അമേരിക്കന്‍ റിയാലിറ്റി ഷോ

HIGHLIGHTS
  • സൂപ്പര്‍മാന്‍ ആയതുപോലെയെന്ന് ട്രംപ്
  • ജഡ്ജി പ്രശ്നത്തിലും രാഷ്ട്രീയവടംവലി
Donald Trump
SHARE

നിര്‍ണായകദിനം അടുത്തുവരുന്തോറും ഒരു റിയാലിറ്റി ഷോ ആയി മാറിക്കൊണ്ടിരിക്കുകയാണ് ഇത്തവണത്തെ യു എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്. കോവിഡ് മഹാമാരിയും അതോടനുബന്ധിച്ചുള്ള തീരാത്ത വിവാദങ്ങളും അതിനു കൊഴുപ്പുകൂട്ടിക്കൊണ്ടിരിക്കുന്നു.  ഏറ്റവുമൊടുവില്‍, സുപ്രീം കോടതി ജഡ്ജിയുടെനിയമനം സംബന്ധിച്ച വടംവലിയും സ്ഥിതിഗതികള്‍ മുന്‍പെന്നത്തേക്കാളും ഉദ്വേഗജനകമാക്കുകയാണ്. 

പ്രസിഡന്‍റ് ഡോണള്‍ഡ് ജോണ്‍ ട്രംപ് തന്നെയാണ് ഇപ്പോഴും  രംഗത്തു നിറഞ്ഞുനില്‍ക്കുന്നത്. എതിരാളിയായ മുന്‍വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അഭിപ്രായ വോട്ടുകളില്‍ ഏറെ മുന്നിലാണെങ്കിലും മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ അദ്ദേഹത്തിനു ട്രംപിനോടു കിടപിടിക്കാനാവുന്നില്ല. കോവിഡ് ബാധിച്ച് മൂന്നു രാത്രി ആശുപത്രിയില്‍ കഴിയേണ്ടിവന്നശേഷവും ട്രംപിന്‍റെ വീറും വാശിയും ഒട്ടും കുറഞ്ഞിട്ടുമില്ല.   

കോവിഡിനെ നിസ്സാരമാക്കുകയും അതിനെതിരെ നിര്‍ദേശിക്കപ്പെട്ട മുന്‍കരുതലുകള്‍ എടുക്കാന്‍ വിസമ്മതിക്കുകയുമായിരുന്നു ട്രംപ്. അങ്ങനെ അദ്ദേഹം രോഗം വിളിച്ചുവരുത്തിയെന്നാണ് വിമര്‍ശനം. പക്ഷേ, ട്രംപിനെ അടിക്കാന്‍ അങ്ങനെ കിട്ടിയ വടി ഫലപ്രദമായി ഉപയോഗിക്കാന്‍ എതിര്‍പക്ഷത്തിനു കഴിഞ്ഞില്ല. 

അപ്പോഴേക്കും അദ്ദേഹം ആശുപത്രിയില്‍നിന്നു തിരിച്ചെത്തി. ഏതാനും ദിവസങ്ങള്‍ക്കകം  തിരഞ്ഞെടുപ്പ് റാലികളില്‍ വീണ്ടും പങ്കെടുക്കാന്‍ തുടങ്ങുകയും ചെയ്തു. പൂര്‍വാധികം ഉന്മേഷവും ഉഷാറും അനുഭവപ്പെടുന്നു, ഒരു 'സൂപ്പര്‍മാന്‍' ആയതുപോലെ തോന്നുന്നു എന്നെല്ലാം അവകാശപ്പെടുകയാണ് അദ്ദേഹം.  

കോവിഡ് അത്രവലിയ കാര്യമൊന്നുമല്ല, അതിനെ ഭയപ്പെടേണ്ട, നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ നിങ്ങള്‍ അതിനെ അനുവദിക്കരത് എന്നിങ്ങനെ അദ്ദേഹം തന്‍റെ അനുയായികളെ വീണ്ടും ഉപദേശിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം അവരെ ആവേശഭരിതരാക്കുന്നു. 

അതേസമയം, ഇതുതന്നെ വിവാദത്തിനു തീവ്രത കൂടാന്‍ കാരണമാവുകയാണ്. കോവിഡിനെ നിസ്സാരവല്‍ക്കരിക്കുന്നതു മൂലമുള്ള അപകടം ഇനിയും അദ്ദേഹത്തിനു മനസ്സിലായിട്ടില്ല, സ്വന്തം അനുഭവത്തില്‍നിന്നും അദ്ദേഹം പാഠം പഠിച്ചില്ല എന്നിങ്ങനെയാണ് വിമര്‍ശനം. 

വാള്‍ട്ടര്‍ റീഡ് മിലിട്ടറി ആശുപത്രയില്‍ ട്രംപിനു ലഭിച്ചത് ലോകത്തു കിട്ടാവുന്ന ഏറ്റവും വിദഗ്ദ്ധമായ ചികില്‍സയായിരുന്നു. രണ്ടു തവണ അദ്ദേഹത്തിന്‍റെ ഓക്സിജന്‍ ലവല്‍ താഴുകയും ഡോക്ടര്‍മാര്‍ ആശങ്കപ്പെടുകയുമുണ്ടായി. പക്ഷേ, അപകടം ഒഴിവാക്കാന്‍ അവര്‍ക്കു കഴിഞ്ഞു.   

സമാനമായ ചികില്‍സ അമേരിക്കയിലെ എല്ലാവര്‍ക്കും കിട്ടാന്‍ സാധ്യതയില്ല. ഇതിനകം രണ്ടേകാല്‍ ലക്ഷം അമേരിക്കക്കാര്‍ കോവിഡ്മൂലം മരിച്ചുവെന്ന വസ്തുത വ്യക്തമാക്കുന്നതും അതാണ്. അതിനാല്‍, കോവിഡിനെ നിസ്സാരവല്‍ക്കരിക്കുന്നതു നിരുത്തരവാദപരമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

trump-melania

ആശുപത്രിയില്‍നിന്നു പുറത്തുവന്നശേഷവും ട്രംപ് പങ്കെടുത്ത പൊതുപരിപാടികളില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ വ്യാപകമായ തോതില്‍ ലംഘിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അവയില്‍ പങ്കെടുത്തവരില്‍ പലരും മാസ്ക്ക് ധരിക്കുകയോ പരസ്പരം അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. മാത്രമല്ല, അവര്‍ അന്യോന്യം ഹസ്തദാനം ചെയ്യുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ട്രംപും മാസ്ക്ക് ധരിച്ചിരുന്നില്ല. 

ഒക്ടോബര്‍ അഞ്ചിന് അദ്ദേഹം ആശുപത്രിയില്‍നിന്നു വൈറ്റ്ഹൗസില്‍ തിരിച്ചെത്തിയതു മാസ്ക്ക് ധരിച്ചായിരുന്നു. ക്യാമറകള്‍ക്കു മുന്നില്‍വച്ച് മാസ്ക്ക് ഊരുകയും കോട്ടിന്‍റെ പോക്കറ്റില്‍ തിരുകുകയും ചെയ്തു. രാജ്യത്തിന് ഇതു നല്‍കിയത് അപകടകരമായ സന്ദേശമാണെന്നാണ് വിമര്‍ശനം. 

ഇതിനെല്ലാമിടയില്‍തന്നെ തിരഞ്ഞെടുപ്പിനു മറ്റൊരു വിധത്തില്‍ കൊഴുപ്പുകൂട്ടുകയാണ്  സുപ്രീം കോടതി ജഡ്ജിയുടെ നിയമനം സംബന്ധിച്ച വിവാദം. ട്രംപ് നാമനിര്‍ദേശം ചെയ്ത വനിതാ ജഡ്ജിക്കു തിരഞ്ഞെടുപ്പിനു മുന്‍പ്തന്നെ സെനറ്റിന്‍റെ അംഗീകാരം നേടിക്കൊടുക്കാനുള്ള തിടുക്കത്തിലാണ്  അദ്ദേഹവും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും. 

ഒന്‍പതു ജഡ്ജിമാരുള്ള യുഎസ് സുപ്രീംകോടതിയില്‍ യാഥാസ്ഥിതിക ചിന്താഗതിക്കാരും പുരോഗമനവാദികളും തമ്മിലുള്ള അനുപാതം 5 : 4 ആയിരുന്നു. ഇവര്‍ യഥാക്രമം റിപ്പബ്ളിക്കന്‍ പാര്‍ട്ടിയെയും ഡമോക്രാറ്റിക് പാര്‍ട്ടിയെയും അനുകൂലിക്കുന്നവരാണെന്നാണ് കരുതപ്പെടുന്നത്. (സെപ്റ്റംബര്‍ 26ലെ 'ഒരു യുഎസ് സുപ്രീം വിവാദം'  എന്ന ലേഖനം കാണുക)

പുരോഗമനവാദിയെന്ന പ്രസിദ്ധി നേടിയ ജഡ്ജി റുത്ത് ബാഡര്‍ ഗിന്‍സ്ബര്‍ഗ് കഴിഞ്ഞ മാസം അന്തരിച്ചതോടെ ജഡ്ജിമാരുടെ അനുപാതം 5 : 3 ആയി. അതു 6 : 3 ആക്കുന്നതിനുവേണ്ടിയാണ് പുതിയ ജഡ്ജിയെ നിയമിക്കാന്‍ ട്രംപ് തിടുക്കംകൂട്ടിയത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അതു നിര്‍ത്തിവയ്ക്കണമെന്ന ഡമോക്രാറ്റുകളുടെ ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു.   

യാഥാസ്ഥിതിക ചിന്താഗതിക്കാരിയായി അറിയപ്പെടുന്ന ആമി കോണി ബാരറ്റ് എന്ന വനിതയെയാണ് പുതിയ ജഡ്ജിയാക്കാന്‍ ട്രംപ് കണ്ടെത്തിയത്. സെപ്റ്റംബര്‍ 26നു അവരുടെയും സാന്നിധ്യത്തില്‍ വൈറ്റ്ഹൗസിലെ റോസ് ഗാര്‍ഡനില്‍ അതിന്‍റെ ആഘോഷവും നടന്നു.  

അതും വിവാദമായി. കാരണം, അവിടെ സന്നിഹിതരായിരുന്ന ഇരുനൂറോളം പ്രമുഖ വ്യക്തികളില്‍ മിക്കവരും മാസ്ക്ക് ധരിക്കുകയോ അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. ട്രംപും ഭാര്യ മെലാനിയയും ഉള്‍പ്പെടെ വൈറ്റ് ഹൗസിലെ ഒരു ഡസനോളം പേര്‍ക്കു കോവിഡ് ബാധിച്ചതായി പരിശോധനയില്‍ കണ്ടത് അതിനുശേഷമായിരുന്നു. എങ്കിലും, ആ വേദിയില്‍ വച്ചാണ് അവരെ വൈറസ് പിടികൂടിയതെന്നു തെളിയിക്കപ്പെട്ടിട്ടുമില്ല. 

നേരിയ തോതില്‍മാത്രം രോഗം ബാധിച്ച മെലാനിയയെ വൈറ്റ്ഹൗസില്‍തന്നെ ചികില്‍സിക്കുകയായിരുന്നു. (അവരെയും വാള്‍ട്ടര്‍ റീഡ് ആശുപത്രിയിലേക്കു കൊണ്ടുപോയെന്നു ഒക്ടോബര്‍ മൂന്നിലെ ലേഖനത്തില്‍ പറഞ്ഞിരുന്നതു ശരിയായിരുന്നില്ല.) 

മെലാനിയയുടെ രോഗം മാറിക്കഴിഞ്ഞപ്പോഴേക്കും മകന്‍ ബാറനും (14) രോഗം ബാധിച്ചതായി പരിശോധനയില്‍ കണ്ടു. വേഗം രോഗം മാറുകയും ചെയ്തു. കോവിഡിനെ അധികമൊന്നും കാര്യമാക്കെണ്ടെന്നു പറയാന്‍ ട്രംപിന് ഇതും സഹായകമായി. സ്കൂളുകള്‍ തുറക്കുന്ന കാര്യം ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

പുതിയ ജഡ്ജിയുടെ നിയമനത്തിനു സെനറ്റിന്‍റെ അംഗീകാരം കിട്ടുക സാധാരണഗതിയില്‍ പ്രയാസമുള്ള കാര്യമല്ല. കാരണം, സെനറ്റില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. നവംബര്‍ മൂന്നിലെ തിരഞ്ഞെടുപ്പിനു മുന്‍പ് അതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും അവര്‍ ആഗ്രഹിക്കുന്നു.  അതുകൊണ്ടുതന്നെയാണ് പുതിയ ജഡ്ജിയെ നാമനിര്‍ദേശം ചെയ്യാന്‍ ട്രംപ് തിടുക്കംകൂട്ടിയതും. 

ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പ്രാധാന്യം ഒരുപക്ഷേ വര്‍ധിക്കാനുമിടയുണ്ട്. കാരണം, ട്രംപ് തോല്‍ക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. തപാല്‍ വോട്ടിലൂടെ വാപകമായ കള്ളവോട്ടിനു ഡമോക്രാറ്റുകള്‍ വട്ടംകൂട്ടുകയാണെന്ന് ട്രംപ് ആരോപിച്ചുകൊണ്ടിരിക്കുന്നത് അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സുപ്രീം കോടതിക്ക് ഇടപെടേണ്ടിവന്നേക്കാം. അതുകൊണ്ടു കൂടിയാണ് പുതിയ ജഡ്ജിയുടെ നിയമനം ഇത്രയും ചൂടുപിടിച്ച തര്‍ക്കവിഷയമായിരിക്കുന്നതും.

English Summary : Donald Trump after Covid19

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA