അന്ന് ക്യൂബ, ഇന്ന് വെനസ്വേല

Nicolas  Maduro
നിക്കൊളാസ് മദുറോ
SHARE

ഒരു ഹോളിവുഡ് സിനിമയുടെ തിരക്കഥയിലേതു പോലെയാണ് സംഭവം ആസൂത്രണം ചെയ്തിരുന്നത്. നിശ്ചയിച്ച വിധത്തില്‍  തന്നെ എല്ലാ കാര്യങ്ങളും നടന്നിരുന്നുവെങ്കില്‍ അന്ത്യം ഗംഭീരമാകുമായിരുന്നു.

കടലിലൂടെ ബോട്ടുകളില്‍ എത്തിയ ഒരു സായുധ സംഘം രാത്രിയിലെ കൂരിരുട്ടില്‍ തെക്കെ അമേരിക്കയിലെ വെനസ്വേലയില്‍ നുഴഞ്ഞുകയറുന്നു. തലസ്ഥാന നഗരിയിലെ വിമാനത്താവളം പിടിച്ചടക്കുന്നു. പ്രസിഡന്‍റ് നിക്കൊളാസ് മദുറോയെ തടവുകാരനാക്കുന്നു.  

വിമാനത്തില്‍ അദ്ദേഹത്തെ അമേരിക്കയിലേക്കു കൊണ്ടുപോവുകയും യുഎസ് അധികൃതര്‍ക്കു കൈമാറുകയും ചെയ്യുന്നു. മറദുറോയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്ക വാഗ്ദാനം ചെയ്തിരുന്ന ഒന്നരക്കോടി ഡോളര്‍ കൈപ്പറ്റുന്നു. ശുഭം. 

പക്ഷേ, സംഗതി പാളിപ്പോയി. പലതും സംഭവിച്ചത് ആസൂത്രകര്‍ കണക്കു കൂട്ടിയതു പോലെയായിരുന്നില്ല. വിവരം മണത്തറിഞ്ഞ വെനസ്വേലന്‍ പട്ടാളക്കാര്‍ അക്രമികളെ കാത്തിരിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും രണ്ട് അമേരിക്കന്‍ കൂലിപ്പട്ടാളക്കാര്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ പിടിയിലാവുകയും ചെയ്തു.  

പ്രസിഡന്‍റ് മദുറോയെ താഴെയിറക്കാന്‍ ഏഴു വര്‍ഷമായി നിരന്തര ശ്രമത്തിലാണ് വെനസ്വേലയിലെ പ്രതിപക്ഷവും വിദേശങ്ങളില്‍ അഭയം പ്രാപിച്ച മദുറോ വിരുദ്ധരും. അവരെയെല്ലാം  പിന്തുണയ്ക്കുകയാണ് അമേരിക്ക. ഒന്നും ഫലിക്കാതിരിക്കുമ്പോഴാണ് പുതിയ ഈ സംഭവം. 

Fidel Castro
ഫിദല്‍ കാസ്ട്രോ

ലാറ്റിന്‍ അമേരിക്കയിലെതന്നെ ക്യൂബയില്‍ 58 വര്‍ഷം മുന്‍പ് നടന്ന സമാനമായ സംഭവത്തെ ഇത്  ഓര്‍മിപ്പിക്കുന്നു. ക്യൂബയിലെ പ്രസിഡന്‍റ് ഫിദല്‍ കാസ്ട്രോയെ അട്ടിമറിക്കാന്‍ യുഎസ് ചാരവിഭാഗം (സിഐഎ)  ആസൂത്രണം ചെയ്തതായിരുന്നു 1961 ഓഗസ്റ്റിലെ ആക്രമണം. സിഐഎതന്നെ ധനസഹായവും പരിശീലനവും നല്‍കി. 

അമേരിക്കയില്‍ താമസമാക്കിയിരുന്ന കാസ്ട്രോ വിരുദ്ധരായ ക്യൂബന്‍ അഭയാര്‍ഥികളുടെ ഒരു സായുധ സംഘം ബോട്ടുകളിലായി ക്യൂബയിലെ ബേ ഓഫ് പിഗ്സ് എന്ന സ്ഥലത്തെത്തി ആക്രണം തുടങ്ങി. ക്യൂബയിലെ ജനങ്ങള്‍ തങ്ങളോടൊപ്പം ചേരുകയും കാസ്ട്രോയെ പുറത്താക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് അവര്‍ പ്രതീക്ഷിച്ചിരുന്നത്. 

പക്ഷേ, പരിപാടി പാളിപ്പോയി. കാത്തുനിന്നിരുന്ന ക്യൂബന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നൂറിലേറെ പേര്‍  കൊല്ലപ്പെടുകയും ആയിരത്തിലേറെ പേര്‍ പിടിയിലാവുകയും ചെയ്തു. ആ സംഭവത്തില്‍ അമേരിക്ക വഹിച്ച പങ്ക് രഹസ്യമായിരുന്നില്ല. അന്നു പ്രസിഡന്‍റായിരുന്ന ജോണ്‍ കെന്നഡി നാണക്കേടിലായി. അമേരിക്കയ്ക്കെതിരെ സഹായംതേടി ക്യൂബ സോവിയറ്റ് യൂണിയനുമായി കൂടുതല്‍ അടുക്കുന്നതും അദ്ദേഹത്തിനു കാണേണ്ടിവന്നു. ക്യൂബയില്‍ കാസ്ട്രോയുടെ നില പൂര്‍വാധികം ഭദ്രമാവുകയും ചെയ്തു.

വെനസ്വേലയില്‍ ഈ മാസം മൂന്നിനു നടന്ന ആക്രമണത്തിന്‍റെ പിന്നിലും മുഖ്യമായി അമേരിക്കയെ യാണ് പ്രസിഡന്‍റ് മദുറോ കാണുന്നത്. വെനസ്വേലയിലെ പ്രതിപക്ഷത്തെയും വിദേശങ്ങളില്‍ അഭയം പ്രാപിച്ച മദുറോ വിരുദ്ധരെയും അയല്‍രാജ്യമായ കൊളംബിയയെയും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 

Mike Pompeo
മൈക്ക് പോപയോ

യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോപയോയും ആരോപണം നിഷേധിച്ചിട്ടുണ്ട്.  വെനസ്വേലയില്‍ സൈനികമായി ഇടപെടാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ താനതു പരസ്യമായും ശക്തമായും ചെയ്യുമായിരുന്നു എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഒരു ചെറിയ സംഘത്തെയല്ല, ഒരു പട്ടാളത്തെതന്നെ അയക്കുമായിരുന്നു എന്നും അദ്ദേഹം പറയുന്നു. 

എങ്കിലും, പോംപെയുടെ പ്രസ്താവനയിലെ ഒരു വാക്ക് പ്രത്യേക ശ്രദ്ധയ്ക്കു പാത്രമായിട്ടുണ്ട്. വെനസ്വേലയിലെ സംഭവത്തില്‍ അമേരിക്കയ്ക്കു ‘നേരിട്ടു’ പങ്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.  നേരിട്ടല്ലാത്ത പങ്കുണ്ടായിരുന്നുവെന്നു സംശയിക്കാന്‍ ഇതു കാരണമാകുന്നു. സിഐഎയുടെ മുന്‍ തലവന്‍കൂടിയാണ് പോംപെയോ.  വെനസ്വേലന്‍ സൈന്യത്തിന്‍റെ പിടിയിലായ രണ്ട് അമേരിക്കക്കാരുടെ മോചനത്തിനുവേണ്ടി എല്ലാ ശ്രമവും അമേരിക്ക നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ല്യൂക്ക് ഡെന്‍മാന്‍ (34), എയ്റാന്‍ ബെറി (41) എന്നീ അമേരിക്കക്കാര്‍ മുന്‍പ് യുഎസ് കരസൈന്യത്തില്‍ കമാന്‍ഡോ വിഭാഗത്തിലെ അംഗങ്ങളായിരുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനം ചെയ്തു. ഫ്ളോറിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സില്‍വര്‍കോര്‍പ് എന്ന സെക്യൂരിറ്റി കമ്പനിയില്‍ ജോലിചെ യ്യുകയായിരുന്നു ഒടുവില്‍. വെനസ്വേല ആക്രമണത്തിന്‍റെ ഭാഗമാകാന്‍ തുടങ്ങിയത് അവിടെനിന്നാണ്.

സില്‍വര്‍കോര്‍പിന്‍റെ തലവനും ആക്രമണത്തിന്‍റെ സൂത്രധാരനുമായ ജോര്‍ഡന്‍ ഗൂഡ്രിയോയും (43)  മുന്‍പ് യുഎസ് കരസൈന്യത്തിലെ കമാന്‍ഡോ വിഭാഗത്തിലുണ്ടായിരുന്നു. പ്രസിഡന്‍റ് മദുറോയെ  അട്ടിമറിക്കാനുള്ള 21 കോടി ഡോളറിന്‍റെ ഒരു കരാറില്‍ അയാള്‍ വെനസ്വേലയിലെ പ്രതിപക്ഷത്തോടൊപ്പം ഒപ്പുവച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 

ആക്രമണത്തില്‍ നേരിട്ടു പങ്കെടുക്കാന്‍ ഗൂഡ്രിയോയും ഉദ്ദേശിച്ചിരുന്നുവെങ്കിലും കോവിഡ് മൂലമുള്ള  ലോക്ക്ഡൗണ്‍ തടസ്സമായി. കൊളംബിയയില്‍നിന്നു പുറപ്പെടാനായില്ല. പരിശീലനത്തിനുശേഷം സംഘം പുറപ്പെട്ടത് അവിടെ നിന്നായിരുന്നു. ഗൂഡ്രിയോയെ അറസ്റ്റ് ചെയ്യാന്‍ വെനസ്വേല ഗവണ്‍മെന്‍റ് വാറന്‍റ് പുറപ്പെടുവിച്ചിരിക്കുകയാണ്. അയാളെ പിടികൂടി തങ്ങളെ ഏല്‍പ്പിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. 

പക്ഷേ, അമേരിക്ക സഹകരിക്കുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. ആക്രമണത്തിനിടയില്‍ പിടിയിലായ രണ്ട് അമേരിക്കക്കാരെ തന്നെ മോചിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുകയെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നുമുണ്ട്.  

മദുറോയെ അധികാരത്തില്‍നിന്നു പുറത്താക്കാനുള്ള പ്രതിപക്ഷത്തിന്‍റെ ശ്രമങ്ങളെ ഈ സംഭവം  അവതാളത്തിലാക്കിയേക്കാമെന്നാണ് പല നിരീക്ഷകരും കരുതുന്നത്. മദുറോ പ്രസിഡന്‍റായി തുടരുന്നതു  2018ലെ തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണെന്നും അദ്ദേഹത്തിന്‍റെ ഭരണത്തിനു നിയമസാധ്യത ഇല്ലെന്നുമാണ് പ്രതിപക്ഷത്തിന്‍റെ വാദം. 

Juvan Gaido With Family
ജൂവാന്‍ ഗൈഡോ കുടുംബത്തോടൊപ്പം

അതിന്‍റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്‍റ് അധ്യക്ഷന്‍ ജൂവാന്‍ ഗൈഡോ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സ്വയം ഇടക്കാല പ്രസിഡന്‍റായി പ്രഖ്യാപിക്കുകയുമുണ്ടായി. അമേരിക്ക ഉള്‍പ്പെടെ അറുപതോളം രാജ്യങ്ങള്‍  വെനസ്വേലയുടെ പ്രസിഡന്‍റായി അംഗീകരിച്ചിട്ടുള്ളത് അദ്ദേഹത്തെയാണ്. അതേസമയം, ഭരണയന്ത്രവും പട്ടാളവുമൊന്നും അദ്ദേഹത്തിന്‍റെ നിയന്ത്രണത്തിലല്ലതാനും.

പ്രസിഡന്‍റ് മദുറോയെ അട്ടിമറിക്കാനുള്ള കമാന്‍ഡോ ഓപ്പറേഷനുവേണ്ടി തങ്ങളുമായി കരാര്‍ ഉണ്ടാക്കിയത് ഗൈഡോ ആണെന്നാണ് അതിന്‍റെ ആസൂത്രകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഗൈഡോ ഇതു നിഷേധിച്ചിട്ടുണ്ട്. എങ്കിലും, ഇത് അദ്ദേഹത്തിന്‍റെ പ്രതിഛായക്ക് ഇടിവുണ്ടാക്കുകയും പ്രതിപക്ഷ ഐക്യനിരയില്‍  വിള്ളലുണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വെനസ്വേലയിലെ തന്‍റെ നില കൂടുതല്‍ ഭദ്രമാക്കാന്‍ മദുറോ ഈ സാഹചര്യം ഉപയോഗപ്പെടുത്താനും ഇടയുണ്ട്.   

 ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം kobeidulla1234@gmail.com  എന്ന ഐഡിയിൽ പങ്കുവയ്ക്കാം                     

English Summary : Maduro reveals US-led ‘plan to attack’ Venezuela

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.