സമാധാനത്തിന് ‘മഹാ’ പദ്ധതി

HIGHLIGHTS
  • പലസ്തീന്‍ തലസ്ഥാനം ജറൂസലമിനു പുറത്ത്
  • സെറ്റില്‍മെന്‍റുകള്‍ പൊളിച്ചുനീക്കില്ല
Donald Trump
ഇസ്രയേല്‍ പ്രധാനമന്ത്രി ആഗ്രഹിച്ചതും ആവശ്യപ്പെട്ടതും ട്രംപിന്‍റെ പദ്ധതി അദ്ദേഹത്തിനു സമ്മാനിക്കുന്നു. കാല്‍ നൂറ്റാണ്ടു മുന്‍പ് പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍റെ കാര്‍മികത്വത്തില്‍ ഇസ്രയേല്‍, പലസ്തീന്‍ നേതാക്കള്‍ ഒപ്പുവച്ച കരാറിനെ അതു കാറ്റില്‍ പറത്തുന്നു
SHARE

"വൈറ്റ്ഹൗസില്‍ ഇസ്രയേലിന് ഇത്രയും വലിയൊരു സുഹൃത്ത് മുന്‍പൊരിക്കലുമുണ്ടായിട്ടില്ല". യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ചുളള ഈ അഭിപ്രായം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഒരിക്കലും തുറന്നു പറയാതിരുന്നി ട്ടില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ജനുവരി 28) ട്രംപിന്‍റെ സാന്നിദ്ധ്യത്തി ല്‍തന്നെ അദ്ദേഹം അതാവര്‍ത്തിച്ചതു  മറ്റെന്നത്തേക്കാളും ആഹ്ലാദവും സംതൃപ്തിയും പ്രകടിപ്പിച്ചുകൊണ്ടായിരുന്നു. ചിരിക്കുന്ന മുഖവുമായി അദ്ദേഹം ഇടയ്ക്കിടെ ട്രംപിന്‍റെ കൈ പിടിച്ചുകുലുക്കുന്നതും ടെലിവിഷനില്‍ കണ്ടു. 

ആ വിധത്തിലുളളതാണ് ഇസ്രയേല്‍-പലസ്തീന്‍ പ്രശ്ന പരിഹാരത്തിനെന്ന പേരില്‍ അന്നു വൈറ്റ്ഹൗസില്‍ ട്രംപ് അനാവരണം ചെയ്ത മധ്യപൂര്‍വദേശ സമാധാന പദ്ധതി. ട്രംപിനുവേണ്ടി, അദ്ദേഹത്തിന്‍റെ മകളുടെ ഭര്‍ത്താവും സീനിയര്‍ ഉപദേഷ്ടാവുമായ ജാറിദ് കുഷ്നര്‍ മൂന്നു വര്‍ഷമെടുത്തു തയാറാക്കിയതാണ് 80 പേജുകളിലായി വിവരിച്ചിട്ടുള്ള ഈ പദ്ധതി. നെതന്യാഹുവിന്‍റെ കുടുംബ സുഹൃത്തുകൂടിയാണ് കുഷ്നര്‍.  

നെതന്യാഹു ആഗ്രഹിച്ചതും ആവശ്യപ്പെട്ടതും ഈ പദ്ധതി അദ്ദേഹത്തിനു സമ്മാനിക്കുന്നു. കാല്‍ നൂറ്റാണ്ടു മുന്‍പ് (1993ല്‍) വൈറ്റ് ഹൗസില്‍ വച്ച് തന്നെ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍റെ കാര്‍മികത്വത്തില്‍ ഇസ്രയേലിന്‍റെ യും പലസ്തീന്‍റെയും നേതാക്കള്‍ ഒപ്പുവച്ച ചരിത്രപ്രധാനമായ കരാറിലെ വ്യവസ്ഥകളെ ഇതു കാറ്റില്‍ പറത്തുകയും ചെയ്യുന്നു. ആ കരാര്‍ അനുസരിച്ച് പലസ്തീന്‍കാരുടെ രാജ്യമാകാന്‍ നിശ്ചയിച്ചിരുന്ന വെസ്റ്റ് ബാങ്ക് മുഴുവനായി ഇനി അവര്‍ക്കു കിട്ടില്ല. 1967 ജൂണിലെയുദ്ധത്തില്‍ ജോര്‍ദ്ദാനില്‍നിന്ന് ഇസ്രയേല്‍ പിടിച്ചടക്കിയതാണ് ഈ പ്രദേശം. 

അവിടെയും ആ യുദ്ധത്തില്‍തന്നെ പിടിച്ചടക്കിയ മറ്റു ചില പ്രദേശങ്ങളിലും, രാജ്യാന്തര നിയമങ്ങള്‍ക്കു വിരുദ്ധമായി നേരത്തെതന്നെ ഇസ്രയേല്‍ സ്വന്തം പൗരന്മാരെ കുടിയിരുത്തി വരികയായിരുന്നു. അവര്‍ക്കു താമസിക്കാനായി  നൂറുകണക്കിനു സെറ്റില്‍മെന്‍റുകളും സ്ഥാപിതമായി. വെസ്റ്റ് ബാങ്കില്‍ 132 സെറ്റില്‍മെന്‍റു കളിലായി നാലു ലക്ഷത്തിലേറെയും കിഴക്കന്‍ ജറൂസലമില്‍ 13 സെറ്റില്‍മെന്‍റുകളിലായി രണ്ടുലക്ഷത്തി ലേറെയും ഇസ്രയേലികള്‍ താമസിക്കുന്നു. ട്രംപിന്‍റെ പദ്ധതിയനുസരിച്ച് വെസ്റ്റ് ബാങ്കിലെ സെറ്റില്‍മെന്‍റു കളൊന്നും പൊളിച്ചുനീക്കില്ലെന്നു മാത്രമല്ല, അവയുടെ മേല്‍ ഇസ്രയേലിനു പരമാധികാരം ഉണ്ടായിരിക്കു കയും ചെയ്യും. നാലു വര്‍ഷംവരെ പുതിയ സെറ്റില്‍മെന്‍റുകളൊന്നും സ്ഥാപിക്കില്ലെന്നുമാത്രം. 

benjamin-netanyahu-33
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു

വെസ്റ്റ് ബാങ്കില്‍ ജോര്‍ദാനുമായുള്ള അതിര്‍ത്തിയിലെ നദിയുടെ (ജോര്‍ദാന്‍നദി) ഫലഭൂയിഷ്ടമായ തീരപ്രദേശവും മേലില്‍ ഇസ്രയേലിന്‍റെ പരമാധികാരത്തിലായിരിക്കും. സങ്കല്‍പിത പലസ്തീന്‍ രാജ്യത്തിന്‍റെ അപ്പക്കൂടായി കരുതിയിരുന്ന സ്ഥലമാണിത്.  വെസ്റ്റ് ബാങ്കിന്‍റെ ബാക്കി ഭാഗത്തായിരിക്കും പലസ്തീന്‍കാര്‍ക്കു കിട്ടുന്ന രാജ്യം. ജോര്‍ദാന്‍ നദീതടം ഇസ്രയേലിലാവുന്നതോടെ ആ നദിയില്‍ നിന്നുളള വെളളം പലസ്തീന്‍കാര്‍ക്ക് അപ്രാപ്യമാവുകയും ചെയ്യും. 

  

ട്രംപിന്‍റെ പദ്ധതി പ്രഖ്യാപിക്കപ്പെട്ട ഉടന്‍തന്നെ നെതന്യാഹു ജോര്‍ദാന്‍ നദീതടം ഇസ്രയേലില്‍  ലയിപ്പിക്കാനുള്ള നീക്കം തുടങ്ങി. ഇതിനു വേണ്ടി മന്ത്രിസഭയുടെ അടിയന്തരയോഗം ഈ ഞായറാഴ്ച  ചേരുകയാണ്. ഇതെല്ലാം റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമീര്‍ പുടിനു വിവരിച്ചുകൊടുക്കാനായി അദ്ദേഹം വാഷിങ്ടണില്‍നിന്നുതന്നെ മോസ്ക്കോയിലേക്കു പറക്കുകയുംചെയ്തു. 

ജോര്‍ദാന്‍ നദീതടം ഇസ്രയേലില്‍ ലയിപ്പിക്കുമെന്ന് ഇസ്രയേലിലെ കഴിഞ്ഞ രണ്ടു പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പു വേളകളിലും നെതന്യാഹു വോട്ടര്‍മാര്‍ക്കു വാക്കുകൊടുത്തിരുന്നു. പക്ഷേ, മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യമായത്ര സീറ്റുകള്‍ നേടാന്‍ രണ്ടു തവണയും അദ്ദേഹത്തിന്‍റെ ലിക്കുഡ് പാര്‍ട്ടിക്കായില്ല. അതിനാല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് (ഒരു വര്‍ഷത്തിനിട യിലെ മൂന്നാമത്തേത്) മാര്‍ച്ച് രണ്ടിനു നടക്കാന്‍ പോവുകയാണ്. അതിന്‍റെകൂടിപശ്ചാത്തലത്തിലാണ് ജോര്‍ദാന്‍ നദീതടം ഇസ്രയേ ലില്‍ ലയിപ്പിക്കാനുള്ള നെതന്യാഹുവിന്‍റെ തിരക്കുപിടിച്ചുള്ള നീക്കം. അതിന്‍റെ പിന്‍ബലത്തോടെ ഇത്തവണയെങ്കിലും പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ തനിക്കാവുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുകയാണത്രേ.  

അവിഭക്ത ജറൂസലം നഗരം ഇസ്രയേലിന്‍റെ തലസ്ഥാനമായി അംഗീകരിക്കുന്നുവെന്നതാണ്  ട്രംപിന്‍റെ പദ്ധതിയില്‍ പറയുന്ന മറ്റൊരു കാര്യം. ഇതൊരു പുതിയ സംഗതിയല്ല. പലസ്തീന്‍കാരും ഇസ്രയേലും ഒരുപോലെ അവകാശപ്പെടുന്ന ആ പുണ്യ നഗരത്തെ ഇസ്രയേലിന്‍റെ തലസ്ഥാനമായി 2017 ഡിസംബറില്‍ തന്നെ ട്രംപ് അംഗീകരിക്കുകയുണ്ടായി. പിന്നീട് ഇസ്രയേലിലെ യുഎസ് എംബസ്സി ടെല്‍അവീവില്‍നിന്നു ജറൂസലമിലേക്കു  മാറ്റുകയും ചെയ്തു. ദശകങ്ങളായി അമേരിക്ക പിന്തുടര്‍ന്നുവന്ന നിലപാടില്‍നിന്നുള്ള വ്യക്തമായ വ്യതിയാനമായിരുന്നു അത്. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള അര്‍ഹത അതോടെതന്നെ അമേരിക്കയ്ക്കു നഷ്ടപ്പെടുകയും ചെയ്തു.

donald-trump-22
ഡൊണാൾഡ് ട്രംപ്

1967ലെ യുദ്ധത്തില്‍ പിടിച്ചടക്കിയ മറ്റൊരു അറബ് പ്രദേശമായ ഗോലാന്‍കുന്നുകളുടെമേല്‍ ഇസ്രയേല്‍ അവകാശപ്പെടുന്ന പരമാധികാരം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ട്രംപ് അംഗീകരിക്കുകയുണ്ടായി. ആ പ്രദേശം  ഇസ്രയേലില്‍ ലയിപ്പിച്ചതായുള്ള 1981ലെ പ്രഖ്യാപനത്തിനും അങ്ങനെ അമേരിക്കയുടെ അംഗീകാരം ലഭിച്ചു. അവിടെയും ഇസ്രയേല്‍ സെറ്റില്‍മെന്‍റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിര്‍ദിഷ്ട പലസ്തീന്‍ രാജ്യത്തിന്‍റെ തലസ്ഥാനമാകാന്‍ ട്രംപിന്‍റെ പദ്ധതിയില്‍ അനുവദിച്ചിട്ടുള്ളത് കിഴക്കന്‍ ജറൂസലമിന്‍റെ പരിസരത്തുളള ഒരു സ്ഥലമാണ്. അവിടെ അമേരിക്കയുടെ എംബസ്സി സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. 

ട്രംപിന്‍റെ സങ്കല്‍പത്തിലുളള പലസ്തീന്‍ രാഷ്ട്രത്തിനു സൈന്യമുണ്ടാവില്ല. അതിര്‍ത്തികളിലെല്ലാം  ഇസ്രയേല്‍ സൈന്യത്തിന്‍റെ കര്‍ശനമായ മേല്‍നോട്ടത്തിലായിരിക്കുകയും ചെയ്യും. പലസ്തീന്‍കാര്‍ക്കുള്ള ചില സമാശ്വാസ സമ്മാനങ്ങളും ട്രംപിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. വെസ്റ്റ്ബാങ്കിനെയും മറ്റൊരു പലസ്തീന്‍ പ്രദേശമായ ഗാസയെയും ബന്ധിപ്പിക്കുന്ന റോഡുകള്‍, തുരങ്കങ്ങള്‍, നിര്‍ദിഷ്ട പലസ്തീന്‍ രാഷ്ട്രത്തിനു 50 ശതകോടി ഡോളറിന്‍റെ നിക്ഷേപം എന്നിവ ഉദാഹരണം.

പലസ്തീന്‍കാര്‍ക്ക് അവരുടെ രാജ്യമുണ്ടാക്കാന്‍ കിട്ടുന്ന അവസാന ത്തെ അവസരമാണ് ഇതെന്നു ട്രംപ് അവകാശപ്പെടുന്നു. പക്ഷേ, പലസ്തീന്‍ നേതൃത്വം അവജ്ഞയോടെ അതു തള്ളിക്കളഞ്ഞു. സ്വന്തമല്ലാത്ത സാധനം  ഒരാള്‍ അതിന് അവകാശമില്ലാത്ത ആള്‍ക്കു കൊടുക്കുന്നതു പോലെയാണിതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.  മറ്റൊരു ബാല്‍ഫൂര്‍ പ്രഖ്യാപനമെന്ന് അതിനെ വിശേഷിപ്പി ക്കാനും അവര്‍ മടിക്കുന്നില്ല.

ഒന്നാം ലോക മഹായുദ്ധകാലത്തു ബ്രിട്ടന്‍റെ വിദേശ മന്ത്രിയായിരുന്നു ആര്‍തര്‍ ബാല്‍ഫൂര്‍. യുദ്ധത്തിനു ശേഷം ബ്രിട്ടന്‍റെ അധീനത്തിലായ പലസ്തീനില്‍ ജൂതന്മാര്‍ക്കു ദേശീയ ഗേഹം അനുവദിക്കാമെന്നു  1917ല്‍ ജൂതനേതാക്കള്‍ക്ക് ഉറപ്പുനല്‍കിയത്  അദ്ദേഹമായിരുന്നു. ആ യുദ്ധത്തില്‍ ജര്‍മനിയോടൊപ്പം ചേരുകയും തോല്‍ക്കുകയും ചെയ്ത ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു പലസ്തീന്‍. അങ്ങനെയാണത് ബ്രിട്ടന്‍റെ അധീനത്തിലായത്. പക്ഷേ, അതിന്മേല്‍ ബ്രിട്ടനു പരമാധികാരം ഉണ്ടായിരുന്നില്ല. എന്നിട്ടും അതു ജൂതരാഷ്ട്രം സ്ഥാപിക്കാനായി വിട്ടുകൊടുക്കാമെന്ന് രേഖാമൂലം ഉറപ്പുനല്‍കാന്‍ ബാല്‍ഫൂര്‍ തയാറായി. രാജ്യാന്തര നിയമങ്ങളുടെ ലംഘനമായിരുന്നു അത്. പലസ്തീന്‍ പ്രശ്നത്തിനു തുടക്കം കുറിച്ചതായി കരുതപ്പെടുന്ന ആ സംഭവവുമായിട്ടാണ്  ട്രംപിന്‍റെ പദ്ധതിയെ പലസ്തീന്‍ നേതാക്കള്‍ താരതമ്യം ചെയ്യുന്നത്. 

ISRAEL-POLITICS/
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു

ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നം പരിഹരിക്കാന്‍ എന്ന പേരിലുള്ള ട്രംപിന്‍റെ പദ്ധതി യഥാര്‍ഥത്തില്‍  ഇസ്രയേലുമായി കൂടിയാലോചിച്ചു തയാറാക്കിയതാണ്. പലസ്തീന്‍കാര്‍ക്ക് അതില്‍ ഒരു പങ്കുമുണ്ടാ യിരുന്നില്ല. ചൊവ്വാഴ്ച വൈറ്റ്ഹൗസില്‍നടന്ന ചടങ്ങില്‍ അവരുടെ പ്രതിനിധികളാരും പങ്കെടുത്തിരുന്നുമില്ല.  ജറൂസലമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചതില്‍ പ്രതിഷേധിച്ച്, 2017 ഡിസംബര്‍  മുതല്‍ക്കുതന്നെ യുഎസ് ഭരണകൂടവുമായുള്ള  സമ്പര്‍ക്കം പലസ്തീന്‍ നേതൃത്വം അവസാനിപ്പിച്ചിരുന്നു. സമാധാന പദ്ധതി തയാറാക്കാനായി കുഷ്നറും സംഘവും നടത്തിയ ചര്‍ച്ചകള്‍ അവര്‍ ബഹിഷ്ക്കരിക്കുകയും ചെയ്തു. 

ഇനിയെന്ത് എന്നതാണ് പലസ്തീന്‍ നേതൃത്വം അഭിമുഖീകരിക്കുന്ന ചോദ്യം. ഇസ്രയേലിനെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍തന്നെ അഭിപ്രായ ഐക്യമില്ല. എങ്കിലും, പലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് വിവിധ പലസ്തീന്‍ സംഘടനകളുടെ അടിയന്തര യോഗം  വിളിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ  അഭ്യര്‍ഥനയനുസരിച്ച് അറബ് ലീഗ്, ഇസ്ലാമിക രാഷ്ട്ര സംഘടന എന്നിവയും ശനി, തിങ്കള്‍ ദിവസങ്ങളില്‍ അടിയന്തര യോഗം ചേരുന്നുണ്ട്.

   

English Summary : Trump Middle East plan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ