സലോമിക്കെന്ത് സോളോഗമി?

sologamy
Photo Credit : Poznyakov / Shutterstock.com
SHARE

– ഗുജറാത്തിലൊരുത്തി തന്നെത്തന്നെ സ്വയം വിവാഹം ചെയ്യാൻ പോകുന്നൂന്ന്..

– അതെന്നാടീ... ആ പെങ്കൊച്ചിന് കെട്ടാൻ ഗുജറാത്ത് രാജ്യത്ത് ആൺപിറന്നോന്മാരൊന്നുമില്ലായോ...?

– അതല്ലെന്റെ ചേടത്തി... നമ്മള് ഏറ്റവും ഇഷ്ടപ്പെടുന്നവരെയല്യോ കെട്ടേണ്ടത്? ആ പെൺകൊച്ചിന് മറ്റാരേക്കാളും ഇഷ്ടം ആ പെൺകൊച്ചിനെത്തന്നെയാണെന്ന്... അപ്പോ പിന്നെ തന്നെത്തന്നെ കല്യാണം കഴിക്കുന്നൂ.. അത്രന്നെ..

– നീയെന്നെ കൺഫ്യൂഷനാക്കുമല്ലോ.. അങ്ങനെ അവനവനെത്തന്നെ കെട്ടുകല്യാണം കഴിക്കുന്നൊരു നാട്ടുനടപ്പുണ്ടോ എവിടെങ്കിലും...?

– ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട് ചേടത്തി. സോളോഗമി എന്നു പറയും.. മറ്റു ചെലരും അപൂർവമായി ഇങ്ങനെ സ്വയം കല്യാണം കഴിച്ചിട്ടുണ്ടത്രേ...

– അതു കൊള്ളാം.. വട്ടെന്നല്ലാതെ എന്തു പറയാൻ... മൂത്ത വട്ട്..മുഴുവട്ട്... നീയിതൊക്കെ കാണാനും കേൾക്കാനും നിൽക്കണ്ട. പത്തു ‘നന്മനിറഞ്ഞ മറിയം’ ചൊല്ലി പോയി പറമ്പിലെ പണിവല്ലതും നോക്ക് പെണ്ണേ...

അതുംപറഞ്ഞ് സലോമിച്ചേടത്തി നടുവിനൊരു ഊന്നുംകൊടുത്ത് തിണ്ണപ്പടിക്കൽ താങ്ങി നിലത്തുനിന്ന് എഴുന്നേറ്റു. നടുവിന് ഇടയ്ക്കിടെ വരാറുള്ള ആ കൊള്ളിയാൻവേദന രണ്ടുമൂന്നുദിവസമായി കലശലായിട്ടുണ്ട്. കൊന്തയെത്തിച്ച് മുട്ടുകുത്താനോ തേങ്ങപൊതിക്കാനോ കുന്തിച്ചിരുന്ന് മീൻവെട്ടാനോ ഒന്നും പറ്റാതായിരിക്കുന്നു. വല്ലപ്പോഴും ഒരു കൈസഹായത്തിന് വന്നുകൊണ്ടിരുന്ന മേരിപ്പെണ്ണിനെ അതിയാൻ ഇടപെട്ട് പറഞ്ഞയയ്ക്കുകയും ചെയ്തു. പുറമേന്നൊരാൾക്കു വന്നുപണിയാൻ മാത്രം ഈ വീട്ടിൽ എവിടുന്നാ ഇത്ര പണി എന്നാണ് അതിയാന്റെ സംശയം. സലോമിക്ക് അല്ലെങ്കിലും പണ്ടേ ഈ അടുക്കളജീവിതമാ വിധിച്ചിരിക്കുന്നേ.. ആൺപിള്ളാര് മൂന്നാണേ... മൂന്നും തിന്നാൻനേരം സലോമീ എന്നുംവിളിച്ച് ഊണുമേശപ്പുറത്തിരുന്ന് താളം പിടിക്കുന്നതല്ലാതെ തിന്ന പ്ലേറ്റ് കൈകൊണ്ടുതൊടില്ല. അതിയാന്റെ രാവിലെ അഞ്ചുമണിക്കുളിക്കുള്ള വെള്ളംചൂടാക്കൽ മുതൽ തുടങ്ങുകയല്യോ സലോമിയുടെ തിളച്ചുമറിയുന്നൊരു ദിവസം. കട്ടനു കട്ടൻ, കാപ്പിക്കു കാപ്പി.. പലഹാരം പലവിധം... കറിയോരോരുത്തരുടെയും ഇഷ്ടാനിഷ്ടം...തറതുടയ്ക്കൽ അടിച്ചുവാരൽ...തുണി തിരുമ്മൽ.. ഇറച്ചിവെട്ട്... മീൻനുറുക്ക്...ഇങ്ങനെ പണിപലവിധം വരുന്ന വഴിനോക്കണ്ട... കെട്ടിക്കേറിവന്ന അന്നു തുടങ്ങിയതല്യോ... മൂന്ന് പിള്ളാരെ ഉണ്ടാക്കാനും ഇടയ്ക്കുള്ള ചില പരാക്രമങ്ങൾക്കും വന്നതല്ലാതെ അതിയാൻ സലോമിയുടെ അടുത്തു സ്നേഹത്തോടെ ഒന്നു സംസാരിക്കാറുപോലുമില്ല. എന്തെങ്കിലുമൊക്കെ ഒന്നു മിണ്ടിപ്പറഞ്ഞിരിക്കാൻ ഒരു ചൊക്ലിപ്പട്ടിയും വല്ലപ്പോഴും മീൻമണംപിടിച്ചു വരുന്നൊരു ചാവാലിപ്പൂച്ചയും മാത്രം. ചത്തൊടുങ്ങിയ കാർന്നോന്മാരുടെ ആണ്ടുകുർബാനയ്ക്കു സെമിത്തേരിയിൽ പുല്ലുപറിക്കാനും തിരി കത്തിക്കാനുമല്ലാതെ പള്ളിയിൽപോലും അതിയാൻ കൊണ്ടുപോകാറില്ല. 

വലിയ ആഗ്രഹങ്ങളൊന്നുമില്ല... വല്ലപ്പോഴും പട്ടണത്തിലെ ടാക്കീസിൽ പോയി ഒരു സിനിമ... ഇടയ്ക്കെങ്കിലും അടുക്കള പൂട്ടി ഏതെങ്കിലും ഹോട്ടലിൽനിന്ന് പാലപ്പവും കറിയും പാഴ്സൽ... അങ്ങേരുടെ ജീപ്പിന്റെ മുൻസീറ്റിലിരുന്ന് കാഞ്ഞിരപ്പള്ളിയിലെ റബർതോട്ടങ്ങൾക്കിടയിലൂടെ ഒരു ചുമ്മാകറക്കം.. പിള്ളേരുറങ്ങിക്കഴിയുമ്പോൾ ഇച്ചിരിനേരം തൊട്ടുംപിടിച്ചും ഒരു മിണ്ടിപ്പറഞ്ഞിരുത്തം... ഇതൊക്കെയല്യോ കല്യാണംകഴിഞ്ഞ് ഒരാൺപിറന്നോന്റെ കൂടെ ജീവിക്കുന്നതിന്റെ സുഖം.. അല്ലാതെ അങ്ങേരുടെ പിള്ളേരെ പെറ്റു തീറ്റിപ്പോറ്റാനും വച്ചുകാലമാക്കി വീടടിച്ചു വൃത്തിയാക്കാനും മാത്രമായിരുന്നെങ്കിൽ അപ്പച്ചന്റെ പത്തേക്കർ റബറുംതോട്ടവും അൻപതു പവനും കൊടുത്ത് കെട്ടിക്കേറി വരേണ്ട വല്ല കാര്യവുമുണ്ടോ... വീട്ടുപണിക്കു കൂലികൊടുത്ത് നിർത്തുന്ന പെണ്ണിനുപോലും ഇതിലും മാന്യമായൊരു ജീവിതംകിട്ടും.  ഒരുമിച്ചുറക്കത്തിന്റെ ദൂരം കട്ടിലിന്റെ രണ്ടറ്റത്തേക്കു നീങ്ങിയതോടെ പിള്ളേർ മൂന്നും നടുവിൽ ഇടംപിടിച്ചു. പിന്നെ അവന്മാരുടെ ചവിട്ടുംതൊഴിയുംകൊണ്ട് കട്ടിലിന്റെയോരത്തൊന്നു നടുനിവർത്താൻ കഴിഞ്ഞാൽ അതുതന്നെ സലോമിക്കിപ്പോൾ മഹാഭാഗ്യമെന്നോ കരുതാൻ കഴിയൂ... പുതുമണം മാറാത്തൊരു സാരിയോ, നശിച്ച ഈ ഉള്ളിയുടെയും ഉഴുന്നിന്റെയും മണം മറക്കാനൊരു ടാൽക്കം പൗഡറോ വാരിപ്പൂശാനൊരു സെന്റോ അങ്ങനെയെന്തെങ്കിലും അതിയാന്റെ കയ്യിൽനിന്ന് വിവാഹവാർഷിക സമ്മാനമായി കിട്ടിയിരുന്നെങ്കിൽ എന്ന സലോമിയുടെ ആശ എന്നേ അസ്തമിച്ചു. ഞായറാഴ്ചയുടെ കലണ്ടർചുവപ്പിനപ്പുറം എല്ലാ ദിവസങ്ങളും ഒരേ പോലെ നിറംകെട്ടുപോയൊരു ജീവിതം...

കെട്ടുപ്രായം കഴിഞ്ഞിട്ടും കല്യാണം കഴിക്കാതെ സ്വന്തം കാര്യം നോക്കിനടക്കുന്ന പെണ്ണുങ്ങളെ കാണുമ്പോൾ സലോമി അസൂയപ്പെടാൻ തുടങ്ങിയതും ഇതുകൊണ്ടൊക്കെത്തന്നെയാണ്...

എല്ലാരെയും അത്താഴമൂട്ടി അടുക്കള കഴുകിത്തുടച്ച് ഉറങ്ങാൻനേരമാണ് പിറ്റേന്ന് പ്രാതലിന് അതിയാൻ കള്ളപ്പവും കടലക്കറിയും വേണമെന്നു പറഞ്ഞകാര്യം പെട്ടെന്നു മനസ്സിലേക്കു വന്നത്. ചോദിച്ചത് വിളമ്പിയില്ലെങ്കിൽ അതിയാൻ പാത്രമെടുത്തൊരൊറ്റയേറാണ്. കഴിഞ്ഞയാഴ്ച അങ്ങനെയൊരു ചില്ലുപിഞ്ഞാണം എടുത്തെറിഞ്ഞതു നേരെ വന്നുകൊണ്ടത് സലോമിയുടെ നെറ്റിയിലായിരുന്നു. ആ മുറിപ്പാടു തുടച്ചുകൊണ്ട് അരിയാട്ടുമ്പോൾ സലോമി ആലോചിക്കുകയായിരുന്നു; ഒരിക്കലും തന്റെ ഇഷ്ടങ്ങളെന്തെന്ന് അതിയാൻ ചോദിച്ചിട്ടേയില്ലല്ലോയെന്ന്.   കടല വെള്ളത്തിലിട്ടു തിരികെ മുറിയിലെത്തിയപ്പോൾ അതിയാൻ കൂർക്കംവലിച്ചുറങ്ങുന്നതിന്റെ വൃത്തികെട്ട ശബ്ദം. ബെഡ്ഷീറ്റെടുത്ത് ഇടനാഴിയിലെ തറയിൽവിരിച്ചുറങ്ങാൻ കിടന്നപ്പോൾ സലോമി സോളോഗമി ചെയ്ത പേരറിയാത്ത ആ ഗുജറാത്തുകാരിയെ ഓർത്തു നെടുവീർപ്പിട്ടു... ശരിയാണ്... എത്ര കഷ്ടപ്പെട്ടിട്ടും ഇഷ്ടപ്പെടാൻ കഴിയാത്തൊരാളുടെ ഭാര്യയായി ജീവിതകാലം മുഴുവൻ സ്വന്തം സന്തോഷങ്ങൾ ബലികഴിച്ച് ഒരു യന്ത്രം കണക്കെ ജീവിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് ആ പെൺകുട്ടി ചെയ്തതുപോലെ ഒറ്റയ്ക്കൊരു സങ്കൽപ ദാമ്പത്യം കെട്ടിപ്പടുക്കുന്നത്. സ്വന്തം സ്വപ്നങ്ങളെ താലോലിച്ച്, സന്തോഷങ്ങൾ തിരഞ്ഞ്, തളർന്നെന്നു തോന്നുമ്പോഴൊക്കെ ഒന്നു സ്വയം സമാധാനിപ്പിച്ച്, സ്വയം പ്രണയിച്ച്... മോഹിച്ച്...ഉന്മാദങ്ങൾ തിരഞ്ഞ്.. ഒരു അവളവൾ ജീവിതം.. പുറമേനിന്നു നോക്കുന്നവർക്കു ചിലപ്പോൾ ആ ജീവിതത്തിന്റെ സ്വസ്ഥതയും സന്തോഷവും മനസ്സിലാക്കാൻ കഴിയണമെന്നില്ല. അല്ലെങ്കിലും പുറമേക്കാരുടെ കണ്ണിൽ സന്തുഷ്ടജീവിതം കെട്ടിപ്പടുക്കുന്നവരുടെ ഉൾവേവിന്റെ തീനാളം ആരറിയാൻ... ഒരുമിച്ചൊരു വീട്ടിലുണ്ടെന്നല്ലേയുള്ളൂ.. അവരൊക്കെ തമ്മിൽത്തമ്മിൽ അറിയാത്തവരായിട്ടു കാലമെത്രയായെന്ന് ആരു കണ്ടു?

English Summary : Pink Rose Column Written by Riya Joy on Sologamy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS