ഇരുളും വെളിച്ചവും

Young-man-with-thumb-down
Representative Image. Photo Credit : FGC / Shutterstock.com
SHARE

മനുഷ്യർ വ്യത്യസ്തരാണെങ്കിലും അവരെ പൊതുവിൽ രണ്ടായി തിരിക്കാം – ശുഭപ്രതീക്ഷയുള്ളവരും അതില്ലാത്തവരും. എല്ലാ പ്രവർത്തനങ്ങൾക്കും ഉത്തേജനവും ഉത്സാഹവും നൽകുന്നത് ശുഭപ്രതീക്ഷയായതിനാൽ അതില്ലാത്ത ജീവിതം വിരസമാകാനേ വഴിയുള്ളൂ. ഒരു കാര്യം നേടിയെടുക്കുന്നതിനു മുൻപ് അതു നമ്മുടെ ഭാവനയിൽ കാണാൻ കഴിയണം. ഭാവനാശക്തിയാണ് നമ്മുടെ ചിന്തയെ കർമത്തിലേക്കു നയിക്കുന്നത്. ഭാവനയിൽ കാണുക മാത്രമല്ല, പ്രവൃത്തികൊണ്ട് അതിനെ യാഥാർഥ്യമാക്കാനും ശുഭപ്രതീക്ഷകനു കഴിയും.

അതേസമയം, ജീവിതത്തിന്റെ ഇരുളടഞ്ഞ ഭാഗങ്ങൾ മാത്രം നോക്കിക്കാണുന്ന ചിലരുണ്ട്. ഇക്കൂട്ടർ അവരവർക്കു മാത്രമല്ല, കുടുംബത്തിനും സുഹൃത്തുക്കൾക്കും നിത്യദുഃഖത്തിനു വഴിവയ്ക്കുന്നു. നിഷേധാത്മക ചിന്തകൾകൊണ്ടും ഇല്ലാത്ത കുഴപ്പങ്ങളും പ്രശ്നങ്ങളും വിഷമങ്ങളും രോഗങ്ങളും മറ്റും ഉണ്ടെന്ന വിചാരംകൊണ്ടും തങ്ങളെ‌യും മറ്റുള്ളവരെയും നൈരാശ്യത്തിലേക്കു വലിച്ചിഴയ്ക്കുകയാണവർ. അത് അറിഞ്ഞുകൊണ്ടോ അറിയാതെയോ ആകാം. ഈ മനഃസ്ഥിതി ഒരു പകർച്ചവ്യാധി പോലെയാണ്. അവരെ സമീപിക്കുന്നവരെയും അവരുമായി സമ്പർക്കം പുലർത്തുന്നവരെയുമെല്ലാം ഇതു ബാധിച്ചെന്നു വരും.

നാം അഭിമുഖീകരിക്കുന്ന പലരിലും വീഴ്ചകളും കുറവുകളും കാണുന്നുണ്ടെങ്കിൽ അവരെ പുച്ഛിക്കുകയോ വെറുക്കുകയോ അരുത്. മനുഷ്യസഹജമായ ദൗർബല്യങ്ങളാണ് അവയെന്നു മനസ്സിലാക്കി അനുഭാവത്തോടെ അവരെ സഹായിക്കാൻ സന്നദ്ധരാകണം. ഒരു ധനികന്റെയും അയാളുടെ ജോലിക്കാരന്റെയും കഥ ഈ സന്ദർഭത്തിൽ ഓർക്കുന്നു.

നിത്യേന ചന്തയിൽനിന്നു സാധനങ്ങൾ വാങ്ങാനായി ജോലിക്കാരന്റെ കൈവശം പണം കൊടുത്തയയ്ക്കും. ജോലിക്കാരൻ മധ്യവയസ്കനായ ഒരു നാട്ടിൻപുറത്തുകാരനാണ്. വെറ്റിലമുറുക്ക് അയാൾക്കു കൂടിയേ തീരൂ. സാമാന്യം നന്നായി വേണമെന്നു നിർബന്ധവുമുണ്ട്. ഇതിനാവശ്യമായ പണം, ധനികൻ സാധനം വാങ്ങാൻ കൊടുക്കുന്ന തുകയിൽനിന്ന് എടുക്കുകയായിരുന്നു പതിവ്.

ജോലിക്കാരൻ പറയുന്ന കണക്കിൽ എന്തോ പന്തികേടുണ്ടെന്നു ധനികൻ മനസ്സിലാക്കി; കുറെ കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു കാര്യം ബോധ്യമായി. പിന്നീട് ചന്തയിൽ പോകാൻ പണം കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘ഇതാ ഈ പണം പച്ചക്കറിയും മറ്റും വാങ്ങാനുള്ളതാണ്. തനിക്കു മുറുക്കാൻ വാങ്ങാനുള്ള പണം വേറെ തരാം.’’ ഒരു ചെറിയ സംഖ്യ അതിനായി കൊടുത്തു. ജോലിക്കാരന്റെ ശിരസ്സു കുനിഞ്ഞു. കണക്കിൽ പിന്നെ ക്രമക്കേടൊന്നും ഉണ്ടായില്ല. ഇത്തരത്തിൽ, മറ്റുള്ളവർ അവരുടെ തെറ്റുകളിൽനിന്നു മാറുമെന്ന ശുഭപ്രതീക്ഷയോടെ ഇടപെടാൻ നമ്മിൽ എത്രപേർ തയാറാകും?

മഹദ്കാര്യങ്ങൾ നേടാനുള്ള ആഗ്രഹം ചിലരിൽ കാണാം. അസാധ്യമായ കാര്യങ്ങൾ ആഗ്രഹിക്കുകയെന്നല്ല അതിനർഥം. സാധാരണ ജീവിതത്തിൽ നമുക്ക് ആസക്തി തോന്നുന്ന പല നല്ല കാര്യങ്ങളും പരിശ്രമംകൊണ്ടു നേടാൻ കഴിയുമെന്ന വിശ്വാസത്തോടെ പ്രവർത്തിക്കുക. നമുക്കു വേണ്ടത് എന്താണെന്നു ഭാവനയിൽ കാണുക; അതു നേടാനുള്ള പ്രായോഗിക മാർഗം തീർച്ചപ്പെടുത്തുക; നന്നായി പരിശ്രമിക്കുക.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ചിന്തയെക്കാൾ ശക്തിയുള്ള മറ്റൊന്നും ലോകത്തില്ല. എന്താണ് ഒരാൾ ചിന്തിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അയാളുടെ വളർച്ചയും. നിഷേധാത്മക ചിന്ത വളരാൻ അനുവദിക്കരുത്; മനസ്സിനെ നൈരാശ്യം ബാധിക്കാതിരിക്കാനും ശ്രദ്ധിക്കണം. നമുക്ക് ആവശ്യമായ കാര്യങ്ങൾ നേടാൻ സഹായിക്കുന്ന വിധത്തിൽ ചിന്തയെ തിരിച്ചുവിടണം. നിഷേധാത്മക ചിന്ത നമ്മുടെ മനസ്സിൽ ഇരുൾ നിറയ്ക്കും. മാത്രമല്ല, അത് ആരോഗ്യത്തെയും ബാധിക്കും. 

ജീവിതയാഥാർഥ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാണ് അതു നമ്മെ ഉപദേശിക്കുക. തികച്ചും അകറ്റേണ്ട ചിന്താഗതിയാണിതെന്നു പറയേണ്ടതില്ലല്ലോ. നമ്മുടെ ചിന്തകൾക്ക് ഉത്തരവാദി നാം തന്നെയാണ്. പ്രത്യേകിച്ച്, ഏകാന്തതയിൽ ആയിരിക്കുമ്പോഴും കൃത്യതയില്ലാതെ സമയം ചെലവിടുമ്പോഴും കൂടുതൽ ശ്രദ്ധിച്ചേ മതിയാവൂ.

ശുഭപ്രതീക്ഷ നമുക്കു വെളിച്ചം നൽകുന്നു; ഉത്സാഹമുണർത്തുന്നു. വ്രണപ്പെട്ട ഹൃദയത്തിന് അത് ആശ്വാസം നൽകാതിരിക്കില്ല. സർഗാത്മകചിന്ത ഏറെ നന്മ വരുത്തും. പ്രവർത്തനത്തിനുള്ള ഊർജം പകരാൻ അത്തരം ചിന്തകൾക്കു മാത്രമേ കഴിയൂ. ഇതു നാം ശ്രദ്ധാപൂർവം വളർത്തിയെടുക്കേണ്ട ഒന്നാണ്. അതിനു യോജ്യമായ സാഹചര്യം നാം തന്നെ രൂപപ്പെടുത്തേണ്ടതുമാണ്. നമ്മുടെ വായനകൾ, സംസർഗം തുടങ്ങിയവയിൽ പ്രത്യേക ശ്രദ്ധയും നിഷ്കർഷയും പുലർത്തണം. ഉത്തമവും ഉന്നതവുമായ കാര്യങ്ങളിൽ മനസ്സു വ്യാപരിക്കട്ടെ. ഇരുളിനെ അകറ്റി വെളിച്ചത്തിലായിരിക്കാൻ അതു സഹായിക്കും. ‘‘സഹോദരന്മാരെ, സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്നേഹാ‍ർദ്രവും സ്തുത്യർഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയും കുറിച്ചു ചിന്തിക്കുവിൻ’’ (ഫിലി. 4:8).

English Summary : Innathe Chintha Vishayam - Optimistic and Pessimistic

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.