ഇത് കഴിച്ചാൽ പെട്ടെന്ന് വിശക്കില്ല, സ്പെഷൽ വിഭവവുമായി തമന്ന
Mail This Article
അഭിനയത്തിൽ മാത്രമല്ല, പാചകത്തിലും മികവു തെളിയിച്ച് നടി തമന്ന ഭാട്ടിയ. സമൂഹമാധ്യമത്തിൽ തമന്ന പങ്കുവച്ച കുക്കിങ് വിഡിയോ വൈറലാണ്. മധുരക്കിഴങ്ങ് ചാട്ട് മസാല ഉണ്ടാക്കുന്ന വിഡിയോ ‘ചാട്ട് ഉള്ളപ്പോള്‍ ചീറ്റിങ് എന്തിന്?’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടാക്കാവുന്ന ഒരു ഹെൽത്തി സ്നാക്കാണ് ഇത്. അഭിനേത്രി, നർത്തകി, മോഡൽ, ഷെഫ് തമന്ന എന്നു വിഡിയോയ്ക്ക് താഴെ ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.
തമന്നയുടെ സ്പെഷൽ മധുരക്കിഴങ്ങ് ചാട്ട് മസാല
മധുരക്കിഴങ്ങ് പുഴുങ്ങി, കുഴച്ച് ചെറിയ പാറ്റികളായി ഒരു പ്ലേറ്റില്‍ പരത്തി വയ്ക്കുക. ഇതില്‍ ആവശ്യമെങ്കില്‍ മസാല ചേര്‍ക്കാം. ഇതിനു മുകളിലേക്ക് ഗ്രേറ്റ് ചെയ്ത കുക്കുംബര്‍ വിതറുക. ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇതിനു മുകളിലേക്ക് തൈര് ഒഴിക്കുക. ശേഷം പുതിന ചട്ണി മുകളില്‍ ഒഴിക്കുക. ചാട്ട് നല്ല ക്രിസ്പിയായിരിക്കാന്‍ ഇതിനു മുകളില്‍ 'ചന ജോര്‍ ഗരം' എന്ന കടല കൊണ്ടുണ്ടാക്കിയ ഒരു സ്നാക്ക് കുറച്ചെടുത്ത് തമന്ന വിതറുന്നുണ്ട്. ഇതിനു മുകളിലേക്ക് ചാട്ട് മസാല വിതറിയ ശേഷം, കുറച്ചു നാരങ്ങ കൂടി പിഴിഞ്ഞ് ഒഴിക്കുന്നു. ഇതോടെ മധുരക്കിഴങ്ങ് ചാട്ട് മസാല റെഡി!
മധുരക്കിഴങ്ങ് എന്ന സൂപ്പര്‍ഫുഡ്!
പൊതുവേ എല്ലാവര്‍ക്കും സുരക്ഷിതമായി കഴിക്കാവുന്നതും പോഷകങ്ങളാല്‍ സമ്പുഷ്ടവുമായ ഒരു ഭക്ഷ്യവസ്തുവാണ് മധുരക്കിഴങ്ങ്. യുഎസ്ഡിഎ ഡേറ്റ പ്രകാരം, 100 ഗ്രാം മധുരക്കിഴങ്ങിൽ 86 കാലറിയും 0.1 ഗ്രാം കൊഴുപ്പും മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇതിൽ പൊട്ടാസ്യം കാൽസ്യം, മഗ്നീഷ്യം, വൈറ്റമിൻ ബി 6 എന്നിവയും പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. പൊണ്ണത്തടി, പിസിഒഡി എന്നിവയുള്ള ആളുകള്‍ക്ക് മികച്ച ലഘുഭക്ഷണമാണ് മധുരക്കിഴങ്ങ്. ഉയര്‍ന്ന അളവില്‍ നാരുകള്‍ ഉള്ളതിനാല്‍, ദീർഘനേരം വിശപ്പറിയാതിരിക്കാൻ സഹായിക്കുന്നു. ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്കും കഴിക്കാം.
മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള കരോട്ടിനോയിഡുകളും ആന്തോസയാനിനും ശരീരത്തെ ഫ്രീ റാഡിക്കലുകളിൽനിന്നു സംരക്ഷിക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ഇവ ചർമത്തിന്‍റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. വൈറ്റമിൻ എ ധാരാളം അടങ്ങിയതിനാല്‍ കണ്ണിനും നല്ലതാണ്. കൂടാതെ, അൾട്രാവയലറ്റ് വികിരണങ്ങളിൽനിന്ന് കണ്ണുകളെ സംരക്ഷിക്കുകയും മാക്യുലർ ഡീജനറേഷൻ തടയുകയും ചെയ്യുന്ന ബീറ്റാ കരോട്ടിനും മധുരക്കിഴങ്ങില്‍ ഉണ്ട്.