sections
MORE

സൗജന്യ ഉച്ചഭക്ഷണം, പട്ടാളം ബസ് സ്റ്റോപ്പിൽ റെഡിയാണ്!

free-lunch
SHARE

തൃശ്ശൂരിലെ നൂറുകണക്കിനാളുകൾക്ക് ആശ്രയമാണ് നഗരമധ്യത്തിലെ ഈ അന്നപ്പുര. വലിയ രീതിയിലുള്ള രംഗ സജ്ജീകരണമൊന്നുമില്ലെങ്കിലും, വിശക്കുന്ന ആർക്കും ഉച്ചഭക്ഷണം പട്ടാളം ബസ് സ്റ്റോപ്പിൽ റെഡിയാണ്. "നൂറാൾക്ക് അന്നം കൊടുക്കാനായില്ലെങ്കിലും ഒരാൾക്കെങ്കിലും കൊടുക്കാൻ സാധിക്കുന്നതല്ലേ, വലിയ പുണ്യം" ഇതാണ് ഈ സംരംഭത്തിന് നേതൃത്വം കൊടുക്കുന്ന മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജെയ്സൻ പോളിന്റെ വാക്കുകൾ.

തൃശ്ശൂർ നഗരസഭ കാര്യാലയത്തിനടുത്തുള്ള പട്ടാളം ബസ് സ്റ്റോപ്പില്‍ 2017 നവംബർ മുതൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2.30 മണി വരെ നഗരമധ്യത്തിൽ വിശന്നുവലയുന്നവർക്ക് അന്നമൂട്ടാൻ വടൂക്കരയിലെ ഫ്രൂട്ട്സ് വ്യാപാരി ജെയ്സൻ പോളിന്റേയും മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സാന്നിധ്യമുണ്ട്. ചെറുകിട ഫ്രൂട്സ് വ്യാപാരിയായ ജെയ്സൻ പോൾ, ഒരു സാധാരണ കുടുംബത്തിന്റെ പ്രതിനിധിയാണ്. അങ്കമാലിയിൽ നിന്നും ഫ്രൂട്ട്സ് കച്ചവടത്തിനു തൃശ്ശൂരിൽ എത്തി, ഇപ്പോൾ വടൂക്കരയിൽ സ്ഥിര താമസമാക്കിയിരിക്കുന്നു. ഭാര്യ ബിനു മരിയയും ജെയ്സന് ഇക്കാര്യത്തിൽ സഹായിക്കുന്നു. 2017 നവംബർ വരെ ഭാര്യ ബിനു പാചകം ചെയ്ത ഭക്ഷണം പൊതിച്ചോറുകളാക്കി നഗരങ്ങളിലെ സാധുക്കളായ അത്യാവശ്യക്കാർക്ക് വിതരണം ചെയ്തായിരുന്നു ഈ സംരംഭത്തിന്റെ തുടക്കം.

പക്ഷേ പലരും, ആവശ്യമുള്ള ഒരു പൊതിച്ചോറിനു പകരം രണ്ടും മൂന്നും വാങ്ങി ദുർവിനിയോഗം ചെയ്യുന്നതു നേരിൽ കണ്ടപ്പോഴാണ്, ഇരുന്നു തന്നെ ഭക്ഷിക്കാവുന്ന സാധ്യതകളിലേക്ക് മാറിയത്. ഈ ചിന്തയിൽ നിന്നാണ്, ഊട്ടുപുരയെന്ന ആശയം രൂപപ്പെട്ടത്. ആദ്യപടിയായി വീട്ടിൽ ബിനു തന്നെ തയാറാക്കിയ കഞ്ഞി വിതരണം ചെയ്തു തുടങ്ങി. പിന്നീട് മറ്റു പ്രായോജകരുടെ കൂടി സഹകരണത്തോടെ, കഴിഞ്ഞ കുറെ മാസക്കാലമായി അത്യാവശ്യം വിഭവ സമൃദ്ധമായ ഉച്ചയൂണിലേയ്ക്ക് ഈ സംരംഭം മാറിക്കഴിഞ്ഞു. പ്രായോജകരുണ്ടോ? ഇല്ലേ? ഈ ചോദ്യങ്ങൾക്കൊന്നും ഇവിടെ പ്രസക്തിയില്ല; കൃത്യം 11. 30ന് ഉച്ചയൂണ്, ഇലയിൽ വിളമ്പിതുടങ്ങും. പ്രായോജകരെ കിട്ടുന്ന മുറയ്ക്ക് ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സസ്യേതര ഭക്ഷണവും സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ പട്ടാളം ബസ്സ്റ്റോപ്പിലെ ഈ അന്നപ്പുരയിൽ വിതരണം ചെയ്യുന്നുണ്ട്. ഞായറാഴ്ചയൊഴികെയുള്ള മറ്റു ദിവസങ്ങളിൽ ഭക്ഷണം കിട്ടാതെ വിശന്നുവലഞ്ഞ് , തൃശ്ശൂർ പട്ടണത്തിൽ ആരും അലയേണ്ടതില്ലെന്നു ചുരുക്കം.

150 നും 170 നും ഇടയ്ക്ക് ആളുകൾ എല്ലാ ദിവസവും ഇവിടെ വന്നു ഭക്ഷണം കഴിയ്ക്കുന്നു; തികഞ്ഞ സംതൃപ്തിയോടെ.... പട്ടാളം ബസ് സ്റ്റോപ്പിലെ പരിമിതമായ സൗകര്യത്തിൽ ഇതിനുള്ള ക്രമീകരണവും മദർ ജനസേവ പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്.

ആഴ്ചയിലൊരു ദിവസമൊക്കെ പൊതിച്ചോർ തയാറാക്കി വിതരണം ചെയ്യുന്ന നിരവധി പേരെ വ്യക്തിപരമായി തന്നെയറിയാം. പക്ഷേ ദിവസം 5000 രൂപ മുതൽ 7000 രൂപ വരെ ചെലവു വരാവുന്ന ഈ പുണ്യ പ്രവർത്തിക്ക് ( മാസം ഒന്നര ലക്ഷത്തിനു മുകളിൽ) അസാമാന്യ ധൈര്യവും അതിനൊത്ത ഇച്ഛാശക്തിയും വേണം. പരസ്യങ്ങളും പ്രകടനപരതയുമില്ലാതെ കഴിഞ്ഞ രണ്ടു വർഷക്കാലമായി ഈ സേവനം തുടരുകയാണ്.

English Summary: Thrissur Free Lunch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA