ADVERTISEMENT

അവസാനത്തെ അത്താഴം എന്ന് കേട്ടിട്ടുണ്ട്. ക്രിസ്തു മതവുമായി ബന്ധപ്പെട്ടു മാത്രമല്ല സാധാരണമനുഷ്യരുടെ കാര്യത്തിലും. എന്നാൽ അവസാനത്തെ വസ്ത്രം ആരും അത്ര പ്രധാനമായി കരുതാറില്ല.  മരിക്കുമ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രമല്ല, ചിതയിലേക്ക് അല്ലെങ്കിൽ കുഴിയിലേക്ക് പോകും മുൻപ് ധരിപ്പിക്കുന്ന വസ്ത്രത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

ഭൂമിയിലേയ്ക്ക് വരുമ്പോൾ ആരും ഒന്നും കൊണ്ടു വരുന്നില്ല. ഇവിടെ നിന്ന് പോകുമ്പോൾ ഒന്നും കൊണ്ടു  പോകുന്നുമില്ല. എത്ര ആശിച്ചു സ്വരുക്കൂട്ടി വച്ചതാണെങ്കിലും എന്തു മാത്രം അദ്ധ്വാനിച്ച് നേടിയതാണെങ്കിലും സ്വന്തമെന്നു കരുതി അത്യധികം സ്നേഹിച്ചതാണെങ്കിലും എല്ലാമെല്ലാം ഇവിടെ  ഉപേക്ഷിച്ച് പോകേണ്ടി വരും. സ്ഥാവര ജംഗമ വസ്തുക്കൾ മാത്രമല്ല  ഉറ്റവരും ഉടയവരും കൂടി അതിൽ ഉൾപ്പെടുന്നു. അങ്ങനെ എല്ലാമെല്ലാം, അതിന്റെ കൂടെ എല്ലാവരെയും വിട്ടു പോകുന്നു. അതാണ്‌ മരണം എന്ന അന്ത്യ യാത്ര. 

പഴയൊരു കഥയാണ്. പത്തു മുപ്പത്തെട്ടു കൊല്ലം മുൻപ് നടന്നത്. ഞങ്ങളുടെ അയൽപ്പക്കത്ത്  ഒരു ചേച്ചി ആത്മഹത്യ ചെയ്തു. മരിച്ചു കളയാനുള്ള കാര്യകാരണങ്ങൾ എന്തുതന്നെയാവട്ടെ, അവർ അങ്ങനെ ചെയ്തത് അത്യന്തം അപ്രതീക്ഷിതവും നടുക്കുന്നതുമായിരുന്നു. കാരണം ജീവിതം ആസ്വദിച്ചിരുന്ന, വസ്ത്രങ്ങളോടും ആഭരണങ്ങളോടും അമിതമായ താത്പര്യമുണ്ടായിരുന്ന, മറ്റുള്ളവർക്ക് അസൂയ തോന്നുമാറ് അണിഞ്ഞൊരുങ്ങി നടന്നിരുന്ന ഒരു സ്ത്രീയായിരുന്നു അവർ. പോസ്റ്റുമോർട്ടം കഴിഞ്ഞ് വെള്ളത്തുണിയിൽ  പൊതിഞ്ഞ ഒരു ഭാണ്ഡക്കെട്ടായി അവരെ കൊണ്ടു വന്നത് ഞാനിന്നും ഓർക്കുന്നു. അന്നവിടെ കൂടിയ ഞങ്ങൾ എല്ലാവരും കരയുകയായിരുന്നു.

"സരസയ്ക്ക് ഒരുപാട് നല്ല സാരികളുള്ളതാണ്. നല്ലതൊരെണ്ണം ഉടുപ്പിച്ചേ അവളെ അയയ്ക്കാവേ മാധവൻചേട്ടാ ..." പൊട്ടിക്കരഞ്ഞു കൊണ്ട് ഒരു യുവതി സരസയുടെ ഭർത്താവിനോട് പറഞ്ഞു. ആരൊക്കെയോ ചേർന്ന് അവരെ ഒരു നല്ല പട്ടു സാരി ഉടുപ്പിച്ച് (വാരിച്ചുറ്റി എന്ന് പറയുന്നതാവും ശരി ) സരസയെ യാത്രയാക്കി. കടും നിറമുള്ള സിൽക്ക് സാരിയുടുത്ത് കഴുത്തിൽ കല്ലുവച്ച മാലയിട്ട് കാതിൽ  അതിനു ചേർന്ന കമ്മലിട്ട്  കയ്യിൽ സ്വർണവളകൾ  കിലുക്കി  ചിരിച്ചു സംസാരിക്കുന്ന സരസയെ ഓർക്കാതിരിക്കാൻ എനിക്കപ്പോൾ കഴിയുമായിരുന്നില്ല. ഇന്നും ആ അവസാന വസ്ത്രം ധരിച്ച് സരസയുടെ യാത്ര ഓർത്താൽ എന്റെ  കണ്ണുകൾ ഈറനണിയും. അവിടെ ഉണ്ടായിരുന്ന സ്ത്രീകളുടെ കരച്ചിൽ എന്റെ കാതിൽ വീഴും.

ചത്ത് കിടന്നാലും ചമഞ്ഞു കിടക്കണമെന്നല്ലേ ചൊല്ല്! പ്രായമായിട്ടാണ് മരിക്കുന്നതെങ്കിലും നന്നായി അണിയിച്ചൊരുക്കി കിടത്തുന്ന ഒരു രീതി പണ്ട് ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. എന്റെ കളിക്കൂട്ടുകാരികളുടെ അമ്മമാരെയും അമ്മുമ്മമാരെയുമൊക്കെ അങ്ങനെയാണ് ചിതയിലേയ്ക്കെടുത്തത്. ഭർത്താവു ജീവിച്ചിരിക്കെ മരിച്ചാലേ പൊട്ടും പൂവുമൊക്കെ ഉണ്ടാവൂ. അതായതു സുമംഗലിയായി തന്നെ പോകാം. അല്ലെങ്കിൽ ഭസ്മക്കുറി മാത്രം. എന്തായാലും നിറയെ കസവുള്ള പട്ടുസാരി (മിക്കവാറും കല്യാണപട്ട് )ഉടുപ്പിച്ചിരിക്കും. തമിഴ് സ്വാധീനമായിരുന്നിരിക്കും അതിനു കാരണം.

പക്ഷേ എന്റെ വീട്ടിൽ വളരെ ലളിതമായിട്ടായിരുന്നു അവസാനത്തെ വസ്ത്രധാരണം. തൂവെള്ള മുണ്ടും ഷർട്ടും ധരിച്ച് ഒരു തൂവെള്ള മുണ്ടു പുതച്ച് അച്ഛൻ കിടന്നതും, നല്ല കസവുമുണ്ടും ബ്ലൗസുമണിഞ്ഞ് മറ്റൊരു കസവു നേരിയത് പുതച്ച് അമ്മ യാത്രയായതും  സങ്കടകരമായ ഒരു രംഗമായി ഇന്നും കണ്ണിനകത്തുണ്ട്. ഏറ്റവും വിലപിടിച്ച പാന്റും ഷർട്ടും വാർഡ്രോബ് നിറയെ തൂക്കിയിട്ടിരുന്ന, എന്റെ ഏക സഹോദരനും പോയത് വെള്ള പുതച്ചു തന്നെയായിരുന്നു.

ഇതെല്ലം ഇപ്പോൾ ഓർക്കാൻ കാരണം ഒരു കൂട്ടുകാരിയുടെ ചേച്ചിയുടെ മരണം അന്വേഷിച്ച് പോകാൻ ഇടയായപ്പോഴാണ്. ഏറ്റവും വിലപിടിച്ച സാരി ഉടുത്തേ ഞാൻ അവരെ കണ്ടിട്ടുള്ളു. ഓരോ കല്യാണത്തിനും മറ്റേതെങ്കിലും വിശേഷത്തിനും ആ ചേച്ചി പുതിയ സാരി വാങ്ങും. അവരുടെ ആഗ്രഹം എപ്പോഴും സാധിച്ചു കൊടുക്കുമായിരുന്നു അവരുടെ പ്രിയഭർത്താവും. പരസ്യത്തിലെ മോഡൽനെപ്പോലെ വൃത്തിയായും ഭംഗിയായും മാത്രമേ ചെറുപ്പം മുതലേ അവർ സാരി ധരിച്ചിരുന്നുള്ളു. നോക്കി നിന്നു പോയിട്ടുണ്ട്. പ്രായമായിട്ടും ഡ്രസ്സിങ്ങിൽ ഒരു വിട്ടു വീഴ്ചയ്ക്കും അവർ തയാറായിരുന്നില്ല. പെട്ടെന്ന് ഈ നഗരത്തിൽ വച്ചാണ് അവർ അന്തരിച്ചത്. മക്കളൊക്കെ ഇവിടെ സെറ്റിൽഡായത് കൊണ്ട് ഫ്യുണറൽ ഇവിടെ തന്നെ നടത്താൻ തീരുമാനിച്ചു. കാണാൻ ചെന്ന ഞാൻ അമ്പരന്നു. വിലകുറഞ്ഞ ഒരു സാധാരണ സാരി ധരിച്ച് ആ ചേച്ചി ഉറങ്ങിക്കിടക്കുന്നു. അനുശോചിക്കാനും ആശ്വസിപ്പിക്കാനുമായി കൂട്ടുകാരിയുടെ അടുത്ത് ഞാൻ ചെന്നു. 

"ഇതെന്താ ഇങ്ങനെ ചേച്ചിയെ ?" എന്നു ഞാൻ ചോദിച്ചില്ല.അതിനു മുൻപേ എന്റെ കൂട്ടുകാരി പറഞ്ഞു.

"ചേച്ചിയുടെ വീട് കുറച്ചു ദൂരെയല്ലേ? അവിടെപ്പോയി ഒരു നല്ല സാരിയെടുക്കാനൊന്നും പറ്റിയില്ല. മരുമക്കളാരോ ഇവിടെ അടുത്തുനിന്നെങ്ങാണ്ട് വാങ്ങിക്കൊണ്ടു വന്നതാണ്. ഓർമ്മ  വെച്ചതിൽ പിന്നെ എന്റെ ചേച്ചിയെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ല" അവൾ വല്ലാതെ വിതുമ്പി. 

എന്ത് ആശ്വാസവാക്കാണ് പറയുക എന്നറിയാതെ നിറഞ്ഞ കണ്ണുകളുമായി ഞാനും നിന്നു.

ഇതാണ് അവസാന വസ്ത്രത്തിന്റെ അവസ്ഥ. എത്ര നല്ല വസ്ത്രങ്ങളുണ്ടെങ്കിലും ആരെങ്കിലും ഒന്നെടുത്തു കൊടുത്താലല്ലേ കിട്ടൂ. മരിച്ചയാൾക്കു തനിയെ എടുക്കാനോ, ഇന്നത് വേണമെന്ന് പറയാനോ ആവില്ലല്ലോ. അലമാരയിൽ വസ്ത്രങ്ങൾ നിറഞ്ഞിരിക്കുമ്പോൾ ആരോ കനിഞ്ഞു നൽകിയ ഒരു തുണി പുതച്ചു കാണികൾക്കു നടുവിൽ കിടക്കുമ്പോഴുള്ള നിസ്സഹായത ആത്മാവ് അറിയുന്നുണ്ടോ? ആർക്കറിയാം.

രഞ്ജിത എന്ന കൂട്ടുകാരി അവൾ മരിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു വിൽപത്രം എഴുതി വച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ കൂട്ടുകാർ ഒന്നടങ്കം പൊട്ടിച്ചിരിച്ചു. 

ഒരു നല്ല സാരി ഉടുപ്പിക്കണം. ഏറ്റവും പുതിയ ഒന്ന്. മുടി ഭംഗിയായി ചീകി കെട്ടണം. മുഖത്ത് ക്രീം പുരട്ടി, പൊട്ടു തൊട്ടു കണ്ണെഴുതി പുരികം കറുപ്പിച്ച് ലിപ്സ്റ്റിക്കിട്ട് ഒരുക്കിയിരിക്കണം. സാധാരണ  ധരിക്കാറുള്ള ഡിസൈനർ ആഭരണങ്ങൾ ധരിപ്പിക്കണം. മൂക്കുത്തിയും വെള്ളിപാദസരവും ഊരിയെടുക്കരുത്. ഇങ്ങനെ പോകുന്നു രഞ്ജിതയുടെ വിൽപത്രത്തിലെ വ്യവസ്ഥകൾ. കേട്ടപ്പോൾ ചിരിച്ചെങ്കിലും അത് വളരെ നല്ലതാണെന്ന്  ഇപ്പോൾ തോന്നുന്നു. ജീവിച്ചിരിക്കുമ്പോൾ നമ്മുടെ ഇഷ്ടങ്ങൾ സാധിക്കാൻ നമ്മൾ ആഗ്രഹിക്കാറില്ലേ? രഞ്ജിതയെപ്പോലെ ഒരു വിൽ എഴുതി വച്ചാൽ മരണശേഷവും ആഗ്രഹങ്ങൾ സാധിച്ച് ആത്മാവിനെ തൃപ്തിപ്പെടുത്തി പോകാം. അല്ലേ?

Content Summary: Kadhayillaymakal- Column by Devi J S on Last Dress       

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com