ഒരു വട്ടംകൂടി നെതന്യാഹു

HIGHLIGHTS
  • സുപ്രീം കോടതിയില്‍ ഹര്‍ജി
  • അഴിമതിക്കേസുകള്‍ പ്രശ്നം
Benjamin Netanyahu
മഹാമാരിയെ ചെറുക്കാന്‍ കക്ഷിഭേദമന്യേ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന അഭിപ്രായത്തോട് ഇസ്രയേലില്‍ ആര്‍ക്കും വിയോജിപ്പില്ല. അതേസമയം, അതിന്‍റെ പേരില്‍ നെതന്യാഹുവിന്‍റെ നേതൃത്വം അംഗീകരിക്കാന്‍ പലരും വിസമ്മതിച്ചു
SHARE

കോവിഡ് മഹാമാരിമൂലം കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കുന്ന രാജ്യ ങ്ങളില്‍ ഇസ്രയേലുമുണ്ട്. എങ്കിലും അവിടത്തെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് ഒരു  നേട്ടവുമുണ്ടായി. ഒന്നര വര്‍ഷത്തേക്കുകൂടി പ്രധാനമന്ത്രിപദത്തില്‍ തുടരാന്‍ അദ്ദേഹത്തിനു വഴി തുറന്നുകിട്ടി. 

ഒരു വര്‍ഷത്തിലേറെയായി ഇസ്രയേലില്‍ ഭരണം സ്തംഭിച്ച മട്ടിലാണ്. തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്‍റ്  ഇല്ലാത്തതു കാരണം ബജറ്റ് പാസ്സാക്കാനായില്ല. സുപ്രധാനമായ ഒട്ടേറെ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നു. ഇത്  അവസാനിക്കാനും വഴിയൊരുങ്ങി.   

    

ഒന്നര വര്‍ഷത്തിനിടയില്‍ നാലാമതൊരു പാര്‍ലമെന്‍റ് തിരഞ്ഞെ ടുപ്പ് നടത്തേണ്ടിവരുന്ന ദുരവസ്ഥയെയും രാജ്യം നേരിടാന്‍ പോവുകയായിരുന്നു. അതും ഇപ്പോള്‍ ഒഴിവായി.  

നെതന്യാഹുവുമായി ചേര്‍ന്നു ദേശീയ ഐക്യമന്ത്രിസഭ രൂപീക  രിക്കാന്‍ മുഖ്യപ്രതിപക്ഷ സഖ്യത്തിന്‍റെ  നേതാവ് ബെന്നി ഗാന്‍റ്സ് സമ്മതിച്ചതോടെയാണ് ഈ അപ്രതീക്ഷിത സംഭവവികാസം. അഴിമതിക്കേസുകളെ നേരിടുന്ന പ്രധാനമന്ത്രിയുമായി കൂട്ടുകൂടുന്ന പ്രശ്നമേയില്ലെന്നു പറഞ്ഞ് ഗാന്‍റ്സ് ഇതുവരെ അതിനു വിസമ്മതിക്കുകയായിരുന്നു. എങ്കിലും,  കോവിഡന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹം നിലപാടു മാറ്റി. 

നെതന്യാഹുവുമായി അധികാരം പങ്കുവയ്ക്കുന്ന കരാറില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഏപ്രില്‍ 20) ഒപ്പുവയ്ക്കുകയും ചെയ്തു. മൂന്നു വര്‍ഷത്തേക്കുള്ള ഈ കരാര്‍ അനുസരിച്ച് ആദ്യത്തെ ഒന്നരവര്‍ഷം  പ്രധാനമന്ത്രിയാകുന്നതു നെതന്യാഹുവായിരിക്കും. അതിനുശേഷമുള്ള ഒന്നര വര്‍ഷത്തേക്ക് ആ സ്ഥാനം ഗാന്‍റ്സിന് ഒഴിഞ്ഞുകിട്ടും. 

നാലു തവണയായി 13 വര്‍ഷത്തിലേറെ പ്രധാനമന്ത്രി പദത്തിലിരുന്ന നെതന്യാഹു ഇപ്പോള്‍തന്നെ അക്കാര്യത്തില്‍ ഇസ്രയേലില്‍ ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞിരിക്കുകയാണ്. പട്ടാളത്തലവനായിരുന്ന ജനറല്‍ ഗാന്‍റ്സിനു ഭരണ പരിചയമില്ല. ബ്ളൂ ആന്‍ഡ് വൈറ്റ്  പാര്‍ട്ടിയുമായി അദ്ദേഹം രാഷ്ട്രീയത്തില്‍  കാലെടുത്തു വച്ചതുതന്നെ ഏതാണ്ട് ഒരുവര്‍ഷം മുന്‍പാണ്.

Benny Gantz
ബെന്നി ഗാന്‍റ്സ്

കഴിഞ്ഞ വര്‍ഷം ആറു മാസത്തിനിടയില്‍ രണ്ടു തിരഞ്ഞെടുപ്പു കള്‍ (ഏപ്രിലിലും സെപ്ംബറിലും) നടത്തേണ്ടിവന്നത്  ഇസ്രയേലിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു അസാധാരണ സംഭവമായിരുന്നു. ഒരുകക്ഷിക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ കൂട്ടുമന്ത്രിസഭ രൂപീകരിക്കാന്‍ നടന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടതായിരുന്നു കാരണം. 

120 അംഗ പാര്‍ലമെന്‍റില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടിയതു നെതന്യാഹുവിന്‍റെ വലതു പക്ഷ ലിക്കുഡ് പാര്‍ട്ടിയും മധ്യനിലപാടു പുലര്‍ത്തുന്ന ഗാന്‍റ്സിന്‍റെ ബ്ളൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുമാണ്.  എന്നാല്‍ മറ്റു കക്ഷികളുമായി ചേര്‍ന്നു 61 അംഗ പിന്തുണയുളള ഒരു ഭരണസഖ്യം തട്ടിക്കൂട്ടി ഉണ്ടാക്കാന്‍ അവര്‍ക്കായില്ല. അങ്ങനെയാണ് ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിനു വോട്ടര്‍മാര്‍ക്കു മൂന്നാം തവണയും പോളിങ് ബൂത്തുകളിലേക്കു പോകേണ്ടിവന്നത്. 

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ ഇസ്രയേലിന്‍റെ തുടക്കം മുതല്‍ക്കേയുള്ള സ്ഥിതിവിശേഷമാണ്. അതിനാല്‍, കൂട്ടുമന്ത്രിസഭകളാണ് പതിവ്. പലതും നാലു വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കുന്നതിനുമുന്‍പ്തന്നെ തകരുന്നതും സാധാരണം. 

മൂന്നാമത്തെ തിരഞ്ഞെടുപ്പിന്‍റെയും ഫലം വ്യത്യസ്തമായില്ല. ചെറുകക്ഷികളുടെ സഹായത്തോടെ   മന്ത്രിസഭയുണ്ടാക്കാന്‍ നെതന്യാഹുവും ഗാന്‍റ്സും ഇത്തവണ നടത്തിയ ആദ്യശ്രമങ്ങളും വിഫലമായി. തുടര്‍ന്നാണ് ഒരു ദേശീയ ഐക്യ ഗവണ്‍മെന്‍റ് എന്ന ആശയും ഉയര്‍വന്നത്.  എങ്ങനെയെങ്കിലും  നാലാമതൊരു തിരഞ്ഞെടുപ്പ് ഒഴിവാക്കാനുളള ആഗ്രഹവും കോവിഡിനെതിരെ എല്ലാവരും ഒന്നിക്കേണ്ടതിന്‍റെ ആവശ്യകതയും അതിനു സഹായകമാവുകയും ചെയ്തു.  

ഇസ്രയേലില്‍ കോവിഡ് ഇതിനകം  ബാധിച്ചത് ഏതാണ്ട് 15000 പേരെയാണ്. ഇരുനൂറോളം പേര്‍ മരിച്ചു. ആദ്യം തന്‍റെയൊരു സ്റ്റാഫ് അംഗത്തിനും പിന്നീട് ആരോഗ്യമന്ത്രിക്കും രോഗം ബാധിച്ചതിനെ തുടര്‍ന്നു മുന്‍കരുതല്‍ എന്ന നിലയില്‍ നെതന്യാഹുതന്നെ രണ്ടു തവണ ക്വാറന്‍റീനീല്‍ കഴിയുകയുമുണ്ടായി. 

മഹാമാരിയെ ചെറുക്കാന്‍ കക്ഷിഭേദമന്യേ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന അഭിപ്രായത്തോട് ആര്‍ക്കും വിയോജിപ്പില്ല. അതേസമയം, അതിന്‍റെ പേരില്‍ നെതന്യാഹുവിന്‍റെ നേതൃത്വം അംഗീകരിക്കാന്‍ പലരും ഒരുക്കവുമില്ല.  

covid-19

തനിക്കെതിരായ മൂന്നു അഴിമതിക്കേസുകളുടെ വിചാരണ കോടതിയില്‍ നടക്കാനിരിക്കേതന്നെ അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയാവുന്നത് എങ്ങനെയെന്നാണ് അവരുടെ ചോദ്യം.  അധികാരത്തിലിരിക്കുമ്പോള്‍ അഴിമതിക്കേസില്‍ വിചാരണയെ നേരിടുന്ന ആദ്യത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയാവുകയാണ്  നെതന്യാഹു. ആരോപണങ്ങള്‍ അദ്ദേഹം നിഷേധിക്കുന്നു.

വിചാരണ ഇക്കഴിഞ്ഞ മാര്‍ച്ച് 17നു ഹൈക്കോടതിയില്‍ തുടങ്ങേണ്ടതായിരുന്നു. കോവിഡ് കാരണം മേയ് 24ലേക്കു മാറ്റിവച്ചു. അന്നും തുടങ്ങാനാവുമോ എന്ന സംശയവുമുണ്ട്.  

മന്ത്രിസഭ ഉണ്ടാക്കാന്‍ ജനറല്‍ ഗാന്‍റ്സ് നെതന്യാഹുവിനോടൊപ്പം ചേര്‍ന്നത്  അദ്ദേഹത്തിന്‍റെ സഖ്യത്തില്‍ പിളര്‍പ്പുണ്ടാക്കിയതാണ് ഇതിന്‍റെയെല്ലാം മറ്റൊരു വശം. മുന്‍ ജേണലിസ്റ്റ് യേര്‍ ലാപിഡ് നയിക്കുന്ന യെസ്റ്റ് ആറ്റിഡ്, മുന്‍ പ്രതിരോധ മന്ത്രി മോഷെ യാലോമിന്‍റെ ടെലം പാര്‍ട്ടി എന്നിവ സഖ്യം വിട്ടുപോയി. തങ്ങളെയും സഖ്യത്തിനു വോട്ടുചെയ്ത ജനങ്ങളെയും ഗാന്‍റ്സ് ചതിച്ചുവെന്നു വിലപിക്കുകയാണവര്‍.   

ഗാന്‍റ്സും നെതന്യാഹവും തമ്മില്‍ ഒത്തുതീര്‍പ്പ് ഉണ്ടാകുന്നതിന്‍റെ തലേന്നു ടെല്‍ അവീവ് നഗരത്തിലെ റബീന്‍ ചത്വരത്തില്‍ അതിനെതിരെ നടന്ന പ്രകടനവും ശ്രദ്ധേയമായിരുന്നു. രോഗപ്രതിരോധ നടപടിയെന്ന നിലയില്‍ മുഖാവരണം അണിഞ്ഞും പരസ്പരം അകലം പാലിച്ചും കരിങ്കൊടികളുമായി ആയിരങ്ങളാണ് അതില്‍ പങ്കെടുത്തത്. 

നെതന്യാഹുവുമായുള്ള കരാര്‍ അനുസരിച്ച് ഗാന്‍റ്സിനു രണ്ടാം ഘട്ടത്തില്‍ ഒന്നര വര്‍ഷത്തേക്കു പ്രധാനമന്ത്രിയാകാന്‍ കഴിയുന്നതിനു പുറമെ ആദ്യഘട്ടത്തില്‍ ‘ബദല്‍ പ്രധാനമന്ത്രി’ എന്ന സ്ഥാനവും ലഭിക്കും. അദ്ദേഹം പ്രധാനമന്ത്രിയാകുന്നതോടെ ആ പദവി നെതന്യാഹുവിനായിരിക്കും.

ഇത്തരമൊരു സംവിധാനം ഇപ്പോള്‍ നിലവിലില്ല. അതു നടപ്പാകണമെങ്കില്‍ ഇസ്രയേലിന്‍റെ ഭരണഘടനയായി കരുതപ്പെടുന്ന ‘അടിസ്ഥാന നിയമ’ത്തില്‍ മാറ്റം വരുത്തേണ്ടിവരും. 

പ്രതിരോധ, വിദേശമന്ത്രി വകുപ്പുകള്‍ ഗാന്‍റ്സിന്‍റെ പാര്‍ട്ടിക്കും ധനം, നീതിന്യായം തുടങ്ങിയ വകുപ്പുകള്‍ നെതന്യാഹുവിന്‍റെ പാര്‍ട്ടിക്കും ലഭിക്കും. ആദ്യത്തെ ആറു മാസം ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധ മുഴുവന്‍  കോവിഡിനെ ചെറുത്തു തോല്‍പ്പിക്കുന്ന കാര്യത്തിലായിരിക്കുമെന്നും കരാറില്‍ പറയുന്നുണ്ട്. 

ജഡ്ജിമാര്‍, അറ്റോര്‍ണി ജനറല്‍, പ്രോസിക്യൂട്ടര്‍മാര്‍ എന്നിവരുടെ നിയമനം നീതിന്യായ വകുപ്പിന്‍റെ കീഴിലാണ്. കോടതിയില്‍ അഴിമതിക്കേസുകള്‍ നേരിടന്ന ആളുടെ പാര്‍ട്ടി അത്തരമൊരു വകുപ്പ് കൈകാര്യം ചെയ്യുന്നതിന്‍റെ സാംഗത്യവും ചോദ്യം ചെയ്യപ്പെടുന്നു. 

ക്രിമിനല്‍ കേസുകളെ അഭിമുഖീകരിക്കുന്ന വ്യകതിയെ പ്രധാനമന്ത്രിയാകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ചില എന്‍ജിഒകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുമുണ്ട്.

ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം kobeidulla1234@gmail.com  എന്ന ഐഡിയിൽ പങ്കുവയ്ക്കാം

                      

English Summary: Netanyahu-Gantz Deal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.