മഹാമാരി : കുറ്റവും ശിക്ഷയും

HIGHLIGHTS
  • ചൈനയ്ക്കെതിരെ നഷ്ടപരിഹാരക്കേസുകള്‍
  • കണക്കുകളെക്കുറിച്ചും വിമര്‍ശനം
Donald Trump
കോവിഡ് മഹാമാരിക്ക് ഉത്തരവാദിയായ ചൈനയ്ക്കെതിരെ ‘‘എനിക്കു പലതും ചെയ്യാന്‍ കഴിയും’’ എന്നു പറയുന്ന ട്രംപ് വാസ്തവത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ത് ?
SHARE

നാലു മാസങ്ങള്‍ക്കുള്ളില്‍  രണ്ടു ലക്ഷത്തിലേറെ മനുഷ്യരെ കൊന്നാടുക്കുകയും മിക്കവാറും എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക ഭാവിയില്‍ ഇരുട്ടു പരത്തുകയും ചെയ്ത കൊറോണ മഹാമാരിയെ ആവര്‍ത്തിച്ച് ശപിക്കാത്തവര്‍ വിരളമായിരിക്കും. അതിനെ മുളയില്‍തന്നെ നുളളിക്കളയുന്നതില്‍ വീഴ്ച വരുത്തിയ ചൈനയെ പഴിക്കാത്തവരും അധികമുണ്ടാവില്ല.

പക്ഷേ, ശപിച്ചതും പഴിച്ചതും കൊണ്ട് എന്തു കാര്യം ?  ചൈനയ്ക്കെതിരെ നടപടിയല്ലേ ആവശ്യം ? ചൈനയെക്കൊണ്ടു കണക്കു പറയിക്കേണ്ടതല്ലേ ? നഷ്ടപരിഹാരം തരുവിക്കേണ്ടതല്ലേ ? രോഷത്തോടെ ഇങ്ങനെ ചിന്തിക്കുന്നവരുമുണ്ട് ലോകത്തിന്‍റെ പല ഭാഗങ്ങളിലും.

അമേരിക്കയിലും ജര്‍മനിയിലും അതിനുളള നീക്കം തുടങ്ങിക്കഴിഞ്ഞു. ചൈനയില്‍നിന്നു നഷ്ടപരിഹാരം  തേടിക്കൊണ്ടുള്ള ഹര്‍ജികള്‍ അമേരിക്കയിലെ ടെക്സസ്, മിസ്സൂറി, കലിഫോര്‍ണിയ, നെവാദ, പെന്‍സില്‍വാനിയ, ഫ്ളോറിഡ എന്നീ ആറു സംസ്ഥാനങ്ങളിലെ ഫെഡറല്‍ കോടതികളില്‍  ഫയല്‍ ചെയ്തിരിക്കുകയാണ്.   

ഇവയില്‍ മിസ്സൂറിയിലെ കേസ് അവിടത്തെ അറ്റോര്‍ണി ജനറലാണ് ഫയല്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് പരാതിക്കാര്‍ എന്നര്‍ഥം. ബാക്കിയെല്ലാം സ്വകാര്യ വ്യക്തികളോ സംഘടനകളോ സ്ഥാപനങ്ങളോ സമര്‍പ്പിച്ചവയാണ്.    

പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നയിക്കുന്ന ഫെഡറല്‍ ഗവണ്‍മെന്‍റില്‍നിന്ന് ഇത്തരം നീക്കങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല. എങ്കിലും, ചൈനയ്ക്കെതിരെ ‘‘എനിക്കു പലതും ചെയ്യാന്‍ കഴിയും’’ എന്ന്  ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രില്‍ 30) അദ്ദേഹം പറഞ്ഞതു ശ്രദ്ധിക്കപ്പെടുന്നു. വിശദീകരണമൊന്നും അദ്ദേഹം നല്‍കിയില്ലെന്നുമാത്രം. 

corona-virus

ജര്‍മനി 16000 കോടി ഡോളര്‍ ആവശ്യപ്പെടാന്‍ ഉദ്ദേശിക്കുന്നുവെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അതിനെപ്പറ്റി ചോദിച്ചപ്പോള്‍ ട്രംപ് അന്നു നല്‍കിയ മറുപടി താന്‍ അതിലും വളരെക്കൂടുതല്‍ ആവശ്യപ്പെടുമെന്നായിരുന്നു. 

ടെക്സസില്‍ ഒരു അഭിഭാഷകനും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള എന്‍ജിഒയും നല്‍കിയ ഹര്‍ജി സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. 20 ലക്ഷം കോടി ഡോളറാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിനേക്കാള്‍ കൂടുതലാണ് ഈ തുക.

ബെയ്ജിങ്ങിലെ ഗവണ്‍മെന്‍റിനു പുറമെ ചൈനീസ് കരസൈന്യം, വൈറസിന്‍റെ ഉല്‍ഭവ കേന്ദ്രമായ  വൂഹാനില്‍ പ്രവര്‍ത്തിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്,  അതിന്‍റെ ഡയറക്ടര്‍ ഷി ഷെന്‍ജി, കരസൈന്യത്തിലെ മേജര്‍ ജനറല്‍ ചെന്‍ വെയിന്‍ എന്നിവരെയും ഹര്‍ജിയില്‍ എതിര്‍കക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്‍റെ പരീക്ഷണത്തിന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  നേതൃത്വം വഹിച്ചിരുന്നതു വനിതയായ മേജര്‍ ജനറല്‍ ചെന്‍ വെയിന്‍ ആയിരുന്നുവത്രേ. 

ജൈവായുധ ഗവേഷണത്തിലെ ഒരു വിദഗ്ദ്ധയായും ഇവര്‍ അറിയപ്പെടുന്നു. രാജ്യാന്തര നിരോധനം  ലംഘിച്ച് വൂഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൈവായുധ നിര്‍മാണം നടന്നുവരികയാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

അമേരിക്കയില്‍ ഫയല്‍ ചെയ്യപ്പെട്ട മാതിരി കേസുകള്‍ക്കുള്ള ആലോചനകള്‍ ബ്രിട്ടന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും നടക്കുന്നതായി സൂചനകളുണ്ട്. ഇതിനിടയില്‍, ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷനല്‍ കൗണ്‍സില്‍ ഓഫ് ജൂറിസ്റ്റ്സ്, ഓള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍ എന്നിവ സംയുക്തമായി യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിനെ സമീപിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ ചൈനയോടു നിര്‍ദേശിക്കണമെന്നാണ് അവരുടെയും ആവശ്യം.

covid-19

കൊറോണ വൈറസിന്‍റെ പേരില്‍ ചൈനയെ പരസ്യമായി പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നതു  ശക്തിപ്പെടുത്തിയിരിക്കുകയാണ് ട്രംപ്. മുന്‍പ്, ചൈനീസ് വൈറസ്, വൂഹാന്‍ വൈറസ് എന്നിങ്ങനയെയുള്ള പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിരുന്നു.

വംശീയച്ചുവയുണ്ടെന്നു വിമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് അത്തരം പരാമര്‍ശങ്ങള്‍ പിന്നീട് അദ്ദേഹം ഒഴിവാക്കി.എങ്കിലും, ലോകം ഇപ്പോള്‍ അനുഭവിച്ചുവരുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഉത്തരവാദി ചൈനയാണെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിക്കുന്നു. 

മാത്രമല്ല, വൂഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരീക്ഷണത്തിനിടയില്‍ വൈറസ് പുറത്തേക്കു രക്ഷപ്പെട്ടതാകാമെന്ന സംശയത്തെ  ട്രംപ് പിന്തുണയ്ക്കുകയുമാണ്. അമേരിക്കയുടെതന്നെ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ ഇതിനോടു യോജിക്കുന്നില്ലെന്നത് അദ്ദേഹം കാര്യമാക്കുന്നില്ല. 

വൈറസിനെ ചെറുക്കുന്നതില്‍ ചൈനയ്ക്കു വീഴ്ച പറ്റിയെന്നും അതു മറച്ചുപിടിക്കാന്‍ ലോകാരോഗ്യ സംഘടന (ഡബ്ളിയുഎച്ച്ഒ)  ചൈനയെ സഹായിച്ചുവെന്നുമാണ് ട്രംപിന്‍റെ മുഖ്യമായ ആരോപണം. ഇതിനെക്കുറിച്ച് ഒരു സ്വതന്ത്ര രാജ്യാന്തര സമിതി സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്യുന്നു. 

മധ്യചൈനയിലെ വൂഹാന്‍ നഗരത്തിലെ ഇറച്ചിച്ചന്തയില്‍ വില്‍പ്പനയ്ക്കു വച്ചിരുന്ന ഒരു മൃഗമാംസത്തില്‍നിന്നുവൈറസ് പൊട്ടിപ്പുറപ്പെട്ടുവെന്നാണ് പൊതുവിലുള്ള നിഗമനം. എന്നാല്‍, സംഭവം ഉണ്ടായതു കഴിഞ്ഞ ഡിസംബര്‍ 31നാണെന്നു ചൈന പറയുന്നതു ചോദ്യം ചെയ്യപ്പെടുന്നു. അതിന് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ്തന്നെ രോഗബാധ തുടങ്ങിയിരുന്നുവെന്നും ചൈനീസ് അധികൃതര്‍ അതു മൂടിവച്ചുവെന്നുമാണ്  ആരോപണം. 

വൂഹാനിലെ ചില ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്ന പേരില്‍ അവരെ നിശ്ശബ്ദരാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരു ഡോക്ടര്‍ പിന്നീട് വൈറസ് ബാധിച്ചുമരിച്ചു. ചൈനീസ് അധികൃതര്‍ നേരത്തെതന്നെ നിജസ്ഥിതി കണക്കിലെടുത്തു നടപടി കൈക്കൊണ്ടിരുന്നുവെങ്കില്‍ സ്ഥിതി ഇത്രയും ഗുരുതരമാകു മായിരുന്നില്ലത്രേ.           

വൂഹാനിലും പരിസര പ്രദേശങ്ങളിലും  വൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് അവിടേക്കും അവിടെനിന്നു മുള്ള ആഭ്യന്തര വ്യോമ ഗതാഗം ചൈന നിര്‍ത്തിവച്ചതു ജനുവരി 23നാണ്. രാജ്യാന്തര ഫ്ളൈറ്റുകള്‍ തടയാന്‍ തുടങ്ങിയത് കുറേ ദിവസങ്ങള്‍ക്കു ശേഷവും. രോഗം ലോകവ്യാപകമാവാന്‍ ഈ കാലതാമസം കാരണമായെന്നും വിമര്‍ശിക്കപ്പെടുന്നു. 

ചൈനയില്‍ രോഗം ബാധിക്കുകയും മരിക്കുകയും ചെയ്തവരെ സംബന്ധിച്ച് ചൈനീസ് അധികൃതര്‍ നല്‍കിയ കണക്കുകള്‍ സത്യമായിരുന്നില്ലെന്ന പരാതിയുമുണ്ട്.  മുന്‍കരുതല്‍ എടുക്കാനുള്ള അമേരിക്കയുടെയും മറ്റും ശ്രമങ്ങളെ ഇതു വഴിതെറ്റിച്ചുവത്രേ.  വിമര്‍ശനങ്ങളെ തുടര്‍ന്നു ചൈന നല്‍കിയ പുതിയ കണക്കുകളും അമേരിക്ക വിശ്വസിക്കുന്നില്ല. 

Donald Trump

ചൈനയ്ക്കെതിരെയുള്ള നഷ്ടപരിഹാര ഹര്‍ജികള്‍ അമേരിക്കയിലെ മറ്റു ചില സംസ്ഥാനങ്ങളിലും  ഫയല്‍ ചെയ്യപ്പെടാനിടയുണ്ടെന്നാണ് സൂചനകള്‍. പക്ഷേ, അതുകൊണ്ടെല്ലാം വല്ല ഫലവും ഉണ്ടാകുമോയെന്ന സംശയവും ഉയര്‍ന്നിരിക്കുകയാണ്. 

പരമാധികാരമുള്ള ഒരു വിദേശ ഗവണ്‍മെന്‍റിനെതിരെ കേസ് കൊടുക്കാന്‍ ഒരു രാജ്യത്തും നിയമം അനുവദിക്കുന്നില്ലെന്നു പല നിയമ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. ഇതിനെ മറികടക്കാനായി ബന്ധപ്പെട്ട നിയമത്തില്‍ മാറ്റം വരുത്താനുള്ള ശ്രമവും ട്രംപിന്‍റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ചില കോണ്‍ഗ്രസ് അംഗങ്ങള്‍ ശ്രമിക്കുന്നുണ്ടത്രേ. 

ചൈനയ്ക്കെതിരെ ‘‘എനിക്കു പലതും ചെയ്യാന്‍ കഴിയും’’ എന്നു പറയുന്ന ട്രംപ് വാസ്തവത്തില്‍ എന്തുചെയ്യാന്‍ പോകുന്നുവെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. കോവിഡ് ഏറ്റവുമധികം നാശം വിതച്ചത് അദ്ദേഹത്തിന്‍റെ ഭരണത്തില്‍ അമേരിക്കയിലാണ്. ഇതിനകം പതിനൊന്നു ലക്ഷം പേര്‍ക്കു രോഗം ബാധിക്കുകയും അറുപതിനായിരത്തിലേറെ പേര്‍ മരിക്കുകയും ചെയ്തു. 

ഭാഗികമായി ഇതിന് ഉത്തരവാദി ട്രംപ് തന്നെയാണെന്നും  ആരോപണമുണ്ട്.  പ്രശ്നത്തിന്‍റെ ഗൗരവം തക്ക സമയത്തു മനസ്സിലാക്കുന്നതിലും സത്വരനടപടികള്‍ എടുക്കുന്നതിലും അദ്ദേഹം വീഴ്ച വരുത്തിയതായി പരക്കേ വിമര്‍ശിക്കപ്പെടുന്നു. 

നവംബറിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ തന്‍റെ വിജയ സാധ്യതയെ ഇത് അട്ടിമറിക്കുമോയെന്ന് അദ്ദേഹം ഭയപ്പെടുന്നതു സ്വാഭാവികമാണ്. അതിനാല്‍ ചൈനയ്ക്കെതിരെ ഉടന്‍തന്നെ എന്തെങ്കിലും ചെയ്തേ പറ്റൂവെന്ന അവസ്ഥയിലായിരിക്കുകയാണ് ഡോണള്‍ഡ് ട്രംപ്.  

English Summary : Donald Trump's Corona Virus Survival Strategy: Blame China

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA