ADVERTISEMENT

ഒരു ദിവസത്തേക്ക് ആവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും നിറഞ്ഞതാണ് ഒരു ഓറഞ്ച്. ഓറഞ്ചിന്റെ ഗുണങ്ങൾ അടുത്തറിയാം. 

പ്രാചീന ചൈനയിലാണ് ഓറഞ്ചിന്റെ ജനനം എന്നാണ് പൊതുവേയുള്ള വിശ്വാസം. 314 ബിസിയിൽ രചിച്ച ചൈനീസ് ഗ്രന്ഥങ്ങളിൽ ഓറഞ്ചിനെപ്പറ്റി പരാമർശമുണ്ട്. ഉൽപാദനത്തിൽ ഇപ്പോൾ ബ്രസീലാണ് മുന്നിൽ. ചൈനയും ഇന്ത്യയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. 

പ്രകൃതിയുടെ സ്വന്തം ടോണിക്ക് എന്നൊരു വിളിപ്പേര് ഓറഞ്ചിനുണ്ട്. അന്നജവും പ്രൊട്ടീനും  മാത്രമല്ല,കാൽസ്യം, ഫോസ്‌ഫറസ്, ഇരുമ്പ് തുടങ്ങിയവയുടെ സാന്നിധ്യവും ഓറ‍ഞ്ചിലുണ്ട‌്.

ദഹിക്കാൻ എളുപ്പമ‌ാണെന്നതും പാനീയസ്വഭാവവും നാരുകളുടെ സാന്നിധ്യവും ഓറഞ്ചിനെ കൂടുതൽ ആരോഗ്യദായകമായ പഴമാക്കുന്നു. ഓറഞ്ചിന്റെ തൊലിക്കുപോലും ഔഷധഗുണമുണ്ടെന്ന കാര്യം മറക്കണ്ട. വിശപ്പും ദാഹവും ചൂടും ശമിപ്പിക്കാനുള്ള ഓറഞ്ചിന്റെ കഴിവ് മറ്റൊരു പഴത്തിനുമില്ല. 

ആരോഗ്യവും ഓജസും മാത്രമല്ല തേജസും ചർമസൗന്ദര്യവും വർധിപ്പിക്കാനുള്ള ശക്തി മധുരനാരങ്ങയ്ക്കുണ്ട്. 100 ഗ്രാം ഓറഞ്ച് സത്ത് 47കിലോ കലോറി ഊർജം സമ്മാനിക്കും. 11.75 ഗ്രാം അന്നജം, 0.12 ഗ്രാം കൊഴുപ്പ് 0.94 ഗ്രാം പ്രൊട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ജീവകങ്ങളിൽ വിറ്റമിൻ– സിയാണ് മുന്നിൽ (53.2 മില്ലിഗ്രാം). ബി–1, ബി–2, ബി–3, ബി–5, ഇ തുടങ്ങിയ ജീവകങ്ങളാലും സമ്പന്നം. 40 ഗ്രാം കാൽസ്യം കൂടാതെ ഇരുമ്പ്, മഗ്നീഷ്യം, മാൻഗനീസ് തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ് ഓറഞ്ച്. 

ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന നാരുകൾ  ദഹനപ്രക്രിയയെ സഹായിക്കുകയും ജീവകം സി കാൻസർ അടക്കമുള്ള രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും െചയ്യുന്നു. ഇതിലുള്ള ഡി– ലിമിനോനിൻ മികച്ച ആന്റി–ഓക്സിഡന്റായി പ്രവർത്തിക്കുന്നതിനാൽ കാൻസറിനെതിരെ നല്ലൊരു കവചം ഒരുക്കുന്നുണ്ട്. കാൽസ്യം, മഗ്‌‍നീഷ്യം തുടങ്ങിയവ എല്ലിനും പല്ലിനും ബലംനൽകും. ബി–6 എന്ന ജീവകം സെറോട്ടോനിൻ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നതുകൊണ്ട് ‘മൂഡ് വിറ്റമിൻ’ എന്നാണ് അറിയപ്പെടുന്നു. ഇതുകൊണ്ടുമാത്രം ഓറഞ്ച് മനുഷ്യനെ സന്തോഷവാനാക്കുന്നു എന്നുപോലും ഒരു വിശ്വാസമുണ്ട്. 

ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ചില മൂലകങ്ങൾ രക്തയോട്ടത്തെപ്പോലും സ്വാധീനിക്കാറുണ്ട്. ഉയർന്ന രക്തസമ്മർദം തടയും. പെക്ടിൻ, ഹെസ്പെരിഡിൻ തുടങ്ങിയ വസ്തുക്കൾ അടങ്ങിയിട്ടുള്ളത് ദഹനത്തെസഹായിക്കുന്നതിലൂടെയും ചീത്ത കോളസ്ട്രോൾ (എൽഡിഎൽ) അടിഞ്ഞുകൂടുന്നത് തടയുന്നതിലൂടെയും അമിതവണ്ണം ഒഴിവാക്കും. ഉയർന്ന ജലാംശംമൂലം കിഡ്നിയുടെ പ്രവർത്തനത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ചർമത്തിന്റെ സ്വാഭാവികമായ മൃദുത്വം നിലനിർത്താൻ ഓറഞ്ചിനു കഴിവുണ്ട്. 

സൂക്ഷിച്ചാൽ ദുഃഖിക്കണ്ട

സീസൺ വന്നതോടെ കേരളത്തിൽ ഓറഞ്ച് കച്ചവടം പൊടിപൊടിക്കുകയാണ്. പക്ഷേ ഇവയൊക്കെ എത്രമാത്രം ഭക്ഷ്യയോഗ്യമാണ് എന്ന കാര്യത്തിൽ കൃത്യതയില്ല. ജലാംശം ഏറെയുള്ള ഓറഞ്ചുപോലുള്ള പഴവർഗങ്ങളെ രോഗം വേഗത്തിൽ ബാധിക്കാം. ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയുടെ അക്രമത്തിന് പെട്ടെന്നു വഴങ്ങുന്നതാണ് ഓറഞ്ച്. അമിതമായ രാസപദാർഥങ്ങള്‍മൂലവും ഓറഞ്ച് കേടാവാറുണ്ട്.    

നിറവ്യത്യാസം, ദുർഗന്ധം, കൂടുതൽ പഴുത്തത് എന്നിവ ഒഴിവാക്കണം. 

വാങ്ങുന്നവയിൽ ഭാഗികമായി കേടായവ ഉപയോഗിക്കുകയേ ചെയ്യരുത്. ചീഞ്ഞത് കഴിക്കുന്നത് വിഷം കഴിക്കുന്നതിന് തുല്യമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ പനി, വയറിളക്കം മുതൽ ഭക്ഷ്യവിഷബാധയ്ക്കും വഴിവയ്ക്കാം. കേടുകൂടാതെ ഇരിക്കാൻ രാസവസ്തു;മായം കലർന്ന ഓറഞ്ച് പിടിച്ചു...


English Summary: Oranges, Health benefits, nutrition, Diet, and Risks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com