പ്രാർഥനയുടെ ആരാമം

praying
Representative Image. Photo Credit : l i g h t p o e t/Shutterstock.com.
SHARE

പ്രാർഥനയെക്കുറിച്ച് ആധുനിക കാലത്ത് എഴുതുകയോ, സംസാരിക്കുകയോ ചെയ്യുന്നതു ശുദ്ധഭോഷ്കായി കരുതുന്നവരുണ്ട്. എന്നാൽ പ്രാർഥിക്കുവാനും ജീവിതത്തിൽ ദൈവത്തിനു മുഖ്യസ്ഥാനം നൽകുന്നതിനും അതിയായി ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം ജനങ്ങളും. കാരണം, മനുഷ്യാത്മാവ് ദൈവത്തെ നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുന്നതു തന്നെ. ഭൗതിക സാഹചര്യങ്ങളും മാനുഷിക ബലഹീനതകളുമാണ് യഥാർഥ കേന്ദ്രമായ ദൈവത്തിൽനിന്നു മനുഷ്യാത്മാവിനെ അകറ്റി നിർത്തുന്നത്.

പ്രാർഥനയുടെ രംഗത്ത് അമൂല്യ ദർശനധാര പകർന്നുതന്ന ആത്മിക ശ്രോതസ്സാണ് വിശുദ്ധ തെരസ.  മനോഹരമായ ഒരു ഉദ്യാനത്തോടാണ് പ്രാർഥനാജീവിതത്തെയും അതിന്റെ ഫലങ്ങളെയും വിശുദ്ധ തെരസ ഉപമിക്കുന്നത്. ‘‘ഫലപുഷ്ടി തീരെ കുറഞ്ഞതും കളകൾ നിറഞ്ഞതുമായ മണ്ണിൽ ദൈവത്തിനായി പ്രിയങ്കരമായ ഒരു ഉദ്യാനം ഉണ്ടാക്കുന്നവനെപ്പോലെ പ്രാർഥനയിലെ ആരംഭകർ കരുതണം. സർവേശ്വരൻ കളകൾ പറിച്ച് നല്ല ചെടികൾ തൽസ്ഥാനത്തു നടും. ഇതു ചെയ്തുകഴിഞ്ഞുവെന്നു കരുതുക. അതായത് ആത്മാവ് പ്രാർഥനാഭ്യാസം ആരംഭിച്ചുവെന്നു സാരം.’’

ചെടികൾ വളർത്തുന്ന കർത്തവ്യമാണ് ഓരോ ഉദ്യാനപാലകനും ഉള്ളത്. പ്രാർഥനവഴി ഹൃദയാരാമത്തിൽ സുകൃതകുസുമങ്ങൾ വിരിയിക്കുവാൻ നാമെന്തു ചെയ്യണമെന്നു നോക്കാം. ‘‘ഉത്തമരായ ഉദ്യാനപാലകരെപ്പോലെ ദൈവസഹായത്തോടെ നാം ചെടികൾ ഒരുക്കണം. അവ നശിക്കാതെ സുരഭിലമായ പുഷ്പങ്ങൾ പുറപ്പെടുവിക്കുവാൻവേണ്ടി സൂക്ഷ്മതയോടെ നാം നനയ്ക്കണം. ആ പുഷ്പങ്ങൾ നമ്മുടെ ഹൃദയേശ്വരനായ ദൈവത്തെ തൃപ്തിപ്പെടുത്തണം. ’’

നാലു വിധത്തിൽ ഉദ്യാനം നനയ്ക്കാമെന്നു വിശുദ്ധ തെരസ പറയുന്നുണ്ട്. 1. കിണറ്റിലെ വെള്ളം കോരിയെടുക്കുക. ഇത് അധ്വാനമുള്ള പണിയാണ്. 2. കാറ്റാടിയന്ത്രം പിടിപ്പിച്ച്, ഒരു ബക്കറ്റിലൂടെ വെള്ളം കോരുക. ഇതിന് അധ്വാനം കുറവാണ്. 3. ഒരു അരുവിയോ, കനാലോ ഉപയോഗിക്കുക. ഇതുകൊണ്ടു മണ്ണു നന്നായി നനയും. വെള്ളം കൂടുതൽ മണ്ണിലേക്കിറങ്ങും. അതിനാൽ എപ്പോഴും നനയ്ക്കേണ്ടതില്ല. ഉദ്യാനപാലകന്റെ ജോലിക്കു കുറവ് ഉണ്ടാകുന്നു. 4. അധ്വാനമൊന്നും കൂടാതെ ദൈവകൃപയാൽ മഴ പെയ്യുന്നു. മേൽവിവരിച്ച എല്ലാ മാർഗങ്ങളെക്കാളും മെച്ചവും നിസ്തുലവുമാണിത്.

മറ്റേതൊരു കാര്യവും പോലെതന്നെ പ്രാർഥനാജീവിതവും നാം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട ഒന്നാണ്. കിണറ്റിൽനിന്നു വെള്ളംകോരി നനയ്ക്കുന്നതുപോലെ പ്രാർഥനയിൽ സമാരംഭകർക്കു കുറെ ബുദ്ധിമുട്ടുണ്ടാവും. എന്നാൽ പ്രാർഥനാ ജീവിതത്തിൽ ഉറച്ചു നിൽക്കുകയും പ്രാർഥനയെ ജീവിതത്തിന്റെ അംശമായി മാറ്റുകയും ചെയ്യുമ്പോൾ പ്രവൃത്തി വളരെ എളുപ്പമുള്ളതാകുന്നു.

പ്രാർഥനയിൽ ആരംഭമിട്ട് ഉടനെതന്നെ ആത്മീയാശ്വാസം കിട്ടിയില്ലെന്നു വരാം. അതുകൊണ്ടു പ്രാർഥന നിഷ്ഫലമാണെന്നു കരുതി പിന്തിരിയരുത്.

ദൈവസഹായമില്ലാതെ ഒരു സദ്ചിന്തപോലും നമ്മിൽ ഉണ്ടാവില്ല. കിണറ്റിൽനിന്നു വെള്ളം കോരുന്നതിന്റെ സാരമിതാണ്. കിണറ്റിൽ വെള്ളം ഉണ്ടായിരിക്കാൻ ഇടവരണമേ എന്നു യാചിക്കുക. അതു നമ്മെ ആശ്രയിച്ചല്ല നിലകൊള്ളുന്നത്. നമ്മുടെ ചുമതല വെള്ളം കോരുകയും ചെടികളെ നനയ്ക്കുകയുമാണ്.

പ്രാർഥനയുടെ അടിത്തറയും ഉന്നതമായ പദവിയും എല്ലാം ദൈവത്തിൽ നാം വയ്ക്കുന്ന സമ്പൂർണ സമർപ്പണമാണ്. പ്രാർഥനയെക്കുറിച്ചുള്ള ചർച്ചയിൽ ഉദ്യാനപാലനത്തിനു നാലാമത്തെ മാർഗമായി മഴകൊണ്ടുള്ള നനയ്ക്കൽ നാം കണ്ടു. ദൈവത്തിനു സമർപ്പണം ചെയ്യുകയും പ്രാർഥനയിൽ നിരന്തരം പുരോഗമിക്കാൻ ആഗ്രഹിക്കയും ചെയ്യുന്ന വ്യക്തിക്കു ദൈവം നൽകുന്ന ആന്തരികാനന്ദമാണ് അത്. ദൈവം നൽകുന്ന കാരുണ്യവർഷംകൊണ്ട് അപ്പോൾ നമ്മുടെ ഹൃദയം പുണ്യപുഷ്പങ്ങളാൽ നിറയും.  

നിരന്തരമായ പരിശ്രമവും പ്രത്യാശ നിറഞ്ഞ മനോഭാവവും ആവശ്യമാണ്. ലോക സമ്മർദങ്ങളും കൃത്യാന്തരബാഹുല്യവും നിമിത്തം നാം ദൈവസംസർഗത്തിൽ നിന്ന് അകന്നുപോകാനിടയുണ്ട്.  നമ്മുടെ ഹൃദയം പ്രാർഥനാകുസുമങ്ങൾ വിരിയുന്ന ഉദ്യാനമാകട്ടെ!

Content Summary: Innathe chintha vishayam column on the importance of prayer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS