ദൈവം ചിരിച്ചതും പിന്നെ കരഞ്ഞതും !

Nandikeshan
വര : മുരുകേശ് തുളസിറാം
SHARE

ശിവന്റമ്പലത്തിൽ, വൈകുന്നേരത്തെ കാറ്റിൽ കരിയിലകൾ പ്രദക്ഷിണം വയ്ക്കാനിറങ്ങി.  കിരികിരികിരീന്നു നടന്നു നടന്ന് അവർ നന്ദികേശന്റെ മുന്നിൽച്ചെന്നുപെട്ടു. ചുറ്റമ്പലത്തിന്റെ കോണിൽ വിളക്കുമാടത്തറയിൽ ഇരിക്കുകയാണ് നന്ദി. വർഷങ്ങളായി ഒരേയിരിപ്പ്. ഉൽസവം വന്നാലും വെടിക്കെട്ടു പൊട്ടിയാലും ആനയിടഞ്ഞാലും ഇളക്കമേയില്ല. 

അമ്പലത്തിൽ വരുന്നവർക്കെല്ലാം കൗതുകം കലർന്നൊരു ഇഷ്ടമാണ് നന്ദികേശനോട്. കാളയാണെങ്കിലും ഒരു പൂച്ചക്കുഞ്ഞിന്റെ വലുപ്പമേയുള്ളൂ. കുട്ടികൾ നെറ്റിയിലും ചെവിയിലും മാത്രമല്ല വാലിലും കൊമ്പിലും വരെ ചന്ദനം തൊടുവിക്കും. പുല്ലാട്ടെ നാരായണനെയും ഭാര്യ ലളിതാമണിയെയും പോലുള്ള ധനികർ വന്ന് അടുത്ത തവണത്തെ കൃഷി നന്നായാൽ ഓണത്തിന് സ്വർണം പൂശാമെന്ന് പറഞ്ഞ് മോഹിപ്പിക്കും. 

ഇല്ലത്തെ സുഭദ്രയും ചാരോത്തെ കു‍ഞ്ഞുമണിയുമൊക്കെ വലംവയ്ക്കുന്നതിനിടെ പുരികത്തിൽ നിന്ന് ബാക്കി വന്ന കൺമഷി നന്ദികേശന്റെ ഉടലിൽ പുരട്ടും. എന്തു ചെയ്താലും വാലു കൂടി അനക്കില്ല നന്ദികേശൻ !

ഒരിക്കൽ അമ്പലമുറ്റത്ത് കൂത്താടി വന്ന ഒരു കുഞ്ഞിക്കിടാവ് നന്ദിയെക്കണ്ട് തുള്ളിച്ചാട്ടം പെട്ടെന്ന് നിർത്തി കുറെ നേരം നോക്കി നിന്നു. അൽപം മുമ്പേ പാലുകുടിച്ചു കുതിർന്ന ശബ്ദത്തിൽ മാമാ എന്നൊന്നു വിളിച്ചപ്പോൾ ഇറങ്ങിച്ചെന്ന് വെള്ളപ്പൊട്ടുള്ള ആ ക്ടാവിന്റെ തലയിൽ ഒന്നു നക്കാൻ തോന്നി നന്ദികേശന്. അന്നും അനങ്ങിയില്ല നന്ദികേശൻ. 

കാരണം ഭഗവാൻ പറഞ്ഞിട്ടുണ്ട്. നന്ദികേശാ, കാര്യങ്ങളൊക്കെ കണ്ടറിഞ്ഞ് ഇവിടിരുന്നോണം. അനങ്ങരുത്.

അങ്ങനെയിരിക്കുന്ന നന്ദികേശന്റെ മുന്നിലാണ് കരിയിലകൾ ഘോഷയാത്രയായി വന്നു നിന്നത്. അതുവരെ കൂടെ വന്ന വൈകുന്നേരത്തെ കാറ്റ് കരിയിലകളുടെ കൈവിട്ട് അമ്പലത്തിൽ തൊഴാൻ വന്ന ഓമനക്കുട്ടി ത്തമ്പുരാട്ടിയുടെ മുടിയിലെ ചെമ്പകപ്പൂ കണ്ടു മോഹിച്ച് ആ വഴിപോയി. 

നന്ദികേശൻ കരിയിലകളോട് പറഞ്ഞു.. കാറ്റിന്റെ പിന്നാലെ അധികം ഓടേണ്ടാ, അപ്പുറത്ത് വിളക്കു കത്തിനിൽപ്പുണ്ട്. അടുത്തേക്കൊന്നും പോകണ്ട.. പൊതുവേ വലിയ കോളാമ്പിപ്പൂപോലെ വിടർന്നിരിക്കുന്ന നന്ദിയുടെ ചെവികൾ ആവശ്യങ്ങൾ കേട്ടു കേട്ട് പിന്നെയും വലുതായത് കരിയിലകൾ ശ്രദ്ധിച്ചു. 

അമ്പലത്തിൽ ചെന്ന് ഭഗവാനോടു പറയുന്ന പല ആഗ്രഹങ്ങളും ആളുകൾ അതേപടി നന്ദികേശന്റെ അടുത്തും പറയും.  പിന്നെയത് കാലവും നേരവും നോക്കി ഭഗവാനോടു പറയേണ്ടത് നന്ദികേശന്റെ ചുമതല.

നന്ദികേശൻ പറഞ്ഞു.. ആ ശ്രീനിലയത്തിലെ സുചിത്ര തൊഴാൻ വന്നപ്പോൾ ഭഗവാനോട് പറഞ്ഞത് എന്താണെന്ന് അറിയാമോ... എല്ലാ മാസവും പതിനഞ്ചിന് മൂക്കിന്റെ അരികിൽ പെട്ടെന്നു കാണാവുന്നിടത്ത് ഒരു മുഖക്കുരു മുളയ്ക്കണേ എന്ന്. 

കരിയിലകൾ പിറുപിറുത്തു.. എന്തിനായിരിക്കും അങ്ങനെയൊരു ആഗ്രഹം ? നന്ദി പറഞ്ഞു.. അത് അന്വേഷി ച്ചില്ല. പകരം ഞാൻ എന്റെ മുതുകിലെ പൂഞ്ഞി കാണിച്ചു കൊടുത്തു. അത് ഒരുരുള ചോറിന്റെത്രയേയുള്ളൂ. 

നന്ദികേശകൻ കരിയിലകളോടു ചോദിച്ചു..  മരത്തിൽ കഴിയുന്നതാണോ മണ്ണിൽ കഴിയുന്നതാണോ നിങ്ങൾക്കു സുഖം ?

മരമെന്നും മണ്ണെന്നും രണ്ടുത്തരം വന്നപ്പോൾ മൂത്ത കരിയില ഇടപെട്ടു..  മഴ വരുമ്പോൾ മരവും വേനൽ ക്കാലത്ത് മണ്ണും സുഖം !  നിലത്തുവീണാൽ പിന്നെ ഏതുമരം എന്നതിന് എന്തു പ്രസക്തി ! അപ്പോഴേക്കും പരാതിയുമായി കാറ്റു വന്നു.. ഓമനക്കുട്ടിയുടെ തലയിലെ ചെമ്പകപ്പൂവ് പ്ലാസ്റ്റിക്കായിരുന്നു. അതിന് മണമൊന്നുമില്ലായിരുന്നു.. ! ഞാൻ അവളുടെ കഴുത്തിലെ നാലഞ്ച് വിയർപ്പുതുള്ളികളുടെ സ്വാദു നോക്കിയിട്ട് തിരിച്ചുപോന്നു. 

തൊട്ടുപിന്നാലെ ഓമനക്കുട്ടിത്തമ്പുരാട്ടി പ്രദക്ഷിണം വച്ച് നന്ദികേശന്റെ അരികിലെത്തി. ചേർന്നു നിന്ന് നന്ദിയുടെ കാതിൽപ്പറഞ്ഞു... ചുവന്ന ബ്ലൗസ്, നീല സാരി, സന്ദീപേട്ടൻ, പൊന്നരഞ്ഞാണം എന്നു മാത്രം ഒന്ന് ഓർമിപ്പിച്ചേക്കണേ എന്റെ നന്ദികേശാ..  

കാച്ചിയ വെളിച്ചെണ്ണയും ചന്ദ്രികാ സോപ്പും തേച്ചുകുളിയും കഴിഞ്ഞ ഉടൽ വിയർക്കുമ്പോഴുള്ള സുഗന്ധം നന്ദികേശന്റെ മൂക്കിൽത്തട്ടി.  അവളുടെ കസവു ബ്ലൗസിന്റെ കൈയുടെ ചുറ്റും‍ ചെറിയ ആനകളുടെ ചിത്രങ്ങൾ തയ്ച്ചു വച്ചിരിക്കുന്നത് നന്ദിയുടെ ശ്രദ്ധയിൽപ്പെട്ടു. എത്ര ചെറുതായാലും ആന ആന തന്നെ. കാളയുടെ കാര്യത്തിലും അതുതന്നെയെന്ന് ഓർത്ത് നന്ദിക്ക് ആത്മവിശ്വാസം തോന്നി.

നന്ദികേശൻ കരിയിലകളോടു ചോദിച്ചു.. നിങ്ങളിൽ ആരെങ്കിലും അമ്പലക്കുളത്തിൽ പോയിട്ടുണ്ടോ?

കരിയിലകൾ കൂട്ടമായി പറഞ്ഞു.. ഇല്ല. മരത്തിൽ കഴിയുന്ന കാലത്ത് കുളവും കുളിക്കുന്നവരെയുമൊക്കെ കാണാൻ‍ പറ്റുമായിരുന്നു. രാത്രിയിൽ കുളത്തിന്റെ നടുവിൽ വരെ നീന്തിപ്പോയി താമരപ്പൂ പറിച്ചുകൊണ്ടുവരുന്ന ഒരു ചെറുക്കനുണ്ടായിരുന്നു. 

നന്ദികേശൻ പറഞ്ഞു.. അവൻ ദേവിക്കെന്നു പറഞ്ഞ് പറിക്കാറുള്ള ആ താമരപ്പൂവൊക്കെ ദേവികയ്ക്കാണ് കൊടുത്തിരുന്നത്.  അവൾ വേറെ കല്യാണം കഴിച്ചുപോയതോട അവനു താമരപ്പൂവിനോടുള്ള കമ്പം തീർന്നു. 

കരിയിലകൾ പറഞ്ഞു.. അമ്പലക്കുളത്തിൽ കുറെ പുതിയ മീനുകൾ വന്നിട്ടുണ്ട്. വെള്ളത്തിൽ കുളിക്കാനി ങ്ങുന്ന‍ സ്ത്രീകളുടെ മാറിലെ മുലപ്പാലിന്റെ തുള്ളികൾ നക്കിയെടുക്കും അവർ.. ചെറിയ കരിയില വീണ്ടും ചോദിച്ചു. അതിപ്പോൾ മുലപ്പാലുള്ള സ്ത്രീകളെ മീനുകൾ എങ്ങനെ തിരിച്ചറിയും ? നന്ദി പറഞ്ഞു.. വെള്ളത്തിൽ മുങ്ങിയാൽ ഓരോ അവയവവും ഉടലിൽ നിന്ന് സ്വതന്ത്രമാവുന്നു.  മീനുകൾക്ക് അത് വേഗം തിരിച്ചറിയാൻ കഴിയും. 

മഴക്കാലത്തെ ഈയലുകൾ എവിടെ നിന്നോ കൂട്ടമായി പറന്നെത്തി.  അവ ശ്രീകോവിലിനു മുകളിലെ താഴികക്കുടത്തിനു ചുറ്റും ഒരു നൃത്തത്തിലെന്നതുപോലെ വൃത്താകൃതിയിൽ പറക്കാൻ തുടങ്ങി.

നന്ദികേശൻ പറഞ്ഞു..  ദൈവങ്ങൾ ആശയക്കുഴപ്പത്തിലാകുമ്പോഴാണ് ഈയലുകൾ രംഗപ്രവേശം ചെയ്യുന്നത്. 

ഇന്നലെ സംഭവിച്ച കാര്യം നന്ദികേശൻ പറയാൻ തുടങ്ങി.  അറയ്ക്കൽ രാധാകൃഷ്ണനും പടിക്കൽ രാമകൃഷ്ണനും അയൽക്കാരാണ്. വയലുകൾക്ക് അപ്പുറത്തും ഇപ്പുറത്തുമാണ് അവർ രണ്ടാളും താമസം. ഒരാൾ തോർത്ത് തോളിലിട്ടും രണ്ടാമത്തെയാൾ തോർത്തഴിച്ച് അരയിൽ കെട്ടിയുമാണ് ക്ഷേത്രത്തിൽ തൊഴാൻ വരുന്നത്. 

രാധാകൃഷ്ണന്റെ വയൽ വിളഞ്ഞ് കൊയ്യാൻ പാകമായി. ആ പാടത്തു നിന്നാണ് ക്ഷേത്രത്തിലേക്ക് പുന്നെല്ലിന്റെ കറ്റ കൊണ്ടു വരുന്നത്. ഇപ്പോൾ മഴ പെയ്താൽ നെല്ല് മുഴുവൻ നിലംപറ്റും. അതുകൊണ്ട് അടുത്ത കാലത്തെങ്ങും ഒരു തുള്ളി പോലും പെയ്യരുതെന്ന് പറയാൻ വന്ന രാധാകൃഷ്ണൻ നടയിൽ രണ്ടു നാളികേരം ഉടച്ചു.  രാമകൃഷ്ണനാവട്ടെ തുള്ളിക്കൊരു കുടം പെയ്തേ തീരു. പുതിയ വീടു പണിയുടെ വാർക്കയാണ് നാളെ. രാമകൃഷ്ണനും ഉടച്ചു രണ്ടു നാളികേരം ! ഈ മഴയ്ക്കും വെയിലിനും നടുവിൽ നിൽക്കാനാണ് ദൈവം ഈയലുകളെ പറത്തിവിട്ടത്. 

കരിയില ചോദിച്ചു.. ദൈവങ്ങൾ കരയാറുണ്ടോ ? നന്ദി പറഞ്ഞു.. ചിരിക്കാറുണ്ട്. നന്നായി ഡൈ ചെയ്ത് തൊഴാൻ വരുന്നവരുടെ നെഞ്ചിലെ വെളുത്ത രോമങ്ങൾ പെട്ടെന്നു ശ്രദ്ധയിൽപ്പെടും ! ഇത്തരം ചെറിയ കള്ളത്തരങ്ങൾ കണ്ടാൽ ദൈവത്തിന് ചിരി വരും.  പ്രണയലോലുപനാണ് ഭഗവാൻ. പ്രണയത്തിനെതിരായ നിലപാട് പൊതുവേ എടുക്കാറില്ല.  

മാതാപിതാക്കൾ പെൺമക്കളുടെ പ്രണയം തകർക്കാൻ പായസവും ത്രിമധുരവുമൊക്കെ വഴിപാടു കഴിക്കാറുണ്ട്. അതിന്റെയൊന്നും രുചിപോലും നോക്കാറേയില്ല. ഇങ്ങനെയൊക്കെയായിട്ടും ഈയിടെ ഒരു ദിവസം ഭഗവാൻ കരഞ്ഞു. അത് രണ്ടുവയസ്സുള്ള ഒരു കുഞ്ഞിനെ കണ്ടപ്പോഴാണ്. 

നാട്ടിൽ രഘൂത്തമൻ എന്നൊരു ബാർബറുണ്ട്. 37 വയസ്സു മുതൽ അയാൾക്ക് എന്നും തലവേദന വരാൻ തുടങ്ങി. മുടിവെട്ടുന്ന കത്രികകൾ ചിലയ്ക്കുന്ന ഒരു ശബ്ദമുണ്ട്. അതു കേട്ടാലുടനെ  തലയ്ക്കുള്ളിലൂടെ മിന്നൽ പോലെ പായുന്നതുപോലെയുള്ള പുളച്ചിലാണ്. അങ്ങനെ ജോലിയെടുക്കാൻ പറ്റാത്ത സ്ഥിതിയായി. 

മരുന്നുകൾ കഴിച്ചിട്ടും മാറാതെ വന്നപ്പോൾ രഘൂത്തമൻ ഒരു നേർച്ച നേർന്നു. 101 വീടുകളിൽ നിന്ന് ഭിക്ഷയെടുത്ത് ആ പണം കൊണ്ട് പളനിയിൽ പോയി മുരുകനെ ദർശനം നടത്താമെന്ന്. അങ്ങനെ വീടുകൾ കയറാൻ തുടങ്ങി. നൂറാമത്തെ വീട്ടിൽ ചെല്ലുമ്പോൾ അവിടെ യുവതിയായ അമ്മയും രണ്ടു വയസ്സുള്ള കുഞ്ഞും മാത്രം. 

കുഞ്ഞിനെ ഒരു തോർത്തു പുതപ്പിച്ച് തിണ്ണയിൽ കിടത്തിയിട്ടുണ്ട്.  രഘൂത്തമൻ വന്ന ആവശ്യം കേട്ട് ഒന്നുംമിണ്ടാതെ യുവതി കുഞ്ഞിന്റെ ദേഹത്തെ തോർത്തെടുത്തു മാറ്റി. കുഞ്ഞുവയറു മുഴുവൻ പൊള്ളി ചെറിയ ചെറിയ കുമിളകൾ വിരിഞ്ഞു നിൽക്കുന്നു. 

അവർ പറഞ്ഞു.. ഇവിടെ ഒന്നുമില്ല തരാൻ.  പൈസയുണ്ടായിരുന്നെങ്കിൽ ഇവനു മരുന്നുവാങ്ങിച്ചേനെ..

രഘൂത്തമൻ പറഞ്ഞു.. പണമായി വേണമെന്നില്ല. ഒരു നിലവിളക്കുണ്ടെങ്കിൽ തരൂ.. അവർ കാര്യമറിയാതെ കരിപിടിച്ചൊരു നിലവിളക്കെടുത്തു. രഘൂത്തമൻ തിരിയിട്ട് ദീപം കൊളുത്തി കുഞ്ഞിന്റെ അരികിൽ വച്ചു.  അതുവരെ വീടുകൾ കയറിക്കിട്ടിയ പണം മുഴുവൻ ആ വിളക്കിന്റെ ചുവട്ടിൽ ഇട്ടിട്ട് അയാൾ ഉറക്കെ ശരണം വിളിച്ചു.. മുരുകാ... വേലായുധാ.. നിന്നെ ഞാൻ കണ്ടു. ഇനി ഞാൻ പളനിക്കില്ല.

മരുന്നു പുരട്ടി, മുറിവുണങ്ങിയ ശേഷം ആ കുട്ടിയുമായി അവന്റെ അമ്മ അമ്പലത്തിൽ തൊഴാൻ വന്നിരുന്നു. അന്ന് രഘൂത്തമന്റെ വേഷത്തിൽ വന്നത് ഭഗവാനാണെന്നാണ് അവരുടെ വിചാരം ! അന്ന് കരയുന്നതു കണ്ടു ദൈവം. പിന്നെ ഇതുവരെ ഒരാളെയും കണ്ടിട്ടില്ല. 

English Summary : Does Lord Cry 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.