ല ഉയരം. എന്നാൽ സാധാരണ സൗന്ദര്യമാനദണ്ഡങ്ങൾ വച്ച് നോക്കുമ്പോൾ സുന്ദരിയേയല്ല. പക്ഷേ എന്നെക്കഴിഞ്ഞിനി ആരുമില്ല എന്നാണ് ശോഭയുടെ ഭാവം. അഹങ്കാരം, ധിക്കാരം,പൊങ്ങച്ചം ഇങ്ങനെ ഇല്ലാത്ത  ഗുണങ്ങൾ ഒന്നുമില്ല ആരോടും അധികം സംസാരിക്കില്ല. എപ്പോഴും മുഖത്ത് ഒരു പ്ലാസ്റ്റിക് ചിരിയുമായി നടക്കും. അതിനപ്പുറം ഒരടുപ്പവും ഭർതൃ ഗൃഹത്തിലുള്ളവരോടോ അതിഥികളോടോ കാണിക്കില്ല.  അപ്പോഴാണ് ശാരികയുടെ രണ്ടാമത്തെ മകൻ കല്യാണം കഴിച്ചത്.നല്ല പഠിപ്പും വിവരവും ജോലിയുമുള്ള അഞ്ജന, ഇടനിറമുള്ള സുന്ദരിയായ പെൺകുട്ടിയാണ്.  പക്ഷേ  ശോഭയാണ് അവിടെ ഭരണം. ശാരികയ്‌ക്കു പോലും അവളെ ഭയമാണ്. അവൾക്കെന്തു തോന്നും. അവൾക്കിഷ്ടമാകുമോ എന്നൊക്കെ പറഞ്ഞു കൊണ്ടാണ് ഒരോന്നും ചെയ്യുന്നത്.  എന്തിനേറെ അവരുടെ ബന്ധുക്കൾക്കും അതിഥികൾക്കും വരെ ശോഭയെ ഒരു പേടി പോലെയായി.  അഞ്ജനയ്ക്കില്ലാത്ത ഒരു പരിഗണന ശോഭയ്ക്കു കൊടുക്കുന്നില്ലേ എന്ന്  കണ്ടു നിൽക്കുന്നവർക്ക് തോന്നിപ്പോകും.

     

ചിലർ അങ്ങനെയാണ്. അവർ സ്പെഷ്യലാണ് എന്നൊരു ധാരണ മറ്റുള്ളവരിൽ ഉണ്ടാക്കി എടുക്കാൻ അവർക്കു കഴിയും. ഇക്കൂട്ടർ വലിയ മിടുക്കരോ , അതീവ സൗന്ദര്യമുള്ളവരോ, സൽസ്വഭാവികളോ ആകണമെന്നില്ല. ഗുണഗണങ്ങൾ കൊണ്ടല്ല അവർ ഈ സ്പെഷ്യൽ  സ്ഥാനം നേടിയെടുക്കുന്നത്.  സത്യത്തിൽ മറ്റുള്ളവരാണ് ഈ സ്പെഷ്യൽ  പദവി അവർക്കു വച്ച് കെട്ടി കൊടുക്കുന്നത്.    

ആൺ മക്കളോടുള്ള പ്രത്യേകതയാണ് മിക്കവീടുകളിലും. മകനോട് ഭയം, ആദരവ്, ബഹുമാനം. കുട്ടികാലം  മുതൽ എല്ലാ നല്ല സാധനങ്ങളും അവന്. മകൻ കഴിഞ്ഞിട്ടേ ഉള്ളൂ ബാക്കിയാരും.   അവന്റെ ഇഷ്ടങ്ങൾ, താത്പര്യങ്ങൾ അതാണ് പ്രധാനം. അവൻ അൽപം  മുൻകോപിയും പിടിവാശിക്കാരനുമാണെങ്കിൽ പിന്നെ പറയാനില്ല. അച്ഛനമ്മമാർ അവന്റെ താളത്തിനു തുള്ളും. അങ്ങനെ മകനോടുള്ള അന്ധമായ പക്ഷഭേദം കണ്ടു വളർന്നതാണ് എന്റെ രണ്ടനുജത്തിമാരും ഞാനും എന്ന് മുൻപ് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ.

ഇനി വിജയലക്ഷ്മി എന്ന അമ്മയെപ്പറ്റി പറയട്ടെ. ഒരേ ഒരു മകനേ  അവർക്കുള്ളു. ഒറ്റക്കുട്ടി യുടെ എല്ലാ ദോഷവും അവനുണ്ട്.  അതിനു കാരണക്കാരി അവന്റെ അമ്മ തന്നെ എന്നാണ് എനിക്ക് തോന്നുന്നത്. അമിതമായി ശ്രദ്ധിച്ചാണ് അവർ അവനെ വളർത്തിയത്. 'വേറെയാർക്കും മക്കളില്ലേ, അവളുടെ ഒരു പുതുമ' എന്ന് വിജയലക്ഷ്മിയെ പറ്റി ബന്ധുക്കളും സുഹൃത്തുക്കളും പറയാറുണ്ടായിരുന്നു. അത്രയേറെ ശ്രദ്ധിച്ചിട്ടും ഒരു തലതിരിഞ്ഞ പയ്യനായി അവൻ വളർന്നു. ഭയങ്കര ദേഷ്യം. അക്രമാസക്‌തി.  അ നുസരണ ഒട്ടും ഇല്ല. പഠിക്കില്ല. അമ്മ എങ്ങനെയൊക്കെയോ കൂടെ ഇരുന്നു പഠിപ്പിച്ചു ഒരു ഡിഗ്രി എടുപ്പിച്ചു.  പിന്നെ അവൻ ടെസ്റ്റ് എഴുതുകയില്ല, ജോലിക്കു പോവുകയില്ല.  അവന്റെ എല്ലാ ആവശ്യങ്ങൾക്കും അമ്മ പണം കൊടുക്കണം. കൊടുത്തില്ലെങ്കിൽ റ്റി വി മുതൽ വീട്ടിലുള്ള എല്ലാ സാധനങ്ങളും അവൻ അടിച്ചു തകർക്കും. വീട്ടിനകത്ത് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കും.  അങ്ങനെ പലതവണ ഉണ്ടായിട്ടുണ്ട്.  വയസ്സ് പത്തിരുപത്തെട്ടു കഴിഞ്ഞു. സ്വഭാവത്തിനൊരു മാറ്റവുമില്ല. ഇപ്പോഴും വിജയലക്ഷ്മി മകന്റെ എല്ലാ ഇഷ്ടങ്ങളും സാധിച്ചു കൊടുക്കുന്നു ഒരക്ഷരം മറുത്തു പറയാതെ. ഇത് മകനോടുള്ള സ്നേഹം കൊണ്ടല്ല മകനെ ഭയന്നിട്ടാണ്. 

ശാസിച്ചും ശിക്ഷിച്ചും അതേ  സമയം സ്നേഹിച്ചും മക്കളെ വളർത്തിയിരുന്ന അച്ഛനമ്മമാരോട് സ്നേഹബഹുമാനങ്ങൾ കലർന്ന ഒരു ഭയം മക്കൾക്കുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് മക്കളായാലും മരുമക്കളായാലും അസാധാരണമായ രീതികളിൽ പെരുമാറുന്നവർ ശ്രദ്ധിക്കപ്പെടുന്നു ,പരിഗണിക്കപ്പെടുന്നു, ആദരിക്കപ്പെടുകപോലും ചെയ്യപ്പെടുന്നു എന്ന് പറയേണ്ടി വരുന്നു. ആരോടും വലിയ അടുപ്പം കാണിക്കാതെ ഒരു ഗ്യാപ്പ് ഇട്ടു നിൽക്കുന്നവർ ഉണ്ട് . 'അൺസോഷ്യബിൾ' ആയിരിക്കുന്നത് ഒരു വലിയ കാര്യമായി കാണുന്നവർ. മറ്റുള്ളവർ അവർക്കു ഒരു സ്ഥാനം കൊടുക്കുന്നത് ആ ജാടയെ പേടിച്ചിട്ടാണ്. അല്ലാതെ വിലമതിക്കുന്നതല്ല.     

                                                    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS