ബാൽക്കണിക്കെ‍ാരു പേരുണ്ട്: ഏകാന്തത

HIGHLIGHTS
  • നിഴലും നിലാവും ചേരുന്ന എത്രയെത്ര അവിഹിതങ്ങൾക്ക് അവൾ ആ ബാൽക്കണിയിൽനിന്നു സാക്ഷ്യം വഹിച്ചിരിക്കുന്നു.
  • ആ രാത്രിബാൽക്കണിക്ക് അവളിട്ട പേര് ഏകാന്തത എന്നാകാനേ തരമുള്ളൂ.. കാരണം അവിടെ നിൽക്കുമ്പോഴാണ് അവൾ എത്ര ഒറ്റപ്പെട്ടവളാണെന്നു തിരിച്ചറിയുന്നത്.
woman-on-the-balcony
Representative Image. Photo By: iiievgeniy/istockphoto
SHARE

ഫ്ലാറ്റിലെ പത്തൊൻപതാംനിലയിലെ ബാൽക്കണിയിൽനിന്നു താഴേക്കു നോക്കിയാൽ അവൾക്ക് ആ നഗരം മുഴുവൻ കാണാം. എത്രയോ വർഷങ്ങളായി ആ ബാൽക്കണിയിൽനിന്നുള്ള നഗരക്കാഴ്ച അവൾക്ക് അത്രമേൽ സുപരിചിതം. ഫ്ലാറ്റിന്റെ തന്നെ കോംപൗണ്ടിലെ പൂന്തോട്ടം, തൊട്ടടുത്ത പാർക്ക്, സ്വിമ്മിങ് പൂൾ, റോഡുകൾ, ചേരികൾ, കടകൾ, ആൾത്തിരക്കുള്ള ചന്തകൾ, ഓഫിസുകൾ... അങ്ങനെ കാഴ്ചകൾ നിരവധിയാണ്. ഏറെ ഉയരത്തിലും ഏറെ ദൂരെനിന്നും നോക്കിക്കാണുന്നതുകൊണ്ട് അതിന്റെ അഴുക്കുകളൊന്നും കാണേണ്ടിവരുന്നില്ലെന്ന ആശ്വാസവുമുണ്ട്. പക്ഷേ പകൽസമയത്ത് ഒരിക്കലും അവൾ ആ ബാൽക്കണിയിൽ പോകാറേയില്ല. വീട്ടുതിരക്കുകൾ കാരണം സമയംകിട്ടാറില്ലെന്നതാണ് സത്യം. രാത്രി ഏറെ വൈകി ജോലികൾ തീർത്തശേഷമാണ് അവളുടെ ബാൽക്കണിനേരങ്ങൾ... 

അപ്പോഴേക്കും ചുറ്റിലുമുള്ള നഗരക്കാഴ്ചകളുടെ തെളിച്ചം അണഞ്ഞുകഴിഞ്ഞിരിക്കും. നിയോൺ ബൾബുകൾ കത്തിനിൽക്കുന്ന നടവഴികൾ മഞ്ഞപ്പിത്തം വന്നു വിളറിയ നാഡികൾപോലെ തോന്നും. ഇരുട്ടുവീണ ദൂരക്കാഴ്ചയിൽ മനുഷ്യർ എറുമ്പുകളെപ്പോലെ അരിച്ചുനടക്കുന്നത് അവ്യക്തമായി അവൾ നോക്കിനിൽക്കും. കറുകറുത്ത മരക്കൂട്ടങ്ങൾക്ക് ഇരുട്ടിൽ പേടിപ്പെടുത്തുന്ന ആകൃതി തോന്നിക്കും. നിഴലും നിലാവും ചേരുന്ന എത്രയെത്ര അവിഹിതങ്ങൾക്ക് അവൾ ആ ബാൽക്കണിയിൽനിന്നു സാക്ഷ്യം വഹിച്ചിരിക്കുന്നു. ബാൽക്കണിയിൽനിന്നു താഴേക്കു നോക്കുമ്പോൾ വലുതും ചെറുതുമായി എത്രയെത്ര വീടുകൾ.. ഫ്ലാറ്റുകൾ...മിക്കതിലും എല്ലാ ലൈറ്റുകളും കെടുത്തിക്കഴിഞ്ഞിരിക്കും. ചില വീടുകളിലെ ഒറ്റജനാലകൾ മാത്രം അരണ്ട വെളിച്ചം തുറന്നുവിടുന്നുണ്ടാകും. നേരംപോകെപ്പോകെ ആ വെളിച്ചവും അണയും... എങ്കിലും അവൾ വെറുതെ ആലോചിക്കും. താഴെക്കാണുന്ന ഓരോ വീട്ടിലും ഒരു കുടുംബം കഴിയുന്നുണ്ടായിരിക്കും. അവിടെ പകലിന്റെ മുഴുവൻ വിയർപ്പും തുടച്ച് രാത്രിയുടെ ചെറുകുളിർമയിൽ പരസ്പരം ചൂടുപകർന്ന് കെട്ടിപ്പുണർന്നുകിടക്കുന്ന എത്രയെത്രപേരുണ്ടായിരിക്കും. ആണുങ്ങളും പെണ്ണുങ്ങളും... രാവു പുലരുവോളം അഴിയാത്ത എത്ര കെട്ടിപ്പിടുത്തങ്ങളുണ്ടായിരിക്കും... ചുണ്ടോടു ചുണ്ടടർത്തി മാറ്റാത്ത എത്ര ഉമ്മകളുടെ ചൂടും ചൂരുമുണ്ടായിരിക്കും... അടുത്തുകിടക്കുന്ന അമ്മയുടെ അരയ്ക്കുചുറ്റിപ്പിടിച്ചുറങ്ങുന്ന എത്ര കുഞ്ഞിക്കൈകളുണ്ടായിരിക്കും...ഓരോ ശ്വാസോച്ഛ്വാസത്തിനുമൊപ്പം ഉയർന്നുതാഴുന്ന അച്ഛന്റെ നരച്ച മാറിടത്തിൽ തലചായ്ച്ചുറങ്ങുന്ന എത്ര കുഞ്ഞിക്കിനാക്കളുണ്ടായിരിക്കും...

ആ രാത്രിബാൽക്കണിക്ക് അവളിട്ട പേര് ഏകാന്തത എന്നാകാനേ തരമുള്ളൂ. കാരണം അവിടെ നിൽക്കുമ്പോഴാണ് അവൾ എത്ര ഒറ്റപ്പെട്ടവളാണെന്നു തിരിച്ചറിയുന്നത്. ചിതലുകൾപോലെ കൂട്ടംകൂടി വെരുകിനടക്കുന്ന ആയിരമായിരം മനുഷ്യന്മാർക്കിടയിൽ അവൾ എത്രമാത്രം ഏകയാണെന്ന് അവളോടു തന്നെ പരിതപിക്കുന്നത്. രാത്രിയും ഏകാന്തതയും ഒരു പെണ്ണിനുമാത്രമാകുന്ന അംശബന്ധത്തിൽ കൂടിച്ചേരുമ്പോഴുള്ള മാരകമായ ഒരു രാസപ്രക്രിയയുണ്ട്. അതിന്റെ അമ്ലം വീണു പൊള്ളിയാണ് അവളുടെ എല്ലാ രാത്രികളും അവസാനിക്കുക.

– ഇവിടെനിന്നു നോക്കിയാൽ നല്ല വ്യൂ ആണ് മേഡം. ദോ അങ്ങോട്ടുനോക്കിയാൽ കടല്.. കണ്ടില്ലേ ചീനവലകളൊക്കെ... നല്ലോണം നോക്കിയാൽ പരൽമീനുകളെവരെ കാണാം...   ഇങ്ങോട്ടുനോക്കിയാൽ എന്നാ ഒരു പച്ചപ്പാ... ഈ ബാൽക്കണിയാ മേഡം ഈ ഫ്ലാറ്റിന്റെ ഹൈലൈറ്റ്.... 

വർഷങ്ങൾക്കു മുൻപ് ഈ ഫ്ലാറ്റ് വാങ്ങുന്നതിനു മുൻപ് കാണാൻ വന്നപ്പോൾ, ബാൽക്കണിയിൽനിന്ന് ബ്രോക്കർ പറഞ്ഞതാണ്. ശരിയാണ്. നല്ല കാഴ്ചഭംഗിയുണ്ട് ഇവിടെനിന്ന് പുറത്തേക്കുനോക്കിയാൽ. എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റ്. അറബിക്കടലിന്റെ നീലിമ പരന്നുകിടക്കുന്ന കാഴ്ചയാണ് ലോങ് വ്യൂ. നഗരത്തിന്റെ തലപ്പൊക്കം കൂടി ഇടയ്ക്ക് വേറെയും കെട്ടിടങ്ങൾ വന്നതുകൊണ്ടാകാം അന്നുകണ്ട ചീനവലകളൊന്നും ഇപ്പോൾ കാഴ്ചയിലില്ല. 

ഫ്ലാറ്റ് വാങ്ങിയതിനുശേഷം അവൾ ആദ്യം മോടിപിടിപ്പിച്ചത് ആ ബാൽക്കണിയായിരുന്നു. ഗ്രാഫിറ്റിയെന്നു തോന്നിപ്പിക്കുംവിധമൊരു വാൾപേപ്പർ ഒട്ടിച്ച് നരച്ച ബാൽക്കണിക്ക് അവൾ നിറങ്ങൾ നൽകുകയാണ് ആദ്യം ചെയ്തത്. കൊതുകു കയറാതിരിക്കാൻ നെറ്റ് ഫ്രെയിം ചെയ്തുവച്ചു. ഇളംപച്ചനിറത്തിലുള്ള റെക്സിൻ കാർപ്പെറ്റ് വിരിച്ചു. ഓൺലൈനിൽ വാങ്ങിയ സിറാമിക് ചെടിച്ചടികൾ നിരത്തി അതിലൊക്കെ മണിപ്ലാന്റുകൾ നട്ടുവച്ചു. അവൾക്കിരിക്കാൻ ഒരു ചെറിയ ചാരുബെഞ്ചും ഒരു കുഞ്ഞു ടീപ്പോയും. പണ്ടെപ്പോഴോ ഫോർട്ട്കൊച്ചിയിലെ ജൂതത്തെരുവിൽപോയപ്പോൾ വിലപേശി വാങ്ങിയ ഒരു റാന്തൽ വിളക്കുംകൂടി ആയപ്പോൾ ബാൽക്കണിയാകെ മാറിപ്പോയി. ആ വീട്ടിൽ അവളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായി അതു മാറി. അവിടെനിന്നാണ് അവൾ പുറംലോകം കണ്ടത്. മഴ ചെന്നിവീഴുന്ന തുലാമാസങ്ങളിലെ വെള്ളിടികേട്ട് അവൾ ഞെട്ടിത്തരിച്ചത്. അവിടെനിൽക്കുമ്പോഴാണ് അവൾക്കു കാറ്റുപിടിക്കാറുള്ളത്. വേനലോളം വെന്തും മഞ്ഞോളം കുളിർന്നും അവളുടെ ഋതുക്കൾ കടന്നുപോയത്. മടുപ്പും സങ്കടവും സഹിക്കവയ്യാതെ, ഈ നശിച്ച ജീവിതമൊന്ന് അവസാനിപ്പിച്ചിരുന്നെങ്കിൽ എന്നു ചിലപ്പോഴെങ്കിലും അവൾ ചിന്തിച്ചുകൂട്ടിയതും ആ ബാൽക്കണിയുയരത്തിൽനിന്നുതന്നെയാണ്. 

mother and daughter embracing sitting on bed
Representative Image. Photo By: ljubaphoto/istockphoto

ഓരോന്നൊക്കെ ആലോചിച്ചും ചിലപ്പോൾ ഒന്നുംതന്നെ ആലോചിക്കാനില്ലാതെ മനസ്സ് അതിശൂന്യമാക്കിയും മിക്ക രാത്രികളിലും അവൾ ബാൽക്കണിയിലെ ചാരുബെഞ്ചിൽ വന്നിരിക്കും. കയ്യിൽ ചിലപ്പോഴൊരു ബിയർ, സിഗരറ്റ് ഈയിടെ കുറച്ചിട്ടുണ്ട്. ‘ഹോട്ട്’ ഒന്നും അവൾ പണ്ടേ കഴിക്കാറില്ല.  ജീവിതം തന്നെ തണുത്തുറഞ്ഞുകഴിഞ്ഞിരിക്കുന്നു. രണ്ടോമൂന്നോ കവിൾ കഷ്ടപ്പെട്ടിറക്കിക്കഴിയുമ്പോൾ അവൾക്ക് അവളോടുതന്നെ ഒരു സഹതാപം തോന്നും. ചിലപ്പോൾ നിരാശയും ദേഷ്യവും കാരണം ആ ചില്ലുഗ്ലാസ് തട്ടിപ്പൊട്ടിക്കും. ‘മേഡത്തിന് ഇതിന്റെ വല്ല കാര്യവുണ്ടോ?’ പിറ്റേന്നു തൂത്തുതുടയ്ക്കാൻ വരുന്ന വേലക്കാരി പിറുപിറുക്കും.

ശരിയാണ്. ഒരു കാര്യവുമില്ല.. ഒരു കാര്യവുമില്ലാതെ, ഒരു പ്രതീക്ഷയുമില്ലാതെ അങ്ങനെ എത്ര വർഷങ്ങളായി അകത്തെ മുറിയിൽ മാളു ആ കിടപ്പു തുടങ്ങിയിട്ട്. തളർന്നുകിടക്കുന്ന അവളെ  ഹോസ്പിറ്റൽ ബെഡിൽ അനക്കാതെ കിടത്തി ഫ്ലാറ്റിന്റെ സർവീസ് ലിഫ്റ്റ് വഴി പത്തൊൻപതാം നിലയിലേക്കു കയറ്റിയ ആ ദിവസം അവൾ മറന്നിട്ടില്ല. പ്രായപൂർത്തിയായ, വയ്യാത്ത മകളെയുംകൊണ്ടു തനിച്ചുതാമസിക്കാൻ വന്ന സുന്ദരിയായ വീട്ടമ്മ. ഫ്ലാറ്റിലെ മറ്റു സ്ത്രീകൾ സഹതാപത്തോടെയും അവരുടെ ഭർത്താക്കന്മാർ സമ്മിശ്രവികാരങ്ങളോടെയും നോക്കിയ നോട്ടങ്ങളും അവൾ മറന്നിട്ടില്ല. അന്നുകൊട്ടിയടച്ചതാണു പുറത്തേക്കുള്ള ആ വാതിൽ... അതിൽപിന്നെ ആ ഫ്ലാറ്റിൽനിന്ന് വളരെ അപൂർവമായേ അവൾ പുറത്തിറങ്ങാറുള്ളൂ.  

രണ്ടു പെണ്ണുങ്ങൾ.. രണ്ടുമുറികളിൽ... ജീവിതത്തിന്റെതന്നെ തുറവിയില്ലാതായവർ...പിന്നെപ്പിന്നെ വല്ലപ്പോഴും എന്തെങ്കിലും മിണ്ടിയാലായി. ‘മമ്മാ’ എന്ന ഇടറിയ ശബ്ദത്തിലുള്ള വിളിപോലും ഈയിടെ കേൾക്കാതെയായി. ഓർമവച്ച കാലം മുതൽ അവൾക്കു മരുന്നിന്റെ മണമായിരുന്നു. പാൽ മണക്കേണ്ട പിഞ്ചു പ്രായം മുതൽ തുടങ്ങിയതാണ് അവളുടെ കുഞ്ഞുചുണ്ടുകളിൽ മരുന്ന് ഇറ്റിച്ചുകൊടുക്കാൻ... അമ്മയാണെന്ന ഓർമപോലും അവളിലുണ്ടോ എന്ന് അവൾക്കു സംശയമാണ്. ചുറ്റിലുമുള്ളതൊന്നും അറിയാതെ അവൾ എപ്പോഴും മറ്റേതോ ലോകത്താണെന്നു തോന്നാറുണ്ട്. എങ്കിലും അവളുടെ ലോകം മാളുവിലേക്കു മാത്രമൊതുങ്ങിയിട്ട് ഇരുപതു വർഷമാകുന്നുവെന്ന് ചുമരിലെ കലണ്ടർ ഇടയ്ക്കിടെ ക്രൂരമായി ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കളിക്കുട്ടിപ്രായം മുതൽ മാളു ആ കിടക്കയിൽതന്നെയായിരുന്നു. അവൾ കൗമാരത്തിലേക്കു മുതിർന്നതിന്റെ ചുവപ്പ് ഒഴുകിപ്പരക്കുന്നതും അതേ കിടക്കവിരിയിൽതന്നെ... അവൾമാത്രം അതൊന്നുമറിയുന്നില്ലെന്നു മാത്രം...

ഇപ്പോൾ അവൾക്കു മരുന്നുകളോടു പോലും മടുപ്പായി. കണ്ണെഴുതിച്ചു മുഖത്ത് പൗഡറിട്ടു കൊടുക്കുമ്പോൾ അവൾ വെറുതെ കണ്ണാടി കാണിച്ച് മാളുവിനോട് പറയും.. ‘മമ്മേടെ മോൾ സുന്ദരിക്കുട്ടിയാണല്ലോ....’ പിന്നെപ്പിന്നെ അതു കേൾക്കെ അവളുടെ കണ്ണുകളിൽ നിറയുന്ന ദൈന്യം കണ്ട് ചങ്കുപൊട്ടിപ്പോകുമെന്നായപ്പോൾ കണ്ണാടി തന്നെ അവളെ കാണിക്കാതായി. എഴുന്നേറ്റു വീൽചെയറിലെങ്കിലും ഇരിക്കാനായിരുന്നെങ്കിൽ ആ ബാൽക്കണിയോളം കൊണ്ടുചെന്ന് മാളുവിനെ ആകാശം കാണിച്ചുകൊടുക്കണമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട് അവൾക്ക്. രണ്ടാമതൊരു ആലോചനയിൽ അവളതു വേണ്ടെന്നുവച്ചിട്ടുമുണ്ട്. അല്ലെങ്കിലും സദാനേരവും മുറിയിലെ സീലിങ് ഫാനിലേക്കു നോക്കിക്കിടക്കാൻ മാത്രം കഴിയുന്ന അവളെയെന്തിന് ആകാശം കാണിച്ച് കൂടുതൽ സങ്കടപ്പെടുത്തണം.

‘‘മേഡത്തിന് മാലാഖയുടെ മനസ്സാണ്; കുടുംബക്കാരൊക്കെ വേണ്ടെന്നുവച്ചിട്ടും ഈ വയ്യാത്ത പെൺകൊച്ചിനെ പൊന്നുപോലെയല്ലേ നോക്കുന്നേ.. വേറെ വല്ല അവളുമാരും ആയിരുന്നേല് പണ്ടേ വല്ല വിഷവുംകൊടുത്ത് കൊന്നേനേ.....’’

വീട്ടിലെ പണിക്കാരി ഇടയ്ക്കിടെ പറയുന്നതുകേൾക്കുമ്പോൾ അവൾക്കു ചിരിവരും. അതെ, മാലാഖ തന്നെ... പത്തൊൻപതാംനിലയുടെ ആകാശപ്പൊക്കത്തിരുന്ന് ചിറകുതുന്നുന്ന മാലാഖ...പക്ഷേ ഏത് ആകാശത്തേക്കാണ് പറക്കേണ്ടതെന്നുമാത്രം അവൾക്ക് ഇന്നുമറിയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS