സമയത്തിന്റെ വില

HIGHLIGHTS
  • നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാത്ത ഏറ്റവും വിലപിടിച്ചവയിൽ ഒന്നാണ് സമയം
Jose-HERNANDEZ-Camera-51–Shutterstock-woman
Representative image. Photo Credit: Jose-HERNANDEZ-Camera-51/Shutterstock.com
SHARE

നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാത്ത ഏറ്റവും വിലപിടിച്ചവയിൽ ഒന്നാണ് സമയം. സമയം പോയാൽ പോയതു തന്നെ. തിരിച്ചെടുക്കാൻ ആവില്ല. 

പഠിക്കുന്ന കുട്ടികളോട് എന്നിലെ അദ്ധ്യാപിക പറയാറുണ്ട്. ഈ സമയം കടന്നു പോകും. സമയം ആർക്കു വേണ്ടിയും കാത്തു നിൽക്കുകയില്ല. അത് വെറുതെ പാഴാക്കിക്കളയരുത്. പഠിക്കാനുള്ള കാലം പഠിക്കുക തന്നെ ചെയ്യണം. പിന്നീടൊരിക്കൽ  ആ സമയം നമുക്ക് കിട്ടുകയില്ല. എല്ലാക്കാര്യത്തിലും സമയം പ്രധാനം തന്നെ. കളിക്കാനുള്ള സമയം, ജോലിചെയ്യാനുള്ള സമയം, വിശ്രമിക്കാനുള്ള സമയം, യാത്രചെയ്യാനുള്ള സമയം, ഇങ്ങനെ ഓരോന്നിനും നമ്മൾ നീക്കി വയ്ക്കുന്ന സമയം നഷ്ടപ്പെടുത്താതെ ഉപയോഗിക്കേണ്ടതുണ്ട്.

നമ്മുടെ സമയം ഏറ്റവും കൂടുതൽ നഷ്ടപ്പെടുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്. മറ്റുള്ളവർക്ക് വേണ്ടി കാത്തിരിക്കുക, വഴിയരികിൽ കാത്തു നിൽക്കുക ഇതൊക്കെ മിക്കവാറും  നമ്മുടെ ദിനചര്യയുടെ ഭാഗമാണ്. സമയ നിഷ്ഠ പാലിക്കുന്നയാളാണ് ഞാൻ. അതുകൊണ്ടു മിക്കവാറും കാത്തു  നിന്ന് വലയേണ്ടി വന്നിട്ടുണ്ട് . മറ്റുള്ളവരെല്ലാം കൃത്യനിഷ്ഠ ഇല്ലാത്തവരും ഞാൻ മാത്രം സമയം കൃത്യമായി പാലിക്കുന്നവളും ആണെന്നല്ല ഞാൻ പറഞ്ഞു കൊണ്ടു  വരുന്നത്. നൂറിൽ തൊണ്ണൂറു പേരും സമയ കൃത്യത ഉള്ളവരാകും. ബാക്കി പത്തു മതിയല്ലോ നമ്മുടെ സമയം മിനക്കെടുത്താൻ.

ഇതിന് ഒരുപാട്  ഉദാഹരണങ്ങൾ  പറയാനാവും. സ്കൂൾ കോളേജ് കാലം മുതൽ ഞാൻ ഇത് അനുഭവിച്ചിരുന്നു. നേരത്തെ ഇറങ്ങണം എന്നത് എന്റെ വീട്ടിലെ നിയമമാണ്. അതു  കൊണ്ട് അനുജത്തിയും ഞാനും സമയത്തു തന്നെ പുറപ്പെടും. കുറെ കൂട്ടുകാരുണ്ട് ഒരുമിച്ചു പോകാനായി. ഏതെങ്കിലും ഒരുത്തി വൈകും. പിന്നെ റോഡു നീളെ ഓടി (അന്നിത്രയും ട്രാഫിക് ഇല്ലാത്തത് മഹാഭാഗ്യം ) കിതച്ച്, വിയർത്തു കുളിച്ചാണ് ബെല്ലടിക്കും മുൻപേ എത്തുക. തനിച്ചു പോകാനുള്ള മടി. കൂട്ടുകൂടി പോകുന്നതിന്റെ  രസം. അതുകൊണ്ട്  അതൊക്കെ സഹിച്ചു. പക്ഷെ ജോലി ആയതോടെ ഒറ്റയ്ക്ക് തന്നെ പോകാൻ തുടങ്ങി ഞാൻ. കാരണം ആർക്കെങ്കിലും വേണ്ടി കാത്തു  നിന്നോ അന്ന് വൈകിയതു തന്നെ.           

കൂട്ടുകാരികളുമൊത്ത്  ഞാൻ സിനിമ കാണാൻ പോകാറുണ്ടായിരുന്നു. തിയേറ്ററിൽ കാത്തു  നിന്നു  ഞാൻ മടുക്കും. ഓരോരുത്തർ ഒരുങ്ങിപ്പിടിച്ചു വരുന്നത് സിനിമ തുടങ്ങുമ്പോഴാവും. പിന്നെ തപ്പി തടഞ്ഞ് കയറാനും സീറ്റ് കണ്ടു പിടിച്ച് ഇരിക്കാനും കഷ്ടപ്പെടേണ്ടി വരും. താമസിച്ചു വന്നവർക്കു ഒരു ഭാവഭേദവുമില്ല. ഒടുവിൽ ആ പരിപാടിയേ ഞാൻ ഉപേക്ഷിച്ചു. അതു പിന്നെ സിനിമയല്ലേ എന്നു  വയ്ക്കാം. ട്രെയിനിൽ എവിടെയെങ്കിലും പോകാൻ പ്ലാനിട്ടാലോ? ട്രെയിൻ സിഗ്നൽ ആവുമ്പോഴേ ഞാൻ കാത്ത് നിൽക്കുന്ന കൂട്ടുകാർ വന്നെത്തൂ. പിന്നെ ഓടിപെടപെടുത്ത് വല്ല വിധവും വണ്ടിയിൽ കയറി പറ്റണം. എത്രയോ തവണ ട്രെയിൻ മിസ് ആയിട്ടുണ്ട്.

ഡോക്ടർമാരെ കാണുക എന്നത് എന്റെ ജീവിതത്തിൽ ഒഴിച്ചു കൂടാൻ വയ്യാത്ത കാര്യമാണ്. അപ്പോയ്ന്റ്മെന്റ് ഒക്കെ എടുത്ത് കൃത്യ സമയത്തിന് മുൻപെത്തിയാലും മണിക്കൂറുകളാണ് ചിലപ്പോൾ കാത്തിരിക്കേണ്ടി വരിക. ആവശ്യം എന്റേതല്ലേ? മിനിറ്റുകളും മണിക്കൂറുകളുമെണ്ണി കാത്തിരിക്കാതെ വേറെ വഴിയുണ്ടോ?

എന്റെ മകളും മരുമകനും ഒരു പുതിയ വീട് വാങ്ങിയപ്പോൾ പൂജകൾ നടത്തണമല്ലോ. പൂജാരിയെ ഏർപ്പാടാക്കി. അദ്ദേഹം വേണ്ടതെല്ലാം എത്തിക്കാം എന്നേറ്റു. പാലുകാച്ചാനുള്ള ഓട്ടുരുളി മാത്രം നമ്മൾ കരുതി വച്ചാൽ മതി. പറഞ്ഞത് പോലെ വിളക്കുകളും മറ്റു സാമഗ്രികളുമൊക്കെ ഉച്ചയ്‌ക്കെ എത്തിച്ചു. നാലു മണിക്ക് പൂജാരികൾ എത്തുമെന്നും ഞങ്ങൾ  തയാറായിരിക്കണമെന്നും അറിയിച്ചു. ഞങ്ങൾ വീട്ടുകാർ എല്ലാവരും കുളിച്ചൊരുങ്ങി നാലുമണിക്ക് മുന്നേ തയാറായി. മണി നാലു കഴിഞ്ഞു, അഞ്ചു കഴിഞ്ഞു . അവരെ കാണാനില്ല. കാത്തിരുന്ന് ഞങ്ങളുടെ കണ്ണു കഴച്ചു. ആറു മണിയായപ്പോൾ അവരെത്തി. പൂജാരിയും രണ്ട് അസ്സിസ്റ്റന്റുമാരും പത്തിരുപതു കൂടുകളും. അവയിൽ പൂക്കൾ മുതൽ അക്ഷതം വരെ പൂജയ്ക്കു വേണ്ട സാമഗ്രികളാണ്.

"എന്താ വൈകിയത്? ഈ  പൂജയ്ക്ക് മുഹൂർത്തമൊന്നുമില്ലേ?" ചോദിക്കാതിരിക്കാൻ എനിക്കായില്ല.  വൈകിയതിന് കാരണങ്ങൾ നിരത്തി ഇതൊന്നും അത്ര കാര്യമല്ല എന്ന മട്ടിൽ അവർ ധൃതിവച്ച്   ഒരുക്കങ്ങൾ തുടങ്ങി. നാലുമുതൽ ഏഴു വരെ നടക്കേണ്ടത് ആറു  മുതൽ ഒൻപതു വരെ ആയി. എന്നാലെന്താ പൂജ കേമമായില്ലേ എന്ന മട്ടിൽ  പൂജാരി ചിരിച്ചു. 

പിറ്റേന്ന് വെളുപ്പിന് നാലുമണിക്ക് ഹോമത്തിനു വരും. എല്ലാം റെഡിയായിരിക്കണം എന്നു  പറഞ്ഞപ്പോൾ ഞാൻ  ഞെട്ടി. എന്നാലും മൂന്നു മണിക്കെഴുന്നേറ്റ് ഞങ്ങൾ തയാറായി നിന്നു. ഏതായാലും നാല്  എന്നത് അഞ്ചരയായി. ഒന്നരമണിക്കൂറല്ലേ വൈകിയുള്ളു എന്ന മട്ടിൽ അവർ  ഹോമകുണ്ഡം ജ്വലിപ്പിച്ചു. തീരാൻ മൂന്നുനാലു മണിക്കൂർ എടുത്തെങ്കിലും  എല്ലാം ഭംഗിയായല്ലോ എന്ന് ഞങ്ങൾ ആശ്വസിച്ചു. പൂജാരി  വൈകിയാൽ  പൂജ വേണ്ടാന്ന് വയ്ക്കാനാവുമോ? 

"ആവും." ഇത് പറയുന്നത് എന്റെ ഒരു സുഹൃത്താണ്. എന്തോ വാസ്തു ദോഷമുള്ളതു കൊണ്ട് അവരുടെ വീടിന്റെ ഒരു ഭാഗം ഇടിച്ചു പണിയണം. ജ്യോത്സ്യനെയും   മൂത്താശാരിയെയും കാത്ത് മണിക്കൂറുകൾ അവർ നിന്നു. മുഹൂർത്തം തെറ്റി. അവർ വന്നപ്പോൾ  പുള്ളിക്കാരി കൂൾ ആയി പറഞ്ഞു.  "വീട് ഇടിച്ചു പണിയുന്നില്ല. മുഹൂർത്തം തെറ്റി ചെയ്താൽ ശരിയാവില്ല. വാസ്തു ദോഷം ഞങ്ങൾ സഹിച്ചോളാം ."   

"ഒരു പത്തു മിനിറ്റിൽ കൂടുതൽ ആർക്കു വേണ്ടിയും ഒരു കാര്യത്തിനു  വേണ്ടിയും കാത്തു  നിൽക്കരുത് ദേവീ ." സമയത്തിന് വലിയ വില കൽപ്പിക്കുന്ന ഒരു സുഹൃത്ത്  പറയാറുണ്ടായിരുന്നു. "നമ്മുടെ സമയം പാഴാക്കാൻ ആരെയും അനുവദിക്കരുത്. ഓരോ സെക്കന്റും, മിനിറ്റും വിലപ്പെട്ടതാണ്. പോയാൽ പോയത് തന്നെ."

ഈശ്വരൻ നമുക്ക് ഭൂമിയിൽ ജീവിക്കാൻ അനുവദിച്ചു തരുന്ന സമയമാണ് ജീവിതം. അത് നമ്മൾ നന്നായി ജീവിച്ചു തന്നെ തീർക്കണം!  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS