ഡ്രൈവറുടെ മനോനില തെറ്റുമ്പോൾ

kuzhalmanda-accident-news
SHARE

പണ്ടൊക്കെ ഒരു വാഹന ദുരന്തമുണ്ടായാൽ അതേക്കുറിച്ച് പൊലീസും തുടർന്ന് അന്വേഷണ കമ്മിഷനുമൊക്കെ ദിവസങ്ങളും മാസങ്ങളും അന്വേഷണം നടത്തിയാണ് സത്യം കണ്ടെത്തുക. പലപ്പോഴും അവർ കണ്ടെത്തുന്നത് പൂർണ സത്യം ആവണമെന്നില്ല. ഇന്നിപ്പോൾ ഇതാ വഴിയിൽ കൺപാർത്തിരിക്കുന്ന സിസിടിവി ക്യാമറയിൽ പതിയുന്ന വിഡിയോ ദൃശ്യങ്ങളിൽ ഒരു നിമിഷം കൊണ്ട് സത്യം തെളിയുന്നു.

റോഡിലൂടെ പല വാഹനങ്ങൾ ചീറിപ്പായുന്ന സമയത്ത് ഉണ്ടാകുന്ന അപകടത്തിന്റെ യഥാർഥ കാരണം സാഹചര്യത്തെളിവുകളും ദൃക്സാക്ഷി വിവരണങ്ങളും കൊണ്ടുമാത്രം കണ്ടെത്താനായി എന്നുവരില്ല. 

ഉദാഹരണത്തിന്, കഴിഞ്ഞ ദിവസം കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസിന്റെ അപകടത്തിൽ കുന്നംകുളത്ത് ഒരാൾ മരിച്ച സംഭവം. ആദ്യം പ്രചരിച്ച വാർത്ത സ്വിഫ്റ്റ് ബസ് വഴിയാത്രക്കാരനെ ഇടിച്ചു കൊന്നുവെന്നാണ്. സ്വിഫ്റ്റിന്റെ കന്നിയാത്ര തന്നെ അപകടങ്ങൾ ഉണ്ടാക്കിയതുകൊണ്ട് ജനരോഷം കെഎസ്ആർടിസിയുടെ നേർക്കു തിരിഞ്ഞു. എന്നാൽ വൈകാതെ എത്തിയ സിസിടിവി ദൃശ്യങ്ങൾ പറഞ്ഞത് കാൽനടക്കാരനെ ഇടിച്ചിട്ടത് മുന്നിൽ പോയ ഒരു ട്രക്ക് ആണെന്നാണ്. പിന്നാലെ വന്ന ബസ് വീണു കിടന്നയാളുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. അതായത്, കേസിൽ സ്വിഫ്റ്റ് ബസ് ഡ്രൈവർ രണ്ടാംപ്രതി മാത്രം. അതേസമയം, പരിശീലനം കിട്ടാത്ത ഡ്രൈവർമാരാണ് സ്വിഫ്റ്റ് ബസുകൾ ഓടിക്കുന്നതെന്ന ഗുരുതരമായ ആരോപണം നിലനിൽക്കുന്നുമുണ്ട്. അതിലും ഗൗരവമുള്ളതാണ് സമ്മർദ്ദങ്ങൾക്ക് പെട്ടെന്ന് അടിപ്പെടുന്നവരോ മനോനില തെറ്റിയവരോ ആയ ഡ്രൈവർമാർ വാഹനങ്ങൾ ഓടിക്കുന്നത്.

kerala-accident-news-thalakkuri

രണ്ടു മാസം മുൻപ് കുഴൽമന്ദത്ത് യുവാക്കളായ രണ്ട് സ്കൂട്ടർ യാത്രക്കാർ കെഎസ്ആർടിസി ബസിനിടയിൽപ്പെട്ടു ഞെരിഞ്ഞമർന്ന സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചതാണ്. കുഴൽമന്ദത്ത് സ്കൂട്ടർ യാത്രക്കാരെ ഓവർടേക്ക് ചെയ്ത ബസ് പെട്ടെന്ന് വലത്തോട്ടു വെട്ടിച്ച് സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തുന്ന വിഡിയോ ദൃശ്യങ്ങൾ നമ്മെ നടുക്കി. ആദ്യം പ്രചരിച്ച വാർത്ത ഇടതു വശത്തുകൂടി പോയ ലോറിയാണ് സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തിയത് എന്നായിരുന്നു. എന്നാൽ ബസ് ബോധപൂർവം ഇടിച്ചു വീഴ്ത്തിയതാണ് എന്നു വ്യക്തമാക്കുന്നതായിരുന്നു വിഡിയോ. എന്തിനു ഡ്രൈവർ അങ്ങനെ ചെയ്തു എന്നത് ഇപ്പോൾ പൊലീസിന്റെ അന്വേഷണത്തിലാണ്. ഡ്രൈവിങ്ങിനിടയിൽ എന്തുകൊണ്ടോ എപ്പോഴോ ചില സമയങ്ങളിൽ അവരുടെ മനോനില തെറ്റുന്നുവെന്നു സംശയിക്കണം. പെട്ടെന്നുണ്ടാകുന്ന വികാര വിക്ഷോഭങ്ങൾ അവരെ ഒരുതരം ഉന്മാദത്തിൽ വീഴ്ത്തുന്നു. അതിന് ബലിയാടാകുന്നത് നിരപരാധികളും

ഒരു ഡ്രൈവർക്ക് മനോനില തെറ്റിയപ്പോൾ 40 പേരുടെ ജീവനെടുത്ത സംഭവം നാലു പതിറ്റാണ്ട് മുൻപ് ആലുവയിൽ ഉണ്ടായിട്ടുണ്ട്. കരിയാട് –കാലടി റൂട്ടിലെ അകപ്പറമ്പ് ലവൽ ക്രോസിൽ ഉണ്ടായ ദുരന്തത്തിൽ ജയന്തി ജനത എക്സ്പ്രസ് തമിഴ്നാട്ടിൽനിന്നു വന്ന ടൂറിസ്റ്റ് ബസിൽ ഇടിച്ച് 40 പേരാണ് പിടഞ്ഞുമരിച്ചത്.

kuzhalmanda-accident-thalakkuri

ഒരു സാധാരണ റെയിൽവേ ക്രോസ് അപകടം എന്ന നിലയിലായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ട്രെയിൻ വരുന്നത് കണ്ടിട്ടും വകവയ്ക്കാതെ ആളില്ലാത്ത ലവൽ ക്രോസിലേക്ക് ഡ്രൈവർ ബസ് ഓടിച്ചുകയറ്റിയതാണ് അപകട കാരണമെന്നു കമ്മിഷൻ കണ്ടെത്തി. ഇതിനെ സാധൂകരിക്കുന്ന ചില തെളിവുകളും കിട്ടി. അപകടത്തിൽനിന്നു പരുക്കുകളോടെ രക്ഷപ്പെട്ടവരെ കമ്മിഷൻ വിസ്തരിച്ചപ്പോഴാണ് അതുവരെ അറിയാത്ത ചില കഥകൾ പുറത്തുവന്നത്. 

thalakkuri-kuzhalmanda-accident-news

യാത്രയ്ക്കിടയിൽ എപ്പോഴോ യാത്രക്കാരും ഡ്രൈവറും തമ്മിലിടഞ്ഞു. അപകടം ഉണ്ടാകുന്നതിന് ഏതാനും മിനിറ്റ് മുൻപ് അതു വഴക്കിലെത്തി. ബസിന്റെ വേഗം കൂട്ടിക്കൊണ്ടാണ് ഡ്രൈവർ യാത്രക്കാരോടുള്ള രോഷം പ്രകടിപ്പിച്ചത്. യാത്രക്കാർ അമിതവേഗത്തെ ചോദ്യം ചെയ്തത് ഡ്രൈവറുടെ ദേഷ്യം ഇരട്ടിപ്പിച്ചു. ഈ സമയത്താണ് ബസ് ലെവൽ ക്രോസിലേക്ക് കയറിയതും പെട്ടെന്നു നിന്നതും. ആളില്ലാത്ത ലവൽ ക്രോസ് ആണെങ്കിലും വെളിമ്പ്രദേശമായതിനാൽ ട്രെയിൻ വരുന്നുണ്ടെങ്കിൽ വളരെ ദൂരെ നിന്നു തന്നെ കാണാമായിരുന്നു. മാത്രമല്ല, മുമ്പൊരിക്കലും ആ ലെവൽക്രോസിൽ അപകടമൊന്നും ഉണ്ടായിട്ടുമില്ല. ഡ്രൈവർ ലവൽക്രോസിൽ ബസ് നിർത്തിയതായാണ് രക്ഷപ്പെട്ട ഒരു യാത്രക്കാരിയുടെ മൊഴി: എന്നാൽ അപകടത്തിൽ ഡ്രൈവറും മരിച്ചതിനാൽ ബസ് നിന്നു പോയതാണോ നിർത്തിയതാണോ എന്നു കണ്ടെത്താൻ മാർഗമൊന്നും ഇല്ലായിരുന്നു.

kuzhalmanda-accident

ഡ്രൈവിങ് സ്കിൽ പോലെ തന്നെ പ്രധാനമാണ് ഡ്രൈവർമാരുടെ മനോനിലയുമെന്നതിനും ക്ഷിപ്രകോപികളായ ഡ്രൈവർമാർ ദുരന്തങ്ങൾ ഉണ്ടാക്കുമെന്നതിനും ഈ സംഭവം ഉദാഹരണം.

accident-news-thalakkuri

കുഴൽമന്ദത്ത് അപകടത്തിനു മുമ്പ് കെഎസ്ആർടിസി ബസ് ഡ്രൈവറും ബൈക്ക് യാത്രക്കാരും തമ്മിൽ ചില്ലറ കശപിശ ഉണ്ടായതായി യാത്രക്കാർ പറയുന്നു. ബൈക്കിനെ ഓവർടേക്ക് ചെയ്ത സമയത്ത് മതിയായ കാരണമില്ലാതെ വണ്ടി വലത്തോട്ടു വെട്ടിച്ച ഡ്രൈവറുടെ മാനസികാവസ്ഥയും പഠനവിധേയമാക്കേണ്ടതാണ്.

ആനവണ്ടി ഓടിക്കുന്ന ഡ്രൈവർമാർ അവരറിയാതെ എത്തിച്ചേരുന്ന ഒരു മാനസികാവസ്ഥയുണ്ട്. സംഘടനാ ബലം നൽകുന്ന ധാർഷ്ട്യം ഉണ്ട്. ആ ധാർഷ്ട്യമാണ് തിരക്കേറിയ റോഡുകളിൽ ബുൾഡോസർ പോലെ ബസ് കൊണ്ടുപോകാൻ അവർക്കു ധൈര്യം നൽകുന്നത്. ആ സ്വാതന്ത്ര്യം അവർക്ക് അനുവദിച്ചു കൊടുക്കാത്തവർക്കൊക്കെ പണി കിട്ടിയിട്ടുണ്ട്. സത്യം പറയട്ടെ, കെഎസ്ആർടിസി ബസ് കണ്ടാൽ ജീവനുംകൊണ്ടു രക്ഷപ്പെടാനാണ് എന്റെ ഉപബോധമനസ്സ് എന്നെ ഉപദേശിക്കാറ്.

Content Summary: Thalakkuri column on road accidents due to mental issues of drivers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS