ഹോങ്കോങ്ങില്‍ പ്രതാപത്തിന്‍റെ അവസാനം

HIGHLIGHTS
  • ചൈന നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെടുന്നു
  • ഭാവിയെപ്പറ്റി ജനങ്ങള്‍ ഭീതിയില്‍
hongkong
Photo Credit: Nikada/iStock.com
SHARE

ഹോങ്കോങ് മരിച്ചു. അതിന്‍റെ ശവപ്പെട്ടിയുടെ മേല്‍ അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വാണിജ്യകേന്ദ്രവും വിവര സാങ്കേതിക സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രവുമായ ഹോങ്കോങ്ങിനെച്ചൊല്ലി ഇങ്ങനെ സങ്കടപ്പെടുന്നവരുടെ എണ്ണം അടിക്കടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. 

ഇനിയവിടെ ഭാവിയില്ലെന്ന ഭീതിയില്‍ എത്രയുംവേഗം നാടുവിട്ടുപോവാന്‍ വെമ്പല്‍കൊള്ളുന്നവരുണ്ട്. സിംഗപ്പൂരിലും തയ്വാനിലും ഗള്‍ഫ് രാജ്യങ്ങളിലും പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടി സ്ഥലംവിട്ടു പോയിക്കഴിഞ്ഞവരും എറെയാണ്. ഇതിനു കാരണക്കാരായി അവരെല്ലാം ചൂണ്ടിക്കാട്ടുന്നത് മറ്റാരെയുമല്ല, ചൈനയെ.

ഒന്നര നൂറ്റാണ്ടിലേറെ കാലത്തെ ബ്രിട്ടീഷ് ഭരണത്തിനുശേഷം ഹോങ്കോങ് (1108 ചതുരശ്ര കിലോമീറ്റര്‍) ചൈനയ്ക്കു തിരിച്ചുകിട്ടിയത് 1997ലാണ്. ഇപ്പോള്‍ 27 വര്‍ഷം കഴിഞ്ഞു. അപ്പോഴാണ് ഹോങ്കോങ് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്നത്. നേരത്തെതന്നെ അത് അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു. 

നിലവിലുണ്ടായിരുന്ന ജനാധിപത്യ ഭരണ രീതിയും മുതലാളിത്ത സമ്പദ് വ്യവസ്ഥയും 50 വര്‍ഷത്തേക്കു (2047 വരെ) തുടരുമെന്നാണ് 1997ലെ കൈമാറ്റരേഖയിലും അതിനു മുന്‍പ് 1984ല്‍ ബ്രിട്ടനുമായി ഒപ്പുവച്ച സംയുക്ത പ്രഖ്യാപനത്തിലും ചൈന ഉറപ്പ് നല്‍കിയിരുന്നത്. അതിന്‍റെയെല്ലാം അടിസ്ഥാനത്തില്‍ നിലവില്‍വന്ന അടിസ്ഥാന നിയമം (ബേസിക് ലോ) എന്നറിയപ്പെടുന്ന ഭരണഘടനാ രേഖയില്‍ അത് എഴുതിച്ചേര്‍ക്കുകയുമുണ്ടായി. പക്ഷേ, ആ ഉറപ്പ് തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നു. 

അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മാര്‍ച്ച് 19) ചൈനാ അനുകൂലികളുടെ നിയന്ത്രണത്തിലുളള ഹോങ്കോങ് നിയമസഭ പാസ്സാക്കിയ പുതിയ ദേശീയ സുരക്ഷാ നിയമം. മാര്‍ച്ച് 23ന് അതു നടപ്പിലാവുകയും ചെയ്തു. ഹോങ്കോങ്ങിലെ അവശേഷിക്കുന്ന സ്വാതന്ത്ര്യങ്ങളും 

പൗരാവകാശങ്ങളുംകൂടി തുടച്ചുനീക്കുമെന്നു കരുതപ്പെടുന്ന ആ നിയമമാണ് ഹോങ്കോങ്ങിന്‍റെ ശവപ്പെട്ടിയുടെ മേല്‍ അടിച്ചുകയറ്റിയ അവസാനത്തെ ആണിയായി വിശേഷിപ്പിക്കപ്പെടുന്നത്. 

വേണ്ടത്ര ചര്‍ച്ചകളൊന്നും കൂടാതെ ഇത്തരമൊരു കര്‍ക്കശ നിയമം തിരക്കുപിടിച്ചു കൊണ്ടുവരികയും നടപ്പാക്കുകയും ചെയ്യുന്നതിനെ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളും രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും അപലപിട്ടുണ്ട്. ചൈനയും ഹോങ്കോങ്ങിലെ ചൈനാ അനുകൂല ഭരണകൂടവും അതിനെ പുഛിച്ചുതള്ളുന്നു.

സമാനമായ ഒരു നിയമം  2020ല്‍തന്നെ നടപ്പാക്കാന്‍ ബെയ്ജിങ്ങിലെ ചൈനീസ് ഭരണകൂടം മുന്നോട്ടുവന്നിരുന്നു. രാജ്യദ്രോഹം, വിഘടനവാദം, അട്ടിമറി, ചാരപ്പണി, ഭീകരപ്രവര്‍ത്തനം എന്നിവ നിരോധിക്കാനും കുറ്റവാളികള്‍ക്കു കനത്ത ശിക്ഷ നല്‍കാനുമുള്ളതായിരുന്നു ആ നിയമം. അതു ലംഘിക്കുന്നവര്‍ക്കു ജീവപര്യന്തം തടവുവരെ ശിക്ഷ ലഭിക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. 

വലിയ കുറ്റങ്ങള്‍ക്കു വലിയ ശിക്ഷ നല്‍കുന്നതല്ല പ്രശ്നമായത്. നിയമത്തില്‍ പറയുന്ന കുറ്റങ്ങളുടെ നിര്‍വചനത്തിലെ അവ്യക്തത കാരണം ചെറിയ കുറ്റങ്ങള്‍ക്കു പോലും വലിയ ശിക്ഷ ലഭിക്കാനുള്ള സാഹചര്യമുണ്ടായി. ഗവണ്‍മെന്‍റിനെതിരെ ശബ്ദിക്കുന്നവരെ നിശ്ശബ്ദരാക്കാനും ജയിലിലടക്കാനും ആ നിയമം പരക്കേ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയുമുണ്ടായിരുന്നു. 

ഹോങ്കോങ് ബ്രിട്ടനില്‍നിന്നു തിരിച്ചുവാങ്ങുമ്പോള്‍ ചൈന നല്‍കിയ ഉറപ്പുകള്‍ അനുസരിച്ച് ഹോങ്കോങ്ങിലെ നിയമങ്ങള്‍ നിര്‍മിക്കേണ്ടത് അവിടത്തെ നിയമസഭയാണ്. അതിന്‍റെ ലംഘനവുമായിരുന്നു  ബെയ്ജിങ്ങിലെ ചൈനീസ് പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമം. ഹോങ്കോങ്ങിലെ ഏറ്റവും വലിയ മാധ്യമ മുതലാളിയും സഹസ്രകോടീശ്വരനുമായ ജിമ്മി ലായ് 2020ല്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ആ നിയമം അനുസരിച്ചാണ്. 

ഹോങ്കോങ്ങിലെ ഭരണകുടത്തെ അട്ടിമറിക്കാനായി വിദേശ ശക്തികളുമായി ഗൂഡാലോചന നടത്തിയെന്നതാണ് അദ്ദേഹത്തിന്‍റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. അതിനു കാരണമായിത്തീര്‍ന്നതാണെങ്കില്‍ അദ്ദേഹം അമേരിക്കയില്‍ അന്നത്തെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി കണ്ടു സംസാരിച്ചതും. കേസിന്‍റെ വിചാരണ നടന്നുവരികയാണ്. ജീവപര്യന്തം തടവുശിക്ഷവരെ ലഭിക്കാം. പൗരവകാശ പ്രവര്‍ത്തകനായ ജോഷ്വ വാങ് ഉള്‍പ്പെടെ വേറെയും നൂറുകണക്കിനാളുകള്‍ തടങ്കലിലുണ്ട്.   

ആ നിയമത്തിലുള്ളതിനേക്കാള്‍ കര്‍ക്കശമായ വ്യവാസ്ഥകള്‍ അടങ്ങിയതാണ് ആര്‍ട്ടിക്ക്ള്‍ 23 എന്ന പേരുള്ള പുതിയ നിയമം. കാരണം പറയാതെ ആരെയും തടങ്കലില്‍ വയ്ക്കാന്‍ 48 മണിക്കൂര്‍വരെ അനുവദിച്ചിരുന്നത് പതിനാറു ദിവസമാക്കിയിരിക്കുകയാണ് പുതിയ നിയമത്തില്‍. പല ശിക്ഷകളുടെയും കാലാവധി നീട്ടുകയും ചെയ്തു. 

ചൈനാ വന്‍കരയുടെ തെക്കു കിഴക്കെ മൂലയില്‍ കിടക്കുന്ന കുറേ ദ്വീപുകള്‍ അടങ്ങിയ ഹോങ്കോങ്ങിന്‍റെ ഒരു ഭാഗം ബ്രിട്ടന്‍റെ അധീനത്തിലായത് 1842ല്‍ ചൈനയില്‍ ക്വിങ് രാജവംശത്തിന്‍റെ ഭരണകാലത്തായിരുന്നു. മറ്റു ഭാഗങ്ങള്‍ പിന്നീട് ബ്രിട്ടന്‍ 99 വര്‍ഷത്തെ ദീര്‍ഘകാല പാട്ടത്തിനു വാങ്ങി. പാട്ടക്കാലാവധി പൂര്‍ത്തിയായപ്പോഴാണ് ഹോങ്കോങ് മുഴുവനായും ബ്രിട്ടന്‍ ചൈനയ്ക്കു തിരിച്ചുകൊടുത്തത്. 

ഹോങ്കോങ്ങിന്‍റെ സമീപമേഖലയിലെ മക്കാവോ തുറമുഖനഗരം നാലു നൂറ്റാണ്ടിലേറെ കാലായി മറ്റൊരു യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലിന്‍റെ അധീനത്തിലായിരുന്നു. പില്‍ക്കാലത്ത് ഒരു ചൂതാട്ടകേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവുമായിത്തീര്‍ന്ന അതു 1999ല്‍ പോര്‍ച്ചുഗല്‍ ചൈനയ്ക്ക് മടക്കിക്കൊടുത്തു. 

ബ്രിട്ടനിലെ പൗരന്മാര്‍ക്കു ലഭ്യമായ മിക്കവാറും എല്ലാ ജനാധിപത്യ സ്വാതന്ത്ര്യങ്ങളും പൗരാവകാശങ്ങളും നീതിന്യായപരമായ ആനുകൂല്യങ്ങളും ബ്രിട്ടീഷ് കോളണിയെന്ന നിലയില്‍ ഹോങ്കോങ്ങിലെ നിവാസികള്‍ക്കു ലഭ്യമായിരുന്നു. ചൈനയുടെ ഭാഗമാകുന്നതോടെ അതെല്ലാം നഷ്ടപ്പെടുന്നതില്‍ അവര്‍ സ്വാഭാവികമായും ഉല്‍ക്കണ്ഠാകുലരായി. 

നിലവിലുളള ജനാധിപത്യ രീതികള്‍ 50 വര്‍ഷത്തേക്കു (2047 വരെ) മാറ്റമില്ലാതെ തുടരുമെന്ന് ചൈന ഉറപ്പ് നല്‍കിയത് അതിനെ തുടര്‍ന്നാണ്. കമ്യൂണിസ്റ്റ് ഭരണമുളള ചൈനയില്‍നിന്നു വ്യത്യസ്തമായ വ്യവസ്ഥ എന്ന അര്‍ഥത്തില്‍ ഇത് 'ഒരു രാജ്യം രണ്ടു രീതികള്‍' എന്നറിയപ്പെടുകയും ചെയ്തു. 

ഹോങ്കോങ്ങിലെ ഭരണകൂടത്തിന്‍റെ മേധാവിയായ ചീഫ് എക്സിക്യൂട്ടീവിനെ തിരഞ്ഞെടുക്കുന്നതു പൂര്‍ണ ജനാധിപത്യ രീതിയിലായിരിക്കുമെന്നു ചൈന ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ചീഫ് എക്സിക്യൂട്ടീവിനെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുന്നതിനു പകരം ഒരു 1200 അംഗ കമ്മിറ്റി തിരഞ്ഞെടുക്കുന്ന രീതി നടപ്പാക്കി ചൈന ആദ്യംതന്നെ അതില്‍ ഏകപക്ഷീയമായ മാറ്റംവരുത്തി. 

സ്ഥാനാര്‍ഥികളുടെ അര്‍ഹത നിര്‍ണയിക്കാനും കമ്മിറ്റിയെ വച്ചു. രണ്ടു കമ്മിറ്റികളിലും ബഹുഭൂരിപക്ഷം ചൈനയെ അനുകൂലിക്കുന്നവരായതിനാല്‍ 

ബെയ്ജിങ്ങിലെ ഭരണാധികാരികളുടെ അംഗീകാരം നേടിയവര്‍ക്കു മാത്രമേ ചീഫ് എക്സിക്യൂട്ടീവാകാന്‍ കഴിയൂ എന്ന നിലവന്നു. ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. അങ്ങനെ തുടങ്ങിയതാണ് ഇടവേളകളോടെ കഴിഞ്ഞ രണ്ടു ദശകങ്ങളായി നടന്നുവന്ന പ്രക്ഷോഭങ്ങള്‍.

ഹോങ്കോങ്ങിലെ കേസുകളില്‍ പ്രതികളാകുന്നവരെ വിചാരണയ്ക്കുവേണ്ടി ചൈനയിലേക്ക് അയക്കാന്‍ 2019ല്‍ ഹോങ്കോങ് നിയമസഭ പാസ്സാക്കിയ നിയമത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട സമരം നീണ്ടുനിന്നത് ആറു മാസമാണ്. ചില ദിവസങ്ങളില്‍ പത്തു ലക്ഷംവരെ ആളുകള്‍ പ്രകടനങ്ങളില്‍ പങ്കെടുത്തു. വിമാനത്താവളവും റയില്‍വേ സ്റ്റേഷനും ആക്രമിക്കപ്പെട്ടു. 

ആ നിയമം പിന്‍വലിക്കപ്പെട്ടുവെങ്കിലും അത്തരം പ്രക്ഷോഭങ്ങള്‍ തടയാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള മറ്റൊരു നിയമവുമായി ചൈനീസ് ഭരണകൂടംതന്നെ 2020ല്‍ മുന്നോട്ടുവന്നു. രാജ്യദ്രോഹം, വിഘടനവാദം, അട്ടിമറി, ചാരപ്പണി, ഭീകരപ്രവര്‍ത്തനം എന്നിവ നിരോധിക്കാനും കുറ്റവാളികള്‍ക്കു കനത്ത ശിക്ഷ നല്‍കാനുമുള്ള ഈ 'ദേശീയ സുരക്ഷാ നിയമ'ത്തിനെതിരെയും വ്യാപകമായ പ്രക്ഷോഭം നടന്നു. 

പക്ഷേ, പുതിയ നിയമം നിയമസഭ പാസ്സാക്കിയതിനുശേഷം ഏതാണ്ട് ഒരാഴ്ചയായിട്ടും അതിനെതിരായ പ്രതിഷേധ പ്രകടനങ്ങളൊന്നും തെരുവുകളില്‍ കാണാനില്ലെന്നു പാശ്ചാത്യ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്തരീക്ഷമാകെ ഭീതിയുടെ പുക നിറഞ്ഞിരിക്കുകയാണത്രേ. ഹോങ്കോങ്ങിലെ മാധ്യമങ്ങളില്‍ പലതും ഗവണ്‍മെന്‍റുമായി ഏറ്റുമുട്ടുന്നതു നേരത്തെതന്നെ നിര്‍ത്തുകയുമുണ്ടായി.

ഏഷ്യയിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രവും സാമ്പത്തിക പ്രവര്‍ത്തന സിരാകേന്ദ്രവുമെന്ന നിലയിലുള്ള ഹോങ്കോങ്ങിന്‍റെ പ്രശസ്തിയും ഇതോടെ വെല്ലുവിളിയെ നേരിടുകയാണ്. 1997ല്‍ ചൈന നല്‍കിയ ഉറപ്പുകളുടെ കാലാവധി അവസാനിക്കാന്‍ ഇനിയും 23 വര്‍ഷം ബാക്കിയുള്ളപ്പോഴാണ് ഈ സ്ഥിതി. ഇനിയുള്ള വര്‍ഷങ്ങളില്‍ എന്തു സംഭവിക്കുമെന്ന ആശങ്കയും ജനങ്ങള്‍ക്കിടയില്‍ അടക്കടി വര്‍ധിച്ചുകൊണ്ടിരിക്കുകയാണത്രേ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS